ഞാൻ ഞാനാണെന്ന് തെളിയിക്കാനായി ഒന്നര മാസമാണ് ആ ലേബർ ക്യാമ്പിൽ സകല വേദനകളും സഹിച്ച് കഴിയേണ്ടി വന്നത്. അത് വളരെ ചുരുങ്ങിയ കാലമാണെന്നും കമ്പനി ഉടമകൾക്ക് ഭരണാധികാരികളിൽ ഇത്ര സ്വാധീനമില്ലായിരുന്നുവെങ്കിൽ ഒന്നര മാസമോ ഒന്നര വർഷമോ അല്ല, ഒന്നര പതിറ്റാണ്ടെങ്കിലും ഞാനാ രാജ്യത്ത് അസ്തിത്വം തെളിയിക്കാൻ അലഞ്ഞുനടക്കേണ്ടി വരുമായിരുന്നു എന്ന് വിവരമുള്ളവർ പറഞ്ഞുതന്നു.
കൂളറിന്റെ കാര്യത്തിൽ എന്നോട് അതൃപ്തി തോന്നിയ സൈറ്റ് സൂപ്പർവൈസർമാരും മാനേജറും, അസുഖമായതിനാൽ ഞാൻ ജോലിക്കിറങ്ങേണ്ടെന്ന സ്‌നേഹവിധി പുറപ്പെടുവിച്ചു. പോരാത്തതിന്, പണിയെടുത്തില്ലെങ്കിലും മാസശമ്പളം കിട്ടിയേക്കുമെന്ന സൂചനയും നൽകി. ശമ്പളമോ പണിയോ മടങ്ങിപ്പോക്കോ ആയിരുന്നില്ല എന്റെ വിഷയം. അരയിലെ വേദനയായിരുന്നു. എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാൻ പറ്റാത്ത വേദനയുടെ ചുഴിയിൽ കിടന്ന് ഞാൻ വട്ടം കറങ്ങി.
പകലുകളിൽ ലേബർ ക്യാമ്പുകൾ വിജനമായി കിടക്കും. അപൂർവം ചില ക്യാമ്പുകളിൽ രാത്രി ഷിഫ്റ്റിൽ പണിയെടുക്കുന്നവർ ഉറങ്ങുന്നുണ്ടാവും. ചുട്ടുവേവുന്ന ആ ഷെഡ്ഡിനുള്ളിൽ, വായിച്ചുതീർന്ന പുസ്തകങ്ങൾ തന്നെ വീണ്ടും വായിച്ച്, വേദനയെന്നാൽ ജീവിതം തന്നെയാണെന്ന് തത്വത്തിൽ അംഗീകരിച്ച് ഞാനവിടെ കിടക്കും. ആ ഷെഡ്ഡിൽ രാത്രി ഷിഫ്റ്റുകാർ ആരുമുണ്ടായിരുന്നില്ല. ഭക്ഷണമോ വെള്ളമോ വേണ്ടാത്ത മരവിപ്പിലേക്ക് എന്റെ ശരീരം കളം മാറി. ഒരു വശത്തേക്ക് ചരിഞ്ഞുകിടക്കുമ്പോൾ വേദനയ്ക്ക് ചെറിയ കുറവുണ്ടാവും. മറുവശത്തേക്കോ മലർന്നോ കിടന്നാൽ വേദനയുടെ സൂചിമുനകൾ അരക്കെട്ടും കടന്ന് നെഞ്ചിലേക്ക് തുളച്ചുകയറും.
ഞാൻ നാടിനെ ഓർക്കും, ഭാര്യയെയും മകളെയും ഓർക്കും, ഏതുസമയത്തും നിലം പൊത്തിയേക്കാവുന്ന മേൽക്കൂരയെ ഓർക്കും. അവിടെയിപ്പോൾ മഴക്കാലമാണ്. കാറ്റടിക്കുന്നുണ്ടാവും, കാറ്റത്ത് വടക്കേ മുറ്റത്തെ പ്ലാവിൽ നിന്ന് ഒരു കൊമ്പ് അടർന്ന് വീടിനുമേലേക്ക് വീണാൽ, ദ്രവിച്ചു തീർന്ന പട്ടികകളിൽ മാന്ത്രിക യാഥാർത്ഥ്യമായി തങ്ങിനിൽക്കുന്ന ഓടുകൾ നിലം പതിക്കും. അതിനുള്ളിൽ എന്റെ മകളും ഭാര്യയുമുണ്ട്. മകളെയും ചേർത്തുപിടിച്ച്, ഇടിമിന്നലിനെ ഭയന്ന് ഭാര്യ ദിക്‌റുകൾ ചൊല്ലുന്നുണ്ടാവും. അവളുടെ ദിക്‌റുകളും സ്വലാത്തും പ്രാർത്ഥനകളും ഏറ്റുവാങ്ങുന്ന ദൈവമല്ലാതെ മറ്റാരും അവർക്ക് തുണയില്ല. അവളുടെ പേടിയിലേക്ക് ഞാനെന്റെ വേദനകളെ എഴുതി അയച്ചില്ല.
ഓറഞ്ചുനിറമുള്ള മൂത്രത്തുള്ളികൾ കുരുക്ക് മുറുക്കി കഴിയുമ്പോൾ, ചോരത്തുള്ളികൾ പ്രാണൻ പറിച്ചുകൊണ്ട് തിളമണലിലേക്ക് ഇറ്റി വീഴും. മാംസം കരിഞ്ഞ മണം മൂക്കിൽ വന്ന് തൊടും.
ശരീരത്തിലെ വേദനകളെക്കാൾ ഓർമകളുടെ വേദനകൾ ശ്വാസം മുട്ടിക്കുമ്പോൾ ഞാൻ ആ ക്യാമ്പിൽ നിന്ന് ഇറങ്ങിനടക്കും. മതിലിൽ ചാരിവച്ച തട്ടിക്കൂട്ട് കോണിയിലൂടെ പൊത്തിപ്പിടിച്ച് കയറി അപ്പുറത്തെത്തും. അവിടെ മണൽക്കാടുകൾ ചുട്ടുപഴുത്ത് കിടന്നു. തിരമാലകൾ പോലെ മണൽ കൂമ്പാരങ്ങൾ അനുനിമിഷം രൂപം മാറും. കുറച്ചുമുമ്പ് കണ്ട മണൽമലയെ പിന്നെ കാണുന്നത് ചെറിയ കുന്നായിട്ടാണ്. കാലുകൾ കൂട്ടിക്കെട്ടിയ ഒട്ടകങ്ങൾ പൊടിക്കാറ്റിനുള്ളിലൂടെ തല താഴ്ത്തിപ്പിടിച്ച് ഞൊണ്ടി നടക്കുന്നുണ്ടാവും. വെയിലിനു തീയിനേക്കാൾ ചൂടുണ്ടാവും. ആ തീമണലിൽ കുത്തിയിരുന്ന് മൂത്രമൊഴിക്കുക എന്ന വധശിക്ഷയ്ക്ക് ഞാനെന്നെ വിധിക്കും.
ഓറഞ്ചുനിറമുള്ള മൂത്രത്തുള്ളികൾ കുരുക്ക് മുറുക്കി കഴിയുമ്പോൾ, ചോരത്തുള്ളികൾ പ്രാണൻ പറിച്ചുകൊണ്ട് തിളമണലിലേക്ക് ഇറ്റി വീഴും. മാംസം കരിഞ്ഞ മണം മൂക്കിൽ വന്ന് തൊടും. നനഞ്ഞ തോർത്തുമുണ്ടുകൊണ്ട് ലിംഗവും അരക്കെട്ടും പൊതിഞ്ഞുകെട്ടി ഞാൻ നടക്കും. അറ്റമില്ലാതെ അന്തമില്ലാതെ മണലുകൾ ...
മണലിന്റെ മലകൾ, കൊട്ടാരങ്ങൾ ...
എത്ര വെള്ളം കുടിച്ചിട്ടും പിണങ്ങിനിൽക്കുന്ന മൂത്രസഞ്ചി പോലെ ആകാശം മുകളിൽ കടഞ്ഞുനിന്നു. കുറെ നടന്നുകഴിയുമ്പോൾ മൊട്ടക്കുന്നുകൾ കാണാം. പഴയപോലെ അതിനു മുകളിലേക്ക് പൊത്തിപ്പിടിച്ച് കയറാൻ കഴിയാതെ ഞാൻ അവിടുന്ന് മടങ്ങും.
മരുഭൂമിയിലെ ഉദയവും അസ്തമയവും മനോഹര കാഴ്ചയാണ്. ഏറ്റവും വലിയ ഉദയ സൂര്യനെയും അസ്തമയ സൂര്യനെയും ഞാനവിടെ വെച്ചാണ് കണ്ടത്. മണലിനുപിറകിൽ മറഞ്ഞിരുന്നിട്ട് പെട്ടെന്ന് അന്തരീക്ഷമാകെ ഓറഞ്ചും ചുവപ്പും മഞ്ഞയും വാരിവിതറി സൂര്യൻ ഉണർന്നുവരും. അതേപോലെ സന്ധ്യകളിൽ അത് മണലിനപ്പുറത്തേക്ക് ഉറങ്ങാനും പോവും.
ഞാനൊരു അസുഖക്കാരനാണെന്നും കഴിയുന്നതും വേഗം അസ്ഥിത്വം പരിശോധിച്ച് തെളിയിച്ച് നാട്ടിലേക്ക് പറഞ്ഞയക്കേണ്ട കേസാണെന്നും കുറിച്ച സർക്കാർ നോട്ടായിരുന്നു അത്. ആ നോട്ടിലുണ്ടായിരുന്നു കമ്പനിയുടെ സ്വാധീനശക്തി.
ദുബായിലെയും അബുദാബിയിലെയും പൊലീസ് ആസ്ഥാനത്തുചെന്ന് വിരൽപ്പാടുകളും കണ്ണുകളും പരിശോധനയ്ക്കായി വിട്ടുകൊടുത്തു കഴിഞ്ഞിരുന്നു. ഞാൻ ഞാൻ തന്നെയാണെന്ന സർട്ടിഫിക്കറ്റ് രണ്ടിടത്തു നിന്നും അവർ തന്നു. ഒരിടത്തുനിന്ന് മുതിർന്ന പൊലീസ് ഓഫീസർ എനിക്ക് ചായ വരുത്തിച്ച് തന്ന് അസുഖം കുറവുണ്ടോ എന്നന്വേഷിച്ചു. അമ്പരപ്പോടെ ഞാനയാളെ നോക്കിയപ്പോൾ എന്റെ പേപ്പറുകളിൽ പച്ച മഷി കൊണ്ട് എഴുതിയ അറബി വാക്കുകൾ അയാളെനിക്ക് കാണിച്ചുതന്നു. പാലൈവനം ഉസ്താദ് പഠിപ്പിച്ചു തന്ന അറബി അക്ഷരങ്ങൾക്ക് മുകളിലും താഴെയും കുത്തുകളും ചിഹ്നങ്ങളും ഉണ്ടായിരുന്നു. അതൊന്നുമില്ലാത്ത ആ പച്ച നിറമുള്ള വാക്കുകൾ എന്തെന്ന് എനിക്ക് മനസ്സിലായില്ല.
ഞാനൊരു അസുഖക്കാരനാണെന്നും കഴിയുന്നതും വേഗം അസ്ഥിത്വം പരിശോധിച്ച് തെളിയിച്ച് നാട്ടിലേക്ക് പറഞ്ഞയക്കേണ്ട കേസാണെന്നും കുറിച്ച സർക്കാർ നോട്ടായിരുന്നു അത്. ആ നോട്ടിലുണ്ടായിരുന്നു കമ്പനിയുടെ സ്വാധീനശക്തി. പിന്നെ അജ്മാനിലും ഷാർജയിലും റാസൽ ഖൈമയിലും പരിശോധന കഴിഞ്ഞ് വിധി വരാൻ കാത്തിരിക്കുമ്പോൾ ഞാനാ പച്ച മഷിയുടെ കാരുണ്യം കണ്ടു. എല്ലാ പൊലീസ് ആസ്ഥാനങ്ങളിൽ നിന്നും ഞാൻ തികച്ചും ഞാൻ തന്നെയാണെന്ന വിധിപ്പകർപ്പ് കിട്ടി.
ഒടുക്കം റാസൽ ഖൈമയിലെ കോടതിയിലേക്ക് ഫൈൻ അടക്കാനായി പോവേണ്ട വണ്ടിയിലേക്ക് കയറുമ്പോൾ, അതിനുള്ളിൽ ഞാൻ ഒരു മനുഷ്യക്കോലത്തെ കണ്ടു. എന്റെ ശരീരവേദനകളൊക്കെ ആവിയായി മാറി. ചുറ്റിക കൊണ്ടടിച്ച് ഞെളുക്കിയ അലൂമിനിയ പാത്രം പോലെ ഞളുങ്ങിയ തലയും മുഖവും കൈകാലുകളുമായി ദാമു ആ സീറ്റിലിരുന്നു. അത് അവൻ തന്നെയാണെന്ന് ബോധ്യപ്പെടാൻ കുറെ നേരം വേണ്ടി വന്നു. കണ്ണുകൾ എന്നെ മനസ്സിലാക്കിയപ്പോൾ അവന്റെ ചലനമറ്റ കൈവിരലുകൾ ചെറുതായി ചലിച്ചു.
അവന്റെ ചുണ്ട് ‘അ' യിൽ തന്നെ തടഞ്ഞുനിന്നു. അപ്പാസെന്ന് മുഴുവൻ പറയാൻ പറ്റാഞ്ഞിട്ട് അവനനുഭവിക്കുന്ന വേദനയുടെ ചൂട് കണ്ണീരായി എന്റെ കയ്യിലേക്ക് ഇറ്റി വീണു. അവന്റെ ഞെളുങ്ങിയ തലമണ്ടയിൽ ചുണ്ട് ചേർക്കുമ്പോൾ എന്റെ കണ്ണും നെഞ്ചും നീറി.
ഞാൻ ചോര മണത്തു. വെറും ചോരയല്ല, ചുട്ടുപഴുത്ത ഇരുമ്പിൽ വീണ് പതഞ്ഞ അവന്റെ ചോര. മഞ്ഞച്ചായം പൂശിയ പിരമിഡുകളിലൂടെ ഒലിച്ചിറങ്ങിയ ചോര. തുടച്ചുകളയാൻ ആരുമില്ലാതെ അനാഥമായി ബാഗ് ഹൗസിൽ തളം കെട്ടിക്കിടന്ന ചോര. അവന് ചിരിക്കാനും സംസാരിക്കാനും പറ്റുമായിരുന്നില്ല. എന്നിട്ടും അവന്റെ വായ അബ്ബാസിന്റെ ആദ്യാക്ഷരമായ ‘അ' യിൽ തടഞ്ഞുനിന്നു. ഞാനവനെ തൊട്ടു, ചോരയിൽ തൊടും പോലെ. ഞാനവനെ ചേർന്നിരുന്നു, വേദനയുടെ ഇരുമ്പിൻ ചൂടിലേക്ക്. മുമ്പിലെ സീറ്റിലിരുന്ന് സൂപ്പർവൈസർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കാഴ്ചകൾ പുറകിലേക്ക് പാഞ്ഞ് മറയുന്നു. എനിക്കും അവനുമിടയിൽ തമിഴിന്റെ നീലക്കടലാസ് നിവർന്നു. അതിൽ വരാൻ പോവുന്ന പൊങ്കലിന്റെ ആനന്ദത്തെക്കുറിച്ച് അനിയത്തി ഏട്ടന് എഴുതി. മാട്ടു പൊങ്കലിന്റെയന്ന് വീട്ടിലെ മാടിന്റെ കൊമ്പിന് ഏത് നിറമാണ് കൊടുക്കേണ്ടതെന്ന രണ്ടനിയത്തിമാരുടെ തർക്കത്തിന്റെ സ്‌നേഹസന്ദേഹങ്ങൾ ദൂരങ്ങൾ താണ്ടി ഏട്ടനെ വന്നു തൊട്ടു.
അവന്റെ ചുണ്ട് ‘അ' യിൽ തന്നെ തടഞ്ഞുനിന്നു. അപ്പാസെന്ന് മുഴുവൻ പറയാൻ പറ്റാഞ്ഞിട്ട് അവനനുഭവിക്കുന്ന വേദനയുടെ ചൂട് കണ്ണീരായി എന്റെ കയ്യിലേക്ക് ഇറ്റി വീണു. അവന്റെ ഞെളുങ്ങിയ തലമണ്ടയിൽ ചുണ്ട് ചേർക്കുമ്പോൾ എന്റെ കണ്ണും നെഞ്ചും നീറി. ഹൃദയം വല്ലാതെ മിടിച്ചു. വടിച്ചുമാറ്റിയ മുടിയുടെ വീണ്ടും കുരുത്തുതുടങ്ങുന്ന പച്ച നിറത്തിൽ അവന്റെ വിധി കുറിക്കപ്പെട്ടുകിടക്കുന്നത് ഞാൻ വായിച്ചു. ആ അക്ഷരങ്ങളുടെ ചൂടിൽ എന്റെ ചുണ്ട് പൊള്ളി. ഞാൻ അവന്റെ ചുണ്ടുകൾ ചേർത്തടച്ചു. അതിനുള്ളിൽ ഉച്ചരിക്കാൻ കഴിയാതെ പോയ എന്റെ പേര് ചത്തുകിടന്നു.
അവന്റെ വിരലുകളിൽ തടവുമ്പോൾ പാതിയും മരിച്ച ഒരു മനുഷ്യന്റെ വിരലുകൾക്ക് പറയാൻ പലതുമുണ്ടെന്ന് ഞാനറിഞ്ഞു. എന്റെ ഉള്ളംകൈയിൽ ഉച്ചരിക്കാൻ കഴിയാതെ പോയ, ‘അപ്പാസ്' എന്ന മൂന്നക്ഷരം അവൻ വിരൽ കൊണ്ടെഴുതി. വിഡ്ഢിയായ എനിക്ക് ആദ്യമത് വായിക്കാൻ കഴിഞ്ഞില്ല. അവന്റെയും എന്റെയും തമിഴിലാണ് അവൻ വേദന സഹിച്ച് ആ അക്ഷരങ്ങൾ എഴുതിയത്. ഒരിക്കൽ കൂടി അവനാ മൂന്നക്ഷരം എഴുതുമ്പോൾ ഓരോന്നായി ഞാനത് വായിച്ചു. എന്തൊക്കെയാണ് അവൻ മറന്നതെന്ന് അറിയാനായി ഞാനവന്റെ ഉള്ളംകൈയ്യിൽ വിരൽ കൊണ്ട് ‘അമ്മ ' എന്നെഴുതി. അവന്റെ ചുണ്ടുകൾ ഇത്തവണ അമ്മയുടെ ‘അ' യിൽ കുരുങ്ങിനിന്നില്ല. ഉള്ളിൽ അവൻ ഉരുവിട്ടു കൊണ്ടേയിരിക്കുന്ന വാക്കായിരുന്നു അത്. അമ്മയെ വായിച്ചതിന്റെ ആഹ്ലാദത്തിൽ ഇടത്തേ കയ്യിന്റെ ചൂണ്ടുവിരൽ കൊണ്ട് അവനെന്റെ വലം കയ്യിന്റെ വെള്ളയിൽ എഴുതി- ‘അപ്പൻ.’
ഞാനവനെ ചേർത്തുപിടിച്ചു, അവന് വേദനിക്കുമെന്നുപോലും ഓർക്കാതെ. പക്ഷേ അവനാ വേദന സഹിച്ചു. നീണ്ട 73 ദിവസത്തിൽ പാതിയും അവൻ ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു. പിന്നെ ബോധത്തിന്റെ നേർത്ത വരമ്പിൽ. ബാക്കി ദിവസങ്ങളിൽ കമ്പനി ഗസ്റ്റ് ഹൗസിൽ. ഇനിയും എന്തോ സർജറി ബാക്കിയുണ്ടെന്ന് സൂപ്പർ വൈസർ പറഞ്ഞുതന്നു.
അവരവനെ താങ്ങിയെടുത്ത് ആശുപത്രി വരാന്തയിലെ വീൽചെയറിൽ വെക്കുമ്പോൾ, അത് പലതായി ചിതറിയ മാംസമാണെന്ന് എനിക്കുതോന്നി. ഇനിയൊരിക്കലും പഴയ പടിയാവാത്ത തുന്നിക്കൂട്ടലുകളുടെ മാംസക്കെട്ട്.
റാസൽ ഖൈമയിലെ ആശുപത്രിയിൽ അവനെ കാത്ത് കമ്പനിയുടെ പി.ആർ.ഒ. നിന്നു. അവന് വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കാതെ പോയി. വണ്ടി നിന്നിട്ടും കുറെ നേരം അവൻ എന്നെ ചേർന്നിരുന്നു. ഓട്ടപ്പാച്ചിലുകളെല്ലാം ഒടുങ്ങിയമർന്ന പ്രാണന്റെ പാതി മിടിപ്പിൽ, അവൻ അവസാനമായി എന്റെ കൈവെള്ളയിൽ ഒരിക്കൽ കൂടി അപ്പാസെന്ന് എഴുതി. കാഴ്ചകളെ മറച്ച് ഉപ്പുജലം കണ്ണിൽ നിറഞ്ഞപ്പോൾ ഞാനവന്റെ കൈ മെല്ലെ എടുത്തുമാറ്റി.
ഞാനെന്തിനാണ് കരയുന്നതെന്ന അമ്പരപ്പിൽ സൂപ്പർവൈസറും
പി.ആർ.ഒയും എന്നെ മിഴിച്ചുനോക്കി. അവരവനെ താങ്ങിയെടുത്ത് ആശുപത്രി വരാന്തയിലെ വീൽചെയറിൽ വെക്കുമ്പോൾ, അത് പലതായി ചിതറിയ മാംസമാണെന്ന് എനിക്കുതോന്നി. ഇനിയൊരിക്കലും പഴയ പടിയാവാത്ത തുന്നിക്കൂട്ടലുകളുടെ മാംസക്കെട്ട്. ആ മാംസക്കെട്ടും ഉന്തിക്കൊണ്ട് പി.ആർ ഒ ആൾക്കൂട്ടത്തിലേക്ക് മറയുമ്പോൾ, എന്റെ തലയിൽ അദൃശ്യമായ ഒരു റോപ്പ് വന്ന് ചുഴറ്റിയടിച്ചു. അതിന്റെ വേദന ചെവിവഴികളിലൂടെ നെഞ്ചിലേക്കിറങ്ങി, നെഞ്ചാകെ കനത്ത്, ഏതുനിമിഷവും വാവിട്ടു കരയാൻ പാകത്തിൽ ഞാനാ വണ്ടിയിൽ കണ്ണുകൾ ഇറുക്കിയടച്ചിരുന്നു.
ഫൈനടച്ച് നാലുദിവസം കൊണ്ട് ദുബായ് എന്ന ദുഃസ്വപ്നത്തിൽ നിന്ന് എനിക്ക് നാട്ടിലേക്ക് ടിക്കറ്റ് കിട്ടി. മാനേജറും സൂപ്പർവൈസർമാരും സൂചിപ്പിച്ച ശമ്പളം കിട്ടിയില്ല. ചോർന്നുപോവാതെ സൂക്ഷിച്ചുവെച്ച അമ്പത് ദിർഹവുമായി വിമാനത്താവളത്തിൽ സമയം കാത്തിരിക്കുമ്പോൾ, മാനേജർ പറഞ്ഞ സ്‌നേഹ വാക്കുകളെ ഓർത്ത് ഞാൻ ചിരിച്ചു.
പിന്നെയും പിന്നെയും തോറ്റുപോവുന്ന ജീവിതമെന്ന ഓട്ടപ്പന്തയത്തിൽ, വന്നതിനേക്കാൾ ദരിദ്രനായി ഞാൻ മടങ്ങി. നാട്ടിൽ എന്റെ വരവും കാത്തിരിക്കുന്ന ഭാര്യക്കും മകൾക്കും മിഠായിപ്പൊതികൾ വാങ്ങാൻ പോലും കാശില്ലായിരുന്നു. ആകെയുള്ള അമ്പത് ദിർഹം, വിമാനമിറങ്ങി വീട്ടിലെത്താനുള്ള വണ്ടിക്കൂലിക്കേ തികയൂ. ഞെക്കിയാൽ ശബ്ദമുണ്ടാവുന്ന വെള്ളാരം കണ്ണുള്ള പാവയെ കൊണ്ടു വരാൻ മകൾ പലവട്ടം പറഞ്ഞേൽപ്പിച്ചതാണ്.
എല്ലാ വേദനകൾക്കും മുകളിൽ ആകാശത്തിന്റെ അനന്തദൂരങ്ങളിലൂടെ തലയില്ലാത്തൊരു കളിപ്പാവ എന്റെ മകളുടെ സ്വപ്നങ്ങൾ മുറിച്ചുകടന്ന് എന്നിലേക്ക് നീന്തിയെത്തി. ▮