മണിയുടെ ആദ്യ കഞ്ചാവ് വലിയും കടലിലേക്കുള്ള ഇറങ്ങിപ്പോക്കും ഇല്ലായിരുന്നെങ്കിൽ, ഞങ്ങൾ രണ്ടാളുടെയും ജീവിതം മറ്റേതെങ്കിലും ഇരുണ്ട വഴികളിലൂടെ അകന്നകന്നുപോവുമായിരുന്നു. നഗരത്തിലെ ലഹരി വില്പനക്കാരോ, കൂട്ടിക്കൊടുപ്പുകാരോ നൂറുരൂപയ്ക്ക് കൂലിത്തല്ലുനടത്തി പള്ളയ്ക്ക് പിച്ചാത്തി കയറി തെരുവിൽ കിടന്ന് ചത്തുപോകുന്നവരോ ആവുമായിരുന്നു. അവനെ തിരികെ കൊണ്ടുവരാൻ കഴിയാതെ കരക്കുകയറി ഞാൻ ഉറക്കെയുറക്കെ നിലവിളിച്ച് ശബ്ദമുണ്ടാക്കി. കടലിനെ തോൽപ്പിക്കുന്ന എന്റെ ശബ്ദം കേട്ട് കുറച്ചുപേർ ഓടി കൂടുമ്പോൾ എന്റെ ഒച്ച അടഞ്ഞുപോയിരുന്നു.
ഞാൻ കടലിലേക്ക് ചൂണ്ടിക്കാണിച്ചു.
തിരമാലകളിൽ പൊങ്ങിയും താണും അകന്നകന്നു പോവുന്ന അവനെ അവർ നീന്തിച്ചെന്ന് പിടിച്ചുകൊണ്ടുവന്നു. കരയ്‌ക്കെത്തിയ അവൻ നിർത്താതെ ഛർദിച്ചു. മരണത്തിന്റെ കടൽപ്പായലിൽ തൊട്ട അവന്റെ ബോധം കഞ്ചാവിന്റെ ലഹരിയെ ഛർദിച്ച് കളഞ്ഞു. അവനെ രക്ഷിച്ചുകൊണ്ടുവന്നവർ ഞങ്ങളെ കുറെ ചീത്ത വിളിച്ച് മടങ്ങിപ്പോയി.
ചോര വാർന്ന മുഖവും ചോര കലങ്ങിയ കണ്ണുകളുമായി അവനാ മണലിൽ കിടന്ന് എന്നെ നിസ്സഹായനായി നോക്കി. അവന് കഞ്ചാവ് ബീഡി കൊടുത്ത മനുഷ്യൻ കുറച്ചപ്പുറത്ത് മാറിയിരുന്ന് തലയിൽ സൂര്യതാപം സ്വീകരിച്ചുകൊണ്ട് കവിതകൾ എഴുതി, അയാൾക്കുമുമ്പിലെ തിരചലനങ്ങളിൽ പെട്ട് ഒരുപാട് വാക്കുകൾ ഒഴുകി നടന്നു.
അന്നുമുതൽ കടപ്പുറത്തേക്ക് സ്ഥിരമായി വരുന്നവർ ഞങ്ങളെ ശ്രദ്ധിച്ചുതുടങ്ങി. നടന്നതൊന്നും ഞങ്ങൾ ഭാസ്‌കരേട്ടനോട് പറഞ്ഞില്ല. ആരോടും പറഞ്ഞില്ല. പിന്നെ മൂന്ന് ദിവസം കൂടിയേ ഞങ്ങൾ കഞ്ചാവ് പൊതി വിറ്റുള്ളൂ. ആളുകൾ ഞങ്ങളെ സംശയത്തോടെ നോക്കി. പ്രായത്തിന്റെ പ്രസരിപ്പിനും കളിചിരിക്കും ഉള്ളിൽ പറ്റിപ്പിടിച്ച് നിന്ന ഭയത്തിന്റെ മഞ്ഞുപടലങ്ങളെ അവർ തിരിച്ചറിഞ്ഞു.
നാലാം നാൾ പൊലീസുകാർ ഞങ്ങളെ തേടി വന്നു. ദൂരെ നിന്നേ അവരുടെ യൂണിഫോം കണ്ടപ്പോൾ ആരും പറഞ്ഞുതരാതെ തന്നെ ഞങ്ങൾ മടിയിലെ കഞ്ചാവ് പൊതികൾ കടലിലേക്ക് വലിച്ചെറിഞ്ഞ് ഓടി. കുറച്ചു ഓടി മെയിൻ റോഡിലേക്ക് കടന്നപ്പോൾ മണി മറ്റൊരു വശത്തേക്ക് ഓടി. മുമ്പിൽ അലറിപ്പായുന്ന വാഹനങ്ങളെ കാണാതെ, കണ്ടിട്ടും അപകടം മനസ്സിലാവാതെ ഞാൻ ഓടി.
നെഞ്ചിൻകൂട് ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നിയ അണപ്പിൽ ഞാൻ വഴിമരത്തിന്റെ ചുവട്ടിൽനിന്ന് കിതച്ചു. എനിക്കുമുമ്പിലൂടെ വാഹനങ്ങൾ കടന്നുപോയി. ആളുകൾ കടന്നുപോയി. എത്ര ദൂരം, എത്ര നേരം, ഓടിയെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു.
പിന്നാലെ പൊലീസുകാർ വരുന്നുണ്ട് എന്ന ഉറച്ച ബോധ്യത്തിലായിരുന്നു എന്റെ ഓട്ടം. സിനിമകളിൽ കണ്ട തലകീഴായി കെട്ടിത്തൂക്കിയിട്ടുള്ള അടികൾ നടുമ്പുറത്ത് വീണിട്ടെന്ന പോലെ വേദനയിലും, ആ വേദനയുടെ ഭയത്തിലും മറ്റൊരു ചിന്തയുമില്ലാതെ ഓടി. മണിയെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല, അവന്റെ പിന്നാലെയും പൊലീസുണ്ടാവുമെന്നും, അവനെ പിടിച്ചാൽ എന്നെയും പിടിക്കുമെന്നും ഞാനപ്പോൾ ഓർത്തതേയില്ല.
നെഞ്ചിൻകൂട് ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നിയ അണപ്പിൽ ഞാൻ വഴിമരത്തിന്റെ ചുവട്ടിൽനിന്ന് കിതച്ചു. എനിക്കുമുമ്പിലൂടെ വാഹനങ്ങൾ കടന്നുപോയി. ആളുകൾ കടന്നുപോയി. ഞാൻ നിന്ന ഇത്തിരി തണലിനപ്പുറം കടല് പോലെ വെയിൽ വെട്ടിത്തിളച്ചു. എത്ര ദൂരം, എത്ര നേരം, ഓടിയെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. ഓട്ടത്തിനിടയിൽ മുണ്ടഴിച്ചുടുത്തപ്പോൾ കോന്തലയിലെ മുപ്പത് രൂപ നഷ്ടമായത് നടുക്കത്തോടെ ഞാനറിഞ്ഞു.
ഇതിനു മുമ്പും പൊലീസിനെ ഭയന്ന് ഞങ്ങൾ ഓടിയിട്ടുണ്ട്. തിയേറ്ററിൽ ബ്ലാക്കിന് ടിക്കറ്റ് വിൽക്കുമ്പോൾ, തിയേറ്ററിലിരുന്ന് പുകവലിച്ചതിന് പിടി വീണപ്പോൾ, പക്ഷേ അതൊന്നും ഭയത്തിന്റെ തിരമാലകളിൽ ചവിട്ടിയല്ല. രക്ഷപ്പെടലിന്റെ ആനന്ദം ഉള്ളിൽ നിറയുന്ന ഓട്ടങ്ങളായിരുന്നു അത്. ഓടിത്തീർത്ത ദൂരങ്ങളിലേക്ക് കിതപ്പോടെ ഞാൻ നോക്കി. അവിടെയൊന്നും പൊലീസിന്റെ യൂണിഫോം ഉണ്ടായിരുന്നില്ല.
ഭയത്തിന്റെ തിരമാലകൾ മെല്ലെ ഒടുങ്ങിയമരുന്നത് അറിഞ്ഞ്, ഞാൻ റോഡ് മുറിച്ചു കടക്കുമ്പോൾ മണി എതിർവശത്തുനിന്ന് എന്നെ കൂക്കി വിളിച്ചു. അവൻ ഓടിയ ഓട്ടത്തിൽ എന്നെ ഓർത്തിരുന്നു. എന്നെ പൊലീസ് പിടിക്കുമെന്ന് ഭയന്നിരുന്നു. അവനത് പറഞ്ഞപ്പോൾ ഞാൻ എന്നിലെ സ്വാർത്ഥനെ ആദ്യമായി തിരിച്ചറിഞ്ഞു. അവൻ ഭയന്നത് എന്നെ ഓർത്താണ്. എത്ര അടി കൊണ്ടാലും പൊലീസിനോട് ഞാൻ അവന്റെ പേരുപറയില്ലെന്ന് അവൻ ഉറച്ചുവിശ്വസിച്ചു.
ഓട്ടത്തിനിടയിൽ അവന്റെ കാല് വെച്ചു കുത്തി, പെരുവിരലിന്റെ നഖം അടർന്നു പോയിരുന്നു. അവിടെ നിന്ന് ഒലിക്കുന്ന ചോര അവൻ ഓടിയ ദൂരങ്ങളിലെല്ലാം അടയാളപ്പെട്ടുകിടന്നിരിക്കണം. എന്നെ കണ്ടെത്തിയ ആഹ്ലാദത്തിൽ ആ നഗര വെയിലിന്റെ തിരമാലകളിൽ ചവിട്ടിനിന്ന് അവൻ ചിരിച്ചു. കറുകറുത്ത ചുണ്ടുകൾക്കിടയിലെ നിലാച്ചിരി. അവൻ എന്നെ കെട്ടിപ്പിടിച്ചു. രണ്ടു കുട്ടികൾ പൊരിവെയിലത്ത് നടപ്പാതയിൽ നിന്ന് കെട്ടിപ്പിടിക്കുന്നത് കണ്ട യാത്രക്കാർ ഞങ്ങളെ അമ്പരപ്പോടെ നോക്കി.
അവൻ രണ്ടാമത്തെ പൊതി കൊടുക്കാൻ കൈ നീട്ടുമ്പോഴാണ് ഞങ്ങൾ പൊലീസിനെ കണ്ടത്. പൊതി അവന്റെയടുത്തുനിന്ന് ആവശ്യക്കാരൻ തട്ടി പറിച്ചെടുത്ത്, പണം കൊടുക്കാതെ തടിതപ്പി. ആദ്യം വിറ്റ പൊതിയുടെ വിലയായ പതിനഞ്ച് രൂപ, പ്രാണൻ കയ്യിൽ പിടിച്ചുള്ള ഓട്ടത്തിനിടയിലും അവൻ കോന്തലയിൽ മുറുക്കി കെട്ടിയിട്ടിരുന്നു.
ആ ചോരച്ചുവപ്പിൽ ഞാൻ ലക്ഷ്മിയേച്ചിയെ കണ്ടു. അവരുടെ രഹസ്യഇടത്തിലേക്ക് ആരോ കുത്തിക്കയറ്റിയ സോഡാ കുപ്പി കണ്ടു. നഖത്തിൽ തൊട്ടതും ഞാൻ ലക്ഷ്മിയേച്ചിയുടെ, ‘അരവിയെ വിളിക്കെടാ...' എന്ന നിലവിളി കേട്ടു.
ഇനിയെന്ത് എന്ന വലിയ ചോദ്യത്തിനുമുമ്പിൽ ഞങ്ങൾ അന്തംവിട്ട് നിന്നു. ഭാസ്‌കരേട്ടന് 110 രൂപ കൊടുക്കണം, അല്ലെങ്കിൽ പൊതി മടക്കി കൊടുക്കണം. രണ്ടും ഞങ്ങളുടെ കയ്യിലില്ല. പൊലീസ് പിടിക്കും പോലെയല്ല ഭാസ്‌കരേട്ടൻ പിടിക്കുന്നത്, പണവും പൊതിയും ഇല്ലെങ്കിൽ അയാൾ ഞങ്ങളെ തല്ലിച്ചതയ്ക്കും. നഗരം കിതപ്പാറ്റി ഉറങ്ങുമ്പോൾ ആ ടെറസിലിട്ട് പട്ടിയെ തല്ലുമ്പോലെ അയാൾ ഞങ്ങളെ തല്ലും. പരുക്കൻ നിലത്തിലൂടെയും കോണിപ്പടികളിലൂടെയും ഞങ്ങളെ യാതൊരു ദയയുമില്ലാതെ വലിച്ചിഴക്കും.
ഞങ്ങൾ നടന്നു. എതിരെ നടന്നുവരുന്നവരെല്ലാം അനേകം
ഭാസ്‌കരേട്ടൻമാരായി മാറി. തണൽമരങ്ങളില്ലാത്ത ആ നടപ്പാതയിലെ വെയിൽത്തിരകളിൽ ചെരുപ്പ് നഷ്ടമായ ഞങ്ങളുടെ കാലുകൾ പൊള്ളി. എന്റെ രണ്ടു ചെരിപ്പും ഓട്ടത്തിൽ നഷ്ടമായി. മണിയുടെ കാലിൽ അടിഭാഗം തേഞ്ഞ ഒറ്റച്ചെരുപ്പ് ഞങ്ങളുടെ ജീവിതം പോലെ പരിഹാസ്യമായി പറ്റി നിന്നു. വലത്തെ കാലിലെ പെരുവിരലിൽ അടർന്ന നഖത്തിൽ നിന്ന് അപ്പോഴും ചോര കിനിഞ്ഞു. അവൻ എന്നോട് ആ നഖം വലിച്ചെടുക്കാൻ പറഞ്ഞു. ആ ചോരച്ചുവപ്പിൽ ഞാൻ ലക്ഷ്മിയേച്ചിയെ കണ്ടു. അവരുടെ രഹസ്യഇടത്തിലേക്ക് ആരോ കുത്തിക്കയറ്റിയ സോഡാ കുപ്പി കണ്ടു. നഖത്തിൽ തൊട്ടതും ഞാൻ ലക്ഷ്മിയേച്ചിയുടെ, ‘അരവിയെ വിളിക്കെടാ...' എന്ന നിലവിളി കേട്ടു.
വിരലും കയ്യും വിറച്ച് കൂട്ടുകാരന്റെ അടർന്ന നഖം പറിച്ചെടുക്കാനാവാതെ ഞാൻ അവനെ നോക്കി. അവൻ അതേ നിലാചിരിയോടെ കണ്ണുകളടച്ച്, കുനിഞ്ഞിരുന്ന് ആ നഖം പറിച്ചെടുത്തു. കുറച്ചുകൂടി ചോര പുറത്തേക്ക് വന്നു. നഖമടർന്ന പച്ച മാംസത്തിൽ ആ ചോര പടർന്നു. ഒറ്റ ചെരിപ്പ് ഊരി വലിച്ചെറിഞ്ഞ്, മണി എഴുന്നേറ്റ് നടന്നു. ഞാൻ അവന്റെ പിന്നാലെ, അലിഞ്ഞില്ലാതാവുന്ന ലക്ഷ്മിയേച്ചിയുടെ കരച്ചിൽ കേട്ടുകൊണ്ട് നടന്നു.
ഇനിയെന്ത് ചെയ്യുമെന്ന എന്റെ ചോദ്യത്തിന് അവൻ ഭയമേതുമില്ലാതെ മറുപടി പറഞ്ഞു, ‘ഇനിയെന്താ, ഞമ്മള് എന്റെടുത്തുള്ള പൈസീന്ന് ഓരോ സർവത്ത് കുടിക്കും.’
സർബത്ത് എന്ന് കേട്ടതും വരണ്ടുകിടന്ന എന്റെ അന്നനാളം പോലും വെള്ളത്തിനായി അലമുറയിട്ടു. സർവത്ത് കടയിൽ കയറി ഞങ്ങൾ സർബത്ത് കുടിച്ചു. നന്നാരി സർബത്തിന്റെ തണുപ്പ്, തൊണ്ടയും നെഞ്ചും കടന്ന് വയറ്റിലെത്തുന്നത് ഞാൻ സുഖദമായ അനുഭൂതിയോടെ അനുഭവിച്ചറിഞ്ഞു. സർബത്തിന്റെ കാശു കൊടുത്ത് അവിടെനിന്ന് നടക്കുമ്പോൾ മണി പറഞ്ഞു, ‘ഞമ്മക്ക് നാട് വിടാ.'
‘എങ്ങട്ട്...?'
‘എങ്ങട്ടെങ്കിലും...'
എങ്ങോട്ടെന്നില്ലാത്ത നാടുവിടലിന്റെ ആവേശം എന്നെയും തൊട്ടെങ്കിലും ഞാൻ അതിന് മറുപടി പറഞ്ഞില്ല. വീട്ടിൽ നിന്ന് ഏട്ടൻ ഇതുവരെ എന്നെ തിരഞ്ഞു വന്നിട്ടില്ല. അഷറഫ് വീട്ടിൽ ചെന്ന് വിവരം പറഞ്ഞിട്ടുണ്ടാവും. ഏട്ടൻ തിരഞ്ഞു വരിക തന്നെ ചെയ്യും. അങ്ങനെ വരുമ്പോൾ ഞാൻ ബുഹാരി ഹോട്ടലിൽ ഇല്ലെങ്കിൽ, ഭാസ്‌കരേട്ടൻ കാര്യങ്ങൾ പറയും. കുറച്ച് കൂട്ടിയും പറയും. ഞാൻ പിന്നെയും കള്ളനാവും.
‘അത് മാണ്ട മണീ', ഞാൻ പറഞ്ഞു.
‘വേണ്ടെങ്കി വേണ്ട.'
മണി അതും നിസ്സാരമാക്കി എടുത്തു. അന്നേരം ഞങ്ങൾ നടന്നിരുന്നത് ഊടു വഴിയിലൂടെയായിരുന്നു. നഗരത്തിനുള്ളിൽ അത്തരമൊരു ഇടുങ്ങിയ വഴിയുണ്ടെന്ന് മണിക്കുപോലും അതുവരെ അറിയില്ലായിരുന്നു. ചെറിയ ചെറിയ വളവുകൾ ഒരുപാടുള്ള ആ പാതയുടെ ഇരുവശത്തും പൊന്തക്കാടുകളും, ഓടിട്ട ചെറിയ വീടുകളും പണി നടക്കുന്ന കെട്ടിടങ്ങളും ഉണ്ടായിരുന്നു.
പാതയിൽ ആരും ഉണ്ടായിരുന്നില്ല. കാലിലെ വേദനയറിയാതെ മൂളിപ്പാട്ടും പാടി മണി മുന്നിൽ നടന്നു. എങ്ങോട്ടാണ് പോവുന്നത് എന്നറിയാതെ ഭാസ്‌കരേട്ടനെ എങ്ങനെ നേരിടുമെന്നറിയാതെ ഞാനും നടന്നു. നടക്കുന്നതിനിടയിൽ മണി ,കൈ പിറകിലേക്ക് നീട്ടി എന്നെ തടഞ്ഞു.
അവിടെ, ആ ചെളിപ്പാതയിൽ വൃത്തിയുള്ള വേഷം ധരിച്ച് ഒരു മനുഷ്യൻ കിടന്നു. അയാളുടെ വെള്ള ഷർട്ടിലും, നീല ജീൻസിലും ചെളി പുരണ്ടിരുന്നു .
ആരെയോ കെട്ടിപ്പിടിച്ച് കിടക്കും പോലെയാണ് അയാൾ കിടന്നത്. കാലിൽ തിളങ്ങുന്ന ഷൂസുണ്ട്. തൊട്ടടുത്ത് അയാളുടെ തുണി സഞ്ചി കിടന്നു. അതിൽ നിന്ന് തെറിച്ചുപോയ മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളും... അയാളെ മദ്യം മണക്കുന്നുണ്ടായിരുന്നു.
മണി കുനിഞ്ഞിരുന്ന് അയാളെ കുലുക്കി വിളിച്ചു. അയാൾ അബോധത്തിൽ എന്തോ പറഞ്ഞു. പറഞ്ഞത് ഇംഗ്ലീഷായിരുന്നു. പക്ഷേ ഇംഗ്ലീഷുകാരനല്ലെന്ന് ആ ഇരുണ്ട ചർമം ഞങ്ങളോട് പറഞ്ഞു. കട്ടി മീശക്കുതാഴെ മണ്ണിലേക്ക് അയാളുടെ വായിൽ നിന്ന് തെറിച്ച നിലക്കടലുകൾ പരന്നുകിടന്നു. ഞാനാ ഇംഗ്ലീഷ് പുസ്തകങ്ങൾ എടുത്തുനോക്കി. അക്ഷരങ്ങൾ കൂട്ടിവായിച്ചതിൽനിന്ന്, അതിൽ രണ്ടെണ്ണം ഏതോ സായിപ്പ് എഴുതിയ നോവലാണെന്ന് മനസ്സിലായി. മറ്റൊന്ന് ടെസ്റ്റ് ബുക്കായിരുന്നു. അതിൽ ചുവന്ന അടി വരകളും ത്രികോണങ്ങളും ഉണ്ടായിരുന്നു. കോളേജിൽ പഠിക്കേണ്ട പ്രായം കഴിഞ്ഞ ആ മനുഷ്യൻ ഏതെങ്കിലും കോളേജിലെ അധ്യാപകൻ ആയിരുന്നിരിക്കണം.
മണി ചുറ്റും നോക്കി. എന്നിട്ട് അയാളെ മലർത്തി കിടത്തുന്നതിന് സഹായിക്കാൻ എന്നോട് ആംഗ്യം കാണിച്ചു. ഞങ്ങൾ അയാളെ മലർത്തി കിടത്തി. അപ്പോൾ, ആ മണ്ണിൽ വീണു കിടന്ന പഴ്‌സ് ഞാൻ കണ്ടു. ചെകുത്താന്മാർ കാവൽ നിന്ന ആ അന്തരീക്ഷത്തിൽ ഞങ്ങൾ രണ്ടാൾക്കും ഒറ്റ മനസ്സായിരുന്നു, ഒറ്റ ചിന്തയായിരുന്നു. മണിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ കൈയ്യാണ് ആ പഴ്‌സ് ആദ്യമെടുത്തത്. അതിൽ നൂറിന്റെ രണ്ട് നോട്ടുകളും, പത്തിന്റെ ആറ് നോട്ടുകളും ഉണ്ടായിരുന്നു.
എന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ, മണി കുറച്ചു ദൂരം മുമ്പോട്ട് ഓടി. പിന്നെ തിരികെ വന്ന് പിറകിലോട്ട് ഓടി പാതയിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി. വെയിൽ വീഴാത്ത ആ ഇടുങ്ങിയ പാതയിൽ, പൊന്തക്കാടുകളിൽ നിന്ന് കരയുന്ന അപരാഹ്നത്തിന്റെ പക്ഷികളുടെ കരച്ചിലിൽ, തെറ്റിനും ശരിക്കും ഇടയിലെ നൂൽപ്പാലത്തിൽ ആ പഴ്‌സും പിടിച്ച് ഞാനിരുന്നു.
മണി അത് എന്റെ കയ്യിൽ നിന്ന് വാങ്ങി. എന്നിട്ട് അതിലെ നോട്ടുകൾ മുഴുവൻ എടുത്ത് അരയിൽ തിരുകി. ഞാനവന്റെ മുഖത്തേക്ക് നോക്കി. അവിടെ സന്തോഷത്തിന് മറയിട്ടുകൊണ്ട്, താൻ ചെയ്യുന്നത് തെറ്റാണെന്ന ബോധം തെളിഞ്ഞുനിന്നു. വേണോ? വേണ്ടേ? എന്ന ചിന്തയിൽ കുരുങ്ങി ഞാനിരുന്ന നിമിഷങ്ങൾ. തലേന്നുപെയ്ത മഴയിൽ നനഞ്ഞ ആ മണ്ണിന്റെ മണം, ഭാസ്‌കരേട്ടന്റെ മുഖം, എന്നെ തേടിയെത്തുന്ന ഏട്ടന്റെ മുഖം.
വിജനമായ ഒരു കുന്നിൻ പുറത്ത്, ചാറ്റൽ മഴ പെയ്യുന്ന അന്തരീക്ഷത്തിൽ, മയിലുകൾ ഒച്ചയുണ്ടാക്കുന്ന കാട്ടുപൊന്തുകൾക്കരികിൽ, ഓലവീടിന്റെ വരാന്തയിലിരുന്ന് ഞാൻ, ദസ്തയോവിസ്‌കിയുടെ കുറ്റവും ശിക്ഷയും വായിക്കുകയായിരുന്നു.
വേണോ എന്ന അർത്ഥത്തിൽ മണി എന്നെ നോക്കി. തീരുമാനിക്കേണ്ടത് ഞാനായിരുന്നു. ഞാൻ വേണ്ട എന്ന് പറഞ്ഞാൽ അവനാ നോട്ടുകൾ അയാളുടെ പഴ്‌സിലേക്ക് തന്നെ മടക്കി വെക്കുമായിരുന്നു. വേണ്ട എന്നുപറയാനുള്ള ധൈര്യമില്ലാതെ പോയ ആ പകലിനെ, എന്റെ ആദ്യ മോഷണത്തിന്റെ ഭയത്തെ, പിന്നീട് അതിന്റെ ഇരട്ടിയായി ഞാൻ അനുഭവിച്ചത് കാലങ്ങൾക്കുശേഷമാണ്.
വിജനമായ ഒരു കുന്നിൻ പുറത്ത്, ചാറ്റൽ മഴ പെയ്യുന്ന അന്തരീക്ഷത്തിൽ, മയിലുകൾ ഒച്ചയുണ്ടാക്കുന്ന കാട്ടുപൊന്തുകൾക്കരികിൽ, ഓലവീടിന്റെ വരാന്തയിലിരുന്ന് ഞാൻ, ദസ്തയോവിസ്‌കിയുടെ കുറ്റവും ശിക്ഷയും വായിക്കുകയായിരുന്നു. റസ്‌കോൾ നിക്കോഫ് ആ താളുകളിൽ നിന്നിറങ്ങി, കാലങ്ങൾ പിറകിലോട്ട് നടന്ന് ഒരു അപരാഹ്നത്തിന്റെ കുറ്റബോധത്തിൽ, അതിന്റെ മണങ്ങളിൽ വിറകൊണ്ട് നിന്നു.
അയാളുടെ മോഷണത്തിന്റെ ആ നിമിഷങ്ങളിൽ,
അവിടന്ന് കൊലപാതകത്തിലേക്ക് അയാൾ നടന്ന ദുരന്തജീവിതത്തിന്റെ നിമിഷങ്ങളിൽ, ചാറ്റൽ മഴ പാറിയെത്തി തൊട്ട വാക്കുകളിൽ, ഞാൻ മണിയെ കണ്ടു. എന്നെ കണ്ടു. എന്റെ നിസ്സഹായതകളെ കണ്ടു. ഞാൻ മണിയുടെ അരയിൽ നിന്ന് ആ പണമത്രയും തിരിച്ചുവാങ്ങി, ഹൃദയം വിറച്ചുകൊണ്ട് അതിൽ നിന്ന് 110 രൂപയെടുത്തു. ബാക്കി പണം പഴ്‌സിലേക്ക് തന്നെ വയ്ക്കുമ്പോൾ, തങ്കരാജും സെന്തിലും ആബിദയും, പിന്നെയും ജീവിതം എനിക്ക് കാട്ടിത്തന്ന അനേകം മുഖങ്ങൾ എനിക്ക് ചുറ്റും നിന്ന് ആർത്തുവിളിച്ചു.
കള്ളൻ, കള്ളൻ...
ഞാൻ ആ വിളികളൊക്കെ കേട്ട് ബാക്കി പണം വെച്ച പഴ്‌സ് അയാളുടെ കീശയിലേക്ക് തിരുകി. എന്റെ പുരികക്കൊടികൾ വിറച്ചു. നഖങ്ങൾ വിറച്ചു. വിറച്ചുവിറച്ച് എന്റെ നഖങ്ങളും പല്ലുകളും, അവിടെ, മഴ നനഞ്ഞ മണ്ണിലേക്ക് അടർന്നു വീഴുമെന്ന് ഭയന്നു. ഭയക്കുക മാത്രമല്ല, ആ ചളിമണ്ണിൽ വീണുകിടക്കുന്ന എന്റെ നഖങ്ങളും പല്ലും പുരികവും ഞാൻ വ്യക്തമായും കണ്ടു. അന്നും അതിന്റെ പിറ്റേന്നും, പിന്നെയും മൂന്നു ദിവസം എനിക്ക് പനിച്ചു. ▮