എസ്​. ജയേഷ്​ ഒരു കഥയായി ഇവിടെത്തന്നെയുണ്ടാകും

‘മലയാളത്തിൽ ബ്ലോഗെഴുത്ത് സജീവമായിരുന്ന കാലം മുതൽക്കുള്ള സൗഹൃദമായിരുന്നു ജയേഷുമായുള്ളത്. എതാണ്ട് ഒരേക്കാലത്താണ് ഇരുവരും മുഖ്യധാരയിൽ എഴുതിത്തുടങ്ങുന്നതെന്നും ഓർമ’- കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കഥാകൃത്ത്​ എസ്​. ജയേഷ് അന്തരിച്ചു. അദ്ദേഹത്തെക്കുറിച്ച്​ കഥാകൃത്ത്​ ദേവദാസ്​ വി.എം എഴുതുന്നു.

വന്റെ ജീവൻ പിടിച്ചുനിർത്താൻ ആളായും അർത്ഥമായും കൂടെ നിന്ന ഒരു കൂട്ടം മനുഷ്യരുടെ ശ്രമങ്ങളെയും പ്രതീക്ഷകളെയും ഒക്കെ ഇല്ലാതാക്കിക്കൊണ്ട് ജയേഷ് പോയി എന്നറിയുന്നു. പനിയെ തുടർന്നുള്ളൊരു വീഴ്ചയിൽ തലക്ക് ക്ഷതമേറ്റ് അബോധത്തിലേക്കാണ്ടുപോയ അവനെത്തിരക്കി പാലക്കാട്ടെ ആശുപത്രിയിൽ പോയിരുന്നു. ഒരു ഫോൺ സന്ദേശംകൊണ്ട് അറിയിച്ചപ്പോൾ പോലും അവനായി സഹായഹസ്തങ്ങൾ നീട്ടിയവർ ഏറെയാണ്, കേരളസാഹിത്യ അക്കാദമിയുൾപ്പെടെ. രണ്ട് ശസ്ത്രക്രിയകൾ. കോയമ്പത്തൂരിലെ ആശുപത്രിയിലേക്കുള്ള മാറ്റം. പതിയെയാണെങ്കിലും അവൻ സ്വബോധത്തിലേക്ക് തിരികെ വന്നുവെന്നതും ചെറിയ പ്രതികരണങ്ങളുണ്ടായി എന്നതുമൊക്കെ വളരെ പ്രതീക്ഷ നൽകിയിരുന്നു.

അഞ്ചാറുദിവസം മുമ്പ് അവന്റെ അമ്മയുടെ ഫോൺ സ്പീക്കർ ഫോണിലിട്ട് സംസാരിക്കുന്നേരത്ത് അവൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്, തല ചെറുതായി ഇളക്കുന്നുണ്ട് എന്നൊക്കെ കേട്ടപ്പോഴുണ്ടായ സന്തോഷം ഏറെയായിരുന്നു. പക്ഷെ അതൊക്കെ പൊടുന്നനെ ഇല്ലാതാക്കിക്കൊണ്ടാണ് ന്യുമോണിയ ബാധിച്ചതും വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതുമെല്ലാം.

ഇന്ന് രാവിലെ സകല പ്രതീക്ഷയുമറ്റു. കഴിഞ്ഞ കുറച്ചുനാളുകളായി അവന്റെ ആരോഗ്യവിവരങ്ങൾ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ തിരക്കുക എന്നതൊരു പതിവായിരുന്നു.

ഇനി...? ഇത്രയൊക്കെ സംഭവിക്കുമ്പോഴും സധൈര്യം അവന്റെ കൂടെ നിന്ന അമ്മയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കനാകുന്നില്ല. ഈ വിവരമറിഞ്ഞശേഷം അവരെ വിളിക്കാനുള്ള മനക്കരുത്തുമില്ല...

മലയാളത്തിൽ ബ്ലോഗെഴുത്ത് സജീവമായിരുന്ന കാലം മുതൽക്കുള്ള സൗഹൃദമായിരുന്നു ജയേഷുമായുള്ളത്. എതാണ്ട് ഒരേക്കാലത്താണ് ഇരുവരും മുഖ്യധാരയിൽ എഴുതിത്തുടങ്ങുന്നതെന്നും ഓർമ. ഇടക്കാലത്ത് കുറച്ചുനാൾ ചെന്നൈയിലും ഒരുമിച്ചുണ്ടായിരുന്നു. എഴുതിയ ഡ്രാഫ്റ്റുകളൊക്കെ ‘സൗകര്യം പോലെ ഒന്നു നോക്കുമോ' എന്നൊരു വരിയാലേ പരസ്പരം പങ്കിടുകയും, അത് ആസ്വദിക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഇരുവരും അവിവാഹിതരായിരുന്ന കാലത്ത് ഞങ്ങൾ ഏറെ നേരം സംസാരിക്കാറുണ്ടായിരുന്നത് താന്താങ്ങളുടെ മുത്തച്ഛന്മാരെപ്പറ്റിയായിരുന്നു. വിവാഹശേഷം അവരവരുടെ കുഞ്ഞുങ്ങളെക്കുറിച്ചും. അതുകൊണ്ടുതന്നെ ഊർസുവിന്റെ മുഖമിപ്പോൾ എങ്ങനെയായിരിക്കുമെന്നൊരു സങ്കടം വന്നു പൊതിയുന്നു. വിഷമനേരങ്ങളിൽ പരസ്പരം ഉരലും മദ്ദളവും കളിച്ചുകൊണ്ട് കുറച്ചുനേരമെങ്കിലും കേൾവിക്കാരായിരുന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ "കിടന്ന് അധികം നരകിക്കേണ്ടി വന്നില്ലല്ലോ...' എന്നൊരു പതിവുസമാധാനത്തിലേക്ക് പതിയെ ചെന്നു ചേരാൻ ശ്രമിക്കുന്നു. ജയേഷ് പോയാലും അവന്റെ എഴുത്തുകളും പരിഭാഷകളുമൊക്കെ ഇവിടെത്തന്നെയുണ്ടാകും എന്ന് സ്വയം ആശ്വസിക്കുന്നു. അവന്റെ ഒരു പുസ്തകത്തിനായി എഴുതിയ കുറിപ്പിൽ നിന്നൊരു വരി താഴെ കൊടുക്കുന്നു.

"ഗൂഢാർത്ഥങ്ങളും ആകുലതകളും കുസൃതികളും കളിമട്ടുകളുമൊക്കെ സ്വയംചുമക്കുന്ന രൂപത്തിലാണ് ‌ജയേഷിന്റെ കഥകൾ ഒരുക്കപ്പെട്ടിരിക്കുന്നത്. നാട്ടുമിത്തുകളും ചരിത്രവും ഭ്രമാത്മകതയും അറംപറ്റലുകളും ഘടനാപരീക്ഷണങ്ങളുമെല്ലാം അതിന്റെ ഭാഗമാകുന്നു.’


Summary: ‘മലയാളത്തിൽ ബ്ലോഗെഴുത്ത് സജീവമായിരുന്ന കാലം മുതൽക്കുള്ള സൗഹൃദമായിരുന്നു ജയേഷുമായുള്ളത്. എതാണ്ട് ഒരേക്കാലത്താണ് ഇരുവരും മുഖ്യധാരയിൽ എഴുതിത്തുടങ്ങുന്നതെന്നും ഓർമ’- കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കഥാകൃത്ത്​ എസ്​. ജയേഷ് അന്തരിച്ചു. അദ്ദേഹത്തെക്കുറിച്ച്​ കഥാകൃത്ത്​ ദേവദാസ്​ വി.എം എഴുതുന്നു.


ദേവദാസ്​ വി.എം.

കഥാകൃത്ത്​, നോവലിസ്​റ്റ്​, തിരക്കഥാകൃത്ത്​. ഡിൽഡോ: ആറ്​ മരണങ്ങളുടെ പൾപ്പ്​ ഫിക്ഷൻ പാഠപുസ്​തകം, പന്നിവേട്ട, ചെപ്പും പന്തും, ശലഭജീവിതം, അവനവൻതുരുത്ത്​ തുടങ്ങിയ പ്രധാന കൃതികൾ.

Comments