വാസു പ്രദീപിനെ ഓര്‍ക്കാതെ പോകുന്നത് എന്തുകൊണ്ട്?

വാസു പ്രദീപിന് അര്‍ഹിക്കുന്ന ഒരു സ്മാരകമോ, ഓര്‍മ പുതുക്കലോ ഒരു പുസ്തകം പോലുമോ ഇതുവരെ വന്നിട്ടില്ല. ആ പ്രതിഭയെ ഈ പുതിയ കാലത്തില്‍ ഉചിതമായ രീതിയില്‍ ഓര്‍മ്മിക്കേണ്ടത് കലയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്​. അര നൂറ്റാണ്ട് മലയാള നാടകവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന വാസുപ്രദീപിന്റെ ഓര്‍മദിനമാണ് മെയ് മൂന്ന്​.

1965-ല്‍ വാസുപ്രദീപ് ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ ജീവിതം ആസ്പദമാക്കി മത്സരം എന്ന പേരില്‍ ഒരു നാടകമെഴുതി. നാടകം തുടങ്ങുമ്പോള്‍ ഒരാള്‍ സ്റ്റേജില്‍ വന്ന് ഇരിക്കുന്നു. ആള്‍ ക്ഷീണിതനാണ്. സ്റ്റേജിലേക്ക് വന്ന നടി അപരിചിതനെ കണ്ട് ഞെട്ടി. നടി ഉറക്കെ വിളിച്ചു പറഞ്ഞു, ‘‘വാസുവേട്ടാ ഇതാ ആരോ ഇവിടെ കേറി ഇരിക്കുന്നു.''

സംവിധായകന്‍ വാസു പ്രദീപ് രംഗത്ത് വന്നു.

‘‘നിങ്ങള്‍ ആരാണ്?’’

‘‘എനിക്ക് ചിലത് പറയാനുണ്ട്'', അപരിചിതന്‍ പറഞ്ഞു.

‘‘ഇവിടെ നാടകം തുടങ്ങാന്‍ പോവാണ്​, വേഗം ഇറങ്ങി പൊയ്‌ക്കോ''

‘‘എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഞാന്‍ പോവൂ''

‘‘എന്നാ വേഗം പറഞ്ഞു തുലയ്ക്ക്'', സംവിധായകന്‍ നീരസത്തോടെ പറഞ്ഞു

‘‘ഞാനൊരു പാട്ടുകാരനായിരുന്നു. സിനിമയില്‍ പാടിയിട്ടുണ്ട്. നാടകത്തില്‍ പാടിയിട്ടുണ്ട്. രാഷ്ട്രീയ വേദികളില്‍ പാടിയിട്ടുണ്ട്. ഇപ്പൊ പാട്ടോന്നുമില്ല. ജീവിക്കണ്ടേ''?

ഒരു സോഡ കുടിച്ച് അയാള്‍ തന്റെ കഥ തുടര്‍ന്നു.

‘‘ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചു. മതം മാറി മുസ്​ലിമായി. ഒരു ഹിന്ദു സ്ത്രീയുടെ കൂടെ ജീവിച്ചു''.

‘‘ഇപ്പൊ പണിയൊന്നുമില്ല. ഞാനൊരു പാട്ട് പാടാം. രണ്ടുറുപ്പിക തരോ, പഴയ പാട്ടാണ്...ഇന്ന് നിങ്ങള്‍ക്ക് അതൊരു ശോകഗാനമായി തോന്നാം''

അയാള്‍ പാടി: ‘‘പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാന്‍'', സദസ്സ് മുഴുവന്‍ അയാളുടെ പാട്ട് ആസ്വദിച്ചു.

തുടര്‍ന്ന് പാടി: ‘‘കയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ, വെറുതെ കാലം പോയല്ലോ...''

തുടര്‍ന്ന് പാടാന്‍ ശ്രമിച്ചപ്പോള്‍ ചുമക്കുന്നു. ചുമ നില്‍ക്കാതെ ചോര ചര്‍ദിച്ചു. അയാള്‍ സ്റ്റേജില്‍ കുഴഞ്ഞു വീണു. ആകെ ബഹളമായി.

‘‘നിങ്ങളില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ സ്റ്റേജിലേക്ക് വരണം.'' സദസ്സിനെ നോക്കി സംവിധായകന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. രണ്ടു പേര്‍ സ്റ്റേജില്‍ എത്തി. അയാളെ പരിശോധിച്ച് മരണം ഉറപ്പു വരുത്തി.

അപ്പോള്‍ മൂന്നു മതത്തിന്റെ പ്രതിനിധികള്‍ സ്റ്റേജിലേക്ക് വന്നു.

‘‘ഈ മൃതദേഹം ഞങ്ങളുടെതാണ്'', ആദ്യത്തെ ആള്‍ പറഞ്ഞു

‘‘അല്ല. ഇയാള്‍ ഞങ്ങളുടെ ആളാണ്'', രണ്ടാമത്തെ ആള്‍ എതിര്‍ത്തു.

‘‘അല്ല. ഇയാള്‍ ഞങ്ങള്‍ക്ക് അവകാശ​പ്പെട്ടതാണ്''. മൂന്നാമത്തെ ആളും വിട്ടുകൊടുത്തില്ല.

അവര്‍ തമ്മില്‍ വഴക്കടിച്ച് നില്‍ക്കുമ്പോള്‍ മൃതദേഹം പെട്ടെന്ന് എഴുന്നേറ്റ് നിന്നു. എല്ലാവരും അമ്പരന്നു.

‘‘നിങ്ങള്‍ വഴക്കടിക്കുന്നത് നിര്‍ത്തൂ. കാശ് എന്തെങ്കിലും ഉണ്ടെങ്കില്‍ എനിക്ക് തരൂ....ഞാനും എന്റെ കുടുംബവും ജീവിക്കട്ടെ''. അയാള്‍ ക്ഷീണിതമായ സ്വരത്തില്‍ പറഞ്ഞു.

അയാള്‍ സ്റ്റേജില്‍ നിന്നിറങ്ങി സദസ്സിലേക്ക് നടന്നു. കാണികള്‍ അന്തം വിട്ടു നോക്കി നിന്നു. സ്റ്റേജില്‍ നിന്നും അനൗണ്‍സ്മെന്റ്: ‘മത്സരം’ നാടകം ഇവിടെ പൂര്‍ണമാകുന്നു.

58 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പരീക്ഷണ നാടകങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയമില്ലാത്ത കാലത്താണ് 'മത്സരം' അരങ്ങേറിയത്. എന്നാല്‍ അഞ്ചര പതിറ്റാണ്ടിനു ശേഷം ആ നാടകം ചെയ്ത വാസുപ്രദീപ് എന്ന നാടകകൃത്തിനെ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാകും. അദ്ദേഹം വിടവാങ്ങി പന്ത്രണ്ട് വര്‍ഷം പിന്നിട്ടിട്ടും, നിരവധി അനുസ്മരണങ്ങള്‍ നടക്കുന്ന കോഴിക്കോട് നഗരത്തില്‍ എന്ത് കൊണ്ടാണ് മലബാറിന്റെ നാടക ചരിത്രത്തോടൊപ്പം നടന്ന വാസുപ്രദീപ് അനുസ്മരിക്കപ്പെടാതെ പോകുന്നത് ?

1954 മെയ് 1 ന് കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്ത പ്രദീപ് ആഡ്സ് എന്ന കുടുസ്സ് മുറിയില്‍ നിന്നാണ് നാടകം എഴുതുന്നതിനെ കുറിച്ച് വാസുപ്രദീപ് ആദ്യമായി ചിന്തിച്ചത്. സുഹൃത്തായ അബ്ദുള്‍ ഖാദറിനോട് ആഗ്രഹം പറഞ്ഞു. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ നാടകം എഴുതാന്‍ പോകുന്നത് അറിഞ്ഞപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ പരിഹസിച്ചു. വാസുപ്രദീപിന് വാശിയായി. പ്രദീപ് ആഡ്സില്‍ വെച്ച് ഏതാണ്ട് ഒന്നരമാസം കൊണ്ട് നാടകം പൂര്‍ത്തിയാക്കി. സ്മാരകം എന്ന് പേരിട്ട് റിഹേഴ്​സൽ തുടങ്ങി. ഗുരുതുല്യനായി കരുതിയിരുന്ന കണ്ടനാരി അപ്പുനായരെ സംവിധാന ചുമതല ഏല്‍പ്പിച്ചു. പ്രദീപ് പ്രൊഡക്ഷന്റെ ബാനറില്‍ ടൗണ്‍ഹാളില്‍ അരങ്ങേറിയ നാടകം വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല. ഒരുപാട് പരാധീനതകള്‍ ഉണ്ടായിരുന്നു. നാടകം വിജയമായില്ലെങ്കിലും ശാന്താദേവി, നെല്ലിക്കോട് ഭാസ്‌കരന്‍ എന്നിവരെ അവതരിപ്പിക്കാന്‍ ഈ നാടകത്തിനായി. ദമയന്തിയെ അബ്ദുള്‍ ഖാദറാണ് ശാന്താദേവി എന്ന പേര് നല്‍കി അരങ്ങില്‍ അവതരിപ്പിച്ചത്.

ആദ്യ നാടകം കഴിഞ്ഞപ്പോള്‍ നാടക സമിതി കടത്തിലായി. വാസു പ്രദീപ് അമ്മയുടെ സ്വര്‍ണ്ണമാല വിറ്റ് കടം വീട്ടി. കുറച്ചു നാളുകള്‍ കഴിഞ്ഞ് നാടകത്തിന്റെ പിഴവുകള്‍ തീര്‍ത്ത് വീണ്ടും അരങ്ങിലെത്തി. കെ. വാസു എന്ന നാടകകൃത്തിന്റെ പേര് കെ. എ. കൊടുങ്ങല്ലൂര്‍ പരിഷ്‌കരിച്ച് വാസു പ്രദീപ് എന്നാക്കി. പ്രദീപ് ആഡ്സ് നാടക പ്രേമികളുടെ ഒരു സങ്കേതമായി മാറി. ക്രമേണ അത് സാംസ്‌കാരിക പ്രവര്‍ത്തരുടെ താവളമായി. പ്രദീപ് ആഡ്സില്‍ വരാത്ത കലാകാരന്‍മാര്‍ അപൂര്‍വമായിരുന്നു. ഉറൂബ്, തിക്കോടിയന്‍, പി. ഭാസ്‌കരന്‍, കെ. രാഘവന്‍, എം. എസ്. ബാബുരാജ്, കെ. എ. കൊടുങ്ങല്ലൂര്‍ എന്നിങ്ങനെ നിരവധി പേരുടെ സംഗമ കേന്ദ്രമായിരുന്നു അവിടം.

ഉറൂബ്, തിക്കോടിയന്‍, കെ രാഘവന്‍, പി ഭാസ്‌കരന്‍, എം എസ് ബാബുരാജ്, കെ എ കൊടുങ്ങല്ലൂര്‍

1960-കളില്‍ നാടകത്തിന്റെ പരമ്പരാഗത രൂപഘടനയെ മാറ്റിപ്പണിത ഒട്ടേറെ നാടകങ്ങള്‍ വാസു പ്രദീപ് അവതരിപ്പിച്ചു. സംഭാഷണങ്ങളില്ലാത്ത നാടകങ്ങള്‍, സദസില്‍ നിന്ന് കഥാപാത്രങ്ങള്‍ വേദിയിലേക്ക് കയറി വരുന്ന നാടകങ്ങള്‍, ഒറ്റയാള്‍ നാടകങ്ങള്‍ എന്നിങ്ങനെ നാടകത്തിന്റെ ദൃശ്യസാധ്യതകളും ആധുനിക സങ്കേതങ്ങളും ഉപയോഗപ്പെടുത്തി നിരവധി നാടകങ്ങള്‍ ചെയ്തു. അങ്ങനെ വാസു പ്രദീപിനെ പോലെ കാലത്തിന് മുമ്പേ നടന്ന നാടകകൃത്തുക്കള്‍ നമുക്ക് അധികമില്ല. ബാലന്‍ കെ. നായര്‍ , കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍, കുഞ്ഞാണ്ടി, കോഴിക്കോട് നാരായണന്‍ നായര്‍, ശാന്താദേവി, മാമുക്കോയ, സുധാകരന്‍, ഹരിഹരന്‍, സെലീന സിസില്‍, ശാന്ത പുതുപ്പാടി, തുടങ്ങി ഒട്ടേറെ പേര്‍ വാസു പ്രദീപിന്റെ നാടകത്തിലൂടെ കഴിവ് തെളിയിച്ചവരാണ്.

രചനയിലും അവതരണത്തിലും പതുമയുള്ള നാടകങ്ങളായിരുന്നു കണ്ണില്ലാത്തവന്‍ ഭാഗ്യവാന്‍, കണ്ണാടി കഷ്ണങ്ങള്‍, പിണക്കം, ദാഹിക്കുന്ന രാത്രി, മത്സരം എന്നിവ. ഒരു അന്ധഗായകന്റെ കഥയായിരുന്നു കണ്ണില്ലാത്തവന്‍ ഭാഗ്യവാന്‍. ആത്മഹത്യ ചെയ്യാന്‍ പോകുന്ന ഒരു കഥാപാത്രം നാടകകൃത്തിനെ വേദിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നാടകമാണ് കണ്ണാടി കഷ്ണങ്ങൾ. ‘പിണക്കം' തുടങ്ങുമ്പോള്‍ യുവദമ്പതികള്‍ സ്റ്റേജിലൂടെ സംസാരിച്ചു കൊണ്ട് പോകുന്നു. അവര്‍ നടന്നു നീങ്ങവേ സംവിധായകന്‍പ്രത്യക്ഷപ്പെട്ട് പറയുന്നു. ‘‘നിങ്ങള്‍ കാണാനിരിക്കുന്ന പിണക്കത്തിലെ കഥാപാത്രങ്ങളാണ് ആ പോകുന്നത്. അവരെ ഞാന്‍പരിചയപ്പെടുത്തുന്നില്ല. കാണൂ. വിധിപറയൂ’’ എന്ന സംഭാഷണമാണ് നാടകത്തിന്റെ ആത്മാവ് എന്ന സങ്കല്പത്തെ പൊളിക്കുന്ന ‘ദാഹിക്കുന്ന രാത്രി.’ സംഭാഷണമില്ലാതെ ഒന്നര മണിക്കൂര്‍ മ്യൂസിക്ക് കൊണ്ട് മാത്രമാണ് പ്രേക്ഷകനെ പിടിച്ചിരുത്തിയത്. അക്കാലത്ത് അത് വലിയൊരു പരീക്ഷണമായിരുന്നു. ദാഹിക്കുന്ന രാത്രി അവതരിപ്പിക്കുന്നതിന് മുമ്പ് കെ. ടി. മുഹമ്മദിനെ കാണിച്ചു. നാടകത്തില്‍ സംഭാഷണം വളരെ കുറവാണെന്നും കാണികള്‍ കൂവുമെന്നും അദ്ദേഹം പറഞ്ഞു. വാസു പ്രദീപ് പിന്തിരിഞ്ഞില്ല. നാടകത്തിന്റെ റിഹേഴ്സല്‍ കാണാന്‍ കെ. ടിയെ വിളിച്ചു. അദ്ദേഹം അഭിപ്രായം തിരുത്തി.

അബ്ദുള്‍ ഖാദര്‍

അബ്ദുള്‍ ഖാദറുമായി വാസു പ്രദീപിന് ആദരവ് കലര്‍ന്ന ഒരു അടുപ്പമായിരുന്നു. പ്രദീപ് ആഡ്സ് ഉദ്ഘാടനം ചെയ്തത് മുതല്‍ അദ്ദേഹം അവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പലപ്പോഴും രാത്രി ജോലി കഴിഞ്ഞു പോകുന്നത് വരെ അവിടെയുണ്ടാകും. അബ്ദുള്‍ ഖാദറിന് വേണ്ടി വാസു പ്രദീപ് റേഡിയോ ഗാനങ്ങള്‍ എഴുതി കൊടുക്കും. വാസു പ്രദീപിന്റെ നാടകത്തിന് വേണ്ടി അബ്ദുള്‍ ഖാദര്‍ പാടുകയും ചെയ്യും. മരണം വരെ അബ്ദുള്‍ ഖാദറിന് വരുന്ന കത്തുകള്‍ക്കെല്ലാം വാസു പ്രദീപാണ് മറുപടി എഴുതിയിരുന്നത്. അബ്ദുള്‍ ഖാദറുമായുള്ള അടുപ്പമാണ് അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാക്കി 'മത്സരം' എഴുതാന്‍ വാസു പ്രദീപിനെ പ്രേരിപ്പിച്ചത്. ഈ നാടകം അബ്ദുള്‍ ഖാദറിനെ പറ്റിയാണെങ്കിലും അദ്ദേഹത്തിന്റെ പേര് എവിടെയും പരാമര്‍ശിക്കുന്നില്ല. എ. കെ. കോഴിക്കോട് എന്നാണ് കഥാപാത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ബാലന്‍ നായര്‍ പള്ളിപ്പാട് ആണ് ആ റോള്‍ ചെയ്തത്. ഫാറൂഖ് കോളജില്‍ വെച്ച് നാടകം അവതരിപ്പിച്ചപ്പോള്‍ അതിന്റെ അവസാന ഭാഗത്ത് അബ്ദുള്‍ ഖാദര്‍ പ്രത്യക്ഷപ്പെട്ട് ഇത് എന്നെക്കുറിച്ചുള്ള നാടകമാണെന്ന് പ്രേക്ഷകരോട് പറഞ്ഞിരുന്നു.

വാസു പ്രദീപ് നാടകകൃത്ത് മാത്രമായിരുന്നില്ല. ഗാനരചയിതാവും ചിത്രകാരനും നടനും കൂടിയായിരുന്നു. സ്വന്തമായി എഴുതിയ നാടകങ്ങളിലും സുഹൃത്തുക്കളുടെ നാടകങ്ങളിലും അഭിനയിച്ചു. അദ്ദേഹം എഴുതി കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിയ 'മായരുതെ വനരാധെ' എന്ന ഗാനം നജ്മല്‍ബാബുവും സത്യജിത്തും മുതല്‍ ഏറ്റവും പുതിയ തലമുറയിലെ ഗായകര്‍ വരെ ഇപ്പോഴും പാടാറുണ്ട്. അങ്ങാടി, ആദ്യ കിരണങ്ങള്‍, പ്രതിധ്വനി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എസ്. കെ. പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയുടെ കവര്‍ ചിത്രം ഉള്‍പ്പടെ നിരവധി പുസ്തകങ്ങളുടെ കവറുകളും ഡിസൈന്‍ ചെയ്തു. അക്കാലത്തെ പത്രങ്ങളുടെ ഫോണ്ടുകള്‍ അദ്ദേഹം രൂപ കല്പന ചെയ്തു. ഒരു ശില്പി തന്റെ ശില്പത്തെ എത്ര ശ്രദ്ധാപൂര്‍വ്വം ഉണ്ടാകുന്നുവോ അതുപോലെയാണ് അദ്ദേഹം അക്ഷരങ്ങളെ രൂപ കല്പന ചെയ്തിരുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട നാടക ജീവിതത്തില്‍ മുപ്പതോളം നാടകമെഴുതി, 31 ഓളം അവാര്‍ഡുകള്‍ ലഭിച്ചു. 1995ലാണ് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചത്. 'പ്രതീതി'യാണ് അവസാനമായി എഴുതിയ നാടകം. തന്റെ എണ്‍പതാമത്തെ വയസ്സില്‍ 2011 മെയ് 3 ന് വാസുപ്രദീപ് ജീവിതത്തിന്റെ അരങ്ങ് ഒഴിഞ്ഞു.

2008 ല്‍ വര്‍ത്തമാനം പത്രത്തിനു വേണ്ടി ഞാന്‍ വാസുപ്രദീപിനെ അഭിമുഖം നടത്തിയപ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തിലുണ്ടായ വേദനിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ‘മത്സരം നാടകം കഴിഞ്ഞ് ഒരു ദിവസം ബസ്സില്‍ വെച്ച് തിക്കോടിയന്‍എന്നെ കണ്ടപ്പോള്‍ ചോദിച്ചു, നീ കോഴിക്കോട് അബ്ദുള്‍ ഖാദറിനെ കുറിച്ച് നാടകമെഴുതിയോ? നീ അദ്ദേഹത്തെ കുറിച്ച് എന്ത് മനസ്സിലാക്കി? അനുഗ്രഹീത ഗായകന്‍ -സിനിമയില്‍, രാഷ്രീയത്തിൽ, നാടകത്തില്‍. അങ്ങനെയുള്ള ഉന്നതനായ വ്യക്തിയെ ചെറുതാക്കി കാണിക്കുകയോ? വിമര്‍ശനം നീണ്ടു പോയപ്പോള്‍ ഞാന്‍ പതിയെ പറഞ്ഞു; മത്സരം ഞാന്‍ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചു. റിഹേഴ് സല്‍ കാണിച്ചു. അദ്ദേഹം ചില തിരുത്തലുകളും നിര്‍ദേശിച്ചു. പോരെ?''

വാസുപ്രദീപിന്റെ പഴയകാല ചിത്രങ്ങള്‍

ഒരിക്കല്‍ ദേശപോഷിണി വായനശാലക്ക് വേണ്ടി വാസുപ്രദീപ് മുഹൂര്‍ത്തം എന്ന ഹാസ്യ നാടകമെഴുതി. ഒരു മധ്യവസ്‌കനും ഭാര്യയുമാണ് പ്രധാന കഥാപാത്രങ്ങള്‍. നെല്ലിക്കോട് ഭാസ്‌കരനും ശാന്താദേവിയുമാണ് അഭിനയിച്ചത്. അവരുടെ അഭിനയം കാണികളെ രസിപ്പിച്ചു. എല്ലാവര്‍ക്കും നാടകം ഇഷ്ട്ടമായി. എല്ലാ ഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹമുണ്ടായി. പക്ഷെ കാലാസമിതി സെക്രട്ടറി വാസു പ്രദീപിനോട് ദേഷ്യപ്പെട്ടു. ഒരു നാടക നടിയെ കയറ്റി വായന ശാല അശുദ്ധമാക്കി എന്നതായിരുന്നു അയാളുടെ കോപത്തിന് കാരണം.

''എനിക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്ന് ഒരു പെന്‍ഷന്‍ ഫോറം അയച്ചു തന്നിരുന്നു. അതില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കെ. ടി. മുഹമ്മദ് ഒപ്പുവെക്കണം. പക്ഷെ കെ. ടി. ഒപ്പിട്ട് തന്നില്ല. അതുപോലെ തീര്‍ത്തും അവശനായ ശരത് ചന്ദ്ര മാറാട്ടെയുടെ ഫോറവും കെ. ടി ഒപ്പുവെക്കാതെ തിരിച്ചു തന്നു. നേരത്തെ ഫോണ്‍ ചെയ്ത് അനുവാദം വാങ്ങിയ ശേഷമാണ് പൂരിപ്പിച്ച അപേക്ഷയുമായി മാറാട്ടെയുടെ ശിഷ്യനും ഞാനും കെ ടി യെ കാണാന്‍ പോയത്. കെ. ടി പരിചയം ഭാവിച്ചില്ലെന്ന് മാത്രമല്ല ഇരിക്കാന്‍ പോലും പറഞ്ഞില്ല. പിന്നീടൊരിക്കല്‍ വി. എം. കുട്ടിയുടെ ശ്രമഫലമായാണ് ശരത്ചന്ദ്ര മറാട്ടെക്ക് പെന്‍ഷന്‍ ലഭിച്ചത്''.

വാസുപ്രദീപിന്റെ അവസാന നാളുകളില്‍ പ്രദീപം മാഗസിനില്‍ എഴുതിയ അരങ്ങു ജീവിതത്തെകുറിച്ചുള്ള സ്മരണകള്‍ പുസ്തകമായി വരാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്റെ പുസ്തകം പ്രസിദ്ധീകരിക്കാമോ എന്ന് ചോദിച്ച് പ്രസാധകരുടെ പിറകെ നടക്കാനുള്ള ആരോഗ്യമോ മാനസികാവസ്ഥയൊ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. വാസു പ്രദീപിന് അര്‍ഹിക്കുന്ന ഒരു സ്മാരകമോ, ഓര്‍മ പുതുക്കലോ ഒരു പുസ്തകം പോലുമോ ഇതുവരെ വന്നിട്ടില്ല. ആ പ്രതിഭയെ ഈ പുതിയ കാലത്തില്‍ ഉചിതമായ രീതിയില്‍ ഓര്‍മ്മിക്കേണ്ടത് കലയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്​.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments