കുറച്ചുകാലം ഹോട്ടൽപണി എടുത്തതുകൊണ്ടാവണം ഇന്നും ഏത് ഹോട്ടലിൽ കയറിയാലും കണ്ണുകൾ അടുക്കളയെ തിരയും. അടുക്കള കാണാൻ പറ്റാത്ത ഹോട്ടലാണെങ്കിൽ അവിടുന്ന് ഒന്നും കഴിക്കാതെ ഇറങ്ങിപ്പോരാറുണ്ട്. ഒരു ഗതിയും ഇല്ലെങ്കിലേ അത്തരം ഹോട്ടലുകളിൽനിന്ന് എന്തെങ്കിലും കഴിക്കാറുള്ളൂ. ഹോട്ടലുകളും അവയുടെ അടുക്കളകളും ഇന്ന് ഒരുപാട് മാറിയിട്ടുണ്ടാവും. മുപ്പത് വർഷം മുമ്പ് ഹോട്ടലുകളിലെ അടുക്കളകളിലുണ്ടായിരുന്ന അനീതികൾ ഇക്കാലത്തുണ്ടാവില്ല. അക്കാലത്തുതന്നെ ഞാൻ പണിയെടുത്ത ഹോട്ടലുകളുടെ അടുക്കളയെക്കുറിച്ചും അവിടെ നടന്ന ഉഡായിപ്പുകളെക്കുറിച്ചും മാത്രമേ എനിക്കറിയൂ.
എനിക്കറിയാവുന്ന, ഞാനനുഭവിച്ച കാര്യങ്ങളെക്കുറിച്ച് എഴുതുമ്പോൾ ആരും ക്ഷോഭിക്കേണ്ടതില്ല. അക്കാലത്ത് ഏതാണ്ട് എല്ലാ നഗരങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാവും കാര്യങ്ങൾ നടന്നിട്ടുണ്ടാവുക എന്നതുകൊണ്ട് കോഴിക്കോടൻ പെരുമയിൽ അഭിമാനിക്കുന്നവർക്ക് ഇതു വായിച്ചിട്ട് അലോസരം തോന്നേണ്ടതില്ല.
അയാൾക്ക് ഞങ്ങൾ കുട്ടികൾ വെറും ദ്വാരങ്ങളായിരുന്നു. വായ, ഗുദം, തുടകൾ, ചിലപ്പോൾ കക്ഷം... ഏത് ദ്വാരമാണോ അയാളുടെ മാംസക്കമ്പിക്ക് അന്നേരം ഇഷ്ടമായി തോന്നുന്നത്, ആ ദ്വാരങ്ങളിലേക്ക് ചുട്ടു പഴുത്ത മാംസ കമ്പി യാതൊരു ദയയുമില്ലാതെ ആഴ്ന്നിറങ്ങും.
നല്ല തടിയും ഇരുണ്ട നിറവും കടുംനിറമുള്ള വസ്ത്രങ്ങളും കൊമ്പൻ മീശയും മദ്യ ലഹരി ചുവപ്പിച്ച കണ്ണുകളുമുള്ള ഒരു മനുഷ്യനായിരുന്നു ബുഹാരി ഹോട്ടലിന്റെ മാനേജർ. വെയിറ്റർമാർക്കും ക്യാഷ്യർക്കും പണ്ടാരിമാർക്കുമൊക്കെ അയാളെ പേടിയായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് അയാളെ കാണുമ്പോഴേ നെഞ്ചിടിപ്പിന്റെ വേഗം കൂടും, കാൽമുട്ടുകൾ വിറക്കും, ആ മനുഷ്യൻ കനപ്പിച്ചുനോക്കിയാൽ പലരും മൂത്രമൊഴിച്ചുപോവും. അധികം സംസാരമൊന്നുമില്ല, എല്ലാവരെയും നോക്കും. ആ നോട്ടത്തിന്റെ ചൂടിൽ ഞങ്ങൾ തലതാഴ്ത്തും.
അടുക്കളയിൽ കടന്ന് ഓരോ വിഭവങ്ങളും അയാൾ രുചിച്ചുനോക്കും. എന്തെങ്കിലും കുറവോ കൂടുതലോ ഉണ്ടെങ്കിൽ അയാളുടെ നോട്ടത്തിൽ നിന്ന് തന്നെ പണ്ടാരിമാർക്ക് കാര്യം മനസ്സിലാവും. ഹോട്ടലിനുള്ളിൽ കണ്ണാടിച്ചുമരുകൾ കൊണ്ട് മറച്ചുണ്ടാക്കിയ, എ. സി റൂമിൽ കയറുമ്പോൾ മാത്രമാണ് അയാളുടെ മുഖത്തെ കനം ഒന്നയയുന്നത്. അവിടെ ഭക്ഷണം കഴിക്കുന്നവർ വി.ഐ.പികളാണല്ലോ. പുറത്തെ ഹാളിൽ അഞ്ചുരൂപയ്ക്ക് കൊടുക്കുന്ന അതേ വറുത്ത അയല അതിനുള്ളിൽ ഒമ്പത് രൂപയ്ക്കാണ് കൊടുക്കുന്നത്.
ആദ്യ ദിവസങ്ങളിൽ എന്റെ ജോലി എച്ചിൽ പാത്രങ്ങളെടുത്ത് അടുക്കളയിൽ കൊണ്ടുവെക്കലായിരുന്നു.
ഞാൻ പത്രങ്ങൾ എടുത്ത പാടെ മറ്റൊരു കുട്ടി മേശ തുടയ്ക്കും. ഉടൻ വെയിറ്റർ ഒരു ഗ്ലാസ് കൊണ്ടുവെച്ച് ആളുകളോട് ഓർഡർ എടുക്കും. എ.സി റൂമിലാണ് മെനു കാർഡുള്ളത്. ഇവിടെ വെയിറ്റർമാർ നല്ല ഈണത്തിൽ ഒറ്റശ്വാസത്തിൽ ഭക്ഷണസാധനങ്ങളുടെ പേരുപറയും.

അടുക്കളയുടെ സൂപ്പർവൈസറായ രവിയേട്ടൻ സുന്ദരനായിരുന്നു. വൃത്തിയുള്ള വേഷമാണ് എപ്പോഴും ധരിക്കുക. മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തുവെച്ചിട്ടുണ്ടാവും. ദേഷ്യപ്പെടുമ്പോഴും ആ ചിരി മുഖത്തുണ്ടാവും. മേശകളിൽനിന്ന് കൊണ്ടുവരുന്ന പാത്രങ്ങൾ ആദ്യം രവിയേട്ടൻ കാണാൻ പാകത്തിൽ വലിയ മേശയിൽ വെക്കണം. എന്നിട്ട് അതിൽനിന്ന് ബീഫ് ഫ്രൈയുടെയും മീൻ കറിയുടെയും പാത്രങ്ങൾ മാറ്റിവെക്കണം. ഉച്ചവരെ ആളുകൾ കാര്യായിട്ട് കഴിക്കുന്നത് പൊറോട്ടയും കറികളുമാണല്ലോ.
പാത്രത്തിൽ ബാക്കിയാവുന്ന എച്ചിലാണ് മാറ്റിവെക്കേണ്ടത്. മുട്ടക്കറിയുടെ സാൽനയും ഗ്രീൻപീസും ഒക്കെ ഇങ്ങനെ മാറ്റിവയ്ക്കണം. ബാക്കി പാത്രങ്ങൾ അടുക്കളയ്ക്കപ്പുറത്തെ നാറ്റക്കുണ്ടിലിരുന്ന് പാത്രം മോറുന്ന കുട്ടിയുടെ അടുത്ത് കൊണ്ടുവയ്ക്കണം. ആഴ്ചയിൽ ഡ്യൂട്ടി മാറും. മേശ തുടക്കുന്നവൻ പാത്രങ്ങളെടുക്കും. പാത്രങ്ങൾ എടുക്കുന്നവന് പാത്രങ്ങൾ മോറാൻ നാറ്റക്കുണ്ടിലേക്ക് മാറ്റം കിട്ടും. എച്ചിലുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഞങ്ങൾ ഏഴ് കുട്ടികൾ മാറിമാറി ചെയ്തു. എ.സി. റൂമിൽ വേറെ രണ്ടു കുട്ടികളുണ്ട്. അങ്ങോട്ട് സ്ഥലംമാറ്റം കിട്ടണമെങ്കിൽ മാനേജരുടെ കനിവുണ്ടാവണം. ആ കനിവ് കിട്ടണമെങ്കിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യം മണക്കുന്ന അയാളുടെ കനത്ത ശരീരത്തിനുകീഴിൽ കിടന്ന് ശ്വാസം മുട്ടണം.
അയാൾക്ക് ഞങ്ങൾ കുട്ടികൾ വെറും ദ്വാരങ്ങളായിരുന്നു. വായ, ഗുദം, തുടകൾ, ചിലപ്പോൾ കക്ഷം... ഏത് ദ്വാരമാണോ അയാളുടെ മാംസക്കമ്പിക്ക് അന്നേരം ഇഷ്ടമായി തോന്നുന്നത്, ആ ദ്വാരങ്ങളിലേക്ക് ചുട്ടു പഴുത്ത മാംസ കമ്പി യാതൊരു ദയയുമില്ലാതെ ആഴ്ന്നിറങ്ങും.
അവന് ലഭിക്കുന്ന സൗഭാഗ്യങ്ങളുടെ വില അവന്റെ വെളുത്ത്, രോമരഹിതമായ ശരീരത്തിന്റെതായിരുന്നു. അവന്റെ ചുവന്ന ചുണ്ടുകൾക്ക് പെൺചുണ്ടുകളുടെ ഭംഗിയായിരുന്നു. ആ നേർത്ത അധരചർമത്തിനുള്ളിലെ ചോര രുചിക്കുന്നത്, അയാൾക്ക് മദ്യത്തേക്കാൾ ലഹരി നൽകി.
ഞാൻ കഴിയുന്നത്ര അയാളുടെ കണ്ണിൽ പെടാതെ മാറിനടന്നു. ഞാനാ കനത്ത ശരീരത്തെയും അസ്ഥി തുളക്കുന്ന നോട്ടത്തെയും മദ്യത്തിന്റെ നാറ്റത്തെയും ഭയന്നു. ഭയമെന്ന ഒറ്റ വാക്കിൽ ആ വികാരത്തെ നിർവചിക്കാൻ കഴിയില്ല. അയാളുടെ മുറിയിൽ നിന്നിറങ്ങി വരുന്ന കുട്ടിയുടെ കണ്ണുകളിൽ ഭയത്തിനപ്പുറത്തെ തമോഗർത്തങ്ങൾ ഞാൻ കണ്ടു. ഗുദം പൊത്തിപ്പിടിച്ച് ഓടുന്ന ലോണപ്പന്റെ കണ്ണുകളിൽ നിന്ന് പൊടിഞ്ഞിരുന്നത് കണ്ണീരല്ല, ചോരയാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യജീവിയോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും അയാൾ കുട്ടികളോട് ചെയ്തു.
വെളുത്ത് സുന്ദരനായ ലോണപ്പൻ അയാളുടെ ഇഷ്ടവിഭവമായിരുന്നു. രാപ്പകലില്ലാതെ നാറ്റക്കുണ്ടിലിരുന്ന് പാത്രങ്ങൾ മോറാൻ അവൻ തയ്യാറായിരുന്നു. വേണമെങ്കിൽ ആയുഷ്‌കാലമത്രയും, പക്ഷേ അയാൾ അവനെ എപ്പോഴും എ.സി. റൂമിൽ നിയമിച്ചു. അവിടെ അവന് മേശകളിൽ ഗ്ലാസുകൾ കൊണ്ടുവച്ചാൽ മാത്രം മതിയായിരുന്നു. മറ്റു കുട്ടികൾ അവന്റെ ആ സൗഭാഗ്യത്തിൽ അസൂയപ്പെട്ടു. അവനോട് മിണ്ടാനേ പോയില്ല. ഞാനും മണിയും അവൻ പറയുന്ന കമ്പിക്കഥകളുടെ ഉഷ്ണം കൊണ്ട് രാത്രികളിൽ പൊള്ളിപ്പിടഞ്ഞു.
അവന് ലഭിക്കുന്ന സൗഭാഗ്യങ്ങളുടെ വില അവന്റെ വെളുത്ത്, രോമരഹിതമായ ശരീരത്തിന്റെതായിരുന്നു. അവന്റെ ചുവന്ന ചുണ്ടുകൾക്ക് പെൺചുണ്ടുകളുടെ ഭംഗിയായിരുന്നു. ആ നേർത്ത അധരചർമത്തിനുള്ളിലെ ചോര രുചിക്കുന്നത്, അയാൾക്ക് മദ്യത്തേക്കാൾ ലഹരി നൽകി. ഒരു ദിവസത്തിൽ മൂന്ന് തവണയൊക്കെ ലോണപ്പന് ആ മുറിയിലേക്ക് പോവേണ്ടിവന്നു. അവന്റെ ഗുദം മാംസമടർന്ന് വേദനയുടെ പെരുംചുഴിയിലേക്ക് അവനെ മുക്കിത്താഴ്ത്തി.

കക്കൂസിലിരിക്കുമ്പോൾ അവൻ വേദന കൊണ്ട് അലറി വിളിച്ചു. സഹനമെന്നതിന് ഒരു അവസാനവാക്കുണ്ടെങ്കിൽ അത് എന്റെ ലോണപ്പനാണ്. അവൻ സഹിച്ചതിന്റെ പത്തിലൊന്നു പോലും ഞാൻ സഹിച്ചിട്ടില്ല. അവന്റെ പതിനാറ് വയസ്സു മാത്രം പ്രായമുള്ള ശരീരത്തിൽ അയാൾ ചെയ്തുകൂട്ടിയ കാമപ്പിരാന്തിന്റെ താണ്ഡവം മറ്റേത് കുട്ടിയായിരുന്നെങ്കിലും സഹിക്കുമായിരുന്നില്ല .
ലോണപ്പന് സഹിക്കേണ്ടതുണ്ട്.
ബാലുശ്ശേരിയിലെ വാടകവീട്ടിൽ മൂന്നു വയറുകൾ അവന്റെ വരുമാനം കൊണ്ട് മാത്രമാണ് വിശപ്പാറ്റിയത്. മാസത്തിലൊരിക്കൽ വീട്ടിൽ പോയി വരുന്ന അവൻ അനിയത്തിയുടെ വിശേഷങ്ങൾ ഞങ്ങളോട് പറയുമായിരുന്നു. സ്വന്തം ഗുദത്തിൽ നിന്ന് പൊടിഞ്ഞ ചോരയുടെ വിലയായി അയാൾ നൽകിയ ചില്ലറ നാണയങ്ങൾ കൂട്ടിവച്ചാണ് അവൻ തന്റെ അനിയത്തിക്ക് അക്കാലത്ത് ഒരു സ്‌കൂൾ ബാഗ് വാങ്ങിയത്.
മറ്റാർക്കുമില്ലാത്ത ബാഗുമായി ഒരു പെൺകുട്ടി സ്‌കൂളിലേക്ക് പോയി. അവളുടെ ഏട്ടൻ, എന്റെ ലോണപ്പൻ അഭിമാനത്തോടെ അത് കണ്ടുനിന്നു. ശരീരത്തിൽ ഏറ്റുവാങ്ങിയ മാംസക്കമ്പിയുടെ കാമപ്പിരാന്തുകളെ, അതിന്റെ വേദനകളെ അവൻ മറന്നത് അനിയത്തിയുടെ ചിരിയിലാണ്. അവൾ ധരിച്ച പുതുവസ്ത്രങ്ങളിലാണ്. എത്ര പറഞ്ഞാലും തീരാത്ത അനിയത്തിയുടെ വിശേഷങ്ങൾ കേട്ടിരുന്ന ആ ഞാൻ കാലങ്ങൾക്കുശേഷം അവനെ കണ്ടു.
അനിയത്തിയും അനിയനും മുതിർന്നിരുന്നു. അവർക്ക് സ്വന്തം വീടുകളും കുടുംബവും ഉണ്ടായിരുന്നു. അമ്മ കൂടി ഇല്ലാതായ ഈ ഭൂമിയിൽ അവനുമാത്രം വീടുണ്ടായിരുന്നില്ല. മുഷിഞ്ഞ വസ്ത്രങ്ങളും മനുഷ്യമലത്തിന്റെ മണവുമായി അവൻ എന്റെ മുമ്പിൽ നിന്നു. അവന്റെ തലമുടി എണ്ണ കണ്ട കാലം മറന്നുപോയിരുന്നു. ബാലുശ്ശേരിയിലും അത്തോളിയിലും നാദാപുരത്തും അവൻ അലഞ്ഞുനടന്നു. കാണുന്നവരോടെല്ലാം കൈനീട്ടി. അവന് ഭ്രാന്തുണ്ടായിരുന്നില്ല. ഉന്മാദത്തിന്റെ മണവുമായി അവനെന്റെ മുമ്പിൽ നിന്നിരുന്നുവെങ്കിൽ അത്ര സങ്കടം തോന്നുമായിരുന്നില്ല.
പതിനാലാം വയസ് മുതൽ എച്ചിൽ തുടച്ച്, എച്ചിൽ പാത്രങ്ങൾ കഴുകി, കണ്ടവരുടെയെല്ലാം അടിയും തൊഴിയും കാമവും ഏറ്റുവാങ്ങി അവൻ വളർത്തിയ അവന്റെ അനിയത്തി അവനെ മറന്നുപോയിരുന്നു.
തികഞ്ഞ ബോധത്തിൽ അവൻ എന്നെ തിരിച്ചറിഞ്ഞു. മുഖത്തെ താടിമീശയിൽ പടർന്ന അകാലനരയ്ക്കിടയിൽ ഞാൻ അവന്റെ ചുണ്ട് കണ്ടു. പെൺചുണ്ടുകളുടെ സൗന്ദര്യവുമായി, മാനേജർക്ക് കടിച്ചുപറിക്കാൻ അവൻ വിട്ടുകൊടുത്ത ചുണ്ട് കരിക്കട്ടയായി എന്നെ നോക്കി. ആ ചുണ്ടിനപ്പുറം വിടരാൻ മടിച്ചുനിന്ന ചിരിയിൽ ഞാനവനെ കണ്ടു. ഗുദം പൊത്തിപ്പിടിച്ച് ഓടുന്ന എന്റെ ലോണപ്പനെ കണ്ടു. കക്കൂസിലിരുന്ന് അവൻ അലറിവിളിക്കുന്നത് ഞാൻ കേട്ടു.
ഞങ്ങൾ നിൽക്കുന്നത് അത്തോളിയിലെ പെരുവഴിയിലാണെന്ന കാര്യം പോലും മറന്ന് ഞാനവനെ കെട്ടിപ്പിടിച്ചു. അവന്റെ ഗന്ധം, വിയർപ്പിന്റെയും മലത്തിന്റെയും ഗന്ധം എന്നെ പൊതിയുമ്പോൾ അവൻ എന്റെ പേരുവിളിച്ച് കരഞ്ഞു. കാലങ്ങളായി ഉള്ളിൽ വിങ്ങിനിന്നതൊക്കെ പൊട്ടിയൊലിച്ചു. അവന്റെ കരച്ചിലിന്റെ ശബ്ദം ഞാൻ കേട്ടില്ല. പക്ഷേ ആ കണ്ണീര്, ചോരയുടെ മണമുള്ള കണ്ണീര്, എന്റെ മുഖത്തും തോളിലും വീണു പൊള്ളി.

ഏതോ സിനിമാരംഗം കാണും പോലെ ആളുകൾ ഞങ്ങളെ നോക്കി. വാഹനങ്ങൾ ഞങ്ങളെ കടന്നുപോയി. പതിനാലാം വയസ് മുതൽ എച്ചിൽ തുടച്ച്, എച്ചിൽ പാത്രങ്ങൾ കഴുകി, കണ്ടവരുടെയെല്ലാം അടിയും തൊഴിയും കാമവും ഏറ്റുവാങ്ങി അവൻ വളർത്തിയ അവന്റെ അനിയത്തി അവനെ മറന്നുപോയിരുന്നു. മറവിയല്ല ക്രൂരമായ അവഗണന. ശുക്ലം വിഴുങ്ങിയതിന് കിട്ടിയ ചില്ലറ നാണയങ്ങൾ സൂക്ഷിച്ചു വെച്ച് അനിയത്തിക്കുവേണ്ടി ഒരേട്ടൻ വാങ്ങിയ പുതുവസ്ത്രങ്ങളെ അപ്പോൾ ഞാൻ കണ്ടു. എനിക്കുചുറ്റും അപ്പോൾ മനുഷ്യരായിരുന്നില്ല, മരുഭൂമിയായിരുന്നു. സ്‌നേഹരാഹിത്യത്തിന്റെ, അവഗണനയുടെ, അർഥം നഷ്ടമായ ജീവിതങ്ങളുടെ മരുഭൂമി. ആ മരുഭൂമിയിൽ എന്നെ കെട്ടിപ്പിടിച്ച് ഒച്ചയില്ലാതെ കരയുന്ന ലോണപ്പനെ എനിക്ക് വേർപെടുത്താൻ കഴിഞ്ഞില്ല.
അവന്റെ സങ്കടത്തിരകൾ അടിഞ്ഞമരാൻ ഞാൻ കാത്തുനിന്നു. പണ്ടെന്നോ വെള്ളയായിരുന്ന അവന്റെ മുണ്ട് ചളിയും മലവും മണ്ണും പുരണ്ട് കാവിനിറമായി മാറിയിരുന്നു. കുപ്പായത്തിന്റെ നിറം ഏതെന്നുപോലും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ഏത് ആൾക്കൂട്ടത്തിലും അവനെ തിരിച്ചറിയാൻ കഴിയുന്ന, കൈപ്പത്തിയിലെ ആ ആറാം വിരൽ എന്റെ ഇടത്തേ കണ്ണിന് താഴെയായി വിറയ്ക്കുന്നത് ഞാൻ കണ്ടു.
പെട്ടെന്നൊരു മഴ പെയ്യുമ്പോൾ കൂട്ടം വിട്ട് പറന്നുപോവേണ്ട പക്ഷികളായിരുന്നു ഞങ്ങൾ. ബുഹാരി ഹോട്ടലിലെ ആ ടെറസിൽനിന്ന് പലവഴിക്ക് പറന്നകന്ന കൂട്ടുകാരെയെല്ലാം ഞാൻ പിന്നീട് തേടി കണ്ടെത്തിയിട്ടുണ്ട്. ബാല്യവും കൗമാരവും എച്ചിൽ മേശകളിലും എച്ചിൽ പാത്രങ്ങളിലും എരിച്ചുതീർത്ത ഞങ്ങളാരും ഒന്നുമായില്ല. ഏറിയാൽ ഒരു പെയിന്റടിക്കാരൻ, ഓട്ടോ ഡ്രൈവർ, ബസിലെ കിളി, ഹോട്ടലിലെ വെയിറ്റർ...
ഇപ്പോൾ ഹോട്ടലിന്റെ അടുക്കളയിലെ ആ വലിയ മേശ എനിക്കു കാണാം.... അവിടെ ഞങ്ങൾ കുട്ടികൾ മാറ്റിവെച്ച എച്ചിൽ ഭക്ഷണം കാണാം. ആ പത്രങ്ങളിൽ ആളുകൾ ബാക്കിയാക്കിയ ബീഫ് ഫ്രൈയും, മീൻകറിയും, മുട്ടക്കറിയും, ഗ്രീൻപീസുമൊക്കെ അതാതിന്റെ ചെമ്പുകളിലേക്ക് വേർ തിരിച്ചൊഴിക്കുന്ന കിച്ചൻ സൂപ്പർവൈസർ രവിയേട്ടനെ കാണാം.
ഇനി നിങ്ങൾക്ക് വിളമ്പപ്പെടുന്നത് ആരുടേതെന്നുപോലും നിങ്ങൾക്കറിയാത്ത എച്ചിലാണ്. പലരുടെയും ഉമിനീരും മൂക്കളയും കലർന്ന ഭക്ഷണമാണ്. നിങ്ങളുടെ മുമ്പിലെ മേശ തുടയ്ക്കുന്ന കുട്ടിയുടെ നാറ്റത്തിനുനേർക്ക് മൂക്കുപൊത്തുന്ന നിങ്ങൾക്കറിയില്ല, മുമ്പിൽ വിളമ്പപ്പെട്ടത് മറ്റാരുടെയോ എച്ചിൽ കലർന്ന ബീഫ് ഫ്രൈയാണെന്ന്.... പൊറാട്ട പിച്ചിയിട്ട് ഓരോ കഷണമായി നിങ്ങൾ മുക്കിയെടുക്കുന്ന മീൻകറി മറ്റൊരാളുടെ ഉമിനീര് കലർന്നതാണെന്ന്...
കൂടുതൽ എഴുതുന്നില്ല.
ബസിറങ്ങി വിശന്നുവലഞ്ഞ് ഓടിക്കയറി അന്യായവില കൊടുത്ത് നിങ്ങൾ തിന്ന ബീഫിലും ചിക്കനിലും മീനിലും പച്ചക്കറിയിലുമൊക്കെ മറ്റുള്ളവരുടെ എച്ചിലുണ്ട്. എ.സി. റൂമിലിരുന്ന് ഇരട്ടിവില കൊടുത്താണ് കഴിച്ചതെങ്കിൽ ഒട്ടും വിഷമിക്കേണ്ട, അവിടേക്കും ഭക്ഷണം വിളമ്പിയത് അതേ അടുക്കളയിൽ നിന്നാണ്. എച്ചിലിന് നിങ്ങൾ ഇരട്ടി വില കൊടുത്തു എന്നുമാത്രം അറിഞ്ഞാൽ മതി. പൊറോട്ടയും കറിയുമല്ല, ചോറാണ് തിന്നതെങ്കിൽ അപ്പോഴും വിഷമിക്കണ്ട.
ജീവിതത്തിന്റെ എച്ചിൽനാറ്റവുമായി നിങ്ങളെ കണ്ടുനിന്ന ഞങ്ങൾക്കറിയാമായിരുന്നു, വല്യ ഗമയിൽ നിങ്ങൾ നൊട്ടിനുണയുന്നത് എത്രയോ പേരുടെ എച്ചിലാണെന്ന്.
നിങ്ങളുടെ മുമ്പിൽ വെച്ച ആ രണ്ട് ചെറിയ കറിപ്പാത്രങ്ങളെ ഓർമയില്ലേ?
വെളുത്ത നിറവും വൃത്തിയുമുള്ള ചില്ലുപാത്രങ്ങളെ?
അവയിൽ വിളമ്പപ്പെട്ട മീൻകറിയും പച്ചക്കറിയും ഓർമയില്ലേ?
അതിലുമുണ്ട്, നിങ്ങൾക്കുമുമ്പ് കഴിച്ചവർ ബാക്കിവെച്ചുപോയ എച്ചിൽ.
ചോറ് ബാക്കിവെച്ചുപോയത് ഓർമയില്ലേ? ആ ചോറിലെ കറിയായ ഭാഗം എടുത്തുകളഞ്ഞ് ചൂടുള്ള ചോറ്റുചെമ്പിലേക്ക് ബാക്കി ചോറിട്ട് മിക്‌സ് ചെയ്തത് കിച്ചൻ സൂപ്പർവൈസറാണ്. ഇതൊക്കെ മാനേജർക്ക് അറിയില്ലേ എന്നുചോദിച്ചാൽ അറിയും എന്നുതന്നെയാണ് ഉത്തരം. മാനേജർക്കും മുകളിലെ മുതലാളിമാർക്ക് അറിയുമോ എന്ന് ചോദിച്ചാൽ, ഞാനാ മുതലാളിമാരെ കണ്ടിട്ടില്ല. അവർ ഹോട്ടലിൽ വന്നിട്ടുണ്ടാവും, ഞാൻ കണ്ടിട്ടും ഉണ്ടാവും, ഇതാണ് മുതലാളി എന്നുപറഞ്ഞ് ആരും എനിക്കവരെ കാണിച്ചുതന്നിട്ടില്ല.
വില കൂടിയ വസ്ത്രങ്ങൾ വൃത്തിയിൽ ധരിച്ച്, എ.സി. റൂമിലും അല്ലാതെയും ഇരുന്ന് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾ കുട്ടികൾ നിങ്ങളുടെ ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ച് തരാൻ മഗ്ഗുമായി വരുന്ന നേരത്ത്, നിങ്ങൾ മൂക്കുപൊത്തുമായിരുന്നു. ഞങ്ങളുടെ നാറ്റത്തിനുനേരെ, ഞങ്ങളുടെ ജീവിതങ്ങൾക്കുനേരെ, ഞങ്ങളിൽ പലരെയും നിങ്ങൾ ഈ നാറ്റം കാരണം ഓടിച്ചുവിട്ടിട്ടുണ്ട്...
ജീവിതത്തിന്റെ എച്ചിൽനാറ്റവുമായി നിങ്ങളെ കണ്ടുനിന്ന ഞങ്ങൾക്കറിയാമായിരുന്നു, വല്യ ഗമയിൽ നിങ്ങൾ നൊട്ടിനുണയുന്നത് എത്രയോ പേരുടെ എച്ചിലാണെന്ന്. എച്ചിൽമേശ തുടയ്ക്കാൻ നാറ്റത്തുണിയുമായി വന്ന എന്റെ മണിയെ നിങ്ങൾ എത്രയോ തവണ ആട്ടിയോടിച്ചിട്ടുണ്ട്. നാറ്റത്തിന്റെ കൂടെ അവന്റെ തൊലിയുടെ നിറവും നിങ്ങൾക്ക് ഓക്കാനമുണ്ടാക്കി. ദിവസം പത്തുരൂപയ്ക്ക് പന്ത്രണ്ട് മണിക്കൂർ എച്ചിൽമേശ തുടക്കുന്ന ഒരു കുട്ടിയെ അവന്റെ നാറ്റം കാരണം നിങ്ങൾ ആട്ടിയോടിക്കുമ്പോൾ, കാലം നിങ്ങൾക്കായി കരുതിവെച്ചത് ആരുടേതെന്നുപോലും തിരിച്ചറിയാനാവാത്ത എച്ചിൽ കലർന്ന ഭക്ഷണമാണ്.
അത് അങ്ങനെയാണ്, ചിലപ്പോഴൊക്കെ അനീതി പോലും നീതിയായി മാറാറുണ്ട്. അത് നിങ്ങളെ അലോസരപ്പെടുത്തുമെങ്കിലും ...
ദൈവങ്ങൾ പോലും കൈവിട്ട ജീവിതങ്ങൾക്ക് എന്തെങ്കിലും ചിരിമരുന്ന് വേണ്ടേ?
ഞാൻ ഉള്ളിൽ ചിരിച്ചിട്ടുണ്ട്, എന്റെ മണിയെ ആട്ടിയോടിച്ച നിങ്ങൾ അന്യന്റെ എച്ചിൽ കലർന്ന ഭക്ഷണം ആർത്തിയോടെ തിന്നുന്നതുകണ്ടുനിന്ന് ഒരുപാട് തവണ ചിരിച്ചിട്ടുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.