ഡോ. വി.സി. ഹാരിസ്

ഭാവിയുടെ ഭൂതങ്ങൾ

എന്റെ മാർക്സിസ്റ്റ് ശാഠ്യങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹാരിസ് തകർത്തുകളഞ്ഞത്, അപനിർമ്മിച്ചുകളഞ്ഞത് എന്നുവേണമെങ്കിൽ പറയാം. ഞാൻ ഹാരിസിൽ എപ്പോഴും കണ്ടിരുന്നത്, തന്നെത്തന്നെ പലതായി ചിതറിച്ച ഒരു അദ്ധ്യാപകനെയായിരുന്നു.

നിക്ക് നല്ല അങ്കലാപ്പുണ്ട്, അത് രണ്ടുമൂന്നു കാര്യങ്ങൾ കൊണ്ടാണ്.
ഈ തലക്കെട്ട് എനിക്ക് ബാധ്യതയാകുന്ന എല്ലാ ലക്ഷണങ്ങളും ആദ്യമേ തോന്നിയിരുന്നു. ആ തലക്കെട്ടിലേക്ക് ഞാൻ വരാം.
രണ്ട്, വിശിഷ്ടാതിഥിയായാണ് ഡോ. ഉമ്മർ തറമ്മേൽ എന്നെ വിശേഷിപ്പിച്ചത്. അതിഥി / ആതിഥേയൻ എന്നത് ഹാരിസിന് പ്രിയപ്പെട്ട, ദെറീദയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരു ദ്വന്ദ്വമാണ്. ദെറീദ പറയുന്നത്, ഭാവിയുടെ രാഷ്ട്രീയം ഹോസ്പിറ്റാലിറ്റിയിൽ അധിഷ്ഠിതമാണെന്നുള്ളതാണ്. അതിഥിയോട്​ നമ്മൾ കാണിക്കുന്ന തുറന്ന ജനാധിപത്യ മര്യാദകളിൽ അധിഷ്ഠിതമാണ് ഭാവിയുടെ രാഷ്ട്രീയമെന്ന് അദ്ദേഹം പറയുന്നു. ‘പൊളിറ്റിക്സ് ഓഫ് ഫ്രണ്ട്ഷിപ്പ്' എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. നിങ്ങളെപ്പോഴും ആകസ്മികമായി പ്രത്യക്ഷപ്പെടുന്ന അതിഥികൾക്കുവേണ്ടി തയ്യാറെടുത്തു നിൽക്കുക എന്നാണദ്ദേഹം പറയുന്നത്.

കാലേക്കൂട്ടി കമ്പിയടിച്ച് വരുന്നവരല്ല ആ അതിഥികൾ. പെട്ടെന്ന് നിങ്ങളുടെ വാതിൽപ്പടിയിൽ ഒരു അപരൻ പ്രത്യക്ഷപ്പെടുന്നു, ഒരു അന്യം പ്രത്യക്ഷപ്പെടുന്നു. ആ അന്യത്തെ ഉപാധികളില്ലാത്ത സൗഹാർദ്ദത്തോടുകൂടി നിങ്ങൾ നിങ്ങളുടെ വീടിനകത്തേക്ക് ക്ഷണിച്ചുകയറ്റുകയാണ്. അവിടെയാണ് ഭാവിയുടെ രാഷ്ട്രീയം തുടങ്ങുന്നത് എന്നാണ് ദെറീദ പറയുന്നത്. പക്ഷേ, അവിടെ ഒന്നുകൂടി ദെറീദ പറയുന്നുണ്ട്; നിങ്ങൾ ഒരു ചെറിയ വാതിൽ പണിതുവെച്ചിട്ട്, അതാണ് തുറന്നിടുന്നതെങ്കിൽ, അതൊഴിച്ച് മറ്റുള്ളതെല്ലാം കൊട്ടിയടച്ചിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആതിഥ്യം വളരെ പരമിതമാണ്. അപരിമേയമായ ഹോസ്പിറ്റാലിറ്റിയിൽ സംഭവിക്കുന്നത്, അതിഥിയും ആതിഥേയനും തമ്മിലുള്ള വിപരീതത അപനിർമ്മിക്കപ്പെടുന്നു എന്നതാണ്. നമുക്ക് അറിയാൻ പറ്റില്ല, ആരാണ് അതിഥി, ആരാണ് ആതിഥേയൻ. കാരണം അതിനപ്പുറം പോകുന്ന ഒരു കടന്നുവരവും, സ്വാഗതം ചെയ്യപ്പെടലുമാണ് അവിടെ സംഭവിക്കുന്നത്.

ഹാരിസ് ഏറ്റവും കൂടുതൽ സംശയിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന ഒരു വാക്ക് ഫിലോസഫി ആയിരുന്നു. കാരണം, അധികാരത്തിന്റെ സ്ഥാപനവത്കരിക്കപ്പെട്ട രൂപങ്ങളിൽ ഒന്നായി എന്നും ഫിലോസഫിയെ കണ്ടവരാണ് ഹാരിസിനെപ്പോലുള്ളവർ.

നമ്മൾ അന്യരുടെ വാക്കുകൾ സംഗീതം പോലെ ശ്രവിക്കണമെന്നാണ് പറയുന്നത്. എത്ര ശ്രമിച്ചാലും മോഹൻ ഭാഗവതിനെ അങ്ങനെ കേൾക്കാൻ പറ്റില്ല എന്നുള്ളത് മാറ്റിവെച്ചുകൊണ്ട്, നമ്മളതിനെ വളരെ മെറ്റഫോറിക്കലായിട്ട് കാണുകയാണെങ്കിൽ, അത്തരം ഒരു സംഗീതത്തെക്കുറിച്ചാണ് ഭാവിയുടെ രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദെറീദ ചിന്തിച്ചത്, ഹാരിസ് ചിന്തിച്ചത്.
എന്നെ അതിഥിയായി മാറ്റുക വഴി ഒരു അന്യവത്കരണം സംഭവിച്ചിട്ടുണ്ടെങ്കിൽപ്പോലും, ഉപാധികളില്ലാത്ത ആതിഥ്യസ്നേഹത്തിൽ ഞാൻ നിങ്ങളിൽ ഒരാളായി മാറിയിരിക്കുന്നു. അപരിമേയമായ സൗഹൃദത്തിന്റെ അത്തരമൊരു മാന്ത്രികത, എന്റെ ജീവിതത്തിൽ, പലപ്പോഴും സാധ്യമാക്കിയത് ഹാരിസ് എന്ന പേരാണ്.

ഴാക്ക് ദെറിദ
ഴാക്ക് ദെറിദ

എന്റെ അടുത്ത ബാധ്യത, മുനീർ സാഹിബ് പറഞ്ഞ ഫിലോസഫിയാണ്. ഹാരിസ് ഏറ്റവും കൂടുതൽ സംശയിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന ഒരു വാക്ക് ഫിലോസഫി ആയിരുന്നു. കാരണം, അധികാരത്തിന്റെ സ്ഥാപനവത്കരിക്കപ്പെട്ട രൂപങ്ങളിൽ ഒന്നായി എന്നും ഫിലോസഫിയെ കണ്ടവരാണ് ഹാരിസിനെപ്പോലുള്ളവർ. തത്വദർശനം നിങ്ങളെ എന്താണ് സത്യമെന്ന് പഠിപ്പിക്കുകയാണ്. എന്താണ് സത്യമെന്ന് പഠിപ്പിക്കുന്നതിനെയെല്ലാം സംശയത്തോടെ കാണണമെന്നാണ് ഞങ്ങൾ പഠിച്ചിരിക്കുന്നത്. അപ്പോൾ അതിൽ നിന്ന്​ മാറി നിൽക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഹാരിസിനെ അനുസ്മരിച്ചുകൊണ്ടൊരു പ്രഭാഷണം നടത്തുമ്പോൾ തീർച്ചയായും ഓർമകൾ വളരെ പ്രധാനമാണ്. ഡോ. ഉമ്മർ പറഞ്ഞത്, 2000ത്തിൽ അദ്ദേഹം സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തിയെന്നാണ്. ഞാൻ 89- 90 കാലയളവിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ എംഫിൽ ആദ്യ ബാച്ചിൽ പെടുന്നയാളാണ്. 89നുമുമ്പ് ചില സന്ദർഭങ്ങളിൽ ഞാൻ ഹാരിസിനെ കണ്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയിലും, ബ്രിട്ടിഷ് കൗൺസിൽ ലൈബ്രറിയിലുമൊക്കെ. അവിടെ ഞാനൊരു വിദ്യാർത്ഥിയായിരിക്കുമ്പോൾ, പുസ്തകം വായിക്കാൻ പോകുമ്പോൾ, അന്ന്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഗവേഷക വിദ്യാർത്ഥിയായ ഹാരിസിനെ ആകസ്മികമായി അവിടങ്ങളിൽ കാണുകയും, ഏതാനും വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പിന്നീട് ഞാൻ സ്‌കൂൾ ഓഫ് ലെറ്റേഴ്സിന്റെ ആദ്യ ബാച്ചിലെ എംഫിൽ വിദ്യാർത്ഥിയായി വരുമ്പോൾ, അന്നവിടെ നിയമനങ്ങളെല്ലാം മരവിക്കപ്പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു. ബാലേട്ടനും (പി. ബാലചന്ദ്രൻ), ഡോ. കുര്യാസ് കുമ്പളക്കുഴിയും മാത്രമാണ് അവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നത്. ഡോ. നരേന്ദ്രപ്രസാദ് ആയിരുന്നു ഡയറക്ടർ. ഡോ. അനന്തമൂർത്തിയുടെ ഒരു വിഷൻ ആയിരുന്നു സ്‌കൂൾ ഓഫ് ലെറ്റേഴ്സ്. അവിടുത്തെ അന്നത്തെ പാഠ്യപദ്ധതി വിപ്ലവകരമായ സംഗതിയായിരുന്നു. പുതിയ ചിന്തകളെ ആഴത്തിൽ പരിചയപ്പെടുത്തുന്ന ഒന്ന്- ദെറീദ, ലകാൻ, ഫൂക്കോ, ലെവിസ്ട്രോസ്... ഇങ്ങനെയുള്ള പേരുകളെല്ലാം.
ഇവരെയാരെയും നിസ്സാരമായി ആർക്കും വായിക്കാൻ പറ്റുന്നതല്ല, വലിയ ബുദ്ധിമുട്ടുള്ള പരിപാടിയാണിത്.

കൃത്യമായ ഒരു മാർക്സിസ്റ്റ് ക്രിട്ടിക്കൽ ട്രഡീഷനിലാണ് ഞാൻ വർക്ക് ചെയ്തുകൊണ്ടിരുന്നത്. അതിന് നേരെ വിപരീതമായി, അത്തരം ഡയലക്ടിക്കൽ സിന്തസിസുകളെ ആഴത്തിൽ ചോദ്യം ചെയ്യുന്ന ചോദ്യങ്ങളാണ് ഹാരിസ് ചോദിച്ചത്

അന്ന് ഹാരിസ്​ അവിടെ നിയമിതനാണ്, പക്ഷേ അദ്ദേഹത്തിന് കോടതിയുടെ സ്റ്റേ ഉള്ളതുകൊണ്ട് ചാർജെടുക്കാനാകുന്നില്ല. ആ ഒരു അവസ്ഥയിൽ അനന്തമൂർത്തി സാറും, പ്രൊഫസർ നരേന്ദ്രപ്രസാദും ചേർന്ന് ഹാരിസിനോട് പറഞ്ഞു, ഒരൽപം നിയമലംഘനം നടത്തി, ഗസ്റ്റ് ലക്ചററായി, അതിഥിയായി, വരാൻ. അങ്ങനെ ഗസ്റ്റ് ആയിട്ടാണ് ഹാരിസ് വരുന്നത്. നോക്കൂ, എത്ര വിചിത്രവും നിഗൂഢവുമായാണ് അതിഥി എന്ന പ്രരൂപം ആവർത്തിക്കപ്പെടുന്നതെന്ന്!

എനിക്കിപ്പോഴും ഓർമയുണ്ട്, പന്ത്രണ്ട് ദിവസം, പന്ത്രണ്ട് സെഷനുകളാണ് ഹാരിസിന്റേതായി ഉണ്ടായിരുന്നത്. ഞങ്ങൾ ആറ് വിദ്യാർത്ഥികളും, ആറ് അദ്ധ്യാപകരും അടങ്ങുന്ന പന്ത്രണ്ട് പേരാണ് ആ ബാച്ചിലുണ്ടായിരുന്നത്. ആറ് ഇംഗ്ലീഷ്, ആറ് മലയാളം. ഇംഗ്ലീഷിൽ മൂന്ന് വിദ്യാർത്ഥികൾ, മൂന്ന് അദ്ധ്യാപകർ. മലയാളത്തിലും അതുപോലെ. വിദ്യാർത്ഥികളിൽ അൻവർ അലിയുണ്ട്, മ്യൂസ് മേരി ജോർജുണ്ട്, പ്രസിദ്ധ പരിഭാഷകനായ എ. ജെ. തോമസുണ്ട്, ഞാനുണ്ട്, ഇപ്പോൾ അദ്ധ്യാപികയായ റീനയുണ്ട്, പിന്നീട് അദ്ധ്യാപികയും, എന്റെ ഭാര്യയുമായിത്തീർന്ന രാജേശ്വരിയുണ്ട്. ഞങ്ങൾ ഒരു ചെറിയ കമ്യൂണിറ്റിയാണ്. അവിടേക്കാണ് ഹാരിസ് വരുന്നത്. അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഭാവുകത്വത്തെ രൂപപ്പെടുത്തിയ പൊതുധാരണകളെ തകിടം മറിക്കുകയാണ് ഹാരിസ് ചെയ്തത്. എന്നെ അത് വ്യക്തിപരമായി, ഭയങ്കരമായി ഡിസ്റ്റർബ് ചെയ്തിട്ടുണ്ട്.

എന്നെ ആകെ ഉലച്ചുകളഞ്ഞ പന്ത്രണ്ട് ദിവസങ്ങളായിരുന്നു അത്. കാരണം, എന്റെ അന്നുവരെയുള്ള ഇന്റലക്ച്വൽ ട്രെയ്നിങ്ങ് എന്നുപറയുന്നത്, കൃത്യമായ ഒരു മാർക്സിസ്റ്റ് ക്രിട്ടിക്കൽ ട്രഡീഷനിലാണ് ഞാൻ വർക്ക് ചെയ്തുകൊണ്ടിരുന്നത്. അതിന് നേരെ വിപരീതമായി, അത്തരം ഡയലക്ടിക്കൽ സിന്തസിസുകളെ ആഴത്തിൽ ചോദ്യം ചെയ്യുന്ന ചോദ്യങ്ങളാണ് ഹാരിസ് ചോദിച്ചത്. ഹാരിസ് വരുന്നതിന് മുമ്പൊക്കെ പോസ്റ്റ് മോഡേണിസം, പോസ്റ്റ് സ്ട്രക്ചറലിസം എന്നിവയെക്കുറിച്ചൊക്കെ ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആഴത്തിൽ മനസ്സിലാക്കുന്നതിനു മുമ്പ് ശത്രുതാ സ്ഥാനത്തേക്ക് ചിലരെ പ്രതിഷ്ഠിക്കുക എന്ന യാഥാസ്​ഥിതിക ഇടതുപക്ഷ ശീലം അന്നെനിക്കുണ്ടായിരുന്നു. ഒരു ഫ്രോയ്ഡിയൻ സിറ്റുവേഷനാണത്. കാരണമറിയാതെ, ശത്രുതാ സ്ഥാനത്ത് നിർത്തുക. കാരണമറിയുമ്പോൾ ആ ശത്രുത പോകും. അതിനെയാണല്ലൊ ഫ്രോയ്ഡിയൻ ക്യൂർ എന്നുപറയുന്നത്. കാരണമറിയുന്നതോടുകൂടി നിങ്ങളുടെ രോഗം നിങ്ങളെ വിട്ടുപോകുമെന്നാണ് പറയുന്നത്.

കോഴിക്കോട്​ നടന്ന ഡോ. വി. സി ഹാരിസ് അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുന്ന ബി. ഉണ്ണികൃഷ്ണൻ. ഡോ.എം.കെ. മുനീർ, ഒ.പി. സുരേഷ്​ എന്നിവർ സമീപം
കോഴിക്കോട്​ നടന്ന ഡോ. വി. സി ഹാരിസ് അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുന്ന ബി. ഉണ്ണികൃഷ്ണൻ. ഡോ.എം.കെ. മുനീർ, ഒ.പി. സുരേഷ്​ എന്നിവർ സമീപം

എന്റെ മാർക്സിസ്റ്റ് ശാഠ്യങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹാരിസ് തകർത്തുകളഞ്ഞത്, അപനിർമ്മിച്ചുകളഞ്ഞത് എന്നുവേണമെങ്കിൽ പറയാം. ഹാരിസ് സുഹൃത്തായിരുന്നു, ഫിലോസഫിയെ സംശയിക്കാൻ എന്നെ പ്രാപ്തനാക്കിയ ഫിലോസഫറായിരുന്നു, സംവാദകനായിരുന്നു. അയാൾ തിയേറ്റർ ആക്ടിവിസ്റ്റായിരുന്നു, പരിഭാഷകനായിരുന്നു. പക്ഷേ ഹാരിസ് എന്തായിരുന്നാലും, ഞാൻ ഹാരിസിൽ എപ്പോഴും കണ്ടിരുന്നത്, തന്നെത്തന്നെ പലതായി ചിതറിച്ച ഒരു അദ്ധ്യാപകനെയായിരുന്നു. അദ്ധ്യാപകനെന്ന ഭാരിച്ച കർതൃത്വത്തെ, അധികാര സ്വരൂപത്തെ, അപനിർമിച്ച്​, പല കഷ്ണങ്ങളായി ചിന്നിച്ചിതറിച്ച്​, വ്യത്യസ്ത വ്യവഹാരങ്ങളിലേക്ക് വിതരണം ചെയ്ത്, പലയിടങ്ങളിൽ പലരായി ജീവിച്ച ഒരു ബഹുസ്വരതയുടെ പേരാണ് വി. സി. ഹാരിസ്. അദ്ധ്യാപകന്റെ അപനിർമാണമായിരുന്നു ഹാരിസ്.

ഇപ്പോഴും, ഹാരിസ് എന്ന ഭൂതാത്മകതയിൽ നിന്ന് വേറിട്ട ഒരു ശബ്ദമായി എന്നെപ്പോലൊരാൾക്ക് നിൽക്കാൻ കഴിയും എന്ന മിഥ്യാധാരണ എനിക്കില്ല. അതാണ് ഹാരിസ് എന്ന അദ്ധ്യാപകൻ എന്നോടുമാത്രമല്ല, അയാളുടെ മുന്നിൽ വന്ന മുഴുവൻ വിദ്യാർത്ഥികളോടും ചെയ്തത് എന്നുഞാൻ വിശ്വസിക്കുന്നു.

ഹാരിസ് ഞങ്ങളോട് പറഞ്ഞ ആദ്യത്തെ കാര്യം, ഒരു കൃതി വായിച്ചുകൊണ്ട്, നിയതമായ ഒരു അർത്ഥത്തിലേക്ക് എത്തിച്ചേർന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ വായന ഒരു അന്ധവായനയാണ് എന്നാണ്. ഒരു പാഠത്തിലൂടെ നിങ്ങൾ നിയതമായ അർത്ഥം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ, ആ അർത്ഥത്തെ നിങ്ങൾ ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ, ആ അർത്ഥത്തിന്റെ അധികാരത്തിൽ നിങ്ങൾ അഭിരമിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു, നിങ്ങൾ ഒരു അന്ധവായന നടത്തിയിരിക്കുന്നു. ഇത് വിദ്യാർത്ഥികളോട് മാത്രമല്ല, വർഷങ്ങളായി വിദ്യാർത്ഥികളെ പഠിപ്പിച്ച അദ്ധ്യാപകരോടുകൂടിയാണ് പറയുന്നതെന്ന് ആലോചിക്കണം. നിയതാർത്ഥം എഴുതിയില്ലെങ്കിൽ അപ്പോൾ വെട്ടിക്കളയും, ഉത്തരക്കടലാസിൽ. അങ്ങനെയുള്ള ആളുകളാണ് അവിടെ ഇരിക്കുന്നത്. അപ്പോൾ അതിൽ ഒരു അദ്ധ്യാപകൻ ചോദിച്ചു: ‘സാർ ഈ പറയുന്നത് ശരിയല്ല, ഞാൻ രാവിലെ ഇങ്ങോട്ടുവന്നത് ഏറ്റുമാനൂരിൽ നിന്നാണ്. ഒരു ബസ് അതിരമ്പുഴയിലേക്ക് പോകുന്നു, ഞാൻ ബോർഡ് വായിച്ചു, അതിൽ കയറി, കൃത്യമായിട്ട് ഇവിടെ ഇറങ്ങി. നിയതാർത്ഥമുണ്ടോ ഇല്ലയോ?'
ഇതിനെ എങ്ങനെയാണ് ഹാരിസ് എന്ന അദ്ധ്യാപകൻ നേരിടുന്നത് എന്ന ആകാംഷയോടെ ഞാൻ നിന്നപ്പോൾ, വളരെ നിസ്സാരമായി ഹാരിസ് അദ്ദേഹത്തോട് ചോദിച്ചത്, ‘അതിനിപ്പോ എന്താ' എന്നാണ്.
ഇത് ഹാരിസിന്റെ ഒരു അടിസ്ഥാന ടൂളാണെന്ന് ഞാൻ പറയും. ഏത് സംവാദത്തിലും ഹാരിസ് ഉപയോഗിക്കുന്ന ടൂളാണ് ‘അതിനിപ്പോ എന്താ'. നമ്മളൊരു വലിയ കാര്യം അവതരിപ്പിച്ച്​ നിക്കുമ്പോൾ, നമ്മളോട് ഒരാൾ ‘അതിനിപ്പോ എന്താ’ന്ന് ചോദിച്ചാൽ, അതിന് ഉത്തരം പറയാനുള്ള ബാധ്യത നമുക്കുണ്ട്. നമ്മൾ അവതരിപ്പിച്ചതിനെ കുറച്ചുകൂടി വിശദമാക്കേണ്ടതുണ്ട്. വിമർശനാത്മകമായി ചിന്തിക്കേണ്ടതുണ്ട്. ‘അതിനിപ്പോ എന്താ’ന്ന് ഈ അദ്ധ്യാപകനോട് ചോദിച്ചപ്പോൾ അദ്ദേഹം കൂടുതൽ വിശദീകരണങ്ങളിലേക്ക് പോയപ്പോൾ, ഹാരിസ് അദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങൾ ഒരു ബസ് പിടിക്കുന്നു, ഇവിടെ വരുന്നു, ഈ ബസ് ഇവിടെ എത്താതിരിക്കാനുള്ള എന്തെങ്കിലും സാധ്യതകളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?'
അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഒരു ബ്രേക്ക്​ ഡൗൺ വന്നാൽ ആ ബസ് എത്തില്ല.'

അർത്ഥത്തിലേക്കുള്ള സഞ്ചാരമധ്യേ ഒരു ബ്രേക്ക്​ ഡൗൺ നമുക്ക് സംഭവിക്കാം. രണ്ടാമത്, ബസിന്റെ സഞ്ചാരപഥത്തിൽ എവിടെയെങ്കിലും ‘ഈ വഴി തിരിഞ്ഞു പോവുക' എന്ന് ചിഹ്നമിട്ട ഒരു ബോർഡ് കണ്ടാൽ, ബസ് ആ വഴിയേ തിരിഞ്ഞുപോകും. ബസിന്റെ ബോർഡ് മാറ്റമില്ലാതെ അവിടെത്തന്നെ ഇരിക്കും. ബോർഡ് അതിരമ്പുഴ എന്ന ലക്ഷ്യസ്ഥാനത്തെ സൂചിപ്പിക്കുമ്പോൾ, ബസ് ചിലപ്പോൾ വേറെ വഴിയായിരിക്കും പോകുന്നത്. വഴിയിൽ ആകസ്മികമായി കാണുന്ന, ആരുടേതെന്നറിയാത്ത ‘ Take Diversion' എന്ന എഴുത്തിനെ, നമ്മൾ ശിരസ്സാൽ വഹിക്കുന്നത്, അത് അധികാരത്തിന്റെ ശാസനമായതുകൊണ്ടാണ്. അത് എഴുതിയത് ആരാണെന്നൊന്നും നമുക്ക് പ്രശ്നമല്ല. പക്ഷേ അതൊരു ഉത്തരവാണ്. അധികാരം ഏതുനിമിഷവും വായനയിൽ ഇടപെടാം, വഴിതിരിച്ചുവിടാം. ബസ് യാത്രയെന്ന ഒരു മെറ്റഫറാണ് വായനയെ ഇപ്രകാരം പ്രശ്നവത്കരിക്കുവാൻ ഹാരിസ് ഉപയോഗിച്ചത്.

വി.സി. ഹാരിസ് Marx in Soho എന്ന നാടകത്തിന്റെ അവതരണത്തിൽ
വി.സി. ഹാരിസ് Marx in Soho എന്ന നാടകത്തിന്റെ അവതരണത്തിൽ

ഹാരിസും ഞാനും തമ്മിലുള്ള ദീർഘമായ ബന്ധത്തിനകത്ത് എല്ലാമുണ്ടെന്ന് ഞാൻ കരുതുന്നു- ഐക്യദാർഢ്യമുണ്ട്, വിയോജിപ്പുണ്ട്, സ്നേഹമുണ്ട്, അകൽച്ചയുണ്ട്. ഇപ്പോഴും, ഹാരിസ് എന്ന ഭൂതാത്മകതയിൽ നിന്ന് വേറിട്ട ഒരു ശബ്ദമായി എന്നെപ്പോലൊരാൾക്ക് നിൽക്കാൻ കഴിയും എന്ന മിഥ്യാധാരണ എനിക്കില്ല. അതാണ് ഹാരിസ് എന്ന അദ്ധ്യാപകൻ എന്നോടുമാത്രമല്ല, അയാളുടെ മുന്നിൽ വന്ന മുഴുവൻ വിദ്യാർത്ഥികളോടും ചെയ്തത് എന്നുഞാൻ വിശ്വസിക്കുന്നു.

‘നവസിദ്ധാന്തങ്ങളെ’ന്ന പേരിൽ ഡി. സി. ബുക്സിനുവേണ്ടി, ഞാനും ഹാരിസും എഡിറ്റ് ചെയ്ത ഒരു പുസ്തക പരമ്പര വന്നിട്ടുണ്ട്. ഓരോ വിഷയത്തിലും ആ വിഷയത്തിൽ പ്രാവീണ്യമുള്ള ആൾ ഒരു പുസ്തകമെഴുതുക. ടി. വി. മധു, വി. സി. ശ്രീജൻ, സി. ജെ. ജോർജ്ജ്, ദേവിക, സി. ബി. സുധാകരൻ, ബിജു സി. പി., പി.പി. രവീന്ദ്രൻ, ദിലീപ്​രാജ്​, അങ്ങനെ ഒരുപാടാളുകൾ അതിനകത്ത് സഹകരിച്ചിട്ടുണ്ട്. അതിൽ അവശ്യം വരേണ്ട ഒരു പുസ്തകം മാത്രം വന്നിട്ടില്ല. അത് സിഗ്‌നിഫിക്കൻറായ സംഗതിയാണ്. അത് അപനിർമ്മാണത്തെക്കുറിച്ചുള്ള പുസ്തകമാണ്. അത് തീർച്ചയായും എഴുതേണ്ടത് ഹാരിസാണ്. പക്ഷേ ഹാരിസ് എന്നോടുപറഞ്ഞു, ‘എനിക്ക് അത് എഴുതാൻ ഇപ്പോൾ പറ്റുന്നില്ല' എന്ന്.
അദ്ദേഹം അന്ന് വ്യക്തിപരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ‘അത് ഉണ്ണി എഴുതിയാൽ മതി'യെന്ന് എന്നോട് പറഞ്ഞു. പക്ഷേ ഞാനും ഹാരിസും കൂടി വർക്ക് ചെയ്യുമ്പോൾ എനിക്ക് ആ പുസ്തകം എഴുതാൻ കഴിയുമായിരുന്നില്ല. അത് ഒരു ഈഡിപ്പൽ അവസ്ഥയായിട്ടാണ് എനിക്ക് തോന്നുന്നത്. വലിയ രീതിയിൽ ശക്തനായ പിതൃബിംബം ഇങ്ങനെ നിൽക്കുമ്പോൾ, ഡീകൺസ്ട്രക്ഷനിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയ പിതൃബിംബം നിൽക്കുമ്പോൾ, ആ പിതാവിന്റെ അനുവാദം ഉണ്ടെങ്കിലും, ‘പിതാവിന്റെ നിയമ'ത്തെ വയലേറ്റ് ചെയ്​ത്​ എഴുതാൻ എനിക്ക് എന്തുകൊണ്ടോ സാധിച്ചില്ല. അതുകൊണ്ട് ആ പുസ്തകം വന്നിട്ടില്ല. വർഷങ്ങൾക്കിപ്പുറം, ഈ കൊറോണക്കാലത്ത്, തലശ്ശേരി ബ്രണ്ണൻ കോളേജിന്റെ ഫിലോസഫി ഡിപ്പാർട്ട്മെൻറ്​ ഒരു പ്രഭാഷണ പരമ്പര നടത്തിയപ്പോൾ, ദിലീപ് രാജ് എന്നോട് വിളിച്ചുപറഞ്ഞു, ‘നിങ്ങളിങ്ങനെ സിനിമയുമായി നടന്നാൽ മതിയോ, നിങ്ങൾ അപനിർമ്മാണത്തെക്കുറിച്ച് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഒരു ലക്ചർ ചെയ്യണം' എന്ന്. അങ്ങനെ ഞാൻ രണ്ടുദിവസം ഡീകൺസ്ട്രക്ഷനെക്കുറിച്ച് സംസാരിച്ചു. അപ്പോൾ എനിക്കുതോന്നി, ആ പുസ്തകമങ്ങോട്ട് എഴുതിയാലോ എന്ന്. അങ്ങനെ ഞാൻ ആ പുസ്തകത്തിന്റെ എഴുത്ത് തുടങ്ങി. ആ എഴുത്തിൽ, ഹാരിസിന്റെ അസാന്നിദ്ധ്യ സാന്നിദ്ധ്യമുണ്ട് എന്നുഞാൻ കരുതുന്നു. ആ എഴുത്തിൽ ഞാൻ എൻഗേജ് ചെയ്യുന്ന ചിലതിനെ ഇനി സ്പർശിച്ചു പോവാം എന്നു കരുതുന്നു.

എഴുതിക്കഴിഞ്ഞാൽ നിങ്ങൾ മരിച്ചിരിക്കുന്നു, പിന്നെ എഴുത്താണുള്ളത്. എഴുത്തുകാരന്റെ പ്രേതസാന്നിദ്ധ്യമാണ് നിങ്ങളോട് പകൽ വെളിച്ചത്തിൽ പറയാത്ത കാര്യങ്ങൾ രഹസ്യമായി പറയുന്നത്. അങ്ങനെയാണെങ്കിൽ വായിക്കുന്നവരൊക്കെ ഭൂതാവിഷ്ടരാണെന്ന് പറയണം.

ഒരു പിൽക്കാല ദെറീദയുണ്ട്, അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ചില സങ്കൽപ്പനങ്ങളുണ്ട്. ഇവയെ സങ്കൽപ്പനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത് നിശ്ചയമായും ദെരിദയ്​ക്ക്​ പഥ്യമാവില്ല. അതിൽ പ്രധാനമാണ് സ്​പെക്​ട്രാലിറ്റി. ഞാനതിനെ ഭൂതാത്മകത എന്ന് പരിഭാഷപ്പെടുത്തുമ്പോൾ ഹാരിസ് അതിനെ ഭൂതായ്മ എന്നാണ് പരിഭാഷപ്പെടുത്തിയിരുന്നത്. ഗിഫ്റ്റ്, റെസ്പോൺസിബിലിറ്റി, ടച്ച് (സ്പർശം) ഇതെല്ലാം പിൽക്കാല ദെറീദയ്ക്ക് വളരെ ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. സമീപ കാലത്ത് അന്തരിച്ച പ്രസിദ്ധ ചിന്തകനായ ഴാങ് ലൂക് നാൻസിയുടെ എഴുത്തിനോട് കമ്യൂണിക്കേറ്റ് ചെയ്ത് ദെറീദ എഴുതിയതാണ് ‘ഓൺ ടച്ചിങ്- ഴാൻ ലൂക് നാൻസി’ എന്ന പുസ്തകം. അത്, ‘തൊടലി'നെക്കുറിച്ചാണ്. ഴാൻ ലൂക് നാൻസി അതിനോട് റെസ്​പോണ്ട്​ ചെയ്തിട്ടുണ്ട്, അത് ‘ടച്ച് മീ നോട്ട്’ എന്നാണ്. ഇത് ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറഞ്ഞ കാര്യമാണ്, ‘ഡോണ്ട് ടച്ച് മീ’ എന്ന്. ജീവിച്ചിരുന്നപ്പോൾ സ്പർശമായിരുന്നു ക്രൈസ്റ്റിന്റെ ഏറ്റവും പ്രധാന ആക്ടിവിറ്റി. പക്ഷേ ഉയർത്തെഴുന്നേറ്റപ്പോൾ ക്രൈസ്റ്റ് പറഞ്ഞു, ‘ഡോണ്ട് ടച്ച് മീ’ എന്ന്. എന്തുകൊണ്ട്? ആ ചോദ്യത്തിന്റെ ആഴത്തിലുള്ള ഒരു എക്സ്പ്ലൊറേഷൻ ഈ രണ്ട് ചിന്തകരിലും വായിച്ചെടുക്കാം. ദെരിദയുടെ പുസ്തകത്തിൽ വരാനിരിക്കുന്ന ജനാധിപത്യം എന്നതിനെക്കുറിച്ച് ഒരു ഭാഗം തന്നെയുണ്ട്, ‘ഡെമോക്രസി ടു കം’ എന്നതാണ് ദെറീദയുടെ പ്രയോഗം.

മരിച്ചവനെ/ മരിച്ചവളെ ഓർക്കുക എന്നത് ക്ലേശകരമാണ്. നമ്മളിതുപോലെ ഒരു ഹാൾ എടുക്കണം, അനുസ്മരണ തിയതി ഫിക്സ് ചെയ്യണം, കുറേപ്പേർ വരണം, മരിച്ചയാളുടെ രചനകൾ സമാഹരിക്കണം, പബ്ലിഷ് ചെയ്യണം. മരിച്ചയാളുടെ ഓർമ നിലനിർത്താൻ അദ്ധ്വാനിക്കുന്നതിലൂടെ നമ്മൾ പറയുന്നത്, മരിച്ചവരെ ഓർക്കുക അത്രയെളുപ്പമുള്ള കാര്യമല്ല, അതിനായി ക്ലേശിക്കണം എന്നാണ്. ഓർമിക്കുക എന്നാൽ മറവിയെ ചെറുക്കലാണ്. ഓർമകളിൽ എപ്പോഴും മറവിയുടെ മായ്ക്കലുണ്ട്. മറവിയാൽ മറയ്ക്കപ്പെടാത്ത ഓർമകളുണ്ടോ? പൂർണസാന്നിദ്ധ്യമായി നമുക്ക് വീണ്ടെടുക്കാൻ കഴിയുന്ന ഭൂതമുണ്ടോ? എഴുതുക എന്നാൽ മരിക്കുക എന്നാണെന്നും, എഴുത്തിന്റെ വായനയെന്നാൽ മരിച്ചയാൾ പ്രേതരൂപിയായി വായനയിൽ സന്നിവേശിച്ച്​, ജീവിച്ചിരുന്നപ്പോൾ പകൽ വെളിച്ചത്തിൽ പറയാത്ത ചിലത്, പറയാൻ സാധ്യമല്ലാത്ത ചിലത് നമ്മളോട് പറയുന്നതാണെന്നും ഹാരിസ് പറഞ്ഞത് ഇപ്പോൾ ഞാൻ ഓർക്കുന്നു. എഴുതിക്കഴിഞ്ഞാൽ നിങ്ങൾ മരിച്ചിരിക്കുന്നു, പിന്നെ എഴുത്താണുള്ളത്. എഴുത്തുകാരന്റെ പ്രേതസാന്നിദ്ധ്യമാണ് നിങ്ങളോട് പകൽ വെളിച്ചത്തിൽ പറയാത്ത കാര്യങ്ങൾ രഹസ്യമായി പറയുന്നത്. അങ്ങനെയാണെങ്കിൽ വായിക്കുന്നവരൊക്കെ ഭൂതാവിഷ്ടരാണെന്ന് പറയണം.

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ നിർണായകമായ ഒരു പ്രേതക്കാഴ്ചയുണ്ട്, അതിന്റെ തെറ്റിവായനയുമുണ്ട്. ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയ ഒരു തെറ്റിവായനയാണ് അതെന്ന് ഞാൻ വിശ്വസിക്കുന്നു.

‘ഹാരിസ് പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു’ എന്ന വാചകത്തിലെ ഇപ്പോൾ, ഇപ്പോൾ അല്ല. ഈ പ്രസംഗം തയ്യാറാക്കവെ എപ്പോഴോ സംഭവിച്ച ഓർമയുടെ ആ നിമിഷത്തെ ഇപ്പോൾ എന്ന് വിശേഷിപ്പിക്കുമ്പോൾ പോലും ആ നിമിഷം വർത്തമാന കാലികതയിൽ നിന്നും അപ്പോൾ തന്നെ അടർന്നുകൊണ്ട് ഭൂതത്താൽ അടയാളപ്പെട്ടതായി മാറുന്നു. ഞാൻ ഇപ്പോൾ എന്നുപറയുമ്പോൾ ശരിക്ക് ഇപ്പോൾ അല്ല. ഞാൻ പറയുമ്പോൾ തന്നെ അത് ഭൂതത്താൽ മാർക്ക് ചെയ്യപ്പെട്ടു. ഇത് സ്​പെക്​ട്രാലിറ്റിയുടെ ഒരു അടിസ്ഥാന സങ്കൽപ്പമാണ്. സങ്കൽപ്പനമാണെന്ന് പറയാവുമോ എന്നെനിക്ക് അറിഞ്ഞുകൂടാ. ഇപ്രകാരമെല്ലാമാണ് ഭൂതാത്മകത നമ്മളെ പിടിക്കുന്നത്. ഭൂതാത്മകതയുടെ ഈ അപര കാലികതയെ രാഷ്ട്രീയ പ്രയോഗങ്ങളായി ബന്ധപ്പെടുത്തി ചിന്തിക്കാനാണ് ഹാരിസ് ശ്രമിച്ചിരുന്നത്. ഹാരിസിന്റെ ആ ചിന്തയുടെ അരികുപറ്റി, എന്നാൽ ആ ചിന്തയുടെ ലളിതവും നിഷ്‌കളങ്കവുമായ നൈരന്തര്യം അവകാശപ്പെടാതെ, താത- ഭൂത ബാധിതനായി ഭൂതാത്മകതയുടെ രാഷ്ട്രീയത്തെപ്പറ്റി ചിലത് പറയാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. ഈ പറച്ചിൽ മുന്നേ എഴുതപ്പെട്ടതാണെന്നും അതിന്റെ കൃത്യമായി ഉറപ്പിക്കാനോ അടയാളപ്പെടുത്താനോ കഴിയാത്ത ആരംഭത്തിൽ എവിടെയോ മൺമറഞ്ഞുപോയ ഒരാളുടെ വചനങ്ങളുണ്ടെന്നും, ക്ലാസ് മുറികളിൽ, സെമിനാർ ഹാളുകളിൽ, മദ്യശാലകളിൽ, തീവണ്ടിയാത്രകളിൽ, ഹോസ്റ്റൽ- ഹോട്ടൽ മുറികളിൽ, അസ്വസ്ഥ രാത്രികളിൽ, സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന്​ഏറ്റുമാനൂരിലേക്കുള്ള നടത്തങ്ങളിൽ അങ്ങനെ പലയിടങ്ങളിൽ, പല വേളകളിൽ കേട്ടതും, കത്തുകളിലും കുറിപ്പുകളിലും ലേഖനങ്ങളിലും വായിച്ചതായ വചനങ്ങൾ വാക്യങ്ങൾ ഓർത്തുകൊണ്ട് പറയട്ടെ, Mine is a spectral speech, എന്റേത് ഒരു പ്രേതഭാഷണമാകുന്നു.

ഹാരിസിന് ഏറ്റവും പ്രിയപ്പെട്ട ഷേയ്​ക്​സ്​പിയർ നാടകം, ഹാംലെറ്റ്, ദെറീദയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷേയ്​ക്​സ്​പിയർ നാടകം, ഹാംലെറ്റ്, തുടങ്ങുന്നതുതന്നെ ഭൂതം പ്രത്യക്ഷപ്പെടാനുള്ള കാത്തിരിപ്പിലാണ്. സീനിയർ ഹാംലെറ്റിന്റെ ഭൂതമാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ട് പറയുന്നത്, ‘തന്നെ കൊലപ്പെടുത്തിയതാണ്, തന്റെ ഭാര്യ തന്നെ വഞ്ചിച്ചതാണ്' എന്നാണ്​. പ്രതികാരം ചെയ്യാനുള്ള കടമ മകനെ ഏൽപ്പിച്ചിട്ട് പോവുകയാണ് ഭൂതം ചെയ്യുന്നത്. എവിടെയൊക്കെ ഹാംലെറ്റ് പതറിനിൽക്കുന്നുവോ, അവിടെയൊക്കെ സ്റ്റേജിനടിയിൽ നിന്ന്, from beneath the ground, ഈ ഭൂതം, സീനിയർ ഹാംലെറ്റിന്റെ ഭൂതം പറയും, ‘നീ പ്രതിജ്ഞയെടുക്കൂ, നീ വാക്കു പാലിക്കൂ' എന്ന്. അങ്ങനെ എന്നോട് അദൃശ്യമായി ‘swear' എന്ന് പറയുന്ന ഒരു ഹാരിസ് എവിടെയോ ഉണ്ടെന്ന് ഞാൻ കരുതുന്നു.

 മാക്ബെത് യുദ്ധം ജയിച്ചുവരുമ്പോൾ അവർ പറയുന്നത്, ‘‘All hail, Macbeth, that shalt be King hereafter!' എന്നാണ്. അവരുടെ വിചിത്ര ഭാഷണത്തിൽനിന്ന് മാക്ബെത്ത് വായിച്ചെടുക്കുന്നത്, ഞാൻ ഈ രാജ്യത്തിന്റെ രാജാവാകാൻ പോകുന്നു എന്നതാണ് / Photo : wikimedia commons
മാക്ബെത് യുദ്ധം ജയിച്ചുവരുമ്പോൾ അവർ പറയുന്നത്, ‘‘All hail, Macbeth, that shalt be King hereafter!' എന്നാണ്. അവരുടെ വിചിത്ര ഭാഷണത്തിൽനിന്ന് മാക്ബെത്ത് വായിച്ചെടുക്കുന്നത്, ഞാൻ ഈ രാജ്യത്തിന്റെ രാജാവാകാൻ പോകുന്നു എന്നതാണ് / Photo : wikimedia commons

ഹാംലെറ്റിൽ സംഭവിക്കുന്നതുപോലെ എല്ലാം ആരംഭിക്കുന്നത് ഒരു ഭൂതത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെയാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ഈ പ്രത്യക്ഷീകരണത്തിനുള്ള കാത്തിരിപ്പിലൂടെയാണ്. ഹാരിസ് എഴുതുന്നുണ്ട്, ‘ഭൂതത്തിന്റെ ഓരോ വരവും ഒരു തിരിച്ചുവരവാണ്, ശരീരമില്ലായ്മയിൽ നിന്ന് ശരീരത്തിലേക്ക്, ശരീരത്തിന്റെ ഭൂതായ്മയിലേക്ക്'. ഇവിടെയാണ് ശരീരം പ്രത്യക്ഷപ്പെടുന്നത്. പ്രേതം, ഭൂതം തുടങ്ങിയ ട്രോപ്പുകൾക്കെല്ലാം ശരീരമുണ്ട്. എന്നാൽ അത് ജീവിക്കുന്ന ശരീരവുമല്ല. എന്നാൽ അത് ജഡമായ ശരീരമാണോ, അല്ല. അതൊരു പ്രത്യേക രീതിയിൽ ആനിമേറ്റഡ് ആയ ശരീരമാണ്. മരണം/ ജീവിതം എന്ന വിപരീതതയെ അപനിർമിക്കുന്ന ഒരു ശരീരമാണ് പ്രേതത്തിന്റെ ശരീരം, സ്പെക്​ടറൽ ബോഡി എന്നുപറയുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ ശരീരമാണെന്ന് തോന്നുകയും- അതൊരു തോന്നൽ മാത്രമാണ്- എന്നാൽ ജീവിതം/ മരണം എന്ന വിപരീതതയെ അപനിർമിക്കുകയും ചെയ്യുന്ന ഒരു സ്പെക്​ടറൽ ബോഡിയെക്കുറിച്ചാണ് ദെറീദ സംസാരിക്കുന്നത്.

ഭാവിയുടെ വെളിപാടുമായി ഭൂതം (ആ വാക്കിന്റെ എല്ലാ അർത്ഥങ്ങളിലും) പ്രത്യക്ഷപ്പെടാനുള്ള കാത്തിരിപ്പാണ് രാഷ്ട്രീയമെന്ന് വേണമെങ്കിൽ പറയാം. മാക്ബെത്തിന് അയാളുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനം കൈമാറുന്ന വിചിത്ര സഹോദരിമാരെ ആലോചിക്കുക. മൂന്ന് വിചിത്ര സഹോദരിമാർ, ‘‘ Fair is foul, and foul is fair/ Hover through the fog and filthy air' എന്നാണ് പറയുന്നത്. മാക്ബെത് യുദ്ധം ജയിച്ചുവരുമ്പോൾ അവർ പറയുന്നത്, ‘‘All hail, Macbeth, that shalt be King hereafter!' എന്നാണ്. അവരുടെ വിചിത്ര ഭാഷണത്തിൽനിന്ന് മാക്ബെത്ത് വായിച്ചെടുക്കുന്നത്, ഞാൻ ഈ രാജ്യത്തിന്റെ രാജാവാകാൻ പോകുന്നു എന്നതാണ്. കൊലയിലൂടെ അധികാരം പിടിച്ചെടുക്കാൻ മാക്ബെത്തിനെ പ്രേരിപ്പിക്കുന്നത് ഈ വായനയാണ്. ഈ തെറ്റിവായനയാണ് മിക്കപ്പഴും രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത്.

പാഠത്തിന്റെ അനന്തസാധ്യതകളെ ഏകാർത്ഥത്തിലേക്ക് ചുരുക്കുന്നതാണ് രാഷ്ട്രീയ ദുരന്തങ്ങളിൽ കലാശിക്കുന്നത്. അപ്പോഴാണ് ഏകാധിപത്യം ഉണ്ടാകുന്നത്.

വിചിത്ര സഹോദരിമാർ മക്ബത്തിനു മുമ്പിൽ പൊടുന്നനവെ പ്രത്യക്ഷപ്പെടുകയാണ്, മുന്നറിയിപ്പുകളില്ലാതെ. പെട്ടെന്ന് ഒരു അന്യം നിങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ആ പ്രത്യക്ഷീകരണത്തിന് സ്വയം സജ്ജമല്ലാത്ത നിങ്ങൾ, ആ അന്യതയുടെ പ്രത്യക്ഷീകരണത്തേയും അതിന്റെ പല അടരുകളുള്ള വാക്യങ്ങളേയും വായിക്കുവാൻ നിർബന്ധിതമാവുന്നു. മക്ബത്ത് തന്റെ വായനയിലൂടെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ, തന്റെ മാത്രം ഭാവിയിലേക്കും അധികാരത്തിലേക്കും ചുരുക്കുന്നു. അത് ഒരു വലിയ ദുരന്തമായി മാറുന്നു. ആ ദുരന്തം ഒരു തെറ്റിവായനയുടെ ദുരന്തമാണെന്ന് വേണമെങ്കിൽ പറയാം. പാഠത്തിന്റെ അനന്തസാധ്യതകളെ ഏകാർത്ഥത്തിലേക്ക് ചുരുക്കുന്നതാണ് രാഷ്ട്രീയ ദുരന്തങ്ങളിൽ കലാശിക്കുന്നത്. അപ്പോഴാണ് ഏകാധിപത്യം ഉണ്ടാകുന്നത്. എത്രയോ അനന്തസാധ്യതകളുള്ള, പാഠസാധ്യതകളുള്ള ഒരു പോളിറ്റിയാണ് ഇന്ത്യ എന്ന് പറയുന്നത്. അതിനെ ഒരു ഒറ്റ അർത്ഥത്തിലേക്ക് ചുരുക്കുകയാണ് ഏകാധിപത്യം, സ്വേച്ഛാധിപത്യം അല്ലെങ്കിൽ ഫാസിസം ചെയ്യുന്നത്.

ഞാൻ ഉടൽ/ശരീരം എന്ന സങ്കൽപ്പത്തിലേക്ക് വരികയാണ്. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ നിർണായകമായ ഒരു പ്രേതക്കാഴ്ചയുണ്ട്, അതിന്റെ തെറ്റിവായനയുമുണ്ട്. ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയ ഒരു തെറ്റിവായനയാണ് അതെന്ന് ഞാൻ വിശ്വസിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഉടലിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ചാണ് ഞാനിപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്.

‘ജൃംഭിച്ചു മുമ്പിൽ തദാ ഹാ! സിക്താംഗ, രതീവ സുന്ദരർ, യുവ- സ്ത്രീ പുംസ ചിഹ്നം പരം ഭാസിക്കും, പരിവേഷമാർന്ന വദന- ശ്രീ പൂണ്ട, രണ്ടാളുകൾ.'
( ലീല, ശ്ലോകം 81)
ശേഷം, മാധവിയോട് മരിച്ച പ്രണയികൾ പറയുന്നു:

‘ആരും തോഴീ! യുലകിൽ മറയു- ന്നില്ല; മാംസം വെടിഞ്ഞാൽ തീരുന്നില്ലീ പ്രണയജടിലം ദേഹിതൻ ദേഹബന്ധം;'

ഈ പ്രേതക്കാഴ്ചയേയും, പ്രേതഭാഷണത്തേയും അനുചർക്കായി ആഖ്യാനവത്ക്കരിക്കുന്നുണ്ട്, മാധവി: കഥയനുയാതരോടവൾ പ-/റഞ്ഞു കരഞ്ഞു പരം;' ആ ആഖ്യാനത്തെ എപ്രകാരമാണവൾ വായിച്ചത്? എന്തായിരുന്നു ആ വായനയുടെ അന്തിമഫലം?‘ശേഷം നാൾ സ്വയമാ സഖീ രമണനെ- തേടുന്നൊരന്നാർന്ന തൻ- വേഷം സാർത്ഥകമാകുമാറുടനെ താൻ കൈക്കൊണ്ടു ചീരാംബരം.'

മാധവിയുടെ വായനയുടെ അന്തിമഫലം ശരീരത്തിന്റെ തിരസ്‌ക്കാരമാണ്. ഈ തിരസ്‌കാരം പല രൂപങ്ങളിൽ ആവർത്തിക്കുകയാണ്, പിന്നിടുണ്ടായ ആശാൻ വായനകളിൽ മഹാഭൂരിപക്ഷവും. ആശാൻ കവിതകളുടെ വിമർശ്ശക പൊതുബോധത്തെ പരുവപ്പെടുത്തിയ ആദ്യവായനക്കാരി മാധവിയാണെന്നു വാദിക്കാം. പ്രത്യയശാസ്ത്രബദ്ധമായ മാധവിയുടെ വായന കാവ്യത്തിനുള്ളിലെ പ്രേതഭാഷണങ്ങളെ ദേഹനിഷേധം/സന്ന്യാസം എന്ന പരിമിതാർത്ഥത്തിലേക്ക് നിജപ്പെടുത്തുകയാണ്. ഈ വായനയെ അട്ടിമറിക്കാനുള്ള കെൽപ്പും കോപ്പും ഉണ്ട്, ലീലാമദനന്മാരുടെ പ്രത്യക്ഷീകരണത്തിന്. ശരീരങ്ങളുടെ ഉയിർപ്പിനെ വിശേഷിപ്പിക്കാൻ ‘ജൃംഭിച്ചു' എന്ന ക്രിയാപദം ഉപയോഗിക്കുന്നതിൽ തുടങ്ങുന്നു, ഭൂതായ്മയുടെ ശരീരാഘോഷം; ഹാരിസ് എഴുതിയപോലെ, ‘ശരീരമില്ലായ്മയിൽ നിന്ന് ശരീരത്തിലേക്ക്, ശരീരത്തിന്റെ ഭൂതായ്മയിലേക്കു'ള്ള മടങ്ങിവരവ്. ഉള്ളത്/ഇല്ലാത്തത് അല്ലെങ്കിൽ യഥാർത്ഥം/അയഥാർത്ഥം എന്നിങ്ങനെയുള്ള വിപരീതതകളെ തകർക്കുന്ന ശരീരത്തിന്റെ ഭൂതായ്മയാണ്, ‘സിക്താംഗ, രതീവസുന്ദരർ/യുവ-/സ്ത്രീ പുംസ ചിഹ്നം' എന്ന കാഴ്ചയിലുള്ളത്. നനഞ്ഞ ശരീരം എന്ന മൂർത്തമായ വിശദാംശത്തിലൂന്നുക വഴി, ശരീരത്തിന്റെ ഭൗതികതയെ ഉറപ്പിക്കപ്പെടുകയാണ്. എന്നാൽ, അവർ അസ്പർശ്യരാണ്. മരിച്ചവരാണ്. അങ്ങേയറ്റം സന്ദിഗ്ദ്ധത നിറഞ്ഞ വരികളാണ്, ‘മാംസം വെടിഞ്ഞാൽ/ തീരുന്നില്ലീ പ്രണയജടിലം/ ദേഹിതൻ ദേഹബന്ധം;'
ദേഹി എന്നാൽ ഒരേ സമയം ദേഹമുള്ളവൻ/ ദേഹമുള്ളവൾ എന്നും ആത്മാവ് എന്നും അർത്ഥമുണ്ട്. ദേഹിതൻ ദേഹബന്ധം എന്നതിനെ, ദേഹമുള്ളവനോ, ഉള്ളവൾക്കോ ദേഹത്തോടുള്ള ബന്ധമെന്നോ, ആത്മാവിന് ദേഹത്തോടൂള്ള ബന്ധമെന്നോ വ്യാഖ്യാനിച്ചാലും ശരീരം പരമപ്രധാനമായ ഒരു വസ്തുവായി ( thing) മാറുന്നുണ്ട്. ‘ആരും ഉലകിൽ മറയുന്നില്ല'- ആരും കാഴ്ചക്ക് ഗോചരമല്ലാതാവുന്നില്ലാ - എന്ന പ്രസ്താവത്തെ ഇതിനോട് കൂട്ടി വായിച്ചാൽ, ജീവിതം/മരണം എന്ന വിപരീതതയിൽ ഒരുപോലെ സന്നിവേശിക്കുന്ന പ്രേതശരീരം (spectral body) വെളിപ്പെടും.

ശരീരത്തിന് ശരീരത്തെ സ്പർശിക്കാൻ കഴിയാതിരിക്കുന്നത്, ഇന്ന്, ഉദാത്തവും കാമ്യവുമായ അവസ്ഥയാണ്. ശരീരത്തെ തൊടാൻ കഴിയാത്ത ഒന്നായി, സമ്പർക്കത്തിൽ നിന്ന് മാറ്റപ്പെട്ട ഒന്നായി മാറുന്ന സമകാലീന സന്ദർഭത്തിൽ നിന്നാണ് നമ്മൾ തൊടുക എന്നതിനെ, വരാനിരിക്കുന്ന ജനാധിപത്യത്തെ രൂപപ്പെടുത്തുന്ന പ്രധാന കർമ്മമായി തിരിച്ചറിയേണ്ടത്
ശരീരത്തിന് ശരീരത്തെ സ്പർശിക്കാൻ കഴിയാതിരിക്കുന്നത്, ഇന്ന്, ഉദാത്തവും കാമ്യവുമായ അവസ്ഥയാണ്. ശരീരത്തെ തൊടാൻ കഴിയാത്ത ഒന്നായി, സമ്പർക്കത്തിൽ നിന്ന് മാറ്റപ്പെട്ട ഒന്നായി മാറുന്ന സമകാലീന സന്ദർഭത്തിൽ നിന്നാണ് നമ്മൾ തൊടുക എന്നതിനെ, വരാനിരിക്കുന്ന ജനാധിപത്യത്തെ രൂപപ്പെടുത്തുന്ന പ്രധാന കർമ്മമായി തിരിച്ചറിയേണ്ടത്

ശരീരത്തിന്റെ ഈ മടങ്ങിവരവിനെയാണ്, വത്ക്കലം ധരിച്ച്​ മാധവി നിഷേധിക്കുന്നത്. മാധവിയെ സന്ന്യാസത്തിൽ കൊണ്ടെത്തിക്കുന്ന അന്ധവായന നിർമിക്കുന്ന കാവ്യപാഠം തന്നെയാണ്, അവളെ, ‘ആസക്താശയ' എന്നും ‘തൃഷ്ണ തീരാ'ത്തവളെന്നും വിശേഷിപ്പിക്കുന്നത്. കാവ്യപാഠത്തിന്റെ ഈ വിരുദ്ധാർത്ഥ സങ്കീർണതകളെയാണ് മാധവിയും മാധവിയെ ആവർത്തിക്കുന്ന മറ്റനേകം വിമർശ്ശകരും ഏകാർത്ഥത്തിലേക്ക് ചുരുക്കുന്നത്. കാവ്യത്തിന്റെ പദാനുപദ വ്യാഖ്യാനം നടത്തുന്ന കരിമ്പുഴ രാമകൃഷ്ണൻ എത്തിപ്പെടുന്ന ധർമ്മസങ്കടങ്ങൾ വിവരിക്കാൻ കഴിയാത്തതാണ്.

നവോത്ഥാനമാണ് കുറേനാളായുള്ള കൺടംപററി ഡിസ്‌കോഴ്സിൽ നിൽക്കുന്നത്. പക്ഷേ ഈ നവോത്ഥാനം വളരെ ക്രിറ്റിക്കലായി പുനർവായിക്കേണ്ട ഒന്നാണ്. കാരണം, നമ്മുടെ രാഷ്ട്രീയവും, ചിന്തയും, വിമർശവും, ശരീരത്തിന്റെ അടിച്ചമർത്തലിനെ പല ഘട്ടങ്ങളിലായി വ്യവഹാരവത്കരിക്കുന്നുണ്ട്, സ്ഥാപനവത്കരിക്കുന്നുണ്ട് എന്നുവേണമെങ്കിൽ പറയാം. ജാതീയതയാൽ അടയാളപ്പെട്ട ശരീരങ്ങൾക്കിടയിൽ നിലനിന്നിരുന്ന അന്തരങ്ങളെ അപനിർമിച്ച്​, ‘മനുഷ്യൻ' എന്ന ഒരൊറ്റ കർത്തൃത്വ നിർമിതിയിലേക്ക് തന്റെ ചിന്തയേയും കർമപദ്ധതികളേയും പരുവപ്പെടുത്തുവാൻ ശ്രമിച്ച ശ്രീനാരായണ ഗുരുവിനു മുമ്പിൽ മെരുങ്ങുവാൻ വിസമ്മതിക്കുന്ന ഒരു കാമനാകമ്പിത വസ്തുവായി (Cathected Object) ശരീരം നിലകൊണ്ടു. ഈ ശരീരത്തെ വേണ്ടും വിധം പരിഗണിക്കാനോ, പരിചരിക്കാനോ അല്ല ഗുരു ശ്രമിച്ചത്. മറിച്ച്, മനുഷ്യൻ എന്ന ഏകമഹാസത്തയിലേക്ക് ശരീരത്തെ നിഗൂഹനം ചെയ്തു, ഗുരു. ബ്രാഹ്മണിക് ഹെജിമണിയെ സ്ഥിരപ്പെടുത്തി ഉറപ്പിച്ച ശങ്കരാദ്വൈദത്തെ അതിന്റെ തന്നെ നേർക്ക് തിരിച്ചുകൊണ്ട് നടത്തിയ ഗംഭീരമായ ഒരപനിർമാണമായിരുന്നു, ശ്രീനാരായണീയ ചിന്ത. ഒപ്പം, പാശ്ചാത്യ ലിബറൽ ഹ്യുമനിസം ഉദാത്തവത്ക്കരിച്ച മനുഷ്യൻ എന്ന കേവല സത്തയെ- വേണമെങ്കിൽ അതിനെ എല്ലാ വൈരുദ്ധ്യങ്ങളേയും അതിവർത്തിക്കുന്ന ഒരു വിഷയി ( transcendental subject) യായും വിശേഷിപ്പിക്കാം- നമ്മുടെ കൊളോണിയൽ ആധുനികതയുടെ ഭൂമികയിലേക്ക് പരിഭാഷപ്പെടുത്തി പ്രതിഷ്ഠിക്കുകയും ചെയ്തു. നമ്മൾ ഇപ്പോഴും പ്രശ്‌നരഹിതമായി പിൻപറ്റുന്ന നവോഥാന വായ്​ത്താരിയുടെ കേന്ദ്രബിന്ദു, എല്ലാ വൈരുദ്ധ്യങ്ങളേയും അതിവർത്തിക്കുന്ന, അന്തരങ്ങൾക്കതീതനായ മനുഷ്യൻ എന്ന ഈ കേവലവിഷയി തന്നെ.

സംഘപരിവാർ ഇപ്പോൾ ദലിതരുടെയും ആദിവാസികളുടെയും ഇടയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നമുക്കറിയാം. ഹിന്ദു എന്ന വലിയൊരു സത്തയിലേക്ക്, സാർവ്വലൗകിക സത്തയിലേക്ക്, മനുഷ്യനെന്നുള്ളത് മാറുന്നു. മനുഷ്യൻ സമം ഹിന്ദു എന്നാകുന്നു. അവിടെയാണ്, നവോത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ പുനർവായനകൾ ഉണ്ടാകേണ്ടത്.

നമ്മുടെ നവോത്ഥാനം മനുഷ്യനെന്ന സാർവ്വലൗകിക സത്തയെ ഇപ്പോഴും മുന്നോട്ടുവെക്കുകയാണ് ചെയ്യുന്നത്. അവിടെ നിന്നാണ് സ്വത്വ രാഷ്ട്രീയത്തിന്റെയും ലിംഗരാഷ്ട്രീയത്തിന്റേയും മറ്റും വിയോജിപ്പുകൾ ആരംഭിക്കുന്നത്; അങ്ങനെയൊരു മനുഷ്യനില്ല എന്നതിനാലാണ്, ജാതിയാലും, ലിംഗഭേദത്താലും, നിറത്താലും എല്ലാം differentiated ആയ കർതൃത്വങ്ങളേയുള്ളൂ എന്ന് പറയുന്ന ഒരു ബദൽ രാഷ്ട്രീയം മുന്നോട്ട് വരുന്നത്. പക്ഷേ ഇപ്പോൾ സംഭവിക്കുന്നത്, ഈ സാർവ്വലൗകിക സത്തയായ മനുഷ്യന്റെ തിരിച്ചുവരവാണ്. ആ കടന്നുവരവ്, ഹിന്ദു എന്ന വളരെ അഗ്രസ്സീവായ, അപരങ്ങളെയെല്ലാം വിഴുങ്ങുന്ന ഒരു കർതൃത്വത്തിലേക്ക് പരുവപ്പെടുകയാണ്. നമുക്കറിയാം സംഘപരിവാർ ഇപ്പോൾ ദലിതരുടെയും ആദിവാസികളുടെയും ഇടയിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച്. ഹിന്ദു എന്ന വലിയൊരു സത്തയിലേക്ക്, സാർവ്വലൗകിക സത്തയിലേക്ക്, മനുഷ്യനെന്നുള്ളത് മാറുന്നു. മനുഷ്യൻ സമം ഹിന്ദു എന്നാകുന്നു. അവിടെയാണ്, നവോത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ പുനർവായനകൾ ഉണ്ടാകേണ്ടത്.

എന്നാൽ, മനുഷ്യൻ, ‘വ്യത്യാസ'ത്താൽ അടയാളപ്പെട്ടിരിക്കുന്നു എന്ന അപനിർമാണപരമായ തിരിച്ചറിവ് ഗുരു പ്രകടിപ്പിക്കുന്നുമുണ്ട്: ‘ഇല്ല ജാതിയിലൊന്നുണ്ടോവല്ലതും ഭേദമോർക്കുകിൽ/ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ' (ജാതിനിർണ്ണയം, ശ്ലോകം 6). പ്രൊഫ.ജി ബാലകൃഷ്ണൻ നായരുടെ വ്യാഖ്യാനത്തിൽ, ഈ ശ്ലോകം മാത്രം വ്യാഖ്യാനിക്കപ്പെടുന്നില്ല. ഗുരുവിന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ പ്രഹേളിക സ്ത്രീ ആയിരുന്നു എന്നുകൂടി ഓർക്കുക.ഗുരുവിൽ റദ്ദാക്കപ്പെടുന്ന ശരീരത്തിന്റെ കാമനാബദ്ധമായ തിരിച്ചു വരവുകളാണ് ആശാന്റെ കവിതകളിൽ കാണാൻ കഴിയുന്നത്.
ഇത് പദാനുപദ വ്യാഖ്യാനം നടത്തിയ പ്രൊഫ. ജി. ബാലകൃഷ്ണൻ ഈ ശ്ലോകം മാത്രം വ്യാഖ്യാനിക്കുന്നില്ല. കാരണമെന്താണ്? വളരെ കൃത്യമായി ഗുരു പറയുന്നുണ്ട്, ഭേദമില്ല, പക്ഷേ വ്യക്തികൾ തമ്മിൽ ഭേദമുണ്ട് എന്ന്. അതുകൊണ്ടുതന്നെ ബാലകൃഷ്ണൻ നായരുടെ വ്യാഖ്യാനത്തിന്റെ പൊതുപദ്ധതിക്ക് ചേരാത്ത ഈ വരികളെ അദ്ദേഹം ഒഴിവാക്കുകയാണ് ചെയ്യുന്നത്. പുതിയൊരു ജനാധിപത്യത്തിന്, രാഷ്ട്രീയത്തിന് ശരീരത്തെ വീണ്ടെടുക്കേണ്ടതുണ്ട്. എന്നാൽ കാമനയുടെ പ്രഭവവും ലക്ഷ്യവസ്തുവുമായ ഒരു മൂർത്തവസ്തുവെന്ന നിലയിൽ ശരീരത്തെ വീണ്ടെടുത്ത് ആഘോഷിക്കുകയല്ല വേണ്ടത്.

ഇന്ന് മഹാമാരിയുടെ വ്യാപന സന്ദർഭത്തിൽ അങ്ങേയറ്റം ശുദ്ധീകരിക്കപ്പെട്ട്, ശാസ്ത്രീയമായ കൃത്യതകൾക്കുള്ളിൽ ഉറപ്പിക്കപ്പെടുന്ന ഒരു വസ്തുവായി തീർന്നിരിക്കുന്നു ശരീരം. തൊട്ടുകൂടായ്മയാണ് ഇന്ന് ഏറ്റവും ആശാസ്യമായിട്ടുള്ളത്. ശരീരം എപ്പോഴും ശുദ്ധിയായിരിക്കണമെന്നാണ് പറയുന്നത്. സോപ്പുകൊണ്ട് കഴുകണം, സാനിറ്റൈസർ കൊണ്ട് കഴുകണം. വെളിയിൽ പോയി വന്നാൽ കുളിക്കണം. ആശ്ലേഷങ്ങൾ പാടില്ല, ചുംബനങ്ങളെക്കുറിച്ച് സംസാരിക്കുകയേ ചെയ്യരുത്, കാരണം ശ്രവങ്ങൾ കൂടിക്കലരരുത് എന്നാണ് പറയുന്നത്. സാനിറ്റൈസ്ഡ് ആയിട്ടുള്ള, ഡിഫറൻഷിയേറ്റഡ് ആയിട്ടുള്ള ശരീരം ഇന്ന് കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയാണ്. ഇത് ചിലരെയെങ്കിലും സന്തോഷപ്പെടുത്തുന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനിതിന്റെ ശാസ്ത്രീയതയ്ക്കെതിരെയോ, ശാസ്ത്രീയതയെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. തീർച്ചയായും സാനിറ്റൈസർ ഉപയോഗിച്ച് ഞാനിനിയും കൈ കഴുകുന്നതാണ്. ഇത്തരം ഒരു ശരീരം ഒരു എംപിറിക്കൽ പോസിറ്റിവിസ്റ്റ് ബോഡിയാണ്. അതായത് കണ്ടറിയാവുന്ന, ഗണിച്ചുപറയാവുന്ന ഒരു ശരീരമാണ് നമ്മുടെ മുമ്പിലുള്ളത്. അതിനെയാണ് നമ്മൾ ശുദ്ധിയായി, വൃത്തിയായി, തനതായി സൂക്ഷിക്കുന്നത്. പിൽക്കാല മുതലാളിത്തത്തിന്റെ, ഉത്തരാധുനികതയുടെ മെഡിക്കൽ ഗവേഷണങ്ങളും മരുന്നുവിപണിയും ചേർന്ന് നിർമിക്കുന്ന ഒരു ശരീരമാണിത്. സ്പർശത്തെയാണ് ഏറ്റവും അപകടകരമായി ഇപ്പോൾ നമ്മൾ കാണുന്നത്. ശരീരത്തിന് ശരീരത്തെ സ്പർശിക്കാൻ കഴിയാതിരിക്കുന്നത്, ഇന്ന്, ഉദാത്തവും കാമ്യവുമായ അവസ്ഥയാണ്. ശരീരത്തെ തൊടാൻ കഴിയാത്ത ഒന്നായി, സമ്പർക്കത്തിൽ നിന്ന് മാറ്റപ്പെട്ട ഒന്നായി മാറുന്ന സമകാലീന സന്ദർഭത്തിൽ നിന്നാണ് നമ്മൾ തൊടുക എന്നതിനെ, വരാനിരിക്കുന്ന ജനാധിപത്യത്തെ രൂപപ്പെടുത്തുന്ന പ്രധാന കർമമായി തിരിച്ചറിയേണ്ടത്.
​തൊടണം എന്നുള്ളതാണ്.
തൊടുക എന്നത് വാച്യാർത്ഥത്തിലല്ല എന്നുള്ളതുകൂടി മനസ്സിലാക്കുക. ശ്രീനാരായണൻ നമ്മുടെ ഏറ്റവും വലിയ സാമൂഹിക വിപ്ലവകാരിയാകുന്നത്, അദ്ദേഹം തൊടലിനെ തന്റെ സാമൂഹിക ചിന്തയുടെ, കർമപദ്ധതിയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്നതിനാലാണ്. തൊട്ടുകൂടാത്തവരെ തൊട്ടു. ശ്രീനാരായണൻ മാത്രമല്ല, സഹോദരൻ അയ്യപ്പൻ, അയ്യങ്കാളി, നമുക്ക് എത്ര പേരുകൾ വേണമെങ്കിലും പറയാം. പന്തിഭോജനത്തിലൂടെയും മറ്റും, തൊട്ടുകൂടാത്തവരെ തൊടുക എന്നതാണ് വിപ്ലവകരമായ ഒരു സംഗതി. ആ തൊടലിനെയാണ് നമ്മൾ വളരെ മെറ്റഫോറിക്കലായിട്ട് തിരിച്ചുകൊണ്ടുവരുന്നത്. ഇതുപോലെ ഉപാധികളില്ലാതെ മറ്റുള്ളവരെ തൊട്ടയൊരാളായിരുന്നു ഗാന്ധിജി. ഈ തൊടലിനെ ഭയപ്പെടുന്നവരാണ് ഏകാധിപതികൾ.

ശരീരത്തെ തൊടുക എന്നാൽ എന്താണ്?
സ്പർശത്തെ കാലേക്കൂട്ടി വിലക്കുക എന്നതാണ് നിയമത്തിന്റെ മൗലിക സ്വഭാവമെന്ന് ദെരിദ പറയുന്നുണ്ട്. ( ‘ On Touching- Jean Luc Nancy’) മൗലികവും കേവലവുമായ ഒരു അസ്പർശ്ശ്യതയിലാണ് നിയമം ( Law) നിലനിൽക്കുന്നത്. നിങ്ങൾക്ക് നിയമത്തെ തൊടാൻ സാധിക്കില്ല; ഒപ്പം, നിയമം നിങ്ങളുടെ തൊടലുകൾക്ക് പരിധികൾ നിർമ്മിക്കുകയും ചെയ്യുന്നു. ഇന്നതിനെ, ഇത്ര തൊടാം എന്ന മട്ടിൽ. നിയമത്തിന്റെ പ്രവർത്തനക്ഷമതയിൽത്തന്നെ നയമെന്നോ ഔചിത്യമെന്നൊ വിളിക്കാവുന്ന ഒന്ന് (tact) ഉള്ളടങ്ങിയിരിക്കുന്നു. ഈ നയം അല്ലെങ്കിൽ ഔചിത്യം അല്ലെങ്കിൽ വിവേകം ഒരറിവാണ്;‘തൊടാതെ എങ്ങനെ തൊടാം എന്ന അറിവ്. കൂടുതലായി തൊടാതെ എങ്ങനെ തൊടണം എന്ന തിരിച്ചറിവ്' ( P.67)
അതായത് നിങ്ങൾ ഒന്നിനെ തൊടുമ്പോൾ, നിങ്ങൾ അതിനെ പൂർണമായി തൊടുന്നില്ല. നിങ്ങളുടെ തൊടലുകൾ എന്നോ നിശ്ചയിക്കപ്പെട്ട പരിധികൾക്കുള്ളിലാണ് സംഭവിക്കുന്നത്. ഇത് നമ്മളുടെ ഐക്യദാർഢ്യങ്ങളെ, കൂടിച്ചേരലുകളെ, ഒത്തൊരുമയെ ഒക്കെത്തന്നെ അകമേ പരിമിതപ്പെടുത്തുന്ന നിയമത്തിന്റെ ശാസനയാണ്. ദെരിദ ഇതിനോട് ഒന്ന് കൂട്ടിച്ചേർക്കുന്നു: തൊടാൻ കഴിയുന്ന ഒരന്യത്തെ നമ്മുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതുതന്നെ പൂർവ്വനിശ്ചിതമായ ഒരസ്പർശ്യതയെ അംഗീകരിക്കുമ്പോഴാണ്. തൊടാൻ കഴിയാത്ത എന്തോ ഒന്ന് ഉള്ളപ്പോൾ മാത്രമാണ് തൊടാൻ കഴിയുന്നവ നിലവിൽ വരൂ. Abstinence (സുഖാനുഭവ വർജ്ജനം) - ഇത് ഗാന്ധിജി സ്വയം തെരെഞ്ഞെടുത്ത ഒരു പരീക്ഷണമായിരുന്നു എന്ന് നമുക്കറിയാം- എന്നാൽ തൊടാൻ കഴിയുന്ന, തോടേണ്ട ഒന്നിനെ തൊട്ടുകൂടാത്തതാക്കി തീർക്കുന്ന പരീക്ഷണമാണ്.

നിയമത്തിന്റെ പരിധികളെ കുറേശ്ശെ, കുറേശ്ശെ തള്ളിമാറ്റുന്ന സ്പർശങ്ങളുടെ തുടർച്ചയാണ് ക്രിസ്തുവിന്റെ ഇടപെടലുകൾ; കുഷ്ഠരോഗിയെ സ്പർശത്താൽ സുഖപ്പെടുത്തുന്നു (മാത്യു 8:3), അന്ധരുടെ കണ്ണിൽ സ്പർശിച്ച്​ അവർക്ക് കാഴ്ച നൽകുന്നു (മാത്യു 9::29-30), ബധിരരേയും മൂകരേയും സ്പർശത്താൽ സുഖപ്പെടുത്തുന്നു (7: 32-36), ശവപ്പെട്ടിയിൽ സ്പർശിച്ച്​ മരണത്തിൽ നിന്ന് സൗഖ്യപ്പെടുത്തുന്നു ( Luke 7:13-15). ക്രിസ്തു എന്നാൽ സ്പർശ്ശിക്കുന്നവൻ മാത്രമല്ല. സ്പർശ്ശിക്കപ്പെടേണ്ടവൻ കൂടിയാണ്: ‘ ...he is to be touched, he can and must be touched. This is the condition for salvation...to touch him, Him. Or better to touch without touching that which would come into contact with his body...his garment, his cloak and thus what saves is not touching, but the faith that this touching signifies and attests to (P101)

മറിയയോട് പറയുന്നുണ്ട്, ഉയർത്തെഴുന്നേൽപ്പിൽ പറയുന്നുണ്ട്, എന്നെ തൊടരുത്.

In resurrection he cannot be touched because it is no body. But You are touched by it. He's in the process of departing, yet being here and now.

സ്പർശത്തിന്റെ ഈ പ്രതീകാത്മക മാനമാണ് വരാനിരിക്കുന്ന ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളിലെ ഒരുപ്രധാന ഘടകം. തൊടുക എന്നാൽ സ്പർശിക്കപ്പെടുക എന്ന് കൂടിയാണ്. തൊടുക എന്നാൽ മൂർത്തമായ ഒരുശരീരത്തെ തൊടുക എന്നതിൽ ഒതുങ്ങുന്നില്ല. നമ്മൾ തൊടുന്നത് ഒരു spectral body യെ ആണെന്ന് പറയാം. ജീവിതം/ മരണം എന്ന ദ്വന്ദ്വങ്ങളെ സദാ അപനിർമിക്കുന്ന ഒരു പ്രേത ശരീരമാണ് എല്ലാ സ്പർശത്തിലുമുള്ളത്. ജീവിച്ചിരിക്കുന്നവളെ/ ജീവിച്ചിരിക്കുന്നവനെ തൊടുക എന്നാൽ മരിച്ചവളെ/ മരിച്ചവനെ തൊടുക എന്നതാണ്. ഇപ്പോൾ ഞാൻ ഹാരിസിനെ തൊട്ടുകൊണ്ടേയിരിക്കുകയാണ്. അയാൾ എന്നേയും. ഞങ്ങളിൽ ആരാണ് ഇപ്പോൾ, ഈ നിമിഷത്തിൽ ഇവിടെ പൂർണ്ണമായും സന്നിഹിതമായിട്ടുള്ളത്?

(കോഴിക്കോട് നടന്ന വി.സി. ഹാരിസ് അനുസ്മരണത്തിൽ, ‘ഭാവിയുടെ ഭൂതങ്ങൾ: ജനാധിപത്യം, നീതിവാഗ്ദാനം, ഉത്തരവാദിത്തം, അങ്ങനെ ചിലതെല്ലാം' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


​​


ബി. ഉണ്ണികൃഷ്ണൻ

സംവിധായകൻ, തിരക്കഥാകൃത്ത്. ഫെഫ്കയുടെ ജനറൽ സെക്രട്ടറി. പോസ്റ്റ് മോഡേണിസത്തെക്കുറിച്ച് വി.സി. ഹാരിസുമായി ചേർന്ന് ‘നവസിദ്ധാന്തങ്ങൾ' എന്ന പുസ്തക പരമ്പര പ്രസിദ്ധീകരിച്ചു. സാഹിത്യം, സാംസ്‌കാരിക രാഷ്ട്രീയം, സാഹിത്യചിന്ത തുടങ്ങിയ മേഖലകളിൽ മൗലിക രചനകൾ നടത്തിയിട്ടുണ്ട്.

Comments