സുരേഷ്​ ചാലിയത്ത്​; ​അതൊരു ആത്മഹത്യയല്ല, കൊല തന്നെയാണ്​

സദാചാര ഗുണ്ടായിസത്തിനിരയാകുകയും ഇതേതുടർന്ന്​ ജീവനൊടുക്കുകയും ചെയ്​ത ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചാലിയത്തിനെ സുഹൃത്തും എഴുത്തുകാരനും ചിത്രകാരനുമായ മുഖ്​താർ ഉദരംപൊയിൽ ഓർക്കുന്നു.

സുരേഷ് ചാലിയത്ത് പോയി.
കുറേ നേരം എനിക്ക് ഒന്നിനുമായില്ല. കൈകാൽ വിറയ്ക്കുന്നു.
ഉള്ളിലെ പിടപ്പ് ഇപ്പോഴും മാറിയിട്ടില്ല. എന്തിനാണ് അദ്ദേഹം ഈ കടുംകൈ ചെയ്തത് എന്നാലോചിച്ച് ഇരിക്കപ്പൊറുതി കിട്ടിയില്ല.

സുരേഷേട്ടനെ അറിയുന്നവരാരും അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കില്ല. അത്രക്ക് ഉത്സാഹിയും പോസിറ്റീവുമായിരുന്നു എപ്പോഴും. ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കുമ്പോഴൊന്നും പായാരം പറയാറില്ല. ഊർജസ്വലനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നവനുമായിരുന്നു. സുഹൃത്തുക്കളെ വിളിച്ചപ്പോൾ പലരും അപ്പോഴാണ് വിവരമറിയുന്നത്. എല്ലാവരും വലിയ ഷോക്കിലായിരുന്നു. ഏതാനും നിമിഷം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുള്ളവരൊന്നും അദ്ദേഹത്തെ മറക്കാൻ സാധ്യതയില്ല. മറ്റുള്ളവരിലേക്ക് പകരുന്ന ഊർജം അത്രക്ക് തെളിച്ചമുള്ളതായിരുന്നു. താഴ്ന്ന ശബ്ദത്തിൽ വിനയമുള്ള പുഞ്ചിരി അത്ര വേഗം മാഞ്ഞുപോകുന്നതല്ല.

തന്റെ ഇൻസ്റ്റലേഷനോടൊപ്പം സുരേഷ് ചാലിയത്ത്
തന്റെ ഇൻസ്റ്റലേഷനോടൊപ്പം സുരേഷ് ചാലിയത്ത്

പിന്നെയാണ് ചിത്രം തെളിഞ്ഞത്, അത്രക്ക് മാനസികമായി തകർന്നുപോയിരിക്കാം. നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിക്കാൻ മരണമല്ലാതെ മറ്റൊരു വഴിയും ഇല്ലെന്ന് തോന്നിയിരിക്കാം.

കവി വി. പി. ഷൗക്കത്തലി പോസ്റ്റ് ചെയ്ത ചിത്രത്തിൽ കുറേ നേരം നോക്കിയിരുന്നു. ഉമ്മറത്ത് ഈസലിൽ വരക്കാനൊരുക്കി വെച്ച ക്യാൻവാസ് വെളുത്ത് വിളറി നിൽക്കുന്നു. ഒരു ക്യാൻവാസിലും വരച്ചെടുക്കാനാവാത്ത മാനസികാവസ്ഥയിലൂടെയാവണം അദ്ദേഹം അവസാനം കടന്നു പോയത്.

വീട്ടിലേക്ക് ഇടിച്ചുകയറിവന്ന ആൾക്കൂട്ടം പ്രായമായ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയും പുലഭ്യം പറയുകയും ചെയ്തുവെന്നാണ് പറയുന്നത്. അവർ പത്തിലധികം പേരുണ്ടായിരുന്നത്രെ. വഴിയിലിട്ടും വീട്ടിൽ വെച്ചും അവർ അദ്ദേഹത്തെ മർദിച്ചുവെന്നും ഒടുവിൽ നാട്ടുകാർ ഇടപെട്ടപ്പോൾ പി. ടി. എ പ്രസിഡന്റിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അവിടെ വെച്ചും മർദിച്ചതായി സഹോദരൻ പറയുന്നു. അദ്ദേഹത്തിന്റെ ഫോൺ അവർ പിടിച്ചുവെച്ചതായും പി. ടി .എ മീറ്റിങ് കൂടി മാത്രമേ ഫോൺ തിരിച്ചുതരികയുള്ളു എന്ന് പറഞ്ഞതായും അറിയുന്നു.

സുരേഷ് ചാലിയത്തിനൊപ്പം ലേഖകൻ
സുരേഷ് ചാലിയത്തിനൊപ്പം ലേഖകൻ

ഒരു സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്നു പറഞ്ഞാണ് ഇത്ര വലിയ അക്രമം നടത്തിയത്. വീട്ടിലും നാട്ടിലും തന്റെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇടയിൽ ഉണ്ടായ ക്ഷതം അദ്ദേഹത്തിന്റെ മാനസിക നില തെറ്റിച്ചിരിക്കാം. അത്രക്കും അഭിമാനിയായിരുന്നല്ലോ അദ്ദേഹം, അത്രക്കും സാധുവായിരുന്നല്ലോ....

എത്ര ലളിതമായി തീർക്കാവുന്ന പ്രശ്‌നമാണ് വിവേകരഹിതമായ ആക്രമണത്തിലൂടെ വഷളാക്കിയത്. അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ച അക്രമിസംഘത്തിനെതിരെ നിയമ നടപടിയുണ്ടാവണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ആവശ്യം ന്യായമാണ്. ഇത്തരം സംഭവങ്ങൾ എവിടെയും ആവർത്തിച്ചുകൂട.

എന്റെ ഗുരു, എന്റെ സുഹൃത്ത്

2015 ജനുവരിയിൽ പാണ്ടിക്കാട് നടന്ന വരക്കൂട്ടം ചിത്രകലാ ക്യാമ്പിൽ വെച്ചാണ് ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചാലിയത്തിനെ പരിചയപ്പെടുന്നത്. വൈകാതെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. എനിക്ക് വരക്കാനും വരയിൽ പരീക്ഷണങ്ങൾ നടത്താനും പ്രചോദനമായ കലാകാരനായിരുന്നു ചാലിയത്ത്. അദ്ദേഹത്തിന്റെ വര പരീക്ഷണങ്ങൾ കണ്ടിട്ടാണ് ഞാൻ എന്റെ ചിത്രകലാ ബോധ്യങ്ങളെ തിരുത്തുന്നത്. അദ്ദേഹം എനിക്ക് ഗുരുവായിരുന്നു.

കോഴിക്കോട് യൂണിവേഴ്‌സൽ ആർട്‌സിൽ നിന്ന് ചിത്രകലയിൽ പരിശീലനം നേടിയെങ്കിലും ഞാൻ വരയിൽ സജീവമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വരക്കൂട്ടം കൂട്ടായ്മയുമായി ബന്ധപ്പെടുന്നത്. ഷമീം സീഗളും അനീസ് വടക്കനും എന്നെ വരക്കൂട്ടത്തിലേക്ക് ക്ഷണിക്കുമ്പോൾ അതെന്റെ കലാ ജീവിതത്തെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഒരു കലാകാരനാക്കി മാറ്റിയത് വരക്കൂട്ടമാണ്. അതിൽ സുരേഷ് ചാലിയത്തിനുള്ള പങ്ക് ചെറുതല്ല.

സുരേഷേട്ടൻ, ക്യാമ്പുകളിൽ സോഫ്റ്റ് പേസ്റ്റലും വാട്ടർ കളറും അക്രലികും കണ്ണിൽ കണ്ടതെല്ലാം ചേർത്ത് വെള്ളം തളിച്ച് ചിത്രങ്ങൾ രൂപപ്പെടുത്തുന്നത് ഞാൻ നോക്കി നിൽക്കും. ഓരോ ക്യാമ്പിലും അദ്ദേഹം എന്ത് വരക്കുന്നു എന്നതല്ല, എങ്ങനെ വരക്കുന്നു എന്നതാണ് ഞാൻ ഒളിഞ്ഞുനോക്കുക. ചിത്രകല പഠിക്കാത്തതുകൊണ്ടു തന്നെ അദ്ദേഹത്തിന് നിയമങ്ങളോ നിയന്ത്രണങ്ങളോ ബാധകമായിരുന്നില്ല. അതു കണ്ടാണ് ഞാനും നിറങ്ങളെ പൊട്ടിച്ചെറിയാൻ ധൈര്യം കാണിച്ചുതുടങ്ങിയത്.

വരക്കൂട്ടത്തിലെ ഓരോ ചിത്രകാരനും എന്നെ പലവിധത്തിൽ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ ഇത്രയേറെ ആശയങ്ങളുടെ കൊള്ളക്കൊടുക്കലുകൾ മറ്റാരുമായും ഉണ്ടായിട്ടില്ല. സ്വയം ആർജിച്ച ഒരുപിടി സൂത്രവിദ്യകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ചിത്രങ്ങൾ വരക്കുകയല്ല, നിർമിച്ചെടുക്കുകയായിരുന്നു സുരേഷ് ചാലിയത്ത് ചെയ്തിരുന്നത്. ആ പ്രവർത്തനം തന്നെ വലിയൊരു കലാപ്രകടനമായിരുന്നു.

നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം പലപ്പോഴും എന്റെ കഥകളുടെ ആദ്യ വായനക്കാരനാവും. കൃത്യമായി വിലയിരുത്തലുകളും നിർദേശങ്ങളും തരും.

തന്റെ ഇൻസ്റ്റലേഷനോടൊപ്പം സുരേഷ് ചാലിയത്ത്
തന്റെ ഇൻസ്റ്റലേഷനോടൊപ്പം സുരേഷ് ചാലിയത്ത്

2016ൽ ഞങ്ങൾക്ക് ചിത്രപ്രദർശനത്തിന് ലളിതകലാ അക്കാദമിയുടെ ഗ്രാന്റ് ലഭിച്ചിരുന്നു. ഞാനും സുരേഷ് ചാലിയത്തും യൂനുസ് മുസ്ലിയാരകത്തും ഐഷ ടീച്ചറുമാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. 2016 ജനുവരി 1 മുതൽ 7 വരെ കോഴിക്കോട് ആർട്ട് ഗാലറിയിലായിരുന്നു പ്രദർശനം. അന്നാണ് ഞങ്ങൾ ഏറെ അടുത്തതും വലിയ സൗഹൃദത്തിലാവുന്നതും. പിന്നീട് പല ക്യാമ്പുകളിലും പരിപാടികളിലും ഞങ്ങൾ ഒന്നിച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പിന്റെ ചുമതല കിട്ടിയപ്പോൾ വരാന്തപ്പതിപ്പിനായി പല തവണ ചിത്രം വരച്ചു തന്നു. വാരാന്തപ്പതിപ്പിൽ വന്ന സുരേഷ് വരച്ച ബഷീർച്ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മനുഷ്യരുടെ ആത്മസംഘർഷങ്ങളെയാണ് അദ്ദേഹം വരക്കാൻ ശ്രമിച്ചിരുന്നത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആവാസവ്യവസ്ഥയെ പലരൂപത്തിൽ ആവിഷ്‌കരിക്കുന്നതാണ് ചാലിയത്തിന്റെ ചിത്രങ്ങൾ. മങ്ങിയ നിറങ്ങളിൽ തെളിച്ചമില്ലാതെ കിടക്കുന്ന രൂപങ്ങൾ എഴുന്നേറ്റ് വരുന്നതായി തോന്നും, ചിത്രങ്ങളിൽ നോക്കിയിരിക്കുമ്പോൾ. അമ്മയെക്കുറിച്ച് വരച്ച കറുപ്പുചിത്രം തീവ്രമായ അനുഭവമാണ്. അടുക്കളയിലിരുന്ന് റേഡിയോ കുറഞ്ഞ ശബ്ദത്തിൽ പാടുന്നുണ്ടെന്ന് തോന്നും. അടുപ്പിൽ നിന്നും പുകമണം നിറയും. അമ്മയുടെ സാന്നിധ്യമറിയും.

ഉടലാഴം സിനിമയുടെ സെറ്റിൽ ഇന്ദ്രൻസിനൊപ്പം സുരേഷ് ചാലിയത്ത്. സിനിമയുടെ കലാസംവിധായകനായിരുന്നു സുരേഷ്.
ഉടലാഴം സിനിമയുടെ സെറ്റിൽ ഇന്ദ്രൻസിനൊപ്പം സുരേഷ് ചാലിയത്ത്. സിനിമയുടെ കലാസംവിധായകനായിരുന്നു സുരേഷ്.

കയ്യിൽ കിട്ടുന്നതെന്തും അദ്ദേഹത്തിന് ആയുധമായിരുന്നു. അദ്ദേഹം ആവിഷ്‌കരിച്ച ഇൻസ്റ്റലേഷനുകൾ വൈവിധ്യമുള്ളതായിരുന്നു. പ്ലാസ്റ്റിക് കുപ്പികളും കയറും ചാക്കുമെല്ലാം അദ്ദേഹത്തിന് കല ചെയ്യാനുള്ള മാധ്യമമായി. സിനിമാ സാംസ്‌കാരിക മേഖലകളിൽ സജീവസാന്നിധ്യവുമായിരുന്നു അദ്ദേഹം. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനാണ്. സ്‌കൂൾ പാഠപുസ്തകങ്ങളിൽ സുരേഷ് വരച്ചിട്ടുണ്ട്.

കറുപ്പിൽ പ്രത്യേക ശൈലിയിൽ വരച്ചുകൊണ്ടിരുന്ന ഡ്രോയിങുകളെക്കുറിച്ചാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്. അത്തരം നൂറു ചിത്രങ്ങൾ ചേർത്ത് വലിയൊരു ചിത്രമായി ഫ്രെയിം ചെയ്യണമെന്നും അക്കാദമിയുടെ അവാർഡിനായി അയക്കണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയങ്ങനെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിയുണ്ടായിരുന്നു.
എല്ലാം അവസാനിച്ചു...

സുരേഷ് ചാലിയത്തിന്റെ ചിത്രങ്ങൾ


Summary: സദാചാര ഗുണ്ടായിസത്തിനിരയാകുകയും ഇതേതുടർന്ന്​ ജീവനൊടുക്കുകയും ചെയ്​ത ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചാലിയത്തിനെ സുഹൃത്തും എഴുത്തുകാരനും ചിത്രകാരനുമായ മുഖ്​താർ ഉദരംപൊയിൽ ഓർക്കുന്നു.


Comments