ചെറുകാട്​ എന്ന രാഷ്​ട്രീയ രചന

വ്യക്തിപരവും സർഗാത്മകവും പ്രത്യയശാസ്ത്രപരവുമായ ചെറുകാടിന്റെ ഊർജം പുരോഗമന സാഹിത്യപ്രസ്ഥാനം മാത്രമല്ല, മലയാളി സമൂഹമാകെ ശരിയായി ഉൾക്കൊള്ളണം. ചെറുകാടിന്റെ ചരമവാർഷികദിനമാണ്​ ഒക്​ടോബർ 28.

ണ്ണും മനുഷ്യനും വിപ്ലവവുമായിരുന്നു ചെറുകാടെന്ന എഴുത്തുകാരനിലെ സർഗശക്തിയെ ഇളക്കിമറിച്ചത്. മണ്ണുമായി മനുഷ്യനുള്ള അറുത്തുമാറ്റാനാവാത്ത ബന്ധവും മണ്ണുഴുതുമറിച്ച് വിത്തിട്ട് വിളയുൽപ്പാദിപ്പിച്ച്​കൊയ്‌തെടുക്കുന്ന കർഷകരുടെ ഇച്ഛാശക്തിയുമാണ് വിപ്ലവത്തിന്റെ അനിവാര്യമായ സാമൂഹ്യവർഗശക്തിയാക്കി മണ്ണിന്റെ മക്കളായ കർഷകരെ മാറ്റുന്നതെന്നാണ് റഷ്യൻ സാഹിത്യകാരനായ ഷൊളോക്കോവ് എഴുതിയത്. ‘ഡോൺ ശാന്തമായൊഴുകുന്നു' എന്ന ഷൊളോക്കോവിന്റെ കൃതിയെ ചെറുകാടിന്റെ മണ്ണിന്റെ മാറിൽ എന്ന നോവലുമായി താരതമ്യം ചെയ്ത് വി. അരവിന്ദാക്ഷൻ എഴുതിയത് മലയാളത്തിന്റെ ഷൊളോക്കോവാണ് ചെറുകാട്​ എന്നാണ്​. മനുഷ്യരുടെ സാമൂഹ്യ പുരോഗതിക്കും സ്വാതന്ത്ര്യത്തിനും തടസമാവുന്ന ഭൗതിക ജീവിതബന്ധങ്ങളെ തട്ടിമാറ്റി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന വിപ്ലവ സാഹിത്യരചനകളിലൂടെയാണ് ചെറുകാട് മലയാളി വായനക്കാർക്കിടയിൽ അനശ്വരനായത്. മണ്ണിന്റെ മനുഷ്യരുടെ കഥ പറഞ്ഞ ചെറുകാട് കമ്യൂണിസ്റ്റ് രാഷ്ട്രീയബോധത്തെ സാഹിത്യരചനകളിലൂടെ
സർഗ്ഗാത്മകമായി അവതരിപ്പിച്ച കരുത്തനായ പ്രതിഭയായിരുന്നു.

മലയാളത്തിന്റെ മാക്‌സിം ഗോർക്കി എന്നാണ് പി. ഗോവിന്ദപ്പിള്ള ചെറുകാടിനെ
വിശേഷിപ്പിച്ചത്​. റഷ്യൻ വിപ്ലവത്തിന്റെ ചരിത്രഗതിയിൽ കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്കൊപ്പംനിന്ന് പറഞ്ഞറിയിക്കാനാവാത്ത ത്യാഗമനുഭവിക്കേണ്ടി വന്ന അമ്മയുടെ ധീരകഥയാണ് മാക്‌സിം ഗോർക്കി
തന്റെ നോവലിലൂടെ അവതരിപ്പിച്ചത്. ചെറുകാട് തന്റെ മുത്തശ്ശിയിലൂടെ കർഷക പ്രസ്ഥാനവും അധ്യാപക പ്രസ്ഥാനവും വഴി കമ്യൂണിസ്റ്റ് രാഷ്ട്രീയം വളർത്തുന്ന വിപ്ലവകാരികൾക്കൊപ്പം നിന്ന മുത്തശ്ശിയുടെ കഥയാണ് പറയുന്നത്. മാക്‌സിം ഗോർക്കിയുടെ അമ്മയും ചെറുകാടിന്റെ മുത്തശ്ശിയും യാഥാസ്ഥിതിക വിശ്വാസങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വിപ്ലവകാരികളായ പുതുതലമുറയോടൊപ്പം ചേരുന്നവരാണ്. അതിനായി വലിയ കഷ്ടനഷ്ടങ്ങൾ ഏറ്റുവാങ്ങുന്നവരാണ്.

മാക്‌സിം ഗോർക്കി / Photo: Wikimedia Commons

അദ്ധ്യാപകൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ നിറഞ്ഞുനിന്ന ചെറുകാടിന്റെ പേര് ഗോവിന്ദപിഷാരടി എന്നായിരുന്നു. നവോത്ഥാനത്തിന്റെയും ദേശീയ സ്വാതന്ത്ര്യത്തിന്റെയും അനുഭവഗതികളിലൂടെ കമ്യൂണിസ്റ്റായ എഴുത്തുകാരൻ. പട്ടാമ്പി ഗവ. കോളേജിൽ മലയാള വിഭാഗത്തിൽ അദ്ധ്യാപകനായിരുന്നല്ലോ ചെറുകാട്. പരമ്പരാഗതരീതിയിൽ സംസ്‌കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരടി പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായാണു് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രാഷ്ട്രീയപ്രവർത്തനത്തെത്തുടർന്ന്​ സർവീസിൽ നിന്ന്​പിരിച്ചുവിടപ്പെട്ടു.

‘ജീവിതപ്പാത' കേവലമായൊരു ആത്മകഥയല്ല. മലയാള സാഹിത്യവും ജീവിതവും കടന്നുവന്ന സമരാനുഭവങ്ങളുടെയും സർഗസംഘർഷങ്ങളുടെയും ചരിത്രം കൂടിയാണ്. മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ഹാസ്യ കവിതകൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ രൂക്ഷമായ വിമർശനങ്ങൾ ഉള്ളടങ്ങിയതായിരുന്നു. ആചാരങ്ങളെല്ലാം യുക്തിരഹിതമായ വിശ്വാസ ധാരണകൾ മാത്രമാണെന്ന് ചെറുകാട് എഴുതിയിട്ടുണ്ട്.

നാലുപതിറ്റാണ്ടുകാലം നിർഭയവും രാഷ്ട്രീയ പ്രത്യയശാസ്ത്രപ്രചോദിതവുമായ സാമൂഹ്യ ഇടപെടലുകളിലൂടെയും സർഗാത്മക പ്രവർത്തനങ്ങളിലൂടെയും മലയാള സാഹിത്യത്തെ പുരോഗമന വഴിത്താരയിലൂടെ നയിച്ച വിപ്ലവകാരിയായ സാഹിത്യകാരൻ എന്ന നിലയിലാണ് ചെറുകാട് സ്മരിക്കപ്പെട്ടുന്നത്. ഒരു കഥയോ കവിതയോ പോരെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതപ്പാത' കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മലബാറിലെ സാധാരണ ജനജീവിതത്തിന്റെയും ചരിത്രമാണ്. അത് മനുഷ്യ ഇച്​ഛകളുടെയും അനുഭവങ്ങളുടെയും സർഗാത്മകവും സത്യസന്ധവുമായ ആവിഷ്‌ക്കാരമാണ്.
ജാതി- ജന്മി മേധാവിത്വത്തിനെതിരെ സമരാനുഭവങ്ങളുടെയും സാംസ്‌കാരിക ഉണർവിന്റെയും കഥയാണ്.

സാമൂഹിക പരിവർത്തനത്തിൽ പുരുഷനോടൊപ്പം സ്ത്രീയ്ക്കും പങ്കുണ്ടെന്ന് അറിഞ്ഞ എഴുത്തുകാരനായിരുന്നു ചെറുകാട്. സ്ത്രീസ്വാതന്ത്ര്യത്തിന്​ വിട്ടുവീഴ്ചയില്ലാതെ പടപൊരുതിയ ചെറുകാടിന്റെ ആത്മവീര്യം അദ്ദേഹത്തിന്റെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. ജീവിച്ച കാലത്തെ രാഷ്ട്രീയ- സാമൂഹ്യ ജീവിത സമസ്യകളോട് ചടുലമായും സരസമായും ചെറുകാട് പ്രതികരിച്ചത് തുള്ളൽകവിതകളിലൂടെയാണെന്ന കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ.

കമ്യൂണിസ്റ്റ് സാമൂഹ്യവീക്ഷണവും സാഹിത്യാശയങ്ങളും അടിസ്ഥാനമാക്കിയുള്ളവയാണ് ചെറുകാടിന്റെ കൃതികളെന്നതിന് ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സമ്പന്ന സവർണ മേൽക്കോയ്മയ്ക്കും ജാതീയ- വർഗീയ അടിച്ചമർത്തലുകൾക്കും ജന്മിത്ത ചൂഷണത്തിനും വിധേയരായ പാവപ്പെട്ട കൃഷിക്കാർക്കും തൊഴിലാളികൾക്കും വിമോചന പാത തുറന്നുകൊടുത്ത സാമൂഹ്യവും രാഷ്ട്രീയവുമായ വിപ്ലവാശയങ്ങൾ നിറഞ്ഞതാണ് ചെറുകാടിന്റെ സാഹിത്യസൃഷ്ടികളെല്ലാം. കമ്യൂണിസ്റ്റ് സാഹിത്യകാരനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച്, നെഞ്ചുവിരിച്ച് തൊഴിലാളികളോടും കൃഷിക്കാരോടും ഒപ്പം നടന്ന ചെറുകാട് തൊഴിലാളിവർഗത്തിന്റേതായ പുതിയ ജീവിതബോധം ആവിഷ്‌കരിക്കുകയാണ് ചെയ്തത്. പകൽ അധ്യാപകനും രാത്രി കമ്യൂണിസ്റ്റ് പാർട്ടി സംഘാടകനുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .
ഇ. എം. എസ്, പി. കൃഷ്ണപിള്ള തുടങ്ങിയവരുമായി ബന്ധപ്പെട്ടതോടെ മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി ചെറുകാട് മാറിയെന്ന് പറയാം. രാഷ്ടീയ പ്രചാരണത്തിന്​ പാട്ടുകളും ഓട്ടൻതുള്ളലും നാടകങ്ങളും എഴുതി ജനങ്ങൾക്കിടയിൽ വ്യാപമായി പ്രചരിപ്പിച്ച അദ്ദേഹം സംസ്‌കാരിക പ്രവർത്തനം തന്നെയാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കാണിച്ചുതന്നു.

മണ്ണിന്റെ മാറിൽ, മുത്തശ്ശി, ശനിദശ, മരുമകൾ, പ്രമാണി, ദേവലോകം, ഭൂപ്രഭു, അടിമ, മനുഷ്യഹൃദയങ്ങൾ, സ്വതന്ത്ര, വിശുദ്ധ നുണ, തറവാടിത്തം, ഒടുക്കത്തെ ഓണം, നമ്മളൊന്ന്, ഒരു ദിവസം, മുദ്രമോതിരം, ചെറുകാടിന്റെ കഥകൾ മനുഷ്യനെ മാനിക്കുക, ആരാധന, തിരമാല, കറുപ്പൻകുട്ടി തുടങ്ങി നോവലുകളും നാടകങ്ങളും കവിതകളുമായി വിസ്തൃതമായ ഒരു സാഹിത്യ സംഭാവന തന്നെ ചെറുകാട് മലയാള ഭാഷക്ക് നൽകിയിട്ടുണ്ട്. ബാലസാഹിത്യരചനകളുമുണ്ട്.

സ്വാതന്ത്ര്യസമരകാലത്തിനുശേഷമുള്ള ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയാവസ്ഥയിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച വിപ്ലവകാരികളെ പൊലീസ് ഭീകരമായി അടിച്ചമർത്തുന്ന അനുഭവങ്ങളുടെ ആവിഷ്‌കാരമാണ് ശനിദശ എന്ന നോവൽ. 1959 ലെ വിമോചനസമരമാണ് ശനിദശയ്ക്ക് ആധാരമായത്. ശനിദശ കേരളീയ സാഹചര്യം നിരന്തരമായ വായന ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയരചനയാണെന്ന് പറയാം.

കമ്യൂണിസ്റ്റ് രാഷ്ട്രീയദർശനത്തെ സ്വന്തം ജീവിതത്തിന്റെ വെളിച്ചമാക്കി,
ആ വെളിച്ചത്തിൽ പുതിയ സാമൂഹ്യ സൃഷ്ടിക്ക് പ്രേരകമായ സർഗാത്മകജീവിതമാണ് അദ്ദേഹം നയിച്ചത്. വ്യക്തിപരവും സർഗാത്മകവും പ്രത്യയശാസ്ത്രപരവുമായ ചെറുകാടിന്റെ ഊർജം പുരോഗമന സാഹിത്യപ്രസ്ഥാനം മാത്രമല്ല, മലയാളി സമൂഹമാകെ ശരിയായി ഉൾക്കൊള്ളണം. ആ സമരോത്സുകവും സർഗ്ഗാത്മകവുമായ ജീവിതം വർത്തമാനപ്രതിസന്ധികളെ മുറിച്ചുകടക്കുന്നതിന് നമുക്കാകെ
വെളിച്ചം പകരും.

Comments