ഉന്മാദബന്ധുക്കൾ

പതിനാറിന് അങ്ങനെയൊരു കുഴപ്പമുണ്ട്. അത് ഇല്ലാത്ത കാഴ്ചകളെ സൃഷ്ടിക്കും. ഇരുണ്ട ശൂന്യതകളിൽ പൂക്കളെ വിരിയിക്കും. ആരുടെയൊക്കെയോ അധരങ്ങളിലും നെറ്റിയിലും ചുംബിക്കും. സ്വയംഭോഗത്തിന്റെ സങ്കല്പലോകത്ത് ഒരു ചുംബനം കൊണ്ട്, തലമുടി മണം കൊണ്ട് അത് സ്ഖലിക്കും.

കോച്ചിയമ്മയില്ലാത്ത കുന്നിൻചെരുവിൽ ഞാൻ തനിച്ചിരുന്നു തൊടുന്ന കാറ്റിലും മണക്കുന്ന മണങ്ങളിലും അവരുണ്ടായിരുന്നു. ആ വെളുവെളുത്ത മുടി ശൂന്യയിലൂടെ നീന്തി. അവരില്ലാത്ത വീട്ടിൽ ചാത്തുണ്ണി കൂടുതൽ ഉന്മാദിയായി. താൻ കാരണമാണ് അവർ മരിച്ചതെന്നുപോലും ഓർക്കാതെ അയാൾ കഞ്ചാവിന്റെ ലഹരിയിൽ കോച്ചിയമ്മയെ ചീത്ത വിളിച്ചു. അമ്മയുടെ രഹസ്യഇടങ്ങളുടെ പേരു ചൊല്ലി തെറി വിളിക്കുന്ന മകൻ വെറുക്കപ്പെടേണ്ട ഒരുവനാണെന്ന് ഞാനുറപ്പിച്ചു. കോച്ചിയമ്മയുടെ മരണത്തിനും അടക്കിനും ശേഷം പൊലീസ് അവനെ പിടിച്ചു കൊണ്ടുപോയിരുന്നു. കഞ്ചാവുവില്പന കൂടിയുള്ളതുകൊണ്ടാവണം ചാത്തുണ്ണിക്ക് ധാരാളം ബന്ധങ്ങളുണ്ടായിരുന്നു. അതുകാരണം അവൻ ശിക്ഷിക്കപ്പെട്ടില്ല.

അമ്മയില്ലാത്ത വീട്ടിൽ, അവരെ താൻ തൊഴിച്ച വീട്ടിൽ, ജീവിതകാലമത്രയും അവർക്ക് വേദനകളും അപമാനവും നൽകിയ വീട്ടിൽ അയാൾ എങ്ങനെ അന്തിയുറങ്ങുന്നു എന്ന് ഞാനത്ഭുതപ്പെട്ടു. നടക്കുന്ന പുലരിപ്പാതകളിൽ കോച്ചിയമ്മയുടെ പാട്ട് എനിക്ക് കൂട്ടുവന്നു. അക്കാലത്ത് ധാരാളം ഹൊറർ നോവലുകൾ വായിച്ചിരുന്ന എനിക്ക് അവരുടെ പാട്ടോ, റബ്ബർ കുരുവിന്റെ പരിപ്പു മണമോ (അതായിരുന്നു കോച്ചിയമ്മയുടെ മണം) വെള്ളമുടിയുടെ കാഴ്ചയോ ഭയമുണ്ടാക്കിയില്ല. കഥ വേറെയും ജീവിതം വേറെയുമാണെന്ന് അവരുടെ സാന്നിധ്യത്തിലൂടെയാണ് ഞാൻ ആദ്യമായി അറിഞ്ഞത്.

കഥ വേറെയും ജീവിതം വേറെയുമാണെന്ന് കോച്ചിയമ്മയുടെ സാന്നിധ്യത്തിലൂടെയാണ് ഞാൻ ആദ്യമായി അറിഞ്ഞത്

ഞങ്ങൾ ഒരുമിച്ചിരുന്ന് അന്നം പങ്കിട്ട പാറപ്പുറത്ത് കമിഴ്ന്നു കിടന്നു ഞാൻ അവരെ മണത്തു. മുകളിൽ കാറ്റുപാറയുടെ തുഞ്ചത്ത് കോച്ചിയമ്മ നിന്നു. വിനോദയാത്രയ്ക്ക് പോവുന്ന ഒരു കുട്ടിയെപ്പോലെ അവരെനിക്ക് നേരെ കൈ വീശി. ഇതെല്ലാം ഞാൻ കണ്ടതും അനുഭവിച്ചതുമായ കാഴ്ചയാണോ എന്നുചോദിച്ചാൽ അതെ എന്നുതന്നെയാണ് ഉത്തരം. പതിനാറിന് അങ്ങനെയൊരു കുഴപ്പമുണ്ട്. അത് ഇല്ലാത്ത കാഴ്ചകളെ സൃഷ്ടിക്കും. ഇരുണ്ട ശൂന്യതകളിൽ പൂക്കളെ വിരിയിക്കും. ആരുടെയൊക്കെയോ അധരങ്ങളിലും നെറ്റിയിലും ചുംബിക്കും. സ്വയം ഭോഗത്തിന്റെ സങ്കല്പലോകത്ത് ഒരു ചുംബനം കൊണ്ട്, തലമുടി മണം കൊണ്ട് അത് സ്ഖലിക്കും.

കുന്നു കയറുമ്പോൾ ആടിനെ കെട്ടിയ കയറും പിടിച്ച് കോച്ചിയമ്മ മുമ്പിൽ നടന്നു. അവരുടെ മുഷിഞ്ഞ വെള്ള ബ്ലൗസിൽ ചോരത്തുള്ളികൾ പൊടിഞ്ഞു. കഴുത്ത് മുറിഞ്ഞ ആട് മനുഷ്യശബ്ദത്തിൽ കരഞ്ഞുകൊണ്ട് ഓടി. വിശപ്പും വെയിലും കാരണം ഞാനവിടെ തളർന്നിരുന്നു.

കാണുന്നതെന്നും നേരായ കാഴ്ചകളല്ലെന്ന് പാതി മനസ്സ് പറയുമ്പോഴും ഞാൻ കോച്ചിയമ്മയുടെ പാതകളെ പിന്തുടർന്നു. അവർ കയറിനിന്ന പോലെ കാറ്റു പാറയുടെ തുഞ്ചത്ത് കയറിനിന്നു. മഞ്ഞിൻ തണുപ്പുള്ള വയനാടൻ കാറ്റുകളിലൂടെ റബ്ബർ കുരുവിന്റെ പരിപ്പുമണം എന്നെ പൊതിഞ്ഞു. കോച്ചിയമ്മയുടെ വെള്ള ആടിന് എന്തുപറ്റിയെന്നറിയാൻ അക്കണ്ട ദൂരമത്രയും താണ്ടി ഞാനാ വീടിന്റെ മുമ്പിലെത്തി. ഓലവീടിന്റെ വാതിൽ അടഞ്ഞുകിടന്നു. അതിനുള്ളിൽ നിന്ന് രതിവേഗങ്ങളുടെ ഇണശബ്ദങ്ങൾ കേട്ടു. കൊട്ടാരത്തിലെ അടുക്കളമുറിക്കപ്പുറം സാബിറാത്താന്റെ ഉടലിനെ പിടിച്ചുവലിച്ച കൈകളുടെ ഉടമയ്ക്കും ഇതേ ശബ്ദങ്ങൾ തന്നെയായിരുന്നു.

ആട്ടിൻകൂട് ഒഴിഞ്ഞുകിടന്നു. അതിനെ ചാത്തുണ്ണി അറവുകാരന് കൊടുത്തു കഴിഞ്ഞിരുന്നു. ആരുടെയൊക്കെയോ വയറുകളിൽ കിടന്ന് ആ ആട് കരയുന്ന ശബ്ദം ഞാൻ കേട്ടു. തിരികെ നടക്കുമ്പോൾ രതിനടനങ്ങൾ
ഒടുങ്ങിയമർന്നതിന്റെ കിതപ്പുമായി ഒരു സ്ത്രീരൂപം എന്നെ കടന്നുപോയി. തിരികെ കുന്നു കയറുമ്പോൾ ആടിനെ കെട്ടിയ കയറും പിടിച്ച് കോച്ചിയമ്മ മുമ്പിൽ നടന്നു. അവരുടെ മുഷിഞ്ഞ വെള്ള ബ്ലൗസിൽ ചോരത്തുള്ളികൾ പൊടിഞ്ഞു. കഴുത്ത് മുറിഞ്ഞ ആട് മനുഷ്യശബ്ദത്തിൽ കരഞ്ഞുകൊണ്ട് ഓടി. വിശപ്പും വെയിലും കാരണം ഞാനവിടെ തളർന്നിരുന്നു.

ആട്ടിൻകൂട് ഒഴിഞ്ഞുകിടന്നു. അതിനെ ചാത്തുണ്ണി അറവുകാരന് കൊടുത്തു കഴിഞ്ഞിരുന്നു.

‘അബ്ബാസുട്ടിയേ, മ്മക്ക് കാച്ചില് പറിച്ചാലോ?’ കോച്ചിയമ്മ ചോദിച്ചു.

വിശന്നപ്പോൾ എനിക്ക് അന്നം തന്ന ആ കൈകൾ ഇപ്പോൾ ഭൂമിയിലില്ല എന്ന അറിവിൽ ഞാനാ വെയിലിലേക്ക് കമിഴ്​ന്നുവീണു. ഏറെ നേരം ഞാനവിടെ കിടന്നിരിക്കണം. മുതുകിൽ ആരോ വെള്ളം തെളിച്ചപ്പോൾ കണ്ണ് തുറന്നു. എനിക്കുമുകളിൽ ആകാശത്തുനിന്ന് റബ്ബർ കുരുവിന്റെ മണമുള്ള വേനൽ മഴ പെയ്തു. മഴക്കുനേരെ ഞാൻ വാ പൊളിച്ചു. വാട്ടച്ചുവയുള്ള മഴ ജലം തൊണ്ടയും കടന്ന് വയറ്റിലെത്തി.

വേനൽമഴ പെയ്യുന്ന അന്തരീക്ഷത്തിൽ പുതുമണ്ണിന്റെ മണമില്ലാതാക്കിക്കൊണ്ട് കോച്ചിയമ്മയുടെ മണം നിറഞ്ഞു. ഞാനവരെ കണ്ടുവെന്നും അവരെനിക്ക് അയനിച്ചക്കകൾ പറിച്ചു തന്നുവെന്നും പറഞ്ഞപ്പോൾ അമ്മായി എന്നെ അമ്പരപ്പോടെ നോക്കി.

അബ്ബാസുട്ടിയേ...കോച്ചിയമ്മ വിളിക്കുകയാണ്. ആ വിളിയുടെ പിന്നാലെ, മഴ നനഞ്ഞ വെളുവെളുത്ത മുടിയുടെ പിന്നാലെ, ഞാൻ കുന്നു കയറി.
മേനിക്കണ്ടിയും പുരയിടങ്ങളും കടന്ന് ഞങ്ങൾ ഇടക്കാട്ടിലെത്തി. കോച്ചിയമ്മ അയനി പ്ലാവിലേക്ക് പറന്നുകയറി. അയനിച്ചക്കകൾ എനിക്ക് ചുറ്റും അടർന്നു വീണു. അവ പെറുക്കി കൂട്ടുമ്പോൾ കോച്ചിയമ്മ ആ ഉയരങ്ങളിൽ നിന്ന് ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പറന്നു. വേനൽമഴ പെയ്യുന്ന അന്തരീക്ഷത്തിൽ പുതുമണ്ണിന്റെ മണമില്ലാതാക്കിക്കൊണ്ട് കോച്ചിയമ്മയുടെ മണം നിറഞ്ഞു. ഞാനവരെ കണ്ടുവെന്നും അവരെനിക്ക് അയനിച്ചക്കകൾ പറിച്ചു തന്നുവെന്നും പറഞ്ഞപ്പോൾ അമ്മായി എന്നെ അമ്പരപ്പോടെ നോക്കി. അന്ന് പാലെടുക്കാനും ഞാൻ മറന്നുപോയിരുന്നു. വെട്ട് കഴിഞ്ഞാണല്ലോ കോച്ചിയമ്മയുടെ വീട്ടിലേക്ക് പോയത്. വിചാരിക്കാതെ പെയ്ത മഴയിൽ എല്ലാവരും വേഗം ചിരട്ടകളിൽ നിന്ന് പാല് ശേഖരിച്ചപ്പോൾ ഞാൻ മാത്രം ആ റബ്ബർ മരങ്ങളെ മറന്നു. അതിന് രണ്ടുദിവസം വഴക്കും കേട്ടു.

വേനൽമഴ പെയ്യുന്ന അന്തരീക്ഷത്തിൽ പുതുമണ്ണിന്റെ മണമില്ലാതാക്കിക്കൊണ്ട് കോച്ചിയമ്മയുടെ മണം നിറഞ്ഞു

കാലങ്ങൾക്കുശേഷം അറുപത് ഉറക്ക ഗുളികകൾ ഒരുമിച്ച് വിഴുങ്ങി മരണത്തെ തൊടാൻ നോക്കിയ ഞാൻ പിറ്റേന്നും അതിന്റെ പിറ്റേന്നും കഴിഞ്ഞ് ആശുപത്രി മുറിയിൽ കണ്ണ് തുറക്കുമ്പോൾ, ആ മുറിക്കുള്ളിൽ വേനൽമഴ പെയ്തു. അന്തരീക്ഷത്തിൽ കാപ്പിക്കുരുവിന്റെ മണവുമായി കോച്ചിയമ്മ നിറഞ്ഞു. ഇളം ചുവപ്പ് ചുമരും ചാരി അവരവിടെ നിന്നു.

‘അനക്ക് തിന്നാൻ എന്തെങ്കിലും മാണോ?' എന്ന ഉപ്പാന്റെ ചോദ്യത്തിന് ഞാനും കോച്ചിയമ്മയും ഒന്നിച്ചാണ് തലയാട്ടിയത്. എന്റെ ഉന്മാദത്തിൽ മനം നൊന്ത് ഉമ്മ കരഞ്ഞു. എന്തിനാണ് ഞാൻ ചാവാൻ നോക്കിയതെന്ന വീട്ടുകാരുടെ രഹസ്യാന്വേഷണവും പരസ്യാന്വേഷണവും എങ്ങുമെത്താതെ വഴിമുട്ടിനിന്നു. എനിക്ക് പ്രണയമോ പ്രണയപരാജയമോ അപ്പോൾ ഉണ്ടായിരുന്നില്ല. ഞാൻ കല്യാണം കഴിച്ചിരുന്നില്ല. കടബാധ്യതകൾ ഉണ്ടായിരുന്നില്ല. എന്നിട്ടും മരണത്തെ കാമിച്ച ഞാൻ അതിന്റെ ഉടയാടകളിൽ തൊട്ടു. ഉള്ളിത്തൂമ്പിന്റെ മണമുള്ള മരണ വാതിലിൽ മുട്ടി വിളിച്ച എനിക്കായി ആ വാതിൽ തുറന്നില്ല.

കാലങ്ങൾക്കുശേഷം അറുപത് ഉറക്ക ഗുളികകൾ ഒരുമിച്ച് വിഴുങ്ങി മരണത്തെ തൊടാൻ നോക്കി ഞാൻ

കുറ്റ്യാടിക്കാലത്തെ മറന്നിട്ടും ഞാൻ കോച്ചിയമ്മയെ മറന്നില്ല. അവരുടെ വെളുവെളുത്ത തലമുടിയെ മറന്നില്ല. മരണത്തിലേക്ക് പറക്കാൻ അവർ കയറി നിന്ന കാറ്റുപാറയെ മറന്നില്ല. ആ കാറ്റുപാറയുടെ മറുചെരുവിലാണ് വേണുവേട്ടൻ കാൽ ചങ്ങലയണിഞ്ഞ് കിടന്നത്. മിച്ചഭൂമി സമരത്തിന്റെ കാലത്ത് വേണുവേട്ടന്റെ ഉള്ളിൽ കയറി കൂടിയ ചുവപ്പ് പിന്നീട് കടും ചുവപ്പായി മാറി. വയനാടൻ കാറ്റുകൾ വസന്തത്തിന്റെ ഇടിമുഴക്കവുമായി മൂപ്പരെ വന്ന് തൊട്ടിരിക്കണം.

വായനയും ആരെയും കാണിക്കാതെയുള്ള ഇത്തിരി എഴുത്തും ഒത്തിരി ചിന്തകളുമായി ആ മനുഷ്യൻ അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കാൻ കഴിയുന്ന കാലത്തെ സ്വപ്നം കണ്ടു ജീവിച്ചു.

സംഘടനയിലൊന്നും ഇല്ലെങ്കിലും മൂപ്പർ എം. എൽ അനുഭാവിയായിരുന്നു. ഞാൻ കാണുന്ന കാലത്ത് വേണുവേട്ടൻ ഒന്നിന്റെയും അനുഭാവിയായിരുന്നില്ല. ജീവിതത്തിൽ നിന്ന് കാൽ വഴുതി ഉന്മാദത്തിലേക്ക് വീണുപോയ ഒരു സാധാരണ മനുഷ്യൻ. അഡ്മിറ്റാക്കാത്ത ഹോസ്പിറ്റലും ചെയ്യാത്ത ചികിത്സകളുമില്ല. അച്ഛനും മരിച്ചു കഴിഞ്ഞപ്പോൾ അയാൾ ആ വീട്ടിൽ ബന്ധുക്കളുടെ കരുണയിൽ ജീവിച്ചു. അല്ല, ഉന്മാദിച്ചു.

വേണുവേട്ടനെ കാണുമ്പോഴൊക്കെ ഞാൻ ഒക്കാലി മൂട്ടിലെ അമ്മായിയെ ഓർത്തു. അവരുടെ കാൽചങ്ങലയും അമ്മാവന്റെ തോളിലെ മാറാപ്പും ഓർത്തു. വേണുവേട്ടൻ ധാരാളം വായിക്കുമായിരുന്നു. അന്തംവിട്ട വായന. പിൽക്കാലത്ത് ഞാൻ എത്തിച്ചേർന്ന അതേ വഴികൾ, അതേ നിറങ്ങൾ, അതേ തർക്കങ്ങൾ, അതേ ഒറ്റയ്ക്കുള്ള വർത്താനങ്ങൾ.

എന്റെ കാലിൽ ഇപ്പോഴും ചങ്ങല വീണിട്ടില്ലെന്ന് മാത്രം.

വായനയും ആരെയും കാണിക്കാതെയുള്ള ഇത്തിരി എഴുത്തും ഒത്തിരി ചിന്തകളുമായി ആ മനുഷ്യൻ അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കാൻ കഴിയുന്ന കാലത്തെ സ്വപ്നം കണ്ടു ജീവിച്ചു. കടും ചുവപ്പിന്റെ, തോക്കിൻ കുഴൽ വിപ്ലവത്തിന്റെ അനുഭാവിയായി ചിലതിനോടൊക്കെ പ്രതിഷേധിച്ചു, പലതിനോടും സമരസപ്പെട്ടു. തള്ളിപ്പറഞ്ഞതും കൊന്ന് കുഴിച്ചു മൂടിയതുമായ ദൈവങ്ങൾ അയാളെ തേടിയെത്തിയത് ഉന്മാദത്തിന്റെ ചിറകടികളോടെയാണ്. നാൽപ്പതുകൾ പിന്നിട്ടിട്ടും വിവാഹം കഴിക്കാതെ കഴിയുന്ന മകനെയോർത്ത് മനം നൊന്താണ് വേണുവേട്ടന്റെ അമ്മ മരിച്ചത്. പറഞ്ഞു മടുത്തപ്പോൾ തല്ലിപ്പറയാൻ കഴിയാത്ത വണ്ണം വളർന്ന മകനെ അച്ഛൻ വെറുതെ വിട്ടു.

തലച്ചോറ് ഒരു പരിധിക്കപ്പുറം ചൂടായാൽ അതിൽനിന്ന് ആവി പാറുന്നത് കാണാനാവും. മുടിയിഴകളിലൂടെ അത് പുറത്തേക്ക് പോവുന്നത് കണ്ണാടി നമുക്ക് കാണിച്ചു തരും.

വായന ചിന്ത വായന ചിന്ത എന്ന തീപ്പാതയിലൂടെ നടക്കവേ അനന്തമായ ഈ പ്രപഞ്ചത്തിന്റെ ശക്തി സൗന്ദര്യങ്ങൾക്കുപിറകിൽ ഒരു കാരണമോ കാര്യമോ വേണ്ടേ എന്ന ചോദ്യത്തിൽ അയാൾ തറഞ്ഞു നിന്നിരിക്കണം. ശൂന്യതയെ വിഴുങ്ങുന്ന ആ തമോഗർത്തത്തെ എനിക്ക് അനുഭവിച്ചുതന്നെ അറിയാം. അതിൽപെട്ട് ശ്വാസം കിട്ടാതെ പിടഞ്ഞതാണ് ഞാനും. ആ അതിരിൽ തന്നെയാണ് ഞാനും ഉന്മാദത്തെ തൊട്ടതും ചാവാൻ നോക്കിയതും.

തലച്ചോറ് ഒരു പരിധിക്കപ്പുറം ചൂടായാൽ അതിൽനിന്ന് ആവി പാറുന്നത് കാണാനാവും. മുടിയിഴകളിലൂടെ അത് പുറത്തേക്ക് പോവുന്നത് കണ്ണാടി നമുക്ക് കാണിച്ചു തരും. ആ കാഴ്ചയുടെ ഒറ്റയൊരു തരി മതി സ്വബോധത്തിന്റെ വരമ്പിൽ നിന്ന് അബോധത്തിന്റെ ചെളിയിലേക്ക് വീഴാൻ. അങ്ങനെ വീണുപോയതാണ് വേണുവേട്ടൻ.

ആ കാഴ്ചയുടെ ഒറ്റയൊരു തരി മതി സ്വബോധത്തിന്റെ വരമ്പിൽ നിന്ന് അബോധത്തിന്റെ ചെളിയിലേക്ക് വീഴാൻ

ഒന്നുങ്കിൽ ഭൗതികവാദിയുടെ ഉറച്ച മണ്ണ് വേണം. ഇല്ലെങ്കിൽ ആത്മീയവാദിയുടെ ആകാശം വേണം. ഇത് രണ്ടിലുമെത്താത്ത നടുനില അപകടകരമായ ഒരു അവസ്ഥയാണ്. ആ അവസ്ഥയിൽ നിങ്ങൾക്കൊരു ഇണ കൂടിയില്ലെങ്കിൽ കാര്യങ്ങളും കളിയും കൈവിട്ടു പോവും. ശമനവഴികളില്ലാത്ത ലൈംഗിക ഊർജ്ജം നിങ്ങളെ ആ അവസ്ഥയിൽ നിന്ന് ഉന്മാദത്തിലേക്ക് എടുത്തെറിയും. അപ്പഴും ഒരു ഇണയെന്ന പരീക്ഷണം വാൾത്തലപ്പിലൂടെയുള്ള നടത്തമാണ്. ഒന്നുങ്കിൽ നിങ്ങൾ ഇണയ്ക്കുവേണ്ടി ജീവിച്ച് സന്തതികളെയുണ്ടാക്കി അവർക്കുവേണ്ടി മരിക്കും.
ഇല്ലെങ്കിൽ...? അതൊരു വല്ലാത്ത ചോദ്യമാണ്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് എനിക്കിപ്പോൾ ജീവിതം.

കടും ചുവപ്പിന്റെ സ്വപ്നങ്ങൾ ബാലറ്റ് പെട്ടി തിരയുന്നതുകണ്ട് നിൽക്കേണ്ടി വന്ന ജീവിത സന്ധിയിലാണ് വേണുവേട്ടന്റെ ഭൗതികവാദം അലിയാൻ തുടങ്ങിയത്. അതിന് ആത്മീയതയുടെ ആകാശത്തെ തൊടാൻ കഴിഞ്ഞില്ല, വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് നടക്കാൻ കഴിഞ്ഞില്ല.

വേണുവേട്ടൻ നിർത്താതെ നാമം ചൊല്ലും. കുരിശു വരച്ച് പ്രാർത്ഥിക്കും. വുളു എടുത്ത് നിസ്‌കരിക്കും. വേണമെങ്കിൽ നമുക്ക് ഇതിനെ മതേതര ഉന്മാദം എന്നുവിളിക്കാം. ഏത് ദൈവമാണ് ഉൺമ, ഏത് ദൈവമാണ് ശരി എന്നറിയാതെയുള്ള ഒരു അന്തംവിടലുണ്ട്. ബഹുദൈവങ്ങളെ സ്വീകരിക്കണോ ഏക ദൈവത്തെ സ്വീകരിക്കണോ എന്നറിയാത്ത ആ അവസ്ഥയിൽ എല്ലാ ദൈവങ്ങളെയും എല്ലാ മതങ്ങളെയും മനുഷ്യർ സ്വീകരിച്ചുപോവും. കടും ചുവപ്പിന്റെ സ്വപ്നങ്ങൾ ബാലറ്റ് പെട്ടി തിരയുന്നതുകണ്ട് നിൽക്കേണ്ടി വന്ന ജീവിത സന്ധിയിലാണ് വേണുവേട്ടന്റെ ഭൗതികവാദം അലിയാൻ തുടങ്ങിയത്. അതിന് ആത്മീയതയുടെ ആകാശത്തെ തൊടാൻ കഴിഞ്ഞില്ല, വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് നടക്കാൻ കഴിഞ്ഞില്ല.

ഏത് ദൈവമാണ് ഉൺമ, ഏത് ദൈവമാണ് ശരി എന്നറിയാതെയുള്ള ഒരു അന്തംവിടലുണ്ട്

ആകാശത്തിനും ഭൂമിക്കുമിടയിൽ ഞെട്ടറ്റ് തികച്ചും ശൂന്യമായി മൂപ്പർ നിന്ന ദിവസങ്ങളെ, മാസങ്ങളെ, ഒരു പക്ഷേ വർഷങ്ങളെ എനിക്ക് മനസ്സിലാവും. ഞാനും നിന്നതാണ് അങ്ങനെ. ആ നിൽപ്പ് സഹിക്കവയ്യാതെയാണ് അറുപത് ഉറക്കഗുളികകൾ കൊണ്ട് പുകയുന്ന തലച്ചോറിനെ തണുപ്പിക്കാൻ നോക്കിയത്.
വേണുവേട്ടൻ ചില നേരങ്ങളിൽ സലാം ചൊല്ലും. ചില നേരങ്ങളിൽ ഈശോ മറിയം ചൊല്ലും.

ഞാൻ കിടന്ന കോഴിക്കോട് വിജയ ഹോസ്പിറ്റലിൽ മൂപ്പരും കിടന്നിട്ടുണ്ട്. അന്നത് എനിക്കറിയില്ല, ഞാൻ കിടക്കാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളല്ലോ. കുതിരവട്ടത്തും കിടന്നിട്ടുണ്ട്. ഇപ്പഴാണെങ്കിൽ എനിക്കാ മനുഷ്യനെ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിയുമായിരുന്നു. കാലിലെ ചങ്ങലയഴിച്ച് ആ വീട്ടു മുറ്റത്തെങ്കിലും നടത്തിക്കാമായിരുന്നു. മുമ്പിൽ ഒരു ഭൂമിയുണ്ടെന്നും അതിൽ ജീവിതമുണ്ടെന്നും സ്വർഗനരകങ്ങളുണ്ടെന്നും പറയാമായിരുന്നു. ചുട്ടുപൊള്ളുന്ന തലച്ചോറിന് ഇത്തിരി കവിത നൽകാമായിരുന്നു.

പക്ഷേ അന്ന് ഞാൻ ഭയത്തോടെ മൂപ്പരെ നോക്കി. മൂപ്പർ സലാം ചെല്ലുമ്പോൾ ഞാൻ പകരം, എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന് മറുപടി പറയും. അന്നേരം വേണുവേട്ടൻ തികഞ്ഞ ബോധത്തോടെ എന്നെ തിരുത്തും, ‘അയ്യേ, വ അലൈക്കുമുസ്സലാം എന്നല്ലേ പറയേണ്ടത് സഖാവേ? '

കടും ചുവപ്പിന്റെ രാഷ്ട്രീയം പറയുന്ന പുസ്തകങ്ങൾ ആ വീട്ടിൽ കിടന്നു ചിതലെടുത്തു

കടും ചുവപ്പിന്റെ രാഷ്ട്രീയം പറയുന്ന പുസ്തകങ്ങൾ ആ വീട്ടിൽ കിടന്നു ചിതലെടുത്തു. കാലിൽ ചങ്ങല വീഴുന്നതുവരെ വേണുവേട്ടൻ വായിച്ചിരുന്നു. ഞാനാ നാടുവിട്ടുപോന്ന് കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ മൂപ്പർ എല്ലാ രാഷ്ട്രീയത്തിനും ഉന്മാദങ്ങൾക്കും വിടചൊല്ലി മരിച്ചു. മരണം അയാൾക്ക് കാൽച്ചങ്ങലകളിൽ നിന്ന് മോചനം നൽകി. അന്യന്റെ ശബ്ദം സംഗീതമാവുന്ന നല്ല കാലത്തിന്റെ കവിതകൾ വായിക്കുമ്പോഴൊക്കെ ഞാനാ ചങ്ങലക്കിലുക്കം കേൾക്കും. താടിമുടിയിൽ പറ്റിപ്പിടിച്ച ചോറിന്റെ വറ്റുകളെ ഓർക്കും. കൈ രണ്ടും തലയിൽ കെട്ടി എന്നോട് ഉറക്കെ സലാം ചൊല്ലുന്ന ആ മനുഷ്യൻ ഇപ്പോഴും എന്റെ ഉന്മാദത്തിന്റെ വാതിൽപ്പടിയിൽ വന്ന് നിൽക്കാറുണ്ട്.

ഇവിടുന്ന് ഒരു ചുവട് മതി എനിക്കാ കാൽച്ചങ്ങലകളിലേക്ക്. അദൃശ്യമായ അതിന്റെ കിലുക്കം കേൾക്കാതിരിക്കാൻ ഞാനെന്റെ ഇണയെ ഇറുകെപ്പുണർന്നു കിടക്കുകയാണ്. ഞങ്ങളുടെ ഇല്ലായ്മകൾ തീർന്നിട്ട് വേണമല്ലോ എനിക്കാ ചുവട് വെക്കാൻ... ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments