മുനീറാത്തയുടെ
​കണ്ണീരിൽ കുതിർന്ന അന്നം

എനിക്ക് വിവാഹ പ്രായമായിരുന്നെങ്കിൽ, എന്നേക്കാൾ എത്രയോ വയസ്സിനു മൂത്ത അവരെ ഞാൻ വിവാഹം കഴിക്കുമായിരുന്നു. കുട്ടിയായും സുഹൃത്തായും അമ്മയായും ഭാര്യയായും സഹോദരിയായും എനിക്ക് അവർ മാത്രം മതിയായിരുന്നു.

ടക്കാലത്ത് ഞാൻ കോഴിപ്പറമ്പെന്ന സ്ഥലത്ത് ഒരു പെയിൻറ്​ നിർമാണ കമ്പനിയിൽ ജോലി നോക്കിയിരുന്നു. വാർണീഷും ജപ്പാൻ ബ്ലാക്കും സ്‌റ്റൈനറും ടർപ്പന്റയിനുമൊക്കെ ഉണ്ടാക്കുന്ന ആ സ്ഥാപനത്തിന്റെ കെമിസ്റ്റായിരുന്നു ഞാനെന്ന്, വേണമെങ്കിൽ ഒരു ഗമയ്ക്ക് പറയാം. വാർണീഷും ജപ്പാൻ ബ്ലാക്കുമൊക്കെ ഉണ്ടാക്കുന്നത് വലിയ വിറകടുപ്പിൽ തകരവീപ്പകൾ വെച്ചാണ്. കുറച്ച് അപകടം പിടിച്ച പണിയായിരുന്നു അത്. വാർണീഷിനുവേണ്ട പന്തത്തിന്റെ കട്ടയും തുരിശും ഉരുകി വരുമ്പോൾ, അതിലേക്ക് മണ്ണെണ്ണ ഒഴിക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. അടിയിൽ ആളുന്ന തീയിലേക്ക്​ മണ്ണെണ്ണ ഇറ്റിയാൽ, ആ വലിയ വീപ്പയൊന്നാകെ തീപിടിക്കും. ടാറിന്റെ കട്ടകൾ പൊട്ടിച്ചിട്ട് ഉരുക്കി അതിലേക്ക് കരിഓയിലും മണ്ണെണ്ണയും ഒഴിച്ചാണ് ജപ്പാൻ ബ്ലാക്ക് ഉണ്ടാക്കുന്നത്. അപ്പോഴും തീപിടിക്കാൻ സാധ്യത ഏറെയാണ്.

ചൂടിന്റെ ആ തിരമാലകളിൽ, നാറാണത്ത് ഭ്രാന്തനും അഗസ്ത്യ ഹൃദയവും വയലാറിന്റെ അശ്വമേധവുമൊക്കെ മധുസൂദനൻ നായരുടെ ശബ്ദത്തിൽ എന്നെ വന്ന് തൊട്ട് തണുപ്പിച്ചു.

ആ തീക്കുണ്ഡത്തിനരികിൽ വിയർത്തുകുളിച്ച് ചർമവും എല്ലും വരെ പൊള്ളിപ്പിടഞ്ഞ് ജോലിയെടുക്കുമ്പോൾ എനിക്കുള്ള ഏക ആശ്വാസം,
ചെറിയൊരു ടേപ്പ് റെക്കോർഡറിൽ കാസറ്റുകളിട്ട്, മധുസൂദനൻ നായരുടെ കവിതകൾ കേൾക്കലായിരുന്നു. മണ്ണെണ്ണ ഒഴിക്കേണ്ട നേരം വരെ സ്ഥാപനത്തിന്റെ ഉടമ എനിക്ക് നിർദ്ദേശങ്ങളും ആജ്ഞകളും തന്ന്​ തൊട്ടടുത്തുതന്നെയുണ്ടാവും. വലിയ ബാരൽ താങ്ങിപ്പിടിച്ച് ഞാനാ തകര വീപ്പയിലെ തിളയ്ക്കുന്ന ടാറിലേക്ക് മണ്ണെണ്ണ ഒഴിക്കുമ്പോൾ മൂപ്പർ അവിടുന്ന് ഇറങ്ങിപ്പോവും. എങ്ങാനും വല്ല അപകടവും പറ്റിയാൽ സ്വന്തം തടി രക്ഷിക്കാലോ. അക്കാലത്ത് എന്റെ കൈകളിലും കാലുകളിലും രോമങ്ങളുണ്ടായിരുന്നില്ല. അവയൊക്കെയും ജീവിതം പോലെ പൊള്ളുന്ന ആ ചൂടിൽ കരിഞ്ഞുപോയി.

ചൂടിന്റെ ആ തിരമാലകളിൽ, നാറാണത്ത് ഭ്രാന്തനും അഗസ്ത്യ ഹൃദയവും വയലാറിന്റെ അശ്വമേധവുമൊക്കെ മധുസൂദനൻ നായരുടെ ശബ്ദത്തിൽ എന്നെ വന്ന് തൊട്ട് തണുപ്പിച്ചു. അഗസ്ത്യഹൃദയം തേടി നോവിന്റെ ശൂലമുന കയറുന്ന രഘുരാമനും, രാശിപ്രമാണങ്ങൾ മാറിയിട്ടോ നീച രാശിയിൽ വീണുപോയിട്ടോ എന്നറിയാതെ ഒരദ്വൈതി ഉരുട്ടിക്കയറ്റിയ കല്ലുകളും, ഉടവാള് വിറ്റ് മണിപ്പൊൻ വീണ വാങ്ങിയ നേരിന്റെ ഉടമയുമൊക്കെ എനിക്ക് കുളിർകാറ്റായി മാറി.

എത്ര തവണ മതിയെന്ന് പറഞ്ഞാലും അവർ വീണ്ടും വീണ്ടും എന്റെ പാത്രത്തിലേക്ക് ഭക്ഷണം വിളമ്പിയിടും. അതൊക്കെ തിന്ന് തീർത്തിട്ട് എഴുന്നേറ്റ് നടക്കാൻ ഞാൻ പാടുപെടുന്നത് അവർ വാത്സല്യത്തോടെ കണ്ടുനിൽക്കുമായിരുന്നു.

സ്ഥാപനത്തിന്റെ ഉടമ വെളുത്ത് ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. ചുവന്ന തുടുത്ത ആ കവിളുകളിലേക്ക് അക്കാലത്ത് ഞാൻ അസൂയയോടെ നോക്കുമായിരുന്നു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും അയാൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഭാര്യക്ക് എന്തോ ചെറിയ കുഴപ്പമുണ്ടെന്നും അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്നും പലരിൽ നിന്നായി ഞാൻ മനസിലാക്കിയിരുന്നു.

അവരൊരു പാവം സ്ത്രീയായിരുന്നു. മുതലാളിയുടെ വീട്ടിൽ നിന്നാണ് എനിക്ക് ഉച്ചഭക്ഷണം കിട്ടിയിരുന്നത്. ആ രണ്ടുനില വീടിന്റെ ഗാംഭീര്യത്തിനും സൗന്ദര്യത്തിനും ഉള്ളിൽ അവർ ഏകയായി തല കുനിച്ചുനടന്നു. അധികമൊന്നും സംസാരിച്ചില്ല. ഞാൻ എത്തും മുമ്പേ അവർ എനിക്കുള്ള ഭക്ഷണം വിളമ്പി മേശപ്പുറത്ത് വെച്ചിട്ടുണ്ടാവും. ആദ്യമൊക്കെ നിറയെ ടാറും സ്‌റ്റൈനറും പുരണ്ട വസ്ത്രങ്ങളുമായി ഞാനാ വൃത്തിയുള്ള കസേരകളിൽ ഇരിക്കാൻ മടിച്ച് നിലത്തിരുന്നാണ് ഭക്ഷണം കഴിച്ചത്. പക്ഷേ അവരെന്നെ ബലമായി പിടിച്ച് എണീപ്പിച്ച് ഒരു കുട്ടിയെ താങ്ങിയിരുത്തും പോലെ ആ കസേരയിൽ പിടിച്ചിരുത്തി. കുട്ടികളില്ലാത്ത അവർക്ക് ഞാനെന്ന പത്തൊമ്പതുകാരൻ അഞ്ചു വയസ്സുകാരനായി തോന്നിയിരിക്കണം. വിഷാദത്തിന്റെ മഞ്ഞുപടലങ്ങൾ മൂടിയ കണ്ണുകളായിരുന്നു അവർക്ക്. അപൂർവമായി വിടരുന്ന ചിരിക്ക് കാർമേഘങ്ങളിൽ നിന്ന് പുറത്തുവന്ന പൂർണചന്ദ്രന്റെ ശോഭയുണ്ടായിരുന്നു. എത്ര തവണ മതിയെന്ന് പറഞ്ഞാലും അവർ വീണ്ടും വീണ്ടും എന്റെ പാത്രത്തിലേക്ക് ഭക്ഷണം വിളമ്പിയിടും. അതൊക്കെ തിന്ന് തീർത്തിട്ട് എഴുന്നേറ്റ് നടക്കാൻ ഞാൻ പാടുപെടുന്നത് അവർ വാത്സല്യത്തോടെ കണ്ടുനിൽക്കുമായിരുന്നു. ഓരോരുത്തർക്ക് നാലും അഞ്ചും കുട്ടികളെ കൊടുക്കുന്ന ദൈവങ്ങളോട് ഞാനവർക്ക് വേണ്ടി കലഹിച്ചു, ദൈവങ്ങളെ ചീത്ത വിളിച്ചു.

ഞാനവിടെ ജോലി തുടങ്ങി ആറുമാസം കഴിയുമ്പോഴാണ് മുതലാളി അവരെ മൊഴി ചൊല്ലുന്നത്. ആ കർമത്തിന്റെ തീരുമാനം അവർ അറിഞ്ഞതുകൊണ്ടാവണം, അവരെന്റെ മുമ്പിൽ ഒരുച്ചനേരത്ത് യാതൊരു ലജ്ജയുമില്ലാതെ കരഞ്ഞത് .
എനിക്കായി വിളമ്പിയ അന്നത്തിലേക്ക് അവരുടെ കണ്ണീര് അടർന്നുവീഴുന്നത് ഞാൻ അമ്പരപ്പോടെ കണ്ടിരുന്നു. ചോറ് കുഴക്കുന്ന എന്റെ കയ്യിലേക്ക് തീച്ചൂടുമായി ഒരു കണ്ണീർത്തുള്ളി വന്നുവീണപ്പോൾ വാർണീഷിന്റെ തകരവീപ്പകൾക്ക് തീപിടിച്ചാലെന്ന വണ്ണം, ആ അന്നത്തിന്റെ മുമ്പിലിരുന്ന് ഞാൻ പൊള്ളിപ്പിടഞ്ഞു. അവരെ ആശ്വസിപ്പിക്കാൻ എനിക്കപ്പോൾ ഒറ്റ വാക്കും കിട്ടിയില്ല. എന്റെ തൊണ്ടയിൽ ചോറ് തടഞ്ഞുനിന്നു. ആകെ ഉലഞ്ഞു കത്തുന്ന അവരുടെ മുമ്പിൽ തികച്ചും നിസ്സഹായനായി ഞാനിരുന്നു.

അവരെന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോഴും തൊണ്ടയിൽ തടഞ്ഞ അന്നവുമായി ഞാൻ ഒരു വിഡ്ഢിയെപ്പോലെ ഇരുന്നു. എന്തുപറഞ്ഞാണ് ഞാനവരെ ആശ്വസിപ്പിക്കുക?

പൊരിച്ച മീനിന്റെ കണ്ടങ്ങൾ ചോറിലേക്ക് വെച്ചുതരുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു, കണ്ണീരുപ്പു രുചിക്കുന്ന ആ വാക്കുകൾ ഞാൻ കേൾക്കുന്നുണ്ടായിരുന്നു; ‘ഇനി മോന് ചോറ് വെളമ്പിത്തരാൻ മുനീറാത്ത ണ്ടാവില്ല. വേറെ ഏതെങ്കിലും താത്ത വരും. മോൻ മടി കാട്ടി ഇരിക്കരുത് നല്ലോണം തിന്നണം, തിന്നാലേ ആരോഗ്യണ്ടാവൂ ...'

അവരെന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോഴും തൊണ്ടയിൽ തടഞ്ഞ അന്നവുമായി ഞാൻ ഒരു വിഡ്ഢിയെപ്പോലെ ഇരുന്നു. എന്തുപറഞ്ഞാണ് ഞാനവരെ ആശ്വസിപ്പിക്കുക? ഒരു കുഞ്ഞിനുവേണ്ടിയുള്ള അവരുടെ നിലയ്ക്കാത്ത പ്രാർത്ഥനകളെല്ലാം പാഴായിപ്പോയതിൽ അവരെക്കാൾ വേദന എനിക്കുണ്ടായിരുന്നു.

കൈ പോലും കഴുകാതെ ഞാൻ അവിടുന്ന് ഇറങ്ങുമ്പോൾ,
എനിക്ക് വിവാഹപ്രായമാവാത്തതിൽ ഞാൻ സങ്കടപ്പെട്ടു.
ആ വെയിൽ വഴികളിലൂടെ നടക്കുമ്പോൾ എന്റെ കയ്യിൽ അന്നത്തിന്റെ ഈർപ്പം ഉണങ്ങിപ്പിടിക്കുമ്പോൾ ഞാൻ ചിന്തിച്ചത് അങ്ങനെയാണ്.
എനിക്ക് വിവാഹ പ്രായമായിരുന്നെങ്കിൽ, എന്നേക്കാൾ എത്രയോ വയസ്സിനു മൂത്ത അവരെ ഞാൻ വിവാഹം കഴിക്കുമായിരുന്നു. കുട്ടിയായും സുഹൃത്തായും അമ്മയായും ഭാര്യയായും സഹോദരിയായും എനിക്ക് അവർ മാത്രം മതിയായിരുന്നു.

ഫാക്ടറിക്കുമുമ്പിലെ ചെമ്മൺ പാതയിലൂടെ ഒരു ചുവന്ന മാരുതി കാർ കടന്നുപോയി. അതിനുള്ളിൽ ചുവന്ന പട്ടുസാരിയുമുടുത്ത് ഒരു മയ്യത്തിന്റെ നിർവികാരതയുമായി അവരിരുന്നു. അവരെ ഞാൻ അവസാനമായി കണ്ടത് അന്നാണ്.

പിറ്റേന്ന് വൈകിട്ട് ഫാക്ടറിക്കുമുമ്പിലെ ചെമ്മൺ പാതയിലൂടെ ഒരു ചുവന്ന മാരുതി കാർ കടന്നുപോയി. അതിനുള്ളിൽ ചുവന്ന പട്ടുസാരിയുമുടുത്ത് ഒരു മയ്യത്തിന്റെ നിർവികാരതയുമായി അവരിരുന്നു. അവരെ ഞാൻ അവസാനമായി കണ്ടത് അന്നാണ്. കാറിന്റെ ചില്ലിലൂടെ അവരെന്നെ നോക്കി. ആ ചില്ലു മറവിനപ്പുറത്ത് പെയ്യാനോങ്ങി നിന്നത് ഒരായിരം കർക്കിടകമേഘങ്ങളായിരുന്നു. ജീവനോടെ കത്തിയമരുന്നത് ഒരു മനുഷ്യസ്ത്രീയായിരുന്നു. ആ ഹൃദയത്തിൽ തൊട്ട തീ എനിക്ക് അന്നം വിളമ്പി തന്ന കയ്യിന്റെ ഉടമയുടെതാണെന്ന തിരിച്ചറിവിൽ ഞാനാ പാതയോരത്തെ പൊടിമണ്ണിൽ തളർന്നിരുന്നു. പുറം ചാടാനായി എന്റെ ഹൃദയം അതിവേഗത്തിൽ മിടിച്ചു. സ്‌നേഹസ്പർശങ്ങളുടെ സങ്കടക്കടലുകൾ
എന്റെയുള്ളിൽ ഇരമ്പിയാർത്തു. അതിന്റെ ഉപ്പുജലം തീപ്പൊള്ളലായി എന്റെ ദേഹമാകെ പടർന്നു.

ചെമ്മൺ പാതയ്ക്കപ്പുറം ടാറിട്ട റോഡിലേക്കുകടന്ന്, ആ കാറ് വേഗത കൂട്ടി എന്റെ കൺമുമ്പിൽ നിന്ന് എന്നെന്നേക്കുമായി മറഞ്ഞു. ഏറെ നേരം ഞാനാ പൊരി വെയിലത്തിരുന്നു. മുതലാളി എന്റെ ഇരുത്തം ശ്രദ്ധിക്കാത്ത മട്ടിൽ മുമ്പിലൂടെ പലവട്ടം നടന്നു.

പിന്നീടവിടെ ജോലി നോക്കിയ കുറഞ്ഞ കാലത്തിൽ എനിക്ക് ഭക്ഷണം വിളമ്പി തന്നത് മറ്റൊരു സ്ത്രീയാണ്. കോഴികൾ തൂറിപ്പരത്തിയ, പുറത്തെ തിണ്ണയിൽ അവരെനിക്ക് ഭക്ഷണം വിളമ്പി വെച്ചു. വെറും മണ്ണിൽ പടിഞ്ഞിരുന്ന് ഞാനെന്റെ ദുരിതജീവിതത്തിന്റെ ഗന്ധങ്ങളുമായി ആ ഭക്ഷണവും തിന്നു.

ഞാനാ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിക്ക് കയറി രണ്ടാമത്തെ മാസം മുനീറ താത്താന്റെ പുനർവിവാഹം നടന്നു. അഞ്ച് മാസം കഴിഞ്ഞപ്പോൾ അവർ ഗർഭിണിയായ ശുഭ വാർത്തയും എന്നെ തേടിയെത്തി. രണ്ടാം വിവാഹം കഴിഞ്ഞിട്ടും അച്ഛനാവാതെ, ചുവന്നുതുടുത്ത കവിൾ കൂടുതൽ ചുവപ്പിക്കാൻ എന്റെ പഴയ മുതലാളി തങ്കഭസ്മം പാലിൽ കലക്കി കുടിച്ചുകൊണ്ടേയിരുന്നു. ഇതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ ഒരുപാട് വർഷങ്ങളായി. മുനീറ താത്താക്ക് ഇന്ന് രണ്ട് കുട്ടികളുണ്ട്. ഭാര്യ മരിച്ച ഒരാളാണ് അവരെ വിവാഹം കഴിച്ചത്.

എന്റെയാ പഴയ തങ്കഭസ്മ മുതലാളി ആ ഭാര്യയയും ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു. അതിലും മൂപ്പർക്ക് കുട്ടികളുണ്ടായില്ല. സ്വന്തം കുറവുകൊണ്ട് കുട്ടികളുണ്ടാവാത്തതിന്റെ കുറ്റം, ഭാര്യയുടെ തലയിൽ കെട്ടി വെച്ച് ഒമ്പത് വർഷം കൂടെ ജീവിച്ച മുനീറ താത്താനെ മൊഴി ചൊല്ലിയ അയാൾക്ക് ഏത് ദൈവങ്ങളാണ് മാപ്പ് കൊടുക്കുക? ദൈവങ്ങൾ കൊടുക്കാത്ത മാപ്പ് അയാൾ മൊഴി ചൊല്ലിയവർ എങ്ങനെ കൊടുക്കാനാണ്?

അന്നത്തെ കാലത്ത് മുനീറ താത്താക്ക് വലിയൊരു തുക നഷ്ടപരിഹാരമായി തങ്കഭസ്മ മുതലാളിക്ക് കൊടുക്കേണ്ടി വന്നിരുന്നു. പക്ഷേ അവരുടെ ഒമ്പത് വർഷത്തെ ജീവിതനഷ്ടം, ചുറ്റുമുള്ളവർ ‘മച്ചി’യെന്നുവിളിച്ച് അടക്കം പറഞ്ഞ് ചിരിച്ചതിന്റെ കണക്കുകളിൽ ഒതുങ്ങാത്ത നഷ്ടം ബാക്കിയാണ്.

തീരുന്നില്ല ...

ഒരു പെൺജന്മത്തിന്റെ ഒമ്പതുവർഷത്തെ ചെറുതും വലുതുമായ നഷ്ടങ്ങളെ ഏത് സമ്പത്ത് കൊണ്ടാണ് അയാൾ നികത്തുക? തനിക്കൊരു കുഴപ്പവുമില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിട്ടും അത് മറ്റാരോടും പറയാതെ, അയാളുടെ കൂടെ ജീവിച്ച കാലത്തിന്, ഈ ഭൂമി മുഴുവനായി തന്നെ പകരം കൊടുത്താലും മതിയാവില്ലെന്ന് അയാൾ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന്, കുറച്ചു ദിവസം മുമ്പ് തമ്മിൽ സംസാരിക്കേണ്ടി വന്നപ്പോൾ ഞാൻ വേദനയോടെ തിരിച്ചറിഞ്ഞു.

മനുഷ്യൻ എന്നത് അത്ര മനോഹരമായ പദമൊന്നുമല്ല പ്രിയപ്പെട്ട കവീ ... ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments