ചൂടാറിത്തുടങ്ങിയ മണലിൽ ഇഴജന്തുക്കളെ കുറിച്ചുള്ള ഓർമ പോലുമില്ലാതെ പുലരുവോളം കിടന്നു മരുഭൂമികൾ രാത്രിയോട് പറയുന്ന കഥകൾ എന്റെ അബോധങ്ങളിൽ ചിറക് തുഴഞ്ഞു/photo: pexels

ജീവിച്ചിരിക്കുന്നു എന്ന കുറ്റം

അത് തന്നെയായിരുന്നു എന്റെ കുറ്റം, ജീവിച്ചിരിക്കുന്നു എന്നത്. മറ്റൊരാളുടെ മുഖച്ഛായയിൽ അതേ പേരിൽ അതേ രാജ്യത്തിന്റെ പൗരനായി മറ്റൊരു രാജ്യത്തിൽ ഞാൻ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് എന്റെ കുറ്റം.

ദാമുവിന് അപകടം പറ്റിക്കഴിഞ്ഞ് ഒരാഴ്ചയോളം ഞാൻ ഉന്മാദത്തിന്റെ വിളുമ്പിൽ കാലിടറി നിന്നു. ആകാശവും മണൽക്കാടുകളും സൈറ്റും എന്റെ ദേഹവും ചോരയിൽ കുളിച്ചുകിടന്നു. ഭക്ഷണത്തിൽ ചോര ചുവച്ച്​, കുളിക്കുന്ന ഉപ്പു വെള്ളത്തിൽ ചോര കലർന്നു. ഉറക്കമില്ലാതെ ആ ക്യാമ്പിൽ ഞാൻ ഉണർന്നിരുന്നു. എല്ലാവരും കൂർക്കം വലിച്ചുറങ്ങുമ്പോൾ മരുഭൂമികളിലേക്ക് ഇറങ്ങിനടന്നു. ചൂടാറിത്തുടങ്ങിയ മണലിൽ ഇഴജന്തുക്കളെ കുറിച്ചുള്ള ഓർമ പോലുമില്ലാതെ പുലരുവോളം കിടന്നു. മരുഭൂമികൾ രാത്രിയോട് പറയുന്ന കഥകൾ എന്റെ അബോധങ്ങളിൽ ചിറക് തുഴഞ്ഞു.

ഒടുക്കം തെലുങ്കനായ മാനേജർ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. തെലുങ്കിന്റെയും തമിഴിന്റെയും ആത്മാവ് ഒന്നായിരിക്കണം. തെലുങ്ക്​ചപ്പാനറിയാത്ത ഞാൻ തമിഴിൽ അയാളോട് കാര്യങ്ങൾ പറഞ്ഞു. നാട്ടിലേക്ക് പറഞ്ഞുവിടുമെന്നാണ് കരുതിയത്. പക്ഷേ ആ മനുഷ്യൻ അഗാധമായ ക്ഷമയോടെ എന്റെ ഭയഭ്രാന്തുകളെ ഉൾക്കൊണ്ടു. ദാമുവിന് അപകടം പറ്റിയ കാര്യം പുറത്താരോടും പറയരുതെന്നും, പറഞ്ഞാൽ കമ്പനിക്കുണ്ടാവുന്ന ഗുലുമാലുകളെ കുറിച്ചും എനിക്ക് പറഞ്ഞുതന്നു.

മരുന്നുകുടി വീണ്ടും തുടങ്ങിയപ്പോൾ ഭയം കുറഞ്ഞുതുടങ്ങി, ഞാൻ ജോലിക്കിറങ്ങി. ഒരാൾ പൊക്കമുള്ള ഇരുമ്പിന്റെ തുരങ്കങ്ങൾക്കുള്ളിൽ എന്തിനാണ് പെയിൻറ്​ സ്‌പ്രേ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായതേയില്ല.

എന്നിട്ട് വെള്ളിയാഴ്ച എന്നെയും കൊണ്ട് അയാളുടെ കാറിൽ ഷാർജയിലേക്ക് പോയി. അവിടുത്തെ മലയാളിയായ സൈക്യാട്രിസ്റ്റിന് എന്നെ വിട്ടുകൊടുത്തു. അതിനകം നാട്ടിൽ അനേകം സൈക്യാട്രിസ്റ്റുകളെ കണ്ടുകഴിഞ്ഞ എനിക്ക് ഇയാളുടെ ചോദ്യങ്ങൾ പുതുമയായിരുന്നില്ല. തീർന്നുപോയ മരുന്നുകൾക്കുപകരം അയാൾ മരുന്നുകളെഴുതി. ചോര കാണാനിടവരുന്ന സ്ഥലങ്ങളിലേക്ക് പോവരുതെന്ന ഉപദേശവും തന്നു. ഞാൻ ചോര തേടി പോയതല്ല, ചോര എന്നെ തേടി വന്നതാണ്. അത് എപ്പോഴും അങ്ങനെയായിരുന്നു? തൊഴിലിടങ്ങളിൽ, റോഡിൽ, ആശുപത്രികളിൽ എവിടെയും മനുഷ്യന്റെ ചോര എന്നെ തേടിവന്നു.

മരുന്നുകുടി വീണ്ടും തുടങ്ങിയപ്പോൾ ഭയം കുറഞ്ഞുതുടങ്ങി, ഞാൻ ജോലിക്കിറങ്ങി. ഒരാൾ പൊക്കമുള്ള ഇരുമ്പിന്റെ തുരങ്കങ്ങൾക്കുള്ളിൽ എന്തിനാണ് പെയിൻറ്​ സ്‌പ്രേ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായതേയില്ല. കിലോമീറ്റർ നീളമുള്ള ആ തുരങ്കങ്ങൾക്കുനടുവിൽ അവിടെവിടെയായി ദ്വാരങ്ങളുണ്ടാവും. അതുവരെ താണ്ടിയ പെയിന്റിന്റെ പുകമഞ്ഞിനും ഇരുമ്പിന്റെ ചൂടിനും മോചനമായി ആ ദ്വാരങ്ങൾ അവിടെ നിന്നു. അതിലൂടെ തല പുറത്തേക്കിട്ട് ശുദ്ധ വായു ശ്വസിച്ചു. തലയങ്ങനെ രണ്ട് മിനിറ്റിൽ കൂടുതൽ പുറത്തേക്ക് കണ്ടാൽ സൈറ്റ് സൂപ്പർവൈസർ തെറി പറയും. എന്നിട്ടും തല പിൻവലിച്ചില്ലെങ്കിൽ അന്നത്തെ കൂലി കട്ട് ചെയ്യും.

കിലോമീറ്റർ നീളമുള്ള ആ തുരങ്കങ്ങൾക്കുനടുവിൽ അവിടെവിടെയായി ദ്വാരങ്ങളുണ്ടാവും. അതുവരെ താണ്ടിയ പെയിന്റിന്റെ പുകമഞ്ഞിനും ഇരുമ്പിന്റെ ചൂടിനും മോചനമായി ആ ദ്വാരങ്ങൾ അവിടെ നിന്നു/photo: pexels
കിലോമീറ്റർ നീളമുള്ള ആ തുരങ്കങ്ങൾക്കുനടുവിൽ അവിടെവിടെയായി ദ്വാരങ്ങളുണ്ടാവും. അതുവരെ താണ്ടിയ പെയിന്റിന്റെ പുകമഞ്ഞിനും ഇരുമ്പിന്റെ ചൂടിനും മോചനമായി ആ ദ്വാരങ്ങൾ അവിടെ നിന്നു/photo: pexels

ആ തുരങ്കത്തിനുള്ളിൽ പെയിൻറ്​ ചെയ്യുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിച്ചത്. എത്രയോ തൊഴിലാളികൾ ആ ഇരുമ്പിൻ കാട്ടിൽ പണിയെടുക്കുന്നു. എത്ര വേണമെങ്കിലും പണിയെടുക്കാനും ചോര പതച്ച് തല മിന്നി വീഴാനും മേലാളുകളുടെ തെറി കേൾക്കാനും അവർ തയ്യാറാണ്. ആളൊന്നിന് 28,000 രൂപ മാസശമ്പളം ഉറപ്പിച്ച് ബാവ ഹാജി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് 8000 രൂപയാണ് ശമ്പളമായി കിട്ടുന്നത്. അതിലും അവർക്ക് പരാതിയില്ല. ചോര വിയർത്ത് ഓവർടൈം എടുക്കുന്നതിൽനിന്ന് മുക്കാൽ പങ്കും അതേ ബാവ ഹാജിക്ക് തന്നെ ചെന്നുചേരുമെന്നതിലും അവർക്ക് പരാതിയില്ല. എനിക്കാണെങ്കിൽ ഈ ചൂഷണങ്ങൾക്കെതിരെ പരാതികളേയുള്ളൂ. ആ പരാതികളുടെ അടിസ്ഥാനം ചിന്താശേഷിയാണ്. ചിന്താശേഷിയില്ലെങ്കിൽ എനിക്കും മറ്റുള്ളവരെ പോലെ യാതൊരു പരാതിയുമില്ലാതെ ഇവിടെ പണിയെടുക്കാം. അക്ഷരങ്ങൾ എഴുതാനും എംപ്ലങ്ങൾ വരയ്ക്കാനും അറിയാവുന്നതുകൊണ്ട് പ്ലാൻറ്​ ഓപ്പണാവുമ്പോൾ എനിക്കവിടെ സ്ഥിരജോലിയും ലഭിക്കും. ചിന്താശേഷയില്ലാതെ ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും നല്ല കഴിവെന്ന് ആ ഇരുമ്പിൻ കാട്ടിൽ വെച്ച് പഠിച്ചു.

വെള്ളം കിട്ടാതെ തൊണ്ട വരണ്ട അനേകം ദിനരാത്രങ്ങളെ ഓർത്ത് ഉള്ളുപൊള്ളി മലപ്പുറം മലയാളത്തിൽ ഞാൻ ഒച്ചയിട്ടു, ‘ആരെ ബാപ്പാനെ കബറടക്കാനാ ഇങ്ങളൊക്കെ ഇതിവിടെ കൊണ്ട് വെച്ച്ക്ക്ണ്ടത്?'

പ്ലാന്റിൽ പലയിടത്തും വെള്ളം കുടിക്കാൻ കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും വെള്ളം ഉണ്ടാവാറില്ല. വിയർത്തുവിയർത്ത്, ജലാംശം നഷ്ടപ്പെട്ട്, തൊണ്ടയും വയറും വരണ്ട് കൂളറിന്റെ അടുത്തെത്തുമ്പോൾ വെള്ളമില്ലാത്ത അവസ്ഥ ആരെയും വേദനിപ്പിച്ചില്ല. ഒട്ടകങ്ങളെ പോലെ തലതാഴ്ത്തി ആളുകൾ കൂളറിന്റെ അരികിൽ നിന്ന് തിരികെ നടക്കും. കൂളും വെള്ളവും ഇല്ലാത്ത ആ പെട്ടി എന്തിനാണ് പലയിടത്തും കൊണ്ടുവച്ചിരിക്കുന്നതെന്ന് ഞാൻ ചോദിച്ചത് കമ്പനിയുടെ യഥാർത്ഥ ഉടമകളിൽപ്പെട്ട ആരോടോ ആണ്. വൃത്തിയായി വേഷം ധരിച്ച അയാളോടാണ് എനിക്കത് ചോദിക്കാൻ തോന്നിയത്.

അയാളെന്റെ മുറി ഇംഗ്ലീഷ് കേട്ട് മിഴിച്ചുനിന്നപ്പോൾ, ആരുടെ കയ്യാണ് പിടിച്ചുവലിക്കുന്നത് എന്നറിയാതെ ഞാനാ മാന്യനെ കൂളറിനരികിലേക്ക് പിടിച്ചുവലിച്ചു. അയാൾ അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സൈറ്റ് സൂപ്പർവൈസറും മാനേജറും അങ്ങോട്ട് ഓടിവരുന്നുണ്ടായിരുന്നു. ഒരു കൂളറിൽ നിന്ന് മറ്റൊന്നിലേക്ക്, പിന്നെ അടുത്തതിലേക്ക്, ഭ്രാന്തെടുത്ത പോലെ ഞാനയാളെയും പിടിച്ചുവലിച്ച്​, കാലിയായ ഒമ്പതു കൂളറുകളും അയാൾക്ക് കാണിച്ചുകൊടുത്തു. വെള്ളം കിട്ടാതെ തൊണ്ട വരണ്ട അനേകം ദിനരാത്രങ്ങളെ ഓർത്ത് ഉള്ളുപൊള്ളി മലപ്പുറം മലയാളത്തിൽ ഞാൻ ഒച്ചയിട്ടു, ‘ആരെ ബാപ്പാനെ കബറടക്കാനാ ഇങ്ങളൊക്കെ ഇതിവിടെ കൊണ്ട് വെച്ച്ക്ക്ണ്ടത്?'

ഒരു കൂളറിൽ നിന്ന് മറ്റൊന്നിലേക്ക്, പിന്നെ അടുത്തതിലേക്ക്, ഭ്രാന്തെടുത്ത പോലെ ഞാനയാളെയും പിടിച്ചുവലിച്ച്​, കാലിയായ ഒമ്പതു കൂളറുകളും അയാൾക്ക് കാണിച്ചുകൊടുത്തു./ photo: pexels.com
ഒരു കൂളറിൽ നിന്ന് മറ്റൊന്നിലേക്ക്, പിന്നെ അടുത്തതിലേക്ക്, ഭ്രാന്തെടുത്ത പോലെ ഞാനയാളെയും പിടിച്ചുവലിച്ച്​, കാലിയായ ഒമ്പതു കൂളറുകളും അയാൾക്ക് കാണിച്ചുകൊടുത്തു./ photo: pexels.com

അയാൾക്ക് കാര്യം മനസ്സിലായി. അയാളെന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. എന്റെതിനേക്കാൾ വൃത്തിയുള്ള ഇംഗ്ലീഷിൽ ഇനിമുതൽ ഇതിലൊക്കെ തണുത്ത വെള്ളം എന്നും ഉണ്ടായിരിക്കുമെന്ന് ഉറപ്പുതന്നു. അയാൾ മാനേജരോട് എന്തോ സ്വകാര്യം പറഞ്ഞു. അരമണിക്കൂറിനുള്ളിൽ ആ ഒമ്പതു കൂളറുകളും മറ്റുള്ളവയും തണുത്ത വെള്ളം കൊണ്ട് നിറഞ്ഞു. വല്ല സിനിമയിലുമാണെങ്കിൽ എന്നെ എല്ലാ തൊഴിലാളികളും കൂടി പൊക്കിയെടുത്ത് ഒരു പാട്ടും പാടിയേനെ.

പക്ഷേ പിറ്റേന്ന് മുതൽ എന്റെ പെയിൻറ്​ പണി തെറിച്ച് ഞാൻ ഖലാസിയായി. ഓക്‌സിജൻ സിലിണ്ടറുകൾ ചുമലിലേറ്റി ഉയരങ്ങൾ കയറേണ്ടി വന്നു. ചെയിൻ ബ്ലോക്ക് വലിക്കേണ്ടി വന്നു. ഖലാസികളോടൊപ്പം കൂടി, ഖലാസി പാട്ടുകൾ പാടി. ആ പാട്ടിന് വല്ലാത്തൊരു ഊർജ്ജമുണ്ട്. അത് ഏറ്റുപാടുമ്പോൾ എവിടെ നിന്നെന്നില്ലാതെ കൈകാലുകളിലേക്ക് കരുത്ത് തുളച്ചുകയറും.

ഉച്ചറെസ്റ്റിന്റെ പൊരിവെയിലത്ത് നിറുകം തല പൊളളിക്കരിഞ്ഞുനിൽക്കുമ്പോൾ ദൂരങ്ങൾ താണ്ടി അവളുടെ ശബ്ദം വന്നു. അവളുടെ ചെറിയ ചെറിയ ആവശ്യങ്ങളെ ഉൾത്താളിൽ വൃത്തിയായി എഴുതിയിട്ടു. അവളുടെ ശബ്ദം എന്നെ തൊടുമ്പോൾ ആ പൊരിവെയിൽ നിലാവായി മാറി.

ക്യാമ്പിലെ സാജിദിന്റെ സ്വിച്ച് ഫോണിൽ റീചാർജ് ചെയ്താണ് വീട്ടിലേക്ക് വിളിച്ചിരുന്നത്. വിദൂരതയിൽ അയൽവാസിയുടെ വീട്ടുവരാന്തയിൽ അവരുടെ ലാൻഡ് ഫോണിലേക്ക് എന്റെ വിളി വരുന്നതും കാത്ത് ഭാര്യ നിന്നു. ഉച്ചറെസ്റ്റിന്റെ പൊരിവെയിലത്ത് നിറുകം തല പൊളളിക്കരിഞ്ഞുനിൽക്കുമ്പോൾ ദൂരങ്ങൾ താണ്ടി അവളുടെ ശബ്ദം വന്നു. അവളുടെ ചെറിയ ചെറിയ ആവശ്യങ്ങളെ ഉൾത്താളിൽ വൃത്തിയായി എഴുതിയിട്ടു. അവളുടെ ശബ്ദം എന്നെ തൊടുമ്പോൾ ആ പൊരിവെയിൽ നിലാവായി മാറി. അവിടുത്തെ റിസീവറിലൂടെ ഞാൻ നാട്ടിലെ മഴയുടെ ശബ്ദം കേട്ടു. റോഡുകളിലൂടെ ചെളിവെള്ളം കുത്തിയൊലിക്കുന്ന ഒച്ച കേട്ടു. മൂന്നു വയസ്സുകാരി മകൾ ഉമ്മ പറഞ്ഞു കൊടുക്കുന്നത് കേട്ട് ഉപ്പാനോട് ചോദിച്ചു, ‘ഇപ്പച്ചിയേ ഇങ്ങള് ചോറ് വെയ്‌ച്ചോ?’

അതിനുള്ള ഉത്തരം പറയും മുമ്പേ മഴ നനഞ്ഞ ശബ്ദത്തിൽ അവൾ അടുത്ത ചോദ്യം ചോദിച്ചു. സമയത്തിന്റെ സഞ്ചാര വേഗങ്ങൾ കൂടി പത്ത് മിനിറ്റ് എന്നത് ഒരു തീപ്പൊരി ചിതറുന്ന നേരം കൊണ്ട് അവസാനിച്ചു.

വീണ്ടും പണിയെടുത്തു. വീണ്ടും വീണ്ടും പണിയെടുത്തു. എനിക്ക് ഓവർ ടൈം കിട്ടാതെയായി. ഓക്‌സിജൻ സിലിണ്ടർ ചുമന്ന് സൈലോണിന്റെ പടവുകൾ കയറുമ്പോൾ ജലം എന്നത് ഭൂമിയിലെ ലക്ഷ്വറിയാണെന്ന് ഹൃദയത്തിൽ തട്ടി അറിഞ്ഞു/ photo: pexels
വീണ്ടും പണിയെടുത്തു. വീണ്ടും വീണ്ടും പണിയെടുത്തു. എനിക്ക് ഓവർ ടൈം കിട്ടാതെയായി. ഓക്‌സിജൻ സിലിണ്ടർ ചുമന്ന് സൈലോണിന്റെ പടവുകൾ കയറുമ്പോൾ ജലം എന്നത് ഭൂമിയിലെ ലക്ഷ്വറിയാണെന്ന് ഹൃദയത്തിൽ തട്ടി അറിഞ്ഞു/ photo: pexels

നാലുനാൾ മര്യാദയ്ക്ക് തണുത്ത വെള്ളം ചുരത്തിയിരുന്ന കൂളറുകൾ അഞ്ചാം നാൾ പഴയപോലെ വറ്റി വരണ്ടു. ആരും പ്രതികരിച്ചില്ല, ഉമിനീരിന്റെ ഒടുക്കത്തെ തരിയും വറ്റി തീർന്നിട്ടും അവർ പണിയെടുത്തു. വീണ്ടും പണിയെടുത്തു. വീണ്ടും വീണ്ടും പണിയെടുത്തു. എനിക്ക് ഓവർ ടൈം കിട്ടാതെയായി. ഓക്‌സിജൻ സിലിണ്ടർ ചുമന്ന് സൈലോണിന്റെ പടവുകൾ കയറുമ്പോൾ ജലം എന്നത് ഭൂമിയിലെ ലക്ഷ്വറിയാണെന്ന് ഹൃദയത്തിൽ തട്ടി അറിഞ്ഞു. ഒരു കപ്പ് വെള്ളമല്ല, ഒരു ഗ്ലാസ് വെള്ളം പോലുമല്ല, ഏതാനും തുള്ളി വെള്ളം മാത്രം കിട്ടുമ്പോൾ ഞാൻ സ്വർഗ്ഗം പൂകിയവനായി മാറി.

അന്നേരം ജീവിതത്തിൽ പാഴാക്കിക്കളഞ്ഞ ഓരോ തുള്ളി വെള്ളത്തിനായും ഞാൻ പശ്ചാത്തപിച്ചു. എന്റെ മകൾ അവൾ പഠിച്ച അക്ഷരങ്ങളിൽ,
ഇപ്പച്ചിയേ ഇവ്‌ടെ മയ പെയ്ണ്ട് എന്നെഴുതിയത് വായിച്ച് ഞാൻ കരഞ്ഞു. ആ അക്ഷരങ്ങളുടെ ഉള്ളിൽ എന്റെ ജലസ്വപ്നങ്ങളും ജീവിതവും പുനർജന്മം കൊണ്ടു. അവളുടെ അക്ഷരങ്ങൾക്കുമുകളിൽ ഭാര്യയുടെ വൃത്തിയുള്ള കൈയ്യക്ഷരത്തിൽ വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പരന്നുകിടന്നു.

ഇടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നി ഇരുന്നാൽ പ്രാണൻ ലിംഗാഗ്രത്തിൽ വന്ന് പിടഞ്ഞു നിൽക്കും. ആ പിടച്ചിലിൽ ഓറഞ്ച് നിറമുള്ള ഒരു തുള്ളി മൂത്രം സകല സിരകളെയും വേദനയാൽ കടഞ്ഞ് പുറത്തേക്ക് തെറിക്കും. അതിനപ്പുറം വരാനുള്ളത് ചോരയായിരുന്നു.

ആവശ്യമുള്ളത്ര വെള്ളം കുടിക്കാത്തതുകാരണം അസുഖം വന്നു. ആദ്യം അടിവയറ്റിൽ വേദന. മൂത്രമൊഴിക്കാൻ വയ്യാത്ത അവസ്ഥ. കുടിക്കുന്ന വെള്ളമെല്ലാം വിയർത്തുപോവുന്നതുകൊണ്ടാവും എന്നാണ് കരുതിയത്. രാവിലെ എഴുന്നേറ്റയുടൻ മൂത്രമൊഴിച്ചാൽ പിന്നെ പിറ്റേന്ന് രാവിലെയാണ് മൂത്രമൊഴിക്കുന്നത്. ഇടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നി ഇരുന്നാൽ പ്രാണൻ ലിംഗാഗ്രത്തിൽ വന്ന് പിടഞ്ഞു നിൽക്കും. ആ പിടച്ചിലിൽ ഓറഞ്ച് നിറമുള്ള ഒരു തുള്ളി മൂത്രം സകല സിരകളെയും വേദനയാൽ കടഞ്ഞ് പുറത്തേക്ക് തെറിക്കും. അതിനപ്പുറം വരാനുള്ളത് ചോരയായിരുന്നു.

വെള്ളിയാഴ്ച അവധിയിൽ സൈറ്റ് സൂപ്പർവൈസറോടൊപ്പം റാസൽഖൈമയിൽ പോയി ഡോക്ടറെ കണ്ടു. കാര്യമായ പരിശോധനയൊന്നും വേണ്ടിവന്നില്ല. കിഡ്‌നിയിൽ കല്ലാണെന്നും ഇവിടെ ചികിത്സിച്ചാൽ വലിയ ചെലവാകുമെന്നും പോരാത്തതിന് കാലാവസ്ഥ മാറണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ ഈ ഭൂമിയിൽ ഒരു വീടെന്ന എന്റെ സ്വപ്നം ആവിയായി മുകളിലേക്ക് പോയി.

അന്നേരം ജീവിതത്തിൽ പാഴാക്കിക്കളഞ്ഞ ഓരോ തുള്ളി വെള്ളത്തിനായും ഞാൻ പശ്ചാത്തപിച്ചു. എന്റെ മകൾ അവൾ പഠിച്ച അക്ഷരങ്ങളിൽ, ഇപ്പച്ചിയേ ഇവ്‌ടെ മയ പെയ്ണ്ട് എന്നെഴുതിയത് വായിച്ച് ഞാൻ കരഞ്ഞു/photo: pexels
അന്നേരം ജീവിതത്തിൽ പാഴാക്കിക്കളഞ്ഞ ഓരോ തുള്ളി വെള്ളത്തിനായും ഞാൻ പശ്ചാത്തപിച്ചു. എന്റെ മകൾ അവൾ പഠിച്ച അക്ഷരങ്ങളിൽ, ഇപ്പച്ചിയേ ഇവ്‌ടെ മയ പെയ്ണ്ട് എന്നെഴുതിയത് വായിച്ച് ഞാൻ കരഞ്ഞു/photo: pexels

ഇതിനിടയിൽ രണ്ടു തവണ കിസ്ഖിലേക്ക് പറന്ന് വിസ പുതുക്കിവന്നിരുന്നു. കൂളറിന്റെ വിഷയം കൊണ്ടോ, അതോ മറന്നതാണോ എന്നറിയില്ല കമ്പനി എന്റെ വിസ പുതുക്കിയിരുന്നില്ല. ഒരാഴ്ചത്തെ മരുന്ന് കഴിച്ചിട്ട് നാട്ടിലേക്ക് പോയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ആ ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ, നാട്ടിലേക്ക് എന്നെ പറഞ്ഞയക്കണമെങ്കിൽ ലേബർ കോടതിയിൽ പോയി ഫൈൻ കെട്ടേണ്ട അവസ്ഥയായി. വേദനയുടെ സൂചിമുനകൾ തറഞ്ഞുകയറിയ അരക്കെട്ടുമായി ഞാൻ കോടതിയിലേക്ക് യാത്രയായി.

യു.എ.ഇയിലെ പ്രധാനപ്പെട്ട എല്ലാ പൊലീസ് ആസ്ഥാനത്തും കൊണ്ടുചെന്ന് എന്റെ കണ്ണുകളും പെരുവിരൽ പാടും പരിശോധിച്ച്, അയാളല്ല ഞാനെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു. അതിനു കുറേ ദിവസങ്ങൾ വേണം.

അവിടെ പറയേണ്ട കാര്യം കമ്പനി സൂപ്പർവൈസർ പറഞ്ഞു പഠിപ്പിച്ചു. വിസിറ്റിംഗ് വിസയിൽ നാട് കാണാൻ വന്നതാണെന്നും, കൂട്ടുകാരന്റെ കൂടെ താമസിക്കുകയാണെന്നും ഇവിടുത്തെ വിസാ നിയമങ്ങൾ അറിയാത്തതു കൊണ്ട് പിഴവ് പറ്റിയതാണെന്നും പിഴയടച്ച് നാട്ടിലേക്ക് പൊയ്‌ക്കോളാമെന്നും ബോധിപ്പിക്കാനാണ് എന്നെ പഠിപ്പിച്ചത്. അപ്പോൾ രണ്ടുതവണ വിസ പുതുക്കിയ കാര്യം അവർ അറിയില്ലേ എന്ന എന്റെ ചോദ്യത്തിന് ആ ചെറുപ്പക്കാരൻ നേർത്ത ചിരിയോടെ അതൊക്കെ കമ്പനി ശരിയാക്കിയിട്ടുണ്ട് എന്ന് മുകളിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു. അദൃശ്യനായ ആ കമ്പനി ദൈവം ആകാശത്താണ് പാർക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി.

അവിടം കൊണ്ട് അത് തീർന്നില്ല. കോടതിയിൽ ഞാൻ ഉരുവിട്ട തത്തമ്മ പാഠം തൂപ്പുകാരനായ മലയാളി, ജഡ്ജിക്ക് പരിഭാഷപ്പെടുത്തി കൊടുത്തു. അത് കേട്ടപ്പോൾ കാലങ്ങളായി താൻ കേൾക്കുന്ന മനോഹരമായ ആ നുണയെ ഓർത്ത് ജഡ്ജി ചിരിച്ചു. ചിരിയോടെ തന്നെ എനിക്ക് ഫൈനും എഴുതി.

അവരുടെ കമ്പ്യൂട്ടറിൽ ഏതാണ്ട് എന്റെ മുഖച്ഛായയുള്ള, എന്റെ അതേ പേരുള്ള ഒരു ഇന്ത്യക്കാരന്റെ ചിത്രമുണ്ട്. ഗുരുതരമായ എന്തോ കുറ്റമാണ് അയാളുടേത്. അതറിഞ്ഞപ്പോൾ ആ കോടതി മുറ്റത്തുനിന്ന് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ കുഴങ്ങി
അവരുടെ കമ്പ്യൂട്ടറിൽ ഏതാണ്ട് എന്റെ മുഖച്ഛായയുള്ള, എന്റെ അതേ പേരുള്ള ഒരു ഇന്ത്യക്കാരന്റെ ചിത്രമുണ്ട്. ഗുരുതരമായ എന്തോ കുറ്റമാണ് അയാളുടേത്. അതറിഞ്ഞപ്പോൾ ആ കോടതി മുറ്റത്തുനിന്ന് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ കുഴങ്ങി

അത് അടയ്‌ക്കേണ്ട ഓഫീസിൽ ചെന്നപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥൻ എന്നെയും എന്റെ പാസ്‌പോർട്ടും മാറിമാറി നോക്കി. എന്നിട്ട് എന്നോട് പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു. കമ്പനി സൂപ്പർവൈസർ അകത്തേക്ക് കയറി അവരുടെ കമ്പ്യൂട്ടറിൽ ഏതാണ്ട് എന്റെ മുഖച്ഛായയുള്ള, എന്റെ അതേ പേരുള്ള ഒരു ഇന്ത്യക്കാരന്റെ ചിത്രമുണ്ട്. ഗുരുതരമായ എന്തോ കുറ്റമാണ് അയാളുടേത്. അതറിഞ്ഞപ്പോൾ ആ കോടതി മുറ്റത്തുനിന്ന് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ കുഴങ്ങി. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്നതല്ലാതെ മറ്റൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നി. പക്ഷേ അത് തന്നെയായിരുന്നു എന്റെ കുറ്റം, ജീവിച്ചിരിക്കുന്നു എന്നത്. മറ്റൊരാളുടെ മുഖച്ഛായയിൽ അതേ പേരിൽ അതേ രാജ്യത്തിന്റെ പൗരനായി മറ്റൊരു രാജ്യത്തിൽ ഞാൻ ജീവിച്ചിരിക്കുന്നു എന്നത് തന്നെയാണ് എന്റെ കുറ്റം.

യു.എ.ഇയിലെ പ്രധാനപ്പെട്ട എല്ലാ പൊലീസ് ആസ്ഥാനത്തും കൊണ്ടുചെന്ന് എന്റെ കണ്ണുകളും പെരുവിരൽ പാടും പരിശോധിച്ച്, അയാളല്ല ഞാനെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു. അതിനു കുറേ ദിവസങ്ങൾ വേണം. കമ്പനിക്ക് ഭരണാധികാരികളിലുള്ള സ്വാധീനം കൊണ്ടാവണം, എന്നെ സംശയത്തിന്റെ പേരിൽ തുറങ്കിലടക്കാതിരുന്നത്. കമ്പനി നേരിട്ട് എന്നെ അവിടെയൊക്കെ കൊണ്ടുപോയി പരിശോധിപ്പിക്കാമെന്ന് രേഖാമൂലം ഉറപ്പുകൊടുത്തു. കോടതിയിൽ നിന്നുള്ള മടക്കയാത്രയിൽ എന്നോട് അലിവ് തോന്നിയ ആ ചെറുപ്പക്കാരൻ സൂപ്പർവൈസർ മലയാളി ഹോട്ടലിൽ കയറി എനിക്ക് നല്ല നാടൻ ഊണ് വാങ്ങിത്തന്നു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments