എനിക്കുമുകളിൽ ആകാശം വിണ്ടുകീറി. ആ വിടവിലൂടെ വാലിന് തീപിടിച്ച മയിലുകൾ നിലവിളിച്ചോടി. തീയാളുന്ന ആ വാലുകളിലൂടെ യൂണിഫോമിട്ട പൊലീസുകാർ ആകാശമിറങ്ങിവന്നു.

എന്നെ തേടി അവനെത്തി, എല്ലാ ക്രൂരതകളും മറന്ന്,
ഭയമില്ലാതെ, ഒട്ടും കലർപ്പില്ലാതെ ഞാൻ വേദനിച്ചു...

ആയുസ്സിന്റെ നേർത്തൊരു നൂലിഴ തെറ്റിയിരുന്നെങ്കിൽ അവനിപ്പൊ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവുമായിരുന്നില്ലല്ലോ എന്ന ചിന്തയിൽ ഞാനവനെ തന്നെ നോക്കിനിന്നു. പ്രണയമെന്നത് വെറും കാവ്യവിഷയമല്ല എന്ന് തെളിയിച്ച്​, ഒരാളോടുള്ള പ്രണയം പ്രണയത്തെ കുറിച്ചുള്ള അവസാന വാക്കല്ല എന്ന് തെളിയിച്ച്​ അവൻ ഭാര്യയോടൊപ്പം അവിടെ ഇരിക്കുകയാണ്.

മ്മ കൂട്ടിരുന്നതും ഉപ്പ കൂട്ടിയിരുന്നതും പെങ്ങന്മാർ കൂട്ടിരുന്നതും ഭാര്യയും മക്കളും കൂട്ടിരുന്നതുമായ എത്രയോ പനിക്കാലങ്ങൾ കടന്നുപോയിരിക്കുന്നു. ആരും കൂട്ടില്ലാതെ ബുഹാരി ഹോട്ടലിലെ ടെറസിനുമുകളിൽ വെയിലും മഞ്ഞും കൊണ്ട് കിടന്ന ആ പനിക്കാലം മാത്രം ഇന്നും തീപ്പൊള്ളലായി ഉള്ളിലുണ്ട്.

കോണിക്കൂടിന്റെ വാർപ്പിനുതാഴെയുള്ള ആ ഇത്തിരിയിടത്തിൽ മൂട്ട കടിച്ചു കൊല്ലുന്ന പുൽപ്പായയിൽ, ഉള്ളും പുറവും പനിച്ചുവിറച്ച്, തലച്ചോറ് പുകഞ്ഞ്, ചിന്തകൾ പുകഞ്ഞ്, രാവിലെ മണി കൊണ്ടുവരുന്ന കട്ടൻ ചായ മാത്രം കുടിച്ച്, വെയിലാളുന്ന ആകാശത്തിൽ തെളിയുന്ന ചോരച്ചെമ്പരത്തികളെ നോക്കി കിടന്ന നാളുകൾ...

മാനേജർ വന്ന് തൊട്ടുനോക്കി, ആശുപത്രിയിൽ പോണോ എന്നുചോദിച്ചപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു. അയാൾ മണിയുടെ അടുത്ത് കൊടുത്തയച്ച പനിഗുളിഗ കഴിച്ച്, വിയർപ്പും മൂത്രവും മണക്കുന്ന പുതപ്പ് പുതച്ചുകിടന്ന് ഞാൻ വിചിത്രകാഴ്ചകൾ കണ്ടു. എനിക്കുമുകളിൽ ആകാശം വിണ്ടുകീറി. ആ വിടവിലൂടെ വാലിന് തീപിടിച്ച മയിലുകൾ നിലവിളിച്ചോടി. തീയാളുന്ന ആ വാലുകളിലൂടെ യൂണിഫോമിട്ട പൊലീസുകാർ ആകാശമിറങ്ങിവന്നു. അവരെന്നോട് പറഞ്ഞു;
ഞാൻ കാശ് കട്ടെടുത്തത് മരിച്ചുകിടന്ന മനുഷ്യന്റെ പോക്കറ്റിൽ നിന്നാണെന്ന്, ഞാനും മണിയും ചേർന്നാണ് അയാളെ കൊന്നതെന്ന്...
കാശ് ആദ്യം കൈ നീട്ടിയെടുത്തത് ഞാനായതുകൊണ്ട് എന്നെ ജയിലിലിടുമെന്ന്, പിന്നെ വിധി പറഞ്ഞു തൂക്കിക്കൊല്ലുമെന്ന്.

ദേവകി സൈനു കുറുക്കൻ മൈലാഞ്ചികൾ പടർന്നുനിന്ന ചെങ്കൽപ്പാറകളിലൂടെ എന്നെ വലിച്ചിഴച്ചു. എന്നിട്ട് അവർ തനിയെ കിളച്ചുണ്ടാക്കിയ ഖബറിൽ എന്നെ തള്ളിയിട്ട് മണ്ണു മൂടി. ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞെണീക്കുമ്പോൾ ഭാസ്‌കരേട്ടൻ എന്റെ മുമ്പിൽനിന്നു.

എന്റെ പേടിക്കാഴ്ചകളൊക്കെ കേട്ട്, നഖമടർന്ന്​ പഴുത്തുവീർത്ത പെരുവിരലിലെ, വേദനയും സഹിച്ച് മണി പിറ്റേന്നുതന്നെ ആ ദൂരമത്രയും താണ്ടിച്ചെന്ന് അയാളവിടെയില്ലെന്ന് ഉറപ്പുവരുത്തി തിരിച്ചുവന്നു. എന്നിട്ടും എനിക്കുമുമ്പിൽ അപരിചിതനായ ആ മനുഷ്യൻ മരിച്ചുകിടന്നു. ജീവൻ നിലച്ച ആ ശരീരത്തിൽ നിന്ന് ഞാൻ വീണ്ടും വീണ്ടും കാശ് കട്ടെടുത്തു.

പനിച്ചൂടിനും വെയിൽ ചൂടിനുമിടയിൽ ഞാനെന്ന കൗമാരക്കാരൻ, മഹാനഗരങ്ങളെ കണ്ടു. സിനിമകളിൽ കാണുന്ന തോക്കുകൾ കണ്ടു. കൂറ്റൻ കെട്ടിടത്തിന്റെ മുകളിൽ കയ്യിൽ തീ തുപ്പുന്ന തോക്കുമായി ഞാൻ നിന്നു. എന്റെ തോക്കിൽനിന്ന് പാഞ്ഞ വെടിയുണ്ടകൾ കെട്ടിടങ്ങൾ തുളച്ച് അപ്പുറത്തേക്കുകടന്ന് ആരുടെയൊക്കെയോ ദേഹത്ത് തറച്ചു. നിലവിളികളോടെ ചോര ചീറ്റി ബുഹാരി ഹോട്ടലിന്റെ ടെറസിലേക്ക് അവർ വന്ന് വീണു. വെയിലിന്റെ മഞ്ഞ മറവിനപ്പുറം മനുഷ്യർ മരിച്ചു കിടന്നു. എല്ലാം ഞാൻ കൊന്നൊടുക്കിയ മനുഷ്യർ.

മണി കൊണ്ടുവരുന്ന കട്ടൻ ചായ മാത്രം കുടിച്ച്, വെയിലാളുന്ന ആകാശത്തിൽ തെളിയുന്ന ചോരച്ചെമ്പരത്തികളെ നോക്കി കിടന്ന നാളുകൾ... / Photo: peakpx.com

രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാഴ്ചകൾ എന്നെ കുരുക്കിയിട്ടു. ഞാൻ ആബിദാനെ പിറകിലിരുത്തി ബോംബെ നഗരത്തിലൂടെ വായുവേഗത്തിൽ ബുള്ളറ്റ് ഓടിച്ചു. എന്നെ തള്ളി താഴെയിട്ട്, ഹാറൂൺ മുസ്ലിയാർ ആ ബുള്ളറ്റിൽ കയറിയിരുന്നു. മുൻവശത്തെ വസ്ത്രവാതിലുകൾ തുറന്ന് ആബിദാന്റെ നെഞ്ചിലെ രണ്ട് വെളുത്ത മുഴകൾ അതിന്റെ കത്തുന്ന കണ്ണുകളാൽ എന്നെ നോക്കി ചിരിച്ചു.

ദേവകി സൈനു കുറുക്കൻ മൈലാഞ്ചികൾ പടർന്നുനിന്ന ചെങ്കൽപ്പാറകളിലൂടെ എന്നെ വലിച്ചിഴച്ചു. എന്നിട്ട് അവർ തനിയെ കിളച്ചുണ്ടാക്കിയ ഖബറിൽ എന്നെ തള്ളിയിട്ട് മണ്ണു മൂടി. ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞെണീക്കുമ്പോൾ ഭാസ്‌കരേട്ടൻ എന്റെ മുമ്പിൽനിന്നു. അയാൾ പറഞ്ഞു, ‘ചെക്കാ, കള്ളു കുടിച്ച് ബോധല്ലാതെ കെടന്ന ഏതോ നായിന്റെ കീശീന്നാണ് നിങ്ങള് കാസടുത്തത്, അല്ലാതെ ആരിം കൊന്നിട്ടല്ല.’

തങ്കരാജ് ഗിരീഷിന്റെ എച്ചിൽപാത്രങ്ങൾ എനിക്കുമുമ്പിൽ കൂട്ടിയിട്ടു. അവയിലെ മീൻ മുള്ളുകൾ ഓരോന്നായി എടുത്ത് അതിന്റെ അവസാനതരി ഇറച്ചിയും ഞാൻ ഞൊട്ടിനുണഞ്ഞു. ആകാശത്തിലൂടെ താമരക്കുളങ്ങളും നെൽപ്പാടങ്ങളും ഒഴുകിപ്പോയി.

ഏറ്റവും സ്‌നേഹത്തോടെ അയാളെന്നെ തൊട്ടു. അവർ കിടക്കുന്ന മുറിയിൽ ചെന്ന് കിടക്കാൻ പറഞ്ഞു. ഞാൻ അനുസരിച്ചില്ല. ഞാനാ വെയിലത്ത് കിടന്നു. ചോരയും മദ്യവും മണക്കുന്ന അന്തരീക്ഷത്തിലൂടെ ഉടുതുണിയില്ലാതെ വൈദേഹി ഓടി. കാലിൽ ഒറ്റച്ചിലമ്പുമായി കണ്ണകി ഓടി. മധുരയും കോഴിക്കോടും പെരുംചിലമ്പും ബോംബെയും കണ്ണകിയുടെ കോപത്താൽ കത്തിയെരിഞ്ഞു. നിറുകം തലയിലേക്ക് മഞ്ഞിന്റെ തണുപ്പുമായി മുത്തയ്യൻ സാറിന്റെ വാക്കുകൾ വന്നുവീണു.

‘എങ്കെ വാൾന്താലും നല്ലാ പഠിച്ച് നല്ലവനാ വാളണം.'

സാറിന്റെ കളഭമണങ്ങളെ പിരിഞ്ഞ് രണ്ടു വർഷം തികയും മുമ്പ് കള്ളനായി മാറിയ ഞാൻ ആ ടെറസിൽ കിടന്ന് കരഞ്ഞു. പൊന്നഴകി ടീച്ചർ ഈണത്തിൽ പാടി, ‘ആലും വേലും പല്ലുക്കറുതി നാലും റണ്ടും സൊല്ലുക്കറുതി.’

ഗിരീഷിനെയും ചുമന്ന് സ്‌കൂൾ മുറ്റത്തെ ചരലിലൂടെ സെന്തിൽ ഓടി. തങ്കരാജ് ഗിരീഷിന്റെ എച്ചിൽപാത്രങ്ങൾ എനിക്കുമുമ്പിൽ കൂട്ടിയിട്ടു. അവയിലെ മീൻ മുള്ളുകൾ ഓരോന്നായി എടുത്ത് അതിന്റെ അവസാനതരി ഇറച്ചിയും ഞാൻ ഞൊട്ടിനുണഞ്ഞു. ആകാശത്തിലൂടെ താമരക്കുളങ്ങളും നെൽപ്പാടങ്ങളും ഒഴുകിപ്പോയി. തങ്കരാജിന്റെ ചൂണ്ടൽ വിഴുങ്ങിയ വലിയൊരു തേളി മീൻ ചൂണ്ടൽ പൊട്ടിച്ച് എന്റെ പുൽപ്പായയിലേക്ക് വന്നു വീണു. ഞാൻ അതിനെ പിടിച്ചു. ഉറക്കം ഞെട്ടിയ മണി എഴുന്നേറ്റിരുന്ന് എന്നെ തൊട്ടു. ചുട്ടുപൊള്ളുന്ന പനിച്ചൂടിൽ ഞാനവനോട് എന്തൊക്കെയോ പറഞ്ഞു.

കാലിൽ ഒറ്റച്ചിലമ്പുമായി കണ്ണകി ഓടി. മധുരയും കോഴിക്കോടും പെരുംചിലമ്പും ബോംബെയും കണ്ണകിയുടെ കോപത്താൽ കത്തിയെരിഞ്ഞു.

പിറ്റേന്ന് ഭാസ്‌കരേട്ടൻ എന്നെ ഓട്ടോയിൽ ബീച്ചാശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോയിലിരുന്ന് ഞാൻ നഗരക്കാഴ്ചകൾ കണ്ടു. മുഴുനഗരത്തിനും മേൽ ആ മനുഷ്യൻ കമിഴ്ന്നുകിടന്നു. അയാളുടെ തുണിസഞ്ചിയിൽനിന്ന് തെറിച്ചുവീണ ഇംഗ്ലീഷ് പുസ്തകത്തിന് സ്റ്റേഡിയം ഗ്രൗണ്ടിന്റെയത്ര വലിപ്പമുണ്ടായിരുന്നു. ഭാരം നഷ്ടമായ എന്റെ ശിരസ്, കഴുത്തിനുമുകളിൽ പഞ്ഞിക്കെട്ടായി നിന്ന് ആടി. എവിടെയും ഉറക്കാത്ത എന്റെ നോട്ടം കണ്ട് ഭാസ്‌കരേട്ടൻ പറഞ്ഞു, ‘ഡോക്ടർ ചോദിച്ചാ കാശെടുത്ത കാര്യമൊന്നും പറയണ്ട, അയാള് പൊലീസിനെ വിളിക്കും.'

ആശുപത്രി വരാന്തയിൽ വെയിൽ വീഴുന്നിടത്ത് ഞാൻ കാത്തിരുന്നു. കാലങ്ങൾക്കുശേഷം സൈക്യാട്രിസ്റ്റിന്റെ മുറിക്കുമുമ്പിൽ ഇതേപോലെ വെയിലുകൊണ്ട് കാത്തിരുന്നപ്പോൾ, ഞാനീ പനിക്കാലം ഓർത്തു. അതിന്റെ പേടിക്കാഴ്ചകളെ ഓർത്തു. എനിക്ക് ഭ്രാന്തായിപ്പോവും എന്ന അകാരണമായ ഭയത്തിൽ കുരുങ്ങി ഞാനിരുന്ന ആ വെയിൽവരാന്തയ്ക്കപ്പുറം ഇതേനഗരം അലറി വിളിച്ചു. അപ്പഴേക്കും നഗരം വല്ലാതെ മാറിയിരുന്നു. ഞാൻ സിനിമ കണ്ട തിയേറ്ററുകൾ പൊളിച്ചുമാറ്റിയിരുന്നു. ഞാൻ നടന്ന പാതകൾക്കിരുവശവും കെട്ടിടങ്ങൾ വല്ലാതെ വളർന്നിരുന്നു.

വായിൽ എന്തോ ചില്ല് ട്യൂബ് തിരികി, എന്റെ പനിയളന്ന് ഡോക്ടർ എന്നെ ഏറെ നേരം തുറിച്ചു നോക്കി. ഞാൻ ഭയത്തോടെ ഭാസ്‌കരേട്ടനെ നോക്കുന്നത് കണ്ടിട്ടാവണം, അയാളോട് പുറത്തിറങ്ങി നിൽക്കാൻ ഡോക്ടർ പറഞ്ഞു. പിന്നെ നഴ്‌സിനോട് വാതിലടക്കാൻ പറഞ്ഞിട്ട് എന്നോട് ഉടുമുണ്ടൂരാൻ പറഞ്ഞു.

ആ മുറിവ് എങ്ങനെയുണ്ടായി എന്നുചോദിച്ചു. പെൺനാവുകൾ എന്റെ അരക്കെട്ടിനെ ആസക്തിയോടെ നക്കിത്തോർത്തിയ കൊട്ടാരക്കാലത്തെ കുറിച്ച് ഞാനയാളോട് പറഞ്ഞു. ഒടുവിൽ ഞാനവിടെ കൊണ്ട കടിയെക്കുറിച്ചും, ആ രാത്രി വേദനയുടെ ഞരമ്പുകളിലൂടെ ഓടിയ ഓട്ടത്തെ കുറിച്ചും പറഞ്ഞു.

വിയർപ്പും പനിച്ചൂടും തളംകെട്ടി നിന്ന എന്റെ അരക്കെട്ടിൽ തൂങ്ങിക്കിടന്ന അണ്ടിയിൽ വിരൽ തൊട്ട് ഡോക്ടർ അമ്പരന്നു നിന്നു. പിന്നെ ആ മുറിവ് എങ്ങനെയുണ്ടായി എന്നുചോദിച്ചു. പെൺനാവുകൾ എന്റെ അരക്കെട്ടിനെ ആസക്തിയോടെ നക്കിത്തോർത്തിയ കൊട്ടാരക്കാലത്തെ കുറിച്ച് ഞാനയാളോട് പറഞ്ഞു. അപ്പോഴും മുറിവ് എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരമായില്ല. ഒടുവിൽ ഞാനവിടെ കൊണ്ട കടിയെക്കുറിച്ചും, ആ രാത്രി വേദനയുടെ ഞരമ്പുകളിലൂടെ ഓടിയ ഓട്ടത്തെ കുറിച്ചും പറഞ്ഞു.

വിശ്വാസം വരാതെ അയാളെന്നെ മിഴിച്ചുനോക്കി. ഞാൻ പറഞ്ഞതത്രയും കേട്ട് നിന്ന നഴ്‌സും എന്നെ നോക്കി. ഡോക്ടർ മരുന്നെഴുതി. പനിക്ക് ഇഞ്ചക്ഷൻ തന്നു. നഴ്‌സ് എന്റെ അരക്കെട്ടിലെ ആ മുറിവ്, പനിക്ക് കാരണമായ, പനിച്ചൂടിൽ ഞാനറിയാതെ പോയ മുറിവ്, വൃത്തിയാക്കി മരുന്നുവെച്ച് കെട്ടിത്തന്നു. പല്ലടയാളങ്ങൾ പതിഞ്ഞുകിടന്ന തൊലിയിൽ പഴുപ്പ് കയറിയിരുന്നു. തനിക്കറിയാത്ത ഏതോ ഒരു സ്ത്രീ ചെയ്ത കുറ്റത്തിന് വേദനിച്ചിട്ടെന്ന വണ്ണം ആ നഴ്‌സ് എന്നെ ചേർത്തുപിടിച്ചു.ഫ്ലാസ്‌ക്കിൽ നിന്ന് ചുടുചായ ഒഴിച്ചുതന്നു. രണ്ടു ദിവസം കൂടുമ്പോൾ മുറിവ് കെട്ടാൻ വരണമെന്നുപറഞ്ഞു.

പെൺനാവുകൾ എന്റെ അരക്കെട്ടിനെ ആസക്തിയോടെ നക്കിത്തോർത്തിയ കൊട്ടാരക്കാലത്തെ കുറിച്ച് ഞാനയാളോട് പറഞ്ഞു. / Photo: pexels

ഞരമ്പിലൂടെ കയറിയ ഇഞ്ചക്ഷൻ മരുന്ന് എന്റെ പനിച്ചൂട് കുറച്ചു. തലയ്ക്ക് അപ്പോൾ ഭാരം തിരിച്ചു കിട്ടി. അതുവരെ കഴുത്തിനുമുകളിൽ തലയെന്ന ഒരു സംഭവമുണ്ട് എന്നത് ഞാൻ മറന്നുപോയിരുന്നു. വാതിലടച്ച് ഡോക്ടറോട് പറഞ്ഞ സ്വകാര്യം, തന്നെ കുറിച്ചല്ല എന്ന് പലവട്ടം ഞാൻ പറഞ്ഞിട്ടാണ് ഭാസ്‌കരേട്ടൻ വിശ്വസിച്ചത്.

ആശുപത്രിയിൽനിന്ന് മടങ്ങിവന്ന എന്നോട് മാനേജർ അയാളുടെ മുറിയിൽ കിടക്കാൻ പറഞ്ഞു. ഞാനത് അനുസരിച്ചു. പനി കുറഞ്ഞപ്പോൾ ഞാൻ അരക്കെട്ടിലെ വേദനയെ അറിഞ്ഞു. മാസങ്ങളായിട്ട് ആ അടയാളം അവിടെയുണ്ടായിരുന്നു. ഇടയ്ക്ക് അത് വേദനിപ്പിക്കുമെങ്കിലും മനഃപൂർവം മറക്കാൻ ശ്രമിക്കുന്ന ഒരു കാലത്തിന്റെ അടയാളമായതിനാൽ ഞാനാ വേദനയെ അത്ര ഗൗനിച്ചില്ല. രണ്ടുദിവസം കൂടുമ്പോൾ ആശുപത്രിയിൽ ചെന്ന് മുറിവ് മാറ്റികെട്ടി. ഓരോ പോക്കിലും ആ നഴ്‌സ് എനിക്ക് ചായ തന്നു, പഴങ്ങൾ തന്നു. ഏറെ ദിവസങ്ങൾക്കുശേഷം കനിവിന്റെ വിരലുകൾ എന്നെ തൊടുകയായിരുന്നു.

ബുഹാരി ഹോട്ടലിലെ ജോലി മതിയാക്കി ആ നഗരം വിട്ടുപോന്നിട്ടും ഞാനവരെ ചെന്ന് കാണുമായിരുന്നു. അപ്പോഴും ഞാനൊരു കൗമാരക്കാരനാണ് എന്ന ഭാവത്തിൽ അവരെന്നെ ചേർത്തുപിടിക്കുമായിരുന്നു. പിന്നീട് അവർ പെൻഷൻ പറ്റി സ്വന്തം നാട്ടിലേക്കുപോയി. അവർ കെട്ടിത്തന്ന ആ മുറിവിന്റെ പാടുപോലും ഇപ്പോൾ അവിടെയില്ല. എന്നാലും അരക്കെട്ടുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ച് ഓർക്കുമ്പോഴും, ഞാൻ അവരെ സ്‌നേഹത്തോടെ ഓർക്കാറുണ്ട്. കാമമായും കനിവായും പ്രണയമായും സ്‌നേഹമായും കരുതലായും സൗഹൃദമായും എന്നെ തൊട്ട പെൺവിരലുകളിൽ ഈ വിരലുകൾ മാത്രം മഴ നനഞ്ഞ പൂവായി എന്റെ ഉള്ളിൽ കുളിരണിഞ്ഞ് സുഗന്ധം പരത്തി നിൽക്കുന്നുണ്ട്.

മാനേജരുടെ മുറിയിൽ കിടന്ന് പനിയൊക്കെ മാറി കുളിച്ചെഴുന്നേറ്റ എന്നെത്തേടി
ലോണപ്പൻ വന്നു. ആരോ എന്നെ കാണാൻ വന്നിട്ടുണ്ടെന്നും മാനേജർ കൂട്ടിക്കൊണ്ടുചെല്ലാൻ പറഞ്ഞിട്ടുണ്ടെന്നും അവൻ പറഞ്ഞപ്പോൾ എന്റെ പൊട്ട ബുദ്ധിയിൽ ഏട്ടന്റെ മുഖം തെളിഞ്ഞില്ല. കൊട്ടാരത്തിൽനിന്ന് ആരെങ്കിലുമാവുമോ എന്ന നേർത്ത ശങ്കയിൽ ഞാൻ അടുക്കള വഴി ആ ഹാളിലേക്ക് കടക്കുമ്പോൾ അവിടുത്തെ മൂന്നാമത്തെ മേശയിൽ പിച്ചിയിട്ട പൊറോട്ട പ്ലെയിറ്റിനുമുമ്പിൽ ഏട്ടൻ ഇരുന്നു. അവന്റെ തൊട്ടടുത്ത് പുതുപെണ്ണിന്റെ ലജ്ജയോടെ ഏട്ടത്തിയമ്മ ഇരുന്നു. തന്റെ അനിയനാണെന്ന് ഹോട്ടലിലുള്ള ആരോടും ഏട്ടൻ പറഞ്ഞിരുന്നില്ല. അബ്ബാസെന്നുപേരായ ഒരു കുട്ടി ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിൽ എനിക്കവനെ ഒന്നുകാണണം എന്നുമാത്രമേ ഏട്ടൻ പറഞ്ഞുള്ളൂ.

ഒരുപാട് ആളുകൾ ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന ആ ഹാളിൽ, ഒട്ടും പ്രതീക്ഷിക്കാതെ ഏട്ടനെ കണ്ടപ്പോൾ അവന്റെ ചുരുൾമുടിയും കട്ടികൂടിയ മീശയും കണ്ടപ്പോൾ, അവനെ ചാരിയിരിക്കുന്ന ഏട്ടത്തിയമ്മയെ കണ്ടപ്പോൾ, അവൻ എന്നോടുചെയ്ത എല്ലാ ക്രൂരതകളെയും മറന്ന് ഭയമില്ലാതെ, ഒട്ടും കലർപ്പില്ലാതെ, ഞാൻ വേദനിച്ചു.

പള്ളിമുറിയും ഹാളും വരാന്തയും റോഡും കടന്ന് വീട്ടിലെത്താൻ അവൻ നാലുകാലിൽ ഇഴയുന്നത് ഞാൻ കണ്ടു. ഞാനാ ചോരയെ കണ്ടു. എന്റെ തന്നെ ചോര. ടൈഗർ ബാമിന്റെ മണമാണെന്ന് ഞാൻ തെറ്റിദ്ധരിച്ച വെന്ത മനുഷ്യമാംസത്തിന്റെ മണം അപ്പോൾ ഞാനറിഞ്ഞു.

സ്‌നേഹിച്ച പെണ്ണിനായി ജീവൻപോലും പൊലിച്ച് കളയാൻ തയ്യാറായ അവൻ.

എന്റെ ഏട്ടൻ ആ കസേരയിലിരുന്നു. അവന്റെ ചുണ്ടത്ത് പറ്റിനിൽക്കുന്ന ഭക്ഷണത്തരികൾ കണ്ടപ്പോൾ, ഞാനവന്റെ നെഞ്ചിലെ പാട്​ ഓർത്തു. പെരുംചിലമ്പിലെ പള്ളിമുറിയെ ഓർത്തു. ദേഹത്തും നെഞ്ചിലും തൊലി കളഞ്ഞ ചെമ്പുചുരുളുകൾ കെട്ടിവച്ച് സ്വിച്ച് ബോർഡിനുമുമ്പിൽ മരണം കാത്തുനിന്ന അവൻ എന്റെയുള്ളിൽ കിടന്നുപിടഞ്ഞു. എന്റെ ഹൃദയഭിത്തികളിൽ അവന്റെ മാംസത്തിന്റെ തുണ്ടുകൾ ചിതറി തെറിച്ച് പറ്റിപ്പിടിച്ചുനിന്നു. എന്റെയുള്ളിൽ കിടന്ന് അവന്റെ പ്രാണൻ പിടഞ്ഞു. പള്ളിമുറിയും ഹാളും വരാന്തയും റോഡും കടന്ന് വീട്ടിലെത്താൻ അവൻ നാലുകാലിൽ ഇഴയുന്നത് ഞാൻ കണ്ടു. ഞാനാ ചോരയെ കണ്ടു. എന്റെ തന്നെ ചോര. ടൈഗർ ബാമിന്റെ മണമാണെന്ന് ഞാൻ തെറ്റിദ്ധരിച്ച വെന്ത മനുഷ്യമാംസത്തിന്റെ മണം അപ്പോൾ ഞാനറിഞ്ഞു.

എനിക്കവനെ കെട്ടിപ്പിടിച്ച് കരയണമെന്നുതോന്നി. ആയുസ്സിന്റെ നേർത്തൊരു നൂലിഴ തെറ്റിയിരുന്നെങ്കിൽ അവനിപ്പൊ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവുമായിരുന്നില്ലല്ലോ എന്ന ചിന്തയിൽ ഞാനവനെ തന്നെ നോക്കിനിന്നു. പ്രണയമെന്നത് വെറും കാവ്യവിഷയമല്ല എന്ന് തെളിയിച്ച്​, ഒരാളോടുള്ള പ്രണയം പ്രണയത്തെ കുറിച്ചുള്ള അവസാന വാക്കല്ല എന്ന് തെളിയിച്ച്​ അവൻ ഭാര്യയോടൊപ്പം അവിടെ ഇരിക്കുകയാണ്. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments