വിശപ്പ്​ ഇല്ലാതാക്കുന്ന
​ഉന്മാദങ്ങളുണ്ടോ?

ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലാത്തതാണെന്ന് അറിയാം. പക്ഷേ ഞാനും രണ്ടിലേറെ ഉന്മാദ കാലങ്ങൾ അനുഭവിച്ചവനാണ്. ഇപ്പോഴും ഭ്രാന്തിന് മരുന്ന് കുടിക്കുന്നവനാണ്.

ഗെയിറ്റ് തുറക്കുന്നതും കാത്ത് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചകളിൽ ഞങ്ങൾ കുറച്ച് മനുഷ്യർ ഇവിടെ ഇരിക്കാറുണ്ട്.
ഇന്നും ഇരുന്നു.
മാസത്തിൽ ഒരിക്കൽ കണ്ടുമുട്ടുന്നവരാണ് ഞങ്ങൾ. ജീവിത ശൈലീരോഗത്തിനും മാനസിക രോഗങ്ങൾക്കുമുള്ള മരുന്നുകൾ വാങ്ങാൻ വരുന്നവർ.
ഷുഗർ കൂടിയതിന്റെയും പ്രഷർ കുറഞ്ഞതിന്റെയും കൊളസ്‌ട്രോൾ ലെവൽ നേരെയാവാത്തതിന്റെയും സങ്കടങ്ങൾ പരസ്പരം കൈമാറുന്നവർ.

ഞങ്ങളിൽ മക്കൾക്ക് മരുന്നു വാങ്ങാൻ വരുന്നവരുണ്ട്.
ഭാര്യക്കും ഭർത്താവിനും മരുന്ന് വാങ്ങാൻ വരുന്നവരുണ്ട്.
കൂടപ്പിറപ്പുകൾക്ക് മരുന്ന് വാങ്ങാൻ വരുന്നവരുണ്ട്.
എല്ലാവർക്കും പറയാനുള്ളത് നീണ്ടുനീണ്ടു പോവുന്ന രോഗങ്ങളുടെ സങ്കടങ്ങൾ മാത്രം. ഇവരിൽ ഒരാളായി ഇവിടെ വരിനിൽക്കുമ്പോൾ ഞാനാ സങ്കടങ്ങളൊക്കെയും ഏറ്റുവാങ്ങും. ചിലർ സംസാരത്തിനിടയിൽ വിതുമ്പും. കണ്ണുകൾ നിറയും. ടോക്കൺ എടുക്കാനും ഡോക്ടറെ കാണാനും ലാബിനു മുമ്പിലും മരുന്ന് വാങ്ങുന്നിടത്തുമൊക്കെ ഞങ്ങൾ സൗഹൃദങ്ങൾ പങ്കിടുമെങ്കിലും, ടോക്കൺ നമ്പറിനെ ചൊല്ലി വഴക്കിടും. മരുന്നൊക്കെ വാങ്ങിക്കഴിഞ്ഞ് ആ മാസത്തെ വഴക്കുകളും സങ്കടങ്ങളും അവിടെത്തന്നെ ഉപേക്ഷിച്ച് ഞങ്ങൾ അവരവരുടെ മാളങ്ങളിലേക്ക് യാത്രയാവും.

ഇന്ന് അതിൽ ഒരാളെ മാത്രം എവിടെയും കണ്ടില്ല. അധികമൊന്നും സംസാരിക്കാത്ത, ആരോടും ടോക്കൺ നമ്പറിനെ ചൊല്ലി വഴക്കിടാത്ത,
ഒരുമ്മയായിരുന്നു അവർ. മകന്റെ അസുഖത്തിന് അവരാണ് എല്ലാ മാസവും മരുന്ന് വാങ്ങാൻ വരുന്നത്. സ്ത്രീകളുടെ കൂട്ടത്തിൽ മിക്കവാറും അവരാണ് ആദ്യമെത്താറ്. പക്ഷേ ഗെയിറ്റ് തുറന്ന്, ടോക്കൺ എടുക്കുന്ന വരിയിലെത്തുമ്പോൾ അവരെ തള്ളി മാറ്റി, മറ്റ് സ്ത്രീകൾ മുമ്പിലെത്തും. അവർ ആരോടും വഴക്കിനു പോവാറില്ല. രാവിലെ ഏഴുമണിക്ക് ഡിസ്‌പെൻസറി മുറ്റത്ത് എത്തുന്ന അവർക്ക് ഇരുപതാമത്തെ ടോക്കണൊക്കെയാണ് കിട്ടാറ്.

‘ഞാനാണ് ആദ്യം വന്നതെന്ന് ഉമ്മാക്ക് ഇവരോട് പറഞ്ഞൂടേ' എന്ന് ഞാനൊരിക്കൽ അവരോട് ചോദിച്ചപ്പോൾ, ജീവിതം നൽകിയ നിസ്സംഗതയുടെ ചിരി അവർ ചിരിച്ചു.

അവരുടെ മകന് മാനസിക രോഗമുണ്ട്. ഒപ്പം വൃക്ക രോഗിയുമാണ്.
രണ്ടിനുമുള്ള പാതിയിലേറെ മരുന്നുകൾ ഡിസ്‌പെൻസറിൽ നിന്ന് കിട്ടും. ബാക്കി അവർ പുറത്തുനിന്ന് വാങ്ങും. ഭർത്താവ് മരിച്ച അവർക്ക് ഈ മകനും രണ്ട് പെൺമക്കളുമാണ് ഉള്ളത്. പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാരോടൊപ്പം ദൂര ദേശങ്ങളിൽ താമസിക്കുന്നു.

സ്ത്രീകളുടെ കൂട്ടത്തിൽ മിക്കവാറും അവരാണ് ആദ്യമെത്താറ്. പക്ഷേ ഗെയിറ്റ് തുറന്ന്, ടോക്കൺ എടുക്കുന്ന വരിയിലെത്തുമ്പോൾ അവരെ തള്ളി മാറ്റി, മറ്റ് സ്ത്രീകൾ മുമ്പിലെത്തും.
സ്ത്രീകളുടെ കൂട്ടത്തിൽ മിക്കവാറും അവരാണ് ആദ്യമെത്താറ്. പക്ഷേ ഗെയിറ്റ് തുറന്ന്, ടോക്കൺ എടുക്കുന്ന വരിയിലെത്തുമ്പോൾ അവരെ തള്ളി മാറ്റി, മറ്റ് സ്ത്രീകൾ മുമ്പിലെത്തും.

അവരുടെ മകന് 26 വയസ്സ് വരെ യാതൊരു രോഗവും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ അവനിൽ മാറ്റങ്ങൾ വന്നുതുടങ്ങി. അമിതമായ സംസാരം. അകാരണമായ ദേഷ്യം. രാത്രികളിൽ ഉറക്കമില്ലാതെ വീടിനുള്ളിൽ വെറുതെ നടക്കും. ഉച്ചത്തിൽ തനിയെ സംസാരിക്കും. അസുഖം തുടങ്ങിയ ഉടനെ ഡോക്ടർമാരെ കാണിച്ചതാണ്. യഥാർത്ഥ രോഗകാരണം കണ്ടുപിടിക്കാൻ കഴിയാത്ത ചികിത്സകർ അവന് മയങ്ങിക്കിടക്കാനുള്ള മരുന്നുകൾ കൊടുത്തു. രാപ്പകലില്ലാതെ അവൻ മയങ്ങിക്കിടന്നു.

ഉമ്മയും മകനും വീട്ടിൽ തനിച്ചായി. കഷ്ടിച്ച് ചെലവിനുള്ള വക പറമ്പിൽ നിന്ന് കിട്ടും. മകനെ ഉപേക്ഷിച്ചു പോവാൻ കഴിയാത്ത ഗർഭപാത്രത്തിന്റെ ആ ഉടമ അവന്റെ രണ്ടാം ബാല്യത്തിനും രോഗത്തിനും കൂട്ടിരുന്നു.

അവന്റെ സംസാരം നിലച്ചു. കണ്ണുകളിലെ വെളിച്ചം കെട്ടു. എപ്പോഴും മയക്കം. അല്ലെങ്കിൽ ശൂന്യതയിലേക്ക് നോക്കിയുള്ള ഇരുത്തം. ഭക്ഷണം പോലും വാരി കൊടുക്കേണ്ട അവസ്ഥ. കുളിമുറിയിലേക്ക് നടത്തിക്കൊണ്ടുപോയി കുളിപ്പിച്ചെടുക്കേണ്ട അവസ്ഥ. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത, മാനസിക രോഗങ്ങൾ എന്താണെന്ന് യാതൊരു ധാരണയുമില്ലാത്ത അവന്റെ ഭാര്യ അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. വീട്ടിൽ ഭാര്യ ഇല്ലാതായ വിവരം കൂടി അവൻ അറിഞ്ഞില്ല. വീടുവിട്ടു പോയെങ്കിലും ബന്ധം വേർപ്പെടുത്തുകയോ അവൾ വേറെ വിവാഹം കഴിക്കുകയോ ചെയ്തില്ല.

ഉമ്മയും മകനും വീട്ടിൽ തനിച്ചായി. കഷ്ടിച്ച് ചെലവിനുള്ള വക പറമ്പിൽ നിന്ന് കിട്ടും. മകനെ ഉപേക്ഷിച്ചു പോവാൻ കഴിയാത്ത ഗർഭപാത്രത്തിന്റെ ആ ഉടമ അവന്റെ രണ്ടാം ബാല്യത്തിനും രോഗത്തിനും കൂട്ടിരുന്നു. അവന് ഭക്ഷണം വാരി കൊടുത്തു. അവനെ കുളിപ്പിച്ചു, ചന്തി കഴുകി കൊടുത്തു.

അവന്റെ സംസാരം നിലച്ചു. കണ്ണുകളിലെ വെളിച്ചം കെട്ടു. എപ്പോഴും മയക്കം. അല്ലെങ്കിൽ ശൂന്യതയിലേക്ക് നോക്കിയുള്ള ഇരുത്തം.
അവന്റെ സംസാരം നിലച്ചു. കണ്ണുകളിലെ വെളിച്ചം കെട്ടു. എപ്പോഴും മയക്കം. അല്ലെങ്കിൽ ശൂന്യതയിലേക്ക് നോക്കിയുള്ള ഇരുത്തം.

ഇന്ന് അവരെ കാണാഞ്ഞ് എല്ലായിടത്തും ഞാൻ തിരഞ്ഞു. ടോക്കൺ കൊടുക്കുന്ന വരിയിലും, ലാബിലും, പരിശോധനയ്ക്കുള്ള വരിയിലും, മരുന്ന് കൊടുക്കുന്നിടത്തും. എവിടെയും അവരെ കണ്ടില്ല. വല്ല അസുഖവും വന്ന് കിടപ്പിലായിട്ടുണ്ടാവുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു. മരുന്ന് വാങ്ങാനുള്ള നീണ്ട വരിയിൽ നിന്ന് മാറി, തന്റെ ടോക്കന്റെ സമയമാവുന്നതു വരെ അവർ ചെന്നിരിക്കാറുള്ള ആൽമരത്തിന്റെ ചുവട്ടിലും ഞാനവരെ നോക്കി, കണ്ടില്ല. ഒരു മാസത്തെ മരുന്ന് മുടങ്ങിയാൽ അവരുടെ ബജറ്റാകെ താളം തെറ്റുമല്ലോന്ന് ഞാൻ വേവലാതിപ്പെട്ടു. പിന്നെ മറ്റാരെങ്കിലും അവർക്കുവേണ്ടി മരുന്നുവാങ്ങാൻ വന്നിട്ടുണ്ടാവുമെന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു.

അവരുടെ നാട്ടുകാരിയായ മറ്റൊരു സ്ത്രീയോട്, ‘ആ ഉമ്മ എന്തേ ഇന്ന് വന്നില്ല’ എന്ന് ഞാൻ ചോദിച്ച നിമിഷം, എനിക്കുചുറ്റും കാറ്റത്ത് പൊഴിഞ്ഞുവീണ ആലിലകൾ, വെയിലിന്റെ കനൽച്ചീളുകൾ...
ഒട്ടും ഭാവഭേദമില്ലാതെ അവരിൽ നിന്ന് എനിക്കുള്ള മറുപടി കിട്ടി; ‘അത് പോയി.’

എങ്ങോട്ടെന്നോ എന്നാണെന്നോ ഞാൻ ചോദിച്ചില്ല. അവരുടെ മുഖത്തു നിന്നും, ആ പറച്ചിലിലെ നിസാരതയിൽ നിന്നും ഞാനത് കണ്ടു. വെള്ളത്തുണി കൊണ്ടു മൂടിയ മയ്യത്ത്.

അവരുടെ മുഖത്തു നിന്നും, ആ പറച്ചിലിലെ നിസാരതയിൽ നിന്നും ഞാനത് കണ്ടു. വെള്ളത്തുണി കൊണ്ടു മൂടിയ മയ്യത്ത്.
അവരുടെ മുഖത്തു നിന്നും, ആ പറച്ചിലിലെ നിസാരതയിൽ നിന്നും ഞാനത് കണ്ടു. വെള്ളത്തുണി കൊണ്ടു മൂടിയ മയ്യത്ത്.

തനിക്കുവേണ്ടി മാത്രം മിടിച്ച ഹൃദയത്തിന്റെ ഉടമ മരിച്ചതറിയാതെ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്ന മകൻ. ആ അന്തരീക്ഷത്തിൽ എരിയുന്ന ചന്ദനത്തിരികൾ. ഉരുവിടുന്ന ഖുർ -ആൻ വചനങ്ങൾ. വിലാപയാത്ര. മണ്ണിലേക്കുള്ള മടക്കം. കപടമായ ദുഃഖപ്രകടനങ്ങൾ. മയ്യത്തും വഹിച്ച് ആൾക്കൂട്ടം പള്ളിപ്പറമ്പിലേക്ക് യാത്രയാവുന്നത് അറിയാതെ, ഉന്മാദത്തിന്റെ അഗ്‌നിച്ചിറകിൽ പിടിച്ചിരിക്കുന്ന മകൻ.

എന്നെ തള്ളി മാറ്റി ആരൊക്കെയോ മരുന്നു വാങ്ങി. അവിടെ, ആ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് മരുന്നുകൾ എണ്ണി തിട്ടപ്പെടുത്തുന്ന ഉമ്മയെ ഞാൻ കണ്ടു.
32 വയസ്സുള്ള മകന് ഭക്ഷണം വാരിക്കൊടുക്കുന്ന, അവനെ കുളിപ്പിക്കുന്ന, ചന്തി കഴുകി കൊടുക്കുന്ന ഉമ്മയെന്ന സൂര്യതേജസിനെ ഞാൻ കണ്ടു. എന്റെ തൊണ്ടയിൽ എന്തോ തടഞ്ഞുനിന്നു.

വെറുതെ ഞാനാ ആൽമരത്തിന്റെ ചുവട്ടിൽ, അവർ ഇരിക്കാറുള്ള ഇടത്ത് ചെന്നിരുന്നു. വല്ലാതെ മിടിക്കുന്ന ഒരു ഹൃദയത്തിന്റെ ശബ്ദം ഞാനപ്പോൾ കേട്ടു. എന്റെ മേലേക്ക് ആലിലകൾ പൊഴിഞ്ഞുവീണു. രണ്ടുവർഷത്തെ പരിചയത്തിനിടയിൽ ഏതാണ്ട് 24 തവണ പരസ്പരം കണ്ടിട്ടും, അവരുടെ പേര് എന്തെന്ന് ഞാൻ ചോദിച്ചിരുന്നില്ല. അല്ലെങ്കിലും ദുഃഖത്തിന് ഈ ഭൂമിയിൽ ഒറ്റ പേരേ ഉള്ളല്ലോ.

ഞാനവരെ ഉമ്മാന്നാണ് വിളിച്ചിരുന്നത്.

വെറുതെ ഞാനാ ആൽമരത്തിന്റെ ചുവട്ടിൽ, അവർ ഇരിക്കാറുള്ള ഇടത്ത് ചെന്നിരുന്നു. എന്റെ മേലേക്ക് ആലിലകൾ പൊഴിഞ്ഞുവീണു.
വെറുതെ ഞാനാ ആൽമരത്തിന്റെ ചുവട്ടിൽ, അവർ ഇരിക്കാറുള്ള ഇടത്ത് ചെന്നിരുന്നു. എന്റെ മേലേക്ക് ആലിലകൾ പൊഴിഞ്ഞുവീണു.

ഉമ്മാ, ഇനിയൊരിക്കലും നിങ്ങൾക്കീ നീണ്ടുപോവുന്ന വരികളിലേക്ക് വരേണ്ട. പൊരിവെയിലുകൊണ്ട് മകന് മരുന്നുവാങ്ങാൻ നിങ്ങൾ നിന്ന ആ വരി ഇപ്പോഴും ഇവിടെയുണ്ട്. നിങ്ങളുടെ ടോക്കൺ നമ്പറിന്റെ സ്ഥാനത്ത് മറ്റൊരു ടോക്കൺ നമ്പറുണ്ട്. രോഗികൾ സ്വന്തം ദുഃഖങ്ങളുടെ ഭാണ്ഡങ്ങളും ചുമന്ന് കാലങ്ങളോളം ഈ മുറ്റത്ത് വന്നുനിൽക്കും. അടുത്ത മാസവും ഞാനിവിടെ വന്നേക്കാം. ചിലപ്പോൾ ആ സമയത്തിനുള്ളിൽ ഞാൻ നിങ്ങളെ മറന്നേക്കാം.

ഇപ്പോൾ അവനീ ഭൂമിയിൽ തനിച്ചാണ്. ആ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അവൻ നിങ്ങളെ തിരഞ്ഞേക്കും. വല്ലാതെ വിശക്കുമ്പോൾ ഉന്മാദത്തിന്റെ കരിമ്പടത്തിൽ നിന്ന്​ തലയുയർത്തി അവൻ നിങ്ങളെ വിളിച്ചേക്കും.

എല്ലാവരും അവരവരുടെ രോഗങ്ങൾക്ക് മരുന്നുതേടി വരിനിൽക്കുന്ന ഭൂമിയെന്ന ഈ വലിയ ആശുപത്രിയിൽ നിങ്ങളും കുറെ കാലം വരി നിന്നു. ഇപ്പോൾ ഒടുക്കത്തെ ടോക്കൺ നമ്പറും വിളിച്ച്, കൗണ്ടർ അടച്ചുകഴിഞ്ഞു.

ദൂരെ...
ഒരു വീടിന്റെ അടഞ്ഞ വാതിലിനുള്ളിൽ നിങ്ങളുടെ മകനുണ്ട്. ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവന്റെ ഉന്മാദങ്ങളെ, അതിന്റെ അഗ്‌നിച്ചിറകുകളെ എനിക്ക് മനസ്സിലാക്കാൻ കഴിയും.

ഇപ്പോൾ അവനീ ഭൂമിയിൽ തനിച്ചാണ്. ആ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ അവൻ നിങ്ങളെ തിരഞ്ഞേക്കും. വല്ലാതെ വിശക്കുമ്പോൾ ഉന്മാദത്തിന്റെ കരിമ്പടത്തിൽ നിന്ന്​ തലയുയർത്തി അവൻ നിങ്ങളെ വിളിച്ചേക്കും. വിശപ്പിനെ ഇല്ലാതാക്കുന്ന ഉന്മാദങ്ങളൊന്നും ഈ ഭൂമി സൃഷ്ടിച്ചിട്ടില്ല.

ഒരു വീടിന്റെ അടഞ്ഞ വാതിലിനുള്ളിൽ നിങ്ങളുടെ മകനുണ്ട്. ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവന്റെ ഉന്മാദങ്ങളെ, അതിന്റെ അഗ്‌നിച്ചിറകുകളെ എനിക്ക് മനസ്സിലാക്കാൻ കഴിയും. /Photo: Pexels
ഒരു വീടിന്റെ അടഞ്ഞ വാതിലിനുള്ളിൽ നിങ്ങളുടെ മകനുണ്ട്. ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവന്റെ ഉന്മാദങ്ങളെ, അതിന്റെ അഗ്‌നിച്ചിറകുകളെ എനിക്ക് മനസ്സിലാക്കാൻ കഴിയും. /Photo: Pexels

നിങ്ങളെ കാണാഞ്ഞ് ഭക്ഷണം കിട്ടാഞ്ഞ്, അവനാ വീടിനുള്ളിൽ ഇതുവരെ കഴിച്ച മരുന്നിന്റെ ഫലങ്ങളെയൊക്കെ ഇല്ലാതാക്കി, ഉറക്കെയുറക്കെ അലറി വിളിക്കും. രോഗത്തിന്റെ ആരംഭ കാലത്തെന്ന പോലെ ഉറക്കം നഷ്ടമായി ഉച്ചത്തിൽ തനിയെ സംസാരിച്ചു കൊണ്ട് പുലരുവോളം നടക്കും. ചിലപ്പോൾ ആ വാതിൽ തുറന്ന് അവൻ പെരുവഴിയിലേക്ക് ഇറങ്ങും. തെരുവുകൾക്ക് ഒരു ഭ്രാന്തനെ കൂടി ലഭിക്കും. ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലാത്തതാണെന്ന് അറിയാം. പക്ഷേ ഞാനും രണ്ടിലേറെ ഉന്മാദ കാലങ്ങൾ അനുഭവിച്ചവനാണ്. ഇപ്പോഴും ഭ്രാന്തിന് മരുന്ന് കുടിക്കുന്നവനാണ്. അവന്റെ സഹോദരിമാരിൽ ആരെങ്കിലും അവനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോവും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. രക്തബന്ധങ്ങൾക്ക് വാഴനാരിന്റെ ഉറപ്പു പോലും ഇല്ലെന്ന് അനുഭവിച്ചറിഞ്ഞിട്ടും, അവൻ സഹോദരിയുടെ വീട്ടിൽ സുരക്ഷിതമായി ജീവിക്കുന്നത് ഈയുള്ളവൻ സ്വപ്നം കാണുകയാണ്.

ഇനിയും എന്താണ് എഴുതേണ്ടതെന്ന് സത്യായിട്ടും എനിക്കറിയില്ല ഉമ്മാ ... ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments