അന്നത്തിന്റെ
അടയാളങ്ങളുള്ള
​ചോര

യന്ത്രങ്ങൾ നിലച്ചു. മുകളിൽ ആകാശവും താഴെ ഇരുമ്പിൻ കാടും ചുട്ടുപഴുത്തു കിടന്നു. ചൂടുള്ള ഇരുമ്പുസീറ്റിൽ വീണ ചോര പതച്ചു. ജീവന്റെ ഒടുക്കത്തെ മിടിപ്പുമായി അവനെ കമ്പനിവണ്ടിയിലേക്ക് കയറ്റുന്നത് അനേകം തലകൾക്കിടയിലൂടെ ഞാൻ കണ്ടു നിന്നു.

കുണ്ടുതോട്ടിലെ ചുമട്ടുതൊഴിലാളിയായിരുന്നു ദാമു.

എന്നെക്കാൾ നാലഞ്ച് വയസ്സ് മാത്രം മൂപ്പുള്ള, എന്റെയത്ര പോലും തടി വണ്ണമില്ലാത്ത അവനെങ്ങനെയാണ് ഇത്രയും ഭാരിച്ച കരിങ്കല്ലുകൾ ചുമന്ന് ലോറിയിൽ കൊണ്ടിടുന്നതെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടു. ഇരുണ്ട നിറമായിരുന്നു അവന്. കണ്ണിന് ചെറിയ അക്ഷരത്തെറ്റുണ്ട്. ആരെയാണ് നോക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലാവില്ല. രാവിലത്തെ രണ്ട് ട്രിപ്പ് ലോഡിങ് കഴിഞ്ഞ് അവൻ കോളേജിലേക്ക് പോവും. വൈകീട്ട് മൂന്ന് ലോഡ് കരിങ്കല്ല് കൂടി ചുമന്നാൽ ഏതാണ്ട് 300 രൂപ അവനുകിട്ടും.

അവന്റെ അതേ നടപ്പും അതേ നിറവും കണ്ണിന്റെ അക്ഷരത്തെറ്റുമായി മറ്റൊരു ദാമുവിനെ ഞാൻ കാലങ്ങൾക്കുശേഷം കണ്ടുമുട്ടി, റാസ് അൽ ഖൈമയിലെ സിമൻറ്​ പ്ലാന്റിൽ. ഞങ്ങളുടെ ഗ്രൂപ്പ് അവിടെ എത്തുംമുമ്പുതന്നെ അവന്റെ ഗ്രൂപ്പ് എത്തിയിരുന്നു. അവൻ വെൽഡറും കട്ടറും ഫിറ്ററും ഒക്കെയായിരുന്നു. കുണ്ടു തോട്ടിലെ ദാമുവിന്റെ അതേ പ്രായം, അതേ പ്രസരിപ്പ്.

എന്റെയത്ര പോലും തടി വണ്ണമില്ലാത്ത അവനെങ്ങനെയാണ് ഇത്രയും ഭാരിച്ച കരിങ്കല്ലുകൾ ചുമന്ന് ലോറിയിൽ കൊണ്ടിടുന്നതെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടു

വെൽഡിങ് കേബിൾ അരയിൽ ചുറ്റിയിട്ട് കൂറ്റൻ ഇരുമ്പുബീമുകളിലേക്ക് അവൻ കുരങ്ങനെ പോലെ ചാടിക്കയറി. രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഡ്യൂട്ടി സമയം. ഉച്ചക്ക് രണ്ടു മണിക്കൂർ റെസ്റ്റ് ഉണ്ടാവും. ലഞ്ച് സമയത്തെ ആ രണ്ടു മണിക്കൂർ റെസ്റ്റിൽ ഒന്നര മണിക്കൂറും, ആറുമണി കഴിഞ്ഞുള്ള അഞ്ചുമണിക്കൂറിലും അവൻ ഓവർടൈം എടുത്തു. സൈറ്റ് സൂപ്പർവൈസർമാർക്കും മാനേജർക്കും അവനെ ഭയങ്കര ഇഷ്ടമായിരുന്നു. അതവന്റെ ഭംഗി കണ്ടിട്ടല്ല ,വിശ്രമമില്ലാതെ മാടിനെപ്പോലെ പണിയെടുക്കുന്നത് കണ്ടിട്ടാണ്.

ഓരോ സൂപ്പർവൈസറും അവനെ തന്റെ സൈറ്റിലേക്ക് കിട്ടാനായി തലേന്നുതന്നെ ബുക്ക് ചെയ്തു വെക്കും. മുകളിൽ ആകാശത്തും ചുറ്റുമുള്ള മരുഭൂമികളിലും ഞങ്ങൾ പണിയെടുക്കുന്ന ഇരുമ്പിൻ കാട്ടിലും ചൂടായിരുന്നു. സൈറ്റിൽ എവിടെ നോക്കിയാലും ഇരുമ്പാണ്. ഇരുമ്പിന്റെ കൂറ്റൻ ബീമുകൾ, ആർച്ചുകൾ പിരമിഡുകൾ. ഗ്ലൗസിടാതെ അതിൽ തൊട്ടാൽ വിരലുകൾ പൊള്ളും. ചുട്ടുപഴുത്തു കിടന്ന ആ ഇരുമ്പിൻ കാട്ടിൽ മനുഷ്യർ വിയർത്തുകുളിച്ച് ജോലി ചെയ്തു. ഖലാസിപ്പാട്ടുകളും ആർപ്പുവിളികളും യന്ത്രമുരൾച്ചകളും മനുഷ്യദുഃഖങ്ങളും ആ അന്തരീക്ഷത്തിൽ വിയർത്തുകുളിച്ചു.

ചുട്ടുപഴുത്തു കിടന്ന ആ ഇരുമ്പിൻ കാട്ടിൽ മനുഷ്യർ വിയർത്തുകുളിച്ച് ജോലി ചെയ്തു

ചൂടിന്റെ ആ തിരമാലകളിലൂടെ കാലിൽ ഹവായ് ചെരുപ്പ് മാത്രമിട്ട് ദാമു എന്ന ദാമോദർ നടന്നു. സേലത്തിനടുത്താണ് അവന്റെ വീട്. വീട്ടിൽ അവന്റെ പണം വരുന്നതും കാത്ത് നാല് തങ്കച്ചിമാരും അപ്പനും അമ്മയും ജീവിച്ചു. അവന്റെയും എന്റെയും കീശകളിൽ കിടന്ന് ദൂരങ്ങൾ താണ്ടിയെത്തിയ കത്തുകൾ വിയർത്തു. ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റുകളിൽ വിയർപ്പ് തട്ടി മഷി പടർന്നു. പലതവണ വായിക്കുന്ന വീട്ടുവിശേഷങ്ങൾ ജീവിതം പോലെ ഞങ്ങൾക്ക് കാണാപ്പാഠമായി.

അനന്തമായ ആ ഇരുമ്പിൻ കാട്ടിൽ മൂവായിരത്തോളം മനുഷ്യർ ജോലി ചെയ്തു. ഹാസ്ബറ്റോസിന്റെ മേൽക്കൂരയുള്ള ക്യാമ്പുകളിൽ അന്തിയുറങ്ങി. ഒരു ഹാളിൽ 18 ഇരുമ്പുകട്ടിലുകൾ, അതിൽ 18 ദുഃഖങ്ങൾ. ശമ്പള ദിവസമായാൽ കുഴൽപ്പണത്തിന്റെ ഏജൻറ്​ ആ ഇരുമ്പിൻ കാട്ടിലേക്കുവരും. മുറുക്കിപ്പിടിച്ച് ചെലവാക്കാൻ കുറച്ചു ദിർഹം മാത്രം കീശയിലിട്ട് ബാക്കി പണം ഞങ്ങൾ അയാൾക്ക് കൈമാറി. അത് ഇന്ത്യൻ രൂപയായി പരിണമിച്ച് അനേകം വീടുകളിൽ ആഹ്ലാദത്തിന്റെ പൂത്തിരികൾ കത്തിച്ചു.

ചൂടിന്റെ ആ തിരമാലകളിലൂടെ കാലിൽ ഹവായ് ചെരുപ്പ് മാത്രമിട്ട് ദാമു എന്ന ദാമോദർ നടന്നു

വീടുണ്ടാക്കാനും സഹോദരിമാരെ കെട്ടിക്കാനുമല്ലാതെ മറ്റു ആവശ്യങ്ങളൊന്നും ആർക്കുമുണ്ടായിരുന്നില്ല. ലഞ്ച് ടൈം കഴിഞ്ഞ് ജോലിക്കിറങ്ങുമ്പോൾ ചൂട് അതിന്റെ എല്ലാ കൈകളും നീട്ടി ഞങ്ങളെ മാന്തി. നരകം തോൽക്കുന്ന ആ ചൂടിൽ പലരുടെയും തല ചുട്ട്, തലച്ചോറ് പഴുത്ത് മൂക്കിലൂടെ ചോരയൊലിക്കും. വെറും ചോരയല്ല, പതയ്ക്കുന്ന ചോര. ചുവന്ന നിറമുള്ള ചായം തുടച്ചു കളയുന്ന ലാഘവത്തോടെ ഞങ്ങളത് തുടച്ചു കളഞ്ഞു.

ലേബർ ക്യാമ്പിന്റെ മതിലിനപ്പുറത്ത് മരുഭൂമികളാണ്. അനന്തമായ ആ മണൽക്കാട്ടിലെ ചെറിയ മൊട്ടക്കുന്നുകളിൽ കയറിയിരുന്ന് വെള്ളിയാഴ്ചകളിൽ പണിക്കാർ മദ്യം സേവിച്ചു. നഷ്ടപ്പെട്ടതും നേടിയതുമായ പ്രണയത്തിന്റെയും കാമത്തിന്റെയും കഥകൾ കൈമാറി.

ചിലരൊക്കെ ആ ഉച്ചചൂടിൽ തല മിന്നി വീഴും. തിരിഞ്ഞു നോക്കാനോ സഹായത്തിന് ചെല്ലാനോ പാടില്ല. ഒപ്പം ജോലിയെടുക്കുന്ന ആൾ അങ്ങനെ ചോര പതച്ച് തല മിന്നി വീണപ്പോൾ അയാളെ താങ്ങിപ്പിടിച്ചതിനും വെള്ളം കൊടുത്തതിനും എന്റെ രണ്ടു ദിവസത്തെ കൂലിയാണ് മാനേജർ കട്ട് ചെയ്തത്. അബുദാബിയിലെ ഏതോ ശൈഖിന്റേതായിരുന്നു ആ പ്ലാൻറ്​. ഭരിക്കുന്നവരുമായി അയാൾക്ക് നല്ല ബന്ധമുണ്ടായിരിക്കണം. അവിടെ ജോലിയെടുത്ത 3000 തൊഴിലാളികളിൽ മുക്കാൽ പങ്കും വിസിറ്റിംഗ് വിസയിൽ വന്നവരാണ്. വിസിറ്റിംഗ് വിസയിൽ വന്ന് ജോലി എടുക്കുന്നതും ജോലി എടുപ്പിക്കുന്നതും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പക്ഷേ എല്ലാ രാജ്യങ്ങളിലുമെന്ന പോലെ അവിടെയും ഉള്ളവർ നിയമത്തിന്റെ വേലികളെ നിസ്സാരമായി ചാടിക്കടന്നു. ആറുപേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനത്തിൽ ആഴ്ചയിലൊരിക്കൽ ആറുപേർ വീതം ഇറാനിലെ കിസ്‌കിലേക്ക് പറന്ന് അവിടുത്തെ എയർപോർട്ടിൽ നിന്ന് പുറത്തു കടക്കാതെ വിസ പുതുക്കി വന്നു. മൂന്നു മാസം കൂടുമ്പോൾ പിന്നെയും പറന്നു.
ദാമുവിന്റെ ഗ്രൂപ്പ് അങ്ങനെ മൂന്ന് തവണ പറന്ന് വിസ പുതുക്കി വന്നതാണ്.

ചെറിയ വിമാനത്തിൽ ആഴ്ചയിലൊരിക്കൽ ആറുപേർ വീതം ഇറാനിലെ കിസ്‌കിലേക്ക് പറന്ന് അവിടുത്തെ എയർപോർട്ടിൽ നിന്ന് പുറത്തു കടക്കാതെ വിസ പുതുക്കി വന്നു

ഞങ്ങളുടെ ലേബർ കോൺട്രാക്ടർ ചാലിയത്തുള്ള ബാവാ ഹാജിയായിരുന്നു. മൂപ്പരുടെ കീഴിലുള്ള പണിക്കാരൊക്കെ അടുത്തടുത്തുള്ള ക്യാമ്പുകളിലാണ് താമസിച്ചത്. പത്താൾക്ക് ഒരു കക്കൂസും മെസ്സിൽനിന്ന് മൂന്നുനേരം ഭക്ഷണവും, കുളിക്കാൻ ഉപ്പു രുചിയുള്ള കടൽ വെള്ളവും കിട്ടിയിരുന്നു. മാസശമ്പളം എട്ടായിരം ഇന്ത്യൻ രൂപയാണ്. പക്ഷേ ഓവർടൈം ചെയ്ത് പലരും അതിന്റെ ഇരട്ടി സമ്പാദിച്ചു. വെള്ളിയാഴ്ച അവധിയാണെങ്കിലും അന്ന് പണിയെടുത്താൽ അതിന് മൂന്നു ദിവസത്തെ കൂലി കിട്ടും.

ഞാൻ കിടന്ന ക്യാമ്പിന്റെ തൊട്ടടുത്ത ക്യാമ്പിലാണ് ദാമു കിടന്നത്. അവനും ബാവ ഹാജിയുടെ ലേബറാണ്. അവന്റെ തമിഴ് എന്റെയും തമിഴായിരുന്നല്ലോ. പക്ഷേ അവന് സംസാരിക്കാൻ ഒട്ടും നേരമുണ്ടായിരുന്നില്ല. കടൽ വെള്ളത്തിൽ കുളിച്ചിട്ടാവണം, അവന്റെ മുടി പാതിയും കൊഴിഞ്ഞുപോയിരുന്നു. ലേബർ ക്യാമ്പിന്റെ മതിലിനപ്പുറത്ത് മരുഭൂമികളാണ്. അനന്തമായ ആ മണൽക്കാട്ടിലെ ചെറിയ മൊട്ടക്കുന്നുകളിൽ കയറിയിരുന്ന് വെള്ളിയാഴ്ചകളിൽ പണിക്കാർ മദ്യം സേവിച്ചു. നഷ്ടപ്പെട്ടതും നേടിയതുമായ പ്രണയത്തിന്റെയും കാമത്തിന്റെയും കഥകൾ കൈമാറി. ഓവർ ടൈമിന്റെ കണക്കുകൂട്ടി തമ്മിൽത്തമ്മിൽ പൊങ്ങച്ചം പറഞ്ഞു.

പത്താൾക്ക് ഒരു കക്കൂസും മെസ്സിൽനിന്ന് മൂന്നുനേരം ഭക്ഷണവും, കുളിക്കാൻ ഉപ്പു രുചിയുള്ള കടൽ വെള്ളവും കിട്ടിയിരുന്നു

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സൈറ്റിൽ നിന്ന് മെസ്സിലേക്ക് കൂട്ടയോട്ടം ഉണ്ടാവും. മറുപുറത്തുനിന്ന് പൊടി പറത്തി ഒട്ടകങ്ങളും മെസ്സിലേക്ക് ഓടി വരുന്നുണ്ടാവും. രണ്ട് ഓട്ടങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ഇടത്ത് ദുർബലരായവർ മണ്ണിലേക്ക് വീണു. വീണവരുടെ ദേഹത്ത് ചവിട്ടി സ്വന്തം പാത്രങ്ങളെടുത്ത് ഭക്ഷണം വാങ്ങാൻ മറ്റുള്ളവർ ഓടി. ആ ഓട്ടത്തിന്റെ ഇങ്ങേപ്പുറത്ത് നിസ്സംഗനായി ഞാൻ നിന്നു.

വിശപ്പിന്റെയും ചൂടിന്റെയും തിരമാലകളിൽ ചവിട്ടിനിന്ന് ഞാൻ മനുഷ്യനെന്ന അത്ഭുതത്തെ ഓർത്ത്, അവന്റെ തീരാത്ത ഓട്ടപ്പാച്ചിലുകളെ ഓർത്ത് വേദനിച്ചു. പൊടിയടങ്ങി ഒട്ടകങ്ങൾ എച്ചിൽ വിഭവങ്ങളിലേക്ക് തലതാഴ്ത്തി അവസാന എച്ചിലും തിന്നുതീർത്ത്​ മടങ്ങുമ്പോൾ ഞാൻ മെസ്സിലേക്ക് ചെന്നു. അവിടെ കാര്യമായൊന്നും അപ്പോൾ ബാക്കിയുണ്ടാവില്ല. കിട്ടിയത് ശാപ്പിട്ട് ലേബർ ക്യാമ്പിന്റെ അപ്പുറത്തെ മരുഭൂമിയിലൂടെ ഞാൻ നടക്കും. എനിക്ക് ശമ്പളത്തിന്റെ പാതി പോലും ഓവർ ടൈം എടുത്ത് കിട്ടിയില്ല.

റെസ്റ്റ് ടൈം കഴിഞ്ഞ് ബാഗ് ഹൗസിലേക്ക് മടങ്ങിവന്ന തൊഴിലാളികൾ ആ കിടത്തം കണ്ട് ഉറക്കെ ഒച്ചയിട്ടു. യന്ത്രങ്ങൾ നിലച്ചു. മുകളിൽ ആകാശവും താഴെ ഇരുമ്പിൻ കാടും ചുട്ടുപഴുത്തു കിടന്നു. ജീവന്റെ ഒടുക്കത്തെ മിടിപ്പുമായി അവനെ കമ്പനിവണ്ടിയിലേക്ക് കയറ്റുന്നത് അനേകം തലകൾക്കിടയിലൂടെ ഞാൻ കണ്ടു നിന്നു.

പോവുമ്പോൾ കയ്യിൽ കരുതിയതും നാട്ടിൽനിന്ന് വരുത്തിച്ചതുമായ പുസ്തകങ്ങളിൽ ഞാൻ ആനന്ദവും സമ്പത്തും കണ്ടെത്തി. യശ്പാലും ബിമൽ മിത്രയും ആനന്ദും എന്നോട് സംസാരിച്ചു. അവരുടെ സംസാരത്തേക്കാൾ ജീവനുള്ള ജീവിതങ്ങൾ എനിക്ക് ചുറ്റും ഉരുകിയൊലിച്ചു. പുസ്തകമടച്ച് രണ്ടു മണിക്ക് ഞാൻ ഡ്യൂട്ടിക്കിറങ്ങുമ്പോൾ, ദാമു ഉയരങ്ങളിൽ കയറിനിന്ന് വെൽഡ് ചെയ്യുന്നുണ്ടാവും. അതിന്റെ പൂത്തിരി വെളിച്ചത്തിൽ നിന്ന് മുഖത്തെ ഹെൽമെറ്റ് മാറ്റി അവൻ എനിക്കുനേരെ കൈ വീശി കാണിക്കും. പകരം ചിരിക്കാൻ പോലുമാവാതെ അവനവിടെ നിന്ന് വീണുപോവുമോ എന്ന ഭയത്തിൽ കുരുങ്ങിക്കഴിയുന്നതും അങ്ങോട്ട് നോക്കാതെ ഞാൻ തലകുനിച്ച് നടക്കും.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സൈറ്റിൽ നിന്ന് മെസ്സിലേക്ക് കൂട്ടയോട്ടം ഉണ്ടാവും. മറുപുറത്തുനിന്ന് പൊടി പറത്തി ഒട്ടകങ്ങളും മെസ്സിലേക്ക് ഓടി വരുന്നുണ്ടാവും.

ആ മെല്ലിച്ച ശരീരത്തിന് കുണ്ടുതോട്ടിലെ ദാമുവിന്റെ അതേ ഊർജ്ജവും ശക്തിയും എങ്ങനെ കിട്ടിയെന്ന് ഞാൻ അത്ഭുതപ്പെടും. ആ അത്ഭുതത്തെയും മറ്റു പണിക്കാരുടെ അസൂയയെയും സൂപ്പർവൈസർമാരുടെ കപട സ്‌നേഹത്തെയും റദ്ദ് ചെയ്തുകൊണ്ട് ഉച്ചനേരത്തെ ഓവർടൈമിൽ, ബാഗ് ഹൗസിൽ അവൻ പണിയെടുക്കുമ്പോൾ തൊട്ടുമുകളിലെ നിലയിൽ പണിയെടുത്തിരുന്ന ഹിന്ദിക്കാരുടെ കൈപ്പിഴവുകൊണ്ട് പിടിവിട്ട റോപ്പ് പാഞ്ഞുവന്ന് അവന്റെ തലയിൽ അടിച്ചു. വെൽഡിങ് ഹോൽഡർ തെറിച്ചുപോയി. തല പൊട്ടി ചോരയൊലിച്ചു.

പെയിന്റിന്റെ വില പോലുമില്ലാത്ത ചോര ആ ഉയരങ്ങളിൽ പതച്ചുകിടക്കുന്നത് ഞാൻ കണ്ടു. മഞ്ഞച്ചായം പൂശിയ ബീമുകളിൽ അവന്റെ ചോര ചുവന്നുണങ്ങി. തലയ്ക്കുള്ളിൽ സ്വന്തം ചോര പതയ്ക്കുന്നത് ഞാനറിഞ്ഞു.

അന്നേരം ഞാൻ സൈലോണിന്റെ ഇത്തിരിത്തണലിരുന്ന് യശ്പാലിന്റെ നിറം പിടിപ്പിച്ച നുണകൾ വായിക്കുകയായിരുന്നു. തങ്ങളുടെ പിഴവാണെന്നുകണ്ട് ഭയന്ന ഹിന്ദിക്കാർ അവിടുന്ന് ഓടിരക്ഷപ്പെട്ടു. ചുട്ടുപഴുത്ത ഇരുമ്പ് ഷീറ്റിൽ ദാമു ചോരയൊലിപ്പിച്ച് കിടന്നു. സ്വന്തം കാർഡിലെ ഓവർ ടൈമിന്റെ സമയം കൂട്ടാൻ തിരക്കുപിടിച്ച് ജോലി ചെയ്യുന്നവർ അവനെ കണ്ടില്ല. യന്ത്രങ്ങളുടെ അലമുറയിൽ അവന്റെ നിലവിളി ആരും കേട്ടില്ല.

റെസ്റ്റ് ടൈം കഴിഞ്ഞ് ബാഗ് ഹൗസിലേക്ക് മടങ്ങിവന്ന തൊഴിലാളികൾ ആ കിടത്തം കണ്ട് ഉറക്കെ ഒച്ചയിട്ടു. യന്ത്രങ്ങൾ നിലച്ചു. മുകളിൽ ആകാശവും താഴെ ഇരുമ്പിൻ കാടും ചുട്ടുപഴുത്തു കിടന്നു. ചൂടുള്ള ഇരുമ്പുസീറ്റിൽ വീണ ചോര പതച്ചു. ജീവന്റെ ഒടുക്കത്തെ മിടിപ്പുമായി അവനെ കമ്പനിവണ്ടിയിലേക്ക് കയറ്റുന്നത് അനേകം തലകൾക്കിടയിലൂടെ ഞാൻ കണ്ടു നിന്നു.

മുകളിൽ ആകാശവും താഴെ ഇരുമ്പിൻ കാടും ചുട്ടുപഴുത്തു കിടന്നു. ചൂടുള്ള ഇരുമ്പുസീറ്റിൽ വീണ ചോര പതച്ചു.

പെയിന്റിന്റെ വില പോലുമില്ലാത്ത ചോര ആ ഉയരങ്ങളിൽ പതച്ചുകിടക്കുന്നത് ഞാൻ കണ്ടു. മഞ്ഞച്ചായം പൂശിയ ബീമുകളിൽ അവന്റെ ചോര ചുവന്നുണങ്ങി. തലയ്ക്കുള്ളിൽ സ്വന്തം ചോര പതയ്ക്കുന്നത് ഞാനറിഞ്ഞു. കൂടിയവരെല്ലാം പിരിഞ്ഞുപോയി. ആരും തുടച്ചു മാറ്റാതെ ആ ചോര അവിടെ തളം കെട്ടിക്കിടന്നു. അതിന്റെ മുകൾപ്പരപ്പിൽ ചുവന്ന കുമിളകൾ പൊട്ടിയമർന്നു. മുമ്പിലെ കാഴ്ചകളെല്ലാം ചോരയാൽ ചുവന്നു. ബാഗ് ഹൗസിന്റെ പടികൾ ഇറങ്ങുമ്പോൾ ഞാൻ ദാമുവിന്റെ ശബ്ദം കേട്ടു, ‘അപ്പാസ്, സൗക്യം താനേ?'
​സൗഖ്യം, സൗഖ്യം... എന്തിനെന്നില്ലാതെ ആ വാക്ക് ഒരു ഭ്രാന്തനെ പോലെ ഞാൻ വീണ്ടും വീണ്ടും ഉരുവിട്ടു.

ഏട്ടനെ പ്രാണനോളം സ്‌നേഹിക്കുന്ന നാല് പെൺകുട്ടികൾ. അവർ ഏട്ടന് തമിഴിൽ എഴുതിയ കത്തുകളിൽ ചിലത് ഞാനും വായിച്ചതാണ്. അവരുടെ ദേഹങ്ങളിൽ സ്വർണമണിയിക്കാൻ, അവർക്ക് നല്ല ഇണകളെ ലഭിക്കാൻ, ഇവിടെ, ഈ മണൽക്കാട്ടിൽ രക്തം വിയർപ്പാക്കിയവന്റെ ചോര എന്റെ അന്തരീക്ഷത്തിൽ കനത്തുനിന്നു.

താഴെ സൈലോണിനപ്പുറം പൊരിവെയിലിൽ ഞാൻ പെയിൻറ്​ ചെയ്യുന്ന ഗണ്ണ് അനാഥമായി കിടന്നു. സ്‌പ്രേ ചെയ്തുവെച്ച മഞ്ഞ പിരമിഡുകളിലൂടെ ചോരയൊലിച്ചു. ചോരക്കും മരുഭൂമികളുടെ ആ കടലിനും അപ്പുറം ഞാൻ പരുത്തിത്തോട്ടങ്ങൾ കണ്ടു .ചാണകം മെഴുകിയ വീട്ടുമുറ്റം കണ്ടു. മൺചുമരിനാൽ തീർത്ത വീടിനുള്ളിൽ നരച്ച ചേലയും ദാവണിയും ചുറ്റിയ നാല് പെൺകുട്ടികൾ നിരന്നുനിന്നു. ഏട്ടനെ പ്രാണനോളം സ്‌നേഹിക്കുന്ന നാല് പെൺകുട്ടികൾ. അവർ ഏട്ടന് തമിഴിൽ എഴുതിയ കത്തുകളിൽ ചിലത് ഞാനും വായിച്ചതാണ്. അവരുടെ ദേഹങ്ങളിൽ സ്വർണമണിയിക്കാൻ, അവർക്ക് നല്ല ഇണകളെ ലഭിക്കാൻ, ഇവിടെ, ഈ മണൽക്കാട്ടിൽ രക്തം വിയർപ്പാക്കിയവന്റെ ചോര എന്റെ അന്തരീക്ഷത്തിൽ കനത്തുനിന്നു. മോചനമില്ലാത്ത ദുഃഖത്തിന്റെ ചുഴിയിൽപ്പെട്ട് ഞാൻ ബാഗ് ഹൗസിന്റെ പടികളിൽ തളർന്നിരുന്നു. മൺതറയിൽ കമിഴ്ന്നുകിടന്ന് ഒരു അനിയത്തി ഏട്ടന് എഴുതി, ‘ഏട്ടാ, നമ്മുടെ ചെമ്പൻ പശു പ്രസവിച്ചു.'

മുറ്റത്ത് കുതിച്ചോടുന്ന ആ പശുക്കുട്ടിക്ക് പിന്നാലെ കാലിൽ വെള്ളി പാദസരമിട്ട മറ്റൊരു അനിയത്തി ഓടി. ആ പാദസര കിലുക്കം ഞാൻ കേട്ടു.

‘ഓന് ആക്രാന്തല്ലേ, ആക്രാന്തം മൂത്താ ഇതാണ് ഫലം.'

ഞാനത് വ്യക്തമായും കേട്ടു. അവന്റെ ഒപ്പം മുറി പങ്കിട്ട സലിമാണ് അത് പറഞ്ഞത്. പലരും പലതും പറഞ്ഞു. അവൻ മരിച്ചുവെന്നുപോലും ഞാൻ കേട്ടു. ബോധം കൈവിട്ടു പോവാതിരിക്കാൻ, കരുതി വെച്ച ക്ലോണോസപ്പാമിന്റെ ഗുളികകൾ ഒന്നിച്ച് വിഴുങ്ങി. എനിക്ക് ഉറങ്ങണമായിരുന്നു. ആ പത്ത് ഗുളികകൾ ഒന്നിച്ചു വിഴുങ്ങിയിട്ടും എന്റെ കൺമുമ്പിൽ ചോര പതച്ചു, മനുഷ്യന്റെ ചോര. ഒരമ്മ മകന് വാരിക്കൊടുത്ത അന്നത്തിന്റെ അടയാളങ്ങളുള്ള ചോര. ഒരപ്പന്റെ പ്രതീക്ഷകൾ മുഴുവൻ ആവാഹിച്ച ചോര.

പഴയ ഭയഭ്രാന്തുകൾ മടങ്ങിവരികയാണെന്ന ഭയത്തിൽ ഡ്യൂട്ടി ഡ്രസ്​ പോലും മാറാതെ ഞാൻ വേലികൾ കടന്ന്, മതിലുകൾ കടന്ന്, മൊട്ടക്കുന്നുകൾ കടന്ന് മരുഭൂമിയിലേക്ക് നടന്നു. കാൽച്ചുവട്ടിൽ സ്വർണം പോലെ രക്തം പോലെ ചുടുമണൽ വെട്ടിത്തിളങ്ങി. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments