ചിത്രീകരണം : ദേവപ്രകാശ്

ഉണക്കമീൻ മണമുള്ള മുനിയമ്മ

വെറും മനുഷ്യർ- 5

മുനിയമ്മാ... ഒരു കഥയിലും ഇടം കിട്ടാത്ത, ഒരു രേഖയിലും പേരില്ലാത്ത നിങ്ങളുടെ ജീവിതത്തെ ഞാൻ എങ്ങനെയാണ് എന്റെ വികല ഭാഷയിലേക്ക് പകർത്തുക...?

കുമാരപുരത്തിനും തക്കലക്കും അപ്പുറം കുളച്ചിലിൽ നിന്നാണ് മുനിയമ്മ തലയിൽ ഉണക്കമീൻ കൊട്ടയും ചുമന്ന് നടന്നുവന്നത്.
അക്കണ്ട ദൂരമത്രയും നടക്കുന്നതിനിടയിൽ സന്ധ്യയായാൽ അവർ പരിചയമുള്ള ഏതെങ്കിലും വീട്ടിൽ അന്തിയുറങ്ങും.
രണ്ട് പകലുകളിലെ നടത്തത്തിനുശേഷം മുനിയമ്മ പെരും ചിലമ്പിലെത്തുമ്പോൾ ഞങ്ങളുടെ വീട്ടിലാണ് അന്തിയുറങ്ങാറ്.
മുനിയമ്മയുടെ കൊട്ടക്കും ചേലക്കും തലമുടിക്കും ചുവന്ന പൊട്ടിനുമൊക്കെ ഉണക്കമീനിന്റെ മണമാണ്. നടക്കുന്ന ദൂരങ്ങളിലൊക്കെയും അവർ ഉറക്കെ വിളിച്ചു പറയും.
‘കരുവാടോയ് .... കരുവാട്....'
ഞങ്ങളുടെ വീട്ടിലെത്തുമ്പോൾ അവരുടെ കുട്ടയിൽ ഉണക്കമീനുണ്ടാവും. പുലർച്ചെ എഴുന്നേറ്റ് വേളിമലയോളം നടന്ന് അവിടെ മീൻ മുഴുവൻ വിറ്റഴിച്ച് മുനിയമ്മ പെരും ചിലമ്പിൽ നിന്നും കുളച്ചിലിലേക്ക് ബസ് കയറും. ഉണക്കമീനിന്റെ മണമുള്ള ചുവന്ന പണക്കിഴി അരയിൽ തൂങ്ങിക്കിടക്കും.

ജീവിതകാലമത്രയും മറക്കാതിരിക്കാൻ എന്റെ വലത്തേ ചൂണ്ടുവിരലിൽ മുനിയമ്മ അടയാളപ്പെട്ട് കിടപ്പുണ്ട്.

വളരെ ചെറുപ്പത്തിൽ എന്റെ വലത്തേ കയ്യിലെ ചൂണ്ടുവിരലിന്റെ നഖത്തിനുണ്ടായ പുഴുക്കുത്തിൽ ഞാൻ അലറി കരഞ്ഞപ്പോൾ മുനിയമ്മയാണ് ചികിത്സിച്ചത്. പാലൈവനം ഉസ്താദ് മന്ത്രിച്ചൂതിയിട്ടും മാറാത്ത ആ ശൈത്താൻ കുത്ത് മുനിയമ്മ കള്ളിപ്പാല് കൊണ്ട് മാറ്റി. സംഗതി മാറിയോന്ന് ചോദിച്ചാൽ അറിയില്ല. എന്റെയാ വിരലിന്റെ നഖം ഇപ്പോഴും ഒരു പ്രത്യേക രൂപത്തിൽ ഏതാണ്ട് തത്തമ്മച്ചുണ്ട് പോലെ വളഞ്ഞാണ് വളരുന്നത്.
മുനിയമ്മക്ക് ഓരോ വരവിലും തന്റെ ചികിത്സ ഫലിച്ചോന്നറിയാൻ വിരൽ കാണിച്ച് കാണിച്ച് വേദന മാറി മുറിവുണങ്ങിയിട്ടും അവരെ കാണുമ്പോൾ പിന്നെയും കുറേകാലം ഞാൻ ചൂണ്ടുവിരൽ നീട്ടി കാണിച്ചിരുന്നു. ജീവിതകാലമത്രയും മറക്കാതിരിക്കാൻ എന്റെ വലത്തേ ചൂണ്ടുവിരലിൽ മുനിയമ്മ അടയാളപ്പെട്ട് കിടപ്പുണ്ട്.

ഉമ്മാന്റെ ഏറ്റവുമടുത്ത കൂട്ടുകാരി മുനിയമ്മയായിരുന്നു.
അവർ ആഴ്ചയിലൊരിക്കൽ വീട്ടിൽ അന്തിയുറങ്ങുമ്പോൾ ഉമ്മയും അവരും ഒരു പനമ്പായയിൽ ഒന്നിച്ചാണ് കിടക്കാറ്. അല്ലാത്തപ്പോഴൊക്കെ അടുക്കളയിലെ മൺതറയിൽ പഴയൊരു പുള്ളിത്തുണി വിരിച്ച് തലയണ പോലുമില്ലാതെയാണ് ഉമ്മ ഉറങ്ങിയത്. ഉമ്മയും മുനിയമ്മയും നേരം പുലരുവോളം സംസാരിക്കും. രണ്ടുപേർക്കും പങ്കുവെക്കാൻ ഏറെ സങ്കടങ്ങൾ ഉണ്ടായിരുന്നു.
മുനിയമ്മയുടെ മൂന്ന് മക്കൾ പ്രസവത്തിലേ മരിച്ചു. നാലാമതായി ഭൂമി കണ്ട പെൺകുട്ടിക്ക് കാഴ്ച ഇല്ലായിരുന്നു. തനിക്കും മകൾക്കുമിടയിൽ ഇരുളും വെളിച്ചവും ഒളിച്ചുകളി നടത്തുന്നതിന്റെ സങ്കടമത്രയും മുനിയമ്മ ഉമ്മാനോട് പറഞ്ഞുതീർക്കും.

മുനിയമ്മയുടെ ഉണക്കമീൻ മണം ഉമ്മാന്റെത് കൂടിയായി മാറി. ഞങ്ങളുടെ വിശപ്പിന്റെ ദുഃഖമത്രയും കനത്ത് കിടന്ന ഉമ്മാന്റെ നെഞ്ച് മുനിയമ്മയുടേതായി മാറി.

ഉമ്മ പറയുന്നത് മുനിയമ്മയ്‌ക്കോ മുനിയമ്മ പറയുന്നത് ഉമ്മാക്കോ മനസ്സിലാവില്ല. എന്നിട്ടും അവർ പരസ്പരം തങ്ങളുടെ തീരാദുരിതങ്ങൾ പങ്കുവെച്ചു. കണ്ണീരിനും വിശപ്പിനും വേദനകൾക്കും എക്കാലത്തും ഒരേ ഭാഷയാണല്ലോ... ആ ഭാഷയിലൂടെ അവർ സംവദിച്ചു. മുനിയമ്മയുടെ ഉണക്കമീൻ മണം ഉമ്മാന്റെത് കൂടിയായി മാറി. ഞങ്ങളുടെ വിശപ്പിന്റെ ദുഃഖമത്രയും കനത്ത് കിടന്ന ഉമ്മാന്റെ നെഞ്ച് മുനിയമ്മയുടേതായി മാറി.
തന്റെ നാട്ടിൽ താൻ എത്ര സുഖമായിട്ടാണ് ജീവിച്ചതെന്ന് ഉമ്മ അവരോട് പറയും. പറയാൻ അത്തരത്തിലൊരു ഭൂതകാലമില്ലാത്ത മുനിയമ്മ തനിക്ക് നഷ്ടമായ മക്കളെക്കുറിച്ച് പറയും. ഗർഭകാലത്ത് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് പറയും. ഭർത്താവിന്റെ തൊഴി കൊണ്ടിട്ടാണ് തന്റെ മൂന്നുമക്കളും ഭൂമി കാണാതെ പോയതെന്ന സത്യം പറയും. ആ അറിവിൽ ഉമ്മയും മുനിയമ്മയും നിശബ്ദമായി കരയും.

എന്തുവന്നാലും കുളച്ചിലിലെ വീട്ടിലെത്തിയിട്ട് മാത്രമേ മുനിയമ്മ കുളിച്ചുള്ളൂ. വിയർപ്പും ഉണക്കമീനും തീർക്കുന്ന ആ ഗന്ധമില്ലാതെ മുനിയമ്മയെ ഓർത്തെടുക്കാനാവില്ല. എന്റെയും അനിയന്റെയും ശരീരത്തിന്റെ അവസ്ഥ കണ്ട് അത് പോഷിപ്പിക്കാൻ മുനിയമ്മയാണ് ഒച്ചിന്റെ ഇറച്ചി വിധിച്ചത്. ഒച്ചിന്റെ തോട് കളഞ്ഞ് ആ ഇറച്ചി ഉപ്പും മഞ്ഞപ്പൊടിയും മാത്രമിട്ട് വേവിച്ച് തിന്നാൽ തടി നന്നാവുമെന്ന അറിവ് മുനിയമ്മയ്ക്ക് എവിടുന്നാണ് കിട്ടിയതെന്നറിയില്ല. കുളങ്ങളിൽ നിന്ന് ഏട്ടന്മാർ ഒച്ചുകളെ പിടിച്ചുകൊണ്ട് വന്നു. ഉമ്മ അതിന്റെ തോട് പൊളിച്ച് വഴുവഴപ്പുള്ള ഇറച്ചിയെടുത്ത് ഉപ്പും മഞ്ഞപ്പൊടിയുമിട്ട് വേവിച്ച് തന്നു. ആദ്യത്തെ തീറ്റയിൽ തന്നെ അനിയൻ അത് ചർദ്ദിച്ചു. ഓക്കാനിച്ചെങ്കിലും ഞാൻ ചർദ്ദിച്ചില്ല. അനിയന്റെ ഓഹരി കൂടി തിന്നു. ശരീരം പുഷ്ടിപ്പെടാനല്ല തിന്നത്. വിശപ്പ് മാറാനാണ് തിന്നത്. എന്റെ തീറ്റ കണ്ട് ഏട്ടൻമാരും പെങ്ങൻമാരും ഒച്ചിറച്ചി ഒന്ന് രുചിച്ചു നോക്കി. അവർക്കും മനം പിരട്ടി. എനിക്ക് പിരട്ടാൻ മനം ഉണ്ടായിരുന്നില്ല. കത്തുന്ന വയറിന് സാന്ത്വനമായി ഒച്ചുകൾ പാതി വേവോടെ എന്റെ വയറിലേക്ക് ഇറങ്ങിപ്പോയി.

തങ്കരാജിനോട് പോലും ഞാനീ തീറ്റക്കാര്യം പറഞ്ഞില്ല. ആ ഇറച്ചിക്ക് രുചി ഉണ്ടായിരുന്നു. വിശപ്പാണ് രുചി നിർണ്ണയിക്കുന്നതെന്ന വിലപ്പെട്ട അറിവുണ്ടായത് ആ ഇറച്ചി തീറ്റയിൽ നിന്നാണ്. എനിക്കുവേണ്ടി ഒച്ചുകൾ കൊല്ലപ്പെട്ടു. തിന്നുതിന്ന് കുളത്തിലെ ഒച്ചിന് വംശനാശം സംഭവിക്കാറായിട്ടും എന്റെ ശരീരം പുഷ്ടിപ്പെട്ടില്ല. വിശപ്പ് ഒടുങ്ങിയില്ല.

തന്റെ ദേഷ്യവും തെറിയും കണ്ടും കേട്ടും നിൽക്കുന്ന ആ വീട്ടിലെ കുട്ടികളുടെ മുഖം കാണുമ്പോൾ മുനിയമ്മ മറ്റെല്ലാം മറക്കും. ആർക്കും കൊടുക്കാനാവാതെ, താൻ പിഴിഞ്ഞുകളഞ്ഞ മുലപ്പാലിനെ ഓർക്കും. ആ വേദനകളത്രയും കരുവാടിന്റെ മണവുമായി മുനിയമ്മയെ പൊതിയും

അടുത്ത പടിയായി റബ്ബർ കുരു വേവിച്ച് കുത്തിയുടച്ച് അതിൽ കോഴിമുട്ട കലക്കി ഒഴിച്ച സാധനം തിന്നാനാണ് മുനിയമ്മ ഡോക്ടർ വിധിച്ചത്. ഉമ്മ ഏറെ പ്രയാസപ്പെട്ട് സംഘടിപ്പിച്ച കോഴിമുട്ട ഒഴിച്ച ആ സാധനം അതിന്റെ മണം കൊണ്ട് എന്നെ തോൽപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ പിന്മാറിയില്ല. അനിയൻ അതും ചർദ്ദിച്ചപ്പോൾ ഞാൻ മൂന്ന് ദിവസം തുടർച്ചയായി അത് തിന്നു.
തിന്ന് കഴിഞ്ഞാൽ വയറാകെ പുകയും. ഉടൻ പറമ്പിലേക്കോടും. വയറാകെ ഇളക്കി മറിച്ച് റബ്ബർ കുരു തിന്നപടി തൂറിപ്പോവും. കോഴിമുട്ട കിട്ടാത്തതിനാൽ ആ വിഭവവും ഇല്ലാതെയായി. എങ്കിലും ആരോഗ്യമില്ലാത്ത കുട്ടിയെന്ന നിലയിൽ ഉമ്മാന്റെ മനസിൽ എനിക്ക് പ്രത്യേക കരുതലുണ്ടായിരുന്നു. എല്ലാ മുറുമുറുപ്പുകളെയും അവഗണിച്ച് ഒരു പിടി ചോറായും അര തവി കഞ്ഞിയായും മത്തി തലകളായും ഉമ്മാന്റെ ആ കരുതൽ എന്റെ പാത്രത്തിൽ കാലങ്ങളോളം വീഴുക തന്നെ ചെയ്തു.

മുനിയമ്മയ്ക്ക് പലരും മീൻകാശ് കൊടുക്കാനുണ്ടാവും, എന്നാലും മുനിയമ്മ അവർക്ക് മീൻ കൊടുക്കും. പറ്റ് കൂടി കൂടി വരുന്നതിനെ പറ്റി അവരെ ഓർമ്മിപ്പിക്കും. ഒട്ടും കാശ് കൊടുക്കാത്തവരെ നല്ല ഉണക്കമീനിന്റെ മണമുള്ള തെറി പറയും.
തന്റെ ദേഷ്യവും തെറിയും കണ്ടും കേട്ടും നിൽക്കുന്ന ആ വീട്ടിലെ കുട്ടികളുടെ മുഖം കാണുമ്പോൾ മുനിയമ്മ മറ്റെല്ലാം മറക്കും. ആർക്കും കൊടുക്കാനാവാതെ, താൻ പിഴിഞ്ഞുകളഞ്ഞ മുലപ്പാലിനെ ഓർക്കും. ആ വേദനകളത്രയും കരുവാടിന്റെ മണവുമായി മുനിയമ്മയെ പൊതിയും. നിറഞ്ഞ കണ്ണുകൾ തുടച്ച് തന്റെ മുമ്പിൽ ഉടുക്കാ കുണ്ടികളായി നിൽക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് അവർക്ക് മുനിയമ്മ നാണയങ്ങൾ കൊടുക്കും. സുലഭമായി മീനും കൊടുക്കും. അന്നേരം കുളച്ചിലിലെ വീട്ടിൽ സിമന്റടർന്ന ചുമര് പിടിച്ച് നടക്കുന്ന തന്റെ മകളെ മുനിയമ്മ ഓർക്കും. ഭർത്താവിന്റെ ചാരായ തൊഴികളെ ഓർക്കും. രക്തത്തെ മുലപ്പാലാക്കി മാറ്റിയ തന്റെ മുലകളെ തൊടാത്ത ഇളം ചുണ്ടുകളെ ഓർക്കും. ആ ചുണ്ടുകളെ ചുടുകാട്ടിലേക്ക് പനമ്പട്ടയിൽ പൊതിഞ്ഞുകൊണ്ട് പോയത് ഓർക്കും.

മുനിയമ്മയുടെ ബലഹീനത മുതലെടുത്ത് പലരും അവരെ പറ്റിച്ചു. എഴുത്തും വായനയും അറിയാത്ത മുനിയമ്മ സ്വന്തമായി കണക്കുപുസ്തകം സൂക്ഷിച്ചില്ല. പറ്റുകാർ തന്നെ അവരവരുടെ വീടിന്റെ മൺചുമരുകളിൽ കരുവാടിന്റെ കണക്ക് കുറിച്ചിട്ടു. അടുത്ത തവണ മുനിയമ്മ വരുമ്പോൾ ചുമർ കണക്കുകളിലെ മുകളിലത്തെ രണ്ട് മൂന്ന് സംഖ്യകൾ മാഞ്ഞിട്ടുണ്ടാവും. അവിടെ തെളിഞ്ഞ് കാണുന്ന നഖപ്പാടുകൾ മുനിയമ്മയോട് കണക്കിലെ കളികളെക്കുറിച്ച് പറഞ്ഞു. എല്ലാ കണക്കുകളും പിഴച്ചുപോവുന്ന ജീവിതമെന്ന വലിയ കണക്കിന്റെ ഭാരവുമായി മുനിയമ്മ കരുവാട് കൊട്ട ചുമന്നു. തന്റെ മുമ്പിൽ നീണ്ടു കിടക്കുന്ന വെയിൽപ്പാതകളിൽ ഉറക്കെ വിളിച്ചുപറഞ്ഞു.
‘കരുവാടോയ്.... കരുവാട്....'

കാലങ്ങൾക്കുശേഷം ഞാനവരെ കണ്ടെത്തുമ്പോൾ മുനിയമ്മ വെറും എല്ലും തോലുമായി തക്കലയിലെ ക്രിസ്ത്യൻ മഠത്തിലെ വൃദ്ധസദനത്തിൽ വൃത്തിയുള്ള വെള്ള സാരിയുമുടുത്ത് നിന്നു. നെറ്റിയിൽ ആ ചുവന്ന പൊട്ട് ഇല്ലായിരുന്നു. കയ്യിൽ ജപമാല ഉണ്ടായിരുന്നു.

ചാരായ ലഹരി തൊഴിക്കാൻ നോക്കിയപ്പോൾ അതിന് തടസ്സം നിന്ന കണ്ണ് കാണാത്ത മകളുടെ നെഞ്ചിൽ ആ തൊഴി കൊണ്ടു. അവൾ നിലത്ത് വീണു. പിന്നെ എണീറ്റതേയില്ല. അവളുടെ ശരീരം കീറി മുറിക്കാൻ കൊണ്ട് പോയി. ലഹരികളെല്ലാം ഒഴിഞ്ഞ് കയ്യിൽ വിലങ്ങുമായി ഭർത്താവ് ജയിൽവാസത്തിനും പോയി. പാടെ തനിച്ചായിപ്പോയ മുനിയമ്മ പിന്നെ കരുവാട് കൊട്ട ചുമന്നില്ല. മീൻ മൊത്തമായി കൊടുത്തിരുന്ന കുളച്ചിലിലെ വ്യാപാരി ചുരുങ്ങിയ കടത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്നിറക്കി വിട്ടു.
ആരോടാണ് അവർ സങ്കടം പറയേണ്ടത്...?
ഏത് തീ പാതയിലൂടെയാണ് അവരിനിയും നടക്കേണ്ടത്...?

നന്നേ ചെറുപ്പത്തിൽ കള്ളിപ്പാല് തേച്ച് അവരെനിക്ക് തന്ന ചൂണ്ടുവിരലടയാളം ഞാനവർക്ക് നേരെ നീട്ടി. ഏതൊക്കെയോ പെരുമഴകൾ അവരുടെ ഉള്ളിൽ പെയ്തിരിക്കണം. ചന്ദനത്തിരികളുടെ മണമുള്ള ആ ഹാളിൽ കാലങ്ങൾക്കുശേഷം അവരെന്റെ ചൂണ്ടുവിരലിൽ തൊട്ടു

ഭൂമി കാണാതെ പോയ മൂന്നുമക്കളുടെയും ഭൂമി കണ്ടിട്ടും കണ്ണിൽ വെളിച്ചമില്ലാതെ ഇരുപത്തൊന്ന് വർഷം ഭൂമിയിൽ ജീവിച്ച് അപ്പന്റെ തൊഴിയേറ്റ് മരിച്ച ചിലമ്പരശിയുടെയും കഥ ആരാണ് പറയുക...? ഏത് ചരിത്ര രേഖകളിലാണ് ചിലമ്പരശിമാരെയും മുനിയമ്മമാരെയും നാം തിരയുക...? പക്ഷി പറക്കൽ പോലെ അടയാളപ്പെടാതെ പോവുന്ന ജീവിതങ്ങളെ ഏത് ഭാഷയിലേക്കാണ് പകർത്തുക...?
കയ്യിലുള്ള ജപമാല മണികൾ ഉരുട്ടി മുനിയമ്മ എന്റെ മുമ്പിൽ നിന്നു. ആ കണ്ണുകളിൽ ഒരുപാട് അമ്മദുഃഖങ്ങൾ തിരയിളകുന്നത് ഞാൻ കണ്ടു. നന്നേ ചെറുപ്പത്തിൽ കള്ളിപ്പാല് തേച്ച് അവരെനിക്ക് തന്ന ചൂണ്ടുവിരലടയാളം ഞാനവർക്ക് നേരെ നീട്ടി. ഏതൊക്കെയോ പെരുമഴകൾ അവരുടെ ഉള്ളിൽ പെയ്തിരിക്കണം. ചന്ദനത്തിരികളുടെ മണമുള്ള ആ ഹാളിൽ കാലങ്ങൾക്കുശേഷം അവരെന്റെ ചൂണ്ടുവിരലിൽ തൊട്ടു. ഒച്ചിറച്ചിയുടെ രുചി എന്റെ നാവിലല്ല അപ്പോൾ ഊറിയത്.
‘‘എത്ക്ക്ടാ രാസാ അള്കിറേ.....?''
എനിക്ക് കരയണമായിരുന്നു. പരിസരം മറന്ന് ചൂണ്ടുവിരൽ നീട്ടിപ്പിടിച്ച് ഞാൻ ഉറക്കെയുറക്കെ കരഞ്ഞു. കള്ളിപ്പാലിന്റെ നീറ്റലോടെ അവരുടെ കണ്ണുനീർ എന്റെ വിരലിൽ വീണ് പൊള്ളി.
മുനിയമ്മാ... ഒരു കഥയിലും ഇടം കിട്ടാത്ത, ഒരു രേഖയിലും പേരില്ലാത്ത നിങ്ങളുടെ ജീവിതത്തെ ഞാൻ എങ്ങനെയാണ് എന്റെ വികല ഭാഷയിലേക്ക് പകർത്തുക...?
വിശപ്പിനും കണ്ണീരിനും ദുഃഖങ്ങൾക്കും ഭാഷയില്ലെന്ന് നന്നേ ചെറുപ്പത്തിലേ നിങ്ങളെന്നെ പഠിപ്പിച്ചു.

എന്റെയുമ്മ ഓർമവാതിലുകൾ അടയുന്നതുവരെ നിങ്ങളെ സ്‌നേഹത്തോടെ ഓർത്തിരുന്നു. എന്റെയീ ചൂണ്ടുവിരലിന്റെ തത്തമ്മച്ചുണ്ടിൽ എന്റെയുമ്മ ചുംബിച്ചതൊക്കെയും നിങ്ങൾക്കുവേണ്ടിയായിരുന്നു. ഓരോ ഉണക്കമീൻ ഗന്ധത്തിലും എന്റെയുമ്മ നിങ്ങളെ ഓർത്തിരുന്നു. പരസ്പരം കാണാനാവാത്ത ജീവിത ദൂരങ്ങളിൽ രണ്ട് അമ്മമാർ നിൽക്കുകയാണ്. നടുവിൽ ഞാനെന്ന കുട്ടി എന്റെയീ വലത്തേ കയ്യിന്റെ ചുണ്ട് വിരലിൽ പെന്നും പിടിച്ച് ഇനിയൊരു വാക്കു പോലും എഴുതാനാവാതെ നിലവിളിയുടെ വക്കത്ത് നിൽക്കുകയാണ്. എത്ക്ക്ടാ അള്‌റാ രാസാ എന്ന് ചോദിക്കാൻ എന്റെ മുമ്പിൽ ഇപ്പോൾ മുനിയമ്മയില്ല.▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments