അത്​ സ്വർണ ബിസ്​ക്കറ്റായിരുന്നില്ല,
​അമ്മയ്​ക്ക്​ ആവി പിടിക്കാനുള്ള മെഷീനായിരുന്നു...

ജീവിതത്തിലാദ്യമായി ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു. അവനെ സംശയിച്ചതിനും ഭയന്നതിനും സകല ദൈവങ്ങളോടും മാപ്പിരന്നു. അവൻ യാത്ര പറഞ്ഞുപോവുന്നതും, പുറത്ത് കാത്തുനിന്നവരിൽ അമ്മയെ ആദ്യം കെട്ടിപ്പിടിക്കുന്നതും ഒരു സിനിമാകാഴ്ച പോലെ കണ്ടുനിന്നു.

യർപോർട്ടിൽ ഒരു തോൾ ബാഗ് മാത്രം തൂക്കി, മറ്റ് ലഗേജൊന്നും ഇല്ലാതെ നിൽക്കുന്ന എന്റെ അടുത്തുവന്ന് പലരും അവരുടെ അധികമുള്ള ലഗേജ് എന്റെ ലിസ്റ്റിൽ പെടുത്താൻ അഭ്യർത്ഥിച്ചു. ചിലരൊക്കെ അതിന് പണം തരാമെന്നും പറഞ്ഞു. അതിനായി പ്രവർത്തിക്കുന്ന ഏജന്റുമാർ ഇഷ്ടംപോലെ അവിടെയുണ്ടായിരുന്നു. ഏതെങ്കിലുമൊക്കെ ട്രാവൽസിന്റെ ആളുകളായിരുന്നു അവർ.

അതൊന്നും കേട്ടതായി പോലും നടിക്കാതെ ഞാൻ ശൂന്യതയിലേക്ക് നോക്കിനിന്നു. തോണ്ടി വിളിച്ച് ശല്യം ചെയ്തവരോട് ആംഗ്യ ഭാഷയിൽ വിചിത്രശബ്ദങ്ങളുണ്ടാക്കി പൊട്ടനായി അഭിനയിച്ചു. ഗൾഫിലേക്ക് പോവുമ്പോഴും വരുമ്പോഴും ഫ്രീയായി കിട്ടിയ ഉപദേശമാണ്, മറ്റാരുടെയും ഒരു സാധനവും വാങ്ങിപ്പോവരുത് എന്നത്. അങ്ങനെ വാങ്ങി കുടുങ്ങിപ്പോയവരുടെ കഥകളും ഫ്രീയായി തന്നെ വായിച്ചുകിട്ടി. അങ്ങോട്ട് പോവുമ്പോഴും എനിക്കൊരു തോൾ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെക്കിങ്ങ് കൗണ്ടറിൽ വെച്ച് ഊരിമാറ്റാൻ അരയിൽ ബെൽറ്റ് പോലും ഇല്ലായിരുന്നു. ആ തോൾ ബാഗ് സ്‌കാനിങ് മെഷീനിൽ വെക്കാൻ മുതിർന്നപ്പോൾ വേണ്ടെന്നു വിലക്കിയ ഉദ്യോഗസ്ഥൻ, എന്റെ ദേഹ പരിശോധന പോലും കാര്യമായി നടത്തിയില്ല. കാലിൽ ഹവായ് ചെരിപ്പും നിറം മങ്ങിയ പാന്റും ഷർട്ടും ധരിച്ച ഒരു ദരിദ്രവാസി തൊഴിൽതേടി പോവുകയാണെന്ന് അവർക്ക് പെട്ടെന്നുതന്നെ മനസ്സിലാവുമല്ലോ.

ഇപ്പോഴും അതേ ഹവായ് ചെരുപ്പും രണ്ട് ദിർഹം വിലയുള്ള പാന്റും ഷർട്ടും അതേ തോൾ ബാഗും മാത്രമേ എനിക്കുള്ളൂ. പോവുമ്പോൾ ആ ബാഗിൽ അയൽവാസി തന്റെ മകന് തന്നു വിട്ട ബീഫ് ഫ്രൈയും നേർമ പത്തിരിയും ഉണ്ടായിരുന്നു . ഇപ്പോൾ അതും ഇല്ല. അങ്ങനെയൊരാൾക്ക് പണം കൊടുത്തും പ്രലോഭിപ്പിച്ചും സ്വല്പം ഭീഷണിപ്പെടുത്തിയും ലഗേജ് പിടിപ്പിക്കാൻ നോക്കുന്നവരെ കുറ്റം പറയാനും വയ്യല്ലോ.

എല്ലാ പ്രലോഭനങ്ങളിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, ചെക്കിങ്ങിന്റെ തൊട്ടുമുമ്പ് എന്റെ മുമ്പിൽ ഓടിക്കിതച്ച് സെന്തിൽ വന്നുനിന്നു. വിശ്വസിക്കാനായില്ല. അതേ നിറം. അതേ മുഖം. ഭാഷ മാത്രം മലപ്പുറം മലയാളം. അവന്റെ പാന്റിന്റെ കീശയിൽ റബ്ബർ കുരു ഉണ്ടെന്നു പോലും തോന്നിപ്പോയി. വായിലിട്ട് അവൻ ചവയ്ക്കുന്നത് റബ്ബർ കുരുവാണെന്ന് തന്നെ തോന്നി.

ദേഹപരിശോധനയ്ക്കായി എന്നെ തൊട്ട ഉദ്യോഗസ്ഥൻ അരയിൽ ബെൽറ്റില്ലെന്ന് കണ്ട് വഷളൻ ചിരി ചിരിച്ച്, എന്റെ പാൻറ്​ താഴേക്ക് വലിച്ചു നോക്കി. അത് ഊരിപ്പോവില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും അതേ ചിരി ചിരിച്ചു.

തികച്ചും ദയനീയഭാവത്തിൽ അവൻ തന്റെ അധിക ലഗേജ് എന്റെ ലിസ്റ്റിൽ പെടുത്താൻ അഭ്യർത്ഥിച്ചപ്പോൾ, പെരുംചിലമ്പിൽ നിന്ന് വീശിയെത്തിയ കാറ്റിൽ അതിന്റെ സുഗന്ധമുള്ള തണുപ്പിൽ എനിക്ക് പൊട്ടത്തരം അഭിനയിക്കാനോ അരുതെന്ന് പറയാനോ കഴിഞ്ഞില്ല. എന്റെ അർദ്ധസമ്മതത്തിന്റെ മുഖഭാവത്തിൽ നിന്ന്, അവൻ വേഗം തന്റെ കടലാസുപെട്ടിയിൽ ഒട്ടിച്ച വെള്ള മാസ്‌ക്കിങ് ടേപ്പിൽ നീല മാർക്കർ കൊണ്ട് എന്റെ പേരെഴുതി. എന്നിട്ട് തണുതണുത്ത കൈ കൊണ്ട് എന്റെ കയ്യിൽ പിടിച്ച് നന്ദി പറഞ്ഞു. നാടും വീടും വീട്ടുപേരും പറഞ്ഞു.

എന്റെ പേരെഴുതിയ അവന്റെ പെട്ടിയോടൊപ്പം തോൾ ബാഗും എക്‌സ്‌റേ സ്‌ക്രീനിലൂടെ കടന്നുപോയി. ദേഹപരിശോധനയ്ക്കായി എന്നെ തൊട്ട ഉദ്യോഗസ്ഥൻ അരയിൽ ബെൽറ്റില്ലെന്ന് കണ്ട് വഷളൻ ചിരി ചിരിച്ച്, എന്റെ പാൻറ്​ താഴേക്ക് വലിച്ചു നോക്കി. അത് ഊരിപ്പോവില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും അതേ ചിരി ചിരിച്ചു. അക്കണ്ട നേരമെല്ലാം അരയും നാഭിയും കടഞ്ഞ് വേദനിച്ചു.

വിമാനം പുറപ്പെടാൻ കാത്തിരിക്കുമ്പോൾ ഞാൻ ചുറ്റും അവനെ നോക്കി. എങ്ങും കാണാനില്ല. എന്തെങ്കിലും വാങ്ങാൻ പോയതാവും എന്ന ആശ്വാസത്തോടൊപ്പം, പരിശോധനാ കൗണ്ടറിലെ ഉദ്യോഗസ്ഥനോട് അവൻ കളിച്ചുചിരിച്ച് അറബിയിൽ എന്തൊക്കെയോ പറഞ്ഞിരുന്നുവല്ലോ എന്ന ഓർമ ഭയമായി ശിരസ്സിൽ കയറിക്കൂടി. ഇവിടത്തെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുള്ള ഒരാളാണ് അവനെങ്കിൽ, അവന്റെ പെട്ടിയിൽ സ്വർണബിസ്‌കറ്റുകളാണെങ്കിൽ അത് ഇപ്പോൾ എന്റെ പേരിലാണ്. ഭയത്തിന് കഴിക്കുന്ന ഗുളികകൾ തീർന്നിട്ട് രണ്ട് ദിവസമായി. അതിന്റെ അസ്വസ്ഥതകളോടൊപ്പം ഈ സന്ദേഹവും കൂടിയായപ്പോൾ എന്റെ തൊണ്ട വരണ്ടു. അമ്പത് ദിർഹം മാത്രം കീശയിലുള്ള, വില കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച, അരയിൽ ഒരു ബെൽറ്റ് പോലുമില്ലാത്ത സ്വർണക്കടത്തുകാരനെ കോഴിക്കോട് എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയ വലിയ വാർത്ത ഞാനാ ആൾത്തിരക്കിന്റെ പശ്ചാത്തലത്തിൽ വായിച്ചു.

നടക്കാനും ഇരിക്കാനും വയ്യാത്ത ശരീരവേദനയുടെ കൂടെ കാലങ്ങളായി കഴിക്കുന്ന മരുന്ന് മുടങ്ങിയതിന്റെ അസ്വസ്ഥതയും... മുമ്പിൽ വെളിച്ചപ്പൊട്ടുകൾ കാണാൻ തുടങ്ങി.

സ്‌കാനിങ് മെഷീനിലൂടെ കടന്നുപോയ ലഗേജാണ് എന്നതൊന്നും ആശ്വാസമായി തോന്നിയില്ല. കള്ളക്കടത്തുകാർക്ക് ഇവിടുത്തെ കസ്റ്റംസുകാരുമായി നല്ല ബന്ധമുണ്ടാവും. അവരും കൂടി ചേർന്നാവും എന്റെ ലഗേജിലൂടെ സ്വർണം കടത്തുന്നത്. ഭയം ചെവിവഴികളിലൂടെ അരിച്ചിറങ്ങി തൊണ്ടയും കടന്ന്, നെഞ്ചിലെത്തി നെഞ്ചാകെ കനപ്പിച്ച്, വയറ്റിലെത്തി വയറാകെ ഇളക്കി മറിച്ചു.

പലതരം ഭാഷകളും നിറങ്ങളും രൂപങ്ങളും കലങ്ങി മറിയുന്ന ആ കടലിൽ എവിടെയും അവനെ കാണാനില്ല. മഞ്ഞിനേക്കാൾ തണുപ്പുള്ള ആ അന്തരീക്ഷത്തിലും ഞാനിരുന്ന് വിയർത്തു. വിമാനമിറങ്ങി നേരെ ജയിലിലേക്കു പോവുന്ന എന്നെ ഞാൻ വ്യക്തമായും കണ്ടു. തലയാകെ പെരുത്ത്, ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ പാകത്തിൽ ഞാനിരുന്നു. ഭയം ഒന്നിനുപിറകെ ഒന്നായി തലച്ചോറിൽ ഉരുവം കൊണ്ടു. ശരീരമാകെ വെട്ടി വിറച്ചു.

ഒന്നും സംഭവിക്കില്ല, ഒന്നും സംഭവിക്കില്ല എന്ന് പലവട്ടം ഉള്ളിൽ പറഞ്ഞുനോക്കി. ഫലമുണ്ടായില്ല. പലതും സംഭവിക്കും എന്നുതന്നെ അന്നേരത്തെ യുക്തി പറഞ്ഞു കൊണ്ടിരുന്നു. നടക്കാനും ഇരിക്കാനും വയ്യാത്ത ശരീരവേദനയുടെ കൂടെ കാലങ്ങളായി കഴിക്കുന്ന മരുന്ന് മുടങ്ങിയതിന്റെ അസ്വസ്ഥതയും....
മുമ്പിൽ വെളിച്ചപ്പൊട്ടുകൾ കാണാൻ തുടങ്ങി. ഇനിയാ വെളിച്ചപ്പൊട്ടുകൾ വലുതാവും. വലുതായി വലുതായി വലിയ വലയങ്ങളായി മാറും. ഞാൻ ചെറുതാവാൻ തുടങ്ങും. ചെറുതായി ചെറുതായി കടുകുമണിയോളം ചെറുതായി ആ വെളിച്ചത്തിന്റെ വലയങ്ങളിൽ അപ്രത്യക്ഷമാവും.

ഭയത്തിന്റെയും ഭ്രാന്തിന്റെയും ആ മുനമ്പിൽ വെച്ച് ഒരു കൈ എന്നെ തൊട്ടു. തിരിഞ്ഞുനോക്കിയപ്പോൾ അവനാണ്. തെളിഞ്ഞ ചിരി. സെന്തിലിന്റെ അതേ ചിരി. അവനെനിക്ക് ജ്യൂസ് നീട്ടി ഞാനത് വാങ്ങിക്കുടിച്ചു. ബേജാറും വെപ്രാളവും കുറച്ചൊന്ന് മാറിയപ്പോൾ ഞാൻ മടിച്ചു മടിച്ചുചോദിച്ചു, ‘എന്താ ആ പെട്ടീല് ള്ള സാധനം?'

എന്റെ മുഖത്തെ ഭയവും ബേജാറും തിരിച്ചറിഞ്ഞ് കൂടുതൽ തെളിമയോടെ ചിരിച്ച്, അവനെന്റെ തോളിൽ കയ്യിട്ടു, ‘അത് ആവി പിടിക്കാന് ള്ള മെഷീനാണ്. അമ്മക്ക് ശ്വാസം മുട്ടലാണ്. ഇനിയിപ്പൊ വീട്ടിലിരുന്ന് തന്നെ ആവി പിടിക്കാലോ.'

എന്റെ ഭയം പാടെ ഒഴിഞ്ഞു. നിലമ്പൂരിനടുത്ത് ഒരു ഗ്രാമത്തിൽ ശ്വാസം വലിക്കാൻ പ്രയാസപ്പെടുന്ന ആ അമ്മ ഉൾക്കണ്ണിൽ തെളിഞ്ഞു. ഒപ്പം മകനോട് ഒന്നും ആവശ്യപ്പെടാത്ത എന്റെ ഉമ്മയും. വിമാനത്തിൽ കയറി സീറ്റിലിരുന്ന് ഞാൻ എന്നെ തന്നെ കളിയാക്കി ചിരിച്ചു.
‘പേടിത്തൂറി', വയറാകെ ഇളകിമറിഞ്ഞ് തൂറാൻ ഇടം തിരഞ്ഞതാണ്. എവിടെയാണെന്നറിയാത്തതു കൊണ്ട് ആ കലക്കം നിന്നുപോയതാണ്.

വിമാനം ഉയർന്ന് കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉള്ളിലിരുന്ന് മറ്റൊരാൾ പറഞ്ഞു, അത് ആവി പിടിക്കാനുള്ള മെഷീനൊന്നും അല്ല. ആണെന്ന് അവൻ കള്ളം പറഞ്ഞതാണെങ്കിലോ?

ആവും. കള്ളം പറഞ്ഞതാവും. അതിൽ സ്വർണ ബിസ്‌ക്കറ്റുകൾ തന്നെയാവും. കോഴിക്കോട് ഈ വിമാനമിറങ്ങുമ്പോൾ എന്നെ കാത്തിരിക്കുന്നത് ജയിലാവും. പിന്നെയും തലച്ചോറിൽ ചൂട്. ഭയത്തിന്റെ സഞ്ചാരം. വയറ്റിൽ പടക്കം പൊട്ടൽ. അവൻ എന്റെ കൺവെട്ടത്തെ സീറ്റിലൊന്നും ഇല്ല.

ഇനിയവൻ വിമാനത്തിൽ കയറിയിട്ടില്ലെങ്കിലോ? എന്തൊക്കെയാണ് ചിന്തിക്കുന്നത്? ഞാൻ തല കുടഞ്ഞു. ഭയം തെറിച്ചു പോയില്ല. ഒന്നും തെറിച്ച് പോയില്ല. ചുറ്റും ആകാശത്തിന്റെ ശൂന്യത മാത്രം. ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവനെ തിരഞ്ഞു. അവൻ നാല് സീറ്റിനപ്പുറത്ത് മുമ്പിലെ ചെറിയ സ്‌ക്രീനിൽ ഏതോ ഹിന്ദി സിനിമയും കണ്ട് ഇരിക്കുന്നു. മര്യാദകളൊക്കെ മറന്ന് ഞാനവനെ തോണ്ടി വിളിച്ചു. അവൻ എഴുന്നേറ്റു വന്നു. ടോയ്​ലറ്റിന്റെ വാതിൽക്കലെത്തിയപ്പോൾ മടിയൊന്നുമില്ലാതെ ചോദിച്ചു, ‘അല്ലടോ, ആ പെട്ടീല് ആവി പിടിക്കാനുള്ള മെഷീൻ തന്നെയല്ലേ?'

അവൻ ചിരിച്ചില്ല. എന്റെ തോളിൽ കയ്യിട്ടു പറഞ്ഞു, ‘അല്ല , സ്വർണ ബിസ്‌ക്കറ്റാണ്.'

ഞാനവനെ അന്തംവിട്ടു നോക്കി.

‘അതല്ലേ ഇങ്ങളെ സംശയം?'

അതെ എന്ന് ഞാൻ തലയാട്ടി.

ഏത് സമയത്താണാവോ കുറച്ച് പണം ലഭിക്കാനായി, ഈ പൊട്ടന്റെ ലഗേജിൽ തന്റേതു കൂടി വെക്കാൻ തോന്നിയതെന്ന് അവൻ സ്വയം ശപിച്ചിരിക്കണം. ഇങ്ങള് സീറ്റിൽ പോയിരിക്കീ, ആ സ്വർണം ആരും പിടിക്കൂല, എന്നുപറഞ്ഞ് അവൻ അവന്റെ സീറ്റിലേക്ക് പോയി. ഞാൻ ഭയം തൂറിക്കളയാൻ ടോയ്​ലറ്റിലേക്കും. മടങ്ങി വരുമ്പോൾ അവനുണ്ട് മുമ്പിലത്തെ സീറ്റിന്റെ പിറകുവശത്തെ ചെറിയ സ്‌ക്രീനിൽ അമിതാഭ് ബച്ചന്റെ സിനിമ ആസ്വദിച്ചുകാണുന്നു.

കുറച്ചു ദൂരം നടന്ന്, ഓട്ടം വന്ന് മടങ്ങിപ്പോവുന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കയറി. രാമനാട്ടുകരയെത്തിയപ്പോൾ ഒരു ഫാൻസിക്കടയിൽ കയറി മോൾക്ക് പാവ വാങ്ങി. വെള്ളാരം കണ്ണുകളുള്ള ഒരു സുന്ദരിപ്പാവ.

തൂറിയത് കൊണ്ടോ അവന്റെ ലാഘവത്വം കണ്ടതു കൊണ്ടോ എന്നറിയില്ല, പിന്നെ എനിക്ക് ഭയം തോന്നിയില്ല. പകരം അതുവരെ ഒളിച്ചിരുന്ന നാഭീവേദന തിരിച്ചു കിട്ടി. അതിന്റെ സൂചിമുനകൾ എണ്ണി ഞാനിരുന്നു. വിമാനം കരിപ്പൂര് എയർപോർട്ടിൽ ഇറങ്ങി, പുറത്തു കടന്ന്, ചെക്കിങ്ങിനുള്ള നീണ്ട വരിയിൽ നിൽക്കുമ്പോൾ ലഗേജിന്റെ നടപടിക്രമങ്ങളൊന്നും അറിയാത്ത ഞാൻ, മുമ്പിൽ കാണുന്ന യൂണിഫോം ധാരികളെയൊക്കെ പേടിയോടെ നോക്കി.

എന്തായാലും നാട്ടിലെത്തിയല്ലോ. വീട്ടിലെത്തിയാലും ചികിത്സയ്ക്കുള്ള പണമില്ലാതെ നട്ടം തിരിയണമെന്ന അറിവോർമ്മയിൽ പിടിക്കുന്നെങ്കിൽ പിടിക്കട്ടെ എന്ന ചിന്തയിലേക്ക് ഞാൻ മാറി.ഏറെ നേരത്തെ കാത്തിരിപ്പിനും സൂചിമുനകൾക്കും ശേഷം പുറത്തുകടന്നപ്പോൾ ആശ്വാസം തോന്നി. ചില്ലു വാതിലുകൾക്കപ്പുറം വിദൂരതയിലായി മലകളും തെങ്ങിൻ തലപ്പുകളും കണ്ടപ്പോൾ മനസ്സ് കുളിർത്തു. എന്റെ തോൾ ബാഗ് ഞാൻ ലഗേജിൽ ഇട്ടിരുന്നില്ല. അതും തോളിൽ തൂക്കി പുറത്തേക്കിറങ്ങാൻ നോക്കുമ്പോൾ, അവൻ ഓടിവന്ന് എന്നെ കൂട്ടിപ്പിടിച്ച് ചോദിച്ചു, ‘ഇപ്പോ സംശയും പേടിയും മാറീലേ? പൊന്നാര കാക്കാ സ്വർണം കടത്താൻ ള്ള ബുദ്ധിയൊന്നും ഇൻക്കില്ല.’

സോമശേഖരൻ എന്നായിരുന്നു ആ നിലമ്പൂരുകാരന്റെ പേര്. അവൻ എന്നോട് അവിടെത്തന്നെ നിൽക്കാൻ പറഞ്ഞിട്ട്, ഓടിപ്പോയി അവന്റെ പെട്ടികളും ബാഗും എന്റെ പേരെഴുതിയ പെട്ടിയും, ഒരു ട്രോളിയിൽ വെച്ച് ഉന്തിക്കൊണ്ടു വന്നു. അവനെ കൊണ്ടുപോവാൻ ബന്ധുക്കൾ വന്നിരുന്നു. അവരുടെ അടുത്തേക്ക് പോവും മുമ്പ്, അവൻ പാന്റിന്റെ കീശയിൽ നിന്ന് അഞ്ഞൂറിന്റെ ഒറ്റ നോട്ടെടുത്ത് എനിക്ക് നീട്ടി. വാങ്ങാൻ മടിച്ചു നിന്നപ്പോൾ കീശയിൽ തിരുകി തന്നു.

ആ അഞ്ഞൂറ് രൂപയ്ക്ക് എനിക്കപ്പോൾ അഞ്ച് ലക്ഷത്തിന്റെ മൂല്യമുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു. അവനെ സംശയിച്ചതിനും ഭയന്നതിനും സകല ദൈവങ്ങളോടും മാപ്പിരന്നു. അവൻ യാത്ര പറഞ്ഞു പോവുന്നതും, പുറത്ത് കാത്തുനിന്നവരിൽ അമ്മയെ ആദ്യം കെട്ടിപ്പിടിക്കുന്നതും ഒരു സിനിമാകാഴ്ച പോലെ കണ്ടുനിന്നു.

പിന്നെ അമ്പത് ദിർഹം മാറി ഇന്ത്യൻ രൂപയാക്കി മാറ്റി അതും കീശയിലിട്ട് പുറത്തു കടന്ന്, കുറച്ചു ദൂരം നടന്ന്, ഓട്ടം വന്ന് മടങ്ങിപ്പോവുന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കയറി. രാമനാട്ടുകരയെത്തിയപ്പോൾ ഒരു
ഫാൻസിക്കടയിൽ കയറി മോൾക്ക് പാവ വാങ്ങി. വെള്ളാരം കണ്ണുകളുള്ള ഒരു സുന്ദരിപ്പാവ.

എന്റെ പരിസരങ്ങളിൽ ഗൾഫിൽ നിന്ന് പച്ചക്കറിയും മീനുമായി മടങ്ങിവരുന്ന ആദ്യത്തെ ഗൾഫുകാരൻ ഞാനായിരുന്നു. അതിന്റെ പേരിൽ ഭാര്യയുടെ ബന്ധുക്കൾ കുറേക്കാലം എന്നെ കളിയാക്കുമായിരുന്നു.

കോട്ടക്കൽ എത്തിയപ്പോൾ ചന്തയിൽ കയറി പച്ചക്കറിയും മീനും വാങ്ങി. ഓട്ടോക്കാരന് അത്ഭുതമൊന്നും തോന്നിയില്ല. ഗൾഫെന്ന സ്വപ്നവുമായി കടൽ കടന്ന് പോയവർ, ഒരു കിലോ തക്കാളി പോലും വാങ്ങാൻ പണമില്ലാതെ വർഷങ്ങൾക്കുശേഷം മടങ്ങിവരുന്നതും, തന്റെ ഓട്ടോക്കൂലി വീടണഞ്ഞ ശേഷം അവിടുന്ന് വാങ്ങിത്തരുന്നതും അയാൾ എത്രയോ കണ്ടതാണ്.

പക്ഷേ എന്റെ പരിസരങ്ങളിൽ ഗൾഫിൽ നിന്ന് പച്ചക്കറിയും മീനുമായി മടങ്ങിവരുന്ന ആദ്യത്തെ ഗൾഫുകാരൻ ഞാനായിരുന്നു. അതിന്റെ പേരിൽ ഭാര്യയുടെ ബന്ധുക്കൾ കുറേക്കാലം എന്നെ കളിയാക്കുമായിരുന്നു. കളിയാക്കിയവരിൽ അധികവും സ്ത്രീകളായിരുന്നു. ഞാൻ അനുഭവിച്ച ഇരുമ്പിൻ കാട്ടിലെ ദുരിതങ്ങളിൽ, അവിടുത്തെ തീ തോൽക്കുന്ന ചൂടിൽ അരമണിക്കൂർ അവർക്ക് വെറുതെ നിൽക്കേണ്ടിവന്നാൽ പോലും ആ സ്ത്രീകളുടെ കളിയാക്കൽ പൊട്ടിക്കരച്ചിലായി മാറുമെന്ന് ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments