ചിത്രീകരണം: ദേവപ്രകാശ്

താത്തയുടെ ശരീരം വെളിച്ചം പൂക്ക്ണ മരമായി മാറി

വെറും മനുഷ്യർ- 7

വെളിച്ചം പൂക്കുന്ന ആ മരം നിന്നത് ശെൽവമണിയുടെ വീട്ട് മുറ്റത്തായിരുന്നു. ആ ശെൽവ മണിയോടൊപ്പമാണ് എല്ലാ ഭ്രാന്തുകളെയും ഒഴിവാക്കി താത്ത ജീവിക്കാൻ പോയത്.

നിയാഴ്ച സ്‌കൂൾ വിട്ടുവന്നാൽ ഞാൻ പലപ്പോഴും വേളിമലയിലേക്കോടും.
അവിടെ ഉപ്പാന്റെ ബന്ധുവായ ഒരമ്മാവനും അമ്മായിയും അവരുടെ മകളുമാണ് താമസം.

​അമ്മാവന് വേളിമല എസ്റ്റേറ്റിൽ ടാപ്പിങ്ങാണ് പണി.
മൂപ്പർക്ക് ശമ്പളവും ബോണസും അലവൻസും മഴക്കാലത്ത് കുടയും പുതപ്പുമൊക്കെ കിട്ടുമായിരുന്നു. താമസിക്കാൻ പാടിയുണ്ട്. ഓടിട്ട കെട്ടിടം. ഓരോ കെട്ടിടങ്ങളിലും ഒമ്പത് കുടുംബങ്ങൾ താമസിച്ചു.

ഉച്ചമയക്കം തേടുന്ന റബ്ബർ തോട്ടങ്ങൾക്കു നടുവിലെ ആ കെട്ടിടങ്ങൾ നീണ്ട ഖബറുകൾ പോലെയാണ് എനിക്ക് തോന്നിയത്. ഓരോ അറയിലും ഒരുപാട് ജീവിതങ്ങൾ. വരുമാനം ഒരേപോലെയായതുകൊണ്ട് അവർക്കിടയിൽ ദാരിദ്ര്യത്തിന്റെ സമത്വം നിലനിന്നു. ചാരായം മോന്തി കച്ചറയുണ്ടാക്കിയാൽ സൂപ്പർവൈസർ ഇടപെടും. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ആഴ്ചശമ്പളത്തിൽ നിന്ന് കടം കിട്ടും. പലർക്കും ആഴ്ചവട്ടം പൂർത്തിയാകുമ്പോൾ കാര്യമായിട്ടൊന്നും ബാക്കിയുണ്ടാവില്ല.

താത്താക്ക് എന്നേക്കാൾ നാലഞ്ച് വയസ്സിന് മൂപ്പുണ്ട്. ഞാനവിടെ എത്തുമ്പോൾ ഒന്നുകിൽ അവളാ പടവുകൾ താഴേക്കിറങ്ങും, ഇല്ലെങ്കിൽ ഞാനാ പടവുകൾ മുകളിലേക്കുകയറും. ഞങ്ങൾക്കിടയിൽ പ്രായം മതിലായി മാറിയില്ല.

അമ്മായിക്ക് ഭ്രാന്താണ്.
ദൂരെ നിന്നേ അവരുടെ ഒച്ചപ്പാട് കേൾക്കാം.
പാടിയിലെ നടുമുറിയിൽ കട്ടിലിലാണ് വാസം.
കട്ടിൽ കാലിൽ കൊളുത്തിയ ചങ്ങലയുടെ മറ്റേ അറ്റം സ്വന്തം കാലിൽ കൊളുത്തിയിട്ട് അമ്മായി കിടക്കും. താത്ത വാരി കൊടുക്കുന്ന ചോറ് ചിലപ്പോ തിന്നും.

ചിലപ്പോ താത്താന്റെ മുഖത്തേക്ക് തുപ്പും. അമ്മായി ഉറക്കെ ചിരിക്കും, പാട്ടുപാടും. പാടുന്ന പാട്ടുകൾ മടുക്കുമ്പോൾ സ്വയം പാട്ടുണ്ടാക്കി സ്വന്തം ഈണത്തിൽ പാടും. ഉന്മാദത്തിന്റെ ആ പാട്ടുകൾ രാത്രികളിലും കേൾക്കാം. ആദ്യമൊക്കെ എനിക്ക് അമ്മായിയെ പേടിയായിരുന്നു. പിന്നെ താത്തയും അമ്മാവനും പേടിക്കാത്ത അമ്മായിയെ ഞാനെന്തിന് പേടിക്കണം എന്ന ദുർബലമായ ഉറപ്പിൽ ഞാനും അവർക്ക് ചോറ് വാരി കൊടുത്തു.

അമ്മാവൻ ടാപ്പിംങ് കഴിഞ്ഞുവന്നാൽ കുളിയൊക്കെ കഴിച്ച് തസ്ബി മാല കയ്യിലെടുക്കും. എന്നിട്ട് എനിക്കറിയാത്ത ദിക്‌റുകൾ ഉറക്കെ ചൊല്ലും. ഉച്ച നമസ്‌ക്കാരം കഴിഞ്ഞ് ചോറും തിന്ന് ആ ആഴ്ചത്തെ മന്ത്രവാദിയെ തിരഞ്ഞ് അമ്മാവൻ മലയിറങ്ങും.

പുതിയ പുതിയ മന്ത്രവാദികൾ വന്നു. പുതിയ പുതിയ പൂജകൾ നടന്നു. നാട്ടിലൊന്നും കേൾക്കാത്ത മന്ത്രങ്ങൾ പാടിയിൽ മുഴങ്ങി. അമ്മായിക്കായി നടത്തിയ പൂജകളും പ്രാർഥനാ മന്ത്രങ്ങളും അമ്മായിയെ സ്പർശിച്ചില്ല.

ഓരോ ആഴ്ചയും പുതിയ പുതിയ മന്ത്രവാദികൾ വന്നു. പാലൈവനം ഉസ്താദാണ് ആദ്യമൊക്കെ അമ്മായിയെ മന്ത്രിച്ചൂതി ചികിത്സിച്ചിരുന്നത്. ഊത്തും മന്ത്രവും നടക്കുന്ന ഒരു സമയത്ത് അമ്മായി തികഞ്ഞ ബോധത്തിലേക്ക് ഉണർന്ന് പാലൈവനത്തിനെ ആക്രമിച്ചു. മൂപ്പരുടെ കയ്യിലെ ഖിതാബും തസ്ബി മാലയും വാങ്ങി വലിച്ചെറിഞ്ഞു. "പോയി ബാങ്ക് കൊട്‌ക്കെടാ നായിന്റെ മോനെന്നു' പറഞ്ഞ് രണ്ടുകരണത്തും മാറി മാറി അടിച്ചു. അമ്പരന്നുപോയ ഉസ്താദ് ചുവരിലെ ക്ലോക്കിൽ നോക്കിയപ്പോൾ മഗ്‌രിബ് ബാങ്ക് കൊടുക്കേണ്ട കൃത്യസമയമാണ്. തന്നെ ചതിച്ച അമ്പിയാ ഔലിയാക്കളെ മനസ്സിൽ പ്രാകിക്കൊണ്ട് അമ്മാവനോട് അമ്മായിയെ ചങ്ങലക്കിടാൻ പറഞ്ഞുകൊണ്ട് ഉസ്താദ് മലയിറങ്ങി. അന്നുമുതലാണ് അമ്മായിയുടെ കാലിൽ ചങ്ങല വീണത്.

പുതിയ പുതിയ മന്ത്രവാദികൾ വന്നു. പുതിയ പുതിയ പൂജകൾ നടന്നു. നാട്ടിലൊന്നും കേൾക്കാത്ത മന്ത്രങ്ങൾ പാടിയിൽ മുഴങ്ങി. അമ്മായിക്കായി നടത്തിയ പൂജകളും പ്രാർഥനാ മന്ത്രങ്ങളും അമ്മായിയെ സ്പർശിച്ചില്ല. അവർ മറ്റൊരു ലോകത്തായിരുന്നു. ദൈവങ്ങൾക്ക് പോലും ഇടമില്ലാത്ത ഉൻമാദത്തിന്റെ ലോകമായിരുന്നു അത്.

പാടിയുടെ മുമ്പിലെ സമതലം അവസാനിക്കുന്നിടത്ത് ഒക്കാലിമല തുടങ്ങും. തട്ടുതട്ടുകളായി ആകാശം കയറി പോവുന്ന മലകളുടെ ഒരു കൂട്ടത്തെയാണ് വേളിമല എന്നുവിളിച്ചത്. പാടിയുടെ പിറകിൽ ചെന്ന് നിന്നാൽ താഴെ... താഴെക്കും താഴെ ചെടയാറും ബസ് സ്റ്റാന്റും സ്‌കൂളും നെൽപ്പാടങ്ങളും വെറും കളിപ്പാട്ടങ്ങളായി ചുരുങ്ങുന്നതുകാണാം.

ഒരുപാട് ദിവസത്തെ എന്റെ അപേക്ഷയ്ക്കും മാന്തിപ്പറിക്കലുകൾക്കും ശേഷമാണ് എന്നെയും കൊണ്ട് ഒക്കാലിമല കയറാൻ താത്ത സമ്മതിച്ചത്.
അമ്മായി ഉച്ചമയക്കത്തിന്റെ ഉണർച്ചയിൽ അലമുറയിട്ടു. അമ്മാവൻ മന്ത്രവാദിയെ തേടി മലയിറങ്ങി. ചുറ്റും കടും പച്ചയണിഞ്ഞ അന്തരീക്ഷത്തിന് മുകളിൽ ആകാശം കറുത്തുനിന്നു.

""എടാ മഴ പെയ്യും...''""അതിന് ഇത് മഴക്കാലല്ലല്ലോ...'' ഞാൻ പറഞ്ഞു.""ന്നാ വാ...''
അതും പറഞ്ഞ് പാടിയുടെ പടവുകൾ ചാടിയിറങ്ങി താത്ത ഓടാൻ തുടങ്ങി. കരിയിലപ്പാതകളിലൂടെ അവൾക്ക് പിറകെ ഞാനും ഓടി. അവളുടെ ഒപ്പമെത്താൻ കഴിയാതെ ഞാൻ കിതച്ചു. ചുവപ്പിൽ കറുത്ത പൂക്കളുള്ള പാവാടയും കറുത്ത ജമ്പറുമായിരുന്നു അവളുടെ വേഷം. കരിമ്പാറയിലൂടെ ഓടിക്കയറി ആദ്യത്തെ വിശ്രമസ്ഥലത്ത് എത്തി അവൾ കിതപ്പാറ്റുമ്പോൾ ഞാൻ കരിമ്പാറയിൽ പൊത്തിപ്പിടിച്ച് ഞരങ്ങി മൂളി മുകളിലേക്ക് കയറി.""ഞാൻ പറഞ്ഞതല്ലെ അന്നക്കൊണ്ട് പറ്റൂലാന്ന്.'' ""പറ്റും ഇന്നക്കൊണ്ട് പറ്റും.''
ഞാൻ വാശിയോടെ കയറി.
കാൽമുട്ടിലെ തൊലി ഉരഞ്ഞ് ചോര പൊടിഞ്ഞു.
ആ മുറിവിൽ തണുത്ത കാറ്റ് തട്ടിയപ്പോൾ നീറി.
താത്ത ചിരിച്ചു. ആ ചിരി നാല് ദിക്കിലും പരന്നു.

എവിടെയും പിടിക്കാതെ കൈയ്യും വീശി അവൾ അടുത്ത ഘട്ടം കയറി.
രണ്ടാമത്തെ വിശ്രമകേന്ദ്രത്തിൽ എത്തി അവൾ എന്നെ കാത്തുനിന്നു.
മഴ ചാറിത്തുടങ്ങി.
താഴെ ചെടയാറ്റിൽ മഴ പെയ്തു.
കരിമ്പാറയിൽ വീണ പുതുമഴയുടെ ഗന്ധം ശ്വസിച്ച് താത്ത നിന്നു.
അവൾ കണ്ണുകളടച്ചുപിടിച്ച് ആകാശമിറങ്ങിവന്ന വെള്ള നൂലുകളെ മുഖത്തേക്ക് ഏറ്റുവാങ്ങി. അപ്പോൾ ഒക്കാലി മലക്കും പെരും ചിലമ്പിനും ഇടയിലെ ശൂന്യാന്തരീക്ഷത്തിൽ ഞാൻ ജീവിതത്തിലെ ആദ്യത്തെ മഴവില്ല് കണ്ടു.

കറുത്ത ജമ്പറിനുള്ളിൽ പുറം ചാടാൻ കൊതിക്കുന്ന കൗതുകങ്ങൾ മഴ നനയുന്നത് കണ്ടപ്പോൾ ചുറ്റും മഴപെയ്യുന്ന ആ അന്തരീക്ഷത്തിലും എന്തോ ഒന്ന് ഉളളിൽ കനലൂതുന്നത് ഞാനറിഞ്ഞു. കറുത്ത പൂക്കളുള്ള ചുവന്ന പാവാടയിൽ കാറ്റുപിടിച്ചു. പാവാട കുടയായി വിടർന്നു. മുട്ടിനു മുകളിലേക്ക് നോക്കാനുള്ള കൊതിയെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു നേരിട്ടു.""ടാ...''

ഞാൻ വിളി കേട്ടില്ല. താത്ത എന്നെ കൂട്ടിപിടിച്ചു. മഴ നനഞ്ഞ കൗതുകങ്ങളിൽ മുഖം തൊട്ടപ്പോൾ ഞാൻ ചൊടയാറ്റിലെ വെള്ളത്തിന്റെ ഉൾച്ചൂടിൽ പുതഞ്ഞു. മുകളിൽ വേളി മലയ്ക്കും, താഴെ പെരും ചിലമ്പിനുമിടയിലെ ദൂരമത്രയും മഴ നനഞ്ഞുനിന്നു. അവിടുന്ന് ഇറങ്ങുമ്പോൾ മല മുഴുവൻ കയറാനുള്ള എന്റെ ആഗ്രഹം ഒടുങ്ങിയിരുന്നു. എനിക്ക് ഒട്ടു സങ്കടം തോന്നിയില്ല.
അത് മഴക്കാലമായിരുന്നില്ല.

പുതപ്പിനുള്ളിൽ താത്താന്റെ ദേഹത്ത് എന്റെ ദേഹം തട്ടിയപ്പൊ എന്റെയുള്ളിൽ കനലെരിഞ്ഞു. ആ കനൽച്ചൂട് പുതപ്പിനുള്ളിലാകെ പടർന്നു. അന്തരീക്ഷത്തിൽ വെന്ത കോഴിമുട്ടയുടെ മണം. പാമ്പ് മുട്ട ഇടുന്നുണ്ടാവും...

കാലം തെറ്റി പെയ്ത ആ മഴ കാലങ്ങൾക്ക് ശേഷം താത്താന്റെ മരണവാർത്തയായി എന്റെ മുമ്പിൽ പെയ്യുമെന്ന് എനിക്കന്ന് അറിയില്ലായിരുന്നു.
മഴ തോർന്നപ്പോൾ തേടി കിട്ടിയ മന്ത്രവാദിയുമായി അമ്മാവൻ മലകയറി വന്നു. ആ തോളിൽ ഭാരമായി തൂങ്ങിക്കിടന്നത് പൂജയ്ക്ക് വേണ്ട സാധനങ്ങൾ മാത്രമായിരുന്നില്ല. ജീവിതകാലമത്രയും തന്റെ ഇണയുടെ സൗഖ്യത്തിനായി ദൈവങ്ങളോട് നൊന്ത് പ്രാർത്ഥിച്ച ഒരു മനുഷ്യന്റെ വേദനകളായിരുന്നു. മുറിവിൽ ഉപ്പ് പുരട്ടി ചിരിക്കുന്ന ജീവിതമെന്ന വലിയ ഭ്രാന്തായിരുന്നു.

രാത്രിയിൽ പൂജ തുടങ്ങി.
ചാരായ ലഹരിയിൽ ഗ്ലാസുകൾ വീണുടഞ്ഞു.
ചോരയൊലിക്കുന്ന കോഴിത്തലയും കയ്യിൽ പിടിച്ച് അമ്മാവൻ മന്ത്രവാദിയുടെ മുമ്പിൽ ഇരുന്നു. ലഹരിയിൽ കുഴഞ്ഞ മന്ത്രങ്ങൾ വിലാപ ഗാനമായി മാറി. പിന്നെ കോഴിയിറച്ചിയും കൂട്ടി മന്ത്രവാദി ചോറ് തിന്നു. വയറ് നിറഞ്ഞപ്പോൾ നാലഞ്ച് അലമുറകൾ കൂടി നടത്തിയിട്ട് അമ്മാവൻ കൊടുത്ത പണവുമായി മന്ത്രവാദി മലയിറങ്ങി.

കണ്ടമില്ലാത്ത കറികൂട്ടി ഞങ്ങൾ ചോറ് തിന്നു. പിന്നെ കൈ മണത്ത് മണത്ത് അടുക്കളപ്പായയിൽ ഞാൻ ഉറങ്ങാൻ കിടന്നു. അമ്മായി അപ്പോഴും പാട്ടുപാടി.
എന്റെ കൂടെ കിടക്കുമ്പോൾ താത്ത ചോദിച്ചു, ""ടാ ... നീ വെളിച്ചം പൂക്ക്ണ മരം കണ്ടിട്ട്ണ്ടാ ...?''""ഇല്ല''

കാറ്റിന് അപ്പോഴും നല്ല തണുപ്പായിരുന്നു. അമ്മാവന്റെ പ്രാർത്ഥനകളുടെ ഈണത്തിൽ മയങ്ങി ഞാൻ ഉറക്കത്തിന്റെ ചെടയാറിലേക്ക് താണ് പോയി. വർണമത്സ്യങ്ങൾ മഴവില്ലായി നീന്തുന്ന സ്വപ്നത്തണുപ്പിൽ നിന്ന് താത്ത എന്നെ വിളിച്ചുണർത്തുമ്പോൾ വലിയ ശബ്ദങ്ങൾ എല്ലാം ഒടുങ്ങിയിരുന്നു. രാത്രിയുടെ ചെറുജീവികൾ മാത്രം പാട്ടുപാടി.""അനക്ക് കാണണ്ടേടാ...?'' താത്ത ചോദിച്ചു.""എന്ത് ?'' ""വെളിച്ചം പൂക്ക്ണ മരം...'' ""എനിക്ക് ഒറങ്ങിയാ മതി'' ""എട പൊട്ടാ നല്ല രസാണ് അത് കാണാൻ...''

താത്ത എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. പുതച്ച പുതപ്പോടെ ഞാൻ അവളുടെ പിറകെ നടന്നു. വടക്കിനി വാതിൽ തുറന്ന് താത്ത ഇടതുവശത്തേക്ക് നടന്നു. ഞാൻ പിന്നാലെ നടന്നു. അലക്കുകല്ലിന്മേലിരുന്നിട്ട് താത്ത പറഞ്ഞു,
​""ഇവിടെയിരിക്ക്...''
ഞാൻ ഇരുന്നു.""പൊതപ്പ് ഇനുക്കും കൊണ്ടടാ...''
മഴ നനഞ്ഞ അന്തരീക്ഷത്തിൽ ഒരേ പുതപ്പിനുള്ളിൽ ഞങ്ങൾ രണ്ടാളും ചൂളിപ്പിടിച്ചിരുന്നു.

പുതപ്പിനുള്ളിൽ താത്താന്റെ ദേഹത്ത് എന്റെ ദേഹം തട്ടിയപ്പൊ എന്റെയുള്ളിൽ കനലെരിഞ്ഞു.
ആ കനൽച്ചൂട് പുതപ്പിനുള്ളിലാകെ പടർന്നു. അന്തരീക്ഷത്തിൽ വെന്ത കോഴിമുട്ടയുടെ മണം. പാമ്പ് മുട്ട ഇടുന്നുണ്ടാവും...""അങ്ങട്ട് നോക്കടാ...''
താത്ത വിരൽ ചൂണ്ടിയ ദിക്കിലേക്ക് ഞാൻ നോക്കി. അവിടെ ഇരുട്ടിൽ വെളിച്ചം പൂത്ത് നിൽക്കുന്ന മരം... കാറ്റടിക്കുമ്പോൾ വെളിച്ചങ്ങൾ കൂട്ടത്തോടെ താഴേക്ക് അടർന്ന് വീഴുന്നു. കാറ്റ് നിലയ്ക്കുമ്പോൾ വെളിച്ചങ്ങൾ കൂട്ടത്തോടെ ഉയർന്ന് ചെന്ന് മരത്തിൽ ഇരിക്കുന്നു.
അറിയാതെ ഞാൻ ചോദിച്ചു പോയി, ""എന്താണ് താത്താ അത്...?''""അതാണ് പൊട്ടാ വെളിച്ചം പൂക്ക്ണ മരം''

പിന്നീട് മുത്തയ്യൻ സാറാണ് ഞാൻ കണ്ടത് മിന്നാമിന്നികളെയാണെന്ന് എനിക്ക് പറഞ്ഞ് തന്നത്. വെളിച്ചം പൂക്കുന്ന ആ മരം നിന്നത് ശെൽവമണിയുടെ വീട്ട് മുറ്റത്തായിരുന്നു. ആ ശെൽവ മണിയോടൊപ്പമാണ് എല്ലാ ഭ്രാന്തുകളെയും ഒഴിവാക്കി താത്ത ജീവിക്കാൻ പോയത്.
​ആ മരത്തിൽ തന്നെയാണ് കാലങ്ങൾക്കു ശേഷം താത്ത ജീവൻ വെടിഞ്ഞ് തൂങ്ങിയാടിയത്. ▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments