എഴുതാതെ വയ്യ,
​ചില കുടിയിരിക്കൽ വേദനകൾ

ഗർഭത്തിൽ ചുമന്നതിന്റെയോ നൊന്ത് പ്രസവിച്ചതിന്റെയോ മുലയൂട്ടിയതിന്റെയോ കണക്കുകൾ പറയാനില്ലാത്ത പ്രിയപ്പെട്ട മനുഷ്യാ, ഞാനും രണ്ട് പെൺകുട്ടികളുടെ പിതാവാണ്. വിയർപ്പ് പൊടിഞ്ഞ നിങ്ങളുടെ നെറ്റി എന്നിലേക്ക് ചേർത്തുപിടിക്കുക. എനിക്കാ നെറ്റിയിൽ ഉമ്മ വയ്ക്കണം.

ങ്ങളുടെ നാട്ടിലെ മനോഹരമായ ഒരു ആചാരമാണ് വിവാഹിതയായ മകൾ വീട് വെച്ച് മാറുമ്പോൾ ആ വീട്ടിലേക്ക്, ഉപ്പുമുതൽ ഫ്രിഡ്ജ് വരെ അവളുടെ വീട്ടിൽ നിന്ന് വാങ്ങി കൊടുക്കുക എന്നത്. സമ്പന്നർ ആരെങ്കിലും തുടങ്ങിവെച്ചതാവും ഈ മനോഹാരിത. സമ്പത്തുള്ളവർക്കും ഏതാണ്ട് ഇടത്തരക്കാർക്കും ഇതൊരു ആഘോഷമാണ്. പക്ഷേ സാധാരണക്കാർക്ക് ഈ മനോഹാരിത താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്. ആ വീടുപണിക്ക് തന്നെ ചെറുതല്ലാത്ത സംഖ്യ കടം വാങ്ങിയോ ആധാരം പണയം വെച്ച് ലോൺ എടുത്തോ മരുമകന് കൊടുത്തിട്ടുണ്ടാവും. അതിനൊക്കെ മുമ്പ് അവളുടെ വിവാഹത്തിന് പലരിൽ നിന്നും നാണം കെട്ട് കടം വാങ്ങിയിരിക്കും.

ഇതൊക്കെ കഴിഞ്ഞ് കുടിയിരിക്കലിന് (ഗൃഹപ്രവേശം) ആ വീട്ടിലേക്കുവേണ്ട ഫർണിച്ചറും ചട്ടിയും കലവും ഫ്രിഡ്ജും വിറകും വരെ വാങ്ങിക്കൊടുക്കേണ്ട മനോഹാരിതയിൽ പെട്ട് ഒരുപാട് മാതാപിതാക്കൾ ശ്വാസം മുട്ടുന്നുണ്ട്. യാതൊരു ഉളുപ്പുമില്ലാതെ ഇത് സ്വീകരിക്കുന്നവരും ചോദിച്ചുവാങ്ങുന്നവരുമുണ്ട്. അപൂർവം ചിലർ ഭാര്യവീട്ടിൽ നിന്ന് തന്റെ വീട്ടിലേക്ക് ഒറ്റ വസ്തുവും വേണ്ട എന്നും പറയാറുണ്ട്. ഒരു പിതാവ് തന്റെ മകളുടെ ഗൃഹപ്രവേശത്തിന് സന്തോഷത്തോടെ സമ്മാനങ്ങൾ കൊടുക്കുന്നതും മറ്റൊരു പിതാവ് നാണംകെട്ട് കടം വാങ്ങി കൊടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. ഇനി പറയുന്നത് എന്റെ പഴയ അയൽവാസിയുടെ കാര്യമാണ്. ആർക്ക് നൊന്താലും അപമാനമായി തോന്നിയാലും ശരി, ഇത് എഴുതാതെ വയ്യ.

എന്റെ അയൽവാസി ഓട്ടോ ഡ്രൈവറായിരുന്നു. ഒരു മകളും മകനുമാണ് അയാൾക്കുള്ളത്. മകളായിരുന്നു മൂത്തത്. മക്കളുടെ വിദ്യാഭ്യാസ ചെലവ് തന്നെ ഓട്ടോ ഓടിച്ച് കിട്ടുന്ന പണം കൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് അയാൾ നടത്തിയിരുന്നത്. മകൾക്ക് വിവാഹപ്രായം ആവും മുമ്പ് സ്വന്തമായി ഒരു വീടുണ്ടാവാൻ, ഓട്ടോ വിറ്റും കടംവാങ്ങിയും മരുഭൂമികളുടെ നാട്ടിലേക്ക് അയാൾ യാത്രയായി. അഞ്ച് വർഷം അവിടത്തെ അറബിയുടെ ആട്ടും തുപ്പും സഹിച്ച്, ഹൗസ് ഡ്രൈവറായി ജോലിയെടുത്തപ്പോൾ ആറ് സെന്റിൽ ഒരു ചെറിയ വീടുണ്ടായി. അതിന്റെ കടം വീട്ടാൻ പിന്നെയും അയാൾ സൗദിയിലേക്ക് പോയി.

ഉരുകിയൊലിക്കുന്ന സൂര്യനു കീഴിൽ, പകലൊക്കെ അറബിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയും കൊണ്ടുവന്നും, അവരുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോയും കൊണ്ടുവന്നും, വീട്ടിലേക്കുവേണ്ട സാധനങ്ങൾ വാങ്ങിയും തീരും.

ഹൗസ് ഡ്രൈവറുടെ ജോലി എടുക്കുകയോ അത്​ കണ്ടുനിൽക്കേണ്ടിവരികയോ ചെയ്തിട്ടുള്ളവർക്ക്, ആ അടിമപ്പണിയുടെ ദുരിതദൂരങ്ങളെയും, ഉറക്കം കിട്ടാത്ത രാത്രികളെയും മനസ്സിലാക്കാനാവും. പകലൊക്കെ കിടന്നുറങ്ങുന്ന അറബിച്ചികൾ രാത്രിയാണ് സർക്കീട്ടിനിറങ്ങുക. ഉരുകിയൊലിക്കുന്ന സൂര്യനു കീഴിൽ, പകലൊക്കെ അറബിയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയും കൊണ്ടുവന്നും, അവരുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോയും കൊണ്ടുവന്നും, വീട്ടിലേക്കുവേണ്ട സാധനങ്ങൾ വാങ്ങിയും തീരും. അതുകഴിഞ്ഞ് ആ ഇടുങ്ങിയ മുറിയിൽ ചൂട് സഹിച്ച്, വിശപ്പ് സഹിച്ച്, ഒന്ന് മയങ്ങാൻ നോക്കുമ്പോൾ, ഒരു പെപ്‌സിക്കോ ഒരു പാക്കറ്റ് കുബൂസിനുവേണ്ടിയോ കിലോമീറ്ററുകളോളം ഹൗസ് ഡ്രൈവർക്ക് വണ്ടി ഓടിക്കേണ്ടിവരും. ഉച്ചനേരത്തെ ഭക്ഷണം വൈകീട്ട് കഴിച്ച്, നടു നിവർത്താൻ നോക്കുമ്പോഴേക്കും അറബിച്ചി ഉണർന്നൊരുങ്ങി സർക്കീട്ടിന് തയ്യാറായിട്ടുണ്ടാവും. അവരെയും കൊണ്ട് നഗരങ്ങളിലെ ഓരോ മാളിലേക്കും ഓടിത്തളർന്ന് കുടിവെള്ളം പോലുമില്ലാതെ, നാടിനെയും മക്കളെയും ഭാര്യയെയും ഓർത്ത് നെടുവീർപ്പിട്ട്, പുലരുവോളം ഉറക്കമിളച്ച് ഹൗസ് ഡ്രൈവർക്ക് തെരുവിൽ നിൽക്കേണ്ടിവരും.

ഹൗസ് ഡ്രൈവറുടെ ജോലി എടുക്കുകയോ അത്​ കണ്ടുനിൽക്കേണ്ടിവരികയോ ചെയ്തിട്ടുള്ളവർക്ക്, ആ അടിമപ്പണിയുടെ ദുരിതദൂരങ്ങളെയും, ഉറക്കം കിട്ടാത്ത രാത്രികളെയും മനസ്സിലാക്കാനാവും
ഹൗസ് ഡ്രൈവറുടെ ജോലി എടുക്കുകയോ അത്​ കണ്ടുനിൽക്കേണ്ടിവരികയോ ചെയ്തിട്ടുള്ളവർക്ക്, ആ അടിമപ്പണിയുടെ ദുരിതദൂരങ്ങളെയും, ഉറക്കം കിട്ടാത്ത രാത്രികളെയും മനസ്സിലാക്കാനാവും

നാലുവർഷം കൂടി അവിടെ പണിയെടുത്തപ്പോൾ മകളുടെ വിവാഹത്തിനുവേണ്ട കുറച്ച് പണം എന്റെ അയൽവാസി ഉണ്ടാക്കി. മകളുടെ വിവാഹം ഗംഭീരമായി നടന്നു. കടം ബാക്കിയായി. വീണ്ടും അതേ നരകത്തീയിലേക്ക് അയാൾ യാത്രയായി. മകൻ നാട്ടിൽ ഓട്ടോ ഓടിക്കാൻ തുടങ്ങിയപ്പോൾ, വീട്ടുചെലവ്​ അവൻ നോക്കിത്തുടങ്ങി. കല്യാണത്തിന്റെ കടം വീടും മുമ്പ് മകളുടെ പ്രസവമായി. (ആദ്യ പ്രസവത്തിന്റെ എല്ലാ ചെലവുകളും വഹിക്കേണ്ടത് പെണ്ണിന്റെ വീട്ടുകാരാണെന്ന അതിമനോഹരമായ ആചാരവും ഞങ്ങളുടെ നാട്ടിലുണ്ട്). പ്രസവവും കഴിഞ്ഞ് മക്കളായി, ആ മക്കൾ സ്‌കൂളിലേക്ക് പോയിത്തുടങ്ങിയിട്ടും അയാൾക്ക് ആ നരകത്തീയിൽ നിന്ന് മടങ്ങിവരാനായില്ല. രണ്ടുവർഷത്തിലൊരിക്കൽ മൂന്ന് മാസത്തെ ലീവിന് നാട്ടിൽ വന്ന് പോവുന്ന ആ മനുഷ്യനെ നാട്ടിലാർക്കും പരിചയം ഇല്ലാതെയായി. നാട് ഒരുപാട് മാറി. നാട് ഒരുപാട് വളർന്നു. ആളുകൾ ഒരുപാട് മാറി. ആളുകൾ ഒരുപാട് വളർന്നു.

54 വയസ്സുള്ള അയാൾ എനിക്ക് ഒറ്റ ഉപദേശമേ തന്നിട്ടുള്ളൂ: ‘നാട്ടിൽ കിട്ടുന്ന തൊഴിലെടുത്ത് ജീവിക്കുക, പട്ടിണിയായാലും വാടകവീടായാലും ഗൾഫിലേക്ക് പോവരുത്.’

ഒടുവിൽ പ്രഷറും ഷുഗറും കൊളസ്‌ട്രോളും ഒക്കെ സമ്മാനമായി വാങ്ങി അയാൾ നാട്ടിലേക്ക് എന്നെന്നേക്കുമായി മടങ്ങിവന്നു. ആ വീട് പെയിൻറ്​ ചെയ്യുമ്പോൾ ഞാൻ കണ്ടത് പണ്ട് ഓട്ടോ ഓടിച്ചിരുന്ന സുമുഖനായ യുവാവിന്റെ എക്‌സ്-റേ പ്രിൻറ്​ പോലുള്ള ഒരു മനുഷ്യക്കോലത്തെയാണ്. സൗദിയിൽ കുറഞ്ഞ നിരക്കിൽ കിട്ടുന്ന കോഴിയും പെപ്‌സിയും തിന്നും കുടിച്ചുമാണ്, അയാൾക്ക് അസുഖങ്ങൾ ഉണ്ടായത്. മകൻ വിവാഹം കഴിഞ്ഞ് കുറച്ചുകാലം ഭാര്യയോടൊപ്പം കഴിഞ്ഞ് അവനും ഉപ്പ പോയ അതേ നരകത്തിലേക്ക് സ്വപ്നങ്ങളെ ഭാണ്ഡം കെട്ടി യാത്രയായി. വീട്ടുചെലവ് നടത്താൻ അയാൾ വീണ്ടും ഓട്ടോ ഓടിച്ചു. 54 വയസ്സുള്ള അയാൾ എനിക്ക് ഒറ്റ ഉപദേശമേ തന്നിട്ടുള്ളൂ: ‘നാട്ടിൽ കിട്ടുന്ന തൊഴിലെടുത്ത് ജീവിക്കുക, പട്ടിണിയായാലും വാടകവീടായാലും ഗൾഫിലേക്ക് പോവരുത്.’

എന്നിട്ടും ഞാൻ ഗൾഫിലേക്ക് പോയി. പോയതിന്റെ ഫലം അനുഭവിച്ചപ്പോൾ പോക്കും നിർത്തി. പലപ്പോഴും അയാൾ വഴിവക്കിലെ ഏതെങ്കിലും മരത്തണലിൽ ഓട്ടോ നിർത്തിയിട്ട് തളർന്നുറങ്ങുന്നത് കാണാം. പ്രമേഹരോഗിയായ ആ മനുഷ്യൻ പഞ്ചസാരയിട്ട് ഒരു ചായ കുടിക്കാൻ ഒരുപാട് ആഗ്രഹിച്ചു. ഒരു ചായയൊക്കെ കുടിക്കാം എന്നുപറഞ്ഞ് ഞാനെത്ര നിർബന്ധിച്ചാലും അയാൾ കുടിക്കില്ല. കിടപ്പിലായിപ്പോയാൽ ഭാര്യയും മക്കളും എടങ്ങേറാവും എന്നാണ് അയാൾ പറയാറ്.

മകനും ഉപ്പ നടന്ന അതേവഴികളിലൂടെ തന്നെ നടന്നു. രണ്ടുവർഷം കൂടുമ്പോൾ നാട്ടിലേക്ക്, മൂന്നുമാസത്തെ ലീവിന് വരും. വളരെ അടുത്ത സുഹൃത്തുക്കളെ മാത്രം കണ്ട്, ബന്ധങ്ങൾ പുതുക്കി ഭാര്യയോടൊപ്പം കഴിഞ്ഞ് മടങ്ങിപ്പോവും. അവരുടെ വീടിനടുത്തുതന്നെ മരുമകൻ സ്ഥലം വാങ്ങിയതും അവിടെ വീട് പണി നടക്കുന്നതും ഒക്കെ അയാൾ എനിക്ക് പറഞ്ഞുതരുമായിരുന്നു. നിറയെ മുടി ഉണ്ടായിരുന്ന അയാളുടെ തലയിൽ നരച്ച കുറച്ചു രോമങ്ങൾ മാത്രം പോയ കാലത്തിന്റെ ഓർമയായി അവശേഷിച്ചു. ആ കൺതടങ്ങളിലെ കറുപ്പും, തൊലിയിലെ ചുളിവുകളും ഞാൻ കാണുന്നുണ്ടായിരുന്നു. ഇൻസുലിൻ എടുക്കുന്നതിന്റെ അടയാളങ്ങൾ അയാളുടെ കാൽമസിലുകളിൽ തെളിഞ്ഞ് കാണാമായിരുന്നു.

പ്രമേഹരോഗിയായ ആ മനുഷ്യൻ പഞ്ചസാരയിട്ട് ഒരു ചായ കുടിക്കാൻ ഒരുപാട് ആഗ്രഹിച്ചു.
പ്രമേഹരോഗിയായ ആ മനുഷ്യൻ പഞ്ചസാരയിട്ട് ഒരു ചായ കുടിക്കാൻ ഒരുപാട് ആഗ്രഹിച്ചു.

മകളുടെ വീടുപണിക്ക് സഹായിക്കാൻ ഓട്ടോയുടെ ആർ സി ബുക്ക്, സേട്ടുവിന്റെ അടുത്ത് പണയംവെച്ച് കൊള്ളപ്പലിശയ്ക്ക് പണം വാങ്ങി കൊടുത്തത് മുതൽ, അയാൾ വിശ്രമമില്ലാതെ ഓട്ടോ ഓടിച്ചു. പെർമിറ്റില്ലാത്ത സ്ഥലങ്ങളിൽ ഓടി മറ്റ് ഓട്ടോക്കാരുടെ ചീത്ത വിളി കേട്ടു. ജീവിതം തന്നെ മറന്നുള്ള ഓട്ടത്തിനിടയിൽ കാക്കി ഇടാൻ മറന്നതിന് എത്രയോ തവണ പിഴ അടച്ചു.

ഒരായുഷ്‌കാലത്തിന്റെ സമ്പാദ്യമാണ് ആ വീട്. നീണ്ട എട്ട് വർഷം പല പല വാടകവീടുകളിൽ പാർത്ത്, ആശിച്ചുമോഹിച്ചുണ്ടാക്കിയ വീടാണ്. ഇനിയീ പ്രായത്തിൽ ഓട്ടോ ഓടി ആ ആധാരം തിരിച്ചെടുക്കാൻ തനിക്ക് കഴിയില്ലെന്ന് അയാൾക്ക് നല്ലപോലെ അറിയാം.

ഒരാഴ്ച മുമ്പ് അയാൾ വീടിന്റെ ആധാരം കോട്ടക്കൽ സഹകരണ ബാങ്കിൽ പണയം വെച്ചു. മകളുടെ വീട് പണിയൊക്കെ കഴിഞ്ഞ്, വീട് കുടിയിരിക്കാറായി. ആ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങണം. അയാളുടെ ആ പറച്ചിലിലെ കണ്ണീർ നനവ് ഞാൻ കണ്ടു. ഒരായുഷ്‌കാലത്തിന്റെ സമ്പാദ്യമാണ് ആ വീട്. നീണ്ട എട്ട് വർഷം പല പല വാടകവീടുകളിൽ പാർത്ത്, ആശിച്ചുമോഹിച്ചുണ്ടാക്കിയ വീടാണ്. ഇനിയീ പ്രായത്തിൽ ഓട്ടോ ഓടി ആ ആധാരം തിരിച്ചെടുക്കാൻ തനിക്ക് കഴിയില്ലെന്ന് അയാൾക്ക് നല്ലപോലെ അറിയാം. പക്ഷേ മകൾക്ക് ഒരു കുറവും വരരുത്. ഭർത്താവിന്റെ ബന്ധുക്കളുടെ മുമ്പിൽ അവൾക്ക് തല കുനിക്കേണ്ടി വരരുത്. ലോൺ എടുത്ത പണത്തിന് അയാൾ കട്ടിലുകളും അലമാരയും മിക്‌സിയുമടക്കം ഒരു വീട്ടിലേക്ക് വേണ്ടതൊക്കെ വാങ്ങി. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും, ബ്രാൻഡും വരെ മരുമകൻ അയാൾക്ക് എഴുതി കൊടുത്തിരുന്നു. ഇരിക്കുന്ന കൂര പണയം വെച്ച് കിട്ടിയ കാശിന്, അയാൾ ആ ലിസ്റ്റിലെ സാധനങ്ങൾ ഓരോന്നും വാങ്ങി. കുട്ടിക്കാലത്ത് മകൾക്ക് പുത്തനുടുപ്പു എടുക്കുമ്പോൾ അനുഭവിച്ച ആനന്ദത്തോടെ, അതിനേക്കാൾ ഉത്സാഹത്തോടെ അയാൾ എന്റെ മുമ്പിലൂടെ നടന്നു. ലോറിയിൽ കയറ്റിയ സാധനങ്ങളെ, തൊട്ടിൽ കുഞ്ഞിനെ എടുക്കുന്ന കരുതലോടെ എടുത്ത് ഇറക്കിവെച്ചു. അയാളുടെ ഭാര്യ, മകളെ വയറ്റിൽ ചുമന്ന കാലത്തെ അതേ സ്‌നേഹത്തോടെ, സാധനങ്ങൾ ഇറക്കി വെക്കാൻ ഭർത്താവിനെ സഹായിച്ചു.

ലോൺ എടുത്ത പണത്തിന് അയാൾ കട്ടിലുകളും അലമാരയും മിക്‌സിയുമടക്കം ഒരു വീട്ടിലേക്ക് വേണ്ടതൊക്കെ വാങ്ങി. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും, ബ്രാൻഡും വരെ മരുമകൻ അയാൾക്ക് എഴുതി കൊടുത്തിരുന്നു.
ലോൺ എടുത്ത പണത്തിന് അയാൾ കട്ടിലുകളും അലമാരയും മിക്‌സിയുമടക്കം ഒരു വീട്ടിലേക്ക് വേണ്ടതൊക്കെ വാങ്ങി. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റും, ബ്രാൻഡും വരെ മരുമകൻ അയാൾക്ക് എഴുതി കൊടുത്തിരുന്നു.

മരുമകൻ എല്ലാം കണ്ട് നിന്നു. ആറുപേർക്ക് ഉപയോഗിക്കാവുന്ന ഡൈനിങ് ടേബിൾ കണ്ട് അവന്റെ മുഖം വാടി. അവൻ ഭാര്യയോട് എന്തോ സ്വകാര്യം പറഞ്ഞു. ഭാര്യ ആ സ്വകാര്യം ഉമ്മാന്റെ കാതിൽ പറഞ്ഞു. ഉമ്മ അത് മടിച്ച് മടിച്ച് ഭർത്താവിന്റെ കാതിലും പറഞ്ഞു; ‘എട്ട് പേർക്ക് ഉപയോഗിക്കാവുന്ന ടേബിളാണെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.’

അവസാനത്തെ നോട്ടും ചെലവായിക്കഴിഞ്ഞ അയാൾ ഭാര്യയെ മിഴിച്ച് നോക്കിയില്ല. മകളെയോ മരുമകനെയോ നോക്കിയില്ല. ആരെയും നോക്കിയില്ല തലതാഴ്ത്തി പിടിച്ച് ആ മനുഷ്യൻ ഈ കവലയിലൂടെ നടന്നു. അയാൾ ആകെ വിയർത്ത് കുളിച്ചിരുന്നു. വലിയ ടേബിളാണ് അയാളും വാങ്ങാൻ ഉദ്ദേശിച്ചത്. പക്ഷേ അതിന് പണം തികയില്ലായിരുന്നു.

അയാൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ ആരുമുണ്ടാവില്ല. എല്ലാവരും ഭക്ഷണം കഴിച്ചോ എന്ന് അയാൾക്ക് അന്വേഷിച്ചേ പറ്റൂ.

തന്റെ മകൾ ഈ ഭൂമിയിലേക്ക് വരുന്നതും കാത്ത്, താൻ നിന്ന ആശുപത്രിയുടെ ആ തണുത്ത അന്തരീക്ഷം അയാളുടെ ഉള്ളിൽ അപ്പോൾ തെളിഞ്ഞിരിക്കണം. അവൾക്കായി വാങ്ങിയ കുഞ്ഞുടുപ്പുകൾ, അവളുടെ വിരൽ പിടിച്ച് നടന്ന പാതകൾ, തന്റെ വിരൽ വിട്ട് അവൾ ഓടിപ്പോയ സ്‌കൂൾമുറ്റം, ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിക്കാൻ അവൾ വീടുവിട്ടിറങ്ങിയ ആ ദിവസം, അവളുടെ കണ്ണിൽ പൊടിഞ്ഞ കണ്ണീര് തന്റെ ഉള്ളിൽ കടലായി ഇരമ്പിയിട്ടും ഒരു തുള്ളി പോലും പുറത്തേക്ക് വരാതെ നെഞ്ച് കടയിച്ചതിന്റെ വേദനയത്രയും അയാൾ ഒരിക്കൽ കൂടി അനുഭവിച്ചിരിക്കണം. അറബിച്ചികളുടെ ചെരുപ്പും പിടിച്ച്, അവരുടെ പിന്നാലെ താൻ നടന്ന വഴികളെ അയാൾ ഓർത്തിരിക്കണം. പ്ലസ് ടുവിന് ഫുൾ എ പ്ലസ് വാങ്ങിയ മകളെ ചേർത്തുനിർത്തി നിറുകയിൽ ചുംബിക്കാൻ കഴിയാതെ താൻ നിന്ന് കരഞ്ഞ ആ ഇടുങ്ങിയ മുറിയെ അയാൾ ഓർത്തിരിക്കണം. ഓർമകളുടെ തിരമാലകളിൽ ആടിയുലഞ്ഞ്, അയാൾ ഫർണിച്ചർ വാങ്ങിയ കടയുടെ മുതലാളിയുടെ വീട്ട് വാതിൽക്കൽ ഭിക്ഷക്കെന്ന പോലെ കാത്തുനിന്നു. വാങ്ങിയ ടേബിൾ മാറ്റി പുതിയത് വാങ്ങുമ്പോൾ കൊടുക്കേണ്ട പണത്തിന് അവധി ചോദിക്കാൻ.

തന്റെ മകൾ ഈ ഭൂമിയിലേക്ക് വരുന്നതും കാത്ത്, താൻ നിന്ന ആശുപത്രിയുടെ ആ തണുത്ത അന്തരീക്ഷം അയാളുടെ ഉള്ളിൽ അപ്പോൾ തെളിഞ്ഞിരിക്കണം.
തന്റെ മകൾ ഈ ഭൂമിയിലേക്ക് വരുന്നതും കാത്ത്, താൻ നിന്ന ആശുപത്രിയുടെ ആ തണുത്ത അന്തരീക്ഷം അയാളുടെ ഉള്ളിൽ അപ്പോൾ തെളിഞ്ഞിരിക്കണം.

പഴയ മേശ മടക്കി പുതിയത് വാങ്ങി അതും വണ്ടിയിൽ കയറ്റി അയാൾ ഈ പാതയിലൂടെ പോയി. ഇനി രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ആ പുതിയ വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ അയാൾക്ക് നെഞ്ചിടിപ്പോടെ നിൽക്കേണ്ടിവരും. മരുമകന്റെ ബന്ധുക്കൾ, അയാൾ വാങ്ങിയ സാധനങ്ങളുടെ കുറ്റവും കുറവും കണ്ട് പിടിച്ച് ഉറക്കെ പറയുന്നത് കേൾക്കാൻ അയാൾ അവിടെ വേണം. അയാൾക്ക് അവിടെ നിന്നേ പറ്റൂ. ബന്ധുക്കളോട് ചിരിച്ചേ പറ്റൂ.

അയാൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാൻ ആരുമുണ്ടാവില്ല. എല്ലാവരും ഭക്ഷണം കഴിച്ചോ എന്ന് അയാൾക്ക് അന്വേഷിച്ചേ പറ്റൂ. വിവാഹത്തിന്റെ അന്ന് മകൾ ഇറങ്ങിപ്പോയ വീട്ടിലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ, അവളില്ലാത്ത ശൂന്യതയിൽ, ഉറക്കം കിട്ടാതെ അയാൾ നടന്ന് തീർത്ത ദൂരമത്രയും ഈ ഗൃഹപ്രവേശത്തിന്റെ രാത്രിയിലും അയാൾക്ക് നടക്കേണ്ടതുണ്ട്.

ഗർഭത്തിൽ ചുമന്നതിന്റെയോ നൊന്ത് പ്രസവിച്ചതിന്റെയോ മുലയൂട്ടിയതിന്റെയോ കണക്കുകൾ പറയാനില്ലാത്ത പ്രിയപ്പെട്ട മനുഷ്യാ, ഞാനും രണ്ട് പെൺകുട്ടികളുടെ പിതാവാണ്. വിയർപ്പ് പൊടിഞ്ഞ നിങ്ങളുടെ നെറ്റി എന്നിലേക്ക് ചേർത്തുപിടിക്കുക. എനിക്കാ നെറ്റിയിൽ ഉമ്മ വയ്ക്കണം. നിങ്ങളുടെ മകൾക്കുവേണ്ടി, ഭാര്യക്കുവേണ്ടി, അൽപ്പനായ മരുമകനു വേണ്ടി, മുഴുവൻ ലോകത്തിനു വേണ്ടിയും എനിക്കെന്റെ ചുണ്ട് നിങ്ങളുടെ വിയർപ്പിന്റെ ഉപ്പിലേക്ക് ചേർത്ത് പിടിക്കേണ്ടതുണ്ട്.

അരികിലേക്ക് വാ മനുഷ്യാ... ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments