റിയാസ്​ക്കയുടെ ചോര

റിയാസ്‌ക്ക പായയിൽ എഴുന്നേറ്റിരിക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ, ഞങ്ങൾ മൂപ്പരെ താങ്ങി ചുമരിൽ ചാരിയിരുത്തി. അപ്പോൾ നീങ്ങി പോയ പുതപ്പിനുതാഴെ ഇടത്തെ കാലിന്റെ മുട്ടിനു താഴെയുള്ള ശൂന്യതയിലേക്ക് പേടിയോടെ ഞാൻ നോക്കി. അവിടെ കാലുണ്ടായിരുന്നില്ല.

എ.സി. റൂമിലെ സ്ഥിരം സപ്ലൈയറാണ് റിയാസ്‌ക്ക.
സുന്ദരനാണെന്നുപറഞ്ഞാപോരാ, അതിസുന്ദരൻ.
എല്ലാരോടും നല്ല പെരുമാറ്റം. വെസ്റ്റ് ഹില്ലിലാണ് റിയാസ്‌ക്കാന്റെ വീട്.
എന്നും രാവിലെ പത്ത് മണിക്കെത്തി രാത്രി പത്തുമണി വരെ ജോലിചെയ്യും. ഹാളിലെ സപ്ലയർമാരേക്കാൾ എ.സി. റൂമിലെ സപ്ലയർമാർക്ക് കൂലി കുറവാണ്. അതിന്റെ കാരണം, അവിടെ അവർക്ക് നല്ല ടിപ്പ് കിട്ടും എന്നതാണ്. മൂന്ന് സപ്ലെയർമാരാണ് എ.സി. റൂമിലുള്ളത്. മറ്റ് രണ്ടുപേർക്കും
കിട്ടാത്തത്ര തുക റിയാസ്‌ക്കാക്ക് ടിപ്പായി കിട്ടും, പക്ഷേ ആ ടിപ്പ് തുകയിൽനിന്ന് പകുതിയോളം മാനേജർക്ക് കൊടുക്കണം. കൊടുത്തില്ലെങ്കിൽ അവിടുന്ന് മാറ്റി ഹാളിൽ ജോലിക്കിടും.

ചെറിയ ചില്ലുപാത്രത്തിൽ ജീരകവും പല്ല് കുത്താനുള്ള കോലും, മുഖം തുടയ്ക്കാനുള്ള പേപ്പറും വെച്ചാണ് ബില്ല് കൊണ്ടുകൊടുക്കുക. ഏതാണ്ട് എല്ലാവരും ആ പാത്രത്തിലേക്ക് ടിപ്പായി പത്തും അഞ്ചും രൂപയൊക്കെ ഇടും. അപൂർവം ചിലർ ഇരുപത് രൂപ ടിപ്പ് കൊടുക്കും. തങ്ങളെ കൂടുതൽ പരിഗണിക്കുന്നു എന്ന തോന്നലുണ്ടാക്കിയെടുത്താൽ, കിട്ടുന്ന ടിപ്പിന്റെ സംഖ്യ കൂടും. അതുകൊണ്ടാവണം ഒരു കൈ നെഞ്ചത്തുവെച്ച് തലകുനിച്ച് വിനീതരായി അവർ
ഓർഡറെടുക്കുന്നത്. തന്റെ മുന്നിൽ ഒരാളുടെ ശിരസ്​ കുനിയുന്നത് പലർക്കും അഭിമാനവും സന്തോഷകരവുമാണല്ലോ.

എ.സി. റൂമിലെ സപ്ലയർമാർക്ക് ഉച്ചയൂണിനുശേഷം വൈകീട്ടുവരെ കാര്യമായ ജോലിയുണ്ടാവില്ല. ആ ഇടവേളയിലാണ് റിയാസ്‌ക്ക വായിക്കാറ്. ഞാൻ അതുവരെ വായിച്ച വാരികകളോ ബാലമംഗളമോ ബാലരമയോ ഒന്നുമല്ല മൂപ്പർ വായിക്കുന്നത്, പുസ്തകങ്ങളാണ്.

റിയാസ്‌ക്കാന്റെ തല മറ്റുള്ളവരെക്കാൾ കൂടുതൽ കുനിയും. താൻ ഓർഡറെടുത്ത മേശയിലുണ്ടാവുന്ന ചെറിയ അനക്കങ്ങൾ പോലും മൂപ്പർ ശ്രദ്ധിക്കും. ഗ്ലാസിലെ വെള്ളത്തിലേക്ക് ഭക്ഷണം കഴിക്കുന്നവർ സൂക്ഷിച്ചുനോക്കുന്നതുകണ്ടാലുടൻ ആ ക്ലാസും മഗ്ഗും എടുത്തുകൊണ്ടുവന്ന്, അതേ ക്ലാസും മഗ്ഗും തന്നെ തിരികെ കൊണ്ടുവയ്ക്കും. തങ്ങൾക്ക് കിട്ടിയ പരിഗണനയിൽ ആളുകൾ തൃപ്തരാവും. പാത്രങ്ങളൊക്കെ അവരുടെ മുമ്പിൽ വച്ചുതന്നെ നല്ല വെള്ള ടർക്കി കൊണ്ട് ഒന്നുകൂടി തുടച്ച് വൃത്തിയാക്കും. ചിലപ്പൊ, എന്തോ മറന്നതായി ഭാവിച്ച്, സോറി പറഞ്ഞ് ആ പാത്രങ്ങൾ അവർ കാൺകെ ചൂടുവെള്ളം കൊണ്ട് കഴുകും, എന്നിട്ട് തുടയ്ക്കും.

ഹാളിലെ സപ്ലയർമാരേക്കാൾ എ.സി. റൂമിലെ സപ്ലയർമാർക്ക് കൂലി കുറവാണ്. അതിന്റെ കാരണം, അവിടെ അവർക്ക് നല്ല ടിപ്പ് കിട്ടും എന്നതാണ്.

ഇതൊക്കെ കണ്ടുനിൽക്കുന്നവർക്ക് മൂപ്പരുടെ ശ്രദ്ധയിലും ആത്മാർഥതയിലും മതിപ്പ് വരും. ഇരുപതുരൂപയുടെ ദിവസക്കൂലിയെ ടിപ്പുകൊണ്ട് മറികടക്കാനുള്ള ഈ സൂത്രങ്ങളൊക്കെ കണ്ടുനിൽക്കുമ്പോൾ ഞാനെന്ന കുട്ടിക്ക് സങ്കടം വരും. ജീവിതം ആരെക്കൊണ്ടൊക്കെ എന്തൊക്കെ വേഷങ്ങളാണ് കെട്ടിയാടിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെടും.

എ.സി. റൂമിലെ സപ്ലയർമാർക്ക് ഉച്ചയൂണിനുശേഷം വൈകീട്ടുവരെ കാര്യമായ ജോലിയുണ്ടാവില്ല. ആ ഇടവേളയിലാണ് റിയാസ്‌ക്ക വായിക്കാറ്. ഞാൻ അതുവരെ വായിച്ച വാരികകളോ ബാലമംഗളമോ ബാലരമയോ ഒന്നുമല്ല മൂപ്പർ വായിക്കുന്നത്, പുസ്തകങ്ങളാണ്. റിയാസ്‌ക്കാന്റെ കൈയിലാണ് ഞാൻ ആദ്യമായി ബഷീറിന്റെ ഒരു പുസ്തകം കണ്ടത്. പാത്തുമ്മാന്റെ ആട് എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ബഷീറിനെക്കുറിച്ച് പാത്തുമ്മ എഴുതിയ പുസ്തകമാണോ, അതോ പാത്തുമ്മയുടെ ആടിനെക്കുറിച്ച് ബഷീർ എന്ന ആൾ എഴുതിയ പുസ്തകമാണോ അതെന്ന് എനിക്കന്ന് വ്യക്തമായില്ല.

ആരെയും തൊട്ടുനോക്കാൻ പോലും അനുവദിക്കാതെ അലമാരകളിൽ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾകൊണ്ട് ആ വീട്ടുകാർക്ക് എന്തുപ്രയോജനം എന്ന ചോദ്യത്തിന്റെ ഉത്തരം, പുസ്തകങ്ങൾ പലർക്കും വായിക്കാനുള്ളതല്ല, അലങ്കാരത്തിനുവേണ്ടിയുള്ളതാണ് എന്നാണ്.

ഒരു ആടിനെക്കുറിച്ച് എഴുതിയ പുസ്തകം വായിക്കുന്ന നേരത്ത് റിയാസ്‌കാക്ക് മായാവിയെ വായിച്ചുകൂടേ എന്നും ഞാൻ സന്ദേഹിച്ചു. പിന്നീട് ഒരുദിവസം കണ്ടത് നാലുകെട്ട് എന്ന പുസ്തകമാണ്. നാല് കെട്ടിയ ഏതോ ഹാജ്യാരുടെ കഥയാവും അതെന്ന് ഞാനൂഹിച്ചു. പുസ്തകങ്ങൾ വായിക്കുന്ന റിയാസ്‌ക്കാനെ എല്ലാർക്കും ബഹുമാനമായിരുന്നു. ലോണപ്പൻ, ബഷീർ എന്ന ആളുടെ മറ്റൊരു പുസ്തകം വായിച്ചിട്ടുണ്ട് എന്നുപറഞ്ഞത് എനിക്ക് വിശ്വാസമായില്ല. മായാവിയും കുട്ടൂസനും ഡിങ്കനുമൊക്കെ ചിത്രസഹിതം മുമ്പിലുള്ളപ്പോൾ എന്തിന് നാല്‌ കെട്ടിയ ഹാജ്യാര്യയും ആടിനെയും വായിക്കണം എന്ന് ഞാൻ അവനോട് ചോദിക്കുകയും ചെയ്തു. അവനും അതിന്​ മറുപടിയുണ്ടായിരുന്നില്ല. അവൻ അയൽവാസിയുടെ പാഠപുസ്തകങ്ങളിൽനിന്നാണ് ബഷീർ എന്നയാളുടെ പുസ്തകം വായിച്ചത്. അതിന്റെ പേരിൽ ആനയുണ്ടായിരുന്നു എന്നല്ലാതെ അതിലെ കഥയൊന്നും അവന് മനസ്സിലായിട്ടില്ല.

കാലങ്ങൾക്കുശേഷം ഞാൻ ഒരു പെയിൻറ്​പണിക്കാരനായപ്പോൾ ഒരു വല്യ വീട്ടിലെ പുസ്തക അലമാരയിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ കണ്ട്, ഞാനത് വായിച്ചതാണെങ്കിലും എന്താണ് അതിലെ കഥയെന്ന് വീട്ടുടമയോട് ചോദിച്ചു. അത് തനിക്കൊന്നും മനസ്സിലാവുന്ന കഥയല്ലെന്നുപറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും എന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് മൂപ്പർ തന്ന മറുപടിയെ ഇങ്ങനെ ചുരുക്കി വായിക്കാം: ഖത്തറിൽനിന്ന് കേരളത്തിലെത്തിയ ഒരു കാട്ടറബി ഇവിടെ കുറഞ്ഞ ചെലവിൽ ആട് ഫാം തുടങ്ങുന്നതും, അവിടെ ചുവന്ന കൊടി പിടിച്ച് തൊഴിലാളികൾ സമരം ചെയ്യുന്നതും, ഒടുക്കം ആട് ഫാം പൂട്ടിക്കെട്ടി അറബി ഖത്തറിലേക്കുതന്നെ മടങ്ങിപ്പോകുന്നതുമാണ്, ആടുജീവിതത്തിന്റെ കഥ എന്നുകേട്ടപ്പോൾ പകച്ചുപോകാൻ ബാല്യങ്ങൾ ബാക്കിയില്ലാത്ത ഞാൻ അന്തംവിട്ട് അയാളെ നോക്കി. എം.ടി.യുടെ നാലുകെട്ട് ആദ്യമായി വായിച്ചപ്പോൾ, പണ്ട് റിയാസ്‌ക്കാന്റെ കൈയിൽ ഇതുകണ്ട് നാലു കെട്ടിയ ഏതോ ഹാജ്യാരുടെ കഥയാവും എന്നൂഹിച്ച ഞാനെന്ന പതിനഞ്ചുകാരൻ കുട്ടിയെയും എനിക്കോർമയുണ്ട്.

ഒരു ആടിനെക്കുറിച്ച് എഴുതിയ പുസ്തകം വായിക്കുന്ന നേരത്ത് റിയാസ്‌കാക്ക് മായാവിയെ വായിച്ചുകൂടേ എന്നും ഞാൻ സന്ദേഹിച്ചു.

പെയിന്റടിക്കാൻ പോവുന്ന വീടുകളിൽ ആളുകൾ കാണാൻ പാകത്തിൽ ഒരുക്കിവെച്ച ഭംഗിയുള്ള പുസ്തക അലമാരകളുണ്ടാവും. അതിലങ്ങനെ സ്ത്രീ സ്പർശമേൽക്കാത്ത ‘കന്യകന്മാരാ’യി നിരന്നിരിക്കുന്ന പുസ്തകങ്ങളെ കാണുമ്പോൾ ഞാൻ റിയാസ്‌ക്കാനെ ഓർക്കും. മലയാള സാഹിത്യത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരെയെല്ലാം റിയാസ്‌ക്കാന്റെ കൈയിൽ ഞാൻ കണ്ടിട്ടുണ്ട്. മൂപ്പർ അവരെ വായിക്കുകയും ചെയ്തിട്ടുണ്ട്. ആരെയും തൊട്ടുനോക്കാൻ പോലും അനുവദിക്കാതെ അലമാരകളിൽ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾകൊണ്ട് ആ വീട്ടുകാർക്ക് എന്തുപ്രയോജനം എന്ന ചോദ്യത്തിന്റെ ഉത്തരം, പുസ്തകങ്ങൾ പലർക്കും വായിക്കാനുള്ളതല്ല, അലങ്കാരത്തിനുവേണ്ടിയുള്ളതാണ് എന്നാണ്.

റിയാസ്‌ക്ക ജോലി നോക്കുന്ന എ.സി. റൂമിലേക്ക് ദിവസം മൂന്നുനേരം ചായ കുടിക്കാൻ വരുന്ന ഒരാളുണ്ടായിരുന്നു. ഏതാണ്ട് റിയാസ്‌ക്കയുടെ തന്നെ പ്രായമുള്ള ഒരാൾ. മൂപ്പർ ഒരു ചായയാണ് ആകെ കുടിക്കുന്നത്. അതും നല്ല തിരക്കുള്ള സമയങ്ങളിൽ മാത്രം. പത്തുമണിയുടെ നാസ്ത സമയത്തും, ഉച്ചയൂണിന്റെ സമയത്തും, പിന്നെ വൈകിട്ടും. ഒരു ചായക്ക് എ.സി. റൂമിൽ അഞ്ച് രൂപയാണ് ബില്ല്. പക്ഷേ, വളരെ മെല്ലെ ചായ കുടിച്ചുതീർക്കുന്ന അയാൾ അഞ്ചു രൂപയുടെ ചായയ്ക്ക് ഇരുപത് രൂപ റിയാസ്‌കാക്ക് ടിപ്പ് കൊടുക്കും. ദിവസം മൂന്നുനേരം വീതം ആകെ അറുപത് രൂപ. അന്നത്തെ അറുപത് രൂപയ്ക്ക് ഇന്നത്തെ അറുന്നൂറ് രൂപയേക്കാൾ മൂല്യമുണ്ടെന്ന് ഓർക്കണം.

എന്ത് സൂത്രപ്പണി ചെയ്തിട്ടായാലും റിയാസ്‌ക്കക്ക് ജീവിക്കണമായിരുന്നു. വാടക വീട്ടിൽ കല്യാണപ്രായം കഴിഞ്ഞ രണ്ട് അനിയത്തിമാരുണ്ട് മൂപ്പർക്ക്. ഉറുമ്പ് അരിമണി സൂക്ഷിക്കും പോലെ റിയാസ്‌ക്ക കിട്ടുന്ന പണമൊക്കെ കൂട്ടിവച്ചു.

ഏതാണ് ഈ പണക്കാരനെന്ന് ഞങ്ങൾ കുട്ടികളും, സപ്ലയർമാരും സൂപ്പർവൈസറും അത്ഭുതപ്പെട്ടു. മാനേജർക്കുമാത്രം ആ അത്ഭുതമുണ്ടായിരുന്നില്ല. രാത്രി ജോലി കഴിഞ്ഞു പോവുമ്പോൾ മാനേജറുമായി പങ്കുവെക്കേണ്ട ടിപ്പിന്റെ കണക്കിൽ ഈ അറുപത് രൂപ ഉണ്ടാവില്ല. ദിവസം അറുപത് രൂപ ഒരാളിൽ നിന്നു മാത്രം ടിപ്പ് കിട്ടുന്ന റിയാസ്‌ക്കാന്റെ വരുമാനം ഓർത്ത് മറ്റ് സപ്ലെയർമാരും സൂപ്പർവൈസറും അസൂയപ്പെട്ടു.

ഈ മനുഷ്യന്റെ വേഷത്തിലൊന്നും സമ്പന്നതയില്ല. സാധാരണ വെള്ളമുണ്ടും വൃത്തിയുള്ള ഷർട്ടും തോളിൽ ഒരു വെള്ള ടവ്വലും ഉണ്ടാവും. എ.സി. റൂമിലേക്ക് കയറിയാൽ ആദ്യം ടോയ്​ലറ്റിൽ പോയി കയ്യും മുഖവുമൊക്കെ കഴുകി വന്നിരിക്കും. റിയാസ്‌ക്ക ചായ കൊണ്ടുകൊടുക്കും, എന്നിട്ട് മാറിനിന്ന് ആദരവോടെ അയാളെ തന്നെ നോക്കിനിൽക്കും.

പിന്നീട് സിനിമാ തിയേറ്ററിൽ വെച്ച് റിയാസ്‌ക്കാനെയും ഈ ടിപ്പുകാരനെയും ഒരുമിച്ചു കണ്ടപ്പോഴാണ് അറുപത് രൂപയുടെ ടിപ്പിന്റെ രഹസ്യം മനസ്സിലായത്. അവർ രണ്ടുപേരും കൂട്ടുകാരാണ്. പാളയം സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ ഇയാൾക്ക് റിയാസ്‌ക്ക ആദ്യം തന്നെ അങ്ങോട്ട് കൊടുക്കുന്ന പണമാണ് ടിപ്പായി തിരികെ കിട്ടുന്നത്. ഈ സൂത്രപ്പണിയുടെ ഉദ്ദേശ്യം ലളിതമാണ്.

എ.സി. റൂമിലിരുന്ന് ചിക്കനും മട്ടനും മീനും ബിരിയാണിയുമൊക്കെ കഴിക്കുന്നവർ, ഒരു കാലി ചായക്ക് ഇരുപത് രൂപ ഒരാൾ ടിപ്പ് കൊടുക്കുന്നത് കാണുമല്ലോ. അങ്ങനെ കാണുംവിധത്തിലാണ് കൂട്ടുകാരൻ റിയാസ്‌ക്കാക്ക് ടിപ്പ് കൊടുക്കുന്നത്. സ്വാഭാവികമായും ഭക്ഷണത്തിന് നൂറും നൂറ്റമ്പതുമൊക്കെ ബില്ലടയ്ക്കുന്നവർ എങ്ങനെ പത്ത് രൂപയിൽ കുറച്ച് ടിപ്പ് കൊടുക്കും? ഇവിടെ ഒരാളിതാ അഞ്ച് രൂപയുടെ ചായക്ക് ഇരുപത് രൂപ ടിപ്പ് കൊടുക്കുന്നു. അപ്പൊ നമ്മള് പത്ത് രൂപയെങ്കിലും കൊടുത്തില്ലെങ്കിൽ കുറച്ചിലല്ലേ എന്ന നഗര
പൊങ്ങച്ചത്തിലാണ് ആ അറുപത് രൂപയുടെ സൂത്രം വിജയിച്ചത്. മാനേജർക്ക് ഈ രഹസ്യം അറിയാമായിരുന്നു. അതാണ് അയാൾ അതിൽനിന്ന് ഓഹരി പറ്റാതിരുന്നത്.

എന്ത് സൂത്രപ്പണി ചെയ്തിട്ടായാലും റിയാസ്‌ക്കക്ക് ജീവിക്കണമായിരുന്നു. വാടക വീട്ടിൽ കല്യാണപ്രായം കഴിഞ്ഞ രണ്ട് അനിയത്തിമാരുണ്ട് മൂപ്പർക്ക്. ഉറുമ്പ് അരിമണി സൂക്ഷിക്കും പോലെ റിയാസ്‌ക്ക കിട്ടുന്ന പണമൊക്കെ കൂട്ടിവച്ചു. അധികച്ചെലവെന്നുപറയാൻ ആഴ്ചയിലൊരിക്കൽ കാണുന്ന സിനിമയേ ഉള്ളൂ. ഉമ്മയും ഉപ്പയുമടക്കം നാല് വയറുകളുടെ വിശപ്പ് മാറ്റണം. വീട്ടുവാടക കൊടുക്കണം. അനിയത്തിമാരുടെ വിവാഹം നടത്തണം. സ്വന്തമായി ചെറിയൊരു വീട് വേണം. അവിടെ നിറയെ പുസ്തകങ്ങൾ വേണം. നീണ്ടുനീണ്ടുപോയ ആ സ്വപ്നങ്ങൾക്കുമേൽ, ഒരു രാത്രിയിൽ സിനിമ കണ്ട് വീട്ടിലേക്കു മടങ്ങവേ, വണ്ടി കയറി.

രണ്ടുമൂന്നു ദിവസം റിയാസ്‌ക്കാനെ കാണാതിരുന്നപ്പോഴാണ് ഞങ്ങൾ കുട്ടികൾ ഈ അപകടത്തിന്റെ വിവരം അറിയുന്നത്. റിയാസ്​ക്കാനെ ഇടിച്ചിട്ട വണ്ടി നിർത്താതെ പെരുമ്പാച്ചിൽ പാഞ്ഞുപോയി. റോഡിന്റെ ഓരത്ത് ഇടതുകാലൊടിഞ്ഞ് ചോരയൊലിച്ച് റിയാസ്‌ക്ക കിടന്നു. ഏതാണ്ട് രണ്ടുമാസം കഴിഞ്ഞാണ് ഞാനും മണിയും വെസ്റ്റ് ഹില്ലിലെ മൂപ്പരുടെ വീട്ടിലേക്ക് പോയത്. റിയാസ്‌ക്കാന്റെ ഒഴിവിൽ ഭാസ്‌കരേട്ടൻ എ.സി. റൂമിൽ സപ്ലയറായി കയറിക്കൂടി. അഞ്ചുരൂപയുടെ ചായക്ക് ഇരുപത് രൂപ ടിപ്പ് കൊടുക്കുന്ന ആ സമ്പന്നൻ പിന്നീടൊരിക്കലും ബുഹാരി ഹോട്ടലിലേക്ക് വന്നില്ല.

റിയാസ്‌ക്ക ഇല്ലാത്ത ആ രണ്ടു മാസത്തിലും ഞാൻ റിയാസ്‌ക്കാനെ കണ്ടു. അയാളുടെ ചുവന്ന ചുണ്ടും കട്ടിമീശയും തുടുത്ത കവിളും കുനിഞ്ഞ ശിരസ്സും ആ എ.സി. റൂമിൽ തന്നെ ഉണ്ടെന്നുതോന്നി. പുറത്ത് പാതകളിലൂടെ കുട്ടികൾ സ്‌കൂളുകളിലേക്ക് പോയി. അവരുടെ ആർപ്പുവിളികളും സൈക്കിളോടിക്കലും കാണുമ്പോൾ എനിക്ക് നഷ്ടമാവുന്നതിന്റെ വില ഞാനറിഞ്ഞു.

ലോണപ്പൻ പറഞ്ഞത് ശരിയാണെങ്കിൽ അവരുടെ ബാഗുകളിൽ ബഷീർ എന്ന ആൾ എഴുതിയ കഥകളുണ്ടാവും. ചിലപ്പോൾ റിയാസ്‌ക്ക വായിച്ചിരുന്ന മുഴുവൻ പുസ്തകങ്ങളും ഉണ്ടാവും. ആനയെ വാരിയ ആളും, അഗ്‌നിസാക്ഷിയും, പൊൻകുന്നത്തുള്ള വർക്കിയും, തുടുത്ത കവിളുള്ള കുഞ്ഞബ്ദുള്ളയും ഉണ്ടാവും. എന്റെ വായന അഞ്ചുരൂപയ്ക്ക് കിട്ടുന്ന ഒറ്റക്കഥകളിലേക്ക് വളർന്നുകഴിഞ്ഞിരുന്നു. മുത്തുച്ചിപ്പിയിൽ വരുന്ന എല്ലാ കഥകളും ഞാൻ വായിച്ചു. മണിക്ക് വായിക്കാൻ കൊടുത്താൽ അവനത് മുഴുവനാക്കാതെ ഉറങ്ങിക്കളയും. എന്റെ പുൽപായയിൽ മുത്തുച്ചിപ്പികളുടെ എണ്ണം കൂടിക്കൂടി വന്നു. വായിച്ചുതീർത്തവ തലയണയാക്കി വെച്ച് ഞാനുറങ്ങി.

രാത്രികളിൽ ആ ടെറസിന്റെ അങ്ങേയറ്റത്തു ചെന്നിരുന്ന് ഞാൻ വായിച്ചു. അവിടേക്ക് തെരുവുവിളക്കിന്റെ വെളിച്ചം എത്തുമായിരുന്നു. രാത്രി ഷിഫ്റ്റിലെ പൊലീസുകാർ, താഴെനിന്ന് വിസിലൂതി എന്നെ ഓടിക്കും വരെ ഞാനാ ടെറസിൽ കമിഴ്ന്നുകിടന്ന് വായിക്കും. എവിടെ നിന്നാണ് ഇത്രമാത്രം കഥകൾ മനുഷ്യർ പടച്ചെടുക്കുന്നതെന്ന് അത്ഭുതപ്പെടും.

രണ്ടുമൂന്നു ദിവസം റിയാസ്‌ക്കാനെ കാണാതിരുന്നപ്പോഴാണ് ഞങ്ങൾ കുട്ടികൾ ഈ അപകടത്തിന്റെ വിവരം അറിയുന്നത്. റിയാസ്​ക്കാനെ ഇടിച്ചിട്ട വണ്ടി നിർത്താതെ പെരുമ്പാച്ചിൽ പാഞ്ഞുപോയി.

എച്ചിൽമണങ്ങളിൽ നിന്ന്, നഗരഭ്രാന്തുകളിൽ നിന്ന്, പല്ലിമുട്ടകളുടെ മണമുള്ള ശുക്ലക്കൊഴുപ്പിൽ നിന്ന്, സ്വവർഗരതിയുടെ ഇരുണ്ട ശൂന്യതകളിൽനിന്ന്, ഞാനാ കഥകളിലേക്കുള്ള പടവുകളിറങ്ങി. അവിടെ പ്രണയവും പ്രതികാരവും വെടിപൊട്ടിക്കലുകളും തകൃതിയായി നടന്നു. പുൽപായയിലേക്ക് ഞാൻ മടങ്ങിവരുമ്പോൾ, ലോണപ്പൻ വേദനകൊണ്ടു പുളഞ്ഞ് ഉറക്കം കിട്ടാതെ എന്നെ കാത്തു കിടക്കുന്നുണ്ടാവും. വായിച്ച കഥ അവന് പറഞ്ഞുകൊടുക്കുന്നത് എനിക്കും സന്തോഷമാണ്. അവൻ ഒരിക്കലും അതൊന്നും എടുത്ത് വായിക്കില്ല എന്ന ഉറപ്പിൽ ഞാനാ കഥകളിൽ എന്റേതായ ഭ്രാന്തൻ ഭാവനകളെ മേയാൻ വിട്ടു. അപ്പോൾ നായകൻ ആകാശത്തുനിന്ന് കയറിലൂടെ ഇറങ്ങിവന്ന് വെടിപൊട്ടിച്ചു. ഒറ്റ വെടിയും ദേഹത്ത് കൊള്ളാത്ത യക്ഷരൂപികൾ ലോണപ്പനെ അത്ഭുതപ്പെടുത്തി.

രാത്രിയിലാണ് ഞാനും മണിയും റിയാസ്‌ക്കാന്റെ വീട്ടിലെത്തിയത്. ആ വീടിനുമുമ്പിൽ തെരുവുവിളക്കുണ്ടായിരുന്നു. അതിനുചുറ്റും ചെറുജീവികൾ മരണം തേടി പറന്നു. അകത്ത് വെറും നിലത്ത് റിയാസ്‌ക്ക കിടന്നു. വലിയ വെളിച്ചമൊന്നും ഇല്ലാത്ത ആ മുറിയിൽ കഴുത്തോളം പുതച്ച്, കൈയിൽ പുസ്തകം പിടിച്ച് റിയാസ്‌ക്ക വായിക്കുകയായിരുന്നു. ആ പുറംചട്ടയിൽ നിന്നാണ് ഞാൻ ആദ്യമായി ഖസാക്കിനെ അറിഞ്ഞത്. നീണ്ട മുടിയും ജൂബയുമുള്ള ഇതിഹാസക്കാരനെ അറിഞ്ഞത്. ഞങ്ങളെ കണ്ടതും റിയാസ്‌ക്ക പുസ്തകം കമഴ്ത്തിവെച്ച് ഉമ്മാനെ വിളിച്ചു.

പാതിനഷ്ടമായ മകന്റെ കാലിനുനേർക്ക് ആ ഉമ്മ നോക്കിയതേയില്ല. അകത്തെവിടെയോ റിയാസ്‌ക്കാന്റെ ഉപ്പയുണ്ടായിരുന്നു. ഉപ്പ ഞങ്ങളുടെ അടുത്തേക്കുവന്നില്ല. എനിക്ക് പുറംതിരിഞ്ഞിരിക്കുന്ന ഉമ്മയുടെ ചുമലുകൾ കുലുങ്ങുന്നതും പൊത്തിപ്പിടിച്ച ദുഃഖങ്ങൾ അലമുറയായി പൊട്ടിത്തെറിക്കുന്നതും ഞാൻ കേട്ടു.

ഉമ്മാക്കുമുമ്പേ രണ്ട് യുവതികൾ വന്നു. അരണ്ട വെളിച്ചത്തിൽ ആ സൗന്ദര്യങ്ങൾ മുഖം താഴ്ത്തി നിന്നു. റിയാസ്‌ക്ക പായയിൽ എഴുന്നേറ്റിരിക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ, ഞങ്ങൾ മൂപ്പരെ താങ്ങി ചുമരിൽ ചാരിയിരുത്തി. അപ്പോൾ നീങ്ങിപ്പോയ പുതപ്പിനുതാഴെ ഇടത്തെ കാലിന്റെ മുട്ടിനുതാഴെയുള്ള ശൂന്യതയിലേക്ക് പേടിയോടെ ഞാൻ നോക്കി. അവിടെ കാലുണ്ടായിരുന്നില്ല. മുറിച്ചുമാറ്റപ്പെട്ട അവയവത്തിന്റെ കടയ്ക്കലെ വെള്ളത്തുണിയിൽ ചോര കിനിഞ്ഞുനിന്നു.

അന്നേരം ഹോട്ടലിലേക്ക് ഉത്സാഹത്തോടെ വന്നുകയറുന്ന റിയാസ്‌ക്കാനെ ഞാൻ ഓർത്തു. രണ്ടുമാസം കൊണ്ട് മൂപ്പരുടെ ചുണ്ടിന്റെ ചുവപ്പ് നഷ്ടമായിരുന്നു. കവിളിലെ തുടിപ്പ് കുഴിയായി മാറിയിരുന്നു. രാവിരുട്ടിൽ തള്ളിയിട്ട് എന്റെ കാലിലൂടെ കയറിയിറങ്ങിയ ചക്രവേഗങ്ങളുടെ വേദന ഞാനറിഞ്ഞു. ദുർബലമായ ശബ്ദത്തിൽ റിയാസ്‌ക്ക ഉമ്മാനെ വിളിച്ചു. അനിയത്തിമാർ ആ അരണ്ട വെളിച്ചത്തിൽ മിഴിനിറച്ച് നിന്നു. ചന്ദനത്തിരികളുടെ മണമായിരുന്നു അവിടമാകെ. ചുമരിലെ ദ്വാരങ്ങളിൽ കുത്തിനിർത്തിയ ചന്ദനത്തിരികൾ മരണത്തിന്റെ ഓർമകളുമായി എരിഞ്ഞു. അതിന്റെ ചാരത്തിൽ വിരൽ തൊട്ടുകൊണ്ട് റിയാസ്‌ക്ക ഞങ്ങളോട് എന്തൊക്കെയോ ചോദിച്ചു. ഉമ്മ അകത്തുനിന്ന് സുലൈമാനിയുമായി വന്നു. അത് ഞങ്ങളുടെ അടുത്തുവെക്കുമ്പോൾ വെറുംനിലത്തേക്ക് ആ ഉമ്മാന്റെ കണ്ണീര് ഇറ്റിവീണു.

പാതിനഷ്ടമായ മകന്റെ കാലിനുനേർക്ക് ആ ഉമ്മ നോക്കിയതേയില്ല. അകത്തെവിടെയോ റിയാസ്‌ക്കാന്റെ ഉപ്പയുണ്ടായിരുന്നു. ഉപ്പ ഞങ്ങളുടെ അടുത്തേക്കുവന്നില്ല. എനിക്ക് പുറംതിരിഞ്ഞിരിക്കുന്ന ഉമ്മയുടെ ചുമലുകൾ കുലുങ്ങുന്നതും പൊത്തിപ്പിടിച്ച ദുഃഖങ്ങൾ അലമുറയായി പൊട്ടിത്തെറിക്കുന്നതും ഞാൻ കേട്ടു. ഇടത്തെ കാലിന്റെ മുട്ടിനുതാഴെയുള്ള ശൂന്യതയിലേക്ക് പുതപ്പ് വലിച്ചിട്ട് റിയാസ്‌ക്ക ചിരിക്കാൻ ശ്രമിച്ചു. ആ ശ്രമത്തിൽ പരാജയപ്പെട്ട് ഒരിക്കൽ ചുവന്നിരുന്ന ചുണ്ടുകൾ വിതുമ്പുന്നത് ഞാൻ കണ്ടു. കണ്ണാടിച്ചുമരുകൾക്കുള്ളിൽ കൈയിൽ പിടിച്ച പുസ്തകവുമായി ഇരിക്കുന്ന റിയാസ്‌ക്കയാണോ, മുമ്പിൽ ആകെ തകർന്ന് ഖസാക്കിന്റെ ഇതിഹാസത്തെ കൈയിലെടുക്കുന്ന റിയാസ്​ക്കയാണോ? സത്യമെന്നറിയാതെ ഞാൻ കുഴങ്ങി.

ഞങ്ങൾ അവിടുന്നിറങ്ങുമ്പോൾ റിയാസ്​ക്കാന്റെ ആ കൂട്ടുകാരൻ കൈയിൽ കുറെ പുസ്തകങ്ങളുമായി കയറിവരികയായിരുന്നു. ദിവസം അറുപത് രൂപ ടിപ്പ് കൊടുക്കുന്ന ആ സമ്പന്നന്റെ കാക്കിക്കുപ്പായത്തിലെ ഏച്ചുകെട്ടലുകളെ, ഇപ്പോൾ ഇതെഴുതുമ്പോഴും എനിക്കുകാണാം. ആ മുറ്റത്തെ തെരുവുവിളക്കിന്റെ വെളിച്ചത്തിലേക്ക് പറന്നുവന്ന് മരണത്തെ തൊടുന്ന ചെറുജീവികളെയും കാണാം. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്ന മണി ആ മടക്കയാത്രയിൽ ഒന്നും സംസാരിച്ചില്ല.

ഞങ്ങൾ മുഖം കുനിച്ചു നടന്ന ആ ദൂരമത്രയും ചോരകൊണ്ട് അടയാളപ്പെട്ടിരുന്നു. ജീവിക്കാനായി പല സൂത്രപ്പണികളും ചെയ്ത് തോറ്റുപോയ ഒരു മനുഷ്യന്റെ ചോര. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments