മിഖായേൽ ഗോർബച്ചേവ്

ചരിത്രം നിങ്ങളെ കുറ്റക്കാരനല്ലെന്ന്

കമ്യൂണിസത്തെ കേവലം വികാരമായി മാത്രം കൊണ്ടു നടക്കുന്നവർ ഇപ്പോഴും ആ പേര് കേൾക്കുമ്പോൾ അസഭ്യം പറയുകയും തള്ളിപ്പറയുകയും ചെയ്യുമെങ്കിലും മനുഷ്യ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ആശയങ്ങൾ വികാസം കൊള്ളുമ്പോഴൊക്കെ ഗോർബച്ചേവ് എന്ന കമ്യൂണിസ്റ്റ് നേതാവ് ഓർമിക്കപ്പെടുക തന്നെ ചെയ്യും.

വിധിക്കുക തന്നെ ചെയ്യും

രുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭൂമികയെ മാറ്റി വരച്ച മിഖായേൽ സെർഗേയ്വിച്ച് ഗോർബച്ചേവ് 91ാം വയസ്സിൽ വിടവാങ്ങി. ആഗസ്റ്റ് 30ന് മോസ്‌കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ആ യുഗപുരുഷന്റെ അന്ത്യം. ഇത്രയധികം സാമൂഹ്യ- രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണഭൂതനായ മറ്റൊരാൾ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ വേറെയില്ലെന്നുതന്നെ പറയാം. സോവിയറ്റ് കമ്യൂണിസത്തിന്റെ പതിവുകളനുസരിച്ച് ചിന്തിച്ചാൽ ഗോർബച്ചേവിന് ആ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി നിലനിന്നു കൊണ്ടുതന്നെ മരിക്കാമായിരുന്നു. സോവിയറ്റ് ഭരണാധികാരികളിൽ ക്രൂഷ്‌ചേവ് ഒഴിച്ച് മറ്റുള്ളവരെല്ലാം മരണം വരെ അധികാരം കയ്യാളിയവരായിരുന്നല്ലോ. എന്നാൽ അത്തരമൊരു ജീവിതം ഗോർബച്ചേവ് ആഗ്രഹിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ നിലനിന്ന അനീതികളെയും അസംബന്ധങ്ങളെയും മറച്ചുവെച്ച് തന്റെ ജനതയെ വഞ്ചിച്ച്​ അധികാരത്തെ നിലനിർത്തി മുന്നോട്ടുപോവാൻ ഗോർബച്ചേവിലെ മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റുകാരൻ ആഗ്രഹിച്ചില്ല. അതിനാൽ ചരിത്രം മറ്റൊന്നായി. മാപ്പർഹിക്കാത്ത എന്തോ പാതകം ചെയ്ത ഒരാൾ എന്ന നിലയിൽ ഗോർബച്ചേവിനെ വിലയിരുത്താനും കുറ്റപ്പെടുത്താനും ഇങ്ങിവിടെ കേരളത്തിൽ പോലും ആളുകളുണ്ടായി.

മിലോവൻ ജിലാസ് / Photo : Wikimedia Commons

54ാം വയസ്സിലാണ് ഗോർബച്ചേവ് സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലെത്തുന്നത്. സോവിയറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയും ഏറ്റവും പ്രായം കുറഞ്ഞ പോളിറ്റ് ബ്യൂറോ അംഗവും അദ്ദേഹമായിരുന്നു. രാഷ്ട്രീയം തനിക്കേറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എന്നിട്ടും അദ്ദേഹമത് മൂന്നു തവണ ഉപേക്ഷിക്കുവാൻ ശ്രമിച്ചിരുന്നുവത്രേ. പക്ഷേ, ഒരിക്കലും അതിനു സാധിച്ചില്ല. തൽക്കാലികമായി മാറി നിന്നപ്പോഴും അറിയാതെ അദ്ദേഹം അതിലേക്കു തന്നെ തിരിച്ചെത്തിക്കൊണ്ടിരുന്നു. പാർട്ടിയുടെയും ഭരണത്തിന്റേയും തലപ്പത്തെത്തിയപ്പോൾ പാർട്ടിയിലും ഭരണത്തിലും ചില മാറ്റങ്ങൾ വേണമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. അതിനായി മാറ്റത്തിന്റെ കവാടം തുറന്നപ്പോഴാണ് പ്രശ്‌നങ്ങളുടെ ഗൗരവം ഈ കമ്യൂണിസ്റ്റുകാരന് ബോധ്യമായത്. അതയാളെ ഞെട്ടിച്ചു കളഞ്ഞു.

യൂഗോസ്ലാവിയൻ നേതാവായ മിലോവൻ ജിലാസ് പറഞ്ഞ "ന്യൂക്ലാസ്' സോവിയറ്റ് പാർട്ടിയിൽ പിടിമുറുക്കിയിരുന്നു. നേതാക്കളുടേതായ പുതിയൊരു "വർഗം' സോവിയറ്റ് യൂണിയനിൽ നിലവിൽ വന്നിരുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങളാണ് പാർട്ടിയിലും ഭരണത്തിലും നടപ്പിലാക്കിക്കൊണ്ടിരുന്നത്.

സമൂലമാറ്റങ്ങൾക്ക് തുടക്കം കുറിക്കാതെ മുന്നോട്ടുപോവുക അസാധ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. താനുൾപ്പെട്ട പോളിറ്റ്ബ്യൂറോയിൽ പോലും യഥാർത്ഥ കമ്യൂണിസ്റ്റുകാരില്ലാത്ത ഒരവസ്ഥയെ വേദനയോടെ താൻ തിരിച്ചറിയുകയായിരുന്നു എന്നു പോലും അദ്ദേഹം പറയുകയുണ്ടായി. അധികാരം അവരെയെല്ലാം അത്ര മാത്രം ദുഷിപ്പിച്ചിരുന്നു. യൂഗോസ്ലാവിയൻ നേതാവായ മിലോവൻ ജിലാസ് പറഞ്ഞ "ന്യൂക്ലാസ്' സോവിയറ്റ് പാർട്ടിയിൽ പിടിമുറുക്കിയിരുന്നു. നേതാക്കളുടേതായ പുതിയൊരു "വർഗം' സോവിയറ്റ് യൂണിയനിൽ നിലവിൽ വന്നിരുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങളാണ് പാർട്ടിയിലും ഭരണത്തിലും നടപ്പിലാക്കിക്കൊണ്ടിരുന്നത്. മാറ്റങ്ങളെ അവർ എപ്പോഴും ചെറുത്തു കൊണ്ടിരുന്നു. ഈ യാഥാസ്ഥിതിക വർഗത്തെയാണ് ആദ്യം നേരിടേണ്ടത്. ലോകത്തിലെ മറ്റു കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഈ സ്ഥിതി വന്നു കഴിഞ്ഞു എന്നദ്ദേഹം തിരിച്ചറിഞ്ഞു. ഭരണത്തിലെയും പാർട്ടിയിലെയും വരേണ്യവിഭാഗത്തെ തൃപ്തിപ്പെടുത്തി മുന്നേറുക പ്രയാസമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. ഈ സാഹചര്യത്തിലാണ് രണ്ടും കൽപ്പിച്ച് "പെരിസ്‌ട്രോയിക്കയും ' "ഗ്ലാസ്‌നോസ്റ്റും' നടപ്പിൽ വരുത്താൻ ഗോർബച്ചേവെന്ന പാർട്ടി ജനറൽ സെക്രട്ടറി കച്ചകെട്ടിയിറങ്ങിയത്. ആദ്യമൊക്കെ ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങൾ ലോകത്തിലെ ആദ്യത്തെ ജനാധിപത്യ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് സാധ്യതയൊരുക്കും എന്നു കരുതപ്പെട്ടു. ഘടനാപരമായ മാറ്റങ്ങളിലൂടെ സോവിയറ്റ് സോഷ്യലിസത്തെ നവീകരിച്ച് ജനാധിപത്യവൽക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം കേന്ദ്രീകൃതവുമായ ഒരു വ്യവസ്ഥയായിരുന്നു അന്നവിടെ നിലവിലുണ്ടായിരുന്നത്. ഇതിനായി രാഷ്ട്രീയമായും ഭരണപരവുമായുള്ള നീക്കങ്ങൾക്ക് ഗോർബച്ചേവ് ആക്കം കൂട്ടി. പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. സാംസ്‌കാരിക ജീവിതത്തിൽ സ്വതന്ത്രചിന്തക്കും സംവാദങ്ങൾക്കും ഇടം നൽകി. വ്യക്തികളുടെ ചിന്താസ്വാതന്ത്ര്യം ഗോർബച്ചേവിനെ സംബന്ധിച്ചേടത്തോളം പരമപ്രധാനമായിരുന്നു. വിമത ഭൗതിക ശാസ്ത്രജ്ഞൻ ആന്ദ്രേ സഖാറോവ് തടവറയിൽ നിന്നും മോചിതനായി. പുസ്തകങ്ങൾക്കും സിനിമകൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ മാറ്റപ്പെട്ടു. രാഷ്ട്രീയത്തടവുകാർ മോചിപ്പിക്കപ്പെട്ടു. മാറിയ അന്തരീക്ഷത്തിൽ സോവിയറ്റ് യൂണിയനിൽ ഒരു പൗരസമൂഹം രൂപപ്പെട്ടുവന്നു.

തകർന്നു കിടന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സമൂലമായ സാമ്പത്തിക പരിഷ്‌കാരങ്ങൾ മറ്റൊരു ഭാഗത്തും നടപ്പിലാക്കിക്കൊണ്ടിരുന്നു. ഉല്പാദനത്തിലും വിഭവങ്ങൾ വിതരണ ചെയ്യുന്നതിലും കാര്യക്ഷമത ഉറപ്പുവരുത്താനുള്ള നീക്കങ്ങൾ ഏറ്റെടത്തു. കാലഹരണപ്പെട്ട പല രീതികളും ഗോർബച്ചേവ് ഉപേക്ഷിച്ചു. സാമ്പത്തിക സംവിധാനത്തെ അടിമുടി അഴിച്ചു പണിതു. പ്രശ്‌നങ്ങളെപ്പറ്റിയും കാരണങ്ങളെപ്പറ്റിയും വലിയ വിശകലനങ്ങൾക്ക് അദ്ദേഹം തന്നെ നേതൃത്വം കൊടുത്തു. കേന്ദ്രീകൃതാസൂത്രണ സമ്പ്രദായത്തെ മാറ്റി ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ സമ്പ്രദായങ്ങൾ കൊണ്ടുവരുവാൻ ശ്രമിച്ചു. തൊഴിലിന്റെ രംഗത്തും വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിനിടയിലും യാഥാസ്ഥിതികവാദികളുമായുള്ള ഏറ്റുമുട്ടൽ നടന്നുകൊണ്ടിരുന്നു. പരിഷ്‌കാരങ്ങൾക്ക് അവരിൽ നിന്നുള്ള പിന്തുണ ഉണ്ടായതേയില്ല. മേൽതട്ടിൽ ചില്ലറ മാറ്റങ്ങൾ വരുത്തി മുൻവ്യവസ്ഥ തുടരണം എന്ന വാദക്കാരായിരുന്നു പാർട്ടി നേതൃത്വത്തിൽ ഭൂരിപക്ഷവും. ഇവരുടെ എതിർപ്പ് രഹസ്യമായി പ്രവർത്തിച്ചു.

ആന്ദ്രേ സഖാറോവിൻറെ ഛായാചിത്രം / Photo : Wikimedia Commons

ഇതിന്റെയെല്ലാം ഫലമായി, നിലനിന്നിരുന്ന വ്യവസ്ഥ പരിഷ്‌കരിക്കാൻ നടത്തിയ ശ്രമങ്ങൾ അതിന്റെ പതനത്തിലേക്ക് എളുപ്പം നയിക്കപ്പെട്ടു. അധികാരത്തിലേറി ആറു വർഷം പിന്നിട്ടപ്പോൾ ഗോർബച്ചേവിന് സോവിയറ്റ് യൂണിയൻ തന്നെ പിരിച്ചുവിടേണ്ടി വന്നു. അങ്ങനെയാണ് 15 സ്വതന്ത്ര റിപ്പബ്ലിക്കുകൾ നിലവിൽ വന്നത്. അതിനു മുമ്പ് തന്നെ പ്രാതിനിധ്യ ജനപ്രതിനിധിസഭകൾ അവിടെ നിലവിൽ വന്നിരുന്നു. സോവിയറ്റ് മാധ്യമ രംഗത്തെ സ്വതന്ത്രമാക്കി മാറ്റിയിരുന്നു. മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കുവാനുള്ള അനുവാദം നൽകുകയും ചെയ്തു. ഇതൊക്കെ യാഥാസ്ഥിതിക നേതാക്കളെ അമ്പരപ്പിച്ചു. സോഷ്യലിസത്തെ പരിഷ്‌ക്കരിച്ച് ജനാധിപത്യ സോഷ്യലിസം നടപ്പിലാക്കാനുള്ള ഗോർബച്ചേവിന്റെ ശ്രമത്തെ പിന്തള്ളിയവർ പകരം മുതലാളിത്തം സ്ഥാപിക്കാനാണ് പിന്നീട് തയ്യാറായത്. അത്തരമൊരു നീക്കം ഗോർബച്ചേവ് പ്രതീക്ഷിച്ചതേയില്ല. ബലപ്രയോഗത്തിലൂടെ ഇതിനെ നേരിടാനും വ്യവസ്ഥയെ നിലനിർത്താനും സോവിയറ്റ് പ്രസിഡന്റ് എന്ന നിലയിൽ ഗോർബച്ചേവിന് ശ്രമിക്കാമായിരുന്നു. എന്നാൽ അതദ്ദേഹത്തിന്റെ വഴിയായിരുന്നില്ല. അതിനദ്ദേഹം തയ്യാറായില്ല. ലോകത്തിലെ ഏറ്റവും വലിയ അധികാരം നഷ്ടപ്പെടുത്തിക്കൊണ്ടായാലും താൻ മുന്നോട്ടുവെച്ച മൂല്യങ്ങളെ സംരക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഉരുത്തിരിഞ്ഞു വന്ന സാഹചര്യത്തെ മുന്നോട്ടു കൊണ്ടുപോവാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ടാകാം എന്നത് അവിതർക്കിതമായ കാര്യം തന്നെയാണ്. എന്നാൽ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുത്തത് സോവിയറ്റ് റഷ്യയിലെ യാഥാസ്ഥിതിക നേതൃത്വം തന്നെയായിരുന്നു

ഇങ്ങനെയെല്ലാം നടന്ന സംഭവവികാസങ്ങളെ വികലവ്യാഖ്യാനങ്ങളിലൂടെ വിലയിരുത്തുകയും തുടർന്നിങ്ങോട്ട് ഗോർബച്ചേവിനെ വർഗവഞ്ചകനെന്ന നിലയിൽ ചിത്രീകരിക്കുകയും ചെയ്തു "കമ്യൂണിസ്റ്റ് യാഥാസ്ഥിതികർ'. ഈ സംഭവ വികാസങ്ങളിൽ മുതലാളിത്ത രാഷ്ട്രങ്ങളുടെ പങ്ക് ആരോപിക്കുന്നവർക്ക് സോവിയറ്റ് തകർച്ചയെപ്പറ്റി എഴുതപ്പെട്ട "Revolution From Above' എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരന്മാർ മുന്നോട്ടു വെക്കുന്ന ഒരു ചോദ്യമാണ് മികച്ച മറുപടിയായി എനിക്കും തോന്നിയിട്ടുള്ളത്. അതിപ്രകാരമാണ്. "ചില സോവിയറ്റ് നേതാക്കൾ ഇതിൽ വിദേശകരങ്ങളുടെ പങ്ക് ആരോപിക്കുന്നുണ്ട്. പക്ഷെ പ്രമുഖ പാശ്ചാത്യ മുതലാളിത്തശക്തികളെല്ലാം തന്നെ, സോവിയറ്റ് യൂണിയന്റെ ഉത്ഭവകാലം മുതലേ അതിനെ തകർക്കാൻ സമസ്ത തന്ത്രങ്ങളും പ്രയോഗിച്ചു വന്നിട്ടുണ്ട്. സോവിയറ്റ് യൂണിയൻ ദുർബലവും അവികസിതവുമായിരുന്ന ആദ്യകാലത്ത് അതിന് കഴിയാതിരുന്നവർക്ക്, അത് കരുത്തിന്റെയും പുരോഗതിയുടെയും ഉച്ചകോടിയിലെത്തി നിൽക്കുമ്പോൾ അതിനെ തകർക്കാൻ സാധിക്കും എന്ന് വിശ്വസിക്കാനാവുമോ? ' ( Revolution From Above - The Demise of the Soviet System - David M Kotz and Fred Weir 1997 )

ഉരുത്തിരിഞ്ഞു വന്ന സാഹചര്യത്തെ മുന്നോട്ടു കൊണ്ടുപോവാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ടാകാം എന്നത് അവിതർക്കിതമായ കാര്യം തന്നെയാണ്. എന്നാൽ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുത്തത് സോവിയറ്റ് റഷ്യയിലെ യാഥാസ്ഥിതിക നേതൃത്വം തന്നെയായിരുന്നു എന്നത് പകൽ പോലെ വ്യക്തവുമാണ്. 1990- ൽ യൂണിയനിലെ റഷ്യൻ റിപ്പബ്ലിക്കിന്റെ ചീഫ് എക്‌സിക്യൂട്ടിവായിരുന്ന ബോറിസ് യെൽറ്റ്‌സിനാണ് ഇതിന് നേതൃത്വം കൊടുത്തത്. 1991 ലെ ഗോർബച്ചേവ് ഭരണത്തിനെതിരെ നടന്ന അട്ടിമറിശ്രമം പരാജയപ്പെട്ടതോടെ യെൽറ്റ്‌സിൻ ശക്തനാവുകയായിരുന്നു. ആ അട്ടിമറി ശ്രമമാണ് സത്യത്തിൽ ഗോർബച്ചേവിനും അദ്ദേഹത്തിന്റെ പദ്ധതികൾക്കും തിരിച്ചടിയായത്. 1991 ൽ ഗോർബച്ചേവ് ക്രിമിയയിൽ അവധിക്കാലം ചെലവഴിക്കുമ്പോൾ സോവിയറ്റ് ഭരണകൂടത്തിലെ ഉന്നത നേതാക്കൾ യോഗം ചേർന്ന് ഗോർബച്ചേവിനെ പ്രസിഡൻറ്​ സ്ഥാനത്തു നിന്നും നീക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് ഗോർബച്ചേവിനെ വീട്ടുതടങ്കലിലാക്കി രാജ്യത്ത് അവർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതാണ് പരിഷ്‌കാരശ്രമങ്ങളെ അട്ടിമറിച്ച സംഭവം. ഇതിന്റെ കാരണക്കാരെ ഇന്നിപ്പോൾ ആരും കുറ്റം പറയുന്നില്ല. യഥാർത്ഥത്തിൽ അവരാണ് കുറ്റക്കാർ. ഈ ശ്രമത്തെ ചെറുത്തു തോല്പിച്ചത് യെൽറ്റ്‌സിനും കൂട്ടരുമായിരുന്നു. ഇതോടെയാണ് യെൽറ്റ്‌സിൻ കരുത്തനായത്. ഇതിലൂടെ യെൽറ്റ്‌സിൻ ഗോർബച്ചേവിനെ ദുർബലനാക്കുകയായിരുന്നു. കാര്യങ്ങൾ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലല്ലാതായി. പിന്നെ അദ്ദേഹം ശ്രമിച്ചത് രക്തച്ചൊരിച്ചിലില്ലാതെ കാര്യങ്ങളെ നീക്കുക എന്നതിനായിരുന്നു. ചരിത്രം അതിന്റെ വേഗത വർദ്ധിപ്പിച്ചു. ബർലിൻ മതിൽ പൊളിഞ്ഞു വീണു. യൂറോപ്പ് കമ്യൂണിസ്റ്റ് ഏകാധിപതികളിൽ നിന്നും അവരാൽ സൃഷ്ടിക്കപ്പെട്ട പ്രത്യേക വർഗത്തിൽ നിന്നും മോചിതമായി. ശീതയുദ്ധം അവസാനിച്ചു. അണുവായുധ പ്രതിസന്ധിക്ക് അയവുണ്ടായി.

ബോറിസ് യെൽറ്റ്‌സിൻ പ്രവർത്തകരോടൊപ്പം / Photo : Wikimedia Commons

സോവിയറ്റ് യൂണിയൻ ഇല്ലാതാവുക എന്നത് ഗോർബച്ചേവ് ആഗ്രഹിച്ച കാര്യമല്ല. അതിനെ നില നിർത്തിക്കൊണ്ട് റിപ്പബ്ലിക്കുകൾക്ക് കൂടുതൽ സ്വയംഭരണാവകാശങ്ങൾ നൽകി ജനാധിപത്യത്തെ വളർത്തി പുതിയൊരു സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനിടയിലാണ് അപ്രതീക്ഷിതമായ അട്ടിമറിശ്രമം നടന്നത്. രക്ഷകന്റെ റോളിൽ വന്ന ബോറിസ് യെൽറ്റ്‌സിൻ കാര്യങ്ങളെ മറ്റൊരു വഴിക്ക് നയിച്ചു. യെൽറ്റ്‌സിനെക്കുറിച്ച് തനിക്ക് ആദ്യമേ സംശയങ്ങളുണ്ടായിരുന്നെങ്കിലും കാര്യങ്ങൾ ഇത്രവേഗം കുഴഞ്ഞുമറിയുമെന്ന് കരുതിയില്ലെന്ന് ഗോർബച്ചേവ് ഒരഭിമുഖത്തിൽ പിന്നീട് പറയുന്നുണ്ട്. അദ്ദേഹം വലിയ അധികാരക്കൊതിയനായിരുന്നു. സ്ഥാനമാനങ്ങളോട് വലിയ ആർത്തിയും. അവഹേളിക്കപ്പെട്ടവനെന്ന ഒരു മനോനിലയും. ഇത്രയും മനസ്സിലാക്കാൻ താൻ വൈകിയെന്നാണ് ഗോർബച്ചേവ് പറയുന്നത്. സത്യത്തിൽ ഗോർബച്ചേവിന്റെ സന്മനസ്സുകൊണ്ടാണ് യെൽറ്റ്‌സിൻ സുപ്രീം സോവിയറ്റിൽ അംഗമായതു പോലും.

ജില്ലാ തലത്തിലെ നേതാവ് ജില്ലയിലെ രാജാവ് തന്നെയായിരുന്നു. അതിലും ഉയർന്ന നേതാവ് "സർ ' ചക്രവർത്തിക്ക് തുല്യൻ. പാർട്ടി ജനറൽ സെക്രട്ടറി ദൈവ സമാനൻ! ഈ സാഹചര്യമൊക്കെയാണ് താൻ മാറ്റിയെടുക്കാൻ ശ്രമിച്ചത് എന്ന് ഗോർബച്ചേവ്​ ഏറ്റുപറയുന്നുണ്ട്.

സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ നേരെയാക്കാൻ കഴിഞ്ഞില്ലെന്ന കുറ്റസമ്മതം അദ്ദേഹം നടത്തിയിട്ടുണ്ട്. പാർട്ടിയിലെ പ്രശ്‌നങ്ങൾ തക്ക സമയങ്ങളിൽ തിരുത്തപ്പെട്ടില്ല. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ഒരു വലിയ യന്ത്രമായിരുന്നു. പാർട്ടി നേതാക്കൾ കയ്യാളിയ അധികാരം അളവറ്റതായിരുന്നു. ജില്ലാ തലത്തിലെ നേതാവ് ജില്ലയിലെ രാജാവ് തന്നെയായിരുന്നു. അതിലും ഉയർന്ന നേതാവ് "സർ ' ചക്രവർത്തിക്ക് തുല്യൻ. പാർട്ടി ജനറൽ സെക്രട്ടറി എന്നൊക്കെ പറയുന്നത് ദൈവ സമാനൻ. ഈ സാഹചര്യമൊക്കെയാണ് താൻ മാറ്റിയെടുക്കാൻ ശ്രമിച്ചത് എന്ന് അദ്ദേഹം ഏറ്റുപറയുന്നുണ്ട്. തനിക്ക് നിരാശയുണ്ട് ; എന്നാൽ കുറ്റബോധമില്ല എന്നും ഗോർബച്ചേവ് കൂട്ടിച്ചേർക്കുന്നു. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകാൻ കഴിഞ്ഞതിൽ അഭിമാനവുമുണ്ട്. ഗോർബച്ചേവിന്റെ പരിഷ്‌കാരത്തെ വിജയിക്കുവാൻ അനുവദിച്ചിരുന്നുവെങ്കിൽ പുതിയൊരു സോഷ്യലിസ്റ്റ് പരീക്ഷണത്തിന് വഴിയൊരുങ്ങുമായിരുന്നു. അത് സംഭവിച്ചില്ല എന്നതാണ് ഏറ്റവും വലിയ നഷ്ടം.

യു.എസ്. പ്രസിഡന്റ് ജോർജ്ജ് ബുഷിനോടൊപ്പം സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് / Photo : Wikimedia Commons

അധികാരവും രാഷ്ട്രീയവും ഉപേക്ഷിച്ച ഗോർബച്ചേവ് പിന്നെയും നീണ്ട വർഷങ്ങൾ ജീവിച്ചു. ലോക രാഷ്ട്രീയത്തിന്റെ രംഗഭൂമിയിൽ നിന്നും വിട്ടുമാറിയ അദ്ദേഹം തന്റെ പേരിൽ ഒരു ബൗദ്ധിക ചർച്ചാവേദി സ്ഥാപിച്ചു. The Gorbachev Foundation എന്ന പേരിലറിയപ്പെട്ട അതിന്റെ പ്രവർത്തനങ്ങളുമായി ഒതുങ്ങി കഴിഞ്ഞു കൂടി. അതിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാൻ അദ്ദേഹം നിരന്തരം പ്രഭാഷണങ്ങൾ നടത്തി. പുസ്തകങ്ങൾ രചിച്ചു. വലിയ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിൽ പങ്കാളിയായി. "ഞാൻ പരസ്യമായാണ് ഇതൊക്കെ ചെയ്യുന്നത്. മറ്റു പലരേയും പോലെ, രഹസ്യമായി ധനം മോഷ്ടിക്കുകയോ ക്രിമിനൽ മാർഗ്ഗങ്ങളിലൂടെ പണമുണ്ടാക്കുകയോ ചെയ്യുന്നില്ലല്ലോ ' എന്നാണദ്ദേഹം ഇതേപ്പറ്റി പറഞ്ഞത്.

ലോകത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഗോർബച്ചേവിൽ നിന്നും പലതും പഠിക്കുവാനുണ്ട്. അതിനു തയ്യാറാവാതെ, നിരാശമൂത്ത് അദ്ദേഹത്തെ പൂർണ്ണമായും തള്ളിക്കളയുന്നത് ചരിത്ര നിഷേധവും യുക്തിനിരാസവുമാണ്.

1990-ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഗോർബച്ചേവിന് ലഭിച്ചിരുന്നു. അതു വഴി ലഭിച്ച സമ്മാനതുക ഉപയോഗിച്ച് അദ്ദേഹം തന്റെ സുഹൃത്തുകൂടിയായ അലക്‌സാദസ് ലേബ്ദേവുമായി ചേർന്ന് ഒരു റഷ്യൻ പത്രം തുടങ്ങി. ഇപ്പോൾ പ്രസിദ്ധമായ "നോവായ ഗസറ്റ'. ആദ്യം മുതൽ അതിന്റെ പത്രാധിപരായി പ്രവർത്തിക്കുന്ന ദിമിത്രി മുറാടോവ് 2021 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടി. അങ്ങനെ മറ്റൊരു ചരിത്ര നിയോഗത്തിലും ഗോർബച്ചേവിന് പങ്കാളിയാവാൻ സാധിച്ചു. മൂന്നര പതിറ്റാണ്ടിനിപ്പുറവും താൻ തുടക്കം കുറിച്ച പെരിസ്‌ട്രോയിക്കയുടെ സാധ്യതയിൽ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22 ന് ഫൗണ്ടേഷന്റെ വെബ് പേജിലെഴുതിയ ഒരു കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: "എന്റെ ചിന്തയിൽ അതിപ്പോഴും (പെരിസ്‌ട്രോയ്ക്ക) തുടരുന്നുണ്ട്. അതിൽ നിന്നുള്ള അനുഭവങ്ങളും പാഠങ്ങളും ഇന്നും പ്രസക്തമാണ്, റഷ്യയ്ക്കും ലോകത്തിനും.'

ലോകത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഗോർബച്ചേവിൽ നിന്നും പലതും പഠിക്കുവാനുണ്ട്. അതിനു തയ്യാറാവാതെ, നിരാശമൂത്ത് അദ്ദേഹത്തെ പൂർണ്ണമായും തള്ളിക്കളയുന്നത് ചരിത്ര നിഷേധവും യുക്തിനിരാസവുമാണ്.

മനുഷ്യസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ആശയങ്ങൾ വികാസം കൊള്ളുമ്പോഴൊക്കെ ഗോർബച്ചേവ് എന്ന കമ്യൂണിസ്റ്റ് നേതാവ് ഓർമ്മിക്കപ്പെടുകയും ചെയ്യും. കമ്യൂണിസത്തെ കേവലം വികാരമായി മാത്രം കൊണ്ടു നടക്കുന്നവർ ഇപ്പോഴും ആ പേര് കേൾക്കുമ്പോൾ അസഭ്യം പറയുകയും തള്ളിപ്പറയുകയും ചെയ്യുമെങ്കിലും ചരിത്രം മിഖായേൽ സെർഗേയ്വിച്ച് ഗോർബച്ചേവിനെ കുറ്റക്കാരനല്ലെന്ന് അന്തിമ വിധിയെഴുതുക തന്നെ ചെയ്യും.

ഒ.വി. വിജയൻ പറഞ്ഞ ഒരു വാചകത്തോടെ ഈ സ്മരണ അവസാനിപ്പിക്കട്ടെ; "ഗോർബച്ചേവിന്റെ പരിഷ്‌കരണത്തിന് ആസ്പദം പുസ്തകമല്ല, അനുഭവമാണ്.'

​​​​​​​ സോവിയറ്റ് കമ്യൂണിസം എന്ന അനുഭവം നമ്മൾ പുറംലോകത്തുള്ളവർ പുസ്തകങ്ങളിലൂടെ അറിഞ്ഞതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുൾക്കൊള്ളാൻ ചിലരിപ്പോഴും തയ്യാറായിട്ടില്ല എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം. അവരാണ് ഗോർബച്ചേവിനെ ഇപ്പോഴും പ്രതിനായകസ്ഥാനത്ത് നിർത്തുന്നത്. ചരിത്രം അദ്ദേഹത്തിന്റെ മഹത്വത്തെ തിരിച്ചറിയുക തന്നെ ചെയ്യും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments