സ്വന്തം രചനകളുടെ മാധ്യമമായിരിക്കുമ്പോഴും ഭാഷ എന്ന നിലയിൽ മലയാളത്തിൻ്റെ ഭാവിയെക്കുറിച്ച് നമ്മുടെ ഭൂരിപക്ഷം എഴുത്തുകാർക്കും വലിയ ആലോചനകളൊന്നും ഉള്ളതായി തോന്നിയിട്ടില്ല. എണ്ണമറ്റ പ്രസാധകപ്രസ്ഥാനങ്ങളും സാഹിത്യോത്സവങ്ങളും സിനിമകളും മാധ്യമങ്ങളുമടങ്ങുന്ന വലിയ വിഭവനിക്ഷേപവും സമാഹരണവും നടക്കുന്ന ഭാഷയാണ് മലയാളം. എന്നാൽ സാഹിതീയമായ വളർച്ചകൊണ്ടോ സംസ്കാര വ്യവസായത്തിലെ ചലനങ്ങൾ കൊണ്ടോ മാത്രം ഒരു ഭാഷയുടെയും വികാസം സമഗ്രമാവുകയില്ല. വിജ്ഞാനത്തിൻ്റെയും , അധികാരത്തിന്റെയും വികസനത്തിൻ്റെയും ഭാഷ എന്ന നിലയിൽ മലയാളത്തെ കാണാൻ ദൗർഭാഗ്യവശാൽ ഇപ്പോഴും മലയാളി പൊതുബോധം വേണ്ടത്ര സജ്ജമായിട്ടില്ല. ആ പൊതുബോധം തന്നെയാണ് എഴുത്തുകാരിൽ മഹാഭൂരിപക്ഷവും പിൻപറ്റുന്നത്. പ്രാന്തവൽക്കരിക്കപ്പെട്ട വിവിധ സ്വത്വാവിഷ്കാരങ്ങളുടെ ബഹുസ്വരതയാൽ സമകാലസാഹിത്യം സമ്പന്നമാണെങ്കിലും ആ പലമകളിൽ ഭാഷയെക്കുറിച്ചുള്ള ആലോചനകൾ വേണ്ടത്ര ഉയർന്നു വരുന്നില്ല. (ഗോത്രഭാഷാ സാഹിത്യത്തിൻ്റെ പുതിയ ഉണർവും ഉയർച്ചയും കാണാതെയല്ല, ഇതു പറയുന്നത്.)
മലയാളത്തിന്റെ മഹാപ്രതിഭ എംടിയെക്കുറിച്ച്, വ്യത്യസ്ത മേഖലകളിലെ വൈവിധ്യപൂർണ്ണമായ അദ്ദേഹത്തിൻ്റെ സംഭാവനകളെക്കുറിച്ച് പല നിലകളിൽ കേരളം ആലോചിച്ചു കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ മലയാളത്തിന്റെ ഭാവിയെ മുൻനിർത്തി അദ്ദേഹം നടത്തിയ ഇടപെടലുകൾ കൂടി ഓർക്കേണ്ടതുണ്ട്. കാരണം ഒരു ഭാഷ എന്ന നിലയിൽ മലയാളത്തിന്റെ അതിജീവനത്തെക്കുറിച്ച് എം.ടി.ക്ക് ആഴത്തിലുള്ള ഉൾക്കാഴ്ചയുണ്ടായിരുന്നു. മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരങ്ങൾ ഐക്യകേരളത്തിൻ്റെ രൂപീകരണ കാലഘട്ടം തൊട്ട് പല നിലകളിൽ നടക്കുന്നുണ്ട്. ഡോക്ടർ ജോർജ് ഇരുമ്പയം നേതൃത്വം നൽകിയ മലയാള സംരക്ഷണവേദി മലയാളത്തിന്റെ അഭിവൃദ്ധിക്കായി സമർപ്പിച്ച ഹർജിയിൽ എം.ടി അടക്കമുള്ള എഴുത്തുകാർ ഒപ്പിട്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിരവധി സന്ദർഭങ്ങളിൽ മലയാളഭാഷയുടെ വികസനം മുൻനിർത്തി എം.ടി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
തൊണ്ണൂറുകൾ വരെ മാതൃഭാഷാധിഷ്ഠിതമായ വിദ്യാഭ്യാസ സങ്കൽപ്പത്തിനും വികസനകാഴ്ചപ്പാടുകൾക്കും തത്വത്തിലെങ്കിലും കേരളത്തിൽ മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ ആഗോളീകരണത്തിൻ്റെ കടന്നുവരവോടെ കടപുഴകിപ്പോയ അടിസ്ഥാനശിലകളിലൊന്ന് മാതൃഭാഷയുടേതായിരുന്നു. ഹയർസെക്കൻഡറി പാഠ്യപദ്ധതിയിൽ രണ്ടു ഭാഷകൾ പഠിക്കുന്നതിന് പകരം ഏതെങ്കിലും ഒരു ഭാഷ ഓപ്ഷണലായി പഠിപ്പിച്ചാൽ മതിയെന്നും മിച്ചം വരുന്ന സമയം തൊഴിൽ നൈപുണികൾക്കായി മാറ്റിവെക്കണമെന്നുമുള്ള നിർദ്ദേശങ്ങൾക്കെതിരെ ഹയർസെക്കൻഡറി മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന സാംസ്കാരിക കൂട്ടായ്മകളാണ് മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമകാലിക സമരങ്ങൾക്ക് നാന്ദി കുറിച്ചത് എന്ന് ഒരർത്ഥത്തിൽ പറയാം. കോഴിക്കോട് നടന്ന സമരക്കൂട്ടായ്മ ഔപചാരികമായി ഉദ്ഘാടനം ചെയ്തത് എം.ടിയായിരുന്നു.
കോടതിഭാഷ മലയാളമാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലയാള ഐക്യവേദി സംഘടിപ്പിച്ച സംഗമത്തിൽ അദ്ദേഹം അതിഥിയായി എത്തുകയും പിന്നീട് ആ വിഷയം പഠിച്ച് സ്വന്തം നിലയിൽ ഒരു ലേഖനം എഴുതി സാംസ്കാരിക കേരളത്തിന്റെയും ഭരണകൂടത്തിന്റെയും ശ്രദ്ധക്ക് മുൻപാകെ സമർപ്പിക്കുകയും ചെയ്തു. കേരളത്തിലെ മാതൃഭാഷാ സമരങ്ങളുടെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സമരമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ എഎസ് ) പരീക്ഷ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2019ൽ നടന്ന സമരം. ഐ.എ.എസ് പരീക്ഷ ഇന്ത്യയിലെ ഏതു ഭാഷകളിലും എഴുതാം എന്നിരിക്കെയാണ് കെ.എ.എസ് പരീക്ഷ ഇംഗ്ലീഷിൽ മാത്രമായി നടത്താൻ അധികാരികൾ തീരുമാനിച്ചത്. ഇതിനെതിരെ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പി എസ് സി ഓഫീസിനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. സമരത്തിൻ്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്, അടിയന്തരമായി സർക്കാർ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പൊതുമണ്ഡലത്തിൽ സമരമുദ്രാവാക്യത്തിന് സ്വീകാര്യത ലഭിക്കുന്നതിൽ ആ പ്രസ്താവന വലിയ പങ്കുവഹിച്ചു.
ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ എമ്പാടും ഇരുപതോളം സമര കേന്ദ്രങ്ങളിൽ 2019-ലെ തിരുവോണനാളിൽ നിരാഹാര സമരം നടന്നു. കോഴിക്കോട് നടന്ന സമരം ഉദ്ഘാടനം ചെയ്തത് എം ടിയായിരുന്നു. സംഘാടകരുടെ ക്ഷണം സ്വീകരിച്ച് നേരത്തെ തന്നെ അദ്ദേഹം സമരപ്പന്തലിൽ എത്തിയെങ്കിലും സമരം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രായവും ആരോഗ്യപരമായ കാരണങ്ങളും കൊണ്ട് അധികസമയം ഇരിക്കാൻ കഴിയാതിരുന്ന പ്രയാസം അറിയിച്ച് വീട്ടിലേക്ക് പോയി. സമയമായപ്പോൾ വീണ്ടും തിരികെ വരാനും ആത്മാർത്ഥവും വൈകാരികവും വിജ്ഞാനപ്രദവുമായ തന്റെ ഉദ്ഘാടന പ്രസംഗം കൊണ്ട് ആ സമരത്തിന് സമാനതകളില്ലാത്ത ഊർജ്ജം പകർന്നു നൽകാനും എം.ടി കാണിച്ച സന്നദ്ധത എക്കാലവും സമരസംഘാടകരുടെ ഹൃദയത്തിലെ നിറവാർന്ന ഓർമ്മയായിരിക്കും.
പ്രൈമറി സ്കൂൾ അധ്യാപകർക്കായി പി.എസ്.സി നടത്തുന്ന പരീക്ഷയിൽ മലയാള ഭാഷാശേഷി പരിശോധിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സമരം നടന്നത് കോവിഡ് കാലത്തായിരുന്നു. പ്രത്യക്ഷ സമരങ്ങൾ നടത്താൻ കഴിയാത്ത ആ സവിശേഷ സാഹചര്യത്തിൽ നടന്ന ഓൺലൈൻ ക്യാമ്പയിനിലും എം.ടി പങ്കാളിയായി. കോവിഡ് കാലമായിരുന്നിട്ടും പ്രായവും അനാരോഗ്യവും കണക്കിലെടുക്കാതെ ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ പ്രവർത്തകരെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനും ക്യാമറയ്ക്ക് മുന്നിൽനിന്ന് തന്റെ നിലപാട് പ്രഖ്യാപിക്കാനും അദ്ദേഹം സന്നദ്ധത കാണിച്ചു.
ഇങ്ങനെ എക്കാലത്തും മലയാളഭാഷയുടെ പുരോഗതിക്കും അതിജീവനത്തിനും വേണ്ടി ആത്മാർത്ഥമായി ഇടപെട്ട ഒരു മാതൃഭാഷാസ്നേഹിയായ എഴുത്തുകാരൻ കൂടിയാണ് നമുക്ക് നഷ്ടമായത്. ഐക്യ കേരളം പലനിലകളിൽ രൂപപ്പെടുത്തിയ മുന്നേറ്റങ്ങളുടെ ഭാഗവും സാക്ഷിയുമായിരുന്ന ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു എം.ടി. ഭാവനയിൽ കേരളം ഉണ്ടായിരുന്ന, കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്ന, ആ സ്വപ്നങ്ങൾക്ക് മലയാളത്തിന്റെ കരുത്തും മാധുര്യവും പകർന്ന ഒരു തലമുറ. ആ തലമുറയിലെ വിളക്കുമാടങ്ങൾ ഓരോന്നോരോന്നായി അണയുകയാണ്. അവ പകർന്നു തന്ന പ്രകാശത്തെ ചേർത്തു പിടിക്കുമോ ഭാവികേരളം?