കഞ്ചാവ്​ വിൽപ്പനക്കാരൻ

ആ രാത്രിയിലാണ് എന്റെ ഏട്ടൻ പേടിയെ മുതലെടുത്ത് ഭാസ്‌കരേട്ടൻ, എന്നെയും മണിയെയും കഞ്ചാവ് വിൽപ്പനക്കാരാക്കിയത്. കഞ്ചാവ്, കഞ്ചാവ് എന്ന് കേട്ടിരുന്നെങ്കിലും അതുവരെ ഞാൻ ആ സാധനം കണ്ടിരുന്നില്ല.

മൂത്രപ്പാത്രങ്ങൾ കഴുകുന്നതിന് കിട്ടുന്ന റെസ്റ്റ് ടൈമും ചേർത്ത്, മൂന്നുമണിക്ക് ജോലി മതിയാക്കി കൂലിയും വാങ്ങി ഞാൻ നഗരത്തിലേക്കിറങ്ങും.

നഗരം ഒരുപാട് അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച കടലായിരുന്നു എനിക്ക്.
അതിന്റെ ഓരോ തിരമാലകളെയും ഞാൻ കണ്ടു, തൊട്ടു, മണത്തു.
ഊടുവഴികളിൽ മദ്യപിച്ച് ബോധം പോയവർ ഉടുതുണിയില്ലാതെ കിടന്നു. അവരുടെ പോക്കറ്റിൽ അവശേഷിച്ച പണം പലരും കട്ടെടുത്തു. കളവാണ് തങ്ങൾ ചെയ്യുന്നതെന്ന ഭാവം അവരുടെ മുഖത്തുണ്ടായിരുന്നില്ല. തങ്ങൾക്ക് അവകാശപ്പെട്ടത് എടുക്കും പോലെ, നിസ്സാരമായി ആ ഉടലുകളെ കാലുകൊണ്ട് തട്ടിമറിച്ചിട്ട് അവർ പണമെടുത്തു.

കണ്ടുനിൽക്കുന്നവരെ അവർ ആട്ടിയോടിച്ചു. കാഴ്ച കണ്ടുനിൽക്കുകയല്ലാതെ ആരും അതിനെതിരെ ഒന്നും പറഞ്ഞില്ല. മദ്യപിച്ചു എന്ന ഒറ്റ കാരണത്താൽ സ്വന്തം പണത്തിന്മേൽ അവർക്ക് യാതൊരു അധികാരവുമില്ല എന്ന ബോധമായിരുന്നു കാഴ്ചക്കാർക്ക്. വേറെ കുറച്ചാളുകൾ കടകൾക്കുമുമ്പിൽ കിടന്നുറങ്ങുന്ന റോഡുപണിക്കാരായ സ്ത്രീകളുടെ ഉടലിൽ തങ്ങളുടെ അധികാരം പ്രയോഗിച്ചു. ആ കാഴ്ച കാണാനും, ആ നിലവിളികൾ കേൾക്കാനും ആളുകളുണ്ടായിരുന്നു. കറുത്ത നിറവും മുഷിഞ്ഞ ചേലയും ടാർ പുരണ്ട കൈ കാലുകളുമുള്ള തമിഴ് സ്ത്രീകളായിരുന്നു അവർ. അവരുടെ കുട്ടികൾ മരക്കൊമ്പിലെ ചേലത്തൊട്ടിലിൽ കിടന്നു.

മഴക്കാലത്ത് കാര്യമായ പണിയില്ലാതാവുമ്പോൾ അവർ കൂട്ടത്തോടെ നഗരത്തിന് പുറത്തേക്ക് പോയി. അവരുടെ ചുമലുകളിലെ ചേല തൊട്ടിലിൽ കിടന്ന് കറുകറുത്ത കുട്ടികൾ വിശപ്പ് സഹിക്കാഞ്ഞ് ഉറക്കെ നിലവിളിച്ചു. പെരുംചിലമ്പിൽ ഞാൻ കേട്ട പട്ടിണിയുടെ നിലവിളികൾക്കും, ഈ നിലവിളികൾക്കും ഒരേ ഈണമായിരുന്നു. സ്ഥലകാലങ്ങൾ മാറുമ്പോഴും വിശക്കുന്നവരുടെ നിലവിളികൾക്ക് മാറ്റമുണ്ടായില്ല. അവരുടെ കണ്ണുകളിലെ നിസ്സഹായതയ്ക്ക് മാറ്റമുണ്ടായില്ല. അവരുടെ തീരാ ദുരിതങ്ങൾക്കും മാറ്റമുണ്ടായില്ല.

നഗരം എല്ലാത്തിനെയും പൊതിഞ്ഞുപിടിച്ചു.
ട്രാഫിക്കിൽ കുരിങ്ങിക്കിടന്ന വാഹനങ്ങളുടെ ചില്ല് തുടയ്ക്കുന്ന കുട്ടികളെയും, ശീതീകരിച്ച ഭക്ഷണശാലകളിലിരുന്ന് തീറ്റ ആഘോഷമാക്കുന്നവരെയും, കടപ്പുറത്ത് പട്ടാപ്പകൽ പോലും ശരീരം വിറ്റ് വിശപ്പാറ്റുന്നവരെയും, പോക്കറ്റടിക്കുന്നവരെയും, തെരുവുനായ്ക്കളെയും അവയോട് യുദ്ധം ചെയ്ത് എച്ചിൽ വാരി തിന്നുന്ന ഭ്രാന്തന്മാരെയും, ആദ്യമായി നഗരം കാണാൻ വരുന്നവരെയും, വിലകൂടിയ ഹോട്ടൽ മുറികളിലിരുന്ന് കഥകൾ എഴുതുന്നവരെയും, അവർക്ക് മദ്യം വിളമ്പുന്ന ദിവസക്കൂലിക്കാരെയും, എന്നെയും, നഗരം പൊതിഞ്ഞുപിടിച്ചു.

അയാളെന്നെ തിരിച്ചറിഞ്ഞു. അവിടുന്ന് ഓടിപ്പോവാൻ ഞാൻ വിചാരിച്ചതും അയാളെന്റെ കയ്യിൽ പിടിച്ചു, 'ഇജെന്താ ഇവിടെ, ഇജ് സൈനാത്താന്റെ മോനല്ലേ...?'

ജീവിതം ഇങ്ങനെയൊക്കെയാണെന്ന്, അത് ചലിച്ചു കൊണ്ടേയിരിക്കുന്ന ഒരു ഭ്രാന്തൻ നായയാണെന്ന്, അതിന്റെ കിതപ്പും ഓലിയിടലും നാവ് നീട്ടിയുള്ള പാച്ചിലും നഗരമെന്ന വലിയ നായ്ക്കൂടിനുള്ളിലാണെന്നും ഞാൻ അറിയുകയായിരുന്നു. ഞാനും ആ കൂട്ടിനുള്ളിൽ പലതും ചെയ്ത് പലതും കണ്ട് പലതും തേടി അലഞ്ഞു നടന്നു. അതിന്റെ നാലതിരുകൾക്കപ്പുറം കടക്കാൻ തോന്നാത്ത വണ്ണം നഗരത്തിന് വല്ലാത്ത ആകർഷണീയതയുണ്ടായിരുന്നു.

നഗരം കാണലും ഹോട്ടൽപ്പണിയും അങ്ങനെ മുമ്പോട്ട് പോകവേ, ഒരുനാൾ എച്ചിൽ തുടച്ചുതുടച്ച് ഞാൻ നാലാമത്തെ മേശക്കുമുമ്പിലെത്തി. അവിടെ ഭക്ഷണം കാത്തിരുന്ന ആൾ ഉമ്മാന്റെ ബന്ധുവായിരുന്നു. ഉമ്മാന്റെ കൂടെ ബന്ധുവീടുകളിലേക്ക് ഞാൻ നടത്തിയ സ്‌നേഹഭിക്ഷാടനങ്ങളുടെ യാത്രകളിൽ ഞാനീ മനുഷ്യനെ കണ്ടിട്ടുണ്ട്. അയാളെന്നെ തിരിച്ചറിഞ്ഞു. അവിടുന്ന് ഓടിപ്പോവാൻ ഞാൻ വിചാരിച്ചതും അയാളെന്റെ കയ്യിൽ പിടിച്ചു, ‘ഇജെന്താ ഇവിടെ, ഇജ് സൈനാത്താന്റെ മോനല്ലേ...?'

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഓർഡർ എടുക്കാൻ വന്ന ഭാസ്‌കരേട്ടൻ ആ പിടുത്തം കണ്ടില്ലെന്ന് നടിച്ചു. എന്റെ കൈ വേദനിച്ചു .അയാൾ കോഴിക്കോട്ടങ്ങാടിയിലേക്ക് റിലീസ് സിനിമ കാണാൻ വന്നതായിരുന്നു.

‘വേഗം പെരീക്ക് പൊയ്‌ക്കോ... '

ഞാൻ പോവുന്നില്ലെന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ അയാളുടെ പിടുത്തം മുറുകി, ‘അന്റെ തള്ള അന്നെ കാണാഞ്ഞ് എന്നും കരച്ചിലാണെടാ പന്നീ... ചെലക്കാണ്ട് കുടീക്ക് പോയിക്കൊണ്ടി,ല്ലെങ്കി അന്നെ ഞാൻ പോലീസിനെക്കൊണ്ട് പിടിപ്പിക്കും.’

പോലീസ്, പിടിത്തം എന്നൊക്കെ കേട്ടപ്പോൾ സൂപ്പർവൈസർ അങ്ങോട്ടുവന്ന് കാര്യം തിരക്കി. അയാൾ സൂപ്പർവൈസറോട് ഞാൻ ഏട്ടന്റെ കാശും കട്ടെടുത്ത് നാടുവിട്ട കഥ പറഞ്ഞു. ആ കഥ ഞാൻ മുമ്പുതന്നെ മാനേജരോട് പറഞ്ഞതാണ്. കട്ട കാശ് എത്രയാണെന്നും പറഞ്ഞതാണ്. മാനേജറും അങ്ങോട്ട് വന്നു, ‘അവന് വരാൻ ഇഷ്ടാണെങ്കി നിങ്ങക്ക് കൊണ്ടുപോവാം. പോലീസിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കണ്ട. ഇവിടെ പണിയെട്ക്കണ കുട്ടികളുടെയെല്ലാം അഡ്രസ്സ് ഞങ്ങൾ വാങ്ങി വെച്ചിട്ടുണ്ട്.’

എന്നെയോർത്ത് ഉമ്മ കരഞ്ഞ കണ്ണീരെല്ലാം ഒറ്റയടിക്ക് എന്റെ നെഞ്ചിലേക്ക് ഇരച്ചെത്തി. ഉമ്മ ഈ മകനെ മറന്നിട്ടില്ല. ഓരോ രാത്രിയിലും പകലിലും ഊണിലും ഉറക്കത്തിലും ഉമ്മ ഈ മോനെ ഓർക്കുന്നുണ്ട്. നെഞ്ചിൽ തടഞ്ഞു നിന്ന നിലവിളി തൊണ്ടയും കടന്ന് വായിലെത്തിയപ്പോ ഞാൻ ഉറക്കെയുറക്കെ കരഞ്ഞു.

പണിക്ക് കയറിയപ്പഴേ ഞാൻ ശരിയായ വിലാസവും നാട് വിടാനുള്ള കാരണവും പറഞ്ഞിരുന്നു. അഷ്‌റഫ് എന്ന് പേരുള്ള അയാൾ എന്റെ കയ്യിലെ പിടുത്തം വിട്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. അയാൾ ഭക്ഷണം കഴിച്ച് തീരുവോളം ഞാൻ ഹാളിലേക്ക് ചെന്നില്ല. പാത്രം മോറുന്ന കുട്ടിയുടെ അടുത്ത് ചെന്നിരുന്നു.

അഷ്‌റഫ് ഭക്ഷണം കഴിച്ചശേഷം മാനേജരുടെ അനുവാദത്തോടെ എന്നെ തിരക്കി വന്നു. ഞാൻ എന്നും കഴുകി വൃത്തിയാക്കുന്ന മൂത്രപ്പുരയുടെ ഇടനാഴികയിൽ വച്ച് അയാളെന്നോട് പറഞ്ഞു, ‘അന്നെ കാണാഞ്ഞിട്ട് അന്റെ ഉമ്മ തീ തിന്നാണ്.’

അയാൾ എന്റെ തോളിലൂടെ കയ്യിട്ടു, ‘സൈനാത്ത മമ്പ്‌റത്തുക്കും പുത്തം പള്ളീക്കും നേർച്ച നേർന്ന് ഇജ് മടങ്ങി വരാൻ കാത്തിരിക്യാണ്.’

മൂത്രം മണക്കുന്ന അന്തരീക്ഷത്തിൽ, ചില്ലുവാതിലിനപ്പുറം അലറിപ്പായുന്ന നഗര വേഗങ്ങളിലേക്ക് നോക്കി ഞാൻ നിന്നു.

‘എത്രോടത്ത്ക്കാ അന്നെ തെരഞ്ഞ് അന്റെ ഇമ്മ ആളെ വിട്ടതെന്നറിയോ ...? തമിഴ് നാട്ട്ക്കും പോയി അന്നെ തെരഞ്ഞ് ആൾക്കാര്.’

ഞാൻ കേട്ടുനിന്നു.
എനിക്കുമുമ്പിലെ നഗരക്കാഴ്ചകളിൽ കണ്ണീരിന്റെ മറ വീണു.
സൈനാത്ത, എന്റെ ഉമ്മ, ഉമ്മ എന്നെ ഓർക്കുന്നുണ്ട്, ഉമ്മ എന്നെ കാണാഞ്ഞ് ഇപ്പഴും കരയുന്നുണ്ട്, എനിക്കായി നേർച്ചകൾ നേരുന്നുണ്ട്.

‘ഇവ്‌ടെ ആരാന്റെ മേശ തൊടക്ക്ണ അനക്ക് അവ്‌ടെ പെയിൻറ്​ പണി ഇട്ത്തൂടേ... ന്നാ ആ തള്ളക്ക് അന്നെയോർത്ത് കരയണ്ടല്ലോ....? '

എന്നെയോർത്ത് ഉമ്മ കരഞ്ഞ കണ്ണീരെല്ലാം ഒറ്റയടിക്ക് എന്റെ നെഞ്ചിലേക്ക് ഇരച്ചെത്തി. ഉമ്മ ഈ മകനെ മറന്നിട്ടില്ല. ഓരോ രാത്രിയിലും പകലിലും ഊണിലും ഉറക്കത്തിലും ഉമ്മ ഈ മോനെ ഓർക്കുന്നുണ്ട്. നെഞ്ചിൽ തടഞ്ഞു നിന്ന നിലവിളി തൊണ്ടയും കടന്ന് വായിലെത്തിയപ്പോ ഞാൻ ഉറക്കെയുറക്കെ കരഞ്ഞു. അപ്പോൾ, ആ നിമിഷം, എനിക്ക് ഉമ്മാനെ കാണണമെന്ന് തോന്നി. ഉമ്മാന്റെ കോന്തല പിടിച്ചു നിൽക്കുന്ന അനിയത്തിയെ കാണണമെന്ന് തോന്നി. എന്നെ തിരഞ്ഞുപോയവർ മടങ്ങിവരുന്നതും കാത്ത് ഉമ്മയിരുന്ന മൺതറ ഞാൻ കണ്ടു, അതിനപ്പുറം പുര ത്തറയോട് ചേർന്ന്, കുഴിയാനകൾ മേയുന്ന ആ മുറ്റം ഞാൻ കണ്ടു.

‘അദും അല്ല, അന്റെ കാക്കാന്റെ കല്യാണാണ്. അയിനും അനക്ക് പോണ്ടേ?'

ഞാനാ മനുഷ്യനെ നോക്കി. കുറച്ചുമുമ്പ് അയാൾ മുറുക്കി പിടിച്ചപ്പോൾ വേദനിച്ച എന്റെ കൈ പോലും അയാളോട് നിശ്ശബ്ദമായി പറഞ്ഞു, എനിക്ക് പോണം, എനിക്ക് ഉമ്മാനെ കാണണം...

‘ഞാനെന്തായാലും അന്നെ ഇവ്‌ടെ കണ്ട കാര്യം ഉമ്മാനോട് പറയും. അവ്ടുന്ന് ആള് തെരഞ്ഞ് വരും മുമ്പ് മോൻ കുടീക്ക് പോണം. ഇഞ്ഞും ആ പാവത്തിനെ കരയിച്ചാ പടച്ചോൻ പോലും അന്നോട് പൊറുക്കൂല.’

അതും പറഞ്ഞ് അയാൾ പോയി. അയാളുടെ കയ്യിൽന്ന് ക്യാഷ്യർ കാശ് വാങ്ങിയില്ല. പക്ഷേ അയാൾ ബില്ലും തുകയും മേശപ്പുറത്ത് വെച്ച്, ചില്ല് വാതിൽ തുറന്ന് ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടത്തിലേക്ക് നടന്നുമറഞ്ഞു. കരയുന്ന എന്നെ മണി വന്ന് തോണ്ടി വിളിച്ചു. അവന്റെ നിലാച്ചിരി കണ്ടപ്പോൾ ഞാൻ കൂടുതൽ ഉച്ചത്തിൽ കരഞ്ഞു.
‘ഇവിടെനിന്ന് കാറി വിളിക്കണ്ട, പോവണമെങ്കി അബ്ബാസിന് പോവാം...', മാനേജർ പറഞ്ഞു.

ഞാൻ എച്ചിൽ തുണി കയ്യിലെടുത്ത് എന്റെ പണി തുടർന്നു. തുടച്ചുമാറ്റുന്ന എച്ചിലിൽ ഞാൻ ഉമ്മാനെ കണ്ടു. നിരത്തിവെച്ച അലൂമിനിയ പാത്രങ്ങളിലേക്ക് ഉമ്മ അളന്നിടുന്ന ചോറ് കണ്ടു. എന്റെ പപ്പടത്തിനായി കൊതിയോടെ നോക്കുന്ന അനിയത്തിയെ കണ്ടു. അനിയനെ കണ്ടു. പൂച്ചകളോട് സംസാരിക്കുന്ന ഉപ്പാനെ കണ്ടു. സ്‌നേഹത്തിന്റെ ആ കടലുകൾക്കൊക്കെ അപ്പുറം, ചുരുൾമുടിക്കുതാഴെ കത്തുന്ന കണ്ണുകളുമായി ഏട്ടൻ എന്നെ നോക്കി. തീയിലേക്ക് വെള്ളമൊഴിക്കും പോലെ മറ്റു മുഖങ്ങളെല്ലാം അണഞ്ഞ് ഏട്ടന്റെ മുഖം മാത്രം തെളിഞ്ഞുവന്നു. ഏട്ടന്റെ കല്യാണമാണ്. ഏട്ടന് കാശിന് ഒരുപാട് ആവശ്യങ്ങളുണ്ടാവും. കട്ടെടുത്ത് ഓടിയ കാശ് മടക്കി കൊടുക്കാൻ എന്റെ കയ്യിലില്ല. എന്റെ കൂടി വിയർപ്പിന്റെ വിലയാണ് ഞാൻ കട്ടെടുത്തതെന്ന വാദമൊന്നും ഏട്ടന്റെ മണ്ടയിൽ കയറില്ല.

ഏട്ടൻ അടിക്കും. എല്ലാവരുടെയും മുമ്പിൽവെച്ച് കെട്ടിയിട്ട് അടിക്കും. ചോര പൊടിയുവോളം, അല്ലെങ്കിൽ കണ്ണിൽ കാന്താരി മുളക് അരച്ചത് തേക്കും. ഉപ്പാക്ക് ഏട്ടനെ തടയാൻ കഴിയില്ല. ഉപ്പാന്റെ ഈ മകൻ കള്ളനാണ്. ഉമ്മാക്ക് കരയാൻ മാത്രമേ കഴിയൂ, മക്കൾക്ക് വിളമ്പാൻ ഭക്ഷണം തന്നെ തികച്ചില്ലാത്ത ഉമ്മ ഉളളിൽ ഒളിപ്പിച്ചുവെച്ച സ്‌നേഹങ്ങളെല്ലാം കൂട്ടിച്ചേർത്താലും ഏട്ടന്റെ അടിയിൽ നിന്ന് എനിക്ക് രക്ഷ കിട്ടില്ല.

അന്നത്തെ തിരശ്ശീലയിൽ ഞാൻ കണ്ടത് മുഴുവൻ ഉമ്മാനെയാണ്. കേട്ടത് ഉമ്മാനെയാണ്. നാളെ പണിയെടുത്താൽ വീട്ടിലേക്ക് മടങ്ങിപ്പോവാനുള്ള പണം കിട്ടും. പക്ഷേ പോയാൽ, കവലയിൽവെച്ചുതന്നെ ഏട്ടൻ എന്നെ കണ്ടാൽ?

അന്നത്തെ നഗരസന്ധ്യയിൽ ഞാൻ ഭയത്തിനും ആശയ്ക്കും ഇടയിൽ കുരുങ്ങി ശ്വാസംമുട്ടി. നടക്കുന്ന വഴികളിലെ കാഴ്ചകളൊന്നും ഞാൻ കണ്ടില്ല. എന്റെ ഉള്ളിൽ ഒരു പാത്രത്തിൽ ചോറും, അതിലൊഴിച്ച പരിപ്പ് കറിയും ഉണക്ക മീനുമായി അടുക്കളയിലെ മൺതറയിൽ, മണ്ണെണ്ണവിളക്കും കത്തിച്ചുവെച്ച് മകനെ കാത്തിരിക്കുന്ന ഉമ്മാന്റെ രൂപം തെളിഞ്ഞു .
നിശബ്ദമായ ആ വിലാപം ഞാൻ കേട്ടു, ‘മോനേ അബ്ബാസേ, മടങ്ങിവാടാ, ഉമ്മാക്ക് അന്നെ കാണണം...'

അന്നത്തെ തിരശ്ശീലയിൽ ഞാൻ കണ്ടത് മുഴുവൻ ഉമ്മാനെയാണ്. കേട്ടത് ഉമ്മാനെയാണ്. നാളെ പണിയെടുത്താൽ വീട്ടിലേക്ക് മടങ്ങിപ്പോവാനുള്ള പണം കിട്ടും. പക്ഷേ പോയാൽ, കവലയിൽവെച്ചുതന്നെ ഏട്ടൻ എന്നെ കണ്ടാൽ?
സിനിമ തീരും മുമ്പ് ഞാൻ എഴുന്നേറ്റ് തിരികെ പോന്നു. നഗരം രാത്രിവിളക്കുകൾ തെളിയിച്ച് അതിലേക്ക് പാറിവരുന്ന ചെറുജീവികളെ കാത്തിരുന്നു. ചെറുജീവികൾ മരിക്കാനായി മാത്രം ആ വെളിച്ചത്തിലേക്ക് പറന്നുവന്നു.

രാത്രിയിൽ പതിവുവായനയൊന്നും ഇല്ലാതെ ഞാൻ ആകാശം നോക്കി കിടന്നു. താഴെ, ബ്ലൂ ഡയമണ്ട് തിയേറ്ററിൽ നിന്ന് ഓഗസ്റ്റ് 1 സിനിമ കണ്ട് ഇറങ്ങിയവർ പെരുമാളിനെ കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നത് ഞാൻ കേട്ടു. ഭാസ്‌കരേട്ടൻ കോണി കയറി വന്നു. എന്റെ പുൽപ്പായയിൽ ഇരുന്നു, ‘നീ വീട്ടിലിക്ക് പോവണ് ണ്ടോ...? '

എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു.

‘ഏട്ടന്റെ കായിം കട്ടെടുത്ത് ഓടി പോന്നതല്ലേ...? മടങ്ങിച്ചെല്ലുമ്പോ നല്ല പുളി വടിയും വെട്ടി മൂപ്പർ അവിടെ കാത്തിരിക്കുന്നുണ്ടാവും.’

പുളിവടിയല്ല, പുളിമരത്തിൽ കെട്ടിയിട്ടാണ് ഏട്ടൻ തല്ലാൻ പോവുന്നതെന്ന് ഞാൻ പറഞ്ഞില്ല.

‘എന്തായാലും നീ ഇവിടെയുണ്ടെന്ന് ഏട്ടൻ അറിയും. തെരഞ്ഞ് വരും ചെയ്യും.'

മുതിർന്നവർ കുട്ടികളെ പേടിപ്പിക്കാൻ പല കള്ളങ്ങളും പറയുമെന്ന് അറിയുമെങ്കിലും, ഭാസ്‌കരേട്ടൻ ആ പറഞ്ഞതിൽ സത്യമുണ്ടെന്ന് എനിക്കുതോന്നി. തോന്നുകയല്ല, ഏട്ടൻ എന്നെ തിരഞ്ഞുവരുമെന്ന് ഞാനുറച്ചു വിശ്വസിച്ചു.

‘ഇനിയെന്താ ചെയ്യാ ഭാസ്‌കരേട്ടാ...? '

ഭാസ്‌കരേട്ടൻ എന്റെ കൂടെ പുൽപ്പായയിൽ കിടന്നു, എന്നിട്ട് ശബ്ദം കുറച്ച് പറഞ്ഞു; ‘കൊറച്ചീസം നീയീ പണീന്ന് മാറിനിക്കണം. ഏട്ടൻ വന്നാ അന്നെ കാണരുത്.’

‘വേറെ എന്ത് പണി...?', ഞാൻ പ്രതീക്ഷയോടെ അയാളെ നോക്കി.

‘അതൊക്കെ ഞാൻ ശരിയാക്കി തരാ, ഇതിനേക്കാൾ കൂലി കിട്ട്ണ പണിണ്ട് .പക്ഷേ നല്ല ധൈര്യം വേണം.’

അതെന്ത് പണിയെന്ന അത്ഭുതത്തോടെ ഞാൻ അയാളെ നോക്കി. ആ രാത്രിയിലാണ് എന്റെ ഏട്ടൻ പേടിയെ മുതലെടുത്ത് ഭാസ്‌കരേട്ടൻ, എന്നെയും മണിയെയും കഞ്ചാവ് വിൽപ്പനക്കാരാക്കിയത്. കഞ്ചാവ്, കഞ്ചാവ് എന്ന് കേട്ടിരുന്നെങ്കിലും അതുവരെ ഞാൻ ആ സാധനം കണ്ടിരുന്നില്ല. അത് ഏത് രൂപത്തിലാണെന്നും അറിയുമായിരുന്നില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments