സക്കാത്ത്​ കൊടുക്കുന്നവരുടെ പുണ്യം,
​വാങ്ങേണ്ടി വരുന്നവരുടെ ദൈന്യം

ഇത് വായിക്കുന്നവരിൽ ആരെങ്കിലും സക്കാത്ത് കൊടുക്കുന്നവരായിട്ടുണ്ടെങ്കിൽ, ദയവായി നിങ്ങളത് അവരുടെ വീടുകളിലേക്ക് എത്തിച്ചുകൊടുക്കുക. സ്വന്തം വീട്ടുമുറ്റത്തെ വെയിലത്ത് വരിനിർത്തി അവരെ ഭിക്ഷക്കാരാക്കരുത്. അങ്ങനെ ചെയ്യാൻ നിങ്ങൾ പിന്തുടരുന്ന മതം പോലും നിങ്ങൾക്ക് അനുമതി തരുന്നില്ല എന്നാണ് എന്റെ പരിമിതമായ അറിവ്.

ങ്ങളുടെ നാട്ടിലെ മറ്റൊരു മനോഹരമായ ആചാരമാണ് റമദാൻ മാസത്തിലെ, 27-ാം ദിവസത്തെ ഭിക്ഷാടനം. ദരിദ്രവീടുകളിലെ കുട്ടികളും മുതിർന്നവരും സ്ത്രീകളുമൊക്കെ അതിരാവിലെ വീട്ടിൽ നിന്നിറങ്ങും. ‘സക്കാത്തും കായി ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഭിക്ഷാടനം എക്കാലത്തും വേദനയോടെ കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.

സമ്പന്നവീടുകളുടെ മുറ്റത്ത് ഈ ഭിക്ഷാടനക്കൂട്ടം നിരന്നുനിൽക്കും. വീട്ടുടമയോ ഭാര്യയോ ചെറിയ കുട്ടികളോ ആണ് സക്കാത്തും കായി വിതരണം ചെയ്യാറ്. പണ്ടൊക്കെ അഞ്ച് രൂപ നോട്ടും നാണയങ്ങളും അവർ കരുതി വെക്കും. കൈ നീട്ടുന്നവർക്ക് അഞ്ചു രൂപ വീതം കൊടുക്കും. കാലം ചെല്ലേ, ഇത് പത്തും ഇരുപതും അമ്പതും നൂറുമൊക്കെയായി മാറിയിട്ടുണ്ട്.

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമായും അത് ഏതാണ്ട് ഈ മാസത്തിലെ 27-ാം രാവിലാണ് അവതരിപ്പിക്കപ്പെട്ടത് എന്നുമാണ് വിശ്വാസം. ആ ഒറ്റ ദിവസത്തിൽ ഒരു മനുഷ്യൻ ചെയ്യുന്ന പുണ്യപ്രവർത്തികൾക്കും പ്രാർത്ഥനകൾക്കും എൺപത് വർഷം ചെയ്യുന്ന പ്രവർത്തികളുടെ പുണ്യം കിട്ടുമെന്നുകൂടിയാണ് വിശ്വാസം. ഞാൻ ആലോചിച്ചുനോക്കാറുണ്ട്, അഞ്ച് രൂപ സകാത്ത് കൊടുക്കുന്ന വ്യക്തിക്ക് അതിന്റെ എത്രയോ ഇരട്ടി പുണ്യം ലഭിക്കുമ്പോൾ, അത് കൈനീട്ടി വാങ്ങേണ്ട ഗതികേടിലായ മനുഷ്യർക്ക് ആ അഞ്ച് രൂപ മാത്രം കിട്ടുന്നത് ദൈവനീതി അല്ലല്ലോ എന്ന്.

‘സക്കാത്തും കായി ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഭിക്ഷാടനം എക്കാലത്തും വേദനയോടെ കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്
‘സക്കാത്തും കായി ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ ഭിക്ഷാടനം എക്കാലത്തും വേദനയോടെ കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്

സക്കാത്തിന്റെ മതപാഠങ്ങളോ വിധി നിർണയങ്ങളോ അറിയുന്ന ഒരാളല്ല ഞാൻ. ഞാൻ പറയുന്നത്, പുല്ല് തിന്നാത്ത ഏട്ടിലെ പശുക്കളെ കുറിച്ചല്ല. എന്റെ പരിസരങ്ങളിൽ സക്കാത്തിന്റെ പേരിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ്. ഈ യുള്ളവൻ ജനിച്ചതും 14 വയസ്സുവരെ വളർന്നതും തമിഴ്നാട്ടിലായതിനാൽ, സക്കാത്തെന്ന പേരിലുള്ള ഭിക്ഷാടനത്തിന് പോകേണ്ട ഗതികേടുണ്ടായിട്ടില്ല. ഈ നാട്ടിലെത്തിയിട്ടും, എന്റെ കൂട്ടുകാരൊക്കെ പോവുന്നതുകണ്ടിട്ടും എന്തോ എനിക്കിത് അത്ര സുഖമുള്ള കാര്യമായി തോന്നിയിട്ടുമില്ല.

കുട്ടികൾക്കും മുതിർന്ന പുരുഷന്മാർക്കും സക്കാത്തായി പണം കിട്ടിയാൽ മതി. എന്നാൽ, ഭൂമിയിൽ തലകുനിച്ച് നടക്കാൻ നിർബന്ധിക്കപ്പെടുന്ന ദരിദ്രസ്ത്രീകളുടെ കയ്യിൽ ചാക്കോ സഞ്ചിയോ ഉണ്ടാവും.

ചില വലിയ വീടുകളിൽ അവർ ഈ രൂപത്തിൽ സക്കാത്ത് കൊടുക്കുന്നുണ്ടാവില്ല. അതറിയാതെ സക്കാത്ത് വാങ്ങാൻ പോകുന്നവർ ആ മുറ്റത്തുനിന്ന് കുരച്ചും ഒച്ചയുണ്ടാക്കിയും ബഹളം വയ്ക്കും. വീട്ടുകാർ ഉണർന്നുവന്ന് നല്ല പുളിച്ച തെറി പറയും. അതും കേട്ട് ആ വീട്ടുകാരെ പ്രാകി അവർ മറ്റ് വീടുകളിലേക്ക് പോവും.

കുട്ടികൾക്കും മുതിർന്ന പുരുഷന്മാർക്കും സക്കാത്തായി പണം കിട്ടിയാൽ മതി. എന്നാൽ, ഭൂമിയിൽ തലകുനിച്ച് നടക്കാൻ നിർബന്ധിക്കപ്പെടുന്ന ദരിദ്രസ്ത്രീകളുടെ കയ്യിൽ ചാക്കോ സഞ്ചിയോ ഉണ്ടാവും. അതിലേക്ക് വീണു കിട്ടുന്ന അരിയും ചുമന്ന് അവർ ഈ പാതകളിലൂടെ കഴിഞ്ഞ കൊല്ലവും നടന്നുപോയിരുന്നു. ഇനി ഇക്കൊല്ലവും പോവും...

ഭൂമിയിൽ തലകുനിച്ച് നടക്കാൻ നിർബന്ധിക്കപ്പെടുന്ന ദരിദ്രസ്ത്രീകളുടെ കയ്യിൽ ചാക്കോ സഞ്ചിയോ ഉണ്ടാവും .അതിലേക്ക് വീണു കിട്ടുന്ന അരിയും ചുമന്ന് അവർ ഈ പാതകളിലൂടെ കഴിഞ്ഞ കൊല്ലവും നടന്നുപോയിരുന്നു
ഭൂമിയിൽ തലകുനിച്ച് നടക്കാൻ നിർബന്ധിക്കപ്പെടുന്ന ദരിദ്രസ്ത്രീകളുടെ കയ്യിൽ ചാക്കോ സഞ്ചിയോ ഉണ്ടാവും .അതിലേക്ക് വീണു കിട്ടുന്ന അരിയും ചുമന്ന് അവർ ഈ പാതകളിലൂടെ കഴിഞ്ഞ കൊല്ലവും നടന്നുപോയിരുന്നു

കൊറോണ വരുന്നതിന്റെ തൊട്ടു മുമ്പത്തെ കൊല്ലത്തെ റമദാനിൽ ഞാൻ അരിച്ചോളെന്ന സ്ഥലത്ത് ഒരു വലിയ വീട്ടിൽ പെയിൻറ്​ പണി എടുക്കുകയായിരുന്നു. അതിരാവിലെ ആളുകൾ കൂട്ടത്തോടെ നടന്നു പോവുന്നത് കണ്ടപ്പോൾ ഓർമ വന്നു, ഇന്ന് സക്കാത്തിന്റെ ദിവസമാണെന്ന്. ഞാൻ പണിയെടുക്കുന്ന ആ വീട്ടിലേക്കും ആളുകൾ വരിവരിയായി വന്നു. അക്കൂട്ടത്തിൽ എനിക്ക് പരിചയമുള്ള മുഖങ്ങളുണ്ടാവരുതേ എന്ന്, ആ മുഖങ്ങളിലെ ദൈന്യം കാണാനിടവരരുതേ എന്ന് സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു. ഫലമുണ്ടായില്ല. ആ ദൈന്യതകൾ എന്റെ മുമ്പിലൂടെ കടന്നുപോയി.

വിരുതുള്ള ചില കുട്ടികൾ രണ്ട് തവണയൊക്കെ സക്കാത്ത് വാങ്ങിക്കളയും. അത് കണ്ടുപിടിക്കാനാണ് അയാൾ അവിടെ നിന്നത്. ആ കുട്ടികളുടെ വിരുതല്ല, ദൈന്യമാണ് അതെന്ന് എനിക്കയാളോട് പറയാൻ കഴിഞ്ഞില്ല.

അവിടെ, സിറ്റൗട്ടിൽ ചാരുകസേരയിലിരുന്ന് വീട്ടുടമയുടെ ഭാര്യ ഓരോരുത്തർക്കായി സക്കാത്ത് കൊടുത്തു. ഇരുപതിന്റെ നോട്ട്​ കുട്ടികൾക്ക്, അമ്പതിന്റെ നോട്ട്​ സ്ത്രീകൾക്ക്, നൂറിന്റെ നോട്ട്​ പുരുഷന്മാർക്ക്. വീട്ടുടമ കാർപോർച്ചിൽ ഞാൻ പെയിൻറ്​ മിക്‌സ് ചെയ്യുന്നിടത്തുനിന്ന് എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു. വിരുതുള്ള ചില കുട്ടികൾ രണ്ട് തവണയൊക്കെ സക്കാത്ത് വാങ്ങിക്കളയും. അത് കണ്ടുപിടിക്കാനാണ് അയാൾ അവിടെ നിന്നത്. ആ കുട്ടികളുടെ വിരുതല്ല, ദൈന്യമാണ് അതെന്ന് എനിക്കയാളോട് പറയാൻ കഴിഞ്ഞില്ല. നല്ല പരിചയമുള്ള മുഖങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ തിരക്ക് തീർന്നിട്ട് പണി തുടങ്ങാമെന്ന് കരുതി, ഞാനാ കാർപോർച്ചിൽ വെറുതെ പെയിന്റും ഇളക്കി നിന്നു.

വിരുതുള്ള ചില കുട്ടികൾ രണ്ട് തവണയൊക്കെ സക്കാത്ത് വാങ്ങിക്കളയും
വിരുതുള്ള ചില കുട്ടികൾ രണ്ട് തവണയൊക്കെ സക്കാത്ത് വാങ്ങിക്കളയും

സ്ത്രീകളുടെ കൂട്ടത്തിൽ ഞാനവരെ കണ്ടു; വിധവയും രണ്ട് ചെറിയ കുട്ടികളുടെ അമ്മയുമായ ആ സ്ത്രീയെ...

പർദ്ദയാണ് വേഷം. നാൽപ്പതിനടുത്തേ പ്രായമുള്ളൂ. കയ്യിൽ സഞ്ചിയോ ചാക്കോ ഉണ്ടായിരുന്നില്ല. മറ്റു സ്ത്രീകളുടെ കൂടെ വരിയിൽനിന്ന് അവർ പണം വാങ്ങി. മടങ്ങിപ്പോകാൻ തുടങ്ങിയ അവരെ വീട്ടുടമ കൈകാട്ടി ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു. തലതാഴ്ത്തി പിടിച്ച് അവർ കാർ പോർച്ചിലേക്ക് വന്നു.

‘എത്താ അന്റെ പേര്?', അയാൾ ചോദിച്ചു.
അവർ പേര് പറഞ്ഞു.
അയാൾ, അവരുടെ ശരീരത്തെ ചൂണ്ടി, കേട്ടാലറയ്​ക്കുന്ന ഒരു അസഭ്യം അവരോടു പറഞ്ഞു.
ആ സ്ത്രീ അയാളെ മിഴിച്ചുനോക്കി. അയാൾ പറഞ്ഞതുതന്നെയാണോ അത് എന്ന അമ്പരപ്പിൽ ഞാനും അയാളെ നോക്കി.
അയാൾ അത്​ ആവർത്തിച്ചു.
എന്റെ കണ്ണിൽ ഇരുട്ടുകയറി. കൈകാലുകൾ വിറച്ചു. വിറയ്ക്കുന്ന കയ്യിൽ നിന്ന് പെയിൻറ്​ തുള്ളികൾ നിലത്തേക്കിറ്റുവീണു. തിളച്ചുരുകി നിൽക്കുന്ന സൂര്യനെ നോക്കുന്നത്ര കൺവേദനയോടെ ഞാനവരെ നോക്കി. ആ മുഖം വിളറി വെളുത്തിരുന്നു. ആ കണ്ണിൽ പൊടിയുന്നത് കണ്ണീരല്ല, ചോരയാണെന്ന് ഞാനറിഞ്ഞു. എന്റെയുള്ളിൽ അവരുടെ വീട് തെളിഞ്ഞു. ഓടുമേഞ്ഞ ആ ചെറിയ വീടിന്റെ വരാന്തയിൽ രണ്ട് കുട്ടികൾ നിന്നു. അവരുടെ ഉമ്മ മടങ്ങിവരുന്നതും കാത്ത്... ഉമ്മ കൊണ്ടുവരുന്ന സകാത്ത് പണം കൊണ്ടുവേണം അവർക്ക് പെരുന്നാളിന് പുതിയ ഉടുപ്പു വാങ്ങാൻ. തലേന്നുതന്നെ ഉമ്മ അത് അവരോട് പറഞ്ഞിരിക്കണം. ആ കുട്ടികൾ അത് കാത്തുനിൽക്കുകയാണ്. അവരുടെ ഉമ്മ ഇതാ, എന്റെ മുമ്പിൽ ഭൂമി പിളർന്ന് അതിലേക്ക് താണുപോവാൻ ഇവിടെ കാത്തുനിൽക്കുന്നു. ആ മുഖത്ത് ഒറ്റ തുള്ളി ചോരയില്ല. കൺമുമ്പിൽ ഒരു മയ്യത്ത് കണ്ടിട്ടെന്നപോലെ അവർ തരിച്ച് നിൽക്കുകയാണ്.

ഓടുമേഞ്ഞ ആ ചെറിയ വീടിന്റെ വരാന്തയിൽ രണ്ട് കുട്ടികൾ നിന്നു. അവരുടെ ഉമ്മ മടങ്ങിവരുന്നതും കാത്ത്...  / Photo: Pinterest
ഓടുമേഞ്ഞ ആ ചെറിയ വീടിന്റെ വരാന്തയിൽ രണ്ട് കുട്ടികൾ നിന്നു. അവരുടെ ഉമ്മ മടങ്ങിവരുന്നതും കാത്ത്... / Photo: Pinterest

ഇളം മഞ്ഞ തറയോടുകൾ പതിച്ച ആ മുറ്റത്ത് പിന്നെയും മൂന്ന് കുട്ടികൾ സക്കാത്ത് വാങ്ങാൻ വരിനിൽക്കുന്നുണ്ടായിരുന്നു. സങ്കടം വരുമ്പോഴും ഉള്ളിൽ കണ്ണീർ ഉറയുമ്പോഴും നേർത്തുപോവുന്ന ശബ്ദത്തിൽ ഞാൻ അയാളോട് ചോദിച്ചു, ‘ഇങ്ങള് മൻഷ്യൻ തന്നല്ലേ?'
അയാൾ അതുതന്നെ വീണ്ടും പറഞ്ഞു.
എന്റെ കൈ തരിച്ചില്ല. ഞാൻ അയാളുടെ കരണത്തടിച്ചില്ല. അയാളെ ഒന്നു പിടിച്ച് കുലുക്കുക കൂടി ചെയ്തില്ല. ജീവിതം എന്റെ മുമ്പിൽ ഉണങ്ങാനിടുന്ന വെയിൽക്കാഴ്​ചകളിൽ കരയാൻ മാത്രം അറിയുന്ന ഞാൻ ആ കാർപോർച്ചിന്റെ നിലത്തിരുന്ന് കരഞ്ഞു. എന്റെ ഉപ്പ മരിച്ചയന്നുപോലും ഞാൻ അത്ര ഉറക്കെ കരഞ്ഞിട്ടില്ല. അവർ അയാൾക്ക് തിരികെ എറിഞ്ഞുകൊടുത്ത ആ 50 രൂപ നോട്ട് എന്റെ മുമ്പിലാണ് വന്നുവീണത്. അതിന് തീ പിടിക്കുന്നത് ഞാൻ കണ്ടു. ആ മുറ്റത്തിനും അതിന്റെ തറയോടുകൾക്കും അവിടുത്തെ അലങ്കാരച്ചെടികൾക്കും തീപിടിച്ചു.

ഞാൻ എന്റെ മൂന്ന് മക്കളെയും ഓർത്തു. ജീവിതം എന്നെങ്കിലും അവരെ ഇത്തരം മുറ്റങ്ങളിൽ കൊണ്ട് നിർത്തിയേക്കുമോന്ന് വല്ലാതെ ഭയന്നു. എനിക്കയാളോട് ഒന്നും പറയാനുണ്ടായിരുന്നില്ല. അന്ന് വീടെത്തിച്ചേരുമ്പോൾ ഭാര്യയോടും മക്കളോടും ഒന്നും പറയാനുണ്ടായിരുന്നില്ല.

ആ തീയിലൂടെ അവർ നടന്നുമറയുന്നത് ഞാൻ കണ്ടു. എനിക്കുറപ്പുണ്ട്, അന്ന് അവർ മറ്റൊരു വീട്ടിലേക്കും സക്കാത്ത് വാങ്ങാൻ പോയിട്ടുണ്ടാവില്ല. നടന്ന ദൂരമത്രയും തിരികെ നടക്കുമ്പോൾ അവരുടെ ഉള്ള് വല്ലാതെ പിടച്ചിരിക്കണം .
പരിസരം മറന്ന് അവർ കരഞ്ഞിരിക്കണം. നോമ്പും നോറ്റ് അപമാനങ്ങൾ ഏറ്റുവാങ്ങി അവർ നടന്ന ആ വഴികൾക്കെല്ലാം തീ പിടിച്ചിരിക്കണം.

‘അന്റെ ആരാടാ അത്?'
എന്റെ കരച്ചിൽ കണ്ട് അന്തംവിട്ട വീട്ടുടമ ചോദിച്ചു.
ഞാൻ എന്റെ മൂന്ന് മക്കളെയും ഓർത്തു. ജീവിതം എന്നെങ്കിലും അവരെ ഇത്തരം മുറ്റങ്ങളിൽ കൊണ്ട് നിർത്തിയേക്കുമോന്ന് വല്ലാതെ ഭയന്നു. എനിക്കയാളോട് ഒന്നും പറയാനുണ്ടായിരുന്നില്ല. അന്ന് വീടെത്തിച്ചേരുമ്പോൾ ഭാര്യയോടും മക്കളോടും ഒന്നും പറയാനുണ്ടായിരുന്നില്ല.

അവർ അയാൾക്ക് തിരികെ എറിഞ്ഞുകൊടുത്ത ആ 50 രൂപ നോട്ട് എന്റെ മുമ്പിലാണ് വന്നുവീണത്
അവർ അയാൾക്ക് തിരികെ എറിഞ്ഞുകൊടുത്ത ആ 50 രൂപ നോട്ട് എന്റെ മുമ്പിലാണ് വന്നുവീണത്

ഏറെക്കാലം ആ സ്ത്രീ എന്റെയുള്ളിൽ വിളറിയ മുഖവുമായി വെയിലുകൊണ്ട് നിന്നു. അവരെ പിന്നീട് കണ്ടുമുട്ടേണ്ടി വന്നപ്പോഴൊക്കെ എന്റെ നെഞ്ച് കനത്തു. തൊണ്ടയിൽ വാക്കുകൾ കുരുങ്ങി കിടന്നു. നിരന്തരം അനീതികളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന പെൺജന്മങ്ങളുടെ കണ്ണീരുവീണ് എന്റെ ഭൂമി നനയുന്നു. ആ കണ്ണീര് ആകാശത്തോളം ചെന്ന് തിരികെ മഴയായി പെയ്യുന്നു.

ഇത് വായിക്കുന്നവരിൽ ആരെങ്കിലും സക്കാത്ത് കൊടുക്കുന്നവരായിട്ടുണ്ടെങ്കിൽ, ദയവായി നിങ്ങളത് അവരുടെ വീടുകളിലേക്ക് എത്തിച്ചുകൊടുക്കുക. സ്വന്തം വീട്ടുമുറ്റത്തെ വെയിലത്ത് വരിനിർത്തി അവരെ ഭിക്ഷക്കാരാക്കരുത്. അങ്ങനെ ചെയ്യാൻ നിങ്ങൾ പിന്തുടരുന്ന മതം പോലും നിങ്ങൾക്ക് അനുമതി തരുന്നില്ല എന്നാണ് എന്റെ പരിമിതമായ അറിവ്.

സമ്പത്തിനുമേൽ നിങ്ങൾക്ക് നിർബന്ധമാക്കപ്പെട്ട സക്കാത്ത്, അത് അർഹിക്കുന്നവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്നവരും എന്റെ പരിസരങ്ങളിലുണ്ട്.

സമ്പത്തിനുമേൽ നിങ്ങൾക്ക് നിർബന്ധമാക്കപ്പെട്ട സക്കാത്ത്, അത് അർഹിക്കുന്നവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്നവരും എന്റെ പരിസരങ്ങളിലുണ്ട്. ഉള്ളവർക്ക് പുണ്യം നേടാൻ ദൈവം സൃഷ്ടിച്ചതല്ല, ഇല്ലാത്തവരെ. ഇത് നമ്മൾ തന്നെ സൃഷ്ടിച്ച വ്യവസ്ഥിതിയാണ്. ഇതിനെ മാറ്റിയില്ലെങ്കിലും മാറ്റാൻ നമ്മൾ ശ്രമിച്ചില്ലെങ്കിലും ദയവായി ഇല്ലാത്തവരുടെ ഇല്ലായ്മകളുടെ മേൽ പൊങ്കാലയിട്ട് പുണ്യം നേടാൻ മോഹിക്കരുത്. അത്തരം പുണ്യങ്ങളൊന്നും, ഒരു ദൈവവും നിങ്ങൾക്കുവേണ്ടി കരുതിവെച്ചിട്ടില്ല. ഇല്ലാത്തവരുടെ നെഞ്ചത്ത് കാർക്കിച്ച് തുപ്പുന്നവർക്ക് സ്വർഗം ഒരുക്കുന്ന ഒരു ദൈവത്തെയും ഈ ഭൂമി ഇന്നോളം സൃഷ്ടിച്ചിട്ടുമില്ല. ദയവായി മനസ്സിലാക്കുക. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments