അസാമാന്യമായി എഴുത്തിനെ തൊട്ടറിയുന്ന ഒരു ഗംഭീര എഡിറ്ററായിരുന്നു എം.ടി. നോവൽ രൂപത്തെ ഉടച്ചുമാറ്റുകയും വിപ്ലവകരമായി ഉടച്ചു വാർക്കുകയും ചെയ്ത നോവലായ ഖസാഖിന്റെ ഇതിഹാസത്തിന്റെയും എഡിറ്റർ എം.ടിയായിരുന്നു. കാൽപനികം എന്ന് വിളിക്കുന്ന സംഗതിയുടെ, ഏകാന്തതയെയും ദുഖത്തെയും മധുരകരമാക്കുന്ന എഴുത്താണ് എം.ടിയുടേത്. എം.ടിയുടെ എഴുത്തിലൂടെ പോകുമ്പോൾ നമുക്ക് ഏകാകിയാകാനും ദുഖിയാകാനും തോന്നും. അതിനെ വേറൊരു തരത്തിലേക്ക് എത്തിച്ച് ഫിലോസിഫിക്കലാക്കുകയും ഭാഷയുടെ പൊളിച്ചെഴുത്തിലേക്ക് നോവലിനെ എത്തിക്കുകയും ചെയ്ത ആളാണ് ഒ.വി വിജയൻ. എം.ടിയിൽ നിന്ന് ഏറെ അകലത്തും എം.ടിയിൽ നിന്ന് വിരുദ്ധ തലത്തിലും നിൽക്കുന്ന ഒ.വി വിജയൻ പോലും എം.ടി എഡിറ്ററായിരിക്കുന്ന സമയത്താണ് കടന്നു വന്നിട്ടുള്ളത്. എഴുത്തുകാർക്കിടയിൽ മത്സരബുദ്ധി നിലനിൽക്കുന്നുണ്ടെന്ന പൊതുസങ്കൽപത്തെയെല്ലാം മറികടന്നാണ് എം.ടി, ഖസാഖിന്റെ ഇതിഹാസം എഡിറ്റ് ചെയ്തത്. എഡിറ്റർക്കപ്പുറം എഴുത്തുകാരനനെന്ന നിലയിലുള്ള എം.ടിയുടെ ഉറപ്പിന്റെ ബലം അതിലുണ്ട്. തന്റെ എഴുത്ത് എന്താണെന്നും തന്റെ എഴുത്തിന്റെ ശക്തിയും അതിന്റെ പരിമിതിയുമെല്ലാം മറ്റാരെക്കാളും കൂടുതൽ അറിഞ്ഞത് എം.ടി തന്നെയാണ്. താൻ എവിടെ നിൽക്കുന്നുവെന്നും തന്റെ വായനക്കാരെന്താണെന്നും താനും വായനക്കാരും കേരളത്തിന്റെ വായനാസമൂഹവുമായുള്ള ബന്ധത്തിന്റെ ആഴവും ശക്തിയുമെല്ലാം അളന്നെടുത്തിട്ടുള്ള ആളാണ് എം.ടി. അതിന് യാതൊരു പോറലും വരില്ലെന്നും അദ്ദേഹത്തിനറിയാം.
എനിക്ക് ഇരുപത് വയസുള്ള സമയത്താണ് ഞാൻ സാഹിത്യവിമർശനങ്ങൾ എഴുതി മാതൃഭൂമിയിലേക്ക് അയക്കുന്നത്. പല തവണ മാതൃഭൂമിയിലേക്ക് സാഹിത്യവിമർശനങ്ങൾ അയക്കുകയും അത് പ്രസിദ്ധീകരിക്കാതെ തിരികെയെത്തുകയും ചെയ്തിരുന്നു. ആ സമയത്താണ് 1997-ലോ 1998-ലോ ആണെന്നാണ് ഓർമ, എം.ടി ഉൾപ്പെടെയുള്ള ആളുകളെ കുറിച്ച് എഴുതിയിട്ടുള്ള, മലയാളത്തിലെ അന്നത്തെ ഏറ്റവും പ്രതാഭശാലിയായ നിരൂപകനായ കെ.പി അപ്പന്റെ രാഷ്ട്രീയത്തെ അടിമുടി വിമർശിച്ച് ഒരു ലേഖനമെഴുതി മാതൃഭൂമിയിലേക്ക് അയക്കുന്നത്. എ. സഹദേവൻ ലേഖനം വായിച്ചിട്ട് ഇത് പ്രസിദ്ധീകരിച്ചാൽ വലിയ പ്രശ്‌നമുണ്ടാകും എന്ന് കരുതി എം.ടിക്ക് കൈമാറുകയും എം.ടി അത് രണ്ട് ദിവസം കൈവശം വെച്ച ശേഷം പ്രസിദ്ധീകരിക്കുകയും ചെയ്തു. അത് കഴിഞ്ഞ് എം.ടി, എ. സഹദേവനോട് ഈ ലേഖനമെഴുതിയയാൾ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചിരുന്നതായി അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. പിന്നീട് നിരന്തരം ഞാൻ മാതൃഭൂമിയിലേക്ക് അയക്കുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം കെ.പി അപ്പൻ, ഒ.വി വിജയൻ അടക്കമുള്ള വലിയ എഴുത്തുകാരെ കുറിച്ചുള്ള വിമർശനങ്ങളായിരുന്നു. യാതൊരു വിധത്തിലും അറിയപ്പെടാത്ത എന്നെപ്പോലൊരാൾക്ക് എം.ടിയുടെ എഡിറ്റർഷിപ്പിൽ അവസരം കിട്ടിയിട്ടുണ്ട്. ഇതിന് ശേഷമാണ് എം.ടിയെ കാണുന്നതും പരിചയപ്പെടുന്നതും. എഡിറ്ററെന്ന നിലയിൽ ലിറ്ററലി ജേർണലിസത്തിന്റെ മലയാളത്തിലെ അവസാന വാക്ക് എം.ടിയുടേതാണെന്ന് പറയാം.

സാഹിത്യത്തെ നമ്മൾ ഗൗരവതരമായ ചർച്ചയ്ക്ക് വിധേയമാക്കുമ്പോൾ സ്വാഭാവികമായും എല്ലാതരം വിമർശനങ്ങൾക്കും സാധ്യതയുണ്ട്. വിമർശനങ്ങളെ ഹിസ്റ്റോറിക്കലായി മാത്രമെ കാണാൻ പറ്റുകയുള്ളൂ. അത്തരം വിമർശനങ്ങളിൽ നിന്ന് എം.ടിയും വിജയനും മുക്തരല്ല. വിജയനെയും അങ്ങനെ വായിക്കാൻ നമുക്ക് കഴിയുകയില്ല. മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബത്തിന്റെയും സാമൂഹികവും സാമ്പത്തികവുമായി നായർ കമ്മ്യൂണിറ്റിയിൽ അന്നത്തെ കാലത്ത് സംഭവിച്ച പ്രതിസന്ധികളുടെയും ഒരു പരിണിത ഫലം കൂടിയാണ് എം.ടിയുടെ എഴുത്ത്. മറ്റ് ഏത് എഴുത്തുകാരനെ പോലെയും തന്റെ കമ്മ്യൂണിറ്റിയിൽ എം.ടിക്ക് ആഴത്തിലുള്ള അറിവും അനുഭവവുമുണ്ട്. മാറിമറിയുന്ന വ്യവഹാരങ്ങളിൽ ഒരു വ്യക്തി അനുഭവിക്കുന്ന വ്യഥയെയാണ് എം.ടി എഴുതിയത്. പക്ഷെ ആ വ്യഥ വിജയനിൽ ഉള്ളത് പോലെ ദാർശനികമോ ആനന്ദിൽ ഉള്ളതു പോലെ രാഷ്ട്രീയമോ അല്ല. അതിനേക്കാൾ അപ്പുറം സ്‌നേഹം, വിശ്വസ്തത, വിവാഹത്തെ പറുദീസയും തടവറയുമായി കാണുന്ന പുരുഷന്റെ നോട്ടം തുടങ്ങി എം.ടി അദ്ദേഹത്തിന്റെ ചില മൂല്യങ്ങളെയാണ് എഴുത്തിൽ ഉപയോഗിക്കുന്നത്. ഇത്തരം മൂല്യങ്ങളിലാണ് അദ്ദേഹം ഒറ്റപ്പെടുന്നത്. മധ്യവർഗത്തിന്റെ മൂല്യങ്ങളെ ആഗ്രഹിക്കുകയും എന്നാൽ അത് സാധ്യമല്ലാതാകുകയും ചെയ്യുന്ന സാമൂഹിക ഘടകങ്ങളെയാണ് അദ്ദേഹം എഴുതുന്നത്. പുതിയ സാമൂഹിക കാലാവസ്ഥയിലും ധനവ്യവസ്ഥിതിയിലും താൻ ആഗ്രഹിക്കുന്നത് മുഴുവൻ നേടണമെന്ന അവസ്ഥയിലും തന്റെ തന്നെ പറുദീസയിൽ നിന്നും പുറത്താകുന്ന ഏകാകിയെക്കുറിച്ചാണ് എം.ടി എഴുതിയത്. അത്തരത്തിലുള്ള ഏകാകിയെക്കുറിച്ചു മാത്രമാണ് എം.ടി എഴുതിയത്. എം.ടിയുടെ, സേതുവായാലും അസുരവിത്തിലെ നായകനായാലും ഇവരുടെയെല്ലാം വേറൊരു ലെയർ മാത്രമാണ് രണ്ടാമൂഴത്തിലെ ഭീമൻ. എപ്പോഴും എം.ടി കണ്ടെത്തിയത് അത്തരത്തിലുള്ള ദർപ്പണ സ്വഭാവമായിരുന്നു. ഏത് കഥാപാത്രങ്ങളിലും ഒരേ ചിത്രമായിരുന്നു പ്രതിഫലിച്ചത്. എന്നാൽ അതിന് അദ്ദേഹം ഭാഷ കൊണ്ട് നൽകിയ മിനുക്ക് ഗംഭീരമാണ്. രണ്ടാമൂഴത്തിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാഷ കുതിക്കുന്നതായി കാണാം. ഇതിഹാസത്തിന്റെ ഉള്ളിനെ പിടിക്കാൻ മലയാള ഭാഷ ഉപയോഗിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഭാഷയിലും ക്രാഫ്റ്റിലുമുള്ള ഈ പിടുത്തമാണ് അദ്ദേഹത്തെ അസാമാന്യ എഴുത്തുകാരനാക്കിയത്.
എല്ലാ സമയത്തും ഏകാകിയായ മനുഷ്യന്റെ മനസ്സിന്റെ അകത്തുള്ള വിചാരധാരയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. അത്തരമൊരു വിചാരധാര ഖസാഖിൽ വായിച്ചെടുക്കൽ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങൾക്ക് ആദ്യ പേജ് മുതൽ അവസാന പേജ് വരെ ഭീമന്റെ ബോധധാരയിലൂടെ സഞ്ചരിക്കാനാകും. ആ ഒരു ബോധധാരയിൽ നിന്ന് എം.ടി ഒരിക്കലും മാറി നടക്കുന്നില്ല. അതിൽ നിന്നും മാറിയൊരു ലോകം എം.ടിക്കില്ല. ആ ബോധധാര ഇടമുറിയാതെ പോകുന്നുണ്ട്. അതിന് ഒരു ആഖ്യാനഘടനയുണ്ട്. ആ തുടർച്ച തന്നെയാണ് എം. ടിയുടെ സിനിമകളും. ഇത് കൊണ്ടാണ് എം.ടി സിനിമയിലും വിജയിച്ചത്. നായകൻമാരുടെ ബോധധാരയെയും അവരുടെ മൂല്യങ്ങളെയും ഇടർച്ചകളെയുമാണ് എം.ടി സിനിമയിൽ കൊണ്ടുവന്നത്. അത്‌കൊണ്ട് തന്നെ മറ്റാരെക്കാളും വളരെ പെട്ടന്ന് മധ്യവർഗ ഭാവനക്കും മധ്യവർഗ ആസ്വാദനത്തിനും വളരെ പ്രിയതരമായി എം.ടി മാറി.

എം.ടി യുടെ സിനിമകൾ
വളരെ പെട്ടന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന വൺ ലൈനുകൾ എം.ടിയുടെ കഥയിലുണ്ട്. എം.ടി സിനിമയ്ക്കു വേണ്ടി എഴുതിയ സംഭാഷണങ്ങളെല്ലാം അത്രയും ഗാഢമായതാണ്. മമ്മൂട്ടി തന്നെ എന്നോട് പറഞ്ഞത്, ഈ ഡയലോഗുകളെല്ലാം എനിക്ക് പറയാൻ സാധിച്ചല്ലോ എന്നാണ്. ഇതിൽ നിന്ന് മാറിച്ചെയ്ത രണ്ട് സിനിമകൾ മോഹൻലാൽ ചെയ്ത താഴ്വാ രവും സദയവുമാണ്. സദയത്തിനെ നമുക്ക് പല രീതിയിൽ വായിക്കാനാകും. സത്യനാഥനായാലും താഴ് വാരത്തിലെ ബാലനായാലും വയലൻസിന്റെ രണ്ട് വേർഷനുകൾ അതിനുണ്ട്. വയലൻസിലൂടെയുള്ള മോക്ഷമാണ് സദയം. വയലൻസിലൂടെ പ്രതികാരം ചെയ്യലാണ് താഴ്വാരം. ഈ രണ്ട് സിനിമകളാണ് എം.ടി യുടെ തിരക്കഥകളിൽ വേറിട്ടു നിൽക്കുന്നതായി എനിക്ക് തോന്നിയത്. മറ്റെല്ലാം എം.ടിയൻ കഥകളാണ്. എന്നാൽ ഇത് രണ്ടും അങ്ങനെയല്ല. സദയത്തിലും എം.ടിയുടെ പ്രിയപ്പെട്ട, തിരസ്‌കൃതനായ ഏകാകിയായ നായകനുണ്ട്. പക്ഷെ അവിടെയും എം.ടിയുടെ സാധാരണയുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമായി മാനസികമായി അദ്ദേഹത്തിന്റെ പിടിവിട്ടുപോകുകയും ബ്രേക്ഡൗണാവുകയും ചെയ്യുന്നുണ്ട്. താഴ്വാരത്തിൽ പച്ചപ്പ് മാറി പ്രകൃതി തന്നെ സിനിമയിലെ വയലൻസിന് കൂട്ടുനിൽക്കുന്നതായി കാണാം. അതിന് ഭരതൻ എന്ന പ്രഗത്ഭനായ ഫിലിം മേക്കറുടെ സംഭാവനയുണ്ട്.
സദയം സിബി മലയിന്റെ ഏറ്റവും മികച്ച സിനിമ കൂടിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടവും സദയം എന്ന സിനിമയാണ്. അഴിക്കപ്പുറവും ഇപ്പുറവുമാണ് സദയത്തിലെ കഥാപാത്രങ്ങളുള്ളത്. ലോക്കപ്പിനകത്ത് കിടക്കുന്നയാളുടെ മാനസികവ്യാപാരങ്ങളെ ഇതിൽ കാണാം. ബഷീറിന്റെ മതിലുകളിൽ മനുഷ്യനെ വേർതിരിക്കുന്നത് മതിലുകളാണ്. പക്ഷെ അപ്പോഴും അയാൾക്ക് ആകാശം കാണാനും ചെടികളുമായി സംസാരിക്കാനും പൂവെറിയാനും പ്രേമിക്കാനും കഴിയുന്നുണ്ട്. എന്നാൽ സദയത്തിന് ഒരു സെല്ലിന്റെ അപ്പുറവും ഇപ്പുറവുമാണ് സത്യനാഥനും ലോകവും ഉള്ളത്. മുൻമാതൃകകളില്ലാത്ത, അതിന് ശേഷവും അത്തരത്തിലൊന്ന് സംഭവിക്കാത്ത സിനിമകളാണ് സദയവും താഴ് വാരവും.
കാപ്പിറ്റൽ മാർക്കറ്റിൽ എഴുത്തുകാരനുള്ള മൂല്യമാണ് ഇന്ന് കോഴിക്കോട് കാണുന്നത്. ബഷീർ മരിച്ച നാടാണിത്. പക്ഷെ എം.ടി മരിക്കുമ്പോൾ അത് വേറെയാണ്. വ്യത്യസ്ഥമായ ഒരു മൂല്യം ഉണ്ടാക്കിയ ആദ്യത്തെയും അവസാനത്തെയും എഴുത്തുകാരനായിരിക്കും എം.ടി. വ്യക്തിപരമായി എം.ടി സൃഷ്ടിച്ച ഒരു പ്രതീതിയുണ്ട്. അധികം സംസാരിക്കാത്ത, ആളുകൾക്ക് അടുത്തു പോകാൻ ഭയം തോന്നുന്ന ഒരു രീതി. പക്ഷെ അദ്ദേഹം ഇങ്ങനെയൊന്നുമല്ല, അദ്ദേഹത്തിനോട് ഞാൻ ഒരു പാട് സംസാരിച്ചിട്ടുണ്ട്.

എം.ടിയുടെ വായന
ഫിക്ഷൻ ഇത്രയും ഗംഭീരമായി വായിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. മാർക്കേസ് കേരളത്തിൽ ആദ്യം വായിച്ച ഒരാൾ എം.ടിയാണ്. ഞാനും എംടിയും വില്യം ഫോക്‌നെർനെ കുറിച്ച് കുറേ മുൻപ് സംസാരിച്ചിട്ടുണ്ട്. വില്യം ഫോക്‌നറെ കുറിച്ച് അമേരിക്കൻ ലിറ്ററേച്ചർ പഠിക്കുന്ന വിദ്യാർഥികൾക്കപ്പുറം ഒരു സാഹിത്യകാരനോ സാഹിത്യ വിമർശനകനോ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. ഏറ്റവും പുതിയ പുസ്തകങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമുള്ളയാളാണ് അഗത ക്രിസ്റ്റി. അഗത ക്രിസ്റ്റിയെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എഡ്ഗാർ അലൻ പോ ( edgar allan poe ) നെ കുറിച്ചും ഫാദർ ബ്രൗണിനെ കുറിച്ചുമെല്ലാം എം.ടി സംസാരിക്കുമായിരുന്നു. ജോൺ അപ്‌ഡേക്കിനെ കുറിച്ച് ആദ്യമായി കേട്ടത് എം.ടിയിൽ നിന്നാണെന്ന് എന്നോട് ഒരു സാഹിത്യകാരൻ തന്നെ പറഞ്ഞിരുന്നു. അതിലൊന്നും ഒരതിശയവും തോന്നേണ്ടതില്ല. കാരണം ഇത്രയധികം വിശാലമായതാണ് എം.ടിയുടെ വായന. വായിക്കുന്നത് ഗംഭീരമായി അദ്ദേഹത്തിന് മനസിലാവുകയും ചെയ്യും. കാഥികന്റെ പണിപ്പുരയെന്ന എം. ടി യുടെ പുസ്തകമാണ് ഷോർട്ട് സ്‌റ്റോറിയുടെ ക്രാഫ്റ്റിനെ കുറിച്ച് മലയാളത്തിൽ വന്നിട്ടുള്ള ഏറ്റവും നല്ല പുസ്തകം.

മതനിരപേക്ഷയുടെ പക്ഷത്ത് നിന്ന് സംസാരിക്കാൻ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. എഴുത്തുകാരൻ ഒരു ആക്ടിവിസ്റ്റെന്ന നിലയിൽ ഇറങ്ങേണ്ട സമയത്ത് ഇറങ്ങി പ്രവർത്തിക്കേണ്ടവനാണെന്ന ബോധ്യമുള്ളവനും എഴുത്തുകാരുമായി നല്ല ബന്ധം നിലനിർത്തിയ ആളുമായിരുന്നു അദ്ദേഹം. ബഷീറുമായും ഒ.എൻ.വിയുമായും അയ്യപ്പപ്പണിക്കരുമായും എം.ടിക്ക് ഏറ്റവും നല്ല ആത്മബന്ധം ഉണ്ടായിരുന്നു. ആധുനിക കവിതയുടെ മൂവ്‌മെന്റുമായി അയ്യപ്പണിക്കർ വന്നപ്പോൾ അദ്ദേഹവുമായി ഏറ്റവുമധികം സംവദിച്ചതും എം.ടി ആയിരുന്നു. ആധുനികരാണ് അദ്ദേഹത്തെ ഏറ്റവുമധികം വിമർശിച്ചതെങ്കിലും അദ്ദേഹം ഒരു ആധുനിക വിരുദ്ധനായിരുന്നില്ല. എം.ടി ക്ക് ശേഷം മലയാളത്തിൽ വന്ന മൂവ്‌മെന്റുമായി ഏറ്റവുമധികം അടുത്തുനിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എം.ടി യെപോലൊരാൾ ഇനി ഉണ്ടാകാനും സാധ്യതയില്ല. ഒരുപക്ഷെ അദ്ദേഹം ഏറ്റവും വലിയ എഴുത്തുകാരനോ ഏറ്റവും മഹാനായ കലാകാരനോ ആയിരിക്കില്ല. പക്ഷെ പല അടരുകളിലും വ്യവഹാരങ്ങളിലും ഇടപെടുകയും അതിലെല്ലാം മുദ്രപതിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം. എം.ടിയുടെ എഴുത്തുകളോട് റിലേറ്റ് ചെയ്തത് പോലെ മറ്റാരുടെ എഴുത്തിനോടും മലയാളി ഭാവുകത്വം ചേർന്ന് നിന്നിട്ടില്ല.