മുഷിഞ്ഞ വസ്​ത്രവും തൊലിനിറവും​കള്ളനാക്കി മാറ്റുന്ന ഒരു സമൂഹത്തിൽ, ഭയത്തോടെ...

കാലമിത്ര കഴിഞ്ഞ് ഈ കുറിപ്പെഴുതുമ്പോഴും ആ സന്ധ്യയുടെ വേദനകളും കാഴ്ചകളും അപമാനവും എന്നിൽനിന്ന് തെറിച്ചുപോയിട്ടില്ല. തൊലിയുടെ നിറം കൊണ്ടും മുഷിഞ്ഞ വസ്ത്രങ്ങൾ കൊണ്ടും ഒരാളെ കള്ളനാക്കാൻ കഴിയുന്ന, വേണ്ടിവന്നാൽ തല്ലിക്കൊല്ലാൻ വരെ തയ്യാറാവുന്ന ഒരു സമൂഹത്തിൽ തന്നെയാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത് എന്നറിയുമ്പോൾ ഭയപ്പെടാതെ വയ്യ.

കുറച്ചുകാലം മുമ്പാണ്.
മകന് നാല് വയസ്​. അവൻ ഗുസ്തിക്കാരുടെയും ക്രിക്കറ്റ് കളിക്കാരുടെയും ഫോട്ടോയുള്ള കാർഡുകെട്ടുകൾ കൊണ്ട്, രാപ്പകലില്ലാതെ കളിക്കും. കെട്ട് ഒന്നിന് രണ്ട് രൂപ മാത്രം വിലയുള്ളതിനാൽ ഞാനവന് അത് ധാരാളമായി വാങ്ങി കൊടുത്തിരുന്നു. കളിച്ചുകളിച്ച് ചെക്കൻ അതിന് അഡിക്റ്റായി. ദിവസം അഞ്ചു കെട്ട് കാർഡെങ്കിലും കിട്ടണം. ഞാൻ പണി കഴിഞ്ഞ് വരും മുമ്പ്, അവൻ പഴയ കാർഡൊക്കെ പൊട്ടക്കിണറ്റിലിട്ട് പുതിയതിന് കാത്തുനിൽക്കുന്നുണ്ടാവും. പുതിയ കാർഡ് കിട്ടിയാൽ അവന് പിന്നെ മറ്റൊന്നും വേണ്ട.

ഒരു വ്യാഴാഴ്ച മറ്റെന്തൊക്കെയോ വിചാരങ്ങളിൽ പെട്ട് ഞാൻ കാർഡ് വാങ്ങാൻ മറന്നുപോയി. അവനാകെ ബഹളമായി. കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് എറിഞ്ഞു. അലറിക്കരഞ്ഞു. അന്നേരത്ത് കടകളൊക്കെ അടച്ചിട്ടുണ്ടാവും, നാളെ വാങ്ങിത്തരാം എന്നുപറഞ്ഞ്, അവന്റെ കുറെ അടിയും തൊഴിയും ഏറ്റുവാങ്ങി ഞാൻ ഉറങ്ങാൻ കിടന്നു. അവൻ ഉമ്മാനെ കെട്ടിപ്പിടിച്ച് തേങ്ങിത്തേങ്ങി കരഞ്ഞു.

ഞാൻ പണി കഴിഞ്ഞ് വരും മുമ്പ്, അവൻ പഴയ കാർഡൊക്കെ പൊട്ടക്കിണറ്റിലിട്ട് പുതിയതിന് കാത്തുനിൽക്കുന്നുണ്ടാവും.
ഞാൻ പണി കഴിഞ്ഞ് വരും മുമ്പ്, അവൻ പഴയ കാർഡൊക്കെ പൊട്ടക്കിണറ്റിലിട്ട് പുതിയതിന് കാത്തുനിൽക്കുന്നുണ്ടാവും.

പിറ്റേന്ന് വെള്ളിയാഴ്ചയായതിനാൽ രാവിലെ തന്നെ വിറക് കൊണ്ടുവരാൻ പോയി. ഉണങ്ങിയ തെങ്ങ് മുറിച്ചിട്ട്, കണ്ടങ്ങളാക്കി ചുമന്ന്, കയറ്റം കയറി കിതച്ച്, മേലാകെ മണ്ണും ചളിയും പുരണ്ട് പണി തീർത്തപ്പോൾ സമയം പതിനൊന്നര. പന്ത്രണ്ട് മണിയാവുമ്പോൾ ഇവിടങ്ങളിൽ, വെള്ളിയാഴ്ച കടകൾ അടക്കും. പിന്നെ ഉച്ചക്കുശേഷം മൂന്ന് മണിയൊക്കെ കഴിഞ്ഞിട്ടാണ് തുറക്കാറ്. അവൻ ചായ പോലും കുടിക്കാതെ വാശിപിടിച്ച് കരയുകയാണ്.
‘ശ്ശെടാ ഇവനിത് മറന്നില്ലേ?' എന്ന തമാശച്ചിന്തയൊന്നും ഫലം കണ്ടില്ല. പകരം ഏതാണ്ട് അവന്റെ പ്രായത്തിൽ, അഞ്ച് പൈസയുടെ മിഠായിക്ക് വാശി പിടിച്ച് കരഞ്ഞ്, ഒച്ച പോയി ശ്വാസം വലിക്കാൻ പറ്റാതെ, ഞാൻ തളർന്നുവീണതാണ് ഓർമ വന്നത്.

ഒറ്റ വാക്കുകൊണ്ട് എന്റെ വിധി മാറി, ആൾക്കൂട്ടത്തിന്റെ തല്ലുകൊണ്ട് ചോരയൊലിപ്പിച്ച്, ആ മുറ്റത്ത് കിടക്കുന്ന എന്നെ ഞാൻ കണ്ടു. വിവരമറിഞ്ഞ് ഓടിയെത്തിയ ഭാര്യയെ കണ്ടു. ഉപ്പാന്റെ ചോര കണ്ട് കരയുന്ന എന്റെ മക്കളെ കണ്ടു.

പിന്നെ ഒട്ടും കാത്തുനിൽക്കാതെ ഞാൻ മുഷിഞ്ഞ കള്ളിത്തുണിയും,
ചളി പുരണ്ടതും കീറിയതുമായ കുപ്പായവുമായി കവലയിലേക്കോടി. ആ വാടകവീട്ടിൽ ഞങ്ങൾ താമസം തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ആളുകളുമായി ഇടപഴകുന്നതിലും അവരുടെ വിശേഷങ്ങൾ ചോദിക്കുന്നതിലും എന്നും പിന്നോട്ടായതിനാൽ, എനിക്കവിടെ കാര്യമായ ബന്ധങ്ങളില്ല.

കാണുമ്പോൾ ചിരിക്കാനുള്ള പരിചയക്കാർ പോലുമില്ല. ഇടവഴിയും കടന്ന് മെയിൻ റോഡിലെത്തിയിട്ടും, ഓട്ടത്തിനും നടത്തത്തിനും ഇടയിലെ വേഗതയിലാണ് ഞാൻ. കടകളടച്ചാൽ പിന്നെ മൂന്ന് മണിക്കേ തുറക്കൂ. അതുവരെ ചെക്കൻ നിന്ന് തൊള്ള കീറിയാൽ അവന്റെ ശ്വാസം മുട്ടും. ചിലപ്പോൾ തളർന്നു വീണെന്നും വരാം. ഒരു കാർഡ് വരുത്തി വെക്കുന്ന പൊല്ലാപ്പുകളെ ഓർത്ത് തലതാഴ്ത്തിപ്പിടിച്ച് ഞാൻ ഓടി. പാതയിൽ അധികം ആളുകളും വാഹനങ്ങളുമില്ലാത്ത ആ ഉച്ചനേരത്ത്, ഇങ്ങനെ ഓടുന്നവനെ പലരും തുറിച്ചുനോക്കിയിരിക്കണം.

ഏതാണ്ട് അവന്റെ പ്രായത്തിൽ, അഞ്ച് പൈസയുടെ മിഠായിക്ക് വാശി പിടിച്ച് കരഞ്ഞ്, ഒച്ച പോയി ശ്വാസം വലിക്കാൻ പറ്റാതെ, ഞാൻ തളർന്നുവീണതാണ് ഓർമ വന്നത്.  / Photo: Pexels
ഏതാണ്ട് അവന്റെ പ്രായത്തിൽ, അഞ്ച് പൈസയുടെ മിഠായിക്ക് വാശി പിടിച്ച് കരഞ്ഞ്, ഒച്ച പോയി ശ്വാസം വലിക്കാൻ പറ്റാതെ, ഞാൻ തളർന്നുവീണതാണ് ഓർമ വന്നത്. / Photo: Pexels

ഒരാൾ എന്നെ കൈ കൊട്ടി വിളിക്കുകയും ചെയ്തു. കട അടച്ചേക്കുമെന്ന പേടിയിൽ ഞാനത് മൈൻഡ് ചെയ്യാതെ ഓട്ടം തുടർന്നു. കവലയിലെത്തി അഞ്ചുകെട്ട് കാർഡ് വാങ്ങി കീശയിലിട്ടപ്പോഴാണ് സമാധാനമായത്. ഞാൻ പോയ വേഗത്തിൽ തന്നെ തിരികെ നടന്നു. ചെക്കൻ ഇന്നലെ വൈകീട്ട് മുതൽ ഇന്നേരം വരെ ഒന്നും കഴിച്ചിട്ടില്ല. അവന് വിശക്കുന്നുണ്ടാവും. വാശി കാരണം ഒന്നും ശാപ്പിടാത്തതാണ്.

അങ്ങോട്ട് പോയപ്പോൾ കൈ കൊട്ടി വിളിച്ച മനുഷ്യൻ, ഇങ്ങോട്ട് വന്നപ്പോൾ എന്നെ തടഞ്ഞു നിർത്തി.

‘വിളിച്ചാ നിന്നൂടേ ടാ അനക്ക്?'
‘എന്താ കാര്യം? ഞാൻ ലേസം തെരക്കിലാണ്'
‘അന്റെ ഒലക്കീലെ തെരക്ക്. എവിടേണ് അന്റെ നാട്?'
‘ഇവിടെ തന്നെ’
‘ഇവ്‌ടെ എവ്‌ടെയാ ഇജ് പാർക്ക്ണ്ടത്?'
ഞാൻ വീട്ടുടമയുടെ പേര് പറഞ്ഞു. അയാൾക്ക് ആ വീട് മനസിലായി കാണണം.
‘ഇജ് ഇപ്പളല്ലാതെ കൊറച്ച് മുമ്പ് ഇതിലേ പോയീന്നോ?'
‘ഇല്ല’, ഞാൻ പറഞ്ഞു.
‘പൊള്ള് പറയര്ത്'
ഞാനാകെ അന്തം വിട്ടെങ്കിലും, പറഞ്ഞു; ‘ഇല്ലാന്ന്. ഞാൻ രാവിലെ മുതൽ വെറക് ണ്ടാക്കണ പണിയിലാണ് ഇങ്ങക്കെന്താ വേണ്ടത്?'
അയാളുടെ മുഖത്തെ ഭാവം മാറി. അവിടേക്ക് ദേഷ്യം ചോരയോടൊപ്പം ഇരച്ചുകയറി; ‘ഇന്റെ കുട്ടിന്റെ മാല കാണാൻ ല്ല'
എനിക്ക് ചിരിയാണ് വന്നത്.
‘അതിന് ഞാനെന്ത് വേണം കാക്കാ?'
പിന്നെ അയാൾ പറഞ്ഞത് ഇപ്പഴും, ഇക്കാലമത്രയും കഴിഞ്ഞിട്ടും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്.
‘ഇജ് അത് ഇട്ത്തുക്കുണെങ്കി ഇങ്ങട്ട് തന്നാളാ'

അങ്ങോട്ട് പോയപ്പോൾ കൈ കൊട്ടി വിളിച്ച മനുഷ്യൻ, ഇങ്ങോട്ട് വന്നപ്പോൾ എന്നെ തടഞ്ഞു നിർത്തി.
അങ്ങോട്ട് പോയപ്പോൾ കൈ കൊട്ടി വിളിച്ച മനുഷ്യൻ, ഇങ്ങോട്ട് വന്നപ്പോൾ എന്നെ തടഞ്ഞു നിർത്തി.

ഞാനാകെ ബേജാറായി. കണ്ണിൽ ഇരുട്ടുകയറി. ചെന്നിക്കുത്ത് ആരംഭിക്കുന്നതു പോലെ, തലയാകെ തരിക്കുന്നു. പാതയിൽ വെയിലാളുന്നു. വെള്ളിയാഴ്ച ഉച്ച സമയമായതിനാൽ പള്ളിയിലേക്ക് ആളുകൾ പോവുന്ന നേരമാണ്. എന്തുപറയണമെന്നറിയാതെ ഞാനിത്രയും പറഞ്ഞൊപ്പിച്ചു; ‘എനിക്കെന്തിനാ നിങ്ങളെ കുട്ടിന്റെ മാല? ഞാൻ നിങ്ങളെ കുട്ടിനെ ഇതുവരെ കണ്ടിട്ട് പോലുമില്ല.'

കരച്ചിലിന്റെ വക്കത്ത് ഞാൻ തെന്നിനിൽക്കുന്നത് കണ്ടിട്ടാവണം,
അയാളെന്നോട് കാര്യം വിശദീകരിച്ച് പറഞ്ഞു. മൂപ്പരുടെ മകന്റെ കുട്ടി മുറ്റത്തുനിന്ന് കളിക്കുമ്പോ, ഏതോ കാക്ക വന്ന് വർത്താനം പറഞ്ഞ്, മാല ഊരിക്കൊണ്ടുപോയി. കുട്ടിക്ക് പരിചയമില്ലാത്ത കാക്കയാണ്. ഒന്നര പവന്റെ മാലയാണ്. ആളൊഴിഞ്ഞ പാതയിലൂടെ മുഷിഞ്ഞുകീറിയ വസ്ത്രങ്ങളുമായി വേഗത്തിൽ നടക്കുന്ന എന്നെ കണ്ടപ്പോൾ മൂപ്പർക്ക് സംശയമായി. വിളിച്ചിട്ടും ഞാൻ നിൽക്കാത്തപ്പോൾ സംശയം കൂടി. അറിയാത്ത ആളാണ്. പോരാത്തതിന് മുഷിഞ്ഞ വസ്ത്രങ്ങളും മുഖത്ത് ഇല്ലായ്മകളുടെ ദൈന്യതയും.

‘മോളെ മാല ഊരിയെടുത്തത് ഈ അബ്ബാസാക്കയാണോ? നല്ലോണം നോക്കീട്ട് പറഞ്ഞാ മതി', ആ കുട്ടി എന്നെ നോക്കി. അതേ പ്രായത്തിൽ എന്റെ മകളെ നോക്കിയപോലെ ഞാനാ കുട്ടിയുടെ മുഖത്തേക്ക് നോക്കി.

എനിക്കാ മനുഷ്യനോട് ദേഷ്യമൊന്നും തോന്നിയില്ല. മാല പൊട്ടിച്ചവൻ ആരായാലും, അവനീ പ്രദേശം വിട്ടുപോയിട്ടുണ്ടാവില്ലെന്നും പൊലീസിൽ പെട്ടെന്ന് വിവരമറിയിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ്, ഞാൻ അവിടുന്ന് പോന്നു.

എന്റേതായ പ്രശ്‌നങ്ങളിലും വിറക് കീറലിലും പെട്ട് ഞാൻ ആ സംഭവം തന്നെ മറന്നു. വൈകിട്ട് കുറച്ചപ്പുറത്തുള്ള കുളത്തിൽ കുളിച്ച് മടങ്ങിവരുമ്പോൾ, ഒരു ഓട്ടോറിക്ഷയിൽ മൂന്നാളുകൾ എന്നെ കാത്ത്, വീട്ടുമുറ്റത്ത് നിൽപ്പുണ്ട്. അവരിൽ ഒരാളുടെ വീട്ടിൽ ഞാൻ പെയിന്റടിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരൻ കൂടിയാണ്. എന്തെങ്കിലും സംഭാവന പിരിക്കാൻ വന്നതാവും എന്നുവിചാരിച്ച്, അയാളെ അകത്തേക്ക് ക്ഷണിച്ച എന്നെ അയാൾ മാറ്റി നിർത്തി പറഞ്ഞു; ‘അബ്ബാസ് കുപ്പായം ഇട്ടിട്ട് വാ, ഓല്ക്ക് അന്നെയാണ് സംശയം. ഞമ്മക്കാ സംശയം ഇപ്പൊ തന്നെ മാറ്റണം. ല്ലെങ്കി ...'

വൈകിട്ട് കുറച്ചപ്പുറത്തുള്ള കുളത്തിൽ കുളിച്ച് മടങ്ങിവരുമ്പോൾ, ഒരു ഓട്ടോറിക്ഷയിൽ മൂന്നാളുകൾ എന്നെ കാത്ത്, വീട്ടുമുറ്റത്ത് നിൽപ്പുണ്ട്.
വൈകിട്ട് കുറച്ചപ്പുറത്തുള്ള കുളത്തിൽ കുളിച്ച് മടങ്ങിവരുമ്പോൾ, ഒരു ഓട്ടോറിക്ഷയിൽ മൂന്നാളുകൾ എന്നെ കാത്ത്, വീട്ടുമുറ്റത്ത് നിൽപ്പുണ്ട്.

‘ഇല്ലെങ്കി?', ഞാനയാളെ അന്തം വിട്ട് നോക്കി.

‘ഇജ് കുപ്പായം ഇടെ. ന്നിട്ട് എന്റെ കൂടെ വാ. എനിക്കറിയാ ഇജല്ല ആളെന്ന്.'

‘നിങ്ങള് പോലീസില് അറിയിക്കീ. ഓല് പിടിച്ചോളും കള്ളനെ’, എന്റെ ദേഷ്യത്തിന്റെ പരമാവധിയായിരുന്നു ആ വർത്താനം.
‘പൊലീസൊന്നും മാണ്ട അബ്ബാസേ, അന്നെ ആ കുട്ടി ഒന്ന് കണ്ടോട്ടെ.
ഇജല്ലാന്ന് ഓൾക്ക് അറിയാലോ?'
അത് ശരിയാണെന്ന് എനിക്കും തോന്നി. ഒന്നും മനസ്സിലാവാതെ എന്നെ മിഴിച്ചു നോക്കുന്ന ഭാര്യയോട്, ഒരു പണി നോക്കാനുണ്ടെന്നും പറഞ്ഞ് കുപ്പായമെടുത്തിട്ട്, ഞാനവരുടെ കൂടെ പോയി. ആ വീട്ടു മുറ്റത്ത് ചെറിയ ആൾക്കൂട്ടമുണ്ട്.
എനിക്ക് ഭയം തോന്നി. ഞാൻ രാഷ്ട്രീയക്കാരനോട് പിന്നെയും പറഞ്ഞു, ‘മലപ്പുറം സ്റ്റേഷന്റെ പരിധിയിലാണിത്​. നിങ്ങള് അങ്ങോട്ടൊന്ന് വിളിക്കീ. ഇല്ലെങ്കി നമ്പറ് തരീ, ഞാൻ വിളിച്ചോളാം.'
‘അതൊന്നും മാണ്ടടോ, ഞാനില്ലേ അന്റെ കൂടെ? ഞാനല്ലേ അന്നെ ഇങ്ങട്ട് കൊണ്ടന്നത്?'

അപരിചിതമായ ആ ആൾക്കൂട്ടത്തിൽ വല്ലാതെ ഭയന്ന്, തലയിൽ ഇരുട്ട് കയറി ഞാൻ നിന്നു. അഞ്ചോ ആറോ വയസ്സുള്ള പെൺകുട്ടിയാണ്. കുട്ടിയാകെ പേടിച്ച മട്ടാണ്. അഞ്ച് വയസ്സുള്ള അവളുടെ നാവിൻ തുമ്പിലാണ് എന്റെ വിധി തുടങ്ങിയാടുന്നത്​

ഞാനാ ആൾക്കൂട്ടത്തിലേക്ക് നെഞ്ചിടിപ്പോടെ ഇറങ്ങി. പരിചയമുള്ള മുഖങ്ങൾ തീരെ കുറവാണ്. അവരുടെ ബന്ധുവാണെന്ന് വർത്താനത്തിൽ നിന്ന് മനസ്സിലായ ഒരു ചെറുപ്പക്കാരൻ വീടിനകത്തേക്ക് വിളിച്ചു പറഞ്ഞു, ‘കുട്ടിനെ കൊണ്ടരീ.'

അപരിചിതമായ ആ ആൾക്കൂട്ടത്തിൽ വല്ലാതെ ഭയന്ന്, തലയിൽ ഇരുട്ട് കയറി ഞാൻ നിന്നു. ഒരു സ്ത്രീ കുട്ടിയെയും ഒക്കത്തെടുത്ത് പുറത്തേക്കുവന്നു. അഞ്ചോ ആറോ വയസ്സുള്ള പെൺകുട്ടിയാണ്. കുട്ടിയാകെ പേടിച്ച മട്ടാണ്. അഞ്ച് വയസ്സുള്ള അവളുടെ നാവിൻ തുമ്പിലാണ് എന്റെ വിധി തുടങ്ങിയാടുന്നതെന്ന് ഞാനപ്പോൾ ഭയത്തോടെ ഓർത്തു.

‘ഈ കാക്കയാണോ?', ബന്ധു ചോദിച്ചു.
ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും വിറയ്ക്കുന്ന എന്നെ, ആ രാഷ്ട്രീയക്കാരൻ ചേർത്ത് പിടിച്ചിരുന്നു. ഞാനെന്റ ഭാര്യയെ ഓർത്തു, മക്കളെ ഓർത്തു. ബുദ്ധിയുറക്കാത്ത ഒരു കുട്ടിയുടെ വാക്കിലാണ് ഞാൻ കള്ളനാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടാൻ പോവുന്നത്. കുട്ടിയെ പറഞ്ഞുപേടിപ്പിക്കാൻ നോക്കിയ ബന്ധുവിനെ രാഷ്ട്രീയക്കാരൻ വിലക്കി. എന്നിട്ട് ആ കുട്ടിയെ എടുത്ത് പുറത്ത് തട്ടി ആശ്വസിപ്പിച്ചിട്ട് പറഞ്ഞു, ‘മോള് നല്ലോണം ഓർത്ത് നോക്കീട്ട് പറയണം ട്ടാ. ഈ അബ്ബാസാക്ക മോളോട് ഇന്ന് എന്തെങ്കിലും വർത്താനം പറഞ്ഞിരുന്നോ?'

കുട്ടി ഇല്ലെന്ന് തലയാട്ടി.

അഞ്ച് വയസ്സുള്ള അവളുടെ നാവിൻ തുമ്പിലാണ് എന്റെ വിധി തുടങ്ങിയാടുന്നതെന്ന് ഞാനപ്പോൾ ഭയത്തോടെ ഓർത്തു.  / Photo: Pinterest
അഞ്ച് വയസ്സുള്ള അവളുടെ നാവിൻ തുമ്പിലാണ് എന്റെ വിധി തുടങ്ങിയാടുന്നതെന്ന് ഞാനപ്പോൾ ഭയത്തോടെ ഓർത്തു. / Photo: Pinterest

‘മോള് ഈ കാക്കാനെ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ?'
അതിനും കുട്ടി ഇല്ലെന്ന് തലയാട്ടി. അപ്പോഴും എന്റെ ഭയം ഒഴിഞ്ഞുപോയില്ല.
ഒന്നുമില്ലാത്തവന് ജീവിതം കരുതിവെക്കുന്ന അപമാനങ്ങൾ ഒരുപാട് സഹിച്ചിട്ടുണ്ട്. പക്ഷേ എവിടെയും കള്ളനായി സംശയിക്കപ്പെട്ട് നിൽക്കേണ്ടി വന്നിട്ടില്ല.

‘മോളെ മാല ഊരിയെടുത്തത് ഈ അബ്ബാസാക്കയാണോ? നല്ലോണം നോക്കീട്ട് പറഞ്ഞാ മതി', ആ കുട്ടി എന്നെ നോക്കി. അതേ പ്രായത്തിൽ എന്റെ മകളെ നോക്കിയപോലെ ഞാനാ കുട്ടിയുടെ മുഖത്തേക്ക് നോക്കി. ആ ഉണ്ടക്കണ്ണുകളിൽ ഭയത്തിനിടയിലും എനിക്കായി ചിരി വിടരുന്നത് ഞാൻ കണ്ടു.

‘ഈ കാക്ക അല്ല. ബേറെ തടിച്ചിട്ട് .... മഞ്ഞ കുപ്പായട്ട കാക്കേണ്'

രാഷ്ട്രീയക്കാരൻ കുട്ടിയെ എന്റെ കയ്യിൽ തന്നു. ഞാനാ നെറ്റിയിൽ ഉമ്മ വെച്ചു.
തെറ്റിപ്പോയേക്കാവുന്ന ഒരു വാക്കിൽ, ഒരു നോട്ടത്തിൽ,
ഓർമ്മത്തെറ്റിൽ, എന്നെ നീ ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ, പൊന്നുമോളേ ... ഈ ആൾക്കൂട്ടം എന്നെ കള്ളനാക്കി തല്ലിക്കൊല്ലുമായിരുന്നു. പണിക്കു പോവുന്ന വീടുകളിലെ ഓരോ ചെറിയ കുട്ടികൾക്കും ഞാൻ മിഠായികൾ കൊടുത്തിട്ടുണ്ട്. ആ മിഠായിമധുരങ്ങളുടെ പുണ്യമാവും, ഈ കുഞ്ഞുവായിൽ നിന്ന്, തടിച്ച കാക്കയാണ്, എന്ന സത്യം പുറത്തുചാടിച്ചത്.

രണ്ടുദിവസം കഴിഞ്ഞ്, എന്നെ സംശയിക്കാൻ മുൻകൈയെടുത്ത ആ ബന്ധുവിന്റെ, കൂട്ടുകാരനെ കുട്ടി തിരിച്ചറിഞ്ഞു. അവർ രണ്ടാളും ചേർന്ന് പ്ലാനിട്ട് നടപ്പാക്കിയതായിരുന്നു ആ മോഷണം.

അവളെ ഉമ്മാക്ക് കൈമാറുമ്പോൾ, എല്ലാ അപമാനങ്ങളും വേദനയും ദേഷ്യവും മറന്ന് ഞാനാ ഉണ്ട കണ്ണുകളിൽ ഒരിക്കൽ കൂടി ഉമ്മ വെച്ചു.
ഞാനാവുമെന്ന് സംശയം പറഞ്ഞ ആ വീട്ടിലെ ബന്ധുവിനെ മാറ്റിനിർത്തി രാഷ്ട്രീയക്കാരൻ ചീത്ത പറഞ്ഞു. ഉച്ചക്ക് എന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്ത മനുഷ്യൻ വേദനയോടെ എന്റെ കൈ പിടിച്ചു. ഞാനാ മാപ്പ് പറച്ചിൽ കേൾക്കാൻ നിന്നില്ല. പിന്നെ അവിടെ നടക്കുന്നതൊന്നും കാണാൻ നിൽക്കാതെ, പിൻവിളികൾ കേൾക്കാതെ, ഞാൻ വീട്ടിലേക്ക് നടന്നു. നേരം സന്ധ്യ കഴിഞ്ഞിരുന്നു. പാതകളിൽ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു.

ഒറ്റ വാക്കുകൊണ്ട് എന്റെ വിധി മാറി, ആൾക്കൂട്ടത്തിന്റെ തല്ലുകൊണ്ട് ചോരയൊലിപ്പിച്ച്, ആ മുറ്റത്ത് കിടക്കുന്ന എന്നെ ഞാൻ കണ്ടു. വിവരമറിഞ്ഞ് ഓടിയെത്തിയ ഭാര്യയെ കണ്ടു. ഉപ്പാന്റെ ചോര കണ്ട് കരയുന്ന എന്റെ മക്കളെ കണ്ടു. കാഴ്ചകൾ തെറിച്ചുപോവാനായി ഞാൻ തല കുടഞ്ഞെങ്കിലും ഒന്നും തെറിച്ചു പോയില്ല.

ഒറ്റ വാക്കുകൊണ്ട് എന്റെ വിധി മാറി, ആൾക്കൂട്ടത്തിന്റെ തല്ലുകൊണ്ട് ചോരയൊലിപ്പിച്ച്, ആ മുറ്റത്ത് കിടക്കുന്ന എന്നെ ഞാൻ കണ്ടു.
ഒറ്റ വാക്കുകൊണ്ട് എന്റെ വിധി മാറി, ആൾക്കൂട്ടത്തിന്റെ തല്ലുകൊണ്ട് ചോരയൊലിപ്പിച്ച്, ആ മുറ്റത്ത് കിടക്കുന്ന എന്നെ ഞാൻ കണ്ടു.

രണ്ടുദിവസം കഴിഞ്ഞ്, എന്നെ സംശയിക്കാൻ മുൻകൈയെടുത്ത ആ ബന്ധുവിന്റെ, കൂട്ടുകാരനെ കുട്ടി തിരിച്ചറിഞ്ഞു. അവർ രണ്ടാളും ചേർന്ന് പ്ലാനിട്ട് നടപ്പാക്കിയതായിരുന്നു ആ മോഷണം.

കാലമിത്ര കഴിഞ്ഞ് ഈ കുറിപ്പെഴുതുമ്പോഴും ആ സന്ധ്യയുടെ വേദനകളും കാഴ്ചകളും അപമാനവും എന്നിൽനിന്ന് തെറിച്ചുപോയിട്ടില്ല. തൊലിയുടെ നിറം കൊണ്ടും മുഖത്തെ ദൈന്യം കൊണ്ടും മുഷിഞ്ഞ വസ്ത്രങ്ങൾ കൊണ്ടും ഒരാളെ കള്ളനാക്കാൻ കഴിയുന്ന, വേണ്ടിവന്നാൽ തല്ലിക്കൊല്ലാൻ വരെ തയ്യാറാവുന്ന ഒരു സമൂഹത്തിൽ തന്നെയാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത് എന്നറിയുമ്പോൾ ഭയപ്പെടാതെ വയ്യ.

ആ കുട്ടിയെ രണ്ടുദിവസം മുമ്പ് വല്യ പെണ്ണായി കണ്ടപ്പോൾ ഇതൊക്കെയും ഓർത്തുപോയതാണ്. അവൾക്കെന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാരമില്ല. പക്ഷേ അന്ന് അവൾ മറ്റൊരു ഉത്തരമാണ് നൽകിയതെങ്കിൽ എന്റെ അവസ്ഥ എന്തായിത്തീരുമായിരുന്നു എന്നോർക്കുമ്പോൾ ഇപ്പോഴും എന്റെ തലയിൽ ഇരുട്ട് കയറുന്നു.

പേരറിയാത്ത പൊന്നുമോളേ, ഞാൻ നിന്നെ എങ്ങനെ മറക്കാനാണ്? ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments