മാമ്പൂവിനും മന്ദാരത്തിനും വിട!
സഹവസിക്കുന്നരെയെല്ലാം സ്നേഹത്താൽ സ്വന്തമാക്കി ഒരുവൾ യാത്രയാകുന്നു. മരണത്തിെൻ്റ സമതലത്തിലേക്ക് പലതവണ കാലെടുത്തുവച്ചിട്ടുണ്ട്. ശ്വാസത്തിന്റെ നൂലിഴ കീറി അങ്ങോളമിങ്ങോളമൂയലാടിയിട്ടുണ്ട്. വേദനകളുടെ കയത്തിൽ നിലയില്ലാതൊഴുകിയിട്ടുണ്ട്. ദിവസങ്ങളോളം ഇരുട്ടിലെന്നോണം മയങ്ങിക്കിടന്നിട്ടുണ്ട്. ഓരോ തവണയും പേരിട്ടുവിളിക്കാനാവാത്ത ഊർജ്ജശക്തിയോടെ തിരികെവന്ന് സ്നേഹം കൊണ്ട് പൊതിഞ്ഞു. രണ്ടോ മൂന്നോ നാൾ ഭൂമിവിട്ടുപോയി തിരിച്ചുവരുന്ന പോലെ, അത്രയും ആവേശത്തോടെ പ്രകാശത്തെയും പ്രപഞ്ചത്തെയും മുറുകെപ്പിടിച്ചു. മധുരമായി ചിരിച്ചു.
അത് എന്റെ അമ്മയായിരുന്നു.
അത് എന്റെ സ്നേഹമായിരുന്നു; വിട…
നക്ഷത്രങ്ങളേ… നിങ്ങൾക്കിടയിലേക്ക് ഒരു പൊൻനക്ഷത്രത്തെക്കൂടി ചേർത്തുവയ്ക്കണേ. ഞാൻ കരയാതെ കാത്തിരിക്കുന്നു. നക്ഷത്രങ്ങളേ… നിങ്ങൾക്കിനി അല്ലലില്ലാതെ അലയാം. നേരം തെറ്റിയും ഉണരാം. തോന്നുമ്പോലെ ഉറങ്ങാം. നിങ്ങളെ പൊതിഞ്ഞ് വാൽസല്യത്തിന്റെ പ്രഭയുമായി ഒരുവൾ ഉറങ്ങാതിരിക്കും. നക്ഷത്രങ്ങളേ.. ഞാൻ കാത്തിരിക്കുന്നു; ഞാനെത്തും വരേയ്ക്കും നിങ്ങളവളുടെ മുന്നിൽ എന്റെ മുഖച്ഛായ ചേർത്ത് ചാരിനിൽക്കുമെന്ന്. ഞാനെത്തുംവരേയ്ക്കും ആ താമരനക്ഷത്രത്തെ കരുതിനിൽക്കുമെന്ന്.
ഞാൻ കരയാതിരിക്കുന്നു. സൂര്യനോ മറ്റേതെങ്കിലും നക്ഷത്രങ്ങളോ കല്പാന്തകാലത്തോളം നിലനിൽക്കില്ല. സൂര്യനോ ചന്ദ്രനോ അസ്തമിക്കുമ്പോൾ നമ്മൾ വേദനിക്കേണ്ടതില്ല. അതനുഭവിക്കാനുള്ളതാണ്. ഉദയവും അസ്തമയവും അറിയാനുള്ളതാണ്. അത്രമാത്രം. ഇനി കരയേണ്ടതില്ല. ഈ ദേഹത്തെ നമ്മളടക്കം ചെയ്യുന്നു. സ്നേഹത്തെ അടക്കംചെയ്യാനാവില്ല.
അരികിലുള്ളപ്പോഴും അകലെയാണെങ്കിലും നിരന്തരം പ്രതിരോധിക്കേണ്ട, കണ്ണു തെറ്റിയാൽ മുക്കിക്കൊല്ലുന്ന സ്നേഹമാണ് അമ്മ. സദാ സ്നേഹം പ്രസരിക്കുന്ന ഒന്ന്. ഒരു കസ്തൂരിപ്പരുവം. ഉണർന്നിരിക്കുമ്പോഴെല്ലാം അതെന്നെ വന്ന് പൊതിഞ്ഞു. അകലെയായിരിക്കുമ്പോൾ തുടരെത്തുടരെയുള്ള ഫോൺവിളികളാൽ എന്നെ ഓർമ്മപ്പെടുത്തി. എത്ര അറിഞ്ഞാലും ഞാൻ അറിഞ്ഞതേയില്ലെന്ന ഭാവം നടിച്ചു.
അജ്ഞയാണ് ഞാൻ. സ്നേഹത്തെ തടുത്ത് തളർന്ന അജ്ഞാനി. അമ്മയുടെ സ്നേഹം ദൈവത്തിന്റെ കണ്ണുകളാണ്. അതിലൂടെ ദൈവം നിരീക്ഷിച്ചുകൊണ്ടേയിരിക്കും... ഞാനറിഞ്ഞില്ല. ആ സ്നേഹാധിക്യത്തെ എത്രമേൽ പ്രതിരോധിച്ചിരിക്കുന്നു, ദൈവമേ.. ഞാനറിഞ്ഞതേയില്ല.

അച്ഛനും അമ്മയും എന്ന പരമയാഥാർഥ്യത്തിൽനിന്ന് അമ്മ യാത്രയായി. ഏതു സങ്കടസത്യത്തിനും മുന്നിൽ നിർമ്മമമായി നിൽക്കാൻ അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്. ഏതു ദുരിതത്തിലും സന്തോഷത്തിന്റെയോ നൻമയുടെയോ ചെറുതിരിവെട്ടം തിരഞ്ഞുകണ്ടെത്തി ആശ്വസിക്കാൻ അമ്മയും. അപരിചിതരായ ഒരുപാടുപേരെ അമ്മ വിട്ടുപോയ ആ നാളുകളിൽ കാണാനായി. അമ്മ ചേർത്തുപിടിച്ച ചിലർ.
അമ്മ ഞങ്ങൾക്കുമാത്രം അമ്മയായല്ല ജീവിച്ചത് എന്ന അറിവും വലുതായിരുന്നു. ഒരു കയ്യിൽ ഞങ്ങൾക്ക് നിറച്ചുനൽകുമ്പോൾ മറ്റേ കയ്യിൽ അമ്മയ്ക്കുചുറ്റുമുള്ള ഒരുപാടുപേർക്ക് നൽകാനുള്ളത് കരുതിവച്ചിരുന്നു. ആരെയൊക്കെയോ അമ്മ അന്നമൂട്ടി. കനിയായും കറിയായും അത് പല കൈമറിഞ്ഞ് എത്തേണ്ടിടത്തെത്തി. വിശക്കുന്നവരുടെ മുഖം അമ്മ എളുപ്പം തിരിച്ചറിഞ്ഞു. സ്നേഹംകൊണ്ട് തൊട്ടറിഞ്ഞു. ഒരുപാട് സങ്കടങ്ങൾക്കിടയിലും അമ്മ ചിരിച്ചു. ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തി.
മുറ്റത്ത് വളർന്നുപടർന്ന കടുംചുവപ്പ് ചെമ്പരത്തിച്ചെടി മതിലുകെട്ടാൻ ലോഡിറക്കി ചതഞ്ഞുപോയപ്പോൾ കരഞ്ഞു. ലോറിക്കാരനോട് പരിഭവിച്ചു മതിയാകാതെ കണ്ണുതുടച്ചു. കിളിപ്പച്ച നിറം തിരിച്ചറിയുന്നത് മൂന്നാംക്ലാസ് കാലത്താണ്. അമ്മയുടെ ഇഷ്ടനിറം. അങ്ങനെ ഒരു നിറമുണ്ടെന്ന് ഞാനറിയുന്നതുതന്നെ ആ ഇഷ്ടത്തിൽനിന്നാകാം. പച്ച, ചുവപ്പ്, കറുപ്പ്, നീല ഇങ്ങനെ വളരെ കുറച്ചു നിറഭേദങ്ങൾ മാത്രമേ ചിന്തയിലുള്ളൂ. ഇളംപച്ചനിറത്തിൽ നിറയെ പൂക്കളുള്ള ഒരു നനുത്ത സാരി ഓർമ്മയിലുണ്ട്.
‘‘കോഴിക്കോടുനിന്ന് നിലമ്പൂരെത്താൻ എത്ര ദൂരമുണ്ട്? അമ്മയുടെ മൂന്നോ നാലോ ഫോൺവിളികളുടെ ദൂരം. ഞങ്ങളെത്തുംവരേയ്ക്കും കാലുകൾക്ക് ചിറകുവച്ച് വീടിനകത്തും പുറത്തും ഒരുപോലെ അമ്മ നിറയും. സ്നേഹിച്ച് മതിയായില്ല അമ്മയ്ക്ക്. എന്നെയാണ് കൂടുതൽ സ്നേഹമെന്ന് ഞാൻ കരുതും’’.
പുഴയോരത്ത് റോഡിനഭിമുഖം നിൽക്കുന്ന ബ്രിട്ടീഷുകാലത്തോളം പഴക്കമുള്ള ഒരു കെട്ടിടത്തിലായിരുന്നു അന്ന് താമസം. മുൻവശത്ത് പോസ്റ്റോഫീസ്. പോസ്റ്റ്മാസ്റ്ററായ അച്ഛന്റെ ട്രാൻസ്ഫറിനൊത്ത് മൂന്നാം ക്ലാസാകുമ്പോഴേക്കും എത്തിയ മൂന്നാമത്തെ സ്കൂളിൽ കൂട്ടുകാരോട് അമ്മമാരുടെ ഇഷ്ടനിറം തിരഞ്ഞു. ആർക്കുമറിയില്ല, അമ്മമാരുടെ ഇഷ്ടനിറം. ചിലർ എല്ലാ നിറവുമെന്ന് മറുപടി തന്നു. ഇതിപ്പോ ഇത്ര ചോദിക്കാനുണ്ടോ എന്ന് ചിലരടക്കം പറഞ്ഞു. എനിക്കതൊരു സന്തോഷമുള്ള അറിവായിരുന്നു. ഇഷ്ടനിറമുള്ള ആളാണ് എന്റെ അമ്മ. നിറത്തിൽ ഇഷ്ടാനിഷ്ടങ്ങളുള്ള, ഞാൻ കാണുന്ന ആദ്യത്തെ സ്ത്രീ. അമ്മയുടെ ഇഷ്ടം നോക്കി വസ്ത്രം വാങ്ങിക്കൊടുത്ത അച്ഛനും അക്കാലത്തിന് ചേരാത്തതാണ്. അച്ഛൻ അമ്മയുടെ ഇഷ്ടങ്ങളെ അതിരുകളില്ലാതെ പിന്തുടരുന്നതാണ് പിന്നീടത്രയും കണ്ടത്. അവരൊരുമിച്ച് ഒരുപാട് യാത്രചെയ്തു. ഇന്ത്യയ്ക്കകത്തു പലയിടങ്ങളിൽ. ആ യാത്രകൾ ഒന്നുംതന്നെ യാത്രയ്ക്കു വേണ്ടിയല്ല, അവർക്കുവേണ്ടിയായിരുന്നെന്നും തോന്നുംവിധം ഓരോയിടവും അതിെൻ്റ സൂക്ഷ്മാംശങ്ങൾ വരെ അമ്മ എപ്പോഴും ഓർത്തുവച്ചു. കരുതലോടെ അച്ഛൻ ഒപ്പം നിന്നു.
നിറങ്ങളെപ്പോലെ, യാത്രകളെപ്പോലെ പിന്നെയും ഒരുപാടിഷ്ടങ്ങളിൽ അമ്മ സന്തോഷിച്ചു. മുറ്റത്ത് പൂക്കൾ നിറയുന്നതും മാവുകൾ പൂക്കുന്നതുമെല്ലാം വലിയ വലിയ വിശേഷങ്ങളായി. തണുപ്പുകാലത്ത് പ്ലാവുകളിൽ പൊടിഞ്ഞുവരുന്ന നാമ്പുകളിൽനിന്ന് കുഞ്ഞിച്ചക്കകൾ രൂപം മാറിവരുന്നത് കാത്തിരുന്നു. മാമ്പഴക്കാലമായാൽ മാവും പ്ലാവും പൂക്കുന്ന വർത്തമാനങ്ങൾ എന്റെ വൈകുന്നേരങ്ങളിൽ ഫോണിലൂടെയെത്തും.

താഷിയെത്തുമ്പോഴേക്കും മൂപ്പെത്തിയാൽ മതിയെന്ന് ഏതോ പ്ലാവിനെ ശാസിക്കും. താന്യ കഴിക്കണമെങ്കിൽ നന്നായി മധുരിക്കണമെന്ന് മുറ്റത്തെ ഒട്ടുമാവിനെ ശട്ടംകെട്ടും. ഓരോ പ്ലാവിനും ഓരോ ദൗത്യമുണ്ടെന്ന് അമ്മ അവരെയോർമ്മിപ്പിക്കും. ഓരോ മാവിനും ദൗത്യങ്ങൾ വേറെ. ഓരോരോ സമയത്ത് പൂക്കുകയും കായ്ക്കുകയും വിളയുകയും പഴുക്കുകയും ചെയ്യുന്ന മരങ്ങളെല്ലാം അമ്മയുടെ നിർദേശങ്ങൾ അണുതെറ്റാതെ പാലിച്ചുപോന്നു. ഓരോ മരത്തിലെ ഫലത്തിേൻ്റയും രുചിഭേദങ്ങളെ തിരിച്ചറിഞ്ഞു. എല്ലാറ്റിനേയും സൂക്ഷ്മാർഥത്തിൽ മാത്രമേ അമ്മ കണ്ടിട്ടുള്ളൂ. മരങ്ങളായാലും മനുഷ്യരായാലും. ഒന്നിനെപ്പറ്റിയുള്ള എല്ലാറ്റിനെയും അറിയാനും ഓർത്തുവയ്ക്കാനും ശ്രമിച്ചു.
നിരയൊത്ത പല്ലുകളുണ്ടായതുകൊണ്ടാവാം അമ്മയ്ക്ക് മനോഹരമായ ചിരിയായിരുന്നു. ഇപ്പോഴും മുന്നിൽവന്ന് നിറഞ്ഞുചിരിക്കുന്ന അമ്മയെ കാണാം. ചെറിയ സന്തോഷങ്ങളിലും മനസ്സു നിറഞ്ഞു സന്തോഷിച്ചു. ചെറിയ വേദനകളിൽ പക്ഷേ, അമ്മ കരഞ്ഞു. ഉള്ളുലയുന്ന കൊടുംവേദനകളിലാകട്ടെ ഒരുതുള്ളി കണ്ണീർപൊഴിക്കാതെ നീറിപ്പുകയുകമാത്രം ചെയ്തു.
വെളുത്ത മന്ദാരപ്പൂക്കളെ അമ്മ സ്നേഹിച്ചു. ‘സിതാര’യിൽ നിറയെ വെളുത്ത മന്ദാരപ്പൂക്കളുണ്ട്. മുറ്റത്തെ മന്ദാരച്ചോടും മാവിൻചോടും അമ്മക്കിഷ്ടമുള്ള ഇടങ്ങളാണ്. അച്ഛനൊപ്പം കോഴിക്കോടെത്തുമ്പോൾ ഡിക്കിയിൽ നിറച്ച സാധനങ്ങൾക്കിടയിൽ പലപ്പോഴും ഒരു ചെറിയ പ്ലാസ്റ്റിക് കവർ കരുതിവയ്ക്കും. കുറച്ചു മണ്ണിട്ട് ഒരു മന്ദാരച്ചെടിയും. അഞ്ചാറുതവണ തവണ നട്ടിട്ടും ‘സതോരി’യിലതു പിടിച്ചില്ല. ‘നീയത് നട്ടില്ല അല്ലേ’ എന്ന് എന്നോട് പലപ്പോഴും പരിഭവപ്പെട്ടു. ഒടുവിൽ ഇറക്കികിടത്താനായി ‘സിതാര’യിൽ മടങ്ങിയെത്തുമ്പോൾ, ഏറെനാൾ പൂട്ടിക്കിടന്നിട്ടും ചുറ്റും നിറയെ പൂത്ത്, കാത്തുനിൽപ്പുണ്ട് വെളുത്ത മന്ദാരപ്പൂക്കൾ.
‘‘ഒറ്റയ്ക്കിരിക്കാൻ അമ്മയ്ക്ക് കഴിഞ്ഞതേയില്ല. ഒറ്റയ്ക്കിതുവരെ എങ്ങും പോയില്ല. എപ്പോഴും അമ്മയ്ക്കുചുറ്റും ആളുണ്ടായിരുന്നു. അച്ഛനെപ്പോഴും അമ്മയെ കൂടെക്കൂട്ടി. അല്ലാതെയും അമ്മയ്ക്കു കൂട്ടായി പലരും. എല്ലാവരെയും അമ്മ ചേർത്തുവച്ചു. നിനക്കു മാത്രമെന്ന് പറഞ്ഞ് പലതും കൊടുത്തു. ഓരോരുത്തർക്കും ഓരോന്ന്’’.
കോഴിക്കോടുനിന്ന് നിലമ്പൂരെത്താൻ എത്ര ദൂരമുണ്ട്? അമ്മയുടെ മൂന്നോ നാലോ ഫോൺവിളികളുടെ ദൂരം. ഞങ്ങളെത്തുംവരേയ്ക്കും കാലുകൾക്ക് ചിറകുവച്ച് വീടിനകത്തും പുറത്തും ഒരുപോലെ അമ്മ നിറയും. സ്നേഹിച്ച് മതിയായില്ല അമ്മയ്ക്ക്. എന്നെയാണ് കൂടുതൽ സ്നേഹമെന്ന് ഞാൻ കരുതും. ആരോടൊക്കെയോ ഉള്ള അതിരുകവിഞ്ഞ, ഉള്ളിലൊതുക്കാൻ കഴിയാത്ത, അമിതസ്നേഹമാണ് പലപ്പോഴും എനിക്കായി ചൊരിയുന്നത്. അറിഞ്ഞിട്ടും ഞാനത് ഭാവിച്ചതേയില്ല. തുളുമ്പിനിൽക്കുന്ന നീർക്കണങ്ങളെ ഒതുക്കിപ്പിടിച്ച ഒരു മഴമേഘം. പെയ്യാൻ കഴിയാത്ത മേഘത്തിന്റെ വേദന ആർക്കറിയാം?
ഒറ്റയ്ക്കിരിക്കാൻ അമ്മയ്ക്ക് കഴിഞ്ഞതേയില്ല. ഒറ്റയ്ക്കിതുവരെ എങ്ങും പോയില്ല. എപ്പോഴും അമ്മയ്ക്കുചുറ്റും ആളുണ്ടായിരുന്നു. അച്ഛനെപ്പോഴും അമ്മയെ കൂടെക്കൂട്ടി. അല്ലാതെയും അമ്മയ്ക്കു കൂട്ടായി പലരും. എല്ലാവരെയും അമ്മ ചേർത്തുവച്ചു. നിനക്കു മാത്രമെന്ന് പറഞ്ഞ് പലതും കൊടുത്തു. ഓരോരുത്തർക്കും ഓരോന്ന്. സ്നേഹത്തിന്റെ വിചിത്രവഴികൾ. ആദ്യമായി കണ്ട ഒരാളോട് അമ്മ പണ്ടേ പരിചയമെന്നപോലെ സംസാരിക്കുന്നതു കണ്ടു. എന്താ കാര്യമെന്ന് ചോദിച്ചു നോക്കി. അമ്മയുടെ പ്രിയപ്പെട്ട ഒരാളെപ്പോലെ എന്ന തോന്നലിലാണ് ആ സംസാരം. ഞങ്ങളുടെ സ്നേഹിതർ അമ്മയ്ക്കും കൂട്ടുകാരായി. ഞാൻ പോലും മറന്നുതുടങ്ങിയ ചങ്ങാതിമാരെ അമ്മ ഓർത്തെടുത്തു. ബീച്ചിലും അളകാപുരിയിലുമെത്തുമ്പോൾ ഞങ്ങളുടെ ചങ്ങാതിമാരെ കൂടെക്കൂട്ടി.

പുസ്തകോൽസവത്തിലും ബിനാലെയിലുമെല്ലാം അച്ഛനൊപ്പം ആവേശത്തോടെ നടന്നു. ഫോട്ടോകൾക്ക് വിമുഖതയില്ലാതെ നിന്നു തന്നു. അച്ഛനെയും അമ്മയെയുംകൂട്ടി ഹോർത്തൂസിനു പോയ വിശേഷം വായിച്ച് പരിചയം പറഞ്ഞെത്തിയ കൂട്ടുകാർക്കുമുന്നിൽ നാണത്തോടെ ചിരിച്ചു. ഓണക്കാലത്ത് എത്ര വയ്യാതെയും നിന്നും ഇരുന്നും സ്റ്റൂളിൽ കുനിഞ്ഞും പൂവിടുന്ന അമ്മയെ ഞങ്ങൾ കളിയാക്കി. പാളയത്തുനിന്ന് പലതരം പൂ വാങ്ങിവന്നാലും ‘സതോരി’യിലെ മുറ്റത്തെ തുളസി ഇറുത്തെടുത്തുവന്ന് പൂക്കളം പൂർത്തിയാക്കും. ഓരോണത്തിന് മുറ്റത്ത് വീണ് തോളെല്ല് പൊട്ടി. ‘സിതാര’യിലെ തൊടിയിലെ ചെമ്പരത്തികളും മന്ദാരവും ഇറുത്തുകൂട്ടുന്നതിനിടയിലാണ്. വീണതറിഞ്ഞ് ലീവെടുത്ത് വീട്ടിലെത്തിയ എന്നോട് കടുത്ത വേദനയ്ക്കിടയിലും, ‘അതുകൊണ്ട് നീ വന്നല്ലോ’ എന്ന് ചിരിച്ചു. എന്തിനേയും പ്രത്യാശയോടെ നോക്കിക്കണ്ടു.
ഈയടുത്ത് ഇടയ്ക്കിടെ നിംസ് ആശുപത്രിയിലെത്തിയിരുന്നു. വീണ്ടും വീണു. ഇത്തവണ കാല് പൊട്ടി. സർജറി ചെയ്തു. ആശുപത്രിയിൽ എല്ലാവരും കൂട്ടുകാരായി മാറി. പേരക്കുട്ടിയെപ്പോലെ തോന്നുന്നു എന്നു പറഞ്ഞ് ഡോ. അജ്മലിനെ അവനെപ്പോലെ സ്നേഹിച്ചു. ഇടയ്ക്കിടെ ഹോസ്പിറ്റലിലെത്തി. ഡോക്ടറും നഴ്സുമാരും അമ്മയ്ക്ക് പേരു മാറ്റിക്കൊടുത്തു. സരോജിനി സിതാര. വരവിന്റെ ഇടവേളകൾ കുറഞ്ഞപ്പോൾ- ഈ പേരിൽ ബോർഡ് വച്ച് ഒരു മുറിതരാം. ഇവിടെ ഇരിക്കണം. ഞാൻ വന്ന് കാണാം- ഡോക്ടർ ഇങ്ങനെ പറഞ്ഞുവെന്ന് ഞാനെത്തിയപ്പോൾ അമ്മ വിശേഷം പങ്കുവച്ചു. സരോജിനി സിതാരയെന്ന പേര് എനിക്കിഷ്ടമായി എന്നു പറഞ്ഞപ്പോൾ നിറഞ്ഞു ചിരിച്ചു. സരോജിനി താമരയല്ലേ. സിതാര നക്ഷത്രം. താമരനക്ഷത്രം. കൊള്ളാം. അമ്മേടെ ഡോക്ടറുകൊള്ളാം. പിന്നെ ഡോക്ടറുടെ തിരക്കിെൻ്റ വിശേഷങ്ങളായി.
‘‘രാത്രി ഐ സി യുവിലെ തണുപ്പിലേക്ക് ഞാനെത്തുമ്പോൾ അമ്മയുടെ കൈകൾക്ക് നല്ല ചൂടും ചുവപ്പുമുണ്ടായിരുന്നു. വിടർത്തിവച്ച കൈയ്യിൽ നിറയെ ഉമ്മകൊടുത്തു. പേടിക്കേണ്ടെന്നും ഒറ്റയ്ക്കല്ലെന്നും പുറത്തു ചുമരിനരികിൽ ഞാനുണ്ടാകുമെന്നും പറഞ്ഞ്പറഞ്ഞ് കരഞ്ഞു’’.
നിറങ്ങളെപ്പോലെ, യാത്രകളെപ്പോലെ, ആളുകളെപ്പോലെ പിന്നെയും ഒരുപാടിഷ്ടങ്ങളിൽ അമ്മ അഭിരമിച്ചു. ചിത്രയുടെയും ജാനകിയുടെയും ആരാധികയായി. നാലഞ്ചുകൊല്ലംമുന്നേ ഒരു പകൽ മുഴുവൻ അമ്മ ജാനകിയുടെ പാട്ടുകൾ കേട്ടിരിക്കുന്നതും നടക്കുന്നതും കിടക്കുന്നതും കണ്ടു. എസ്. ജാനകിയുടെ പിറന്നാളായിരുന്നു. പാട്ടാസ്വദിക്കാത്ത അച്ഛനാണ് അമ്മയ്ക്കുവേണ്ടി ജാനകിപാട്ടുകൾ തിരഞ്ഞെടുത്തു കേൾപ്പിക്കുന്നത്.
അമ്മയുടെ പാട്ടുകാരി ജാനകിയമ്മയും പോയി അമ്മേ. പാട്ടുമായി അവരവിടെ എത്തിയോ? ‘മിഴിയോര’വും ‘മഞ്ഞണിക്കൊമ്പിലും’ അവരവിടെ പാടിത്തുടങ്ങിയോ? അമ്മയ്ക്കിപ്പോൾ ഇഷ്ടംപോലെ പാട്ടുകേൾക്കാനാകുന്നുണ്ടോ? അമ്മ അവിടെ ആരെയൊക്കെ കണ്ടു? നേരത്തേ അമ്മയെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കുഞ്ഞിനെ അമ്മ കണ്ടോ? പിന്നെയും എത്രപേർ. ‘പട്ടുനൂൽപുഴു’വിൽ ഹരീഷ് പറയുന്നുണ്ട്; ജീവിച്ചിരിക്കുന്നവരുടെ ലോകത്തേക്കാൾ എത്രയോ വലുതാണ് മരിച്ചവരുടെ ലോകം. അമ്മേ എനിക്കുമിപ്പോൾ സാംസയെപ്പോലെ അദൃശ്യരായവരോട് സംസാരിക്കാനാകുന്നുണ്ട്.
രാത്രി ഐ സി യുവിലെ തണുപ്പിലേക്ക് ഞാനെത്തുമ്പോൾ അമ്മയുടെ കൈകൾക്ക് നല്ല ചൂടും ചുവപ്പുമുണ്ടായിരുന്നു. വിടർത്തിവച്ച കൈയ്യിൽ നിറയെ ഉമ്മകൊടുത്തു. പേടിക്കേണ്ടെന്നും ഒറ്റയ്ക്കല്ലെന്നും പുറത്തു ചുമരിനരികിൽ ഞാനുണ്ടാകുമെന്നും പറഞ്ഞ്പറഞ്ഞ് കരഞ്ഞു. അമ്മയുടെ കൈപ്പത്തിയിൽ ഞാൻ നനവുപടർത്തി. കൺതുറന്നപ്പോൾ അമ്മയുടെ വലതുകണ്ണിൽ നീരുപൊടിയുന്നു. നോക്കിനിൽക്കെ വലുപ്പം കൂടിക്കൂടി വന്ന ഒരൊറ്റ വെള്ളത്തുള്ളി. ചലനമറ്റ ശരീരത്തിൽ എനിക്കായി കാത്തിരുന്ന് അമ്മ നൽകുന്ന വെളുത്തുരുണ്ട ഒരു നീർക്കണം. ജീവന്റെ പ്രതീക്ഷകൾ നിറച്ചുതന്ന് ഉരുണ്ടുകൂടിയ ഒരു കണ്ണുനീർത്തുള്ളി.

ഞാൻ ബഹളംവച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിളിച്ചു. വെൻ്റിലേറ്ററിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ല. 24 മണിക്കൂർ നമുക്കു നോക്കാം. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ മരുന്നുകൊടുത്ത് സപ്പോർട്ട്ചെയ്യാം എന്നാണ് ഡോക്ടർ പോകുമ്പോൾ പറഞ്ഞത്. അനക്കമില്ലാതെ, എത്രവിളിച്ചിട്ടും വിളികേൾക്കാതെ ഇതാ ഒരു കണ്ണുനീർതുള്ളി. ഇതുപോരെ? ഇത്രപോരെ? അമ്മ തിരിച്ചുവരും. ഞാനപ്പുറത്തു കാത്തുനിൽക്കും.
ഉള്ളിൽ ബോധമുണ്ടായിരിക്കും, അതാവും കണ്ണീർ പൊടിഞ്ഞത്, ഡോക്ടറെ വിളിച്ചു പറഞ്ഞോളാം, പുറത്തിരിക്കൂ- അവരെന്നെ പുറത്താക്കി. പക്ഷേ രാത്രി മുഴുവൻ ഉണർന്നിരിക്കാൻ ആ കണ്ണീർത്തുള്ളി വെളിച്ചം തന്നു. അമ്മ പോവുകയായിരുന്നു, പതുക്കെപ്പതുക്കെ. അമ്മ പോവുകയാണെന്ന സത്യം ഉൾക്കൊള്ളാനുള്ള സമയം അമ്മ തന്നെ നൽകിയതായി ഇപ്പോഴാണ് തിരിച്ചറിയുന്നത്. ‘സിതാര’യിൽ അമ്മയെ ഇറക്കിക്കിടത്തുമ്പോൾ ചേർന്നുനിൽക്കാനുള്ള മനക്കരുത്ത് അച്ഛനുപകർന്നതും അമ്മ തന്നെ. ഓർമ്മകളുടെ വസന്താരാമത്തിലേക്ക് അമ്മ പതുക്കപ്പതുക്കെ പോയതുപോലെ. അവിടെയും നിറയെ മാമ്പൂക്കളും മന്ദാരവുമുണ്ടാകും. മുനിഞ്ഞുകത്തുന്ന എണ്ണവിളക്കുപോലെ അമ്മ അവിടെ പ്രകാശിക്കും. നിറയെ തളിർപ്പുകളുള്ള ഒരു വിളക്കുമരം.
എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ എന്നതിന് യാതൊരുറപ്പുമില്ല. എന്നാൽ ദൈവത്തിന് എന്നിൽ വിശ്വാസമുണ്ട് എന്നതിന് നല്ല ഉറപ്പുണ്ടുതാനും. ദൈവത്തിന്റെ പുസ്തകം വിശുദ്ധിയുടെ ഹൃദയമാണ്. അതിനാൽ അമ്മയെ ഞാൻ വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരിക്കുന്നു.
