ലക്ഷ്​മിയേച്ചിയുടെ അരക്കെട്ടിലെ
ചോരപ്പുഴയിൽ കുതിർന്ന നഗരരാത്രി

​ചോര നനവുള്ള തുടകൾക്കുമുകളിൽ പാതിയും താണുപോയ സോഡാക്കുപ്പി മണി വലിച്ചെടുത്തു. ചോര ചീറ്റി. എന്റെ കൈപ്പടം നനഞ്ഞു. ഞാനാകെ വിറച്ചു. കുപ്പിയും പിടിച്ച് അന്തം വിട്ടിരിക്കുന്ന മണിയുടെ മടിയിലേക്ക് അലറിക്കരഞ്ഞ്​ ലക്ഷ്മിയേച്ചി വീണു.

ഴയും മഞ്ഞും കൊണ്ട് ഞങ്ങൾ കിടന്ന ആ വിശാലമായ ടെറസിന് ഇരുണ്ട പുകയുടെ മണമായിരുന്നു.
നഗരത്തിന്റെ മണം, ഞങ്ങളുടെ തന്നെ മണം.
ഏഴ് കുട്ടികൾ മഴയില്ലാത്തപ്പോൾ ഏഴിടങ്ങളിലായി കിടന്നു. ഞാനും മണിയും ഒരുമിച്ചാണ് കിടന്നത്. ഭാസ്‌കരേട്ടന്റെ ദയയിൽ എനിക്കുകിട്ടിയ ആ പുതിയ പുൽപ്പായക്കും പുകമണം തന്നെയായിരുന്നു.

മണിക്ക് പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു.
കരിമ്പനകളുടെയും പനങ്കള്ളിന്റെയും നെൽപ്പാടങ്ങളുടെയും നാട്ടിൽ നിന്നാണ് അവൻ വന്നത്. ബസിറങ്ങി പാടം മുറിച്ചുകടന്നാൽ എത്തിച്ചേരുന്ന അവന്റെ ഓലവീട് ഞാനാ ടെറസിനുമുകളിലെ ആകാശത്തിൽ കണ്ടു. അവിടെ വെളുത്ത നിറമുള്ള അച്ഛനും അമ്മയും തങ്ങൾക്ക് ജനിച്ച കറുത്ത കുട്ടിയെ അനിഷ്ടത്തോടെ നോക്കി. മണിക്ക് ഒരു ഏട്ടത്തിയുണ്ടായിരുന്നു. അവളും വെളുത്തിട്ടാണ്.

സ്വന്തം ചർമത്തിന്റെ നിറത്തെക്കുറിച്ച് അവനെ ആദ്യം ബോദ്ധ്യപ്പെടുത്തിയത് അച്ഛനാണ്. അച്ഛൻ മകന്റെ കറുത്ത നിറത്തിന് ഭാര്യയെ പഴി പറഞ്ഞു. ആരുടെ ബീജത്തിൽ നിന്നാണ് നീ ഈ സന്തതിയെ സ്വീകരിച്ചതെന്ന അയാളുടെ ആക്രോശത്തിൽ വീടിന്റെ ഓലച്ചുമരിൽ ചാരി നിന്ന് മണിയെന്ന കുട്ടി കരഞ്ഞു. അവന്റെ കരച്ചിലിനെ വെളുത്ത നിറമുള്ള ഏട്ടത്തി പരിഹസിച്ചു. ഭർത്താവിന്റെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും മുമ്പിൽ മകന്റെ തൊലി നിറത്തെ ചൊല്ലി അവന്റെ അമ്മ തലകുനിച്ചുനിന്നു.

ബസിറങ്ങി പാടം മുറിച്ചുകടന്നാൽ എത്തിച്ചേരുന്ന അവന്റെ ഓലവീട് ഞാനാ ടെറസിനുമുകളിലെ ആകാശത്തിൽ കണ്ടു.
ബസിറങ്ങി പാടം മുറിച്ചുകടന്നാൽ എത്തിച്ചേരുന്ന അവന്റെ ഓലവീട് ഞാനാ ടെറസിനുമുകളിലെ ആകാശത്തിൽ കണ്ടു.

അമ്മയുടെ തലകുനിക്കൽ മെല്ലെ മെല്ലെ അവനോടുള്ള അവഗണനയായി മാറി. അവഗണന വെറുപ്പായും കോപമായും നിറം മാറിയപ്പോൾ മണി അമ്മയെന്ന വാക്കിനുതാഴെ രക്തനിറമുള്ള അടിവരയിട്ടു. അവന് വിളമ്പിക്കിട്ടുന്ന ഭക്ഷണത്തിലേക്ക് വെളുത്ത ഏട്ടത്തി കൂറകളെയും ചത്ത പല്ലിയെയും കൊണ്ടിട്ട് ചിരിച്ചു. രക്തബന്ധങ്ങൾക്ക് വാഴനാരിന്റെ ഉറപ്പ് മാത്രമേയുള്ളൂ എന്നുമനസ്സിലാക്കിക്കഴിഞ്ഞ എനിക്ക് അവന്റെ കഥകളിൽ അത്ഭുതമൊന്നും തോന്നിയില്ല.

ആ ഓലവീടിന്റെ മുറ്റത്ത് പേരക്കാമരത്തിൽ കെട്ടിയിട്ട് അവനെ തല്ലിയ അമ്മയെ എനിക്ക് മനസ്സിലാവും. അതുകണ്ട് കൈകൊട്ടി ചിരിക്കുന്ന ഏട്ടത്തിയെ മനസ്സിലാവും. തീട്ടം കാണുന്ന അറപ്പോടെ മകനെ നോക്കുന്ന ആ അച്ഛനെയും എനിക്ക് മനസ്സിലാവും.

ആ പേരക്കാ മരത്തിൽനിന്ന് അവൻ ഓടിയ ഓട്ടങ്ങളെല്ലാം എന്റേതുകൂടിയാണ്. അതിന്റെ കിതപ്പും ഭയവും പൊരുളറിയാത്ത ആനന്ദവും അപമാനവും എച്ചിൽ കൂനകളും വിശപ്പുമെല്ലാം മറ്റൊരുനിറത്തിൽ ഞാൻ കണ്ട ആകാശങ്ങൾ തന്നെയാണ്. വീടുവിട്ട് ഓടിപ്പോന്ന അവനെ ആരും തിരഞ്ഞുനടന്നിട്ടുണ്ടാവില്ല. കരച്ചിലിന്റെ നനവ് പോലുമില്ലാതെ അവൻ പറഞ്ഞുതീർക്കുന്ന ദുരിതങ്ങളെല്ലാം എന്റെ ആകാശത്തിൽ കാർമേഘങ്ങളായി കനത്തു. അവ പെയ്തുതോരുന്നത് അവൻ അറിയാതിരിക്കാൻ ഞാൻ അവനെ മാറിനടന്നു.

എവിടേക്ക് മാറിപ്പോയാലും അവൻ എന്നെത്തേടിവന്നു. കറുത്ത ചുണ്ടിനുള്ളിലെ നിലാച്ചിരിയുമായി അവൻ എന്നെ ചൂഴ്​ന്നുനിന്നു. ഞങ്ങളൊന്നിച്ച് രാവിലെ ആറുമണിക്ക് ജോലിക്കുകയറി. വൈകിട്ട് ആറിന്​ ജോലി കഴിഞ്ഞ് കൗണ്ടറിൽ നിന്ന് കൂലിയും വാങ്ങി നഗരത്തിലൂടെ ഓടി. പുതിയ ബസ്റ്റാൻഡിൽ നിന്ന് അപ്‌സരാ തിയേറ്ററോളം. അവിടെയെത്തുമ്പോൾ ഫസ്റ്റ് ഷോ തുടങ്ങിയിരിക്കും. എന്നാലും ടിക്കറ്റ് കിട്ടും.

ആ പേരക്കാ മരത്തിൽനിന്ന് അവൻ ഓടിയ ഓട്ടങ്ങളെല്ലാം എന്റേതുകൂടിയാണ്.
ആ പേരക്കാ മരത്തിൽനിന്ന് അവൻ ഓടിയ ഓട്ടങ്ങളെല്ലാം എന്റേതുകൂടിയാണ്.

കഥയെത്രയോ കഴിഞ്ഞുപോയ ആ ഇരുട്ടിൽ ഞങ്ങൾ തിരശ്ശീലയിലേക്ക് നോക്കി അന്തം വിട്ടിരിക്കും. ചിലപ്പോഴൊക്കെ കഥയുടെ ഒഴുക്ക് ഞങ്ങൾക്ക് പിടികിട്ടി. പലപ്പോഴും കണ്ട സിനിമ ഏതാണെന്ന് ഞങ്ങൾ അറിയുന്നത് പിറ്റേന്നോ അതിന്റെ പിറ്റേന്നോ ആയിരിക്കും.
ഫസ്റ്റ് ഷോ അപ്‌സരയിൽ നിന്ന് കണ്ട്, സെക്കൻഡ് ഷോയ്ക്ക് കോറണേഷനിലേക്ക് ഓടും. ആ ഓട്ടത്തിൽ ഞങ്ങൾ ചുറ്റും അലറിവിളിക്കുന്ന നഗരത്തെ കണ്ടില്ല. തുണിയുരിഞ്ഞാടുന്ന നഗരഭ്രാന്തുകളെ കണ്ടില്ല.

വെങ്കിടേശിന്റെയും ചിരഞ്ജീവിയുടെയും ഡബ്ബ് ചെയ്ത തമിഴ് ചിത്രങ്ങളാണ് ഞങ്ങൾ അധികവും കണ്ടത്. അതിന്റെ കഥ എന്തെന്നോർത്ത് അത്ഭുതപ്പെടേണ്ടതില്ല. മിനിമം നാല് ഇടിയെങ്കിലും സിനിമയിലുണ്ടാവണം. രണ്ടോ അതിൽ കൂടുതലോ പാട്ടുകളും വേണം. പറ്റുമെങ്കിൽ ഡിസ്‌കോ ശാന്തിയുടെയോ രാധയുടെയോ ക്ലബ്ബ് ഡാൻസും. നായകൻ ഇടിച്ചുവീഴ്​ത്തുന്ന, ഊതി പറപ്പിക്കുന്ന വില്ലന്മാർ അത്തരം സിനിമകളിൽ ധാരാളമുണ്ടായിരുന്നു. ഒരിക്കൽ ഇടി കൊണ്ട് പറന്നുപോയ വില്ലന്റെ ശിങ്കിടി തന്നെ അടുത്ത ഇടിയിൽ യാതൊരു പരിക്കുമില്ലാതെ വന്നുനിൽക്കും. നായകന്റെ ഓരോ ഇടിക്കും ഞങ്ങൾ കയ്യടിച്ചു. മണി സീറ്റിൽ നിന്നെഴുന്നേറ്റുനിന്നാണ് കയ്യടിക്കുക. സെക്കൻഡ് ഷോയ്ക്ക് തിയേറ്ററുകളിൽ ആള് കുറവായിരിക്കും.

ഒരു സിനിമാ ടിക്കറ്റും കുറച്ച് കടലയും അമ്പത് രൂപയും കൊടുത്ത്, പുരുഷകാമങ്ങൾ ആ നേർത്ത ഇരുട്ടിൽ അവരുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റും. അവർക്കുമുമ്പിൽ തിരശ്ശീലകൾ ഇല്ലാതെയാവും.

ഏറ്റവും പിറകിലത്തെ സീറ്റുകളിൽ അമ്പതുരൂപയ്ക്ക് രതി വിൽക്കുന്ന മെല്ലിച്ച സ്ത്രീരൂപങ്ങളുണ്ടാവും. ഒരു സിനിമാ ടിക്കറ്റും കുറച്ച് കടലയും അമ്പത് രൂപയും കൊടുത്ത്, പുരുഷകാമങ്ങൾ ആ നേർത്ത ഇരുട്ടിൽ അവരുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റും. അവർക്കുമുമ്പിൽ തിരശ്ശീലകൾ ഇല്ലാതെയാവും. പുരാതനമായ ആ വിളിക്ക് ഉത്തരം നൽകാൻ തിയറ്റർ സീറ്റുകളിലിരുന്ന് ഞെളിപിരി കൊള്ളുന്ന പുരുഷന്മാർ ഇന്റർവെല്ലിന്റെ വെളിച്ചം പരക്കുമ്പോൾ ആരെയെന്നില്ലാതെ ഉറക്കെ ചീത്തവിളിക്കും.

പാതി ഓടിയ ഓട്ടത്തിന്റെ കിതപ്പിൽ അവരിൽ പലരും ആ വെളിച്ചത്തെ കണ്ടില്ലെന്ന് നടിക്കും. ചിലപ്പോഴൊക്കെ അവർ ഇരിക്കുന്ന ഭാഗത്തെ ലൈറ്റുകൾ തിയേറ്റർ ജീവനക്കാർ ഓഫാക്കും. ആ ഇരുട്ടിൽ ചലിക്കുന്ന രൂപങ്ങളെ മണി അന്തം വിട്ട് നോക്കും. എന്നെയും നോക്കാൻ പ്രേരിപ്പിക്കും. കൗതുകം തോന്നേണ്ട, നെഞ്ചിടിപ്പിന്റെ വേഗം കൂടേണ്ട ആ കാഴ്ചകളിൽ എന്റെ വയറ്റിൽ നിന്ന് എന്തൊക്കെയോ ഉരുണ്ടുകൂടി വായിലെത്തും. ഓക്കാനമുണ്ടാക്കിക്കൊണ്ട്, മറിയാത്തയും മാനുട്ടനും കൊട്ടാരത്തിൽ ഞാനറിഞ്ഞ പെൺമണങ്ങളും എന്റെ തലച്ചോറിൽ പൊട്ടിച്ചിതറും.

ഏറ്റവും പിറകിലത്തെ സീറ്റുകളിൽ അമ്പതുരൂപയ്ക്ക് രതി വിൽക്കുന്ന മെല്ലിച്ച സ്ത്രീരൂപങ്ങളുണ്ടാവും. ഒരു സിനിമാ ടിക്കറ്റും കുറച്ച് കടലയും അമ്പത് രൂപയും കൊടുത്ത്, പുരുഷകാമങ്ങൾ ആ നേർത്ത ഇരുട്ടിൽ അവരുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റും.
ഏറ്റവും പിറകിലത്തെ സീറ്റുകളിൽ അമ്പതുരൂപയ്ക്ക് രതി വിൽക്കുന്ന മെല്ലിച്ച സ്ത്രീരൂപങ്ങളുണ്ടാവും. ഒരു സിനിമാ ടിക്കറ്റും കുറച്ച് കടലയും അമ്പത് രൂപയും കൊടുത്ത്, പുരുഷകാമങ്ങൾ ആ നേർത്ത ഇരുട്ടിൽ അവരുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റും.

ആ ഇരുട്ടിൽ വച്ചാണ് ഞാൻ ലക്ഷ്മിയേച്ചിയെ ആദ്യമായി കാണുന്നത്. മറ്റുള്ളവരെപ്പോലെ മെല്ലിച്ച ശരീരമായിരുന്നില്ല അവർക്ക്. വൃത്തിയുള്ള വേഷമായിരുന്നു. തലയിൽ പൂ ചൂടാറില്ല ലക്ഷ്മിയേച്ചി. വെള്ളി പാദസരങ്ങൾ അണിയാറില്ല. അക്കാലത്ത് നഗരത്തിലെ രതിവില്പനക്കാരെ തിരിച്ചറിയാനുള്ള അടയാളങ്ങളിൽ ഒന്ന് കാലിലെ വെള്ളി പാദസരങ്ങളായിരുന്നു. പലരും വെള്ളിയല്ല ധരിച്ചത്. വെള്ളി പൂശിയ പാദസരങ്ങളായിരുന്നു.

അവരെ വിളിച്ചിരുന്നത് പ്രാവുകൾ എന്നാണ്. പ്രാവിനെ കിട്ടുമോ? പ്രാവുണ്ടോ? തുടങ്ങിയ ചോദ്യങ്ങളുടെ അർത്ഥങ്ങൾ എനിക്ക് പറഞ്ഞുതന്നത് മണിയാണ്. എന്നോടും തിയേറ്ററുകളിലും ഹോട്ടലിലും വച്ച് പലരും ചോദിച്ചിട്ടുണ്ട്, ഒരു പ്രാവിനെ കിട്ടാൻ എന്താണ് വഴിയെന്ന്. ഗോവിന്ദച്ചാമിയുടെ നെൽപ്പാടങ്ങൾക്കും താമരക്കുളങ്ങൾക്കുംമേൽ സന്ധ്യയുടെ ആകാശം അളന്നിട്ട് പറന്നകലുന്ന പ്രാവുകളെ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ.

ലക്ഷ്മിയേച്ചി പ്രാവായിരുന്നെങ്കിലും അതിന്റെ അടയാളങ്ങളൊന്നും അവർ അണിഞ്ഞില്ല. കടുംവർണ്ണങ്ങളുള്ള വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചത്. ആ കണ്ണുകളിൽ കത്തിത്തീരാറായ മെഴുകുതിരിവെട്ടമുണ്ടായിരുന്നു. എന്റെ മണി ആരാധനയോടെയാണ് അവരെ നോക്കിയത്. പതിനാറിൽ നിന്ന് പതിനേഴിലേക്ക് കടക്കുന്ന അവന്റെ രക്തത്തിൽ ആ പുരാതന സന്ദേശത്തിന്റെ തുടിപ്പുകളുണ്ടായിരുന്നു. ലക്ഷ്മിയേച്ചിയുടെ ബ്ലൗസിനുള്ളിൽ വീർപ്പുമുട്ടി നിന്ന മാംസമുഴകളെ സ്വപ്നം കണ്ട് അവന്റെ രാത്രികൾ അശാന്തമായി.

ഫസ്റ്റ് ഷോയുടെ സമയത്തും സെക്കൻറ്​ ഷോയുടെ സമയത്തും അവർ കോറണേഷൻ തിയേറ്ററിന്റെയും രാധാ തിയേറ്ററിന്റെയും പരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാവും. അവർ ഞങ്ങൾക്ക് കടല മിഠായി വാങ്ങിത്തരുമായിരുന്നു.

എത്രയോ ആൺകാമങ്ങളുടെ അഗ്‌നിയും ചൂടും കിതപ്പുകളും കണ്ട ലക്ഷ്മിയേച്ചിക്ക് മണിയുടെ കണ്ണുകളിലെ ആർത്തി വെറും കൗതുകം മാത്രമായിരുന്നു. ആ ആർത്തിയെ കളിയാക്കിക്കൊണ്ട് അവർ അവനോട് പെട്ടെന്ന് മുതിരാൻ പറഞ്ഞു. അരക്കെട്ടിലെ ജീവന് ബലം വെച്ചിട്ട് നമുക്ക് കുറുകാം എന്നുപറഞ്ഞു. അവന്റെ നോട്ടം ഒരിക്കലും അവരുടെ മുഖത്തുറച്ചില്ല. നെഞ്ചത്ത് തടഞ്ഞുനിന്ന് വിറകൊള്ളുന്ന അവന്റെ നോട്ടത്തെ ലക്ഷ്മിയേച്ചി പരിഹസിച്ചു.

തീയറ്ററുകളുടെ പരിസരത്തായിട്ടാണ് ഞാൻ എപ്പോഴും അവരെ കണ്ടത്. ഫസ്റ്റ് ഷോയുടെ സമയത്തും സെക്കൻറ്​ ഷോയുടെ സമയത്തും അവർ കോറണേഷൻ തിയേറ്ററിന്റെയും രാധാ തിയേറ്ററിന്റെയും പരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടാവും. അവർ ഞങ്ങൾക്ക് കടല മിഠായി വാങ്ങിത്തരുമായിരുന്നു. ഒന്നുരണ്ടുതവണ അവർക്ക് പണം കൊടുക്കാതെ തിയേറ്ററിൽ നിന്നിറങ്ങി ഓടിയ ആളുകളെ ഞാനും മണിയും ഓടിച്ചിട്ട് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ പിന്നാലെ ഓടിവന്ന ലക്ഷ്മിയേച്ചി അവരിൽ ഒരാളുടെ കരണത്തടിച്ചതിന്റെ പടക്കപ്പൊട്ടൽ ഇപ്പോഴും എന്റെ ചെവികളിലുണ്ട്.

നെറ്റിയിൽ വലിയ പൊട്ടു തൊട്ട് മുടി ഭംഗിയിൽ വാർന്നുകെട്ടിയാണ് ചേച്ചിയെ എപ്പോഴും കാണാറ്. ചേച്ചി ഒരിക്കൽ മണിയെ ചേർത്തുപിടിച്ചു. അവന്റെ മുഖം അവരുടെ വയറോളമേ എത്തുമായിരുന്നുള്ളൂ. മകനെയെന്ന പോലെ അവന്റെ മുടിയിൽ തലോടിയ ചേച്ചിയുടെ വയറിൽ അവന്റെ വിരൽ തൊട്ടപ്പോൾ ചേച്ചി അവന്റെ മുഖം വയറിൽ ചേർത്തുവച്ച് ഉരച്ചു. അവന് അതും സുഖകരമായി തോന്നിയപ്പോൾ പിടുത്തം വിടുവിച്ച്, ലക്ഷ്മിയേച്ചി അവനെ നോക്കിയ നോട്ടത്തിന്റെ ചൂട് ഇപ്പോഴും എന്റെ അന്തരീക്ഷത്തിലുണ്ട്.

ഏതൊക്കെ വഴികളിലൂടെയാണ് ഞങ്ങൾ നടന്നതെന്നോർക്കുമ്പോൾ ഇപ്പോൾ നടുക്കം തോന്നുന്നുണ്ട്. എന്തിനൊക്കെ വേണ്ടിയാണ് ഞങ്ങൾ ഓടിക്കിതച്ചതെന്നോർക്കുമ്പോൾ ചിരി വരുന്നുണ്ട്. നഗരം ഒളിപ്പിച്ചുവെച്ച ഭ്രാന്തുകളെ ഓർത്ത് കരച്ചിൽ വരുന്നുണ്ട്. ആ നഗരം ഇപ്പോഴും അവിടെയുണ്ട്.

അവിടുത്തെ തിയേറ്ററിലെ ടിക്കറ്റ് കൗണ്ടറിന് ഒരുപാട് നീളമുണ്ടായിരുന്നു.
രാധാ തിയേറ്ററിൽ നിന്ന് ഫസ്റ്റ് ഷോ കഴിഞ്ഞ് സെക്കൻറ്​ ഷോയ്ക്ക് ഓടിക്കിതച്ച് ചെന്നതായിരുന്നു ഞാനും മണിയും. ആ നീണ്ട ഇടുക്കുവഴിയിൽ ഇരുട്ടായിരുന്നു. സിനിമ തുടങ്ങിക്കഴിഞ്ഞിരുന്നു. മുമ്പിൽ ഓടിയത് അവനാണ്. അവനാ ഇരുട്ടിൽ എന്തിലോ തടഞ്ഞുവീണപ്പോൾ ഞാൻ ലക്ഷ്മിയേച്ചിയുടെ ശബ്ദം കേട്ടു.

അവരുടെ സാരി അഴിച്ച് മാറ്റപ്പെട്ടിരുന്നു. ബ്ലൗസ് വലിച്ചുകീറിയിരുന്നു.
ആ അരണ്ട വെളിച്ചത്തിൽ ഗോട്ടി സോഡയുടെ ചില്ലുകുപ്പിയും അതിലൂടെ ഒലിക്കുന്ന ചോരയും ഞാൻ കണ്ടു.

അവരവിടെ വീണ് കിടക്കുകയായിരുന്നു. അബോധത്തിന്റെ ആഴങ്ങളിൽ എവിടെയോ അവർ മകളെ കാണുകയായിരുന്നു. മകളുടെ പേര് വിളിക്കുകയായിരുന്നു. മണി എണീറ്റ് വന്നു. ഞാനും അവനും കൂടി അവരെ താങ്ങിപ്പിടിച്ച് ഇരുത്തി. ഇരുട്ട് പരിചിതമായി. കാഴ്ച തെളിയും മുമ്പേ ഞാനാ മണം അറിഞ്ഞു. ചോരയുടെ മണം. ലക്ഷ്മിയേച്ചി വയറിനു താഴെ കൈ പൊത്തിപ്പിടിച്ച് ഞരങ്ങി. എന്റെ കൈ ആ ചോരയിൽ തൊട്ടു. അവരുടെ സാരി അഴിച്ച് മാറ്റപ്പെട്ടിരുന്നു. ബ്ലൗസ് വലിച്ചുകീറിയിരുന്നു.
ആ അരണ്ട വെളിച്ചത്തിൽ ഗോട്ടി സോഡയുടെ ചില്ലുകുപ്പിയും അതിലൂടെ ഒലിക്കുന്ന ചോരയും ഞാൻ കണ്ടു. തിയേറ്ററിനകത്ത് അപ്പോൾ ഏതോ യുഗ്മ ഗാനം പാടി നായകനും നായികയും ആടിത്തിമിർക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിലും അവർക്ക് കാര്യമായ അപകടം പറ്റിയിട്ടുണ്ടെന്ന്, അവരെ ആരോ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ആ ചോരമണം ഞങ്ങളോട് പറഞ്ഞു. ചോര നനവുള്ള തുടകൾക്കുമുകളിൽ പാതിയും താണുപോയ സോഡാക്കുപ്പി മണി വലിച്ചെടുത്തു. ചോര ചീറ്റി. എന്റെ കൈപ്പടം നനഞ്ഞു. ഞാനാകെ വിറച്ചു. കുപ്പിയും പിടിച്ച് അന്തം വിട്ടിരിക്കുന്ന മണിയുടെ മടിയിലേക്ക് അലറിക്കരഞ്ഞ്​ ലക്ഷ്മിയേച്ചി വീണു.

ഏതൊക്കെ വഴികളിലൂടെയാണ് ഞങ്ങൾ നടന്നതെന്നോർക്കുമ്പോൾ ഇപ്പോൾ നടുക്കം തോന്നുന്നുണ്ട്. എന്തിനൊക്കെ വേണ്ടിയാണ് ഞങ്ങൾ ഓടിക്കിതച്ചതെന്നോർക്കുമ്പോൾ ചിരി വരുന്നുണ്ട്.
ഏതൊക്കെ വഴികളിലൂടെയാണ് ഞങ്ങൾ നടന്നതെന്നോർക്കുമ്പോൾ ഇപ്പോൾ നടുക്കം തോന്നുന്നുണ്ട്. എന്തിനൊക്കെ വേണ്ടിയാണ് ഞങ്ങൾ ഓടിക്കിതച്ചതെന്നോർക്കുമ്പോൾ ചിരി വരുന്നുണ്ട്.

എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാൻ അവിടുന്ന് എഴുന്നേറ്റോടി. തിയേറ്ററിനുള്ളിലെ കടയിൽ നിന്ന് സോഡ വാങ്ങി തിരികെ ഓടി. ഓടുമ്പോൾ ചോര പോലെ സോഡ ചീറ്റിത്തെറിച്ചു. മണിയുടെ കയ്യിൽ അപ്പോഴും ആ ചോരക്കുപ്പിയുണ്ടായിരുന്നു. ലക്ഷ്മിയേച്ചി പ്രയാസപ്പെട്ട് സോഡ കുടിച്ചു. അവരുടെ അഴിഞ്ഞുലഞ്ഞ മുടി മണിയുടെ നെഞ്ചിലും മടിയിലും വീണുകിടന്നു. സോഡയും ചോരയും മണക്കുന്ന ആ അന്തരീക്ഷത്തിൽ ഞാനിരുന്നു. പൊട്ടക്കിണറ്റിലെ തവളക്കരച്ചിൽ പോലെ ഞങ്ങൾ ലക്ഷ്മിയേച്ചിയുടെ ശബ്ദം കേട്ടു, ‘അരവിയെ വിളിച്ചോണ്ട് വായോ...'

അരവി ആരാണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
കുപ്പി താഴെയിട്ട് മണി പുറത്തേക്കോടി. അവൻ കേട്ടത്, അലവിയെ വിളിക്ക്, എന്നാണ്. അലവിയെ വിളിച്ച് അവനാ മുറ്റം മുഴുവൻ ഓടിനടന്നു. നഗര രാത്രിയിലൂടെ വാഹനങ്ങൾ പെരുംപാച്ചിൽ പാഞ്ഞു. തൊട്ടടുത്തുകിടന്ന സാരിയെടുത്ത് അവരെ പുതപ്പിക്കണമെന്ന ചിന്ത എനിക്കുണ്ടായില്ല. എന്റെ വിരലുകൾ നെറ്റിയിലെ ആ വലിയ പൊട്ടിനെ തൊട്ടു. വസ്ത്രങ്ങളാകെ കീറിപ്പറിഞ്ഞിട്ടും ആ പൊട്ട് അനക്കമില്ലാതെ അവിടെ തന്നെ നിന്നു.

അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മകളെ വിളിക്കുകയാണെന്ന് മാത്രം മനസ്സിലായ ഞാൻ ബോധത്തിനും അബോധത്തിനുമിടയിൽ ജീവിതത്തിന്റെ ആ ഇരുട്ടിൽ ചോര മണത്ത് ഇരുന്നു. ലക്ഷ്മിയേച്ചി വിളിക്കാൻ പറഞ്ഞത് അരവിന്ദൻ എന്ന തിയേറ്റർ മാനേജറെയായിരുന്നു. മണിയുടെ ബഹളം കേട്ട് തിയേറ്ററിലെ ജീവനക്കാരോടൊപ്പം അരവിന്ദേട്ടനും വന്നു. അവർ ആ നീണ്ട ഇടനാഴികയിലെ വെളിച്ചങ്ങൾ തെളിയിച്ചു.

യോനിയിൽ ബ്ലെയിഡ് കൊണ്ട് വരച്ചുകളിച്ചാൽ പുരുഷന് കിട്ടുന്ന ആനന്ദം എന്താണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അവരുടെ ഗുദത്തിലേക്ക് ബിയർ കുപ്പികൾ കയറ്റിയാൽ കിട്ടുന്ന ആനന്ദം എന്താണെന്നും മനസ്സിലാവുന്നില്ല.

ആ വെളിച്ചത്തിൽ ഞാൻ കണ്ടു, തല എന്റെ മടിയിൽ വച്ച് അരയ്ക്കു താഴെ നൂലിഴ പോലുമില്ലാതെ നഗ്‌നയായി കിടന്ന ലക്ഷ്മിയേച്ചിയെ, അവരുടെ അരക്കെട്ടിലെ ചോരപ്പുഴയെ, ആരൊക്കെയോ കടിച്ച് മുറിവേൽപ്പിച്ച മുലകളെ... ഇത് എഴുതുമ്പോൾ എനിക്കറിയാം. കള്ളിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ പെൺ യോനിയിലേക്ക് സോഡാ കുപ്പി കയറ്റി രസിക്കുന്ന ആൺകാമങ്ങളുടെ ക്രൂരതയെ.

അമ്പതോ നൂറോ രൂപയ്ക്കായി, അതുകൊണ്ട് നിലനിർത്താവുന്ന ജീവിതത്തിനായി സ്വന്തം ശരീരം ഒരു ഉപകരണമാക്കി, നഗരഭ്രാന്തുകൾക്ക് വിട്ടുകൊടുത്ത
ലക്ഷ്മിയേച്ചിമാരുടെ ദുരിതങ്ങളെ, അവരുടെ ഭാഷയില്ലാത്ത സങ്കടങ്ങളെ, അവരുടെ അടർന്നുപോവാത്ത നെറ്റിപ്പൊട്ടുകളെ, മനുഷ്യനും മൃഗത്തിനും ഇടയിൽ ഇല്ലാതായിത്തീർന്ന അതിർവരമ്പുകളെ.

യോനിയിൽ ബ്ലെയിഡ് കൊണ്ട് വരച്ചുകളിച്ചാൽ പുരുഷന് കിട്ടുന്ന ആനന്ദം എന്താണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. അവരുടെ ഗുദത്തിലേക്ക് ബിയർ കുപ്പികൾ കയറ്റിയാൽ കിട്ടുന്ന ആനന്ദം എന്താണെന്നും മനസ്സിലാവുന്നില്ല. ഇതെല്ലാം സഹിക്കാൻ നിർബന്ധിതരാവുന്ന സ്ത്രീജന്മങ്ങളെ നഗരത്തിന് വിട്ടുകൊടുക്കുന്ന സമൂഹത്തെ എനിക്കൊട്ടും മനസ്സിലാവുന്നതേയില്ല.

കോഴിക്കോട് നഗരത്തെ സ്‌നേഹത്തോടെ ഓർക്കാൻ നിങ്ങളെന്നോട് പറയരുത്. അതിന്റെ ഇരുണ്ട മൂലകളിൽ രക്തവും കണ്ണീരും കട്ടപിടിച്ചുകിടപ്പുണ്ട്. അനേകം ലക്ഷ്മിയേച്ചിമാർ സ്വന്തം അരക്കെട്ടിലെ ചോരപ്പുഴയിൽ
കൈയ്യമർത്തി മക്കളെ വിളിച്ച് കരയുന്നുണ്ട്. ആ കരച്ചിൽ കേൾക്കാൻ നിങ്ങൾ ഇത് വായിക്കണമെന്നില്ല. ആ നഗര​മൊന്നാകെ നിരാലംബരുടെ നിലവിളിയാൽ വിറകൊള്ളുന്നത്, ചെവിടോർത്താൽ ഇപ്പോഴും നിങ്ങൾക്ക് കേൾക്കാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments