ഡി. പങ്കജാക്ഷൻ

ഡി. പങ്കജാക്ഷൻ ഒരിക്കലേയുള്ളൂ,

ആവർത്തിക്കുക വയ്യ

ഡി. പങ്കജാക്ഷക്കുറുപ്പ് എന്ന ഡി. പങ്കജാക്ഷൻ തന്റെ ജാതിവാല് മാറ്റിയത് പിൽക്കാലത്താണ്. ജാതിയുടെ മർദ്ദകഘടനയും ഹിംസാത്മകമായ ശ്രേണീവിഭജനവും നീക്കുപോക്കില്ലാത്ത തലവരയും തിരിച്ചറിഞ്ഞുള്ള, തന്റെ ദർശനത്തിന് അനുയോജ്യമായ ഒരു തിരുത്തായി ആ സ്വയംവിമർശനത്തെ ഇന്ന് വിലയിരുത്താം. ഡി. പങ്കജാക്ഷൻ ഒരിക്കലേയുള്ളൂ. ആവർത്തിക്കുക വയ്യ. നിരന്തര മാറ്റങ്ങളുടെ ഒഴുക്കിൽ ഒരാൾക്ക് രണ്ടു തവണ ഒരേ വെള്ളത്തിൽ കാൽ ചവിട്ടാനാവില്ല. പുതിയ വെള്ളവും പുതിയ സമൂഹമവുമാണുള്ളത്. അല്ലെങ്കിൽ നമുക്കിറങ്ങാനുള്ള ജലം സമകാലികതയാണ്. എല്ലാ പ്രശ്‌നങ്ങളും ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന ഒറ്റമൂലിയാണ് ‘ദർശനം’ എന്നു കരുതുക വയ്യ. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും തലച്ചുമടായി ഏറ്റുവാങ്ങി സമൂഹത്തിനു വേണ്ടി സ്വയം ബലിയായി ഉരുകിത്തീരുന്ന യാതനാമാർഗ്ഗമായിരുന്നില്ലെന്നു തോന്നുന്നു ഡി. പങ്കജാക്ഷന്റെ വഴി.

എല്ലാവർക്കും വേണ്ടി ഒരാൾ ജീവിക്കുന്നതല്ലല്ലോ ജീവിതം, അല്ലെങ്കിൽ സ്വാശ്രയത്വം. അത് പ്രകൃതിപരവും സമൂഹപരവുമാവില്ല. എല്ലാം നമുക്കുവേണ്ടി ഒരാൾ ചെയ്തുതരാനുണ്ടെങ്കിൽ നമുക്ക് വെറുതെയിരുന്നാൽ മതി. ഉത്തരവാദിത്വത്തിൽ നിന്നും കൈകഴുകാം. അങ്ങനെയൊരു സമൂഹത്തിൽ ജനാധിപത്യജാഗ്രതയുടെ വിവേചനശ്രദ്ധ പതിയേണ്ടുന്ന മോദിയും പിണറായി വിജയനും മറ്റും രാഷ്ട്രീയവ്യക്തിത്വങ്ങൾ എന്ന നിലവിട്ട് വിമർശാനാതീതരായ വിഗ്രഹങ്ങളായി പ്രതിഷ്ഠിക്കപ്പെടും. നിങ്ങളുടെ കർതൃത്വത്തെ ഇകഴ്ത്തുമ്പോൾ, നിങ്ങളെ സ്വയം അടിച്ചമർത്തുമ്പോൾ, സ്വയംബോധമില്ലാതിരിക്കുമ്പോൾ, സ്വതന്ത്രരല്ലെങ്കിൽ ഉയർന്നു വരുന്നതാണ് ഹീറോ വർഷിപ്പ്. പിന്നെ വെറും ഫാനുകളായി ചുറ്റിത്തിരിഞ്ഞാൽ മതി. അങ്ങനെയാണ് ഹിറ്റ്‌ലറും മോദിയും താരരാജാക്കൻമാരുമുണ്ടാകുന്നത്. അവിടെ രാഷ്ട്രീയം,
ഉപജീവനധാരാളിത്തമാർഗ്ഗത്തിന്റെ ആർത്തിയും പൂഴ്ത്തിവെപ്പുമായി,
അധികാരവ്യവഹാരമായി തെരഞ്ഞെടുക്കപ്പെടും. പാർട്ടികൾ ഏകപക്ഷീയമായി ഭരിക്കും. അത് ജനായത്തയുക്തിയാവില്ല. ഭരണവ്യവസ്ഥകളും പോലീസും നിയമവ്യവസ്ഥകളും പട്ടാളവും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഒരു സമൂഹം സ്വാശ്രിതസമൂഹമാവില്ല. സ്വാതന്ത്ര്യമവിടെ മരീചികയായി തുടരും. തെരഞ്ഞെടുപ്പ് രണ്ടിലൊന്നെന്നുള്ള നിവൃത്തികേടും നിസ്സഹായതയുമായിതീരും.

ആനന്ദത്തിന്റെ രാഷ്ട്രീയം

ആനന്ദമെന്നത് ‘ദർശന’ത്തിന്റെ ലക്‌സിക്കണിലെ നിർണ്ണായക പദം മാത്രമല്ല, ആശയവും പ്രയോഗവും കൂടിയാണ്. ഡി. പങ്കജാക്ഷൻ ദുഃഖത്തോടെയും അപമാനഭാരത്തോടെയും പഴിപറഞ്ഞും വിജയപരാജയങ്ങളുടെ അന്ത്യവിധി ദിനത്തെയെണ്ണി മനഃക്ലേശത്തോടെയുമാണ് ഈ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നതെന്നു കരുതുവാൻ നിർവ്വാഹമില്ല.

നിരാശയുടെ ഒരു പദവും അവിടെ മഷിയിട്ടു നോക്കിയാൽ കാണില്ല. പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് നിറഞ്ഞൊഴുകുന്നത്. അദ്ദേഹം വിമർശകനാണ്, ആധുനികതയുടെ ആന്തരികവിമർശകൻ. ഗാന്ധിജിയെ പോലെ. താൻ വിഭാവനചെയ്ത ലോകം അകന്നുപോകുമ്പോഴും വലിയ പ്രവാഹത്തിനെതിരായി നീന്തുമ്പോഴും ആനന്ദത്തിന്റെ പിടിവള്ളി കൈവിട്ടാൽ അതേ പ്രവാഹത്തിന്റെ ആഴക്കയങ്ങളുടെ കാലുഷ്യത്തിലേയ്ക്കു തന്നെ മുങ്ങിത്താഴുമെന്ന ദർശനവിവേകം ഡി. പങ്കജാക്ഷനിൽ രൂഢമൂലമായിരുന്നു. സ്വയംബോധത്തോടെയും ആനന്ദത്തോടെയും സ്വാത്മപ്രേരിതമായും അനുഭാവയുക്തിയോടെയും അന്യോന്യാനന്ദത്തോടെയും അനുഷ്ഠിച്ചുവന്നിരുന്ന ജൈവാർച്ചനയും മാനുഷികധ്യാനവുമായിരുന്നു ആ ജീവിതപൂർണ്ണിമ. അപൂർണ്ണതയുടെ സൗന്ദര്യമാണതിന്റെ ആഘോഷം. ശ്രേണീബദ്ധതയില്ലാതെ, വിഭജനയുക്തിയില്ലാതെ, ബഹിഷ്‌ക്കരണമുറകളില്ലാതെ, അയിത്തമില്ലാതെ, അതിർത്തിവത്കരിക്കപ്പെടാതെ, ലിംഗഭേദമന്യേ ഓരോരുത്തരും സാധകരും വിധാതാക്കളുമായി നക്ഷത്രനായികമാരോ/നായകൻമാരോ ആയിത്തീരുന്ന ആനന്ദലീലയാണത്. ഫലിതം, ചിരി, വിസ്മയം, പ്രതീക്ഷ, അതീതബോധം, ഭാവിലോകം ഇവയൊക്കെ ഡി. പങ്കജാക്ഷന്റെ സഞ്ചാരീഭാവമല്ല, സ്ഥായീഭാവമാണ്.

കൊക്കകോളയുൾപ്പെടെയുള്ള കൃത്രിമപാനീയങ്ങളുടെ വ്യാപകവും വർണ്ണശബളവുമായ കമ്പോളവൈവിദ്ധ്യവും ധാരാളിത്തവും പ്രയോഗത്തിൽ വരുമ്പോൾ പച്ചവെള്ളം അസ്വാഭാവികവും അപ്രായോഗികവുമായിതീരും. എന്നു മാത്രമല്ല പലപ്പോഴും അപകടമായി മുദ്രകുത്തപ്പെടുകയും ചെയ്യും.

മനുഷ്യാനന്ദത്തിന്റെ വിടർച്ചയും പാരസ്പരികത്വത്തിന്റെ ക്ഷണപത്രവുമായ ചിരി അസ്വാഭാവികമായിതീർന്നതുകൊണ്ട് പുഞ്ചിരി കൂലീനമായ കള്ളമായി തീരുകയും നെഞ്ചുകീറി കവിയ്ക്ക് നേരു കാട്ടേണ്ടതായും വരുന്നു. ഡി. പങ്കജാക്ഷന്റേത് കാല്പനികമായ ആശയവാദമേയല്ല. നാം വാങ്ങുന്ന ഒരു ഉപകരണം അല്ലെങ്കിൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു മാനുവലിൽ ഉപയോഗിക്കുന്ന കിറുകൃത്യവും കാര്യമാത്രപ്രസക്തവുമായ ഒരു ഭാഷയുണ്ടല്ലോ, ആ ഭാഷയുടെ പ്രയോഗമാണത്. മനുഷ്യകുലത്തെ സഹായിക്കുന്ന മിനിമം വാക്കുകളേയുള്ളതിൽ.

തൊട്ടയൽക്കാരനോട് ഹൃദ്യമായ ഒരു പുഞ്ചിരി അസാധ്യവും അപ്രായോഗികവും പ്രയാസകരവുമായി തീരുന്നത് കേന്ദ്രീകൃതമായ സങ്കീർണതയുടെ അമിതമായ പ്രായോഗികഭാരം നാമറിയാതെ നമ്മുടെ തലചുമടായി വർത്തിക്കുന്നതുകൊണ്ടാണ്. നമ്മുടെ വികസനവും പുരോഗതിയുമെല്ലാം ഏകരേഖയിൽ മുമ്പോട്ടു മാത്രം സഞ്ചരിക്കുന്നവയാണ്. ആ വേഗതയിൽ കൃത്രിമത്വം സ്വഭാവമായ തീർന്നത് നാം അറിഞ്ഞിതേയില്ല. സ്വഭാവം അസ്വഭാവമായി, ലാളിത്യം സങ്കീർണ്ണതയായി. കൊക്കകോളയുൾപ്പെടെയുള്ള കൃത്രിമപാനീയങ്ങളുടെ വ്യാപകവും വർണ്ണശബളവുമായ കമ്പോളവൈവിദ്ധ്യവും ധാരാളിത്തവും പ്രയോഗത്തിൽ വരുമ്പോൾ പച്ചവെള്ളം അസ്വാഭാവികവും അപ്രായോഗികവുമായിതീരും. എന്നു മാത്രമല്ല പലപ്പോഴും അപകടമായി മുദ്രകുത്തപ്പെടുകയും ചെയ്യും. നീന്തൽ പഠിച്ചു പഠിച്ച് നീന്തൽ തന്നെ മറന്നുപോകുന്ന പ്രായോഗികപാഠശാലകളിൽ നിന്നും പഠിച്ചിറങ്ങിയാണ് നാം ജീവിതത്തിലേയ്ക്ക് നീന്താനിറങ്ങുന്നത്. അതുകൊണ്ടാണ് “നമ്മൾ വഴിതെറ്റി ഒരു പാടു ദൂരം സഞ്ചരിച്ചുപോയി” എന്ന് ഡി. പങ്കജാക്ഷൻ പറയുന്നത്.

വളരെ പ്രാഥമികവും സഹജവുമായ കണ്ണികളുടെ കൊരുപ്പാണ് അയൽക്കൂട്ടമെന്ന തറക്കൂട്ടം. പച്ചവെള്ളം പോലെ ലളിതവും മൂർത്തവുമായ വസ്തുതകൾ അടിത്തട്ടിൽ മുളപൊട്ടാതെ കിടക്കുന്നുണ്ടെങ്കിൽ നിങ്ങൾ കരുതലോടെ വെള്ളമൊഴിച്ചാൽ മതി തിണർപ്പുണരാൻ എന്നേ അത് ജീവിക്കുന്നുള്ളു അല്ലെങ്കിൽ അതിജീവിക്കുന്നുള്ളു. ആ ദർശനത്തെ, പകരലിനെ, പരസ്പരാനന്ദത്തെ ഡി. പങ്കജാക്ഷൻ എന്ന് സൗകര്യത്തിന് വേണമെങ്കിൽ വിളിക്കാം. വിളിക്കാനും വിളികേൾക്കാനും അടുത്തിരിക്കാനുമുള്ള സാമിപ്യമെന്നേ ആ പേരിന് അർത്ഥമുള്ളു. ആഗോളവത്കരണവും നവലിബറലിസവും ട്രാൻസ്‌നാഷണൽ കോർപറേറ്റിസവും ഉപഭോഗ തല്പ്പരതയും ദൈവത്തെപ്പോലെ തൂണിലും തുരുമ്പിലും സർവ്വവ്യാപിയായി നിറഞ്ഞാടിയാലും കണ്ണിൽപ്പെടാത്ത ഒറ്റ വൈയ്‌ക്കോൽ തുരുമ്പിൽ നിന്നും കർതൃത്വത്തിന്റെ സ്വാശ്രിത ഇടങ്ങൾ തിരിച്ചുപിടിക്കാമെന്നുള്ള അസാധ്യമെന്നു തോന്നാവുന്ന സാധ്യമായ ഇരിപ്പും നടപ്പുമാണത്. ഒരു പേരു വിളിച്ചാൽ എല്ലാവരും തിരിഞ്ഞുനോക്കുന്ന ഇന്റർപെലേഷൻ എന്ന ശ്രദ്ധയുടെ സാമൂഹ്യപാഠമെന്നും പറയാം. അത് സത്യാനന്തരകാലത്തെ സത്യാഗ്രഹമാണ്, നിവർത്തനപ്രക്ഷോഭമാണ്. അതുകൊണ്ടാണ് പുതിയ കാലത്തിന്റെ സമരങ്ങളെല്ലാം അടിത്തട്ടിൽ നിന്നേ, അതിരുകളിൽ നിന്നേ പൊട്ടിമുളച്ച് മുഖ്യധാരയുടെ പൊതുഇടങ്ങളെ കയ്യേറുന്ന നിയമലംഘനപ്രസ്ഥാനങ്ങളോ അതിജീവനസമരങ്ങളോ ആയിതീരുന്നത്.

ഗാന്ധിജി കണ്ടുപിടിച്ചതല്ല അഹംസ, മഹാത്മജിയുടെ സ്വന്തവുമല്ല. നേരത്തെ അതിവിടെയുണ്ട്, ന്യൂട്ടന്റെ ഗ്രാവിറ്റി പോലെ.

നാം തന്നെ ഉണ്ടാക്കിയ ഇടങ്ങളിലും പൊതുമണ്ഡലങ്ങളിലും തുറസ്സുകളിലും വഴികളിലും നാൽക്കവലകളിലും ജീവിതത്തെ, എന്തിന് ജീവനെ തന്നെയും തിരിച്ചെടുക്കാൻ അയൽക്കൂട്ടവും തറക്കൂട്ടവുമായി നമുക്കിരിക്കാമെന്ന അഹിംസയുടെ പ്രതിരോധമാർഗത്തിൽ അരങ്ങും അണിയറയും കാണികളും കഥാപാത്രങ്ങളായി പങ്കുചേരും

ഭൂമിക്കാരനിലേയ്ക്ക്

‘ദർശനം’ അടഞ്ഞ ഒരു ആശ്രമവ്യവസ്ഥയാണെന്നു തോന്നുന്നില്ല. പുറംലോകത്തിലും അകംലോകത്തിലും ഒരുപോലെ ഇടപെടുന്ന, മനുഷ്യരുമായി മുൻവിധികളില്ലാതെ ഇടപഴകുന്ന, ഒരുമിച്ചിരിക്കുന്ന, അലിഞ്ഞുചേരുന്ന തുറന്ന സ്ഥലമാണത്. സ്‌നേഹസംവാദമാണ് അവിടുത്തെ മാതൃഭാഷ അല്ലെങ്കിൽ

അഹിംസ. അനോന്യത ഡി. പങ്കജാക്ഷന്റെ കണ്ടുപിടിത്തമല്ല. അതിവിടെയുണ്ടായിരുന്നു, ഉണ്ടാകും, ഉണ്ടായിരിക്കും. അദ്ദേഹം അതിന്റെ ഏറ്റവും സർഗാത്മകതയുള്ള പ്രയോക്താവായിരുന്നു. ഗാന്ധിജി കണ്ടുപിടിച്ചതല്ല അഹംസ, മഹാത്മജിയുടെ സ്വന്തവുമല്ല. നേരത്തെ അതിവിടെയുണ്ട്, ന്യൂട്ടന്റെ ഗ്രാവിറ്റി പോലെ. അത് ആരുടെയും കുത്തകയല്ല, ഭൂമിക്കാരുടേതാണ്. വ്യതിരിക്തരും വിപിരീതരും പ്രതിജനഭിന്നവിചിത്രമാർഗികളുമായ ഒരു ജനസഞ്ചയത്തോട് ആ മാതൃഭാഷയിലാണ് ഗാന്ധിജി നിരന്തരമായി സംവദിച്ചിരുന്നത്. എതിർശബ്ദങ്ങളുമായി, തന്നെപ്പോലെയല്ലാതുള്ളവരുമായി തുല്യനിലയിലുള്ള ആശയവിനിമയത്തിനായി സ്വാതന്ത്ര്യാനന്തരതയിലേയ്ക്ക്, കത്തിപ്പടർന്ന തെരുവുകളിലേയ്ക്കിറങ്ങുകയായിരുന്നു ഗാന്ധിജി. ആശ്രമത്തിന്റെ സുരക്ഷയിലൊളിക്കുകയായിരുന്നില്ല. അഹിംസയുടെ പുതിയ വെളിപാടുകളുണ്ടാകുന്നത് പുതിയ സമരമുഖങ്ങളിലായിരിക്കും. കേന്ദ്രീകരണത്തിൽ തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുന്ന ഒരു ദൃഢതയുണ്ട്. ആ വഴക്കമില്ലായ്മയെ അധികാരമെന്നും വിളിക്കും. വികേന്ദ്രീകരണം ഒഴുകിപ്പരക്കുന്ന, കൂടിക്കലരുന്ന വഴക്കമാണ്. അധികാരവിരുദ്ധമായ അന്യോനതയെന്നും അതിന് പേരിടാം. അടിമയും ഉടമയുമില്ലാത്ത, ഭൃത്യനും യജമാനനും ഇല്ലാത്ത, ഭരിക്കുന്നവരും ഭരിക്കപ്പെടേണ്ടവരുമില്ലാത്ത, വ്യക്തിപരവും രാഷ്ട്രീയപരവുമായ മനുഷ്യാന്തസ്സ്, ആത്മാഭിമാനം നിലനിർത്തുന്ന കൈമാറലുകളുടെ രക്തവും മാംസവുമാണത്. അങ്ങനെയാണ് ഗാന്ധിജി കള്ളികളിലൊതുങ്ങാതെ ഒഴുകിപ്പരന്നത്. വൈവിദ്ധ്യഘോഷമായ ‘ദർശന’വും ഒഴുകിയെത്തുന്നത് സർവ്വസ്വീകാര്യയായ ആ സമൂദ്രത്തിലേയ്ക്കു തന്നെ. ജലം തരുന്ന സ്‌നേഹമാണല്ലോ ദാഹം ശമിപ്പിക്കുന്നത്.

ഡി. പങ്കജാക്ഷനെ മൂർച്ച കുറയാതെ നിലനിത്തുക എന്നതാണ് ഇന്നത്തെ ആവശ്യം. ആ ആശയങ്ങൾക്ക് പേറ്റന്റില്ല, ‘ദർശന’ത്തിനുപോലും, എന്തിന് ഡി. പങ്കജാക്ഷനു തന്നെയും സ്വന്തമല്ല ആ ആശയങ്ങളെന്നതാണ് അതിന്റെ സാഫല്യവും സാക്ഷാത്കാരവും. ‘ദർശനം’ എന്ന ഔദ്യോഗിക കൂട്ടായ്മയ്ക്കപ്പുറം

അറിയപ്പെടാത്ത മറ്റൊരു കൂട്ടമായിരിക്കും ഒരുപക്ഷെ, അന്യോനജീവിതം ഫലപ്രദമായി ആവിഷ്‌ക്കരിക്കുക എന്ന സാധ്യതയുടെ സ്വാതന്ത്ര്യഭൂമിയിലായിരിക്കുമ്പോഴാണ് നാം യഥാർത്ഥ ‘ഭൂമിക്കാരാ’കുക. ആ ആശയങ്ങളിലെങ്കിലും വെള്ളം ചേർക്കാതിരിക്കക എന്നത് പരമപ്രധാനമാണ്. കാരണം, അടിത്തട്ടിൽ നിന്നും മനോതലത്തിൽ നിന്നും നമ്മുടെ ഉപബോധത്തെ തന്നെ ബോധപൂർവ്വം മാറ്റിപ്പണിയേണ്ടുന്ന സമൂലപരിവർത്തനത്തിന്റെ അടിവേരുകളുറപ്പിക്കുന്ന ദീർഘകാലത്തിന്റെ വിത്തുകളാണ് മണ്ണിൽ പാകിയിരിക്കുന്നത്. നിശ്ശബ്ദവിപ്ലവമാണത്, ഒരു തുള്ളി ചോര പോലും പൊടിയില്ല. നമുക്ക് ഒരുമുച്ചിരിക്കാം എന്നതു മാത്രമേയുള്ളു മുന്നുപാധി. വിർച്വലാണെങ്കിലും അല്ലെങ്കിലും ആ പൊരുന്നയിരിപ്പിൽ ആശയങ്ങളും പ്രയോഗങ്ങളും ഒരുമിച്ചു വിരിഞ്ഞുവരും. പിന്നവിടെ, ഭരണകൂടവും പോലീസും പട്ടാളവും മോദിയും നാണയവും മറ്റും വേണ്ടിവരില്ല. താനെ കൊഴിഞ്ഞുപോകും. കാരണം, ആദ്യമായും അവസാനമായും അത് ജൈവ/ജീവിതരാഷ്ട്രീയം തന്നെയാണ്. ആ രാഷ്ട്രീയ ഉള്ളടക്കത്തെ ചോർത്തുന്ന ഏതു ‘ദർശന’കൂട്ടായ്മയും പതിരാകാതെ തരമില്ല. ഡി. പങ്കജാക്ഷന്റെ റാഡിക്കലായ ‘അയൽക്കൂട്ട’ത്തെ കുടുംബശ്രീ സാങ്കേതികമായി ഏറ്റെടുത്തപ്പോൾ അത് ഒരുതരം ബോൺസായ് ഗൃഹാലങ്കാരമായി തീർന്നില്ലേ എന്ന സംശയം സ്വാഭാവികമായും ഉയർന്നുവന്നേക്കാം.

പൗരത്വഭേദഗതിക്കെതിരായ അഹിംസാപ്രക്ഷോഭത്തെ തല്ലിചതച്ചു മുന്നേറിക്കൊണ്ടിരുന്ന പൊലീസുകാർക്കുനേരെ പൂ നീട്ടിയ ആ സഹനസമരക്കാരിയാണ് യഥാർത്ഥ ഭൂമിക്കാരി. ഒരു ഭൂമിക്കാരനാകാൻ, ഒരു നല്ല സമരിയക്കാരനാകാൻ ഇനിയെത്ര ദൂരം നടക്കണം?

നിരന്തരവികസ്വരതയാണ് ‘ദർശന’ത്തിന്റെ മുഖമുദ്ര. സ്റ്റാറ്റിക് അല്ലാത്ത, നിരന്തരപരിണാമിയായ വിശാലഭൂമിയിലേയ്ക്കാണ് അതിന്റെ വിത്തുകൾ എറിയപ്പെട്ടിരിക്കുന്നത്. ‘ദർശന’ത്തേയും അടിക്കടി കാലാനുസൃതമായി പുതുക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് ശ്രീനാരായണഗുരുവിനെ പോലെ ഒരു വെറും വിഗ്രഹമായി തീരും. കേവലം ഒരു സംഘടനയായി തീരും. ‘ദർശനം’ ഒരു വെറും പ്രവൃത്തിയല്ല, വെറും കൂടിയിരിപ്പുമല്ല, പ്രവൃത്തി എന്താണെന്നും എന്തിനുവേണ്ടിയാണ് ചെയ്യുന്നതെന്നുമുള്ള ഒരന്വേഷണം കൂടിയാണ്. ‘ദർശന’ത്തിന്റെ ചരിത്രമായി കഴിഞ്ഞ ഒരു ഘട്ടത്തെയല്ല, പുതിയ കാലത്തിലുള്ള അതിന്റെ വികാസത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചാണ്, വിടർച്ചയേക്കുറിച്ചാണ്, രാഷ്ട്രീയത്തെക്കുറിച്ചാണ് സൂക്ഷ്മതയോടെയും അനുഭാവത്തോടെയും സംസാരിക്കേണ്ടതെന്നു തോന്നുന്നു. നമ്മൾ തുറന്ന ചർച്ചകളേയും വിയോജിപ്പുകളേയും ഭയപ്പെടേണ്ടതുണ്ടെന്നു തോന്നുന്നില്ല.

ഡി. പങ്കജാക്ഷൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ / Photo: darsanam.org

അതാണല്ലോ ജനായത്തത്തിന്റെ ഭിന്നസൗന്ദര്യരാഷ്ട്രീയം, അതാണല്ലോ അന്യോന്യതയുടെ പരസ്പരാനന്ദവും. പൗരത്വഭേദഗതിക്കെതിരായ അഹിംസാപ്രക്ഷോഭത്തെ തല്ലിചതച്ചു മുന്നേറിക്കൊണ്ടിരുന്ന പൊലീസുകാർക്കുനേരെ പൂ നീട്ടിയ ആ സഹനസമരക്കാരിയാണ് യഥാർത്ഥ ഭൂമിക്കാരി. ഒരു ഭൂമിക്കാരനാകാൻ, ഒരു നല്ല സമരിയക്കാരനാകാൻ ഇനിയെത്ര ദൂരം നടക്കണം?

ജനാധിപത്യത്തിന്റെ തരിശ്ശിടങ്ങൾ

അന്യോന്യതയിൽ മാറ്റിനിർത്തലില്ല. മാറ്റിനിർത്തുകയാണെങ്കിൽ നമ്മൾ ആരെയെല്ലാം മാറ്റിനിർത്തും? ശുദ്ധീകരിച്ചെടുക്കുകയാണെങ്കിൽ എത്രത്തോളം ശൂദ്ധീകരിച്ചെടുക്കും? അങ്ങനെയാണ് നമ്മൾ കെട്ടിയടച്ച വീടുകളായിതീരുന്നത്. മതിൽക്കെട്ടിനകത്തെ ആശ്രമവ്യവസ്ഥകളായി തീരുന്നത്. അപ്പോൾ പുറത്ത് കവാടത്തിൽ അരിച്ചെടുക്കാൻ കാവൽക്കാരുണ്ടാകും.

പരിഷ്‌കരണഹിംസയിലൂടെ അവരെ ‘ശരിയാക്കി’ നിർത്തേണ്ടിടത്ത് നിർത്തുവാനുള്ള സവർണ്ണസവിശേഷാധികാരവും മുകൾത്തട്ടിന്റേതാകും. അങ്ങനെയാകുമ്പോൾ ഒരു ദളിത് ആക്ടിവിസ്റ്റിന്റെ പുസ്തകം ‘ഭംഗിയായില്ലെ’ന്നു പറഞ്ഞ് വലിച്ചെറിയപ്പെടാതെ വയ്യ. അതിനു മറുപുറമായി ദളിത് കവികളോടുള്ള ‘പ്രേമം ഉദാരസൗജന്യത’യോടെ വെളിപ്പെടുത്തും

വീട്ടിലേയ്ക്ക് ആരെല്ലാം പ്രവേശിക്കണമെന്ന, അരെല്ലാം പ്രവേശിക്കരുതെന്ന സെക്യൂരിറ്റി ചെക്കപ്പ് നിരീക്ഷണസംവിധാനം നടപ്പിൽവരും. അങ്ങനെ അരിച്ചെടുത്തരിച്ചെടുത്ത് ഒടുവിൽ ശുദ്ധിയുള്ള സെൽഫ് റൈറ്റിയസായ നമ്മളിൽ വിരലിലെണ്ണാവുന്നർ അവശേഷിക്കും. നമ്മൾ ശരി അവർ തെറ്റെന്ന യുക്തിവിചാരമുണ്ടാകും. ശരിയായ നമ്മൾ മുകളിലാവുകയും അവർ താഴെയാകുകയും ചെയ്യും. പിന്നെ, മുകളിൽ നിന്നും നീതി നടപ്പാക്കാനും വിധിക്കാനും വളരെയെളുപ്പം. ‘കുഴപ്പക്കാരായ, അപരിഷ്‌കൃതരായ, ശുദ്ധിയും വെടിപ്പുമില്ലാത്ത’ ഒരു ജനസഞ്ചയം പുറത്താകും. പരിഷ്‌കരണഹിംസയിലൂടെ അവരെ ‘ശരിയാക്കി’ നിർത്തേണ്ടിടത്ത് നിർത്തുവാനുള്ള സവർണ്ണസവിശേഷാധികാരവും മുകൾത്തട്ടിന്റേതാകും. അങ്ങനെയാകുമ്പോൾ ഒരു ദളിത് ആക്ടിവിസ്റ്റിന്റെ പുസ്തകം ‘ഭംഗിയായില്ലെ’ന്നു പറഞ്ഞ് വലിച്ചെറിയപ്പെടാതെ വയ്യ. അതിനു മറുപുറമായി ദളിത് കവികളോടുള്ള ‘പ്രേമം ഉദാരസൗജന്യത’യോടെ വെളിപ്പെടുത്തും. രണ്ടായാലും പഴയ ‘ഹരിജനബോധ‘ത്തിന്റെ ഉറുമി തന്നെയായാരിക്കും സവർണ്ണമൂർച്ചയിൽ ചിരിച്ചുകൊണ്ട് കഴുത്തറുക്കുക. ജനാധിപത്യത്തിൽ പൊതിഞ്ഞ ഈ വർണ്ണവ്യവസ്ഥയുടെ മറ്റൊരു പേരാണ് വംശശുദ്ധി. പണ്ട് ചച്ചമലയാളത്തിൽ അയിത്തമെന്നും തീണ്ടാപ്പാടെന്നും ഇന്നത്തെ സൈദ്ധാന്തികമലയാളത്തിൽ ജനാധിപത്യത്തിന്റെ അധികപ്പറ്റെന്നും പറയാം. അധികമാകുന്നത് ഒളിയിടങ്ങളിലേയ്ക്കും വെളിയിടങ്ങളിലേയ്ക്കും തള്ളിക്കളയാം. ഈയം ഉരുക്കി ഒഴിക്കുകയും പെരുവിരൽ ഛേദിക്കുകയും ചെയ്യുന്ന ആ ഒളിപ്പോരിന് അല്ലെങ്കിൽ ശീതയുദ്ധത്തിന് സംസ്‌കൃതത്തിൽ മനുസ്മൃതിയെന്നും ഭഗവത്ഗീതയെന്നും പറയും. അന്യർക്ക് പ്രവേശനമില്ലെന്നും അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നുമുള്ള ആ രാജനീതിയാണ് ജർമ്മനിയിൽ പണ്ടുണ്ടായിരുന്നതും ഇന്ത്യയിലിപ്പോൾ പ്രച്ഛന്നജനാധിപത്യമായി നടപ്പിലാക്കി വരുന്നതും.

അപരത്വം, വൈവിദ്ധ്യം, വിഭിന്നത, ശത്രു, എതിരാളി, മത്സരം, ബന്ധുത്വം, ലിംഗഭേദം, അതിർത്തികൾ എന്നിങ്ങനെയുള്ള വിപരീതങ്ങളുടെ നിർമ്മിതിയിലൂടെയും അവ തമ്മിലുള്ള ഏറ്റുമുട്ടലുകളിലൂടെയും വികസിച്ചു വന്നതാണ് ഈ നേഷൻ സ്റ്റേറ്റ് എന്ന സങ്കല്പ്പം തന്നെയും. യുദ്ധസന്നദ്ധമായ ആധുനികതയുടെ ബലിദർശനത്തിലാണ് ജനാധിപത്യത്തിന്റെ അടിത്തറയുറപ്പിക്കപ്പെട്ടിരിക്കുന്നത്. ആ അപ്പാരറ്റസ് പ്രവർത്തിക്കുന്നത് ഹിംസാത്മകതയുടെ ഇന്ധനം കൊണ്ടാണ്. അതുകൊണ്ടാണ് ഗാന്ധിജി ആധുനികതയ്‌ക്കെതിരെ അഹിംസയെന്ന ആയുധം പ്രയോഗിച്ചത്. യൂണിറ്റി എന്ന അധികാരഘടനയുടെ ബലതന്ത്രം എപ്പോഴും തിരസ്‌ക്കരണങ്ങളിലൂടെയും വൈവിദ്ധ്യങ്ങളെ ഏകീകരിച്ചുമാണ് പ്രവർത്തനസജ്ജമാകുന്നത്. ഒരു ശബ്ദത്തിനുവേണ്ടി പല ശബ്ദങ്ങൾ അടിച്ചമർത്തപ്പെടും. എല്ലാ കൂടിച്ചേരലുകളിലും ഏതായാലും കുറെപ്പേർ പുറത്താകുമെന്നത് ജനാധിപത്യത്തിന്റെ ഇതുവരെ പരിഹരിക്കപ്പെടാത്ത നിത്യവൈരുദ്ധ്യമാണ്. എല്ലാവരെയും തുല്യനിലയിൽ സമത്വത്തോടെ കാണുക എന്നതുമാത്രമല്ല, അസമത്വത്തിനിരയാവരോട് അതേ സമീപനം വെച്ച് ‘സമത്വത്തി’ൽ പെരുമാറാതിരിക്കുക എന്നതും തത്വത്തിൽ യഥാർത്ഥ ജനാധിപത്യത്തിന്റെ അടിക്കല്ലാണെന്ന് കാൾ ഷ്മിറ്റ് (Carl Schmitt, The Crisis of Parliamentary Democracy, 1923) പറയുന്നത് പുറത്താക്കപ്പെടുന്നവരെ കൂടി ജനായത്തം ഉൾകൊള്ളണം എന്ന അർത്ഥത്തിലാണ്. ജനാധിപത്യത്തിന് പ്രവർത്തനിരതമാവാൻ ഏകശിലാത്മകതയെ കൈകൊള്ളണം, വേണ്ടിവന്നാൽ ബഹുത്വത്തെ, വൈവിദ്ധ്യത്തെ കൈവെടിയുകയോ ഉൻമൂലനം ചെയ്യുകയോ വേണം. ഈ തത്വത്തിൽ പ്രവർത്തിക്കുന്ന ആധുനിക ജനാധിപത്യത്തിന്റ തന്റെ കാലത്തുനിന്നുള്ള ഉദാഹരണമായി ഷ്മിറ്റ് ചൂണ്ടികാണിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ദേശീയവത്കരണത്തിലൂടെ ഗ്രീക്കുപൗരൻമാരെ അടിയോടെ പുറന്തള്ളിയ തുർക്കിയേയും ‘ശരിയായ ഇനം കുടിയേറ്റക്കാരല്ല’ എന്നു മുദ്രകുത്തി കുടിയേറ്റ നിയമങ്ങൾ പൊളിച്ചെഴുതി കുടിപാർപ്പുകാർക്ക് നിയന്ത്രണമേർപ്പെടുത്തിയ ആസ്‌ട്രേലിയൻ കോമൺവെൽത്തിനെയുമാണ്.

ആധുനികജനാധിപത്യത്തിന്റെ നേർരേഖ തന്നെയാണ് അതിർത്തികൾ വരയ്ക്കുന്നത്. മടങ്ങിപ്പോക്കിലും പുരോഗതിയിലും ഒരുപോലെ ഭരിക്കുന്നത് വ്യവസ്ഥാപിതമായ ആ ഏകരേഖയുടെ സമയക്രമവും ഭൗതികയുക്തിയുമാണ്. നേർവരയിൽ മുന്നോട്ടും പിന്നോട്ടുമുള്ള നീക്കങ്ങളേ സാധ്യമാകൂ. അത് ദൃശ്യതയുടെ മുഖ്യധാരയാണ്. അങ്ങനെയാണ് ഒരു വര വളഞ്ഞ് വൃത്തമായി മാറി ബഹിഷ്‌ക്കരിക്കുന്ന ലക്ഷ്മണരേഖയായി തീരുന്നത്. അത് വർത്തുളമായതിന്റെ പ്രതീതിയാഥാർത്ഥ്യമായി തീരുമെങ്കിലും വാസ്തവത്തിൽ ഒരു വിഭജനരേഖ മാത്രമാണ്. നേർവരയാണ് നഷ്ടപ്പെടുത്തുന്നത്, പാതകൾ തന്നെയാണ് വംശനാശത്തിലേയ്ക്കുള്ള വഴിവെട്ടുന്നതും. പടരുന്ന നനവും വളക്കൂറും മിക്കവാറും നേർരേഖയ്ക്കു പുറത്തുമായിരിക്കും. നുഴഞ്ഞുകയറ്റത്തിന്റെയും അനുസരണക്കേടിന്റെയും സ്‌നേഹസങ്കലനം, സംക്രമണം അനുവദനീയമേയല്ലാത്തതുകൊണ്ട് അഭയാർത്ഥികൾക്ക് ദേശമില്ലാതായിതീരും. കേന്ദ്രീകൃതജനാധിപത്യത്തിന്റെ ഉദ്ധൃതമായ പൗരുഷത്തിൽ തന്നെ ജനായത്തവിരുദ്ധതയുടെ ബീജങ്ങളുമുള്ളടങ്ങിയിട്ടുണ്ട്.

ഡി. പങ്കജാക്ഷന്റെ അന്ത്യവിശ്രമ സ്ഥലം / Photo: darsanam.org

പഴയ യുദ്ധതന്ത്രങ്ങളുടെയും പടയോട്ടങ്ങളുടെയും അനുഷ്ഠാനമുറകൾ, ഭാഷാശൈലി ജനാധിപത്യവും ആന്തരവത്കരിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇതുവരെ കയ്യൊഴിഞ്ഞിട്ടില്ല. അകത്തും പുറത്തും എതിരാളികളെ നിർമ്മിക്കുമ്പോൾ അതിന് ഊർജ്ജസ്വലത കൂടും. ഭരണപക്ഷവും പ്രതിപക്ഷവും രണ്ടു ശത്രുരാജ്യങ്ങളെ പോലെയാണ് ജനാധിപത്യത്തിൽ ഏറ്റുമുട്ടികൊണ്ടിരിക്കുന്നത്, ഇടപെടുന്നത്. കീഴടക്കലിന്റെയും ഉൻമൂലനത്തിന്റെയും യുദ്ധഭാഷയും ശരീരതന്ത്രങ്ങളും സൂക്ഷ്മരാഷ്ട്രീയമായി നമ്മുടെ നിത്യജീവതത്തിലേയ്ക്കും വേരാഴ്ത്തിയിട്ടുണ്ട്. ഭാഷ വാമൊഴിയായാലും വരമൊഴിയായാലും ഒരു സമൂഹത്തിന്റെ അബോധമായതുകൊണ്ട് അത് നമ്മളിലേയ്ക്കു തന്നെ കൈചൂണ്ടി നിൽക്കും. ഈ തരത്തിലുള്ള ദേശരാഷ്ട്ര ഘടനയുടെ ഹിംസാത്മകദേശീയതയിൽ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ എതിർദിശയിലാണ് ഡി. പങ്കജാക്ഷൻ ഭൂമിയെന്ന വിഭജിതമല്ലാത്ത രാജ്യത്തെ പൗരൻമാരെ ഭൂമിക്കാരായി തന്നെ കുടിപാർപ്പിക്കുന്ന തറക്കൂട്ടമായി അധികാരത്തിന്റെ കണ്ണിൽപ്പെടാതെ അടിത്തട്ടിൽ നിന്നേ പ്രവർത്തിച്ചുപോന്നിരുന്നത്, വർത്തമാനം പറഞ്ഞിരുന്നത്.

പ്രാദേശികസാർവ്വലൗകികതയിലേയ്ക്ക്

തറക്കൂട്ടത്തിന്റെ ഭാഷ നാം തന്നെ സൂചകവും സൂചിതവുമായി തീരുന്ന മറ്റൊരു ഭാഷയാണ്. വാമൊഴിയുടെ നാട്ടുവഴക്കവും നിരന്തരവർത്തമാനവുമാണത്. ലോകത്തിലേയ്ക്ക്, ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീളുന്ന പാരസ്പരികത്വത്തിലേയ്ക്ക് തുറക്കുന്ന വാതിലായി വർത്തിക്കുകയാണ് അയൽപക്കത്തായം. വീടും നാടുമായി രണ്ടായി വെട്ടിമുറിക്കുന്ന ദ്വന്ദ്വയുക്തിയല്ല, ഇടകലരുന്ന സഹവർത്തനമാണ് ഭൂമിയുടെ താളക്രമം. ആ ബോധത്തിലും ബോധ്യത്തിലും മറ്റൊരു ജീവിതം സാധ്യമാക്കാമെന്നുള്ള ജീവിച്ചുകാട്ടലായിരുന്ന ഡി. പങ്കജാക്ഷന്റെ ജീവനമത്രയും. ‘ദർശന’ത്തിന്റെ ചുറ്റുവട്ടത്തിൽ കിഴക്കെന്നും പടിഞ്ഞാറെന്നും തെക്കെന്നും വടക്കെന്നുമില്ല. നരകവും പാതാളവും അധോലോകവും അതിന്റെ പരിധിയിൽ വരും. ദേവൻമാർ മാത്രമല്ല, അസുരൻമാരും രാക്ഷസൻമാരും തിര്യക്കുകളും ജീവലോകവും അജീവലോകവും തുല്യനിലയിൽ ആ ഭൂമിയുടെ അവകാശികളാണ്. അന്യതയെ, അപരത്വത്തെ, അതിർത്തികളെ പൊളിച്ചെഴുതുന്ന വിപ്ലവകരമായ ജീവതരീതിയും പ്രവർത്തനശൈലിയുമാണത്. അതിന് ഇന്നത്തെ വിഭജിതമായ, അസമമായ, മതിലുകളും ബാരിക്കേഡുകളും നിറഞ്ഞ ലോകത്തിൽ പ്രസക്തിയേറിവരികയുമാണ്.

രാജ്യാന്തര മാർക്കറ്റും അന്താരാഷ്ട്ര വ്യാപാരബന്ധങ്ങളും കോർപ്പറേറ്റുവത്കരണവും ദൃശ്യോപഭോഗബദ്ധമായ ഡിജിറ്റൽ വിനിമയധാരാളിത്തത്തിന്റെ ഏകപക്ഷീയതയുമടങ്ങുന്ന പുത്തൻ സാമ്പത്തികക്രമത്തിലൂടെ ആഗോളവത്കരണം ഭൂമിയിൽ സാധ്യമാകാമെങ്കിൽ തൊട്ടുതൊട്ട് കൂടികലർന്നിരിക്കുന്ന, സഹജവും സാങ്കേതികവുമായ എല്ലാ വിനിമയോപാധികളും സ്വന്തമായ, ബഹുലതകളുടെ പൂക്കുലയായ ഈ പ്രപഞ്ചത്തിലെ സാപിയൻസിന് അസമത്വമില്ലാതെ അന്യോന്യതയിൽ മുഴുകാനും ജീവിക്കുവാനും എത്രയെളുപ്പമായിരിക്കും! മനുഷ്യമുഖവും പ്രകൃതിസ്വഭാവവുമുള്ള, ചൂഷണരഹിതവും ബഹിഷ്‌ക്കരണയുക്തിയുമില്ലാത്ത ബദലിന്റെ മുഖ്യധാരയും ഭരണകൂട-ദേശരാഷ്ട്ര കേന്ദ്രിതമല്ലാത്ത ഒരു പുതിയ ജനായത്തസാർവ്വലൗകികതയുമാണ് രൂപപ്പെട്ടുവരുന്നത്. ആ സാധ്യതയല്ലേ ‘ദർശനം’ മുന്നോട്ടുവെയ്ക്കുന്നത്?

ആശയം വേണ്ട പ്രവർത്തനം അല്ലെങ്കിൽ പ്രയോഗം മതി എന്ന വിഭജിതബോധം പരമ്പരാഗതമായി അനുശീലിച്ചു പോരുന്ന രണ്ടിന്റെ ചേരായ്മയെന്ന കുബുദ്ധിയുടെ ഉപോത്പന്നമാണ്. അതുകൊണ്ടാണ് ആ ദ്വന്ദ്വയുക്തിയെ മിറകടന്ന് ഗാന്ധിജിയും ഡി. പങ്കജാക്ഷനും ‘നടക്കാത്ത കാര്യങ്ങൾ’ ആവർത്തിച്ചു പറയുകയും ചെയ്തുകൊണ്ടുമിരുന്നത്.

ഡി. പങ്കജാക്ഷന്റെ ‘ദർശന’ത്തെ പരമ്പരാഗതമായ അർത്ഥത്തിൽ ആശയങ്ങളെന്നു വിളിക്കാനാവില്ല. ഒരുതരം പ്രാക്‌സിസിന്റെ സംജ്ഞകളാണ് (‘ഭൂമിക്കാരെ’ പോലെ) ആ ദർശനപ്രയോഗത്തിലേറിയകൂറും. പോസ്റ്റ് ഹ്യൂമനിസം പോലുള്ള പല പിൽക്കാല ആശയധാരകളുടെയും സത്ത വിത്തുരൂപത്തിൽ ആ ദർശനത്തിലുണ്ടെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ വിടർച്ചയോ വിപുലനമോ ആണ് ഇന്നത്തെ സന്ദർഭത്തിൽ ഇവിടെയും പ്രസക്തമാകുക. മാനുഷിക ജനാധിപത്യത്തിനപ്പുറത്തേയ്ക്ക്, beyond democracy, എന്നത് ഈ സത്യാനന്തരകാലത്തെ ഞെട്ടിച്ചുണർത്തുന്ന ഭാവിയുടെ സാധ്യതകളാണ്. റാൻസിയെ (Jacques Ranciere) പോലുള്ളവരുടെ ‘Hatred of Democracy’ യൊക്കെ പുറത്തുവരുന്നത് 2006ലാണ്. ഭാവിയുടെ വിത്തുശേഖരമായ, ജനാധിപത്യത്തിൽ നിന്നും ജനായത്തത്തിലേയ്ക്കും അതിനപ്പുറത്തേയ്ക്കും വിത്തെറിയുന്ന ഡി. പങ്കജാക്ഷന്റെ ‘പുതിയ ലോകം പുതിയ വഴി’ പുറത്തുവരുന്നത് 1989ലും. അയൽപക്കത്തായത്തിന്റെ വൃത്താ(വിത്താ)കൃതിയിലുള്ള തറക്കൂട്ടമാണത്. മടങ്ങിപ്പോക്കോ തിരിച്ചുവരവോ പുരോഗതിയോ അല്ല, ജീവനത്തിന്റെ വിവൃതമായ ചുറ്റുവട്ടമോ, കറങ്ങിതിരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയോ ആണത്. ആധുനികതയുടെ മഹാഖ്യാനങ്ങളെ മുറിച്ചുകടന്ന് ചെറുതും പ്രാദേശികവുമായി തീരുകയും അതേസമയം ഉത്തരാധുനികതയുടെ വിടവിടങ്ങളെ പൂരിപ്പിക്കുന്ന ഭൗമികശൃംഖലയുടെ അന്തർദ്ദേശീയതയായി വികസിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യസങ്കലനത്തിന്റെ നവജനായത്തമായി ഡി. പങ്കജാക്ഷന്റെ ‘ദർശന’ത്തെ പ്രായോഗികമാക്കാവുന്നതാണ്.

ഡി. പങ്കജാക്ഷന്റെ ഭാര്യ രാധമ്മ

ആശയം വേണ്ട പ്രവർത്തനം അല്ലെങ്കിൽ പ്രയോഗം മതി എന്ന വിഭജിതബോധം പരമ്പരാഗതമായി അനുശീലിച്ചു പോരുന്ന രണ്ടിന്റെ ചേരായ്മയെന്ന കുബുദ്ധിയുടെ ഉപോത്പന്നമാണ്. അതുകൊണ്ടാണ് ആ ദ്വന്ദ്വയുക്തിയെ മിറകടന്ന് ഗാന്ധിജിയും ഡി. പങ്കജാക്ഷനും ‘നടക്കാത്ത കാര്യങ്ങൾ’ ആവർത്തിച്ചു പറയുകയും ചെയ്തുകൊണ്ടുമിരുന്നത്. നൂറ്റോന്നാവർത്തിച്ചാലേ ഫലമുള്ളു എന്ന് നമുക്കറിയില്ലെങ്കിലും നിരക്ഷരർക്കൊക്കെയും അറിയാം. ആശയാമാദ്യം, പ്രയോഗം പിമ്പെയെന്ന നേർവരബുദ്ധി ഇന്ന് മാഞ്ഞുപോയിരിക്കുന്നു. ഒരേ പ്രക്രിയയുടെ വിടർച്ചയും സംഘടനവും സംയോജനവും രൂപാന്തരവുമെന്നു പറയാവുന്ന സാന്ദർഭികമായ ഇടപെടലുകളുടെ രണ്ടോ അതിലധികമോ പുഴകൾ ചേർന്ന് വലിയ പുഴയായൊഴുകി ജീവിതമായിതീരുകയാണ്. വിർച്വൽ റിയാലിറ്റിയും വിമർശനാത്മകമായ പ്രതിയാഥാർത്ഥ്യമെന്ന സമുദ്രത്തിലേയ്ക്കു തന്നെ താമസിയാതെ ഒഴുകിയെത്താതിരിക്കില്ല എന്ന രാഷ്ട്രീയകാലാവസ്ഥാസൂചനകളും അന്തരീക്ഷത്തിലുണ്ട്. അതാണ് മുല്ലപൂവിപ്ലവമായും അറബ്‌വസന്തമായും, രാജ്യത്തെ മതത്തിന്റെ പേരിലും പൗരത്വത്തിന്റെ പേരിലും വീണ്ടും വിഭജിക്കുന്ന നയങ്ങൾക്കെതിരായ ഷഹീൻബാഗായും മറ്റും ലോകത്തെ പുതുക്കിപ്പണിയുന്നത്.

അയൽപക്കത്തായത്തിന്റെ വിത്തും വൃത്തവും

വിത്തും വൃത്തവും വർത്തുളമാണ്, നേർവരയല്ല. അയൽപക്കത്തായത്തിന്റെ അകത്തളങ്ങളിലും വശങ്ങളിലും കാടും പടലും വിത്തും കൈക്കോട്ടുമുണ്ട്. തിരിയുന്നതാണ് ഭൂമിശാസ്ത്രം. തറക്കൂട്ടത്തിന്റെ ചുറ്റുവട്ടമാണത്. യഥാർത്ഥത്തിൽ ബഹുലതകളേയുള്ളൂ, ജീവനത്തിന്റെ അടിമണ്ണേയുള്ളൂ. സഹവർത്തനവും കൈമാറലുകളുമാണ് ഉള്ളതിനെയും (ഇല്ലാത്തതിനേയും) പുതുക്കിയെടുക്കുന്നത്. ഒന്നും പഴയതായിതന്നെ തിരിച്ചുവരുന്നില്ല. പുറത്തായത് അകത്തേയ്ക്കു വരുന്നതാണ്. അദൃശ്യമാകുന്നത് ദൃശ്യമാകുമ്പോൾ സമവാക്യങ്ങൾ പൊളിച്ചെഴുതേണ്ടിവരും. അരങ്ങും അണിയറയും കഥാപാത്രങ്ങളും നടൻമാരും കാണികളും മാത്രമല്ല, കഥ തന്നെയും മാറും. വിത്തും വൃത്തവും പഴയ അറപ്പുരകളിൽ നിന്നും ഏടുകളിൽ നിന്നും തിരിച്ചെത്തുകയല്ല. വിത്ത് കേവലം ധാന്യമണിയും വാണിജ്യവിളയുമെന്ന പുറംതോടു പൊട്ടിച്ച് ജീവജാലമായി, ജീവിതക്രമമായി വിതയ്ക്കപ്പെടുകയാണ്. കൊയ്‌തെടുക്കപ്പെടുന്നതോ പുതുവിളകളും. വൃത്തം പദ്യംകെട്ടലും അക്ഷരശ്ലോകസദസ്സിന്റെ വെടിവെട്ടവുമായി സമയം പോക്കാതെ കവിതയായി വന്നു തിരികൊളുത്തുമ്പോൾ പുതിയ ചോറാണ് വേവുന്നത്. ഉപ്പ് കറിക്കൂട്ടിന്റെ നളപാകമെന്ന നിലവിട്ട് ഉപ്പുസത്യാഗ്രഹത്തിൽ മറ്റൊന്നായി തീരുന്നതു പോലെ. അതാണ് വിത്തിന്റെയും വൃത്തത്തിന്റെയും രാഷ്ട്രീയസൗന്ദര്യശാസ്ത്രം. അതിനർത്ഥം അകത്താകലും പുറത്താകലുമേയുള്ളൂ എന്നാണ്.

രാമനെന്ന പഴംപുരാണമാണ് ഒരു ജനതയെ ബഹിഷ്‌ക്കരിക്കുന്നതും രക്തം ചിന്തുന്നതും. അയ്യപ്പനെന്ന കെട്ടുകഥയും ആചാരവുമാണ് തൊട്ടുകൂടായ്മയായി തീരുന്നത്. മതമാണ് ഭരണഘടനയായി തിരിച്ചെത്തുന്നത്. ഇതിന്റെ മറുപുറമായി ഒരു വിത്തിന്റെ ഓർമ്മ തന്നെ വൃക്ഷമായി തീരും.

നമ്മുടെ കാലത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നത് കേന്ദ്രവും വെളിയിടങ്ങളുമാണ്. സ്പർശനത്തിന്റെ ധർമ്മസംഹിതയും ശുദ്ധിയുമാണ് അവിടുത്തെ വർണ്ണവ്യവസ്ഥ. നഷ്ടപ്പെടലിലും പുനഃസ്ഥാപിക്കലിലും തിരിച്ചുപോക്കിലുമെല്ലാം ആധുനികതയുടെ ശാസ്ത്രയുക്തിയും ഹിംസയുമാണ് പരമ്പരാഗതമായി ആയുധമെടുക്കുന്നത്. സമകാലികതയുടെ വളക്കൂറുള്ള മണ്ണിൽ ജീവിതത്തിന്റെ സഹജയുക്തിയെ വിത്തും വൃക്ഷവുമായി മുളപ്പിച്ചെടുക്കുന്ന ദൈനംദിനവൃത്തിയായ തറക്കൂട്ടത്തിൽ ആധുനികതയും ഉത്തരാധുനികതയുമില്ല, അയൽപക്കത്തായമേയുള്ളൂ. ജീവിതത്തിന്റെയും ജീവന്റെയും ചെറുത് വലുതായി, സമഷ്ടിയായിതീരുന്ന പ്രാദേശികരാഷ്ട്രീയത്തിന്റെ ഗൃഹപ്രവേശവും കണ്ണിചേരലുമാണത്. “കേന്ദ്രത്തിലിരിക്കുന്ന പത്തിരുപതുപേർക്കു ജനാധിപത്യം പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും അത് ഒരോ ഗ്രാമത്തിലെയും ജനങ്ങൾ അടിത്തട്ടിൽ നിന്നും മുകളിലേയ്ക്കു പ്രവർത്തിപ്പിക്കേണ്ടതാണെന്നും” ‘എന്റെ സ്വപ്നങ്ങളുടെ ഇന്ത്യ’ എന്ന ‘ഹരിജൻ’(1948) ലേഖനത്തിൽ ഗാന്ധിജി കുറിച്ച അടിത്തട്ടുരാഷ്ട്രീയം തന്നെയാണത്.

പങ്കജാക്ഷൻ ഉപയോഗിച്ചിരുന്ന ചാരുകസേര / Photo: darsanam.org

വാക്ക് സൂചിപ്പിക്കുന്ന വസ്തു പിളർന്ന് അതിന്റെ സ്വത്വം ഇല്ലാതായാലും വാക്കിന്റെ മുള അവിടെയുണ്ടാകും. നഷ്ടപ്പെട്ട സ്വത്വത്തെ പുനഃസ്ഥാപിക്കുകയോ പുതുതായൊന്നു കണ്ടെത്തുകയോ ചെയ്തുകൊണ്ട് ആ വാക്ക് വീണ്ടും പൊട്ടിമുളച്ചേക്കും. ഇതുവരെ കണ്ടിട്ടില്ലാത്ത ഈശ്വരനാണ് നമ്മുടെ കൂടെ എപ്പോഴുമുള്ളത്. രാമനെന്ന പഴംപുരാണമാണ് ഒരു ജനതയെ ബഹിഷ്‌ക്കരിക്കുന്നതും രക്തം ചിന്തുന്നതും. അയ്യപ്പനെന്ന കെട്ടുകഥയും ആചാരവുമാണ് തൊട്ടുകൂടായ്മയായി തീരുന്നത്. മതമാണ് ഭരണഘടനയായി തിരിച്ചെത്തുന്നത്. ഇതിന്റെ മറുപുറമായി ഒരു വിത്തിന്റെ ഓർമ്മ തന്നെ വൃക്ഷമായി തീരും. ചെറിയ വിത്തിന്റെ സാക്ഷാത്കാരമാണ് വലിയ വൃക്ഷം. “നാടുതോറുമുള്ള ചെറിയ മുളകളാണ് നമുക്ക് ആവശ്യമെങ്കിലും എന്തുകൊണ്ടോ നമ്മുടെ മനസ്സിൽ ഇത്ര ചെറുതിന് സ്ഥാനമുറയ്ക്കുന്നില്ല എന്നും പത്തുപൈസയ്ക്കു വിലയില്ലാതായതുപോലെ പത്തു വീടുകൾ ചേരുന്നതിനെയും നിസ്സാരമായി തള്ളിക്കളയുന്നു പലരു”മെന്നും ഡി. പങ്കജാക്ഷൻ തൊട്ടറിയുന്നുണ്ട് (പുതിയ ലോകം പുതിയ വഴി, 1989). വിത്തുരൂപത്തിലുള്ള ചെറുതിന്റെ പെരുമയെ തിരിച്ചറിയുന്ന സഹജമായ മുൻകരുതലാണത്, നിശ്ശബ്ദതയിൽ നടുന്നത് ഭാവിയുടെ മുളകളാണ്.

വിത്തു വിതക്കലും വിളവെടുപ്പും (cultivation of life) പഴയതിനെ തിരിച്ചെടുക്കുകയല്ല, ജീവിതത്തെ ഉറപ്പിച്ചെടുക്കുകയും പുതുക്കുകയുമാണ്. ജനതയിൽ നിന്നും രാഷ്ട്രത്തിൽ നിന്നും പുറത്താക്കപ്പെടുന്നവർ സഹവർത്തിച്ച് പുതിയ ജനാധിപത്യപൗരത്വത്തിന്റെ തറക്കൂട്ടം സംസ്ഥാപിച്ചെടുക്കുകയാണ്. ഗാന്ധിയുടെ ചിത്രവും അംബേദ്കറിന്റെ ഓസ്യത്തും ഡി. പങ്കജാക്ഷന്റെ കഞ്ഞിപ്പാടവും സഹനസമരത്തിന്റെ ജീവിതശൈലി തന്നെയാണ്. കർഷകസമരത്തിന്റെ അതിജീവനയുക്തിയുടെ പരിധിയിൽ ഭൂമി തന്നെയും ഒരു വിത്താണെന്ന പാരിസ്ഥിതികവിവേകവും കൂടി ഉള്ളടങ്ങിയിട്ടുണ്ട്. നഗ്നജീവിതമാണ് നമ്മുടെ കൺമുമ്പിൽ. അതാണ് തെരുവുകളിലും പൊതുഇടങ്ങളിലും സംഘടിതമായി തീരുന്നത്. അങ്ങനെയാണ് ഗാന്ധിജിയും അംബേദ്കറും ‘ദർശന’വും ഡി. പങ്കജാക്ഷനും ആരുടേതുമല്ലാതായിതീരുന്നത് അല്ലെങ്കിൽ എല്ലാവരുടേതുമായിതീരുന്നത്. ▮

(മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും ക്രിയാത്മക ഇടപെടലുകളുടെയും പരീക്ഷണഭൂമിയാക്കി സ്വന്തം ജീവിതത്തെ മാറ്റിയ സാമൂഹിക പ്രവർത്തകനാണ് ഡി. പങ്കജാക്ഷൻ. ചെറുപ്പത്തിലേ ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം സ്‌കൂൾ അധ്യാപകനായിരുന്നു. കർഷകനായ അദ്ദേഹം 1973ലാണ് ഗ്രാമീണരുടെ സഹകരണത്തിലും വിഭവങ്ങളുടെ പങ്കുവെക്കലിലും അടിസ്ഥാനമാക്കിയ "അയൽക്കൂട്ടം' എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിന്റെ കൂടി പ്രചാരണത്തിന് "ദർശനം' എന്ന മാസിക തുടങ്ങി. തന്റെ ജന്മസ്ഥലമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത് 1976 മുതൽ "ഉണ്ടല്ലോ കൊണ്ടുപോകാം' എന്ന മുദ്രാവാക്യവുമായി "അയൽക്കൂട്ട'ത്തിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. തന്റെ വീടിന്റെ പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് ആദ്യ അയൽക്കൂട്ടം അദ്ദേഹം തുടങ്ങിയത്. പല അയൽക്കൂട്ടങ്ങൾ ചേർന്ന് പിന്നീട് തറക്കൂട്ടവും ഗ്രാമക്കൂട്ടവും ആയി. കോവിഡ് കാലത്ത് കേരളത്തിൽ പതിനായിരങ്ങൾക്ക് ഭക്ഷണം നൽകിയ സമൂഹ അടുക്കള വരെയുള്ള സഹവർത്തിത്വത്തിന്റെ മാതൃകകളുടെ വേരുകൾ "അയൽക്കൂട്ട'ത്തിലേക്ക് നീണ്ടുകിടിക്കുന്നു. 2004 സപ്തംബർ 16ന് 82ാം വയസ്സിൽ മരിച്ചു.)


ഷിബു ഷൺമുഖം

കവി, ചെന്നൈയിൽ ഫ്രീലാൻസ് ജേണലിസ്റ്റ്. Standing Right Next to You: Lives of HIV Positive People എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments