ഓർമയേക്കാൾ മറവി വാഴുന്ന
മനുഷ്യ മനസ്സുകളുടെ നാട്​, എന്റെയും കൂടി നാട്​...

നന്ദികേടിന്റെയും ക്രൂരമായ തിരസ്കാരങ്ങളുടെയും വഞ്ചനകളുടെയും നടുവിൽ, സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ത് സാധാരണക്കാരായ പ്രവാസിയെയും പോലെ തന്നെയായിരുന്നു ഇസ്മായിൽക്കയും. നന്നേ ചെറുപ്പത്തിൽ വയസ്​ തിരുത്തി പാസ്പോർട്ടെടുത്ത് അക്കരപ്പറ്റിയ ഒരാൾ. നാല് അനിയത്തിമാർക്കുള്ള ഒരേയൊരു ഏട്ടൻ. കട്ടിപ്പുരികത്തിന് താഴെ വെളിച്ചം പരത്തുന്ന കണ്ണുകളുള്ള ഒരാൾ.
ആ ചുരുൾ മുടിയുടെ ഭംഗിയും കറുപ്പും നോക്കി ഞാനും ഒരുകാലത്ത് അസൂയപ്പെട്ടിട്ടുണ്ട്.

ഒരുപാട് പെൺകുട്ടികൾ ആ ദുബായ്​ക്കാരൻ ചൊങ്കനെ സ്വപ്നം കണ്ടു. അക്കാലത്ത് ഗൾഫിലാണ് ജോലിയെന്ന് പറഞ്ഞാൽ, പിന്നെ എന്താണ് ജോലി എന്ന ചോദ്യമില്ല. അവിടെ ചുമടെടുത്തവരും ആടിനെ മേയ്ച്ചവരും ഒട്ടകത്തെ കറന്നവരും ഈന്തപ്പനയിൽ കയറിയവരും നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടവരും കച്ചവടം ചെയ്തവരുമെല്ലാം... മനുഷ്യന് ചെയ്യാവുന്ന തൊഴിലു ചെയ്തവരെല്ലാം നാട്ടുകാർക്ക് ദുബായ്​ക്കാരായിരുന്നു. അവരുടെ കീശകളിലേക്കാണ് എല്ലാവരും നോക്കിയത്. കീശയ്ക്കും ചർമത്തിനും അപ്പുറം മിടിക്കുന്ന ഹൃദയങ്ങളെ, അതിന്റെ വേദനകളെ, ഉറ്റവർക്കായി രക്തം വിയർത്ത ദേഹങ്ങളെ ആരും അറിഞ്ഞില്ല. അവരാവട്ടെ, ദുബായ് സ്​പ്രേ കൊണ്ട് തങ്ങളുടെ രക്തവേദനകളെ മൂടിവെച്ചു. സുഗന്ധം പരത്തി കടന്നുപോവുന്ന അവരെ നാട്ടിലെ തൊഴിലില്ലാപ്പട അസൂയയോടെ നോക്കി.

നാല് അനിയത്തിമാർക്കുള്ള ഒരേയൊരു ഏട്ടൻ. കട്ടിപ്പുരികത്തിന് താഴെ വെളിച്ചം പരത്തുന്ന കണ്ണുകളുള്ള ഒരാൾ.

ആദ്യത്തെ പോക്കിൽ അഞ്ചുകൊല്ലം ഇസ്മായിൽക്ക കാവൽക്കാരന്റെ ജോലിയെടുത്തു. അന്യരുടെ സ്വത്തിനും പെണ്ണിനും പൊന്നിനും കാവൽ നിന്ന് കിട്ടിയ ദിർഹങ്ങൾ നാട്ടിലേക്ക് ഡ്രാഫ്റ്റായി വന്നുതുടങ്ങി.
അത് കൊണ്ടുകൊടുക്കുന്ന തപാൽക്കാരൻ തനിക്കുള്ള സമ്മാനത്തുക വാങ്ങി കീശയിലിട്ട് മൂളിപ്പാട്ടും പാടി നടന്നു. ഡ്രാഫ്റ്റ് വരുമ്പോൾ പണം സമ്മാനമായി കൊടുത്താലേ അത് തങ്ങൾക്ക് കിട്ടൂ എന്ന് അക്കാലത്ത് പല ഉമ്മമാരും വിശ്വസിച്ചു. ദുബായ് എന്ന പണം കായ്ക്കുന്ന മരങ്ങളുള്ള നാടിനും അമ്മമാർക്കും ഇടയിലെ നേർരേഖ പോസ്റ്റ്മാനായിരുന്നു.

ഒരു പെൺകുട്ടി മേനി നിറയെ പൊന്നുമായി ആ പുത്തൻവീട്ടിൽ നിന്ന് പുതിയാപ്ലയുടെ വീട്ടിലേക്ക് യാത്രയായി. വെള്ള അംബാസഡർ കാറിലേക്ക് മണവാട്ടിയായി കയറും മുമ്പ്, അവൾ ഉമ്മാനെയല്ല കെട്ടിപ്പിടിച്ചത്, ഏട്ടനെയാണ്.

ഇസ്മായിൽക്കാന്റെ ഉപ്പ ഇളയ കുട്ടിക്ക് ആറു മാസം പ്രായമുള്ളപ്പോൾ മരിച്ചതാണ്. നാല് പെൺകുട്ടികളും ഒരു അമ്മയും ഇസ്മായിൽ എന്ന ബലമുള്ള തൂണിൽ ചാരിയാണ് ജീവിച്ചത്. നാട്ടിൽ എടുക്കാത്ത പല പണികളും അയാൾ ദുബായിയിൽ എടുത്തു. അഞ്ച് കൊല്ലം കഴിഞ്ഞ് നാട്ടിലേക്ക് വന്നപ്പോൾ അയാൾക്ക് 23 വയസ്സായിരുന്നു പ്രായം. ആ വരവിൽ, നാല് സെന്റിൽ അനാഥപ്രേതം പോലെ നിന്ന ഓലവീട് പുതുക്കിപ്പണിയാൻ, അയാൾ അയൽവാസിക്ക് മോഹവില കൊടുത്ത് ആറ് സെൻറു കൂടി വാങ്ങി. അങ്ങനെ പത്ത് സെൻറിൽ, വരാന്ത വാർത്തതും മറ്റുള്ളവ ഓടുമായി ഒരു പുതിയ വീട്, ഇളം നീല വർണമണിഞ്ഞ് ചിരിച്ചുനിന്നു.

ഒരു പെൺകുട്ടി മേനി നിറയെ പൊന്നുമായി ആ പുത്തൻവീട്ടിൽ നിന്ന് പുതിയാപ്ലയുടെ വീട്ടിലേക്ക് യാത്രയായി. വെള്ള അംബാസഡർ കാറിലേക്ക് മണവാട്ടിയായി കയറും മുമ്പ്, അവൾ ഉമ്മാനെയല്ല കെട്ടിപ്പിടിച്ചത്, ഏട്ടനെയാണ്. ഓർമ വച്ച നാൾ മുതൽ തന്റെ മോഹങ്ങൾ നടപ്പിലാക്കി തന്ന, തന്നെയും കൂട്ടി പൂരങ്ങൾക്കും ഉത്സവത്തിനും പോയ, തന്റെ വാക്കുകളിൽ ദൂരദേശത്തിരുന്ന് വീട്ടുവിശേഷങ്ങറിഞ്ഞ ഏട്ടനെ അവൾ ഇറുക്കിപ്പിടിച്ചു. എന്നെന്നേക്കുമായി നഷ്ടമാവുകയാണെന്ന ഭാവത്തിൽ പരിസരം മറന്ന്, തലയിൽ ചൂടിയ പുതു മുല്ലകൾ മറന്ന് അവൾ ഉറക്കെയുറക്കെ കരഞ്ഞു.

ഓർമ വച്ച നാൾ മുതൽ തന്റെ മോഹങ്ങൾ നടപ്പിലാക്കി തന്ന, തന്നെയും കൂട്ടി പൂരങ്ങൾക്കും ഉത്സവത്തിനും പോയ, തന്റെ വാക്കുകളിൽ ദൂരദേശത്തിരുന്ന് വീട്ടുവിശേഷങ്ങറിഞ്ഞ ഏട്ടനെ അവൾ ഇറുക്കിപ്പിടിച്ചു.

ഒരിറ്റു കണ്ണീരുപോലും വീഴ്ത്താതെ ഇസ്മായിൽ എന്ന ഏട്ടൻ അനിയത്തിയുടെ സ്നേഹ സങ്കടങ്ങളെ ഏറ്റുവാങ്ങി. അവളെ പുറത്തുതട്ടി ആശ്വസിപ്പിച്ചു. അവൾ കയറിയ ആ വെള്ള അംബാസഡർ കാർ കൺമുമ്പിൽ നിന്ന് അകന്നകന്നുപോയപ്പോൾ, പരസ്യമായി കരയാൻ അവകാശമില്ലാത്ത ഇസ്മായിൽ എന്ന പുരുഷൻ, ഇസ്മായിൽ എന്ന ഏട്ടൻ പുതുമണം മാറാത്ത കുളിമുറിയിലെ വെറും നിലത്തിരുന്ന് കരഞ്ഞു. ചെറുപ്പത്തിൽ അവൾ കുറുമ്പ് കാട്ടി കടിച്ച പാട്, അയാളുടെ ഇടത്തേ കയ്യിൽ അപ്പോഴും അടയാളപ്പെട്ട് കിടന്നിരുന്നു. ആ പാടിലേക്ക് നോക്കി, അവൾക്കും തനിക്കും ഇടയിൽ നഷ്ടമായ കാലത്തിന്റെ ക്രൂരമായ നോവുകളെ അയാൾ കരഞ്ഞ് തീർത്തു.

ഹൗസ് ഡ്രൈവർക്ക് റസ്റ്റില്ലെന്ന് വിശ്വസിച്ച അറബിയുടെ വീട്ടുമുറ്റത്ത്, പൊരിവെയിലും കൊണ്ട് പൂന്തോട്ടങ്ങൾ നനച്ചു. നിലം കഴുകി. ജോലി മാറിയപ്പോൾ ദിർഹത്തിനു പകരം റിയാലായി. വിയർപ്പിന്റെ രുചിയുള്ള ആ റിയാലുകൾ ഡ്രാഫ്റ്റിന്റെ രൂപത്തിൽ നാട്ടിലേക്ക് വന്നു.

ഇസ്മായിൽ അളിയനായി. പിന്നെ അമ്മാവനായി. സൗദിയിൽ ഹൗസ് ഡ്രൈവറായി. അറബിയുടെ ഭാര്യയുടെ ചെരുപ്പും പിടിച്ച് രാത്രികളിൽ സൂപ്പർമാർക്കറ്റുകൾക്ക് മുമ്പിൽ കാത്തുനിന്നു. ഒരു പാക്കറ്റ് കുബൂസിനായി ഉറക്കം ഞെട്ടി വണ്ടിയോടിച്ചു. ഹൗസ് ഡ്രൈവർക്ക് റസ്റ്റില്ലെന്ന് വിശ്വസിച്ച അറബിയുടെ വീട്ടുമുറ്റത്ത്, പൊരിവെയിലും കൊണ്ട് പൂന്തോട്ടങ്ങൾ നനച്ചു. നിലം കഴുകി. ജോലി മാറിയപ്പോൾ ദിർഹത്തിനു പകരം റിയാലായി. വിയർപ്പിന്റെ രുചിയുള്ള ആ റിയാലുകൾ ഡ്രാഫ്റ്റിന്റെ രൂപത്തിൽ നാട്ടിലേക്ക് വന്നു. അതിൽ ഒപ്പിടുവിച്ച് തനിക്കുള്ള സമ്മാനത്തുകയും വാങ്ങി പോസ്റ്റ്മാൻ പോയി. മൂത്തവൾ പടിയിറങ്ങിയ വീട്ടിൽ രണ്ടാമത്തവൾ, ഉമ്മാന്റെ വാക്കുകളെ കേട്ടെഴുതി: ... എത്രയും പ്രിയപ്പെട്ട മകൻ ഇസ്മായിൽ വായിച്ചറിയാൻ ഉമ്മ എഴുതുന്നത്...

കടലുകൾ താണ്ടിയെത്തിയ വീട്ടുവിശേഷങ്ങൾ വായിച്ച് ഇസ്മായിൽ സന്തോഷിച്ചു. പരിഷ്കാരിയായ അനിയത്തി, ഉമ്മാന്റെ വാക്കുകളിൽ വരുത്തിയ മാറ്റങ്ങളെ അയാൾ തിരിച്ചറിഞ്ഞു. ചുവന്ന മുത്തുകളുള്ള സ്വർണവള മൂന്നെണ്ണം കൊണ്ടുവരണമെന്ന ആവശ്യം അവളുടെ വകയാണെന്ന് മനസ്സിലാക്കാൻ, അയാൾക്ക് പെണ്ണായി പിറക്കേണ്ടതില്ലായിരുന്നു.

കടലുകൾ താണ്ടിയെത്തിയ വീട്ടുവിശേഷങ്ങൾ വായിച്ച് ഇസ്മായിൽ സന്തോഷിച്ചു.

മൂന്നുവർഷത്തെ സൗദി വാസം കഴിഞ്ഞെത്തിയ അയാൾ നാട്ടിലെ മാറ്റങ്ങൾ കണ്ടു. അനിയത്തിമാരിൽ വന്ന മാറ്റങ്ങൾ കണ്ടു. മൂത്തവളുടെ ഒക്കത്തിരുന്ന് ചിരിക്കുന്ന മരുമകനെ കണ്ടു. അളിയന്റെ കയ്യിലെ റാഡോ വാച്ച് കണ്ടു. ചുവന്ന മുത്തുകളുള്ള സ്വർണവളകൾ അയാൾ നാലെണ്ണം കരുതിയിരുന്നു. ആ വരവിൽ ഒരാൾ കൂടി പുതിയെണ്ണായി പടിയിറങ്ങി. അപരിചിതനായ ചെറുപ്പക്കാരന്റെ കൂടെ അവൾ യാത്രയാവുമ്പോൾ അയാളുടെ നെഞ്ച് കനത്തു. കണ്ണ് കടഞ്ഞു. അവൾ ഉമ്മാനെ കെട്ടിപ്പിടിച്ച് കരഞ്ഞതുകൊണ്ട് അയാൾക്ക് കുളിമുറിയിലേക്ക് ഓടേണ്ടി വന്നില്ല. പുരുഷനാണെന്ന കാര്യം മറന്നുപോയ കണ്ണുകൾ അയാളെ ചതിച്ചുകൊണ്ട് നിറഞ്ഞൊഴുകി.

ഭാര്യക്ക് അയാൾ എഴുതുന്ന കത്തുകൾ പെങ്ങന്മാർ കട്ടെടുത്ത് വായിച്ചു. കുഞ്ഞിന് വയസ്സ് രണ്ടായിട്ടും തന്റെ തൊലി നിറത്തെ ചൊല്ലി കേൾക്കേണ്ടി വരുന്ന പരിഹാസങ്ങൾക്കുമുമ്പിൽ ആ സ്ത്രീ കണ്ണീരണിഞ്ഞുനിന്നു.

ആ വരവിന് തനിക്കും ഒരു ഇണ വേണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. പക്ഷേ ഉമ്മ അതിനെപ്പറ്റി സൂചിപ്പിക്കാത്തതുകൊണ്ടും ഇനിയും രണ്ടാളെ കൈ പിടിച്ച് കൊടുക്കാനുള്ളതുകൊണ്ടും, അയാൾ ആ പൂതി ആരോടും പറഞ്ഞില്ല. അത്തവണനാട്ടിൽ കടം വരുത്തിയാണ് അയാൾ മടങ്ങിപ്പോയത്.
ഇരുപത്തെട്ടിന്റെ പ്രസരിപ്പ് ആ കണ്ണുകളിലുണ്ടായിരുന്നില്ല. ദിർഹവും റിയാലും മാറി ദിനാറിന്റെ നാട്ടിൽ നാലുകൊല്ലം ചോര വിയർത്തിട്ടാണ് അയാൾക്ക് രണ്ട് അനിയത്തിമാർക്കുകൂടി ഇണകളെ കണ്ടെത്താൻ കഴിഞ്ഞത്.

35-ാമത്തെ വയസിലാണ് ഇസ്മായിൽ വിവാഹം കഴിച്ചത്. നാല് അനിയത്തിമാരും അളിയന്മാരും ചേർന്ന് ആഘോഷത്തോടെ നടത്തിയ വിവാഹം. കോട്ടക്കലിലെ ആദ്യത്തെ ഓഡിറ്റോറിയത്തിൽ ഗംഭീരമായി നടന്ന വിവാഹം. നിറം കുറഞ്ഞു പോയതുകൊണ്ട് കല്യാണം നടക്കാതെ പോയ ഒരു പാവം ഇരുപത്തിമൂന്ന് കാരിയായിരുന്നു വധു.

നിറം കുറഞ്ഞു പോയതുകൊണ്ട് കല്യാണം നടക്കാതെ പോയ ഒരു പാവം ഇരുപത്തിമൂന്ന് കാരിയായിരുന്നു വധു.

നിറത്തെ ചൊല്ലി തുടക്കം മുതലേ പെങ്ങന്മാർക്കും ഉമ്മാക്കും അതൃപ്തി ഉണ്ടായിരുന്നു. പക്ഷേ ആ ഒറ്റ കാര്യത്തിൽ മാത്രം അയാൾ ഉമ്മാന്റെയും പെങ്ങന്മാരുടെയും വിവരക്കേടിന് വഴങ്ങിക്കൊടുത്തില്ല.
കാര്യങ്ങൾ പുറമേക്ക് ശാന്തമായിരുന്നെങ്കിലും അകം പലതു കൊണ്ടും പുകഞ്ഞു. അതിനിടെ ഒരു പെങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിലേക്ക് രണ്ട് കുട്ടികളുമായി മടങ്ങിവന്നു.

കല്യാണം കഴിച്ച് നാട്ടിൽ ചെറിയ മട്ടത്തിലൊരു ഹോട്ടൽ തുടങ്ങി, ഭാര്യയോടൊപ്പം സുഖമായി ജീവിച്ചു വന്ന ഇസ്മായിൽക്ക തന്റെ ദുരിതകാലങ്ങളെ മറന്നുതുടങ്ങി. ഉപ്പുവെള്ളത്തിൽ കുളിച്ചും പൊരിവെയിലുകൊണ്ടും ഞാനടക്കമുള്ളവർ അസൂയയോടെ നോക്കിയ ആ ചുരുൾമുടി പൊഴിഞ്ഞ് അയാൾ കഷണ്ടിക്കാരനായി. നാട്ടിൽ കാര്യമായി സുഹൃത്തുക്കളൊന്നും അയാൾക്കില്ലായിരുന്നു. പെങ്ങന്മാർക്ക് കൊടുത്ത ആഭരണങ്ങളെല്ലാം ഓരോന്നായി അളിയന്മാർ വിറ്റു തീർത്തു. വീട്ടിലേക്ക് വന്ന പെങ്ങൾ മൊഴി ചൊല്ലപ്പെട്ടു. മറ്റ് പെങ്ങന്മാർക്ക് വീടുപണി തുടങ്ങണം. ഹോട്ടലിൽ നിന്ന് കാര്യമായ വരുമാനമില്ല. പേരിന് വലിയ വാർപ്പ് വീടുണ്ടെന്നുമാത്രം. ഭാര്യയുടെ വിലക്കിനേക്കാൾ, ഉമ്മയുടേയും പെങ്ങന്മാരുടെയും സ്നേഹനിർബന്ധങ്ങൾക്ക് വഴങ്ങി, ഇസ്മായിൽക്ക പിന്നെയും ഗൾഫിലേക്ക് പോയി.

രണ്ടുവട്ടം കൂടി അവിടുന്ന് കടം വാങ്ങി ഇവിടെ ചെലവഴിച്ച്‌, ഇവിടുന്ന് കടം വാങ്ങി അങ്ങോട്ടുപോയി ആ മനുഷ്യൻ തന്റെ പ്രവാസ ജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ടു. പക്ഷേ അപ്പഴേക്കും ബന്ധങ്ങൾ പാടെ തകരാതിരിക്കാൻ അയാൾക്ക് ഭാര്യയെ വാടകവീട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടിവന്നിരുന്നു.

അപ്പോഴേക്കും മൂപ്പരുടെ അതേ ചുരുൾ മുടിയുള്ള ഒരു കുഞ്ഞിസ്മായീൽ ആ മുറ്റത്ത് പിച്ചവെച്ച് തുടങ്ങിയിരുന്നു.

ഭാര്യക്ക് അയാൾ എഴുതുന്ന കത്തുകൾ പെങ്ങന്മാർ കട്ടെടുത്ത് വായിച്ചു. കുഞ്ഞിന് വയസ്സ് രണ്ടായിട്ടും തന്റെ തൊലി നിറത്തെ ചൊല്ലി കേൾക്കേണ്ടി വരുന്ന പരിഹാസങ്ങൾക്കുമുമ്പിൽ ആ സ്ത്രീ കണ്ണീരണിഞ്ഞുനിന്നു. വീട്ടിലെ കാര്യങ്ങളൊന്നും അവർ ഭർത്താവിന് എഴുതിയില്ല. എഴുത്തുകളുടെ കാലം കഴിഞ്ഞ് നമ്പർ ഞെക്കി വിളിക്കാവുന്ന ലാൻഡ് ഫോണുകളുടെ കാലം വന്നു. പൊരി വെയിലത്ത് വഴിയരികിലെ ബൂത്തിനുമുമ്പിൽ വരി നിന്ന്, അയാൾ വീട്ടിലേക്ക് വിളിച്ചു. ഉമ്മാന്റെയും പെങ്ങന്മാരുടെയും സംസാരം നീണ്ടുനീണ്ട് പോയി. ഭാര്യയോട് ഒന്ന് മിണ്ടി മകന്റെ, ഉപ്പാ... വിളി കേട്ടുതീരും മുമ്പ് വിളികളൊടുങ്ങി.

ഉപ്പുവെള്ളത്തിൽ കുളിച്ചും പൊരിവെയിലുകൊണ്ടും ഞാനടക്കമുള്ളവർ അസൂയയോടെ നോക്കിയ ആ ചുരുൾമുടി പൊഴിഞ്ഞ് അയാൾ കഷണ്ടിക്കാരനായി.

രണ്ടുവട്ടം കൂടി അവിടുന്ന് കടം വാങ്ങി ഇവിടെ ചെലവഴിച്ച്‌, ഇവിടുന്ന് കടം വാങ്ങി അങ്ങോട്ടുപോയി ആ മനുഷ്യൻ തന്റെ പ്രവാസ ജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ടു. പക്ഷേ അപ്പഴേക്കും ബന്ധങ്ങൾ പാടെ തകരാതിരിക്കാൻ അയാൾക്ക് ഭാര്യയെ വാടകവീട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടിവന്നിരുന്നു. എന്നിട്ടും തീരാത്ത അടുക്കള കുശുമ്പുകളും അളിയൻ പകകളും അയാളുടെ വിയർപ്പിന്റെ വിലയായ ആ വീട് ഓഹരി വെച്ചെടുത്തു. നാട്ടുപ്രമാണിമാരും ബന്ധുക്കളും മധ്യസ്ഥം വഹിച്ചവരും അയാളുടെ രക്തം വിയർത്തുണ്ടായ ആ വീടിന്റെ പാതി അവകാശമെങ്കിലും അയാൾക്ക് കൊടുക്കണമെന്ന് പറഞ്ഞില്ല.
പെറ്റ തള്ള പറഞ്ഞില്ല. മേനി നിറയെ പണ്ടം ചാർത്തി കിട്ടിയ രക്തബന്ധങ്ങൾ പറഞ്ഞില്ല. സൂചി കുത്താനുള്ള മണ്ണ് പോലും കിട്ടിയില്ലെങ്കിലും, തനിക്ക് ഭർത്താവും മകനുമൊത്ത് സ്വസ്ഥമായി ജീവിച്ചാൽ മതിയെന്ന് തീരുമാനിച്ച ആ നല്ല പാതിയെ ചേർത്തുപിടിച്ച് അയാൾ തന്റെ വീട്ടിൽ നിന്നിറങ്ങി. അരപ്പട്ടിണിയുമായി കഴിഞ്ഞ ഭൂതകാലത്തിന്റെ ഓർമ പോലും ഇല്ലാതെ, കാതിൽ സ്വർണച്ചിറ്റുകൾ കിലുക്കി ഉമ്മ അത് നോക്കി നിന്നു. ഇറങ്ങിപ്പോവുന്നത് തന്റെ ഉദരത്തിൽ കിടന്നവനാണെന്ന്, തന്റെ മുല ആദ്യം കുടിച്ചവനാണെന്ന്, ആ തള്ള ഓർത്തില്ല.

നന്ദികേടിന്റെയും ക്രൂരമായ തിരസ്കാരങ്ങളുടെയും വഞ്ചനകളുടെയും നടുവിൽ,
സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ഓർക്കണമായിരുന്നു. ഭർത്താവ് മരിച്ച് മുലക്കുഞ്ഞുമായി കിടന്ന കാലത്ത്, ഒരു എട്ടാം ക്ലാസുകാരൻ വാഴയിലകൾ വെട്ടി തലച്ചുമടായി കോട്ടക്കൽ അങ്ങാടിയിലേക്ക് നടന്നത് ഓർക്കണമായിരുന്നു. മീൻ കുട്ടകൾ ചുമന്ന് ഓടിത്തളർന്ന പതിനാലുകാരനെ ഓർക്കണമായിരുന്നു. ഒരു ആയുസ്സിന്റെ രക്തം മുഴുവൻ വിയർപ്പാക്കി മാറ്റി, തനിക്കും മക്കൾക്കും വേണ്ടി ചെലവിട്ട മകനെ ഓർക്കണമായിരുന്നു.

ഓർമകളേക്കാൾ മറവികൾ വാഴുന്ന മനുഷ്യമനസ്സുകളുടെ നാട്ടിൽ, എന്റെയും കൂടി നാട്ടിൽ, ഒറ്റമുറിയുള്ള വാടകവീട്ടിൽ ഭാര്യയും മകനുമൊത്ത് ജീവിക്കുന്ന ഇസ്മായിൽക്ക, എന്റെ കൂടെ പെയിൻറ്​ പണിക്ക് ഹെൽപ്പറായി വന്നിരുന്നു. അധികമൊന്നും സംസാരിക്കാത്ത, പറഞ്ഞുകൊടുക്കുന്ന പണി അപ്പടി ചെയ്യുന്ന, അമ്പത് രൂപ കൂലി അധികം കൊടുത്താൽ അത് മടക്കി തരുന്ന ഇസ്മായിൽ എന്ന മനുഷ്യന്റെ ദുഃഖങ്ങളും ദുരിതങ്ങളും എന്റേതുകൂടിയാണ്. നന്ദികേടിന്റെയും ക്രൂരമായ തിരസ്കാരങ്ങളുടെയും വഞ്ചനകളുടെയും നടുവിൽ,
സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ഞാൻ തൊട്ടപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു. അതേ ചിരി. കണ്ണുകളിൽ അതേ വെളിച്ചം.

ചെറുപ്പത്തിൽ അനിയത്തിമാർ കുറുമ്പു കാട്ടി കടിച്ച പാടുകൾ അയാളുടെ കയ്യിൽ മാത്രമല്ല അടയാളപ്പെട്ട് കിടക്കുന്നത്. രക്തബന്ധങ്ങൾക്കുവേണ്ടി മാത്രം മിടിച്ച ആ ഹൃദയത്തിന്റെ ഭിത്തികളിലാണ്. അതിന്റെ ആഴങ്ങളിലാണ്. മനുഷ്യത്വം ബാക്കിയുള്ള ആർക്കും ആ കണ്ണുകളിൽ നിന്ന് ഒരു ദുരിതജീവിതത്തെ, അതിന്റെ ഭൂതകാലത്തെ വായിച്ചെടുക്കാം. നന്മയുള്ള ഉപ്പാന്റെ മകനായി, ഉപ്പാന്റെ അതേ നിറവും ചുരുൾ മുടിയുമായി കുഞ്ഞിസ്മായീൽ വളരുകയാണ്.

കഴിഞ്ഞദിവസം വൈകീട്ട്, പട്ടണത്തിലെ ഹോട്ടലിൽ നിന്ന് ഉപ്പാക്ക് പഴംപൊരി പാർസൽ വാങ്ങുന്ന അവനെ ഞാൻ ഏറെ നേരം നോക്കി നിന്നു. എന്റെ മകനെക്കാൾ നാലഞ്ച് വയസ്സിന്റെ വ്യത്യാസം മാത്രം. അവന്റെ ചുരുൾമുടിയിൽ മറ്റൊരു ചുരുൾമുടിക്കാരന്റെ സങ്കടത്തിരമാലകളെ ഓർത്തുകൊണ്ട് ഞാൻ തൊട്ടപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു. അതേ ചിരി. കണ്ണുകളിൽ അതേ വെളിച്ചം. പഴംപൊരിയുടെ പണം ഞാൻ കൊടുക്കാൻ മുതിർന്നപ്പോൾ സ്നേഹത്തോടെ അവൻ എന്നെ തടഞ്ഞു.

"അതെന്താടാ...?’

‘മാണ്ട, ആരോടും ഒന്നും മാങ്ങരുതെന്ന് ഉപ്പ പറഞ്ഞിട്ട്ണ്ട്.’

അത് അവന്റെ അച്ഛൻ പെങ്ങളുടെ ഹോട്ടലാണെന്ന് അവനറിയുമായിരുന്നില്ല. അവന്റെ ഉപ്പാന്റെ കയ്യിൽ, കുട്ടിക്കാലത്ത് കുറുമ്പുകാട്ടി കടിച്ച് പരിക്കേൽപ്പിച്ച, അതേ പെങ്ങളുടെ ഭർത്താവിന്റെ ഹോട്ടൽ. അവൻ ആൾത്തിരക്കിലേക്ക് നടന്ന് മറയുമ്പോൾ സ്വന്തം ജീവിതം പൊലിച്ചുതീർക്കാൻ അവന് അനിയത്തിമാർ ഇല്ലല്ലോ എന്ന് ഞാൻ ആശ്വസിച്ചു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments