തോട്ടക്കാ​ട്ടെ
​കമ്യൂണിസ്​റ്റുകാർ

അവരുടെ വീട്ടുവരാന്തയിൽ നിങ്ങൾക്ക് ഗുരുവായൂരപ്പനെയും ഗീവർഗീസ് പുണ്യാളനേയും മമ്പുറം പള്ളിയെയും കാണാം. അവരുടെ കയ്യിൽ ദസ്ബി മാലയും വെന്തിങ്ങയും ഉണ്ടാവാം. നെറ്റിയിൽ ചന്ദനക്കുറി ഉണ്ടാവാം. ഇതൊക്കെ അന്ധവിശ്വാസങ്ങളല്ലേ എന്നുചോദിച്ച് കമ്യൂണിസം വിളമ്പിയാൽ, അവർ നിങ്ങളുടെ നേരെ കാർക്കിച്ച് തുപ്പിയെന്നുവരാം.

മ്മാവനെ മക്കൾക്കെല്ലാം ഭയമായിരുന്നു.
ഏതാണ്ട് എന്റെ ഏട്ടന്റെ ചൂടൻ സ്വഭാവം തന്നെയായിരുന്നു മൂപ്പർക്കും. നിസാര കാര്യങ്ങൾക്കുപോലും വല്ലാതെ ദേഷ്യപ്പെടും. മക്കൾ സ്‌കൂളും കോളേജും വിട്ട് അല്പം വൈകി വന്നാൽ പോലും അവരെ തിരിച്ചും മറിച്ചും ചോദ്യം ചെയ്യും. അവർ സ്വകാര്യമായി മൂപ്പരെ വിളിച്ചിരുന്നത് പുലി എന്നാണ്.
എന്തുകൊണ്ടോ എനിക്കാ മനുഷ്യനെ പുലിയായി കാണാൻ കഴിഞ്ഞില്ല. നഗരത്തിൽ കഞ്ചാവ് വിറ്റും പോക്കറ്റടിച്ചും, പിന്നെ തെരുവുഗുണ്ടയായും മാറിയേക്കാവുന്ന എന്നെ അവിടുന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നത് ആ മനുഷ്യനാണ്.

രണ്ടുപേരുടെ ടാപ്പിംഗ് പണിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആ കുടുംബം പുലർന്നത്. ഞാനടക്കം എട്ടൊമ്പത് വയറുകളെ പോറ്റേണ്ടതും, മക്കളെ പഠിപ്പിക്കേണ്ടതും മറ്റ് ചെലവുകളുമൊക്കെ ഈ വരുമാനം കൊണ്ട് ഒരു വിധം ഒപ്പിച്ചെടുക്കാൻ അമ്മാവൻ വല്ലാതെ കഷ്ടപ്പെട്ടു. മൂത്ത മകൾ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി അമ്മാവന്റെ വീടിന് തൊട്ടുമുകളിൽ ഒരു ഓലവീട്ടിൽ പാർത്തിരുന്നു. ആ അളിയനും ജോലി ടാപ്പിംഗ് തന്നെയാണ് പക്ഷേ പുള്ളി ടാപ്പിംഗ് കഴിഞ്ഞു വന്നാൽ മറ്റു പല പണികളും എടുക്കും.

കറിവേപ്പിലയും വാഴയിലയും സംഘടിപ്പിച്ച് തൊട്ടിൽപ്പാലത്തെ ഹോട്ടലുകളിലും, കുറ്റ്യാടി ചന്തയിലും കൊണ്ടുപോയി വിൽക്കും. രാത്രി മീൻ പിടിക്കാൻ പോവും. ആ മീൻ വീട്ടിലേക്ക് കൊണ്ടു വരാതെ കുണ്ടുതോട്ടിലെ ഹോട്ടലിൽ വിൽക്കും. / Photo: Pexels

കറിവേപ്പിലയും വാഴയിലയും സംഘടിപ്പിച്ച് തൊട്ടിൽപ്പാലത്തെ ഹോട്ടലുകളിലും, കുറ്റ്യാടി ചന്തയിലും കൊണ്ടുപോയി വിൽക്കും. രാത്രി മീൻ പിടിക്കാൻ പോവും. ആ മീൻ വീട്ടിലേക്ക് കൊണ്ടു വരാതെ കുണ്ടുതോട്ടിലെ ഹോട്ടലിൽ വിൽക്കും. കപ്പപ്പുഴുക്കിന് ആ പുഴമീൻ കറിയാണ് ഹോട്ടലിൽ വിളമ്പിയത്. ഉച്ചത്തിൽ സംസാരിക്കുന്ന ആ മനുഷ്യൻ എന്നോട് സ്‌നേഹത്തോടെയാണ് പെരുമാറിയത്. രാത്രികളിൽ എന്നെയും മീൻ പിടിക്കാൻ ക്ഷണിക്കുമെങ്കിലും അമ്മാവൻ സമ്മതിക്കില്ല. ആരും കാണാതെ അയാളെനിക്ക് നാടൻ ബീഡി തരും. ഒരു ബീഡി രണ്ടും മൂന്നും തവണ കെടുത്തി വെച്ച് വലിക്കും. ചെവിയിൽ എപ്പോഴും ബീഡിക്കുറ്റിയുണ്ടാവും. ഒരു ബീഡി ഒന്നിച്ച് വലിക്കാതെ അങ്ങനെ രണ്ടും മൂന്നും തവണയായിട്ട് വലിക്കുന്നത് പിശുക്കത്തരം കൊണ്ടാണെന്നാണ് ഞാനന്ന് കരുതിയത്. പിന്നെയും കാലം കുറെ വേണ്ടിവന്നു, ബീഡിയിൽ പോലും പിശുക്കത്തരം കാണിച്ച് മുറുക്കിപ്പിടിച്ച് ചെലവഴിക്കുന്ന മനുഷ്യരുടെ ജീവിതം ജീവിച്ചറിയാൻ. ഒരു സിഗരറ്റ് രണ്ടും മൂന്നും തവണയായി വലിക്കുന്ന എന്നെ, ഇപ്പോൾ പുച്ഛത്തോടെ നോക്കുന്നവരുടെ കണ്ണുകളിൽ എനിക്കാ കുറ്റ്യാടിക്കാലം കാണാം.

അമ്മായിയടക്കം ഒരുപാട് സ്ത്രീകൾക്ക് പൊലീസിന്റെ ക്രൂരമർദ്ദനം സഹിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ പാടുകൾ ഇന്നും അവരുടെ ശരീരങ്ങളിൽ അടയാളപ്പെട്ട് കിടപ്പുണ്ട്.

തോട്ടക്കാടെന്ന ആ കുന്നിൻ ചെരിവ്, മിച്ചഭൂമി സമരകാലത്ത് കിടപ്പാടമില്ലാത്ത കുറെ മനുഷ്യർ അടിയും തൊഴിയും കൊണ്ട് നേടിയെടുത്തതാണ്. കോട്ടയത്തുള്ള ഒരു അച്ചായൻ അന്യായമായി കൈവശം വെച്ച ഭൂമിയിൽ സമരകാലത്ത് ആളുകൾ കുടിൽ കെട്ടി പാർത്തു. ഭൂവുടമയുടെ ഗുണ്ടകളും പൊലീസുകാരും കുടിലുകൾ പൊളിച്ചുകളഞ്ഞ് അവരെ ക്രൂരമായി മർദ്ദിച്ചു. അവർ വീണ്ടും വീണ്ടും കുടിലുകൾ കെട്ടി. വീണ്ടും വീണ്ടും അടി കൊണ്ടു. കൃത്യമായി അടയാളപ്പെട്ട ഒരു സമര ചരിത്രമായതിനാൽ അവിടേക്ക് കാലങ്ങൾക്കുശേഷം വന്നെത്തിയ ഞാൻ, അതിനെക്കുറിച്ച് കേട്ട കഥകളുടെ പിൻബലത്തിൽ എന്തെങ്കിലും എഴുതി പിടിപ്പിക്കുന്നത് ശരിയല്ല.

പക്ഷേ ആ സമരകാലത്തിൽ അമ്മായിയടക്കം ഒരുപാട് സ്ത്രീകൾക്ക് പൊലീസിന്റെ ക്രൂരമർദ്ദനം സഹിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ പാടുകൾ ഇന്നും അവരുടെ ശരീരങ്ങളിൽ അടയാളപ്പെട്ട് കിടപ്പുണ്ട്. ദാസ് കാപ്പിറ്റലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വൈരുദ്ധ്യാത്മക ഭൗതികവാദവും കാണാപാഠം പഠിച്ചല്ല അമ്മായി അടക്കമുള്ള സ്ത്രീകൾ കമ്യൂണിസ്റ്റുകളായത്. കേറിക്കിടക്കാനുള്ള കൂരയ്ക്ക് വേണ്ടി, ചെയ്യുന്ന തൊഴിലിന് ന്യായമായ കൂലി കിട്ടാൻ, എല്ലാത്തിലുമുപരി ജീവിതമെന്ന വലിയ സമരത്തിൽനിന്ന് കിട്ടിയ മർദ്ദനങ്ങളുടെയും അപമാനങ്ങളുടെയും രക്തനിറമാണ് അവരെ കമ്യൂണിസ്റ്റുകളാക്കിയത്.

ദാസ് കാപ്പിറ്റലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വൈരുദ്ധ്യാത്മക ഭൗതികവാദവും കാണാപാഠം പഠിച്ചല്ല അമ്മായി അടക്കമുള്ള സ്ത്രീകൾ കമ്യൂണിസ്റ്റുകളായത്. / Photo: People's Archive of Rural India

അവരുടെ വീട്ടുവരാന്തയിൽ നിങ്ങൾക്ക് ഗുരുവായൂരപ്പനെയും ഗീവർഗീസ് പുണ്യാളനേയും മമ്പുറം പള്ളിയെയും കാണാം. അവരുടെ കയ്യിൽ
ദസ്ബി മാലയും വെന്തിങ്ങയും ഉണ്ടാവാം. നെറ്റിയിൽ ചന്ദനക്കുറി ഉണ്ടാവാം. താത്വിക പാഠങ്ങൾ ഉരുവിട്ടുപഠിച്ച്, മനുഷ്യർക്ക് മനസ്സിലാവാത്ത ഭാഷയിൽ നിങ്ങളവരോട് ഇതൊക്കെ അന്ധവിശ്വാസങ്ങളല്ലേ എന്നുചോദിച്ച് കമ്യൂണിസം വിളമ്പിയാൽ, അവർ നിങ്ങളുടെ നേരെ കാർക്കിച്ച് തുപ്പിയെന്നുവരാം. കാരണം സ്വന്തം ചോരയുടെ നിറം തന്നെയാണ് അവരുടെ ചെങ്കൊടിക്ക്. കൊടിക്കു വേണ്ടി അണികൾ എന്ന പുതുകാല തമാശക്കുപകരം അണികൾക്കുവേണ്ടി കൊടികൾ എന്ന അനുഭവസാക്ഷ്യമാണ് അവരുടെ രാഷ്ട്രീയം.

അറുപതോളം കുടുംബങ്ങൾ ആ സമരഭൂമിയിൽ പാർത്തു. അതിൽ എല്ലാ മതസ്ഥരുമുണ്ടായിരുന്നു. മതവിശ്വാസങ്ങളെ സ്വന്തം കിടപ്പറ രഹസ്യം പോലെ സ്വകാര്യമാക്കി വെച്ച് അവരൊക്കെയും ചുവന്ന കൊടിക്കുകീഴിൽ അണിനിരന്നു. അവർ ഒന്നിച്ച് ജോലി ചെയ്തു.വിശപ്പും ഇല്ലായ്മകളും ഒരുമിച്ച് പങ്കിട്ടു. സ്വന്തം വീട്ടിൽ കപ്പ ബാക്കിവെച്ച് അവർ അയൽവാസിയെ പട്ടിണിക്കിട്ടില്ല. ഏതെങ്കിലുമൊരു വീട്ടിൽ മരുന്ന് വാങ്ങാൻ കാശില്ലാത്ത രോഗിയുണ്ടെങ്കിൽ, ആ പ്രശ്‌നം പരിഹരിക്കാതെ അവർ സിനിമയ്ക്ക് പോയില്ല.

കുണ്ടുതോട് കവലയിൽ മുസ്​ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയുമുണ്ടായിരുന്നു. പക്ഷേ അവയെക്കാൾ പ്രാധാന്യം പാർട്ടി ഓഫീസുകൾക്കും വായനശാലകൾക്കുമായിരുന്നു. അവിടത്തെ മനുഷ്യർ വായിച്ചു. വായിച്ചതിനെ കുറിച്ച് പരസ്പരം സംസാരിച്ചു.

ഞാനതുവരെ ജീവിച്ച ഇടങ്ങളിലൊന്നും കാണാത്ത പരസ്പര വിശ്വാസവും പങ്കുവെക്കലും അവിടെയുണ്ടായിരുന്നു. അക്കാലത്ത് അവിടത്തെ മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ചിരിച്ചുകളിച്ചാണ് വിദ്യാലയങ്ങളിലേക്ക് പോയത്. തൊട്ടിൽപ്പാലത്തുനിന്ന് കുണ്ടുതോട്ടിലേക്കുള്ള ജീപ്പ് യാത്രയിൽ, പെണ്ണുങ്ങൾ ആണുങ്ങളുടെ മടിയിലിരുന്നു, ആണുങ്ങൾ പെണ്ണുങ്ങളുടെ മടിയിലും. അവിടെയൊന്നും അരുതായ്മകളുണ്ടായില്ല. ആരും യാത്രകളിൽ സ്ത്രീകളെ ശല്യം ചെയ്തില്ല. കുറ്റ്യാടിയിൽ നിന്ന്​ പോന്നിട്ടും ഇടയ്ക്ക് അങ്ങോട്ട് വിരുന്നുപോവുമ്പോൾ എന്റെ മടിയിൽ വന്നിരിക്കുന്ന സ്ത്രീകളും പെൺകുട്ടികളും മലപ്പുറം ജില്ലയിൽ കണികാണാൻ കിട്ടാത്ത കാഴ്ചകളായിരുന്നു.

കുണ്ടുതോട് കവലയിൽ മുസ്​ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയുമുണ്ടായിരുന്നു. പക്ഷേ അവയെക്കാൾ പ്രാധാന്യം പാർട്ടി ഓഫീസുകൾക്കും വായനശാലകൾക്കുമായിരുന്നു. അവിടത്തെ മനുഷ്യർ വായിച്ചു. വായിച്ചതിനെ കുറിച്ച് പരസ്പരം സംസാരിച്ചു. സംസാരിക്കുമ്പോൾ പ്രായവ്യത്യാസമില്ലാതെ തർക്കിച്ചു. പക്ഷേ തർക്കങ്ങളൊന്നും അടിപിടിയിലെത്തിയില്ല. ഈ തുറന്ന പെരുമാറ്റങ്ങൾക്കും രാഷ്ട്രീയബോധത്തിനും പങ്കുവക്കലുകൾക്കുമിടയിൽ ഞാനെന്ന പതിനാറുകാരൻ എന്റേതായ ലോകത്തിൽ കുരുങ്ങിക്കിടന്നു.

കുണ്ടുതോട് കവലയിൽ മുസ്​ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയുമുണ്ടായിരുന്നു. പക്ഷേ അവയെക്കാൾ പ്രാധാന്യം പാർട്ടി ഓഫീസുകൾക്കും വായന വായനശാലകൾക്കുമായിരുന്നു. / Photo: calvathy comrades Instagram Page

പുലിയാണെന്ന് മക്കൾ കരുതിയ അമ്മാവൻ ജോലി ചെയ്യുന്ന തോട്ടത്തിലേക്കാണ് ഞാൻ ആദ്യം ഹെൽപ്പറായി ജോലിക്കുപോയത്. എന്നെ അവിടുന്ന് മൂപ്പർ ആട്ടിയോടിക്കും എന്നാണ് വീട്ടുകാർ കരുതിയത്. ഉപ്പാന്റെ കൂടെ കുറച്ചു ദിവസം ടാപ്പിങ്ങിന് ഹെൽപ്പറായിപ്പോയ പരിചയത്തിന്റെ ബലത്തിൽ, ഞാൻ ഒട്ടു പാലെടുത്തു. ടാപ്പിംഗ് കഴിഞ്ഞ് പാലെടുത്തു. പാല് ഇരുമ്പുതൊട്ടികളിലാക്കി റാട്ടയിൽ കൊണ്ടു പോയി ഉറയൊഴിച്ചുവെച്ചു. പിറ്റേന്ന് ഷീറ്റടിച്ചു. ചെറിയ ചില പിഴവുകൾക്ക് ചീത്ത കേട്ടെങ്കിലും എന്റെ സഹായം അമ്മാവന് വലിയ ആശ്വാസമായിരുന്നു. അറുപതുകൾ പിന്നിടുന്ന ആ മനുഷ്യൻ തനിയെ ഒരു ബ്ലോക്ക് വെട്ടി, പാലെടുത്ത് ഉറയൊഴിച്ച് ഷീറ്റടിക്കാൻ വല്ലാതെ പ്രയാസപ്പെട്ട കാലത്താണ് ഞാൻ സഹായിയായി ചെന്നത്. അമ്മാവൻ തനിയെ ഒട്ടുപാലെടുത്ത് ടാപ്പ് ചെയ്ത് പാല് ശേഖരിച്ച് ആ പാല് റാട്ടയിൽ എത്തിച്ച് ഉറയൊഴിച്ചു വെച്ച്, തലേന്നത്തേതെടുത്ത്​ കൈകൊണ്ട് തിരിക്കുന്ന മെഷീനിലിട്ട് ഷീറ്റാക്കി മാറ്റി കഴിയുമ്പോൾ നേരം ഉച്ചകഴിയും. എന്റെ സഹായം കിട്ടിയപ്പോൾ അത് രാവിലെ അഞ്ചുമണിക്ക് തുടങ്ങി പത്ത് മണിയാവുമ്പഴേക്കും തീരുന്ന മട്ടിലായി. പിന്നെ എന്നോട് സ്പീഡ് കുറയ്ക്കാൻ പറഞ്ഞ് അമ്മാവനത് പതിനൊന്ന് മണിയാക്കി നീട്ടിയെടുത്തു.

ഓത്തുപള്ളിയിലേക്ക് പോവാൻ മടിച്ച് ഒളിച്ചിരുന്ന, ആ അനിയത്തി ഏട്ടന്റെ മുമ്പിൽ നിന്നു. ശരീരമൊന്നാകെ വിറച്ച് വല്ലാത്തൊരു നിലവിളിയോടെ ഉമ്മ അമ്മാവന്റെ കട്ടിലിലേക്ക് വീണു. തലമുടി കൊഴിഞ്ഞുപോയി കുഴിയിലാണ്ട കണ്ണുകളുമായി അമ്മാവൻ ഉമ്മയെ തൊട്ടു.

ജോലി കഴിഞ്ഞാൽ എന്നെയും കൂട്ടി അമ്മാവൻ കവലയിലേക്കുപോവും. ചുറ്റുഭാഗത്തും ടാപ്പിംഗ് തൊഴിലാളികളായതിനാൽ, ആ കവല ഉണരുന്നത് ഉച്ചയോടെയാണ്. ഹോട്ടൽ മാത്രം അതിരാവിലെ തുറക്കും. ടാപ്പിങ്ങിന് പോകുന്നവർ അവിടെ കയറി കാലിച്ചായ കുടിച്ചിട്ടാണ് പോവുക. ഞങ്ങൾക്കുള്ള ചായ ജോലി കഴിഞ്ഞുള്ള സമയത്താണ്.

അവിടുന്ന് വേണ്ടത് കഴിച്ചോളാൻ അമ്മാവൻ പറയുമെങ്കിലും ഞാൻ ഒരു കാലിച്ചായയിലും ഏറിയാൽ നെയ്യപ്പത്തിലും ഒതുക്കും. പരസ്പരം പറയാതെ തന്നെ ഞങ്ങൾക്കിടയിൽ കഷ്ടപ്പാടിന്റെ അദൃശ്യമായ ഒരു ഉടമ്പടി നിവർന്ന് കിടന്നു. അതിൽ സുഖമുള്ളതൊന്നും വായിച്ചെടുക്കാനുണ്ടായിരുന്നില്ല. തീർന്നുപോകുന്ന അരിയുടെയും മധുരമില്ലാത്ത ചായയുടെയും, ഒരു മത്തി നാലായി മുറിക്കാൻ പഠിച്ച അമ്മായിയുടെ നിശ്ശബ്ദദുഃഖങ്ങളുടെയും, തലയിൽ എണ്ണ തേക്കാതെ കുളിക്കുന്ന മരുമകളുടെയും നരച്ച വർണങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ.

ജോലി കഴിഞ്ഞാൽ എന്നെയും കൂട്ടി അമ്മാവൻ കവലയിലേക്കുപോവും. ചുറ്റുഭാഗത്തും ടാപ്പിംഗ് തൊഴിലാളികളായതിനാൽ, ആ കവല ഉണരുന്നത് ഉച്ചയോടെയാണ്. ഹോട്ടൽ മാത്രം അതിരാവിലെ തുറക്കും. / Photo:Top Most Craft Idea Facebook Page

അമ്മാവനെന്നല്ല, വീട്ടിൽ ആർക്കും കാര്യമായ അസുഖങ്ങളുണ്ടായില്ല. പനിയും നീരിറക്കവും വയറുവേദനയുമൊക്കെ വായുഗുളികയിലും അമൃതാജ്ഞനത്തിലും സുഖപ്പെട്ടു. പുറത്തെ അസുഖങ്ങൾക്ക് അമൃതാജ്ഞനവും അകത്തെ അസുഖങ്ങൾക്ക് വായുഗുളികയുമായിരുന്നു മരുന്നുകൾ. മൂന്ന് മക്കളെ പോറ്റേണ്ട ഉപ്പയായിട്ടില്ല ഞാനന്ന്. അമ്മായിയുടെ വയറുവേദനയ്ക്ക് വായുഗുളിക മാത്രം കൊടുക്കുന്ന അമ്മാവൻ എന്ന ദുഷ്ടകഥാപാത്രത്തിന്റെ ഉള്ളുരുക്കങ്ങൾ അനുഭവിച്ചറിയാൻ എനിക്ക് കാലങ്ങൾ വേണ്ടിവന്നു. ഡിസ്‌പെൻസറിയിൽ ചീട്ടെടുക്കാനുള്ള രണ്ട് രൂപ പോലും കയ്യിലില്ലാതെ ഭാര്യയെ മിഴിച്ചു നോക്കി, പനിച്ചു പൊള്ളുന്ന മോളെയും തോളിലിട്ട് നടന്ന വഴികളിൽ ഞാനാ അമൃതാജ്ഞനത്തിന്റെ രൂക്ഷഗന്ധം മണത്തു. പാതകളിൽ വെളുത്ത വായു ഗുളികകൾ ഉരുണ്ടുനടന്നു.

എന്റെ ഉമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞു തന്നത് അമ്മാവനാണ്. ഉമ്മ ഓത്തുപള്ളിയിലേക്ക് പോവാൻ മടി കാണിച്ച് കുണ്ടനിടവഴികളിൽ ഒളിച്ചിരിക്കുമ്പോൾ ഏട്ടനായ അമ്മാവനാണ് പിടിച്ചുകൊണ്ടു വരിക. മൊല്ലാക്കാന്റെ അടി പേടിച്ച് ഉമ്മ ഉറക്കെ അലമുറയിടുമ്പോൾ ആ ഏട്ടനാണ് അവൾക്ക് പല പല കെട്ടുകഥകളും പറഞ്ഞുകൊടുത്ത് വഴി നടത്തിച്ചത്. ഉമ്മാക്ക് കുട്ടിക്കാലത്ത് വെള്ളിക്കൊലുസ്സുകളുണ്ടായിരുന്നുവെന്ന് അമ്മാവൻ പറഞ്ഞുതന്നത് അത്ഭുതത്തോടെയാണ് ഞാൻ കേട്ടത്.

മൊസൈക്കിട്ട തറയുടെ തണുപ്പിൽ ഞാൻ ചുറ്റും മരണരൂപങ്ങൾ കണ്ടു. ഓരോ രൂപവും ഓരോ മരണമായി എനിക്കുതോന്നി. ഉമ്മ അമ്പരപ്പോടെ ചുറ്റും നോക്കി, എന്റെ കയ്യിൽ ബലമായി പിടിച്ചു. ഉമ്മാന്റെ കൈ വിറയ്ക്കുന്നതും നെഞ്ചടിപ്പിന്റെ വേഗം കൂടുന്നതും മരണം പോലെ മണത്തറിയാമായിരുന്നു.

കുറ്റ്യാടിയിൽ നിന്നുവന്ന്, കാലങ്ങൾക്കുശേഷം എനിക്ക് ഉമ്മാന്റെയൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവേണ്ടിവന്നു. അവിടെ, തൊണ്ടയിൽ അർബുദം ബാധിച്ച് അമ്മാവൻ കിടന്നു. ഞാനും ഉമ്മയും ഊഴം കാത്തുനിന്നു. അവിടെ കാത്തുനിന്നവരൊക്കെ മരണവീടിനു മുമ്പിലെന്നപോലെ തലകുനിച്ചാണ് നിന്നത്. അർബുദമെന്നത് എനിക്ക് അതുവരെ വായനാനുഭവം മാത്രമായിരുന്നു. എന്താണ് അമ്മാവന്റെ അസുഖമെന്ന് കൃത്യമായി അറിയാഞ്ഞിട്ടാവണം ഉമ്മ എന്നോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു.

ഊഴമെത്തി, മൊസൈക്കിട്ട തറയുടെ തണുപ്പിൽ കാലമർത്തി നടക്കുമ്പോൾ ഞാൻ ചുറ്റും മരണരൂപങ്ങൾ കണ്ടു. ഓരോ രൂപവും ഓരോ മരണമായി എനിക്കുതോന്നി. ഉമ്മ അമ്പരപ്പോടെ ചുറ്റും നോക്കി, എന്റെ കയ്യിൽ ബലമായി പിടിച്ചു. ഉമ്മാന്റെ കൈ വിറയ്ക്കുന്നതും നെഞ്ചടിപ്പിന്റെ വേഗം കൂടുന്നതും മരണം പോലെ മണത്തറിയാമായിരുന്നു. പച്ച യൂണിഫോമിട്ട രോഗികളിൽ ചിലർ ഉച്ചത്തിൽ കരഞ്ഞു. ചിലർ എവിടെയാണ് തങ്ങൾ കിടക്കുന്നതെന്ന അമ്പരപ്പിൽ മാസങ്ങൾക്ക് ശേഷവും ആ സീലിങ്ങിലേക്ക് മിഴിച്ചുനോക്കി കിടന്നു.

തൊണ്ടയിൽ അർബുദം ബാധിച്ച് അമ്മാവൻ കിടന്നു. ഞാനും ഉമ്മയും ഊഴം കാത്തുനിന്നു. അവിടെ കാത്തുനിന്നവരൊക്കെ മരണവീടിനു മുമ്പിലെന്നപോലെ തലകുനിച്ചാണ് നിന്നത്. / Photo: Unsplash

അവിടെ, ഒമ്പതാം നമ്പർ ബെഡ്ഡിൽ അമ്മാവൻ കിടന്നു.

ഓത്തുപള്ളിയിലേക്ക് പോവാൻ മടിച്ച് ഒളിച്ചിരുന്ന, ആ അനിയത്തി ഏട്ടന്റെ മുമ്പിൽ നിന്നു. ശരീരമൊന്നാകെ വിറച്ച് വല്ലാത്തൊരു നിലവിളിയോടെ ഉമ്മ അമ്മാവന്റെ കട്ടിലിലേക്ക് വീണു. തലമുടി കൊഴിഞ്ഞുപോയി കുഴിയിലാണ്ട കണ്ണുകളുമായി അമ്മാവൻ ഉമ്മയെ തൊട്ടു. ആ കൈകളിൽ ജീവന്റെ ഒടുക്കത്തെ തുടിപ്പുകൾ തെറിച്ചുനിൽക്കുന്ന ഞരമ്പിന്റെ രൂപത്തിൽ ഞാൻ കണ്ടു. ഉമ്മാന്റെ കരചലനത്തിനിടയിൽ താഴേക്ക് വലിഞ്ഞ പച്ച വിരിപ്പിനടിയിൽ ശരീരമെന്ന പേരിൽ തൊലിയിൽ പൊതിഞ്ഞു കിടന്ന എല്ലും തോലും ഞാൻ കണ്ടു.

കരച്ചിൽ എന്റെ നെഞ്ചിൽനിന്ന് തൊണ്ടയിലെത്തി തടഞ്ഞുനിന്നു. ശ്വാസം വലിക്കാൻ പാടുപെട്ട് ഞാൻ അമ്മാവന്റെ കണ്ണുകളിലേക്ക് നോക്കി. മരണം തെളിയുന്ന ആ അഗാധതകളിൽ അനിയത്തിയെ തോളിലിരുത്തി താൻ നടന്ന ദൂരങ്ങളെ ഓർത്തെടുക്കുന്ന ഒരു ഏട്ടനെ ഞാൻ കണ്ടു. അവൾക്ക് മുറിഞ്ഞപ്പോൾ നൊന്ത ആ ഹൃദയത്തിന്റെ മിടിപ്പുകൾ എല്ലിൻ കൂടിനുള്ളിൽ നിന്ന് ഞാൻ കേട്ടു. കയ്യിലെ പഴങ്ങളിട്ട കവർ ഞാനറിയാതെ നിലത്തേക്ക് വീണു.

ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ട് ജീവിച്ച മനുഷ്യൻ ഒടുവിൽ എത്തിപ്പെട്ട ആ ക്യാൻസർ വാർഡിൽ, പുരികക്കൊടി പോലും പൊഴിഞ്ഞുപോയ മനുഷ്യ​ക്കോലങ്ങൾക്കിടയിൽ, എന്താണ് ജീവിതമെന്ന്, എന്താണ് ഞാനെന്ന്, എന്താണ് മനുഷ്യനെന്ന്, എന്റയുള്ളിലെ ആത്മഹത്യാപ്രേമി ചോദിച്ചു കൊണ്ടേയിരുന്നു.

അതിൽനിന്ന് ഉരുണ്ടുപോയ ഓറഞ്ച് അങ്ങേയറ്റത്തെ കട്ടിലിനടുത്ത് ചെന്നുനിന്നു. ആ കട്ടിലിലെ ചെറുപ്പക്കാരൻ എന്നെയും ഓറഞ്ചിനെയും മാറിമാറി നോക്കി. സന്ദർശകർക്കുള്ള സമയമായിരുന്നു അത്. ആ കട്ടിലിനരികിൽ മാത്രം ആരും സന്ദർശകരായി ഉണ്ടായിരുന്നില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ മുമ്പിൽ തെളിഞ്ഞ മരണമെന്ന വാക്കിന് നേർക്ക് അന്തം വിട്ടു നോക്കി അയാളവിടെ കിടന്നു.

എനിക്കു​ പിറകിൽ കരച്ചിൽ തോർന്ന അനിയത്തി, ഏട്ടന്റെ ചെവിയിൽ എന്തൊക്കെയോ പ്രാർത്ഥനകൾ ചൊല്ലി. പ്രാർത്ഥനകളിൽ വിശ്വസിക്കാത്ത ഏട്ടൻ ആ പ്രാർത്ഥനകളെ സ്വീകരിച്ച് കണ്ണടച്ച് കിടന്നു. അന്തരീക്ഷത്തിൽ അമൃതാജ്ഞനത്തിന്റെ കടും സുഗന്ധം നിറഞ്ഞപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ട് ജീവിച്ച മനുഷ്യൻ ഒടുവിൽ എത്തിപ്പെട്ട ആ ക്യാൻസർ വാർഡിൽ, പുരികക്കൊടി പോലും പൊഴിഞ്ഞുപോയ മനുഷ്യ​ക്കോലങ്ങൾക്കിടയിൽ, എന്താണ് ജീവിതമെന്ന്, എന്താണ് ഞാനെന്ന്, എന്താണ് മനുഷ്യനെന്ന്, എന്റയുള്ളിലെ ആത്മഹത്യാപ്രേമി ചോദിച്ചു കൊണ്ടേയിരുന്നു.

ആ കട്ടിലിനരികിൽ മാത്രം ആരും സന്ദർശകരായി ഉണ്ടായിരുന്നില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ മുമ്പിൽ തെളിഞ്ഞ മരണമെന്ന വാക്കിന് നേർക്ക് അന്തം വിട്ടു നോക്കി അയാളവിടെ കിടന്നു.

നിലത്തുനിന്ന് പൊറുക്കിയെടുത്ത ഓറഞ്ചിന്റെ തൊലി കളഞ്ഞ്, അല്ലികൾ അടർത്തി അനിയത്തി ഏട്ടന്റെ നാവിലേക്ക് മധുരനീര് ഇറ്റിച്ചു കൊടുക്കുമ്പോൾ ഞാനാ ചെറുപ്പക്കാരന്റെ അടുത്തേക്ക് നടന്നു. മാസങ്ങൾക്കുമുമ്പുവരെ ഇടതിങ്ങിയ ചുരുൾമുടിയുണ്ടായിരുന്നതിന്റെ അടയാളങ്ങൾ ആ തലയോട്ടിയിൽ നിന്ന് ഞാൻ വായിച്ചെടുത്തു. കട്ടിൽ ചുവട്ടിലേക്ക് ഉരുണ്ടുചെന്നുനിന്ന ആ ഓറഞ്ചെടുത്ത് തൊലി കളഞ്ഞ് അല്ലികളാക്കി ഞാനയാൾക്ക് നീട്ടി. ദുർബലമായ ശരീരത്തിലെ എല്ലാ ശക്തിയും ഒന്നിച്ചെടുത്ത് അയാൾ എന്റെ കൈ തട്ടി മാറ്റി. വായുവിലേക്ക് ഉയർന്ന് താഴേക്ക് വീഴുന്ന ഓറഞ്ചല്ലികളിൽ ഞാനാ മനുഷ്യന്റെ ജീവിതം കണ്ടു. ആരും വരാനില്ലാത്ത മരണത്തിന്റെ വഴിയമ്പലത്തിൽ തീരെ തനിച്ചായി പോയ ഒരു മനുഷ്യജീവിയുടെ നിസ്സഹായതകൾ എന്നെ വന്ന് പൊതിഞ്ഞു.

അനിയത്തിയുടെ പ്രാർത്ഥനയും അവൾ ഇറ്റിച്ചു കൊടുത്ത മധുരനീരും സ്വീകരിച്ച് അമ്മാവൻ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ട ആ ശ്രമത്തിൽ ഉടക്കി നിന്ന എന്റെ ബോധത്തിലേക്ക് ഒരു കാലം മുഴുവനായി അടർന്നുവീണ് അലമുറയിട്ടു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments