അരയിലാളിയ
​അഗ്​നി

വാഴപ്പോളയുടെ മണമുള്ള ചുണ്ടുകൾ തന്റെ പൊടിമീശയിൽ ഉരയുന്നതിന്റെ വഴുവഴുപ്പിൽ അവൻ രോമാഞ്ചമറിഞ്ഞു. പൊതീന ഇലയുടെ മണമുള്ള നാവ് ഉപ്പില്ലാത്ത രുചിയോടെ തന്റെ വായിലേക്ക് കടക്കുന്നതും വറ്റിവരണ്ട നാവിൽ തൊടുന്നതും അവൻ വിറയലോടെ, പേടിയോടെ സ്വീകരിച്ചു.

തോട്ടക്കാട്ടിലെ മഴക്കാലങ്ങൾക്ക് പട്ടിണിയുടെ നനവാണ്.

അമ്മാവൻ പണിയെടുക്കുന്ന തോട്ടത്തിൽ മാത്രമേ റബ്ബർ മരങ്ങൾക്ക് പ്ലാസ്റ്റിക് ഇട്ടിരുന്നുള്ളൂ. മൂത്ത മകനും ഞാനും പണിയെടുക്കുന്ന തോട്ടങ്ങളിൽ മഴക്കാലത്ത് വളരെ കുറച്ചു ദിവസങ്ങളിലെ പണിയുണ്ടാകൂ. മഴക്കാലം അമ്മായിക്ക് ബേജാറിന്റെയും വെപ്രാളത്തിന്റെയും കാലമാണ്. ഒരു മത്തി നാലായി മുറിക്കാൻ അമ്മായി കത്തിക്ക് മൂർച്ച കൂട്ടുന്ന കാലം. അക്കാലത്താണ് അടുക്കളയിലെ അട്ടത്തിൽ കെട്ടിവെച്ച ഉണക്കക്കപ്പയുടെ ചാക്ക് നിലത്തേക്കിറങ്ങിവരുന്നത്. വേനലിൽ വെട്ടിയുണക്കി സൂക്ഷിച്ചുവെക്കുന്ന ഉണക്കക്കപ്പയാണ് തോട്ടക്കാട്ടിലെ അറുപതോളം കുടുംബങ്ങളുടെ വിശപ്പാറ്റുന്നത്.

വേനലിൽ വെട്ടിയുണക്കി സൂക്ഷിച്ചുവെക്കുന്ന ഉണക്കക്കപ്പയാണ് തോട്ടക്കാട്ടിലെ അറുപതോളം കുടുംബങ്ങളുടെ വിശപ്പാറ്റുന്നത്

എല്ലാ വീട്ടിലും ഉണക്കക്കപ്പയുണ്ടാവും. തോടും നീർച്ചാലുകളും പുഴകളും നിറഞ്ഞുകവിയും. തോട്ടുമീനും പുഴ മീനും വലയിലും ചൂണ്ടയിലും കുരുങ്ങി അടുക്കളകളിലെത്തും. ഉണക്കക്കപ്പയും പുഴമീൻ കറിയും ഇല്ലാത്ത
മഴക്കാല വീടുകൾ അന്നവിടെയുണ്ടായിരുന്നില്ല. അമ്മായി അളന്നെടുത്ത് വേവിക്കുന്ന ആ ഉണക്കക്കപ്പയിൽ എനിക്കുള്ള ഓഹരി അളന്നിടുമ്പോൾ അവരുടെ കൈ വിറച്ചിരിക്കണം. റേഷൻകടയിൽ നിന്ന് അക്കാലത്ത് കിട്ടിയിരുന്നത് മലത്തേക്കാൾ നാറ്റമുള്ള അരിയാണ്. അത് പലവട്ടം ചൂടുവെള്ളത്തിലും പച്ചവെള്ളത്തിലും മാറിമാറി കഴുകിയാണ് ചോറുണ്ടാക്കുന്നത്.
എത്ര കഴുകിയാലും പോവാത്ത ആ ദുർഗന്ധം പക്ഷേ ആരെയും അലോസരപ്പെടുത്തിയില്ല. അതിലേക്ക് ഒഴിച്ചുകഴിക്കാൻ എന്തെങ്കിലും കറി കിട്ടുക എന്നതുതന്നെ വല്യ ഭാഗ്യമാണ്.

സിമൻറ്​ ജാലകത്തിന്റെ അഴികളിലൂടെ അവൻ ഇരുൾമഴകളിലേക്ക് നോക്കിനിൽക്കും. അപ്പോൾ കാറ്റുയർത്തിയ പാവാടകൾക്ക് കീഴിൽ വെളിപ്പെട്ട കാക്കാപ്പുള്ളികൾ അവനോട് ഉടൽരഹസ്യങ്ങൾ പറയും.

മഴക്കാലം വരും മുമ്പ് കാറ്റുകൾ വരും. കരിയിലകൾ അന്തരീക്ഷത്തിൽ ഇലപ്പട്ടങ്ങളായി പാറി നടക്കും. ആണും പെണ്ണും കുട്ടികളും മുതിർന്നവരും റബ്ബർ തോട്ടങ്ങളിലേക്ക് ഓടും. കാറ്റുകൾ ഉണങ്ങിയ കൊമ്പുകളെ അടർത്തിയിടും. ചിലപ്പോൾ ഉള്ളു പൊള്ളയായ മരങ്ങളെ കടപുഴക്കും. മരക്കൊമ്പുകൾ ഒടിയുന്ന ശബ്ദം ദൂരെ നിന്നേ കേൾക്കാം. ഓടുന്ന പെൺകുട്ടികളുടെ പാവാടകളുയരും, അടിവസ്ത്രങ്ങൾ വരെ കാണാവുന്ന വിധത്തിൽ കാറ്റ് ചുഴറ്റിയടിക്കും. വീഴാൻ പോവുന്ന കൊമ്പ് ആദ്യം ആരു കണ്ടുവോ അത് അവർക്കുള്ളതാണ്. ഓട്ടത്തിനിടയിൽ കണ്ണുകൾ നാലുദിക്കിലേക്കും പറക്കും. ഒടിയുന്ന മരക്കൊമ്പുകൾ താനാണ് ആദ്യം കണ്ടതെന്ന ആഹ്ലാദവാർത്ത ഉറക്കെ വിളിച്ചുപറഞ്ഞ് ഒരാൾ അതിനടുത്തേക്ക് പായും. മറ്റുള്ളവർ മരങ്ങളിലേക്കും കാറ്റുകളിലേക്കും നോക്കി ഓടും. ചെറിയ വാക്കേറ്റങ്ങളുണ്ടാവും. കാറ്റുകൾ
ഒടുങ്ങിയമരുമ്പോൾ എല്ലാവർക്കും വേണ്ടത്ര വിറക് കിട്ടിയിട്ടുണ്ടാവും.

ആ ഇരുട്ടിൽ എഴുന്നേറ്റിരുന്ന് ഒരു പതിനാറുകാരൻ മഴ പെയ്യുന്ന പെരുംചിലമ്പിനെ സ്വപ്നം കാണും / Photo: Unsplash

ഞങ്ങളത്​ തോളിലേറ്റി തിരികെ നടക്കും. ഇന്ന ആളുടെ അടിവസ്ത്രത്തിന് ഇന്ന നിറമാണെന്ന മഹാരഹസ്യം പരസ്പരം പങ്കിടും. മറുകും കാക്കപ്പുള്ളിയും വട്ടച്ചൊറിയുമൊക്കെ ആ പങ്കിടലിൽ സ്വപ്നസമാനമായ കാഴ്ചകളായി വിവരിക്കപ്പെടും. കാറ്റൊടുങ്ങി മഴ തുടങ്ങും മുമ്പ് ശേഖരിച്ച വിറകെല്ലാം വീടോളം വലിപ്പമുള്ള വിറകുപുരകളിൽ അടുക്കിവയ്ക്കും. പിന്നെ മഴ വരും. രാത്രികളിലാവും മഴക്കാലം തുടങ്ങുന്നത്. ഓലവീടിന്റെ മേൽക്കൂരയ്ക്കും ചുമരിനും ഇടയിലെ വിടവുകളിലൂടെ മഴ നനഞ്ഞ കാറ്റുകൾ ഉറക്കത്തെ വന്നു തൊടും.

ആ ഇരുട്ടിൽ എഴുന്നേറ്റിരുന്ന് ഒരു പതിനാറുകാരൻ മഴ പെയ്യുന്ന പെരുംചിലമ്പിനെ സ്വപ്നം കാണും. അവിടുത്തെ അതേ ഗന്ധങ്ങളുമായി തന്നെയാണ് ഇവിടെയും മഴക്കാലങ്ങൾ അവനെ തൊട്ടത്. സിമൻറ്​ ജാലകത്തിന്റെ അഴികളിലൂടെ അവൻ ഇരുൾമഴകളിലേക്ക് നോക്കിനിൽക്കും. അപ്പോൾ കാറ്റുയർത്തിയ പാവാടകൾക്ക് കീഴിൽ വെളിപ്പെട്ട കാക്കാപ്പുള്ളികൾ അവനോട് ഉടൽരഹസ്യങ്ങൾ പറയും. വിറകെടുത്തുകൊടുക്കുമ്പോൾ തമ്മിൽ കൂട്ടിമുട്ടിയ വിരലുകളിൽ അപ്പോൾ ദൂരങ്ങൾ താണ്ടിയെത്തിയ കാറ്റുകൾ കവിതകളെഴുതും. മലകളിലും കുന്നുകളിലും താഴ്വരകളിലും റബ്ബർ തോട്ടങ്ങളിലും വിദൂരതയിലെ കൊക്കോ തോട്ടങ്ങളിലും മഴ പെയ്യുന്നുണ്ടാവും.

മഴ ... മഴ... മഴ...
അവൻ ഉള്ളിൽ അതുതന്നെ ഉരുവിടും. ഓലവീടിന്റെ ഇറയത്തുനിന്ന് പുതുമഴ നീർച്ചാലായി താഴേക്ക് പതിക്കുന്ന ഒച്ച കേൾക്കാം. അവൻ വാതിൽ തുറന്ന് വരാന്തയിലെ ചാരുപടിയിൽ ചെന്നിരിക്കും. മുഴുലോകവും മഴത്തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ അവൻ മഴയിലേക്കിറങ്ങും. മുറ്റത്തെ തെങ്ങിനും ആഞ്ഞിലി മരത്തിനും ഇടയിലെ ഇടത്തിൽനിന്ന് അവൻ ആകാശത്തേക്ക് നോക്കും. ഉള്ളിൽ പതുങ്ങിക്കിടക്കുന്ന മണങ്ങളെയെല്ലാം വഹിച്ച്​ ആകാശത്തുനിന്ന് വെള്ള നൂലുകൾ ഇറങ്ങിവരും കണ്ണിലും നെറ്റിയിലും കവിളിലും വന്നുവീഴുന്ന ഭൂമിയുടെ ആ കണ്ണീ​രേറ്റുവാങ്ങി ഏറെനേരം അവനവിടെ നനഞ്ഞുകുതിർന്ന് നിൽക്കും.

തിന്നാൻ തരാമെന്ന ആ ആംഗ്യത്തിന് പിന്നാലെ അവനാ തോട് നീന്തിക്കടന്നു. ആകെ നനഞ്ഞു വിറച്ച അവന് അവർ തല തുവർത്തിക്കൊടുത്തു. ചേമ്പിലയിൽ വഴുതിനിന്ന ജലം പോലെ അവന്റെ പൊടിമീശയിലുരുണ്ടുനിന്ന മഴത്തുള്ളികളെ അവർ ചൂടുള്ള വിരലുകൾ കൊണ്ട് ഒപ്പിയെടുത്തു.

പിറ്റേന്ന് പണിക്കുപോവാനില്ലാത്തതിനാൽ അവൻ വൈകിയുണരും. ആ ഉണരലിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. പുതിയ യൂണിഫോമും പുതിയ പുസ്തകങ്ങളും വർണ്ണക്കുടകളുമായി മഴക്കാലമാണ് അവനെ കൂടുതൽ കളിയാക്കുന്നത്. അവന് എങ്ങോട്ടും പോവാനുണ്ടായിരുന്നില്ല, ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. ചുറ്റും പെയ്യുന്ന മഴയെ നോക്കി അവൻ ഭൂമിയിൽ തനിച്ച് നിൽക്കും. അരൂപിയായ അനേകം ദുഃഖങ്ങൾ അവനെ വന്നു കുളിപ്പിക്കും.

രാവിലത്തെ ചായ കുടി കഴിഞ്ഞാൽ ചൂണ്ടലുമായി അവൻ നീർച്ചാലുകൾ തേടിയിറങ്ങും. തെങ്ങിൻചുവട്ടിലെ മണ്ണിളക്കിയെടുത്ത മണ്ണിരകളെ ചേമ്പിലയിൽ പൊതിഞ്ഞ് അരയിൽ തിരുകും. പ്രത്യേകിച്ച് ആരോടുമല്ലാതെ യാത്ര പറഞ്ഞ് അവൻ മഴപ്പാതകളിലൂടെ നടക്കും. കരിമ്പച്ചകൾ താണ്ടി, താഴ്വരകൾ താണ്ടി അവന്റെ യാത്ര മടപ്പള്ളിപ്പുഴയുടെ കൈവരിയിലെത്തിനിൽക്കും. അവിടെ വെള്ളത്തിലേക്ക് വീണുകിടന്ന മരത്തടിയിൽ കയറിയിരുന്ന് ചൂണ്ടയിൽ ഇര കോർക്കുമ്പോൾ അവൻ തങ്കരാജിന്റെ തേളി മീനുകളെ ഓർക്കും, മുത്തയ്യൻ സാറിനെ ഓർക്കും, എവിടെയോ മഴ നനയുന്ന തന്റെ രക്തബന്ധങ്ങളെ ഓർക്കും.

മണിക്കൂറുകളോളം ജലത്തിലേക്ക് നോക്കി അവനിരിക്കും. അവനൊരു നല്ല മീൻ പിടുത്തക്കാരനായിരുന്നില്ല. അവൻ കൊരുത്തിട്ട മണ്ണിരകളെ തിന്നു തീർത്ത മീനുകൾ അവന്റെ ചൂണ്ടയും കാത്ത് ജലത്തിനടിയിൽ തുഴയും. കയ്യിലെ ഇര തീർന്ന് കഴിയുമ്പോൾ അവൻ തോടിനപ്പുറത്തെ കൊക്കോ തോട്ടങ്ങളിൽ കയറി ഇര മാന്തും. പിന്നെയും അതേ ഇരിപ്പ്. അതേ ഇര കോർക്കൽ. അതേ മഴ നനയൽ. ജീവിതം മഴ പെയ്യുന്ന ചെറിയ ഒരു വൃത്തമാണെന്ന് അവനു തോന്നും. മഴക്കാലത്ത് വിശപ്പ് കൂടും. ഉച്ചയ്ക്ക് വീട്ടിലെത്തിയാൽ ഉണക്കക്കപ്പ വേവിച്ചതും മുളക് ചമ്മന്തിയും കിട്ടും. തനിക്കുള്ള ഓഹരി അമ്മായി മാറ്റിവെച്ചിട്ടുണ്ടാവും എന്നുറപ്പുണ്ടെങ്കിലും അർഹിക്കാത്തതെന്തോ തിന്നുകയാണെന്ന അപകർഷതാബോധത്തിൽ പെട്ട് അവൻ വൈകുന്നേരംവരെ അതേ ഇരിപ്പ് ഇരിക്കും.

കൈകാലുകളും ഉടലും തണുത്തുവിറയ്ക്കും, പല്ലുകൾ കൂട്ടിയിടിക്കും. അളിയൻ തന്ന നാടൻ ബീഡി പ്ലാസ്റ്റിക് കൂടിൽ കരുതി വെച്ചിട്ടുണ്ടാവും. നാലഞ്ച് കൊള്ളികളുള്ള തീപ്പെട്ടിയും അതിലുണ്ടാവും. മഴക്കാറ്റുകൾ തീ കെടുത്തിക്കളയുന്ന ക്രൂര വിനോദത്തിൽ മുഴുകും, എങ്കിലും ഒടുക്കത്തെ കൊള്ളിയിൽ നിന്ന് അവൻ ബീഡി കത്തിച്ചെടുക്കും. എന്നിട്ടത് കെട്ടുപോവാതിരിക്കാൻ കൈയ്ക്കുള്ളിൽ ഒളിപ്പിച്ചു പിടിക്കും. ചുരുട്ടിപ്പിടിച്ച് മുഷ്ടി വായിലേക്കുവെച്ച് അതിലൂടെ ബീഡിപ്പുക വലിച്ചെടുക്കുന്ന അവനായിരുന്നു അപ്പോൾ ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള കുട്ടി. വിശപ്പിനെയും ദുഃഖങ്ങളെയും തണുപ്പിനെയും ആനന്ദങ്ങളാക്കി മാറ്റാൻ അവൻ പഠിച്ചുകഴിഞ്ഞിരുന്നു.

അവനവിടെയിരുന്ന ദിവസങ്ങളിലെല്ലാം അവനെത്തന്നെ ഉറ്റുനോക്കി കൊക്കോ തോട്ടങ്ങളുടെ മറവിനപ്പുറം ഒരു പെൺശരീരം നിന്നിരുന്നു. അവന് ഇവിടെ പേര് പറയാൻ ബുദ്ധിമുട്ടുള്ള അവർക്ക് 32 വയസ്സ് പ്രായമുണ്ടായിരുന്നു. അവർക്ക് ഒരു ചെറിയ കുട്ടിയുണ്ട്. കുട്ടി മുല കുടിക്കുന്ന പ്രായത്തിലായിരുന്നു. അവരുടെ ശരീരത്തെയും ആത്മാവിനെയും പാതിവഴിയിലുപേക്ഷിച്ച് കൂർക്കം വലിക്കുന്ന ഒരു ഭർത്താവും അവർക്കുണ്ടായിരുന്നു. രാഷ്ട്രീയശരികൾക്കും ബന്ധങ്ങളുടെ ശരികൾക്കും വാശിപിടിക്കാത്ത കാലവും ശരീരവുമായിരുന്നു അവരുടേത്.

അവരാണ് അവനെ ആദ്യം മാടി വിളിച്ചത്. തിന്നാൻ തരാമെന്ന ആ ആംഗ്യത്തിന് പിന്നാലെ അവനാ തോട് നീന്തിക്കടന്നു. ആകെ നനഞ്ഞു വിറച്ച അവന് അവർ തല തുവർത്തിക്കൊടുത്തു. ചേമ്പിലയിൽ വഴുതിനിന്ന ജലം പോലെ അവന്റെ പൊടിമീശയിലുരുണ്ടുനിന്ന മഴത്തുള്ളികളെ അവർ ചൂടുള്ള വിരലുകൾ കൊണ്ട് ഒപ്പിയെടുത്തു. ആ പൊടിമീശയുടെ അതിരിൽ എവിടെയോ അവരുടെ ശരീരത്തിന്റെ വിശപ്പ് ഒട്ടിപ്പിടിച്ചു. അവരവന് ചോറും വരട്ടിയ പോത്തിറച്ചിയും കൊടുത്തു. അവൻ കാണാൻ പാകത്തിൽ ബ്ലൗസിന്റെ ബട്ടണുകളഴിച്ച് കുഞ്ഞിന് മുല കൊടുത്തു.

ഇളം ചുണ്ടിൽ ഉറുഞ്ചിവലിയുന്ന കടും വയലറ്റ് നിറമുള്ള മുലക്കണ്ണുകളിൽ അവന്റെ നോട്ടം ഭയന്നുനിന്നു. വിനാഗിരി മണമുള്ള ഉടലുകളും കൊഴുപ്പുകളും അവന്റെ ഓർമ്മയുടെ മുഖത്ത് ഉരഞ്ഞ് നാറി. എന്തിൽ നിന്നൊക്കെയോയുള്ള മോചനത്തിനായി അവൻ തല കുടഞ്ഞു. മുല കുടിക്കുന്ന കുഞ്ഞിനും വരട്ടിയ പോത്തിറച്ചി കടിച്ചുചവയ്ക്കുന്ന അവനും ഇടയിൽ അദൃശ്യമായ ഒരു മടക്കുപാലം നിവർന്നു. അതിന്റെ കൈവരികൾക്കുതാഴെ കലങ്ങിയൊഴുകുന്ന കടും ചായയുടെ നിറമുള്ള ജലത്തിൽ ഉടുതുണിയില്ലാതെ മറിയാത്തയും മാനുട്ടനും നീന്തി.

വാഴപ്പോളയുടെ മണമുള്ള ചുണ്ടുകൾ തന്റെ പൊടിമീശയിൽ ഉരയുന്നതിന്റെ വഴുവഴുപ്പിൽ അവൻ രോമാഞ്ചമറിഞ്ഞു. പൊതീന ഇലയുടെ മണമുള്ള നാവ് ഉപ്പില്ലാത്ത രുചിയോടെ തന്റെ വായിലേക്ക് കടക്കുന്നതും വറ്റിവരണ്ട നാവിൽ തൊടുന്നതും അവൻ വിറയലോടെ, പേടിയോടെ സ്വീകരിച്ചു.

വയറ് നിറഞ്ഞപ്പോൾ എല്ലാ ദുർഗന്ധങ്ങളെയും അവൻ മറന്നു. തന്റെ അരയിൽ കത്തുന്ന തീയിനെയും അതിന്റെ ചൂടിനെയും അവനറിഞ്ഞു. അപകടത്തിനും ഭയത്തിനും ഇടയിൽ മറ്റൊരു മടക്കുപാലം നിവർന്നു.

കൈവരികളില്ലാത്ത ആ പാലത്തിലൂടെ ചൂടും തണുപ്പുമുള്ള കൈ നീണ്ടു വന്ന് അവന്റെ മുഖത്ത് തൊട്ടു. പുറത്ത് കൊക്കോ തോട്ടങ്ങളിലും നീർച്ചാലുകളിലും പച്ചപ്പുകളിലും റബ്ബർ തോട്ടങ്ങളിലും മഴ പെയ്തു. കളഞ്ഞുപോയത് എന്തോ തിരയുന്ന പോലെ വൃത്തിയുള്ള ആ വിരലുകൾ അവന്റെ കണ്ണിലും മൂക്കിലും കവിളിലും പരതി നടന്നു. ആ പരതലിന്റെ ചെറുചലനങ്ങളിൽ നിന്ന് പുരാതനമായ ഒരു ചൂട് അവന്റെ മുഖത്തേക്ക് പടർന്നു. തന്റെ നിശ്വാസത്തിന്റെ താളം തെറ്റുന്നതും, അത് തന്നിലുണ്ടാക്കുന്ന ആനന്ദത്തിന്റെ മടക്കുപാലങ്ങളെയും അവൻ സ്വപ്നത്തിലെന്നപോലെ സ്വീകരിച്ചു.

അവർ അവന്റെ കൈ കഴുകിക്കൊടുത്തു. വല്ലാതെ വീർപ്പുമുട്ടുന്ന രണ്ട് മുയൽ കുഞ്ഞുങ്ങൾ സ്‌നേഹസ്പർശവും അധരസ്പർശവും കാത്ത് കടും നീല ബ്ലൗസിനുള്ളിൽ വിയർത്തു. വിയർപ്പിന്റെ ഉപ്പുരുചികൾ തന്റെ മുഖത്തുരഞ്ഞപ്പോൾ അവന് ശ്വാസം മുട്ടി. തെളിവെള്ളത്തിലേക്ക് തുഴ വീണ് അടിത്തട്ട് കലങ്ങി. നനഞ്ഞ യോനികൾ തന്റെ മുഖത്തമരുന്ന വല്ലാത്ത നാറ്റത്തിന്റെ ശ്വാസം മുട്ടലിൽ അവൻ ശരീരം കുടഞ്ഞു, അവന്റെ ശരീരം വിറച്ചു.

അകത്ത് തൊട്ടിലിൽ കിടന്ന് കുഞ്ഞ് കരഞ്ഞു. പുറത്ത് മഴയുടെ താളത്തിന് വേഗം കൂടി. കാറ്റിന് വേഗം കൂടി. കാറ്റുയർത്തിയ പാവാടക്കുകീഴിൽ കറുത്ത മറുകുകൾ അടർന്നുവീണു. വാഴപ്പോളയുടെ മണമുള്ള ചുണ്ടുകൾ തന്റെ പൊടിമീശയിൽ ഉരയുന്നതിന്റെ വഴുവഴുപ്പിൽ അവൻ രോമാഞ്ചമറിഞ്ഞു. പൊതീന ഇലയുടെ മണമുള്ള നാവ് ഉപ്പില്ലാത്ത രുചിയോടെ തന്റെ വായിലേക്ക് കടക്കുന്നതും വറ്റിവരണ്ട നാവിൽ തൊടുന്നതും അവൻ വിറയലോടെ, പേടിയോടെ സ്വീകരിച്ചു. ഉപ്പുവറ്റിയ തിരമാലകളുടെ കടൽ തനിക്കുചുറ്റും ഇരമ്പിയാർക്കുന്നതും വസ്ത്ര വാതിലുകൾ തുറക്കുന്നതും പായപ്പുടവകൾക്ക് തീ പിടിക്കുന്നതും കരിയിലകൾ കത്തുന്നതും അവനറിഞ്ഞു.

Photo: Unsplash

അരക്കെട്ടിലുണരുന്ന ജീവനിലേക്ക്, അതിന്റെ തണുപ്പിലേക്ക് ചൂടുള്ള വിരലുകൾ അരിച്ചെത്തി.അത് ചുഴറ്റപ്പെട്ടു. തലോടപ്പെട്ടു. അതിന്റെ തുമ്പത്ത് വഴുവഴുത്തു നിന്ന ജീവന്റെ ഉന്മാദത്തിൽ വിരലുകൾ ഒട്ടി. ഒട്ടലിന്റെയും വേർപെടലിന്റെയും സുഖവേദനയിൽ, അവനാ ഇരുട്ടിനെ തിരിച്ചറിഞ്ഞു. തന്നെ വിഴുങ്ങാൻ പോവുന്ന ചതുപ്പിനെ തിരിച്ചറിഞ്ഞു.

മുതുകിലൂടെ ഇഴയുന്ന കൈകളെ തട്ടിമാറ്റി, കഴുകി വെടിപ്പാക്കേണ്ടി വന്ന രഹസ്യ ഇടങ്ങളുടെ, ആർത്തവത്തുണികളുടെ ഓർമയിൽ, കാഴ്ചയിൽ,
ഓക്കാനമുണ്ടാക്കുന്ന രുചിയിൽ തികച്ചും നഗ്‌നമായ ആ ശരീരത്തെ തള്ളി മാറ്റി അവൻ പുറത്തേക്കോടി.

പുറത്ത് പെരുമഴകൾ ഒടുങ്ങിയമർന്നു.

പാതകളിൽ ചെളിവെള്ളം കെട്ടിക്കിടന്നു. പിന്നെയും തനിക്കാ പാതകളിലൂടെ ഹൃദയം കയ്യിൽ പിടിച്ച് തിരികെ വരേണ്ടിവരുമെന്ന് അവന് അപ്പോൾ അറിയുമായിരുന്നില്ല. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments