കാറ്റുപാറയുടെ തുഞ്ചത്തുനിന്ന്​
​കോച്ചിയമ്മ മരണത്തിലേക്ക്​ പറന്നു

പരാജയപ്പെട്ട രണ്ടിലധികം ആത്മഹത്യാശ്രമങ്ങളുടെ അപമാനം കിടക്കപ്പായയിൽ അഴിഞ്ഞുവീണ ഉടുമുണ്ടുപോലെ എന്നിൽ അടയാളപ്പെട്ട് കിടപ്പുണ്ട്. പക്ഷേ 65 വയസ്സു കഴിഞ്ഞ കോച്ചിയമ്മ ആ മരണമുനമ്പിൽ നിന്നപ്പോൾ അവരുടെ ഉള്ളിലൂടെ കടന്നുപോയ അഗ്‌നിക്കാറ്റുകളെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.

ടാപ്പ് ചെയ്യുന്ന തോട്ടത്തിനും ഇടവേളകൾ ചെലവഴിക്കുന്ന കുന്നിൻചരിവിന്റെയും ഇടതുഭാഗത്തായിട്ടാണ് കാറ്റുപാറ നിന്നത്. ഉയരത്തിൽ ആകാശം തൊടുമാറ്...
അതിന്റെ തുഞ്ചത്തുകൂടി മേഘങ്ങൾ കടന്നുപോയിരുന്നു. ഏത് കൊടിയ വേനലിലും അവിടെ കാറ്റുണ്ടാവും. മഞ്ഞിൻ തണുപ്പുള്ള ആ കാറ്റുകൾക്കുതാഴെ കരിമ്പാറകളും പാഴ്​മരങ്ങളും ജീവിച്ചു. കാറ്റുപാറയുടെ ഉയരത്തിൽ നിന്നാണ് ആ ദേശത്തെ പരാജിതജീവിതങ്ങൾ മരണത്തിലേക്ക് പറന്നത്.

ആ പാറകൾക്കും പാഴ്​മരങ്ങൾക്കും പുൽക്കാടുകൾക്കും മരണത്തിന്റെ ഗന്ധമായിരുന്നു.

അവിടെ കയറിനിന്ന് ചുറ്റുമുള്ള ഹരിതാഭകൾ കാണുന്ന അവസരങ്ങളിലൊക്കെ ഞാൻ ഒക്കാലി മൂടിനെ ഓർത്തു. വെളിച്ചം പൂക്കുന്ന മരം കാണിച്ചുതന്ന താത്താനെ ഓർത്തു. ജീവിതത്തിൽ ആദ്യം കണ്ട മഴവില്ലിനെ ഓർത്തു. മഴ നനഞ്ഞ ജമ്പറിനുള്ളിൽനിന്ന് പുറംചാടാൻ കൊതിക്കുന്ന രണ്ട് മുയൽക്കുഞ്ഞുങ്ങളെ ഓർത്തു. ആരുമില്ലാത്ത ആ വിജനതയിൽനിന്ന് ഞാൻ ഉറക്കെ ഒച്ചയുണ്ടാക്കി. ചുറ്റുമുള്ള കുന്നുകളിലും മലകളിലും തട്ടി എന്റെ ഒച്ച എന്നിലേക്ക് തന്നെ മടങ്ങിവന്നു.

ആ പാറകൾക്കും പാഴ്​മരങ്ങൾക്കും പുൽക്കാടുകൾക്കും മരണത്തിന്റെ ഗന്ധമായിരുന്നു

ദൂരെ കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കുംപോലെ കുറ്റ്യാടി പട്ടണം കിടന്നു.

അത്തരമൊരു കൂക്കിവിളിയുടെ അവസരത്തിൽ മറുവിളിയായിട്ടാണ് ഞാൻ കോച്ചിയമ്മയെ ആദ്യം കണ്ടത്. ടാപ്പിങ് കഴിഞ്ഞ് ഞാൻ വിശ്രമിക്കാനിരിക്കുന്ന കുന്നിന്റെ മറുചെരുവിലെ പുൽക്കാടുകളിൽ ആടിനെ കെട്ടിയിട്ട്, കോച്ചിയമ്മ കരിമ്പാറയിൽ മലർന്ന് കിടന്നു. അവരുടെ വെള്ള തലമുടി കാറ്റത്ത് പറന്നു. കരിംപച്ചകൾക്കും പാറയുടെ ചാരവർണ്ണത്തിനുമിടയിൽ അവരുടെ നരച്ച തലമുടി കാറ്റുപിടിച്ച അരുവിയായി ശൂന്യതയിലൂടെ ഒഴുകി. പിറ്റേന്ന് ടാപ്പിങ് കഴിഞ്ഞ് ഞാനവരെ തേടിച്ചെന്നു. സ്‌കൂൾ കുട്ടികളെയും നോക്കി വെള്ളമിറക്കി ഞാനിരുന്ന ദിവസങ്ങളിലെല്ലാം അവരാ കുന്നിന്റെ മറുചെരിവിലുണ്ടായിരുന്നു.

എന്റെ ചുണ്ടിനുമേൽ മീശ പൊടിഞ്ഞുവരുന്നുണ്ടെന്ന് കോച്ചിയമ്മയാണ് എനിക്കാദ്യം പറഞ്ഞുതന്നത്. ആ പൊടിമീശ വലുതാവുമെന്നും വലുതായാൽ അതിന്റെ അഹന്തയിലും ബലത്തിലും തന്റെ മകൻ കാട്ടിക്കൂട്ടുന്നതൊന്നും ഞാൻ കാട്ടരുതെന്നും അവരെനിക്ക് പറഞ്ഞുതന്നു.

അവരുടെ കൈയ്യിൽ തൂക്കുപാത്രമുണ്ടാവും. അതിൽ കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കുത്തിനിറച്ചിട്ടുണ്ടാവും. ചില ദിവസങ്ങളിൽ വരട്ടിയ മത്തിത്തലകളും ഉണ്ടാവും. കൈലി മുണ്ടും വെള്ള ബ്ലൗസുമായിരുന്നു അവരുടെ വേഷം. ചുക്കിച്ചുളിഞ്ഞതാണെങ്കിലും ആ മുഖത്തിന് തേജസുണ്ടായിരുന്നു. അവർ തനിയെ പാട്ടുപാടും. ഞാൻ ടാപ്പ് ചെയ്യുമ്പോൾ അവരവിടെയിരുന്ന് പാട്ടുപാടുന്നുണ്ടാവും. പക്ഷേ എന്റെ അരികിലേക്കെത്താതെ ആ പാട്ടുകളെ വയനാടൻ കാറ്റുകൾ പറത്തിക്കൊണ്ടുപോവും. ആരും കേൾക്കാതെ ആ പാട്ടുകൾ വെറും ദൂരങ്ങളിൽ ലയിച്ചുചേരും.

എന്നെ ആദ്യമായി കണ്ട അവസരത്തിൽ തന്നെ അവർ പറഞ്ഞു, ‘കുട്ടിന്റെ ഉള്ളില് സങ്കടം ണ്ടല്ലോ.'

എന്റെ ഒറ്റവഴി പ്രണയത്തിന്റെ ശവമഞ്ചം തോട്ടക്കാടിറങ്ങി പോയിട്ട് അന്നേക്ക് ആഴ്ച ഒന്ന് തികഞ്ഞിരുന്നു.

ചുക്കിച്ചുളിഞ്ഞതാണെങ്കിലും ആ മുഖത്തിന് തേജസുണ്ടായിരുന്നു. അവർ തനിയെ പാട്ടുപാടും. ഞാൻ ടാപ്പ് ചെയ്യുമ്പോൾ അവരവിടെയിരുന്ന് പാട്ടുപാടുന്നുണ്ടാവും. പക്ഷേ എന്റെ അരികിലേക്കെത്താതെ ആ പാട്ടുകളെ വയനാടൻ കാറ്റുകൾ പറത്തിക്കൊണ്ടുപോവും

എന്റെയുള്ളിൽ സങ്കടങ്ങളെയുള്ളൂ എന്ന് ഞാനവരോട് പറഞ്ഞില്ല.
ഞാനാ വെളുവെളുത്ത മുടിയിലേക്ക് കൗതുകത്തോടെ നോക്കി. ഉടയാത്ത ശരീരത്തിന് ആ മുടി നൽകുന്ന ചന്തം ചെറുതായിരുന്നില്ല. അവരുടെ ആട് എന്നെ തലയുയർത്തി നോക്കി എന്തോ ഓർത്തുനിന്നു. അതിനോട് തിന്നോളാൻ കോച്ചിയമ്മ ആംഗ്യം കാട്ടിയപ്പോൾ അത് വീണ്ടും പുൽക്കാട്ടിലേക്ക് മുഖം താഴ്ത്തി.

ഞങ്ങളിരിക്കുന്ന പാറയ്ക്ക് തൊട്ടടുത്തായി ശിഖരങ്ങൾ പടർത്തിനിന്ന കാട്ടുമരമുണ്ടായിരുന്നു. അതിന്റെ കൊമ്പുകളിൽ കയറിയിരുന്ന് കോച്ചിയമ്മ പാട്ടുകൾ പാടും.

കോച്ചിയമ്മ എന്നെ ചേർത്തുപിടിച്ച് താഴേക്ക് ചൂണ്ടിക്കാണിച്ചുതന്ന ഇടത്ത് പച്ചപ്പിനുള്ളിൽ അവരുടെ ഓലവീട് ഒളിച്ചിരുന്നു. ആ വീട്ടിലേക്ക് പകലുകളിൽ പോലും ചാത്തുണ്ണി പെണ്ണുങ്ങളുമായി കയറിവരും. ഒറ്റമുറി വീട്ടിൽ, തന്റെ അമ്മയവിടെയുണ്ടെന്ന കാര്യം ഒട്ടും ഓർക്കാതെ, അവൻ പെണ്ണുടലുകളെ വിവസ്ത്രമാക്കി ആഘോഷത്തോടെ ഇണ ചേർന്നു.

‘ഇല്ലിമുളം കാടുകളിൽ ലല്ലലലം പാടിവരും തെന്നലേ’ എന്ന പാട്ട് അവർ എപ്പോഴും പാടും. പള്ളിക്കൂടത്തിലൊന്നും പോവാത്ത കോച്ചിയമ്മയ്ക്ക് ചങ്ങമ്പുഴയുടെ രമണൻ കാണാപ്പാഠമായിരുന്നു. അന്ന് അവരത് ചൊല്ലുമ്പോൾ എനിക്കറിയില്ലായിരുന്നു, ഒരു കാലം നെഞ്ചേറ്റിയ കവിതയാണ് അതെന്ന്. മലയാളിയുടെ നഷ്ട പ്രണയങ്ങൾക്ക് ചേക്കേറാൻ ലഭിച്ച ചില്ലയായിരുന്നു രമണനെന്നും അറിയില്ലായിരുന്നു.

പാട്ട് പാടിക്കൊണ്ടുതന്നെ അവർ കാട്ടിലകളിലേക്ക് തൂക്കുപാത്രത്തിലെ കപ്പയും കാന്താരി ചമ്മന്തിയും കുടഞ്ഞിടും. ഞങ്ങൾ ഒരുമിച്ചുതിന്ന അന്നത്തിന്റെ, അതിലെ കാന്താരി ചമ്മന്തിയുടെ എരുവിനെ ഇപ്പോഴും എന്റെ കണ്ണുകൾ അറിയുന്നുണ്ട്. എന്റെ ചുണ്ടിനുമേൽ മീശ പൊടിഞ്ഞുവരുന്നുണ്ടെന്ന് കോച്ചിയമ്മയാണ് എനിക്കാദ്യം പറഞ്ഞുതന്നത്. ആ പൊടിമീശ വലുതാവുമെന്നും വലുതായാൽ അതിന്റെ അഹന്തയിലും ബലത്തിലും തന്റെ മകൻ കാട്ടിക്കൂട്ടുന്നതൊന്നും ഞാൻ കാട്ടരുതെന്നും അവരെനിക്ക് പറഞ്ഞുതന്നു.

കോച്ചിയമ്മയുടെ മകനായിരുന്നു ചാത്തുണ്ണി. അവന് പത്ത് വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. പിന്നീട് ആ മകനുവേണ്ടിയാണ് കോച്ചിയമ്മ ജീവിച്ചത്. രൂപത്തിൽ മാത്രം അച്ഛനെ പകർത്തിയ ചാത്തുണ്ണി സ്വഭാവത്തിൽ അച്ഛന്റെ നേർവിപരീതമായിരുന്നു. ചാത്തുണ്ണി കള്ള് കുടിച്ചു, കഞ്ചാവ് വലിച്ചു, തോന്നിയ പെണ്ണിനെ കയറിപ്പിടിച്ചു. എമ്പാടും അടികൊണ്ടു. ഒരു ജോലിയിലും ഉറച്ചുനിന്നില്ല. ടാപ്പ് ചെയ്ത് ശേഖരിക്കുന്ന പാല്, കഞ്ചാവുലഹരിയിൽ ചാത്തുണ്ണി റോഡിൽ കൊണ്ടുപോയി ഒഴിച്ച കഥ എനിക്ക് പറഞ്ഞുതന്നത് കോച്ചിയമ്മ തന്നെയാണ്.

ഒറ്റമുറി മാത്രമുള്ള വീടാണെന്ന് ഓർക്കാതെ, തന്റെ അമ്മയവിടെയുണ്ടെന്ന കാര്യം ഒട്ടും ഓർക്കാതെ, അവൻ പെണ്ണുടലുകളെ വിവസ്ത്രമാക്കി ആഘോഷത്തോടെ ഇണ ചേർന്നു

കോച്ചിയമ്മ എന്നെ ചേർത്തുപിടിച്ച് താഴേക്ക് ചൂണ്ടിക്കാണിച്ചുതന്ന ഇടത്ത് പച്ചപ്പിനുള്ളിൽ അവരുടെ ഓലവീട് ഒളിച്ചിരുന്നു. ആ വീട്ടിലേക്ക് പകലുകളിൽ പോലും ചാത്തുണ്ണി പെണ്ണുങ്ങളുമായി കയറിവരും. ഒറ്റമുറി മാത്രമുള്ള വീടാണെന്ന് ഓർക്കാതെ, തന്റെ അമ്മയവിടെയുണ്ടെന്ന കാര്യം ഒട്ടും ഓർക്കാതെ, അവൻ പെണ്ണുടലുകളെ വിവസ്ത്രമാക്കി ആഘോഷത്തോടെ ഇണ ചേർന്നു. ചിലരൊക്കെ അവന്റെ ഉടൽക്കരുത്തിനെ തേടിവരാറുണ്ടെന്ന് കോച്ചിയമ്മ പറഞ്ഞു. മകനെ തെളിച്ച് നേരെയാക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ആ അമ്മ അവനെ തനിയെ മേയാൻ വിട്ടു. കഞ്ചാവിന്റെയും കള്ളിന്റെയും ലഹരിയിൽ ചാത്തുണ്ണി ഉടുമ്പുകളെയും ഉടലുകളെയും നായാടി. ഉടുമ്പുകളുടെ നാവ് പച്ചയ്ക്ക് പിഴുതെടുത്ത് വിഴുങ്ങി വീടിനുചുറ്റും ഓടി. ഉടലുകളിൽ ഉടുമ്പിൻ പിടുത്തമിട്ട് ആർത്തുചിരിച്ചു.

അവന്റെ പ്രാകൃതവാസനകൾ കണ്ടുനിൽക്കാൻ കഴിയാഞ്ഞിട്ടാണ് കോച്ചിയമ്മ ആടിനെ വാങ്ങിയത്.

മുഴുജീവിതത്തിന്റെയും ചോരമണവുമായി അവരാ തുഞ്ചത്ത് നിന്നിരിക്കണം. താഴേക്ക് പറക്കുന്നതിന്റെ തൊട്ടുമുമ്പ്, മരണത്തിന്റെ മണം മൂക്കിൽ തൊടുംമുമ്പ്, അവർ എന്നെ ഓർത്തിട്ടുണ്ടാവുമോ?

എന്തെങ്കിലും എതിര് പറഞ്ഞാൽ ചാത്തുണ്ണി തന്റെ ഉടുമ്പിൻകൈ കൊണ്ട് അമ്മയെ പൊതിരെ തല്ലും. മകൻ തല്ലിയ പാടുകൾ അവരെനിക്ക് കാണിച്ചുതന്നു. അവരുടെ ഇടത്തെ കാലിൽ മകൻ തീക്കൊള്ളി കൊണ്ട് കുത്തിയ പാട് കണ്ടപ്പോൾ ഞാൻ ഉമ്മാനെ ഓർത്തു. ആടിനെ വാങ്ങിയപ്പോൾ തന്റെ എല്ലാ ദുഃഖങ്ങളും അവർ അതിനോട് പറഞ്ഞുതീർത്തു. അവരുടെ പറച്ചിൽ കേട്ടുകേട്ടാവണം, ആടിന് ഒരു മനുഷ്യനോളം ബുദ്ധിയും കേൾവിശക്തിയും കിട്ടിയത്. ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ തീറ്റ നിർത്തി ചെവിടോർക്കുന്ന ആടിനെ കോച്ചിയമ്മ ചീത്ത പറയും. ആട് മുഖം വീർപ്പിച്ച് തന്റെ തീറ്റയിലേക്ക് മടങ്ങിപ്പോവും. ആ കുന്നിനുതാഴെ അരുവിയുണ്ടെന്ന് കോച്ചിയമ്മ എനിക്ക് പറഞ്ഞുതന്നു.

കരിമ്പാറയുടെ നെഞ്ച് പിളർത്തി ഒലിച്ചുവരുന്ന ആ അരുവിയിൽ ഏത് വേനലിലും വെള്ളമുണ്ടാവും. ആ വെള്ളത്തിന് കരിമ്പിൻ മധുരമുണ്ട്. കപ്പ തിന്നുകഴിഞ്ഞ് തൂക്കുപാത്രത്തിൽ കരിമ്പിൻ മധുരമുള്ള ആ വെള്ളം ഞങ്ങൾ കൊണ്ടുവരും. കുന്നിനപ്പുറത്തെ കാട്ടുനെല്ലികളിൽ കയറി നെല്ലിക്കകൾ ഉതിർത്തിയിടാൻ കോച്ചിയമ്മ എന്നെ പഠിപ്പിച്ചു. ഞാൻ അവർക്ക് പഴുത്ത അയനി ചക്കകൾ പറിച്ചു കൊടുത്തു. രമണനിലെ വരികൾ ഈണത്തിൽ ചൊല്ലി അവരതിന്റെ ചുളകൾ ഓരോന്നായി ആസ്വദിച്ച് തിന്നും.

ആടിനെ വാങ്ങിയപ്പോൾ തന്റെ എല്ലാ ദുഃഖങ്ങളും അവർ അതിനോട് പറഞ്ഞു തീർത്തു. അവരുടെ പറച്ചിൽ കേട്ടുകേട്ടാവണം, ആടിന് ഒരു മനുഷ്യനോളം ബുദ്ധിയും കേൾവിശക്തിയും കിട്ടിയത്

കാട്ടുനെല്ലികളും അയനിച്ചക്കകളും കപ്പയും കാന്താരിമുളകും പങ്കിട്ട് ഞങ്ങൾ ആ കുന്നിൻചെരുവിനെ സ്വർഗമാക്കി. ഒരമ്മയും മകനും മാത്രമുള്ള സ്വർഗം. ദൈവങ്ങൾ കാവലില്ലാത്ത ആ സ്വർഗത്തിലേക്ക് ചാത്തുണ്ണി രാത്രിയിൽ കൊടുത്ത അടിയുടെ പാടുകളുമായി കോച്ചിയമ്മ വന്നു. നീലിച്ചും ചോരപൊടിഞ്ഞും നിന്ന മുറിവുകളിൽ ഞങ്ങൾ പച്ചിലകളുടെ നീരിറ്റിച്ചു. മകൻ തന്നോട് അത്രമാത്രം ക്രൂരമായി പെരുമാറിയിട്ടും ആ അമ്മ മറ്റെല്ലാ അമ്മമാരെയും പോലെ അവനെ സ്‌നേഹിച്ചു. ഞാൻ ചാത്തുണ്ണിയെ എന്തെങ്കിലും കുറ്റം പറഞ്ഞാൽ അവർക്കത് ഇഷ്ടപ്പെടില്ല. നല്ലത് പറഞ്ഞാലും ഇഷ്ടപ്പെടില്ല. അതുകൊണ്ട്, ചാത്തുണ്ണിയെ സംസാരത്തിൽനിന്ന് പാടെ ഒഴിവാക്കി ഞാൻ അവർ പറയുന്നത് കേട്ടിരിക്കുക മാത്രം ചെയ്തു.

രാവിലെ ആടിനെയും കൊണ്ട് കുന്നുകയറുന്ന അവർ സന്ധ്യ കഴിഞ്ഞാണ് കുന്നിറങ്ങുക. പാല് റാട്ടയിൽ കൊണ്ടുപോയി ഉറയൊഴിച്ചുവെച്ച് ഒഴിഞ്ഞ കന്നാസുമായി ഞാനവരുടെ അടുത്തേക്ക് മടങ്ങിച്ചെല്ലും. അവരവിടെയിരുന്ന് പാട്ട് പാടുന്നുണ്ടാവും. ഞങ്ങൾ കാട്ടുകാച്ചിലുകൾ മാന്തിയെടുത്ത് ചുട്ടുതിന്നും. കരിമ്പിൻ മധുരമുള്ള വെള്ളം കുടിക്കും. വാങ്ങിയതും വെട്ടിപ്പിടിച്ചതുമായ കുറേ നിലം കോച്ചിയമ്മക്കുണ്ടായിരുന്നു. അവരാ നിലത്തിൽ കപ്പയും ചേനയും ചേമ്പും നട്ടിരുന്നു. അച്ഛൻ വാരിക്കൂട്ടിയതെല്ലാം മകൻ ലഹരിക്കും രതിക്കുമായി വിറ്റുതുലച്ചു. ഇനി വിൽക്കാൻ വീടും ആറ് സെൻറ്​ നിലവും മാത്രമേയുള്ളൂവെന്നും അതുകൂടി വിറ്റുകഴിഞ്ഞാൽ താൻ രാത്രികളിലും ഈ കുന്നിൽ താമസിക്കേണ്ടിവരുമെന്നും കോച്ചിയമ്മ തമാശ പറയും.

ആ ഉയരങ്ങളിൽനിന്ന് ഭൂമിയിലെ എല്ലാ ശബ്ദങ്ങളോടും വിടചൊല്ലി അവർ മുന്നോട്ടുവെച്ച ചുവട്, അതിന്റെ താഴെ നിലാവ് പരന്നുകിടന്ന ശൂന്യദൂരങ്ങൾ... രക്തം കാത്തുകിടന്ന കരിമ്പാറകൾ... അവർ എന്നിൽനിന്ന് പഠിച്ച ഖുർ ആനിലെ ചെറിയ ചില സൂറത്തുകൾ... അവരെനിക്ക് പഠിപ്പിച്ചുതന്ന രമണനിലെ വരികൾ...

എല്ലാ തമാശകൾക്കും മുറിവുകൾക്കും പങ്കിടലുകൾക്കുംമേൽ കറുത്ത പുതപ്പിട്ട്, അവർ കാറ്റുപാറയുടെ തുഞ്ചത്തുനിന്ന് താഴേക്ക് പറന്നു. നെഞ്ചത്ത് മകൻ തീക്കൊള്ളി കൊണ്ട് കുത്തിയ മുറിവിന്റെ നീറ്റലിൽ, അവൻ തട്ടിത്തെറിപ്പിച്ച കഞ്ഞിക്കലത്തിന്റെ പൊള്ളലിൽ, അവൻ ഇണചേരുന്ന പ്രാകൃതമായ ഒച്ചകളിൽ മനംനൊന്ത് ചർമവും മാംസവും പൊള്ളി രാത്രിയിൽ അവർ കാറ്റുപാറയിലേക്ക് കയറിയിരിക്കണം. ഞാനപ്പോൾ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു.

അക്കണ്ട കയറ്റമെല്ലാം കയറുമ്പോൾ അവർ എന്തൊക്കെയാവും ഓർത്തിട്ടുണ്ടാവുക? കാലങ്ങൾക്കുമുമ്പ് തന്നെ തനിച്ചാക്കി പോയ ഭർത്താവിന്റെ വിയർപ്പുമണങ്ങളെയോ? എന്നും പള്ളിക്കൂടത്തിൽ അടിപിടിയുണ്ടാക്കി ടീച്ചർമാരുടെ തല്ലും വാങ്ങി വരുന്ന ചാത്തുണ്ണിയെന്ന മകന്റെ ബാല്യത്തെയോ? അവൻ മുതിരുമ്പോൾ തന്റെ കഷ്ടപ്പാടുകൾ തീരുമെന്നുകരുതി കാത്തിരുന്നത് വെറുതെയായല്ലോ എന്ന സങ്കടത്തെയോ? തന്റെ കഴുത്തിൽ കത്തിവെച്ച് ഒടുക്കത്തെ തരി സ്വർണവും ഊരിയെടുത്ത ചാത്തുണ്ണിയെന്ന സന്തതിയെയോ? തനിച്ചാവലിന്റെ കുളിരിലേക്ക് പൊടിമീശയും കീശ നിറയെ ദുഃഖങ്ങളുമായി കുന്നിറങ്ങിച്ചെന്ന എന്നെയോ?

ഓർക്കാതെ വയ്യ...

മുഴുജീവിതത്തിന്റെയും ചോരമണവുമായി അവരാ തുഞ്ചത്ത് നിന്നിരിക്കണം. താഴേക്ക് പറക്കുന്നതിന്റെ തൊട്ടുമുമ്പ്, മരണത്തിന്റെ മണം മൂക്കിൽ തൊടുംമുമ്പ്, അവർ എന്നെ ഓർത്തിട്ടുണ്ടാവുമോ? മനുഷ്യരെപ്പോലെ ബുദ്ധിയും കേൾവിയുമുള്ള ആ വെളുത്ത ആടിനെ ഓർത്തിരിക്കുമോ? ഞങ്ങൾ പങ്കിട്ട് കഴിച്ച കാട്ടു നെല്ലിക്കകളും അയനി ചക്കകളും കാച്ചിലും കപ്പയും ഓർത്തിരിക്കുമോ?

കോച്ചിയമ്മയുടെ വെളുവെളുത്ത മുടിയിൽ വയനാടൻ കാറ്റുകൾ തൊടുന്നത് എനിക്കുകാണാം.

മുഴുജീവിതത്തിന്റെയും ചോരമണവുമായി അവരാ തുഞ്ചത്ത് നിന്നിരിക്കണം. താഴേക്ക് പറക്കുന്നതിന്റെ തൊട്ടുമുമ്പ്, മരണത്തിന്റെ മണം മൂക്കിൽ തൊടും മുമ്പ്, അവർ എന്നെ ഓർത്തിട്ടുണ്ടാവുമോ

ആ ഉയരങ്ങളിൽനിന്ന് ഭൂമിയിലെ എല്ലാ ശബ്ദങ്ങളോടും വിടചൊല്ലി അവർ മുന്നോട്ടുവെച്ച ചുവട്, അതിന്റെ താഴെ നിലാവ് പരന്നുകിടന്ന ശൂന്യദൂരങ്ങൾ... രക്തം കാത്തുകിടന്ന കരിമ്പാറകൾ... അവർ എന്നിൽനിന്ന് പഠിച്ച ഖുർ ആനിലെ ചെറിയ ചില സൂറത്തുകൾ... അവരെനിക്ക് പഠിപ്പിച്ചുതന്ന രമണനിലെ വരികൾ...

ജീവിതം മതിയെന്നു തോന്നുന്ന, അത് ഉറപ്പിക്കുന്ന ഒരാളുടെ മാനസികാവസ്ഥ എന്തെന്ന് എനിക്കിപ്പോൾ ഏതാണ്ട് ഒരൂഹമുണ്ട്.

പരാജയപ്പെട്ട രണ്ടിലധികം ആത്മഹത്യാശ്രമങ്ങളുടെ അപമാനം കിടക്കപ്പായയിൽ അഴിഞ്ഞുവീണ ഉടുമുണ്ടുപോലെ എന്നിൽ അടയാളപ്പെട്ട് കിടപ്പുണ്ട്. പക്ഷേ 65 വയസ്സു കഴിഞ്ഞ കോച്ചിയമ്മ ആ മരണമുനമ്പിൽ നിന്നപ്പോൾ അവരുടെ ഉള്ളിലൂടെ കടന്നുപോയ അഗ്‌നിക്കാറ്റുകളെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അവരുടെ മകന് അത് ഒട്ടും മനസ്സിലായിട്ടില്ല.

ആ രാത്രി തേടിപ്പിടിച്ചതോ തന്നെ തേടിവന്നതോ ആയ ഒരു ഉടലിന്റെ വസ്ത്ര വാതിലുകൾ അവൻ തുറക്കുന്ന നേരത്ത്, അവനെ ഉദരത്തിൽ ചുമന്ന ഒരു അമ്മ തൊട്ടപ്പുറത്ത്, ഓലച്ചുമരിന്റെ മറവിനപ്പുറത്ത് അവനുകൂടി കഴിക്കാനുള്ള കഞ്ഞിക്ക് കനലൂതുകയായിരുന്നു. ‘ഒച്ചയുണ്ടാക്കല്ലെടാ പന്നീ' എന്നവർ പറഞ്ഞിരിക്കണം. അവൻ കൂടുതൽ ഒച്ചയെടുത്തിരിക്കണം. അവന്റെ സിരകളിൽ മനുഷ്യകുലത്തിന്റെ ആരംഭം മുതലുള്ള പുരാതനമായ സന്ദേശവും വഹിച്ചുകൊണ്ട് രക്തം പെരുമ്പാച്ചിൽ പാഞ്ഞിരിക്കണം.

നമ്മൾ വായിച്ച് പുളകം കൊള്ളുന്ന അമ്മയെന്ന പുണ്യ പുരാതന ചവിട്ടുനാടകത്തെ മാറ്റിവെക്കുക. നൊന്തുപെറ്റ മകൻ തനിക്കുമുമ്പിൽ യാതൊരു ലജ്ജയുമില്ലാതെ ഏതോ പെണ്ണുമായി ഇണചേരുന്നത് കണ്ടുനിൽക്കേണ്ടിവരുന്ന ഒരു സ്ത്രീയെ കാണുക...

ഉന്മാദത്തോളമെത്തുന്ന ആനന്ദത്തിന്റെ ലഹരിപ്പടിയിൽ തനിക്ക് തട്ടിക്കളിക്കാനുള്ള ഒരുപകരണമായി കോച്ചിയമ്മയെ അവൻ കണ്ടിരിക്കണം. യാതൊരു ദയയുമില്ലാതെ, ഇണചേരൽ പാതിയിൽ നിർത്തി പാഞ്ഞുചെന്ന് അവൻ അമ്മയെ തൊഴിച്ചിരിക്കണം. തെറിച്ചുവീണ അവരുടെ നെഞ്ചിലേക്ക്, അവനെയോർത്ത് എന്നും വേദനിച്ച അതേ നെഞ്ചിലേക്ക് അടുപ്പിൽനിന്ന് തീക്കൊള്ളിയെടുത്ത് അവൻ കുത്തിയിരിക്കണം.

കഥകളിലും നോവലുകളിലും കവിതയിലും നമ്മൾ വായിച്ച് പുളകം കൊള്ളുന്ന അമ്മയെന്ന പുണ്യ പുരാതന ചവിട്ടുനാടകത്തെ മാറ്റിവെക്കുക.
നൊന്തുപെറ്റ മകൻ തനിക്കുമുമ്പിൽ യാതൊരു ലജ്ജയുമില്ലാതെ ഏതോ പെണ്ണുമായി ഇണചേരുന്നത് കണ്ടുനിൽക്കേണ്ടിവരുന്ന ഒരു സ്ത്രീയെ കാണുക... അവൻ പാഞ്ഞുവന്ന് ചവിട്ടിയ നെഞ്ചിനെ കാണുക... തീക്കൊള്ളികൊണ്ട് അവൻ കുത്തിയ ആ ഇടത്തിന്റെ ഇരുവശത്തുമാണ് അവനുള്ള ഭൂമിയിലെ ആദ്യത്തെ അന്നം അവർ കരുതിവെച്ചത്. അവിടെ കൊണ്ട പൊള്ളലിന്റെ നീറ്റൽ എന്റെ കോച്ചിയമ്മ അറിഞ്ഞിരിക്കില്ല.

പരാജയപ്പെട്ട രണ്ടിലധികം ആത്മഹത്യാശ്രമങ്ങളുടെ അപമാനം കിടക്കപ്പായയിൽ അഴിഞ്ഞുവീണ ഉടുമുണ്ടുപോലെ എന്നിൽ അടയാളപ്പെട്ട് കിടപ്പുണ്ട്. പക്ഷേ 65 വയസ്സു കഴിഞ്ഞ കോച്ചിയമ്മ ആ മരണമുനമ്പിൽ നിന്നപ്പോൾ അവരുടെ ഉള്ളിലൂടെ കടന്നുപോയ അഗ്‌നിക്കാറ്റുകളെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല

വർഷങ്ങൾക്കുമുമ്പ് ഒന്ന് ഒച്ചയുണ്ടാക്കാൻ പോലും കഴിയാത്ത ഒരു മാംസപിണ്ഡത്തെ അവിടെക്കാണ് അവർ ചേർത്തുവെച്ചത്. എവിടെയാണ് അന്നമെന്ന് അറിയാത്ത ഇളംചുണ്ടുകൾക്ക് വഴികാട്ടിക്കൊടുത്ത അതേ വിരലുകൾ കൊണ്ട് അവരാ തീപ്പൊള്ളലിന്റെ ക്രൂരമായ ന്യായവിധിയെ തൊട്ടിരിക്കണം. മഞ്ഞിൻ തണുപ്പുള്ള വയനാടൻ കാറ്റുകൾ തന്നെ തഴുകി കടന്നുപോവുമ്പോൾ അവരാ ഉയരങ്ങളിൽനിന്ന് ഒട്ടും വേദനയില്ലാതെ തന്റെ നെഞ്ചിൽ തൊട്ട് നോക്കിയിരിക്കണം. മരണത്തിലേക്ക് അവർ നടന്നുകയറുമ്പോൾ പിറകിൽ അവന്റെ ഉടൽ വിശപ്പിന്റെ ഉന്മാദരാഗങ്ങൾ അലറുകയായിരുന്നല്ലോ.

പിറ്റേന്നും അതിന്റെ പിറ്റേന്നും കഴിഞ്ഞാണ് അവരുടെ അഴുകിത്തുടങ്ങിയ ജഡം, പലതായി ചിതറിയ ജഡം, കരിമ്പിൻ മധുരമുള്ള ജലത്തെ നെഞ്ചേറ്റുന്ന അരുവിക്കുചുറ്റും നിന്ന് വാരിക്കൂട്ടിയത്. ഞാനങ്ങോട്ട് പോയില്ല. എന്റെ തൊട്ടുപിറകിൽ നിന്ന് ആ വെളുവെളുത്ത തലമുടി എന്നെ തൊട്ടു. അതെന്റെ കണ്ണുകളെ തഴുകി ചോദിച്ചു, ‘കുട്ടീന്റെ ഉള്ളില് സങ്കടം ണ്ടല്ലോ...?'

സങ്കടങ്ങൾ മാത്രമേയുള്ളൂ കോച്ചിയമ്മേ എന്ന് ഞാൻ അപ്പോഴും മറുപടി പറഞ്ഞില്ല. ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments