അവന്റെ ഹൃദയഭിത്തികളിലെ ആണികൾ അവർ വലിച്ചൂരി. ദിവ്യമായ വിരലുകളാൽ അവരവനെ തൊട്ടു. എന്നിട്ടും കാപ്പിപ്പൂവിന്റെ മണമുള്ള രക്തം ആണിപ്പഴുതുകളിൽ കിനിയുന്നത് അവനറിഞ്ഞു

ആണിപ്പഴുതുകളിൽ കിനിഞ്ഞു;
​കാപ്പിപ്പൂവിന്റെ മണമുള്ള രക്തം

അവൾ കയറിയ വെള്ള അംബാസഡർ കാറ് തോട്ടക്കാടിനപ്പുറത്ത് ചെമ്മൺപാതയിലൂടെ കുണ്ടുതോട്ടിലേക്കിറങ്ങുന്നത് ആ ഉയരങ്ങളിലിരുന്ന് അവൻ കണ്ടു. വിലാപയാത്രയാണ് കടന്നുപോവുന്നതെന്ന് അവന് തോന്നി. സാമ്പ്രാണിയും ചന്ദനത്തിരികളും മണക്കുന്ന പച്ചപ്പുകൾക്കിടയിലൂടെ പരശ്ശതം കാപ്പിപ്പൂക്കൾ ചൂടിയ ശവമഞ്ചം മെല്ലെ മെല്ലെ കുന്നിറങ്ങി.

മംഗളവും മനോരമയും വായിച്ചുവായിച്ച് അതിലെ തുടർക്കഥകളിൽ ആകൃഷ്ടനായ ആ പതിനാറുകാരൻ അത്തരത്തിലൊരു തുടർക്കഥയെഴുതാൻ തീരുമാനിച്ചു. അമ്മാവന്റെ മക്കൾ ബാക്കിയാക്കിയ പഴയ നോട്ടുബുക്കുകളിലെ എഴുതാത്ത കടലാസുകൾ കീറിയെടുത്ത് തുന്നിക്കൂട്ടി അവനൊരു നോട്ടുബുക്കുണ്ടാക്കി. അതിൽ എഴുതാൻ പേനയില്ലാഞ്ഞിട്ട് അവനാ വീട്ടിലെ ഇളയ മകന്റെ പേന കട്ടെടുത്തു. ശേഷം കട്ടെടുത്ത പേന ഒളിപ്പിച്ചുവെച്ചു. പേന കൊണ്ടുപോയി കളഞ്ഞതിന് കുട്ടി ചീത്ത കേൾക്കുമ്പോഴും കണ്ണീരോടെ അവനത് തിരയുമ്പോഴും ആ പതിനാറുകാരന്റെ നെഞ്ചിടിപ്പിന് വേഗം കൂടി.

പുതിയ പേന കിട്ടി, കളവുപോയ പെന്നിനെ വീട്ടുകാർ മറക്കുവോളം അത് മേൽക്കൂരയിലെ ഓലകൾക്കിടയിൽ ഒളിച്ചിരുന്നു. അങ്ങോട്ടറിയാതെ ആരെങ്കിലും നോക്കിയാൽ അവൻ അവരുടെ ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലുമൊക്കെ പറയും. ആ പേന കൊണ്ട് തുന്നിക്കൂട്ടിയ നോട്ടുബുക്കിൽ താൻ എഴുതാൻ പോവുന്നത് ആരുടെ കഥയാണെന്ന്, എന്തു കഥയാണെന്ന് അവന് ഒരു ധാരണയും ഇല്ലായിരുന്നു. പക്ഷേ എഴുതിത്തീർക്കുന്ന തുടർക്കഥ മംഗളത്തിൽ അവന്റെ ഫോട്ടോയോടൊപ്പം അച്ചടിമഷി പുരണ്ടുവരുന്നത് അവൻ സ്വപ്നം കണ്ടു. അന്നത്തെ കാലത്ത് പുരസ്‌കാരങ്ങളെ കുറിച്ച് അവന് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ തന്റെ എഴുത്തിന് നൊബേൽ സമ്മാനം വരെ ലഭിക്കുന്നത് അവൻ സ്വപ്നം കാണുമായിരുന്നു.

ഓലകൾക്കിടയിൽ ആഴ്ചകളോളമിരുന്ന് ആ നീലമഷി പെന്നിന്റെ നിറം മാറി. അതെടുത്ത് കടലാസിൽ കുറെ നേരം ഉരച്ചുരച്ച് അവനതിനെ തെളിയിച്ചെടുത്തു. എന്നിട്ട് താൻ എഴുതാൻ പോവുന്ന നോവലിന് പേരിട്ടു:‘ലില്ലി പൂക്കൾ ചുവന്നപ്പോൾ.'
എന്താണ് ലില്ലിപ്പൂവെന്നോ അതിന്റെ ആകൃതിയും നിറവും എങ്ങനെയാണെന്നോ അവനറിയുമായിരുന്നില്ല. പക്ഷേ സാക്ഷാൽ ഗബ്രിയേൽ ഗാർസിയ മാർ​കേസ്​ തന്റെ പ്രശസ്ത നോവലിന് ഏകാന്തതയുടെ 100 വർഷങ്ങൾ എന്ന് പേരിട്ടപ്പോൾ അനുഭവിച്ചിരിക്കാനിടയുള്ളതിന്റെ ആയിരം മടങ്ങ്​ ആനന്ദം അവനാ പേരിടൽ കർമത്തിലൂടെ അനുഭവിച്ചു.

ആ പേന കൊണ്ട് തുന്നിക്കൂട്ടിയ നോട്ടുബുക്കിൽ താൻ എഴുതാൻ പോവുന്നത് ആരുടെ കഥയാണെന്ന്, എന്തു കഥയാണെന്ന് അവന് ഒരു ധാരണയും ഇല്ലായിരുന്നു
ആ പേന കൊണ്ട് തുന്നിക്കൂട്ടിയ നോട്ടുബുക്കിൽ താൻ എഴുതാൻ പോവുന്നത് ആരുടെ കഥയാണെന്ന്, എന്തു കഥയാണെന്ന് അവന് ഒരു ധാരണയും ഇല്ലായിരുന്നു

അവൻ വായിച്ച തുടർക്കഥകളിലൊന്നിൽ നായികയുടെ മേനിയെ അതിന്റെ രചയിതാവ് ലില്ലിപ്പൂവിനോട് ഉപമിച്ചിരുന്നു. ആ ഉപമ കൊണ്ട് നോവലിസ്റ്റ് ഉദ്ദേശിച്ച കാര്യമല്ല അവന്റെ ബോധത്തിൽ കയറിയത്. ലില്ലിപ്പൂ എന്ന വാക്കാണ്. അത്തരമൊരു വാക്ക് അതിനുമുമ്പ് അവൻ കേട്ടിരുന്നില്ല. കാലങ്ങൾക്കുശേഷം ഇന്ദു മേനോന്റെ മനോഹരമായ എഴുത്തിൽ എവിടെയോ ജല ലില്ലികൾ എന്ന് വായിച്ചപ്പോൾ അവനാ കാലവും അതിന്റെ ഗന്ധങ്ങളും തുന്നിക്കൂട്ടിയ ആ നോട്ടുബുക്കും നീലമഷിയിലെഴുതിയ അക്ഷരങ്ങളെയും ഓർത്തു.

പേരുമാത്രമിട്ട ആ നോട്ടുബുക്ക് വാരികകളുടെ അട്ടികൾക്കിടയിൽ ഒളിച്ചിരുന്നു. ജോലിക്കുപോവുന്ന പുലർകാലങ്ങളിൽ അവൻ പല കഥകളും ആലോചിച്ചു. എഴുതുന്ന നോവലിൽ പ്രണയം വേണമെന്ന് അവന് നിർബന്ധമുണ്ടായിരുന്നു പക്ഷേ അവന്റെ അനുഭവപരിസരങ്ങളിൽ, ഷൈൻ ആർട്‌സിലേക്ക് പണിക്കുപോയ ദൂരങ്ങളിൽ പേരുപോലും അറിയാത്ത ഒരു പെൺകുട്ടിയുടെ കാലടികൾ എണ്ണി തീർത്തതിന്റെ ഓർമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വായിച്ച കഥകളിലേയും കണ്ട സിനിമകളിലെയും പോലുള്ള പ്രണയം അവന് അന്യമായിരുന്നു. പ്രണയത്തിന്റെ ഭാഷയും വ്യാകരണവും ആനന്ദവും ഉന്മാദവും വേദനയും രക്തപ്പാച്ചിലും അവന് അന്യമായിരുന്നു.

എന്നും പുലർച്ചകളിൽ അവനാ മണ്ണെണ്ണ വിളക്കും അതിന്റെ മഞ്ഞവെളിച്ചത്തിലിരുന്ന് വായിക്കുന്ന പെൺകുട്ടിയെയും ചോര വാർക്കുന്ന മനുഷ്യപുത്രനെയും കണ്ടു. കണ്ട് മതിയാവാഞ്ഞിട്ട് ടാപ്പിംഗ് കഴിഞ്ഞ് പാലെടുക്കാനുള്ള ഇടവേളയിൽ അവനാ ദൂരങ്ങൾ തിരികെ നടന്നു

എഴുത്തിലേക്ക് പകർത്താൻ കഴിയാത്ത ഒറ്റവഴി പ്രണയം അവൻ ടാപ്പിങ്ങിന് പോവുന്ന പാതകളിൽ പൂത്തുനിന്നിരുന്നു. ഇടക്കാടിന്റെ ആദ്യത്തെ മരത്തിനിപ്പുറത്ത് വേലികെട്ടി തിരിച്ച ഉയരങ്ങളിൽ, ഓലവീടിന്റെ വരാന്തയിൽ ഒരു പെൺകുട്ടി എന്നും പുലർച്ചകളിൽ ബൈബിൾ വായിച്ചിരുന്നു. തണുത്ത പുൽക്കാടുകളിലൂടെ പ്രണയകഥകൾ ആലോചിച്ചുനടന്ന അവന് മുഖമുയർത്തി അവളെ നോക്കാൻ ആഴ്ചകൾ വേണ്ടിവന്നു. ആദ്യനോട്ടത്തിൽ അവനാ മന്ത്രിക്കുന്ന ചുണ്ടുകൾ കണ്ടു. അത് വിശുദ്ധ വചനങ്ങളാണെന്ന് അവനറിയുമായിരുന്നില്ല. ഇത്ര പുലർച്ചെ എഴുന്നേറ്റിരുന്ന് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ സ്‌കൂൾ പാഠങ്ങൾ പഠിക്കുന്ന അവളെ അവൻ അത്ഭുതത്തോടെ നോക്കി.

പെൺകുട്ടി എന്നും പുലർച്ചകളിൽ ബൈബിൾ വായിച്ചിരുന്നു. തണുത്ത പുൽക്കാടുകളിലൂടെ പ്രണയകഥകൾ ആലോചിച്ചുനടന്ന അവന് മുഖമുയർത്തി അവളെ നോക്കാൻ ആഴ്ചകൾ വേണ്ടിവന്നു
പെൺകുട്ടി എന്നും പുലർച്ചകളിൽ ബൈബിൾ വായിച്ചിരുന്നു. തണുത്ത പുൽക്കാടുകളിലൂടെ പ്രണയകഥകൾ ആലോചിച്ചുനടന്ന അവന് മുഖമുയർത്തി അവളെ നോക്കാൻ ആഴ്ചകൾ വേണ്ടിവന്നു

അവൾക്കുപിറകിൽ മൺച്ചുമരിൽ മനുഷ്യപുത്രന്റെ തിരുമുറിവുകളിൽനിന്ന് രക്തം കിനിഞ്ഞു. ആണിപ്പഴുതുകളിലൂടെ ഇറങ്ങിവന്ന് ആ വിശുദ്ധരക്തം അവനെ തൊട്ടു. എന്നും പുലർച്ചകളിൽ അവനാ മണ്ണെണ്ണ വിളക്കും അതിന്റെ മഞ്ഞവെളിച്ചത്തിലിരുന്ന് വായിക്കുന്ന പെൺകുട്ടിയെയും ചോര വാർക്കുന്ന മനുഷ്യപുത്രനെയും കണ്ടു. കണ്ട് മതിയാവാഞ്ഞിട്ട് ടാപ്പിംഗ് കഴിഞ്ഞ് പാലെടുക്കാനുള്ള ഇടവേളയിൽ അവനാ ദൂരങ്ങൾ തിരികെ നടന്നു. അപ്പോൾ മുറ്റത്തെ അയയിൽ അവൾ തന്റെ വസ്ത്രങ്ങൾ ഉണക്കാനിടുകയാവും. എന്നും തന്നെ വന്ന് കണ്ട്​ മടങ്ങിപ്പോവുന്ന അവനോട് അവൾക്ക് സഹതാപം തോന്നിയിരിക്കണം. അതുകൊണ്ടാവും, വല്ലതും കാണിക്കയിട്ടിട്ട് പോവാൻ ചിരിയോടെ അവൾ പറഞ്ഞത്. ആ പറച്ചിൽ മതിയായിരുന്നു അവന് തന്റെ തുന്നിക്കൂട്ടിയ നോട്ടുബുക്കിൽ പ്രണയം എഴുതി തുടങ്ങാൻ.

അവൾ കുടിക്കാൻ കൊടുത്ത വെള്ളത്തിന്റെ സ്റ്റീൽ ഗ്ലാസിൽ അവനവളെ മണത്തു. പ്രണയത്തിനും അവൾക്കും കാപ്പിപ്പൂവുകൾക്കും ഒരേ ഗന്ധമാണെന്ന് അവൻ തിരിച്ചറിഞ്ഞു. വിശപ്പും വിദ്യ നേടാൻ കഴിയാത്തതിന്റെ സങ്കടവും അവനാ ഗന്ധത്തിൽ മറന്നു.

അങ്ങനെ എഴുതി തുടങ്ങിയപ്പോൾ അവന്റെ അപരാഹ്നങ്ങളും സന്ധ്യകളും രാത്രികളും പുലരിക്കുവേണ്ടിയുള്ള കാത്തിരിപ്പുകളായി മാറി. വിശുദ്ധ രൂപത്തിനു മുമ്പിലെരിയുന്ന മെഴുകുതിരികളുടെ വെളിച്ചം പോലെ അവന്റെ അന്തരീക്ഷം പ്രണയത്തിന്റെ വെളിച്ചം കൊണ്ട് പ്രകാശിച്ചു. ആ പ്രകാശത്തിലൂടെ അവൻ അവളെ കണ്ടു. അവളുടെ വീടിനും ഇടക്കാടിനും ഇടയിൽ കാപ്പിച്ചെടികൾ പൂത്തു. ആ വലിയ വെള്ളപൂവുകൾ കടും സുഗന്ധം പരത്തി അവന്റെ സ്വപ്നങ്ങളിലേക്ക് തിരമാലകൾ പോലെ ഇരച്ചെത്തി.

സ്ഥലകാലങ്ങൾ ആ കടുംസുഗന്ധത്തിൽ തകിടം മറിഞ്ഞു. വിശുദ്ധ വചനങ്ങൾ ചൊല്ലുന്ന അവളുടെ പുലരികൾക്കുചുറ്റും അവന്റെ മെഴുകുതിരികളെരിഞ്ഞു. ചില്ലുകൂട്ടിലെ പുണ്യരൂപം പോലെ അവളവിടെയിരുന്നു.​ അവൻ പ്രണയത്തിന്റെ കുരിശ് ചുമന്നു. അവന്റെ ഹൃദയഭിത്തികളിൽ പ്രണയത്തിന്റെ ആണിപ്പഴുതകൾ രൂപം കൊണ്ടു. അതിലൂടെ കാപ്പിപ്പൂക്കളുടെ മണമുള്ള രക്തം സുഖമുള്ള വേദനയായി ഒഴുകി. അവനാ രക്തത്തിൽ ആനന്ദിച്ചു. ടാപ്പിങ്ങ് ഇടയ്ക്ക് നിർത്തിവെച്ച് സ്വപ്നത്തിലെന്ന പോലെ അവൻ തിരികെവന്നു.

ശുദ്ധ വചനങ്ങൾ ചൊല്ലുന്ന അവളുടെ പുലരികൾക്കുചുറ്റും അവന്റെ മെഴുകുതിരികളെരിഞ്ഞു. ചില്ലുകൂട്ടിലെ പുണ്യരൂപം പോലെ അവളവിടെയിരുന്നു.​ അവൻ പ്രണയത്തിന്റെ കുരിശ് ചുമന്നു
ശുദ്ധ വചനങ്ങൾ ചൊല്ലുന്ന അവളുടെ പുലരികൾക്കുചുറ്റും അവന്റെ മെഴുകുതിരികളെരിഞ്ഞു. ചില്ലുകൂട്ടിലെ പുണ്യരൂപം പോലെ അവളവിടെയിരുന്നു.​ അവൻ പ്രണയത്തിന്റെ കുരിശ് ചുമന്നു

ഹരിതവേലികളുടെ ഉയരങ്ങൾക്കപ്പുറത്ത് അലക്കുകല്ലിൽ അവളുടെ വിയർപ്പിന്റെ മണമുള്ള വസ്ത്രങ്ങൾ ജലത്തെ തൊട്ടു. സോപ്പു പൊടിയിൽ കുതിർന്ന ആ വിയർപ്പ് മണം കാപ്പി പൂക്കളുടെ കടും സുഗന്ധത്തിൽ ലയിച്ചു. വഴുക്കുന്ന കൽപ്പടവുകൾ കയറി അവനാ വീട്ടുമുറ്റത്ത് ചെന്നുനിന്നു. അവൾ ഇരിക്കുന്ന ആ ഇടത്തിൽ ദേവാലയത്തിന്റെ പരിശുദ്ധിയിലേക്കെന്ന പോലെ അവൻ മുഖം താഴ്ത്തി. അവൾ കുടിക്കാൻ കൊടുത്ത വെള്ളത്തിന്റെ സ്റ്റീൽ ഗ്ലാസിൽ അവനവളെ മണത്തു. പ്രണയത്തിനും അവൾക്കും കാപ്പിപ്പൂവുകൾക്കും ഒരേ ഗന്ധമാണെന്ന് അവൻ തിരിച്ചറിഞ്ഞു. വിശപ്പും വിദ്യ നേടാൻ കഴിയാത്തതിന്റെ സങ്കടവും അവനാ ഗന്ധത്തിൽ മറന്നു. അവന്റെ അന്തരീക്ഷത്തിൽ മെഴുകുതിരികൾ അണയാതെ നിന്നു. അവന്റെ നോട്ടുബുക്കിൽ പ്രണയത്തിന്റെ ഉന്മാദവും നിലാവും നിറഞ്ഞു. അതിലെ വ്യാകരണ തെറ്റുകളും തമിഴ് വാക്കുകളും വായിച്ച് അമ്മാവന്റെ മക്കൾ ചിരിച്ചു.

കാമുകിയെ കൊന്ന വില്ലനെ തിരഞ്ഞ് അവന്റെ നായകൻ നടന്ന വഴികളിൽ കാപ്പികൾ പൂത്തു. തനിക്ക് ഒട്ടുമറിയാത്ത ഇംഗ്ലീഷ് ഭാഷയെ അവൻ തോന്നും പടി എഴുതിവെച്ചു. അവിടെ ലവ് ലോവായി. ഐഡന്റിറ്റി കാർഡ്, ഐ.എൻ.ടി.റ്റി കാർഡായി. റിവഞ്ച് റോവഞ്ചായി. മറ്റാർക്കും മനസ്സിലായില്ലെങ്കിലും അവന് ആ വാക്കുകളും അവയുടെ അർത്ഥങ്ങളും മനസ്സിലായി. വായനക്കാർ മുമ്പിലില്ലാത്ത ആ എഴുത്തിൽ അവൻ പ്രണയത്തിലെന്ന പോലെ ഉന്മാദിയായി. ശവകുടീരത്തിൽ നിന്ന് കാമുകി കയ്യിൽ മെഴുകുതിരികളുമായി എഴുന്നേറ്റു വന്ന് നായകന്റെ വാതിലിൽ മുട്ടി. അവർ ഭയമേതുമില്ലാതെ ആകാശത്തെ കാപ്പിത്തോട്ടങ്ങളാക്കി മാറ്റി അതിലൂടെ ഒഴുകിനടന്നു.

അവൾ കർത്താവിന്റെ മണവാട്ടിയാവാൻ വിധിക്കപ്പെട്ടവളും അതിനായി ഒരുങ്ങുന്നവളുമാണെന്ന് അവനറിഞ്ഞു. അവളുടെ നോട്ടത്തിലൂടെ തന്നെ വന്ന് തൊടുന്നത് പ്രണയത്തിന്റെ വെളിച്ചമല്ല, അഗാധമായ കരുണയുടെ വെളിച്ചമാണെന്നും അവൻ തിരിച്ചറിഞ്ഞു.

ശരീരത്തിന്റെ സാന്നിധ്യമില്ലാത്ത അവന്റെ നായകനും നായികയും പരസ്പരം ചുംബിച്ചില്ല, രഹസ്യഇടങ്ങൾ തേടിയില്ല, അവരുടെ നിശ്വാസങ്ങളുടെ താളം തെറ്റിയില്ല, ഉടലുകൾ ചൂടു പിടിച്ചില്ല. അതിലൊന്നും ഒരു അപാകതയും അവന് തോന്നിയില്ല. ഞായറാഴ്ചകളിൽ അവൾ കുണ്ടുതോട്ടിലെ ചർച്ചിൽ നിന്ന് മടങ്ങിവരാൻ അവൻ വഴിയരികിൽ കാത്തുനിന്നു. തൊട്ടടുത്തായി നടക്കുമ്പോഴും അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. വെയിൽ മണക്കുന്ന കാറ്റുകൾ അവരെ തഴുകി കടന്നുപോയി. റബ്ബർ തോട്ടങ്ങളിലെ നിശ്ശബ്ദതയും കുളിരും അവർക്ക് കൂട്ടായി.

അക്ഷരത്തെറ്റും വ്യാകരണപ്പിഴവും എമ്പാടുമുള്ള അവന്റെ എഴുത്തിൽ നിന്ന് അമ്മാവന്റെ രണ്ടാമത്തെ മകൻ ആ നായികയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തി. അവളുടെ വീടിനും ഇടക്കാടിനും ഇടയിൽ പൂത്തുനിന്ന കാപ്പിച്ചെടികൾ മതിയായിരുന്നു അതിന് തെളിവായി. അമ്മാവന്റെ മകൻ പറഞ്ഞാണ് അവനറിഞ്ഞത്, അവൾ കർത്താവിന്റെ മണവാട്ടിയാവാൻ വിധിക്കപ്പെട്ടവളും അതിനായി ഒരുങ്ങുന്നവളുമാണെന്ന്. പുലർച്ചകളിൽ അവൾ ഉരുവിടുന്നത് വിശുദ്ധ വചനങ്ങളാണെന്ന് അവൻ തിരിച്ചറിഞ്ഞു. അവളുടെ നോട്ടത്തിലൂടെ തന്നെ വന്ന് തൊടുന്നത് പ്രണയത്തിന്റെ വെളിച്ചമല്ല, അഗാധമായ കരുണയുടെ വെളിച്ചമാണെന്നും അവൻ തിരിച്ചറിഞ്ഞു. വേദനയ്ക്കും വിഷാദത്തിനും ഇടമില്ലാത്ത മരവിപ്പിലേക്ക് അവൻ മെല്ലെമെല്ലെ നടന്നടുത്തു. അമ്മാവന്റെ മകന്റെ വാക്കുകൾ സത്യമാണെന്ന് തെളിയിച്ച്​ ഒരു സന്ധ്യയിൽ അവളുടെ വീടിനുതാഴെ വെളുത്ത കാറ് വന്നുനിന്നു.

വെള്ളവസ്ത്രങ്ങളണിഞ്ഞ പുരോഹിതരും കന്യാസ്ത്രീകളും ആ വീട്ടുമുറ്റത്ത് കൂട്ടംകൂടി നിന്നു. അതൊരു മരണവീടാണെന്ന് അവന് തോന്നി
വെള്ളവസ്ത്രങ്ങളണിഞ്ഞ പുരോഹിതരും കന്യാസ്ത്രീകളും ആ വീട്ടുമുറ്റത്ത് കൂട്ടംകൂടി നിന്നു. അതൊരു മരണവീടാണെന്ന് അവന് തോന്നി

വെള്ളവസ്ത്രങ്ങളണിഞ്ഞ പുരോഹിതരും കന്യാസ്ത്രീകളും ആ വീട്ടുമുറ്റത്ത് കൂട്ടംകൂടി നിന്നു. അതൊരു മരണവീടാണെന്ന് അവന് തോന്നി. അപ്പോഴേക്കും കാപ്പിപ്പൂക്കൾ കരിയാൻ തുടങ്ങിയിരുന്നു. അവയുടെ സുഗന്ധം അവന്റെ തലച്ചോറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വഴുക്കുന്ന ആ കരിങ്കൽ പടവുകളിറങ്ങുന്ന അവൾ വെള്ളവസ്ത്രങ്ങൾ ധരിച്ചിരുന്നു. കാപ്പിപ്പൂക്കളുടെ വെൺമയുള്ള ആ വസ്ത്രങ്ങളിലേക്ക് അവൻ നോക്കിനിന്നു. ചില്ലുകൂടുകൾ തകർത്ത് അനേകം മനുഷ്യപുത്രന്മാർ അവനിലേക്കിറങ്ങിവന്നു. അവന്റെ ഹൃദയഭിത്തികളിലെ ആണികൾ അവർ വലിച്ചൂരി. ദിവ്യമായ വിരലുകളാൽ അവരവനെ തൊട്ടു. എന്നിട്ടും കാപ്പിപ്പൂവിന്റെ മണമുള്ള രക്തം ആണിപ്പഴുതുകളിൽ കിനിയുന്നത് അവനറിഞ്ഞു.

അയനി പ്ലാവിന്റെ ആ ഉയരങ്ങളിൽ നിന്നിറങ്ങുമ്പോൾ അവൻ എന്തിനെന്നില്ലാതെ ചിരിച്ചു. കേൾവിയിലേക്ക് എപ്പോഴൊക്കെയോ വീണുപതിഞ്ഞ ബൈബിൾ വചനങ്ങൾ അവൻ ഉറക്കെ ചൊല്ലി.

അദൃശ്യമായ ആ ദൈവസാന്നിധ്യങ്ങളെ തട്ടിമാറ്റി അവൻ ഇടക്കാട്ടിലേക്ക് നടന്നു. അവന്റെ വിശപ്പാറ്റിയ അയനി മരങ്ങൾ അവനെക്കണ്ട് ശിഖരങ്ങൾ കുനിച്ചു. അവനാ ഉയരങ്ങളിൽ കയറിയിരുന്നു. വിരൽ തുമ്പത്ത് അയനി ചക്കകൾ പഴുത്തുനിന്നിട്ടും അവനതിൽ തൊട്ടില്ല. അവൾ കയറിയ വെള്ള അംബാസഡർ കാറ് തോട്ടക്കാടിനപ്പുറത്ത് ചെമ്മൺപാതയിലൂടെ കുണ്ടുതോട്ടിലേക്കിറങ്ങുന്നത് ആ ഉയരങ്ങളിലിരുന്ന് അവൻ കണ്ടു. വിലാപയാത്രയാണ് കടന്നുപോവുന്നതെന്ന് അവന് തോന്നി. സാമ്പ്രാണിയും ചന്ദനത്തിരികളും മണക്കുന്ന പച്ചപ്പുകൾക്കിടയിലൂടെ പരശ്ശതം കാപ്പിപ്പൂക്കൾ ചൂടിയ ശവമഞ്ചം മെല്ലെ മെല്ലെ കുന്നിറങ്ങി. കുട്ടികൾ ആ കാറിനുപിന്നാലെ ഓടി ചെമ്മണ്ണിന്റെ പൊടി അന്തരീക്ഷത്തിൽ കണ്ണീർമേഘങ്ങളായി കനത്തുനിന്നു.

ഇടയ്ക്ക് നഷ്ടപ്പെട്ടും പിന്നെ പച്ചപ്പിനുള്ളിൽനിന്ന് തെളിഞ്ഞും ആ ശവമഞ്ചം കുണ്ടു തോട് കവലയിലെത്തി.

ഇനിയതിനെ കാണണമെങ്കിൽ തൊട്ടിൽപ്പാലത്തിലേക്കുള്ള റോഡിലെ ഒന്നാം വളവ് കഴിയണമെന്ന് അവനറിയാമായിരുന്നു. ദൂരെ ..., താഴ്​വരകകൾക്കും ചെറു കുന്നുകൾക്കും അപ്പുറം, ആകാശത്തിന്റെ അതിരിൽ, പെരുവണ്ണാമൂഴി അണക്കെട്ടിന്റെ ജലപ്പരപ്പിൽ സന്ധ്യയുടെ ചുവപ്പ് ദുഃഖം പോലെ കനത്തുനിന്നു. ആ ജനലതിരിനപ്പുറം ആകാശം സൂര്യനെ കാത്ത് ചുവന്ന ഉടയാടകളണിഞ്ഞു. അവിടെ അനേകം മെഴുകുതിരികൾ ഒന്നിച്ച് അണയുന്നത് അവൻ കണ്ടു.

പിറ്റേന്ന് അവനാ നോട്ടുബുക്ക് പലതായി ചീന്തി കത്തിച്ചു. എന്നിട്ട് അതിന്റെ ചാരം ഒരു കടലാസിൽ പൊതിഞ്ഞ് തലയണക്കടിയിൽ വെച്ചു.
പിറ്റേന്ന് അവനാ നോട്ടുബുക്ക് പലതായി ചീന്തി കത്തിച്ചു. എന്നിട്ട് അതിന്റെ ചാരം ഒരു കടലാസിൽ പൊതിഞ്ഞ് തലയണക്കടിയിൽ വെച്ചു.

അപ്പോൾ ഒന്നാം വളവും കഴിഞ്ഞ് ചെറിയൊരു കളിപ്പാട്ടം പോലെ ആ വെള്ളക്കാറ് ഉറുമ്പിന്റെ സഞ്ചാരവേഗതയിലേക്ക് ചുരുങ്ങി ഇഴഞ്ഞുനീങ്ങി. അതിനുള്ളിൽ തന്റെ വസന്തങ്ങൾ ഉണർന്നിരിപ്പുണ്ടെന്ന്, തന്റെ ഹൃദയഭിത്തികളിൽ കാപ്പിപ്പൂവിന്റെ മണമുള്ള ചോര പൊടിയുന്നുണ്ടെന്ന് അവനറിഞ്ഞു. ആ കാറ് അവിടെ നിന്ന് മുകളിലേക്കുയരുമെന്നും തന്റെ അരികിലെത്തി നിൽക്കുമെന്നും അതിനുള്ളിൽ നിന്ന് അവളിറങ്ങുമെന്നും വിഷാദം പുതച്ചു നിൽക്കുന്ന ഹരിതാഭകൾക്കു മുകളിലൂടെ തങ്ങൾ ഒരുമിച്ച് പറക്കുമെന്നും അവനിലെ ഉന്മാദി സങ്കൽപ്പിച്ചു. അതിനായി അവൻ നിമിഷങ്ങളെണ്ണി. അവന്റെ ഗണിതങ്ങളെ മുക്കിക്കൊന്ന് കൺവെട്ടത്തുനിന്ന് ആ കാറ് നേർത്ത വെള്ളപ്പൊട്ടായി മാറി വിദൂരതയിൽ അലിഞ്ഞു ചേർന്നു.

വീണ്ടും വീണ്ടും വഴുതിപ്പോവുന്ന ജീവിതപ്പാതകളെ ഓർത്ത് അവന് വേദന തോന്നിയില്ല. ഇരുളിലൂടെ ആ ദൂരമത്രയും താണ്ടി വീടെത്തിച്ചേർന്ന അവൻ ആദ്യം ചെയ്തത്, തന്റെ നോവലിന്റെ പേരിനെ ‘കാപ്പിപ്പൂക്കൾ ചുവന്നപ്പോൾ ' എന്ന് തിരുത്തുകയായിരുന്നു

അയനി പ്ലാവിന്റെ ആ ഉയരങ്ങളിൽ നിന്നിറങ്ങുമ്പോൾ അവൻ എന്തിനെന്നില്ലാതെ ചിരിച്ചു. കേൾവിയിലേക്ക് എപ്പോഴൊക്കെയോ വീണുപതിഞ്ഞ ബൈബിൾ വചനങ്ങൾ അവൻ ഉറക്കെ ചൊല്ലി. പാതകളിൽ ഇരുട്ട് വീണിരുന്നു. നിലാവ് തെളിയാൻ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. വീണ്ടും വീണ്ടും വഴുതിപ്പോവുന്ന ജീവിതപ്പാതകളെ ഓർത്ത് അവന് വേദന തോന്നിയില്ല. ഇരുളിലൂടെ ആ ദൂരമത്രയും താണ്ടി വീടെത്തിച്ചേർന്ന അവൻ ആദ്യം ചെയ്തത്, തന്റെ നോവലിന്റെ പേരിനെ ‘കാപ്പിപ്പൂക്കൾ ചുവന്നപ്പോൾ ' എന്ന് തിരുത്തുകയായിരുന്നു.

പിറ്റേന്ന് അവനാ നോട്ടുബുക്ക് പലതായി ചീന്തി കത്തിച്ചു. എന്നിട്ട് അതിന്റെ ചാരം ഒരു കടലാസിൽ പൊതിഞ്ഞ് തലയണക്കടിയിൽ വെച്ചു. അവനാ നാടു വിട്ടു പോരുവോളം അക്ഷരങ്ങളും വ്യാകരണങ്ങളും തെറ്റിയ അവന്റെ ആദ്യ രചനയുടെ ചാരം തലയണയ്ക്കടിയിൽ കാപ്പിപ്പൂക്കളുടെ കടും സുഗന്ധവുമായി ജീവിച്ചു. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments