ടി.ജി. ജേക്കബ്​: ഒരു നഗ്​നപാദ മാർക്​സിസ്​റ്റ്​ ബുദ്ധിജീവി

ഇന്ന്​ അന്തരിച്ച ടി.ജി. ജേക്കബിനെ ഒരു ‘പ്രൈവറ്റ് മാർക്സിസ്റ്റ്’ എന്ന് വേണമെങ്കിൽ പറയാം. കാരണം, ഇന്ത്യയിലെ ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടികളുമായും അതിന് സമാന്തരമായി വളർന്നുവന്ന മാവോയിസ്റ്റ് അല്ലെങ്കിൽ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ഗ്രൂപ്പുകളുമായും ഒരു തരം ‘ലവ്​ ഹെയ്​റ്റ്​ റിലേഷൻഷിപ്പ്​’ സൂക്ഷിച്ചിരുന്ന ഒരാളാണ്. കടുത്ത വിയോജിപ്പുകളുണ്ടങ്കിലും ഒരു മാർക്സിസ്റ്റാവുക എന്നതിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിരുന്ന ആളാണ്. എന്നാൽ അദ്ദേഹത്തെ മുഖ്യധാരാ ബുദ്ധിജീവി സർക്കിളുകൾ കാര്യമായി ഗൗനിച്ചിരുന്നില്ല. ടി.കെ. രാമചന്ദ്രനെപ്പോലെയുള്ളവരെ ചർച്ച ചെയ്യുന്ന അത്ര പോലും ​ജേക്കബിനെ ചർച്ച ചെയ്​തിരുന്നില്ല.

ടി.ജി ജേക്കബ് വ്യവസ്ഥാപിത കമ്യൂണിസ്​റ്റ്​ പാർട്ടികളുടെ പിടിയിലൊതുങ്ങാത്ത ഒരു സ്വതന്ത്ര ചിന്തകനായിരുന്നു. ‘പ്രൈവറ്റ് മാർക്സിസ്റ്റ്’ എന്ന് വി​ശേഷിപ്പിക്കാം. കാരണം, ഇന്ത്യയിലെ ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടികളുമായും അതിന് സമാന്തരമായി വളർന്നുവന്ന മാവോയിസ്റ്റ് അല്ലെങ്കിൽ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ഗ്രൂപ്പുകളുമായും ഒരു തരം ‘ലവ്​ ഹെയ്​റ്റ്​ റിലേഷൻഷിപ്പ്’ സൂക്ഷിച്ചിരുന്ന ആളാണ്. കടുത്ത വിയോജിപ്പുകളുണ്ടങ്കിലും ഒരു മാർക്സിസ്റ്റാവുക എന്നതിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിരുന്നു അദ്ദേഹം.

മറ്റൊരു പ്രധാന സംഗതി, നമ്മുടെ മാർക്സിസ്റ്റ് ചിന്തകരിൽനിന്ന് വ്യത്യസ്തമായി അദ്ദേഹം ഗ്രാസ് റൂട്ടിലാണ് എപ്പോഴും പ്രവർത്തിച്ചിരുന്നത്. നമ്മുടെ ബുദ്ധി ജീവികളുടെ ഒരുതരം ദന്തഗോപുര സ്വഭാവമായിരുന്നില്ല ജേക്കബിനുണ്ടായിരുന്നത്. അടിസ്ഥാനപരമായ കാര്യങ്ങൾക്ക്​ മാർക്സിസത്തിന്റെ അപഗ്രഥന പദ്ധതികൾ ഉപയോഗപ്പെടുത്തിയാണ്​ അദ്ദേഹം പരിഹാരം കാണാൻ ശ്രമിച്ചിരുന്നത്. ഒരു നഗ്‌നപാദ മാർക്സിസ്റ്റ് ബുദ്ധിജീവി എന്നു വേണമെങ്കിൽ ജേക്കബിനെ വിളിക്കാം. അത്തരമാളുകൾ വളരെ കുറവാണ് ഈ മേഖലയിൽ. കേരളത്തിന്റെ ഗ്രാമീണ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ, അതിന്റെ സാമൂഹികശാസ്ത്രപരമായ കാര്യങ്ങൾ, സാമ്പത്തിക ഘടന തുടങ്ങിയവ അപഗ്രഥിക്കുന്ന​ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഈയൊരു കാഴ്​ചപ്പാടിലാണ്​ രൂപപ്പെടുന്നത്​. കേരളത്തിലെ മദ്യാസക്തിയും സാമ്പത്തിക വ്യവസായമെന്ന നിലയിലുള്ള അതിന്റെ പ്രശ്​നങ്ങളും അദ്ദേഹം ഈയൊരാംഗിളിൽ അപഗ്രഥിച്ചിട്ടുണ്ട്​.

സാധാരണ മനുഷ്യരെ ബാധിക്കുന്ന പ്രശ്​നങ്ങളെക്കുറിച്ച്​ ചിന്തിക്കാനും അതിന്റെ സങ്കീർണതകൾ വെളിപ്പെടുത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. അത് എഴുത്തുമുറിയിൽ ഇരുന്നുകൊണ്ടുള്ള പ്രവർത്തനമായിരുന്നില്ല. യുവ ഗവേഷകർ തുടക്കത്തിൽ മാത്രം ചെയ്യുന്ന ഫീൽഡ്​ സ്​റ്റഡി അവസാനകാലം വരെയും ​അദ്ദേഹം പിന്തുടർന്നു. താൻ പഠിക്കാനും എഴുതാനും ഉ​ദ്ദേശിക്കുന്ന കാര്യങ്ങളുമായി ബന്ധ​പ്പെട്ട വിവരങ്ങൾ അതുമായി ബന്ധമുള്ളവരിൽനിന്ന്​ നേരിട്ട്​ ശേഖരിക്കുകയാണ്​ ​ജേക്കബ്​ ചെയ്​തിരുന്നത്​. ഇങ്ങനെ വിപുലമായ വിവരശേഖരണം നടത്തി അത്​ ​ക്രോസ്​ ചെക്ക്​ ചെയ്താണ്​തന്റെ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചിരുന്നത്​. വളരെ വർഷങ്ങൾ അദ്ദേഹം ഗ്രാമങ്ങളിലായിരുന്നു. ഇപ്പോൾ താമസിച്ചിരുന്നതും മരണസമയത്തുണ്ടായിരുന്നതും നീലഗിരിയിലെ വിദൂരമായ ഒരു കർഷകഗ്രാമത്തിലായിരുന്നു.

ജേക്കബിനെക്കുറിച്ചുപറയുമ്പോൾ അദ്ദേഹത്തിന്റെ ജീവിതപങ്കാളി പ്രാഞ്ജലി ബന്ധുവിനെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. അവർ ബംഗാളിയാണ്, അവിടുത്തെ എണ്ണപ്പെട്ട അക്കാദമിക്കാണ്. അക്കാദമിക് പഠനങ്ങൾക്ക് രാഷ്ട്രീയദിശ നൽകുന്നതിൽ വലിയ പങ്കുവഹിച്ച സ്ത്രീയാണ്. ബൗദ്ധികമായ പാരസ്പര്യമാണ് ഒരുമിച്ചുജീവിക്കാൻ ഇരുവരെയും പ്രേരിപ്പിച്ചത്. പ്രാഞ്ജലി ബന്ധുവിന്റെ BLACK AND WHITE OF CINEMA IN INDIA എന്ന പുസ്തകം, സിനിമയുമായി ബന്ധപ്പെട്ട പ്രധാന രചനയാണ്. ലോകമെമ്പാടും സിനിമ എന്ന മാധ്യമത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യവൽക്കരണം, രാഷ്ട്രീയവൽക്കരണം, പ്രധാന പൊളിറ്റിക്കൽ ഫിലിം മേക്കേഴ്‌സിന്റെയും പൊളിറ്റിക്കൽ തിയററ്റീഷ്യൻസിന്റെയും എഴുത്തുകൾ എന്നിവയുടെ പാശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമയിലെ റാഡിക്കലിസത്തെക്കുറിച്ച് വിലയിരുത്തുന്ന പുസ്തകമാണിത്. തപൻ സിംഹ, ബിമൽ റോയ്, ഋത്വിക് ഘട്ടക്, മൃണാൾ സെൻ തുടങ്ങിയവരിലൂടെ ആരംഭിക്കുകയും വികസിക്കുകയും ചെയ്ത, ജനകീയമായ റിയലിസത്തോട് താൽപര്യം പുലർത്തുന്നതും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതുമായ സിനിമകളെക്കുറിച്ചും അവ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതുമായ പുസ്തകമാണിത്. രണ്ടുപേരുടെയും പാരസ്പര്യം നമ്മുടെ ബൗദ്ധികലോകത്തിന് നൽകിയ സംഭാവന വേണ്ട മട്ടിൽ തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.

സി.പി.ഐ- എം.എൽ സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന ടി.ജി. ജേക്കബ്​ ‘മാസ് ലൈൻ’ എഡിറ്ററുമായിരുന്നു. പഞ്ചാബിലെ കർഷക സമരം ശക്തമാകുന്നതിനുമുമ്പുതന്നെ, അ​തിനെക്കുറിച്ച്​ ഗവേഷണവും പഠനവും അദ്ദേഹം നടത്തി. നവ കൊളോണിയലസിത്തെക്കുറിച്ചുള്ള പഠനകൃതിയായ ‘ഇന്ത്യ: വികാസവും മുരടിപ്പും’ സി.പി.ഐ- എം.എല്ലിന്റെ ഔദ്യോഗിക നയത്തിൽനിന്നുള്ള വ്യത്യസ്ത കാഴ്ചപ്പാടാണ്​ അവതരിപ്പിക്കുന്നത്​. കൊച്ചിയിൽ നിന്ന്​ പ്രസിദ്ധീകരിച്ചിരുന്ന ‘ഇന്ത്യൻ കമ്യൂണിക്കേറ്റർ’ പത്രത്തിൽ ലീഡർ റൈറ്ററായിരുന്നു. ലെഫ്റ്റ് ടു റൈറ്റ്, ടെയിൽസ് ഓഫ് ടൂറിസം ഫ്രം കോവളം, National Question in India Communist Party of India Documents 1942-47, Encountering The Adivasi Question: South Indian Narratives, Reflections on the Caste Question (പ്രാഞ്ജലി ബന്ധുവിനൊപ്പം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങൾ.

എല്ലാം ​കൊണ്ടും വളരെ വ്യത്യസ്​തനായ ഒരു മാർക്സിസ്റ്റ് ബുദ്ധിജീവിയായിരുന്നു ജേക്കബെന്ന് നിസംശയം പറയാം. ഒരുപക്ഷേ, നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾക്ക്​ മാതൃകയാക്കാവുന്ന രീതിയായിരുന്നു അദ്ദേഹം പിന്തുടർന്നത്. എന്നാൽ അദ്ദേഹത്തെ അവരാരും കാര്യമായി ഗൗനിച്ചിരുന്നില്ലത് മറ്റൊരു കാര്യം. ടി.കെ. രാമചന്ദ്രനെപ്പോലെയുള്ള പ്രമുഖ മാർക്​സിസ്​റ്റ്​ ചിന്തകരെ ചർച്ച ചെയ്യുന്ന അത്ര പോലും ബുദ്ധിജീവി സർക്കിളുകൾ ​ജേക്കബിനെ ചർച്ച ചെയ്​തിരുന്നില്ല.

ഈ അപ്രതീക്ഷിത മരണം അദ്ദേഹത്തിന്റെ കൃതികൾ വീണ്ടെടുത്ത് വായിക്കാനും അതിൽ പരാമർശിക്കുന്ന കാര്യങ്ങൾ വീണ്ടും പഠനവിധേയമാക്കാനും ചിലർക്കെങ്കിലും പ്രേരണയാകുമെന്ന്​ പ്രത്യാശിക്കാം.


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments