പതിനാറുകാരന്റെ​സ്​കൂൾ വിശപ്പ്​

തോട്ടക്കാട്ടിലും ഒരുപക്ഷേ കുണ്ടുതോട്ടിലാകെയും അവനല്ലാതെ മറ്റാരും ആ പ്രായത്തിൽ സ്‌കൂളിൽ പോവാതെ അങ്ങനെ കുത്തിയിരിക്കുന്നുണ്ടാവില്ല. കോഴിക്കോട് നഗരത്തിൽ അവന്റെ അവസ്ഥയിലായിപ്പോയ ഒരുപാട് കുട്ടികളുണ്ടായിരുന്നു. പക്ഷേ, ഇവിടെ ചർമ്മവും കടന്ന് പച്ച മാംസത്തിൽ തന്നെ ആ സൂചിമുനകൾ വന്നുകൊണ്ടു.

തോട്ടക്കാട്ടിൽ ജീവിച്ച കാലത്താണ് എന്റെയുള്ളിലെ എന്നെ ഞാൻ മുഖാമുഖം കണ്ടത്.

സ്ത്രീകളെ ഭയക്കുന്ന, അപരിചിതരുടെ ഇടയിലേക്കുപോകാത്ത, ആൾക്കൂട്ടങ്ങൾ പാടെ ഒഴിവാക്കുന്ന ഒരു കുട്ടി ഉള്ളിലിരുന്ന് പിച്ചും പേയും പറഞ്ഞു. നഗരവും നാടും തന്ന മുറിവുകളൊക്കെയും ഉള്ളിൽ ചോര പൊടിച്ചുനിന്നു. ആ കുട്ടി അധികമാരോടും സംസാരിച്ചില്ല. അപരിചിതരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. പുറത്തുനിന്ന് ആരെങ്കിലും വന്നാൽ അവർ പോവുവോളം അവനാ ചായ്​പിലെ കട്ടിലിൽ കിടന്നു. വരുന്നത് അമ്മാവന്റെ മക്കളുടെ കൂട്ടുകാരികളാണെങ്കിൽ ആ കിടത്തം കട്ടിലിനടിയിലാവും.

പറയാനറിയുന്ന ഒരു ഭാഷ എഴുതാനോ വായിക്കാനോ അറിയില്ലെന്ന് മറ്റുള്ളവരോട് പറയുന്നതിൽ അവൻ ലജ്ജിച്ചു. ആ ലജ്ജ ഒഴിവാക്കാനായി പലരോടും പിൽക്കാലത്ത് അവൻ കള്ളം പറഞ്ഞു.

അവൻ മരപ്പലകകളിൽ വെള്ളക്കുമ്മായം പൂശി സ്റ്റയ്‌നർ കൊണ്ടുവരച്ച നസീറും എ. കെ. ജിയും മമ്മൂട്ടിയും കൃഷ്ണപിള്ളയുമൊക്കെ ആ വരാന്തയെ അലങ്കരിച്ചു. അത് വരച്ച ആൾ പുറത്തുവരാനായി കൂട്ടുകാരികൾ കാത്തുനിന്നു. തന്റെ ചിത്രത്തെ അവർ അഭിനന്ദിക്കുന്നതും അക്കാലത്ത് തോട്ടക്കാട്ടിൽ ഇല്ലാതിരുന്ന അത്തരം പോർട്രെയിറ്റുകൾ നോക്കി അവർ അത്ഭുതപ്പെടുന്നതും അവനിഷ്ടമായിരുന്നു. അവരെ കാണണമെന്നും ഉണ്ടായിരുന്നു, പക്ഷേ 16 വയസ്സിനുള്ളിൽ ജീവിതം അവന് സമ്മാനിച്ച അപകർഷതയുടെ പുതപ്പുകൾക്കുള്ളിൽ ശ്വാസം പോലും നിയന്ത്രിച്ച് അവൻ ചുരുണ്ടുകൂടിക്കിടന്നു.

അപരിചിതരുടെ ഇടയിലേക്കുപോകാത്ത, ആൾക്കൂട്ടങ്ങൾ പാടെ ഒഴിവാക്കുന്ന ഒരു കുട്ടി ഉള്ളിലിരുന്ന് പിച്ചും പേയും പറഞ്ഞു

വീട്ടിലാർക്കും അവനെ മനസ്സിലായില്ല. അവന്റെ സ്വഭാവവും പെരുമാറ്റവും മറ്റു കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. പുറത്തേക്കുവരാൻ മടിച്ച് ഒളിച്ചിരുന്ന കട്ടിലിനടിയിൽ അവൻ സ്ത്രീരൂപങ്ങൾ കണ്ടു. തൊലി കളഞ്ഞ കോഴിയുടെ ഗന്ധം പോലെ അനേകം പെണ്ണുടലുകളിലെ രഹസ്യ ഇടങ്ങളുടെ ഗന്ധം അവനെ പൊതിഞ്ഞു. താൻ കഴുകി വൃത്തിയാക്കേണ്ടി വന്ന യോനിയും ആർത്തവത്തുണികളും ആ ഇരുട്ടിൽ രക്തരൂപികളായി മാറി. മനം മറിക്കുന്ന ദുർഗന്ധങ്ങൾ അവനെ ഛർദ്ദിപ്പിച്ചു. വായ പൊത്തിപ്പിടിച്ച് അവനാ ഛർദ്ദികളെ ഉള്ളിലേക്കുതന്നെ പറഞ്ഞയച്ചു. വിരുന്നുകാരൊക്കെ പോയിക്കഴിയുമ്പോൾ പുറത്തേക്കുവന്ന് മുറ്റത്തേക്കോടി അവിടെയിരുന്ന് ഛർദ്ദിക്കുന്ന അവനെ വീട്ടുകാർ അത്ഭുതത്തോടെ നോക്കി.

എന്തുപറ്റിയെന്ന് ചോദിക്കുന്ന അമ്മായിയോടും അമ്മാവനോടും ഒന്നും പറയാനാവാതെ, എന്തുപറയണമെന്നറിയാതെ അവൻ നിശബ്ദം കരഞ്ഞു. കുറച്ച് ആഴ്ചകൾക്കുള്ളിൽ അവൻ നല്ലൊരു ടാപ്പിംഗ് തൊഴിലാളിയായി. അപ്പോൾ പണ്ട് അമ്മായി വെട്ടിയിരുന്ന തോട്ടം അവന് സ്വന്തമായി ടാപ്പ് ചെയ്യാൻ കിട്ടി. തോട്ടക്കാടും ഇടക്കാടും കടന്ന് മേനിക്കണ്ടി എന്ന ഇടത്തായിരുന്നു റബ്ബർ മരങ്ങൾ അവനെ കാത്തുനിന്നത്.

അമ്മാവൻ ഉണരുന്ന നേരം തന്നെ അവനും ഉണർന്നു. അരയിൽ ഒട്ടുപാലെടുക്കാനുള്ള കൂടയും, മുതുകിൽ റബ്ബർ പാല് ശേഖരിക്കാനുള്ള ബാരലുമായി അവൻ പുലർച്ചകളിൽ ആ പാതകളിലൂടെ നടന്നു. ചൂട്ടിന്റെയും ടോർച്ചിന്റെയും വെളിച്ചങ്ങൾ അവനെ കടന്നുപോയി. കുറെ തവണ അവനോട് പലതും ചോദിച്ച് ഉത്തരം കിട്ടാതായപ്പോൾ ചോദ്യങ്ങൾ നിന്നു. അവനെ കാണുമ്പോൾ വെറും മൂളൽ മാത്രമായി. ആ മൂളലും അവൻ കേട്ടില്ല. ഉദയത്തിന് മുമ്പുള്ള ഇരുട്ട് അവന് ലഹരിയായിരുന്നു. മഞ്ഞുവീണ വഴികളും പുൽക്കാടുകളും അവന് ലഹരിയായിരുന്നു.

ഒരുപാട് കയറ്റിറക്കങ്ങളുള്ള ആ പാതകളിലൂടെ അവൻ നടന്നു. ഇടക്കാടിന്റെ ഇരുളിൽ മുള്ളൻ പന്നികളും കാട്ടുമുയലുകളും പെരുമ്പാമ്പുകളും വിഷപ്പാമ്പുകളും ജീവിച്ചു ഇരുളിലൂടെ മുള്ളൻ പന്നികൾ ഓടുന്ന ശബ്ദവും അവന് ലഹരിയായിരുന്നു. അപ്പുറവും ഇപ്പുറവും റബ്ബർ തോട്ടങ്ങളും വീടുകളും ഉള്ളതിനാലാണ് ആ കാടിന് ഇടക്കാടെന്ന പേര് വീണത്. അവിടെ കൂറ്റൻ മരങ്ങളുണ്ടായിരുന്നു. അയനി പ്ലാവുകളിൽ ചക്കകൾ കായ്ച്ച് നിന്നിരുന്നു. അതിന്റെ കുഞ്ഞ് ചുളമധുരങ്ങൾ അവന്റെ വിശപ്പിന് ശമനം നൽകി. പേരറിയാത്ത കാട്ടുകായകൾ പറിച്ചു തിന്ന് അവൻ വിശപ്പാറ്റി.

രാവിലെ ചക്കരക്കാപ്പിയും മൈദ കൊണ്ടുണ്ടാക്കിയ കട്ടിപ്പത്തിരിയും തിന്ന്, പണിക്കുപോയാൽ ഉച്ചയ്ക്ക് മടങ്ങി വരും വരെ അവനെ പോറ്റിയത് ആ ചെറിയ കാടാണ്. അവിടെ വള്ളികളിൽ പലതരം പഴങ്ങൾ ചുവന്നും നീലിച്ചും നിന്നു. മധുരവും ചവർപ്പും പുളിയും മഞ്ഞുനനഞ്ഞ് അവനെ മാടി വിളിച്ചു. ഏതാണ് തിന്നാൻ പറ്റിയത്, ഏതാണ് പറ്റാത്തത് എന്നൊന്നും അവനറിയുമായിരുന്നില്ല. കണ്ണിൽ കണ്ടതൊക്കെ പറിച്ചുതിന്നു. ചിലപ്പോൾ കുടൽ മറിഞ്ഞ് ഛർദ്ദിച്ചു. ചിലപ്പോൾ വയറിളകി. ശരീരം കാട്ടിത്തന്ന ആ അടയാളങ്ങളിൽനിന്ന് അവൻ നല്ലതും ചീത്തയും തിരിച്ചറിഞ്ഞു.

തനിച്ചാവുമ്പോൾ സന്തോഷിക്കുകയും പാട്ടുപാടുകയും ന്യൂഡൽഹിയിലെ മമ്മൂട്ടിയുടെ ഡയലോഗുകൾ പറയുകയും ചെയ്യുന്ന താൻ എന്തുകൊണ്ട് മറ്റുള്ളവർക്കിടയിൽ മൗനിയാവുന്നു എന്ന് അവൻ അവനോടുതന്നെ ചോദിച്ചു, ഉത്തരം കിട്ടിയില്ല.

അയനിച്ചക്കകൾ അവനെ മോഹിപ്പിച്ച്​ ഉയരങ്ങളിൽ പഴുത്തുനിന്നു. അവനാ ഉയരങ്ങൾ കയറി. പുളിയുറുമ്പുകളുടെ കടി വകവയ്ക്കാതെ കൊമ്പുകൾ പിടിച്ചുകുലുക്കി. ആലിപ്പഴം പോലെ അയനിച്ചക്കകൾ പൊഴിഞ്ഞുവീണു. വീണതിൽ പാതിയും കാട്ടുപൊന്തകളിൽ ഒളിച്ചു. ആ ഉയരങ്ങളിലിരുന്ന് അവൻ തൊട്ടിൽപാലവും കുറ്റ്യാടിയും കണ്ടു. അതിനപ്പുറം പെരുവണ്ണാമൂഴി അണക്കെട്ടിന്റെ ജലപ്പരപ്പ് കണ്ടു. പുലരിവെയിലിൽ തിളങ്ങുന്ന ആ ജലാതിർത്തിയിൽ അവൻ കോഴിക്കോടിന്റെ കടലിനെ സങ്കൽപ്പിച്ചു. കടലിനപ്പുറം എവിടെയോ കോട്ടക്കൽ അങ്ങാടി. അതിനപ്പുറം എവിടെയോ വലിയപറമ്പ്. അവിടെ അവന്റെ രക്തബന്ധങ്ങളുണ്ട്. ആ ഉയരങ്ങളിൽ നിന്നിറങ്ങുമ്പോൾ, വിശന്ന വയറിന് അയനിച്ചക്കയുടെ ചുളകൾ നൽകുമ്പോൾ,
വാഴനാരിന്റെ ഉറപ്പ് മാത്രമുള്ള രക്തബന്ധങ്ങളെ അവൻ ഓർത്തില്ല.

മേനിക്കണ്ടിയിലെ 360 റബ്ബർ മരങ്ങൾ അവന്റെ സംസാരം കേട്ടു, പാട്ട് കേട്ടു, മിമിക്രി കേട്ടു. ആ റബ്ബർ മരങ്ങൾക്കപ്പുറം കുത്തനെയുള്ള ചരിവാണ്. അവിടെയെങ്ങും ആൾപാർപ്പില്ല. ഉറക്കെ വിളിച്ചുകൂവിയാൽ പോലും അത് കേൾക്കാൻ ആ പരിസരത്ത് ഒറ്റ മനുഷ്യജീവിയുമില്ല. തനിച്ചാവുമ്പോൾ സന്തോഷിക്കുകയും പാട്ടുപാടുകയും ന്യൂഡൽഹിയിലെ മമ്മൂട്ടിയുടെ ഡയലോഗുകൾ പറയുകയും ചെയ്യുന്ന താൻ എന്തുകൊണ്ട് മറ്റുള്ളവർക്കിടയിൽ മൗനിയാവുന്നു എന്ന് അവൻ അവനോടുതന്നെ ചോദിച്ചു, ഉത്തരം കിട്ടിയില്ല.

300 മരങ്ങളാണ് ഒരു ബ്ലോക്ക്. ബാക്കി അറുപതു മരങ്ങൾ ടാപ്പ് ചെയ്തിരുന്നില്ല പുലരിയിൽ എല്ലു വിറപ്പിക്കുന്ന തണുത്ത കാറ്റുകൾ വീശും. ആ കാറ്റും അവന് ലഹരി തന്നെയായിരുന്നു കാറ്റുകൾ ആസ്വദിച്ച് അവനാ 300 മരങ്ങളും രണ്ട് മണിക്കൂർ കൊണ്ട് ടാപ്പ് ചെയ്യും. എന്നിട്ട് പാലെടുക്കാനുള്ള ഇടവേളയിൽ ആ ചെരുവിലെ ഏറ്റവും ഉയരം കൂടിയ പാറപ്പുറത്ത് കയറിയിരിക്കും. കുന്നുകളിൽ നിന്ന്​അടുക്കളപ്പുക ഉയരുന്നുണ്ടാവും. വിദൂരമായ ആ വീടുകളുടെ മുറ്റത്തും കുന്നുകളിലെ പാതകളിലൂടെയും അവന്റെ പ്രായമുള്ള കുട്ടികൾ സ്‌കൂളിലേക്ക് പോവുന്നുണ്ടാവും.

അളിയന്റെ വീട്ടുവരാന്തയിൽനിന്ന് നോക്കിയാൽ കാണാവുന്ന പി.ടി. ചാക്കോ മെമ്മോറിയൽ സ്‌കൂളിന്റെ മുറ്റത്ത് കുട്ടികൾ കളിക്കുന്നുണ്ടാവും. തനിക്കും അവർക്കും ഇടയിൽ തടസ്സമായി തീർന്ന ഭാഷയടക്കമുള്ള പല കാരണങ്ങളും അവന് മനസ്സിലായതേയില്ല.

സൂക്ഷിച്ചുനോക്കിയാൽ അവരുടെ യൂണിഫോമിന്റെ നിറം കാണാം. ആ കുഞ്ഞുരൂപങ്ങൾ നടന്നടുക്കുന്ന വിദ്യാലയങ്ങൾ തനിക്കന്യമാണെന്ന അറിവിൽ അവന്റെ നെഞ്ച് കനക്കും. മുമ്പിലെ പച്ചപ്പുകൾക്കുമേൽ കണ്ണീര് മറയിടും. തോട്ടക്കാട്ടിലും ഒരുപക്ഷേ കുണ്ടുതോട്ടിലാകെയും അവനല്ലാതെ മറ്റാരും ആ പ്രായത്തിൽ സ്‌കൂളിൽ പോവാതെ അങ്ങനെ കുത്തിയിരിക്കുന്നുണ്ടാവില്ല. കോഴിക്കോട് നഗരത്തിൽ സ്‌കൂൾ കുട്ടികളെ കാണുമ്പോൾ അവന് അത്ര വേദന തോന്നിയിരുന്നില്ല. അവന്റെ അവസ്ഥയിലായിപ്പോയ ഒരുപാട് കുട്ടികൾ ആ നഗരത്തിലുണ്ടായിരുന്നു. പക്ഷേ ഇവിടെ ചർമ്മവും കടന്ന് പച്ച മാംസത്തിൽ തന്നെ ആ സൂചിമുനകൾ വന്നുകൊണ്ടു. അമ്മാവന്റെ മൂന്നു മക്കളും പഠിക്കാൻ പോവുന്നുണ്ട്, അയൽവാസികൾ പോവുന്നുണ്ട്. ടാപ്പിംഗ് കഴിഞ്ഞ് പാലെടുത്ത് കന്നാസിലാക്കി ചുമന്ന് റാട്ടയിലെത്തിച്ച് ഉറയൊഴിച്ച് തലേന്നത്തേത് ഷീറ്റാക്കി മാറ്റുവോളം ആ സൂചിമുനകൾ അവന്റെ പച്ചമാംസത്തിൽ തുളച്ചുകയറിക്കൊണ്ടിരിക്കും.

വിശപ്പിന്റെ കടലിരമ്പത്തിൽ അവനാ സൂചിമുനകളെ മറക്കും. അയനി പ്ലാവുകൾ പലപ്പോഴും അവനോട് കരുണ കാട്ടി. അവ തങ്ങളുടെ കൊമ്പുകളിൽ കാറ്റുകളെ സ്വീകരിച്ച് പഴങ്ങളെ കുടഞ്ഞിട്ടു. മറ്റാരും വഴിനടക്കാനില്ലാത്ത ആ കാട്ടിൽ അയനി ചക്കകൾ നടുപിളർന്ന് മഞ്ഞയും ചുവപ്പും നിറത്തിൽ അവനെ കാത്തുകിടന്നു. അവനാ അയനിച്ചക്കകളുടെ കുരു എണ്ണി ഗണിതം പഠിച്ചു. മധുരം നുണഞ്ഞ് രസതന്ത്രം പഠിച്ചു. അതിന്റെ ചുറ്റും ഇഴഞ്ഞുനടന്ന പാമ്പുകളിൽനിന്ന് ഭയത്തിന്റെ ശാസ്ത്രം പഠിച്ചു. എന്നിട്ടും തീരാത്ത സങ്കടങ്ങളെ അളിയൻ കൊടുക്കുന്ന ബീഡികളിൽ വലിച്ചുതീർത്തു.

അവന് സ്‌കൂളിൽ പോകണമായിരുന്നു, പാഠപുസ്തകങ്ങളും യൂണിഫോമും വേണമായിരുന്നു, മലയാള ഭാഷ വൃത്തിയായി വായിക്കാനും തെറ്റില്ലാതെ എഴുതാനും പഠിക്കണമായിരുന്നു. പറയാനറിയുന്ന ഒരു ഭാഷ എഴുതാനോ വായിക്കാനോ അറിയില്ലെന്ന് മറ്റുള്ളവരോട് പറയുന്നതിൽ അവൻ ലജ്ജിച്ചു.

പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മായി ചോറ് വിളമ്പി വച്ചിട്ടുണ്ടാവും. പലതും തിന്ന് വയറ് കമ്പിച്ച അവൻ ആ ചോറിൽ വിരലോടിച്ച് അന്തം വിട്ടിരിക്കും. വീടിനെ ഓർത്താണ് അവൻ വിഷമിക്കുന്നതെന്നുകരുതി, ഇതാണ് നിന്റെ വീടെന്ന് പറഞ്ഞ് അമ്മായി അവനെ ആശ്വസിപ്പിക്കും. ആശ്വാസവാക്കുകളൊന്നും അവന്റെ മണ്ടയിൽ കയറിയില്ല.

അളിയന്റെ വീട്ടുവരാന്തയിൽനിന്ന് നോക്കിയാൽ കാണാവുന്ന പി.ടി. ചാക്കോ മെമ്മോറിയൽ സ്‌കൂളിന്റെ മുറ്റത്ത് കുട്ടികൾ കളിക്കുന്നുണ്ടാവും. തനിക്കും അവർക്കും ഇടയിൽ തടസ്സമായി തീർന്ന ഭാഷയടക്കമുള്ള പല കാരണങ്ങളും അവന് മനസ്സിലായതേയില്ല. അവന് സ്‌കൂളിൽ പോകണമായിരുന്നു, പാഠപുസ്തകങ്ങളും യൂണിഫോമും വേണമായിരുന്നു, മലയാള ഭാഷ വൃത്തിയായി വായിക്കാനും തെറ്റില്ലാതെ എഴുതാനും പഠിക്കണമായിരുന്നു. പറയാനറിയുന്ന ഒരു ഭാഷ എഴുതാനോ വായിക്കാനോ അറിയില്ലെന്ന് മറ്റുള്ളവരോട് പറയുന്നതിൽ അവൻ ലജ്ജിച്ചു. ആ ലജ്ജ ഒഴിവാക്കാനായി പലരോടും പിൽക്കാലത്ത് അവൻ കള്ളം പറഞ്ഞു.

ഒരു പെയിൻറ്​ പണിക്കാരനായി മാറി കോട്ടക്കലിലെ വല്യ വീട്ടിൽ പെയിൻറ്​ ചെയ്യുമ്പോൾ അങ്ങനെ കള്ളം പറഞ്ഞ് അവൻ വെട്ടിലായിട്ടുണ്ട്. ലേഡി ഡോക്ടറുടെ വീടായിരുന്നു അത്. ആ കാലത്ത് അവൻ നാറാണത്ത് ഭ്രാന്തനും അഗസ്ത്യഹൃദയവും കാണാപ്പാഠം പഠിച്ച് മധുസൂദനൻ നായരുടെ അതേ ഈണത്തിൽ ചൊല്ലുമായിരുന്നു.

വീടിന്റെ പുറംഭാഗം പെയിൻറ്​ ചെയ്യുമ്പോൾ സുന്ദരിയായ ആ ഡോക്ടർ കേൾക്കാനായി മാത്രം അവൻ അഗസ്ത്യഹൃദയം ആവർത്തിച്ച് ചൊല്ലി. അവിവാഹിതയായ അവർക്ക് കവിതകൾ ഇഷ്ടമായിരുന്നു. അവരുടെ മുറിയിൽ നിന്ന് അവൻ കവിതകൾ കേട്ടതാണ്, കവിതാ പുസ്തകങ്ങൾ കണ്ടതാണ്. കവിതകൾ ഈണത്തിൽ ചൊല്ലുന്ന 22 കാരൻ ഡിഗ്രിയെങ്കിലും പാസായിട്ടുണ്ടാവുമെന്ന തെറ്റിദ്ധാരണയിൽ ഡോക്ടർ അവനോട് എന്തുവരെ പഠിച്ചു എന്നുചോദിച്ചു. തന്റെ അപകർഷതാബോധത്തിന് മറയിടാൻ അവൻ പ്രീ ഡിഗ്രി വരെ എന്ന് കള്ളം പറഞ്ഞു.

തുടർന്ന് പഠിക്കാത്തതെന്ത്​ എന്ന ചോദ്യത്തിനും കള്ളം പറഞ്ഞു. പ്രീ ഡിഗ്രിക്ക് ഏത് ഗ്രൂപ്പായിരുന്നു എന്ന ചോദ്യത്തിന്റെ പൊരുൾ മനസ്സിലാവാതെ, എന്താണ് ഗ്രൂപ്പെന്നുപോലും അറിയാത്ത ആ തമിഴൻ എട്ടാം ക്ലാസുകാരൻ നിർഭയനായി പറഞ്ഞു, മലയാള സാഹിത്യമായിരുന്നു പ്രീഡിഗ്രിക്ക് പഠിച്ചതെന്ന്.
ഡോക്ടർ അവനെ മിഴിച്ചുനോക്കി, ഒരിക്കൽക്കൂടി അത് ചോദിച്ച് ഉറപ്പുവരുത്തിയ അവർ ക്രൂരമായ പരിഹാസത്തോടെ ചിരിച്ചു. മെല്ലെയല്ല, ഉറക്കെയുറക്കെ.
ആ ചിരിയിൽ വിവസ്ത്രനായി കയ്യിൽ പെയിൻറ്​ പാത്രവും പിടിച്ച് അവൻ കോണിപ്പടികളിറങ്ങി. അവനു പിറകിൽ വിദ്യ നേടിയതിന്റെ അഹങ്കാരം ചിരിച്ചുചിരിച്ച് ശ്വാസംമുട്ടി നിലത്തിരുന്ന് ചിരിച്ചു. അവൻ തിരിഞ്ഞു നോക്കാതെ നടന്നു. അവന്റെ കയ്യിലെ പെയിൻറ്​ പാട്ട വിറച്ചു. നട്ടുച്ചയുടെ പൊരിവെയിലിലേക്ക് പെയിൻറ്​ പാട്ട വലിച്ചെറിഞ്ഞ് പരിസരം മറന്ന് അവൻ നാറാണത്ത് ഭ്രാന്തനിലെ വരികൾ ഉറക്കെ ചൊല്ലി.

രാശി പ്രമാണങ്ങൾ മാറിയിട്ടോ നീച രാശിയിൽ വീണുപോയിട്ടോ ജന്മശേഷത്തിൻ അനാഥത്വമോ പൂർവ കർമദോഷത്തിന്റെ കാറ്റോ ​​​​​​​താളമർമങ്ങൾ പൊട്ടിത്തെറിച്ച തൃഷ്ണാർത്തമാം ദുർമദത്തിൻ മാദനക്രിയാ യന്ത്രമോ ...


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments