എം.പി. പരമേശ്വരൻ പഠനക്കാലത്ത്..

എം.പി എന്ന
പരീക്ഷണം

എന്നും ശാസ്ത്രത്തിൽ മുഴുകി ജീവിച്ച എം.പി. പരമേശ്വരന്റെ പരീക്ഷണോന്മുഖമായ ഇടപെടലുകളെക്കുറിച്ച് എഴുതുന്നു, ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം അഡ്വ. കെ.പി. രവിപ്രകാശ്.

കാലഹരണപ്പെടാത്ത സ്വപ്നങ്ങൾ ബാക്കിവെച്ച് എം.പി. പരമേശ്വരൻ യാത്രയായി.

മഹത്വപൂർണമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞവരെയാണ് മഹാന്മാർ എന്ന് വിശേഷിപ്പിക്കാറ്. അവരെ അനുകരിച്ച് മുന്നോട്ടുപോകുക അത്ര എളുപ്പവുമല്ല. അതുകൊണ്ടാണ്, ഗാന്ധി മഹാത്മാവായി ഇപ്പോഴും തുടരുന്നത്. അത്തരത്തിൽ, മഹത്വപൂർണമായ കർമങ്ങൾക്ക് നേതൃത്വം നൽകിയവരുടെ ഒരു ചങ്ങല തീർക്കുകയാണെങ്കിൽ അതിൽ ഒരു കണ്ണിയാകാൻ എം.പി. പരമേശ്വരനുണ്ടാകും, തീർച്ച.

അവിരാമമായി പ്രവർത്തനരംഗത്തുനിൽക്കാൻ വളരെ കുറച്ചുപേർക്കേ കഴിയൂ. ‘എനിക്കിനിയും കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്, മരണം അതിനിടയിൽ വന്നുപോകുന്ന ഒന്നു മാത്രം’- ഇതായിരുന്നു, ജീവിതത്തിന്റെ അവസാന ദിനം വരെയും എം.പിയുടെ ജീവിതസങ്കൽപ്പം. തന്റെ അമ്മയുടെയും അച്ഛന്റെയും തോളത്തുകിടന്ന് മരിച്ച പേരക്കുട്ടിയുടെയും മരണസമയത്ത് താൻ കരഞ്ഞിട്ടില്ല എന്നും ഒരുതരം മരവിപ്പു മാത്രമായിരുന്നു തന്റെ വികാരമെന്നും മരണം സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാക്കി, അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഒരു ആണവശാസ്ത്രജ്ഞനായി ജീവിതമാരംഭിച്ചതുകൊണ്ടാകാം, അദ്ദേഹത്തിന് എന്തും ഏതും പരീക്ഷണം മാത്രമായിരുന്നു. പക്ഷെ, പരീക്ഷണത്തിന് ഒരു പൊതു സ്വഭാവമുണ്ടായിരുന്നു. അത് മനുഷ്യന്റെ ജീവിതഗുണത വർധിപ്പിക്കുന്നതായിരിക്കണം.

91 വർഷത്തെ ജീവിതത്തിൽ 70 വർഷവും മാനവപുരോഗതിക്കുവേണ്ടിയുള്ള ജിജ്ഞാസാപരവും കാര്യകാരണബന്ധപരവുമായ പ്രവർത്തനങ്ങളുടെ അന്വേഷണത്തിനും അതിന്റെ പ്രയോഗവൽക്കരണത്തിനും അതിനുവേണ്ടിയുള്ള പരീക്ഷണങ്ങളിലും ജീവിച്ച വ്യക്തിയായിരുന്നു എം.പി എന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയുടെയും ആവശ്യമില്ല.

ഒരു ആണവശാസ്ത്രജ്ഞനായി ജീവിതമാരംഭിച്ചതുകൊണ്ടാകാം, അദ്ദേഹത്തിന് എന്തും ഏതും പരീക്ഷണം മാത്രമായിരുന്നു. പക്ഷെ, പരീക്ഷണത്തിന് ഒരു പൊതു സ്വഭാവമുണ്ടായിരുന്നു. അത് മനുഷ്യന്റെ ജീവിതഗുണത വർധിപ്പിക്കുന്നതായിരിക്കണം. ഇന്ന് ലോകത്ത് നടക്കുന്ന പല പരീക്ഷണങ്ങളും ജീവിതഗുണത വർധിപ്പിക്കുന്നതല്ല, അത് മനുഷ്യന്റെ പൊങ്ങച്ചവും ആർത്തിയും വർധിപ്പിക്കുന്നതാണ്. പക്ഷെ, തന്റെ പരീക്ഷണശാലയിലെ പരീക്ഷണങ്ങളിൽ GDP-യ്ക്ക് സ്ഥാനമില്ലെന്നും അവിതർക്കിതമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എം.പി. പരമേശ്വരൻ. ഒരു ആണവശാസ്ത്രജ്ഞനായി ജീവിതമാരംഭിച്ചതുകൊണ്ടാകാം, എം.പി. പരമേശ്വരന് എന്തും ഏതും പരീക്ഷണം മാത്രമായിരുന്നു. പക്ഷെ, പരീക്ഷണത്തിന് ഒരു പൊതു സ്വഭാവമുണ്ടായിരുന്നു.
എം.പി. പരമേശ്വരൻ. ഒരു ആണവശാസ്ത്രജ്ഞനായി ജീവിതമാരംഭിച്ചതുകൊണ്ടാകാം, എം.പി. പരമേശ്വരന് എന്തും ഏതും പരീക്ഷണം മാത്രമായിരുന്നു. പക്ഷെ, പരീക്ഷണത്തിന് ഒരു പൊതു സ്വഭാവമുണ്ടായിരുന്നു.

എന്നും താൻ ശാസ്ത്രത്തിൽ തന്നെയാണ് ജീവിച്ചിട്ടുള്ളത്. ശാസ്ത്രത്തിന്റെ ചാലകശക്തിയാണ് ജിജ്ഞാസ, അവിഭാജ്യഘടകമാണ് പരീക്ഷണങ്ങൾ.

മാർക്‌സിസത്തെ കൂടുതൽ അറിഞ്ഞപ്പോഴാണ് അത് ശാസ്ത്രമാണ് എന്ന് തിരിച്ചറിഞ്ഞത്. അതിന്റെ കാര്യകാരണബന്ധവും മുൻപിൻബന്ധവും ശാസ്ത്രം മാറ്റമാണ് എന്ന മൗലികതയുമാണ് തന്നെ മാർക്‌സിസ്റ്റായി ജീവിതാന്ത്യം വരെയും തുടരാൻ പ്രേരിപ്പിച്ച ഘടകം.

അച്ഛൻ വൈദ്യരായിരുന്നു. അച്ഛനുണ്ടായിരുന്നപ്പോൾ സ്വന്തം യുക്തി ഉപയോഗിച്ച് ‘യുക്തിരസായനം' ഉണ്ടാക്കിയതും വയറിളകി അവശനായപ്പോൾ യുക്തിയുദിച്ചതും അദ്ദേഹം എഴുതിയിട്ടുണ്ട്. കേരള പൽപ്പൊടി ഉണ്ടാക്കിയതും നീരോല്യാദി ഗുളികയുണ്ടാക്കിയതും പരിഷത്ത് അടുപ്പ് രൂപമെടുക്കുന്നതിന് 40 വർഷം മുമ്പ്, അറക്കപ്പൊടി അടുപ്പിൽ പരീക്ഷണം നടത്തിയതും എം.പി ആണവശാസ്ത്രജ്ഞനാകുന്നതിനും മുമ്പ് നടന്ന പരീക്ഷണങ്ങളായിരുന്നു.

ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ വിട്ട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന എം.പി പിന്നീട് 'ചിന്ത'യിൽ ചേർന്നു, അതെല്ലാം വിട്ട് മുഴുവൻ സമയ ജനകീയ ശാസ്ത്രപ്രചാരകനായി പ്രവർത്തിച്ചു- ഇതെല്ലാം ഭാവിലോകം കരുപ്പിടിപ്പിക്കുന്നതിനായുള്ള എം.പിയുടെ സംഭവബഹുലമായ പരീക്ഷണങ്ങളായിരുന്നു.

സയൻസിന്റെ ദുരുപയോഗത്തിനും ചൂഷണത്തിനുമെതിരായ ജനകീയ പ്രക്ഷോഭമാക്കി, ഭോപ്പാൽ വാതകദുരന്തത്തെ മാറ്റിയതിൽ എം.പിയുടെ പങ്ക് ചെറുതല്ല. കേരളത്തിൽ യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വലിയ ഇടിവുണ്ടാക്കിയ സംഭവമാണിത്.

അറുപതുകളിൽ സോവിയറ്റ് യൂണിയനിൽ പോയി ഗവേഷണം നടത്തിയതുകൊണ്ട് വലിയ നേട്ടമുണ്ടായില്ലെങ്കിലും അന്നത്തെ കമ്യൂണിസ്റ്റ് രാജ്യത്തെക്കുറിച്ച് മനസ്സിലാക്കാനും ലോകവീക്ഷണമുണ്ടാക്കാനും കഴിഞ്ഞു. ഡോക്ടറേറ്റ് നേടി പുറത്തുവന്നപ്പോൾ എം.പിയ്ക്കുണ്ടായത് പുതിയ ലോകവീക്ഷണമാണ്. അതിന്റെ അടിസ്ഥാനത്തിലാണ്, അദ്ദേഹം ഇതുവരെ ജീവിച്ചതും പ്രവർത്തിച്ചതും.

''ഇന്നത്തെ ദേശീയതയ്ക്ക് നീണ്ടകാലത്തെ ചരിത്രമൊന്നുമില്ല. അത് തച്ചുടച്ച് ഒരു സാർവദേശീയത വളർത്തുക തന്നെ വേണം. സമീർ അമീൻ പറഞ്ഞതുപോലെ, രാഷ്ട്രീയവിപ്ലവത്തിന് മുന്നോടിയായി ഒരു സാംസ്‌കാരിക വിപ്ലവം നടക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ രാഷ്ട്രീയ വിപ്ലവത്തിന്റെ ദിശ സാർവേദേശീയതലത്തിലേക്ക് ചൂണ്ടൂ. ഗാന്ധിജിയുടെ സ്വയംപര്യാപ്ത ഗ്രാമീണ റിപ്പബ്ലിക്കുകളുടെ നെറ്റ്‌വർക്ക് എന്ന സങ്കൽപം ദേശീയതയെ സാർവദേശീയതയായി പ്രവർത്തിക്കാനുതകുന്ന ഒരു ടൂൾ ആണ്. ഇതിൽ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പരമാധികാരത്തിന്റെ പ്രയോഗസാധ്യത, തദ്ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടൽ, വർധിച്ച ജനപങ്കാളിത്തം, കച്ചവടവും ലാഭവും എന്നതിന്റെ സ്ഥാനത്ത് ജനങ്ങളുടെ ആവശ്യങ്ങളും അവയുടെ തൃപ്തിപ്പെടുത്തലും ആയിത്തീരുന്ന ഉൽപ്പാദന ലക്ഷ്യം- അങ്ങനെ പലതും. ഓരോ ചെറു സമൂഹവും വർധമാനമായ തോതിൽ സോഷ്യലിസ്റ്റ് സ്വഭാവങ്ങൾ ആർജിക്കുന്നു. ദേശീയത എന്ന സങ്കൽപ്പം പടിപടിയായി അർഥശൂന്യമായിത്തീരുന്നു''.

എം.പി. പരമേശ്വരൻ  റഷ്യയിൽ  പയനീറുകളോടൊപ്പം (1963)
എം.പി. പരമേശ്വരൻ റഷ്യയിൽ പയനീറുകളോടൊപ്പം (1963)

ഈയൊരു വീക്ഷണകോണിൽ നിന്നുകൊണ്ടാണ് അദ്ദേഹം 1989 മുതൽ ആരംഭിച്ച കേരളത്തിലെയും ഇന്ത്യയിലെയും സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ചത്, അഖിലേന്ത്യാ തലത്തിൽ People's Science Movement എന്ന നിലയിൽ AIPSN (All-India People's Science Network) എന്ന ശാസ്ത്രസംഘടനയ്ക്ക് നേതൃത്വം നൽകിയത്, 1987-ൽ ആരംഭിച്ച IRTC എന്ന ഗ്രാമീണ ശാസ്ത്ര- സാങ്കേതിക സ്ഥാപനത്തിന് ദിശാബോധം നൽകിയത്, PLDP പദ്ധതിയായ കല്യാശ്ശേരി വിഭവഭൂപട നിർമാണത്തിനും തുടർന്നു നടന്ന ജനകീയാസൂത്രണത്തിലും നിർണായക പങ്ക് വഹിച്ചത്, നിരവധി ശാസ്ത്ര- സാമൂഹ്യശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവായത്.

നിരന്തരം പഠിക്കുക, ചിന്തിക്കുക, അവസരങ്ങളെ മുഴുവൻ ഉപയോഗപ്പെടുത്തി ചിന്തകളെ പ്രവൃത്തിപഥത്തിലേക്ക് എത്തിക്കുക- അതായിരുന്നു എം.പി.

അടിന്തരാവസ്ഥക്കാലത്ത് എന്തു ചെയ്യാം എന്ന ചിന്തയായിരുന്നു, 1976 ജനുവരി ഒന്നു മുതൽ 31 വരെ കേരളത്തിൽ നടത്തിയ 'പ്രകൃതി, ശാസ്ത്രം, സമൂഹം' എന്ന 12,000 ശാസ്ത്രക്ലാസുകൾ.

ഏതു രംഗത്തായാലും ആവേശത്തിന്റെ പുറത്ത് പ്രവർത്തനങ്ങൾ നടത്തുക എന്നത് എം.പിയുടെ ശീലമായിരുന്നില്ല. എന്തിനും ഫീൽഡ് ട്രയൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ തിടക്കപ്പെട്ടുള്ള DPEP വിദ്യാഭ്യാസ പദ്ധതിയോട് എം.പി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

1977-ൽ അടിയന്തരാവസ്ഥ തുടരുന്ന കാലം. കേരളത്തിലെ കരുണാകരൻ കാലഘട്ടം. പ്ലാനിങ് ബോർഡ് അംഗമായ പി.കെ. ഗോപാലകൃഷ്ണൻ എം.പിയോട് ചോദിക്കുന്നു, ശാസ്ത്രപ്രചാരണത്തിനായി രണ്ടു ലക്ഷം മാറ്റിവെച്ചിട്ടുണ്ട്. പരീപാടികൾ നൽകാൻ ഒരു വകുപ്പും തയ്യാറല്ല. എം.പിയുടെ മറുപടി, 'ഞാൻ നാളെ വരാം’.

600 ഗ്രാമശാസ്ത്രസമിതികൾക്കും 400 ഹൈസ്‌കൂൾ ലൈബ്രറികൾക്കുമായി 200 രൂപ മുഖവില വിരുന്ന ശാസ്ത്രപുസ്തകങ്ങളുടെ പാക്കറ്റ് വിതരണം എന്ന പദ്ധതിയുമയാണ് എം.പി വന്നത്. വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ് കോയ പദ്ധതി അംഗീകരിക്കുന്നു. ഒരു മാസത്തിനുള്ളിൽ പുസ്തകവിതരണം നടന്നു. ഇദ്ദേഹത്തിന്റെ ഈ സാമർഥ്യത്തെ എങ്ങനെയാണ് നമുക്ക് അളക്കാനാകുക?

1977-ൽ തന്നെയാണ്, ഒക്‌ടോബർ രണ്ടു മുതൽ നവംബർ ഏഴു വരെ, പരിഷത്തിന്റെ ആദ്യ ശാസ്ത്ര- സാംസ്‌കാരിക ജാഥ നടന്നത്. പരിഷത്തിന്റെ അടിസ്ഥാന ദർശന മുദ്രാവാക്യമായ ‘ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മയ്ക്ക്, ശാസ്ത്രം ജനനന്മയ്ക്ക്’ രൂപപ്പെട്ടത് അന്നാണ്. കൂവേരി മുതൽ പൂവച്ചൽ വരെയായിരുന്നു അന്ന് ജാഥ. ഈ രണ്ട് ഗ്രാമങ്ങളിലും അന്ന് വൈദ്യുതി എത്തിയിരുന്നില്ല. പൂവച്ചലിലെ ജനപങ്കാളിത്തം നേരിട്ടുകണ്ട മുഖ്യമന്ത്രി എ.കെ. ആന്റണി തന്റെ ഫണ്ടിൽനിന്ന് പരിഷത്തിന് 5000 രുപ ധനസഹായം പ്രഖ്യാപിച്ചു. അക്കാലത്ത് അസാധ്യമായത് സാധ്യമാക്കുകയായിരുന്നു എം.പിയുടെ നേതൃത്വത്തിൽ പരിഷത്ത്.

എം.പി. പരമേശ്വരൻ ഒരു പരിഷത്ത് പരിപാടിയിൽ.
എം.പി. പരമേശ്വരൻ ഒരു പരിഷത്ത് പരിപാടിയിൽ.

1984-ൽ ഭോപ്പാലിൽ യൂണിയൻ കാർബൈഡിനെതിരായ പ്രതിഷേധത്തിന് ഒരു ട്രെയിൻ നിറയെ ആളുകളാണ് കേരളത്തിൽനിന്ന് പുറപ്പെട്ടത്. പ്രധാന നേതൃത്വം എം.പിയുടേതായിരുന്നു. സയൻസിന്റെ ദുരുപയോഗത്തിനും ചൂഷണത്തിനുമെതിരായ ജനകീയ പ്രക്ഷോഭമാക്കി, ഭോപ്പാൽ വാതകദുരന്തത്തെ മാറ്റിയതിൽ എം.പിയുടെ പങ്ക് ചെറുതല്ല. കേരളത്തിൽ യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വലിയ ഇടിവുണ്ടാക്കിയ സംഭവമാണിത്.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരും മറ്റു പ്രമുഖരുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ശാസ്ത്രപ്രചാരണ പ്രവർത്തനത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്. കെ.ആർ. നാരായണൻ, അബ്ദുൽകലാം, സാം പിത്രോദ, ജയറാം രമേശ്, യു.ജി.സി ചെയർമാനായിരുന്ന പ്രൊഫ. യശ്പാൽ, പ്രസിഡന്റ് ഡോ. ആർ. വെങ്കിട്ടരാമന്റെ മകൾ ഡോ. വിജയം, മാൽക്കം ആദിശേഷയ്യ തുടങ്ങിയവരുമായുള്ള ബന്ധത്തിലൂടെ BGVS (ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി) വഴി സാക്ഷരത കൊണ്ടുവരുന്നതിനും ശാസ്ത്രപ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.

'ഹമാരാ ദേശ്' എന്ന പേരിൽ 1987, 1990, 1992 കാലത്ത് സംഘടിപ്പിച്ച ഭാരത ജനവിജ്ഞാന ജാഥകൾ, 1993-ലെ സമതാ ജാഥ തുടങ്ങിയ ശാസ്ത്രപ്രചാരണജാഥകൾ ഇന്ത്യയിലെ ഗ്രാമീണരിൽ വലിയ ആവേശം സൃഷ്ടിച്ചു. ഇവയുടെ പ്രധാന സൂത്രധാരനും സംഘാടകനും എം.പിയായിരുന്നു.

1977-ൽ പരിഷത്തിന്റെ ആദ്യ ശാസ്ത്ര- സാംസ്‌കാരിക ജാഥ പൂവച്ചലിൽ സമാപിച്ചപ്പോൾ, അവിടുത്തെ ജനപങ്കാളിത്തം നേരിട്ടുകണ്ട മുഖ്യമന്ത്രി എ.കെ. ആന്റണി തന്റെ ഫണ്ടിൽനിന്ന് പരിഷത്തിന് 5000 രുപ ധനസഹായം പ്രഖ്യാപിച്ചു. അക്കാലത്ത് അസാധ്യമായത് സാധ്യമാക്കുകയായിരുന്നു എം.പിയുടെ നേതൃത്വത്തിൽ പരിഷത്ത്.

ഏതു രംഗത്തായാലും ആവേശത്തിന്റെ പുറത്ത് പ്രവർത്തനങ്ങൾ നടത്തുക എന്നത് എം.പിയുടെ ശീലമായിരുന്നില്ല. എന്തിനും ഫീൽഡ് ട്രയൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെ തിടക്കപ്പെട്ടുള്ള DPEP വിദ്യാഭ്യാസ പദ്ധതിയോട് എം.പി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പാഠ്യപദ്ധതി നടപ്പാക്കുംമുമ്പേ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രം പോരാ. വിദ്യാർഥികളിലും അധ്യാപകരിലും മതിപ്പും ആവേശവും സൃഷ്ടിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു, അതിനുള്ള പ്രധാന കാരണം, ഫീൽഡ് ട്രയലിന്റെ പോരായ്മയായിരുന്നു എന്ന് അദ്ദേഹം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

ഭോപ്പാലിലേക്കുള്ള ശാസ്ത്രവണ്ടി കേരളത്തിൽനിന്ന് പുറപ്പെട്ടതിന്റെ പിറ്റേന്ന് മലയാള മനോരമ ലേഖകൻ എം.പിയുടെ ജീവിതപങ്കാളി ഭവാനിചേച്ചിയെ ഇന്റർവ്യൂ ചെയ്യാൻ വീട്ടിൽ ചെന്നു. പിറ്റേന്ന് പത്രത്തിൽ വന്ന റിപ്പോർട്ടിന്റെ ശീർഷകം 'ലാളിത്യത്തിന്റെ പരമേശ്വരൻ' എന്നായിരുന്നു. വളരെ വാചാലമായിരുന്നു ആ ഹെഡിംഗ്. തനിക്കു കിട്ടിയ വലിയ ബഹുമതിയായിട്ടാണ് എം.പി ഈ വാർത്തയെ കണ്ടത്. വസ്ത്രവും ചെരിപ്പും ഭക്ഷണവും ജീവിതസാഹചര്യങ്ങളും വീടും എല്ലാം എത്ര ചുരുക്കി, സന്തോഷത്തോടെ ജീവിക്കാം എന്ന പരീക്ഷണം തന്നെയായിരുന്നു എം.പി ചെയ്തിരുന്നത്.

 എം.പി. പരമേശ്വരൻ,  ജീവിതപങ്കാളി ഭവാനി.
എം.പി. പരമേശ്വരൻ, ജീവിതപങ്കാളി ഭവാനി.

എം.പിയുടെ സ്വപ്‌നങ്ങൾക്ക് കാലഹരണനിയമം ബാധകമല്ല. അത് എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുന്നു. അവസാനം അദ്ദേഹം സ്വപ്‌നം കണ്ട കേരളത്തെ നോക്കൂ:
ഈച്ചയും കൊതുകുമില്ല,
മാലിന്യം എന്ന വാക്കില്ല,
വീടുകൾ സൗരഗൃഹങ്ങൾ,
കുട്ടികളൊക്കെ സന്തുഷ്ടർ,
ഉയർന്ന ആയുസ്സും കുറഞ്ഞ അനാരോഗ്യവുമുള്ള കേരളീയർ,
സ്വാശ്രയ ഗ്രാമങ്ങളുടെ നെറ്റ്‌വർക്കിലുള്ള കേരളം, കുട്ടികൾക്ക് പഠനം പാൽപ്പായസവും അധ്യാപകർക്ക് അതിമധുരവുമായ കേരളം,
ഷെയർ മാർക്കറ്റും ആൾദൈവവുമില്ലാത്ത കേരളം, ജാതിയും മതവും അപ്രസക്തമായ കേരളം,
അക്ഷര- ഭാഷ- സംസ്‌കാരങ്ങളുടെ വൈവിധ്യമാർന്ന കേരളം, യാത്ര കുറച്ച് കാർബൺ ഫുട്ട്പ്രിന്റ് കുറഞ്ഞ കേരളം, മാർക്‌സും ഗാന്ധിയും ടാഗോറുമൊക്കെ ആഗ്രഹിക്കുന്ന ലോകസമൂഹം.

അദ്ദേഹത്തിന്റെ ആയുസ്സ് അവസാനിച്ചതും അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞതും മേൽ സ്വപ്നങ്ങൾ നമുക്ക് കൈമാറിക്കൊണ്ടാണ്. കേരളത്തിൽ എം.പിയ്ക്ക് സമാനമായി മറ്റാരുമില്ല. ഗാന്ധിജിയ്ക്ക് പകരക്കാരനില്ലാത്തതുപോലെ.

Comments