ചിത്രീകരണം: ദേവപ്രകാശ്

ഒട്ടുപാലിന്റെ ഗന്ധമായി ഉപ്പ നിറഞ്ഞുനിന്നു

വെറും മനുഷ്യർ- 8

കൂട്ടുകാരനെയും കൂട്ടി കളളം പറഞ്ഞ് പലഹാരം വാങ്ങി തിന്നാൻ വന്ന മകനെ കണ്ടപ്പോൾ ഉപ്പാന്റെയുള്ളിൽ എന്താവും കനം വെച്ചത്? ഏത് ചോദ്യത്തിനാവും ഉപ്പ ഉത്തരം തേടിയത്? ജീവിതമെന്ന വലിയ ചോദ്യത്തിനോ?

വീടിന്റെ പിറകുവശത്ത് വലിയ കരിമ്പാറയാണ്.
ആ കരിമ്പാറയുടെ വലത്തെ ചരുവിലാണ് കവുങ്ങിൻ പാളയിലിരുന്ന് ഞങ്ങൾ താഴേക്കുപറന്നത്.
ഇടയ്ക്ക് പാളയുടെ അവസ്ഥ ഒന്ന് നോക്കാത്തതിനാൽ താഴേക്ക് പറന്നിറങ്ങുമ്പോൾ നിക്കർ കീറി ചന്തിയിലെ തൊലിയുരഞ്ഞത്.
തൊലിയുരഞ്ഞ് മുറിയായതിന് അടി കിട്ടിയില്ല. നിക്കർ കീറിയതിന് എപ്പോഴും അടി കിട്ടി. എന്നിട്ടും ആ പറക്കലിന്റെ സുഖലഹരിക്കായി ഞങ്ങൾ പിന്നെയും പിന്നെയും അടി കൊണ്ടു. ആ പാറയിലാണ് ചവിടി കട്ട കൊണ്ട് ഞങ്ങൾ രജനികാന്തിനെ വരച്ചത്. വരച്ചുവരച്ച് നെറ്റിയിലേക്ക് ചാഞ്ഞുകിടക്കുന്ന ആ മുടിയും, കണ്ണുകളിലെ തീക്ഷ്ണതയും വിരലുകൾക്ക് പരിചിതമായി. ഞങ്ങൾ വരക്കുന്ന ആ മുഖത്തിന് ചെമ്മണ്ണു കൊണ്ട് ചെറിയ ഏട്ടൻ കളർ കൊടുക്കും. കൊടുത്തുകൊടുത്ത് അതാകെ അലങ്കോലമാക്കും. കണ്ണേത് മുടിയേത് എന്ന് തിരിച്ചറിയാനാവാതെ കരിമ്പാറയിൽ രജനീകാന്തിന്റെ മുഖങ്ങൾ വികൃതമായി കിടക്കും. ഞങ്ങൾ പാളയിലിരുന്ന് താഴേക്കുപറക്കുമ്പോൾ ഒപ്പം രജനീകാന്തും പറക്കും.

ആ കരിമ്പാറ കയറിയിറങ്ങി മരച്ചീനി തോട്ടങ്ങളും വാഴതോപ്പുകളും കടന്ന് തരിശുനിലമെത്തിയാൽ ശെന്തിലിന്റെ വീടായി. അവനവിടെ വസ്ത്രമേതുമില്ലാതെ സമ്പൂർണ സ്വതന്ത്രനായി നിൽക്കുന്നുണ്ടാവും. അവന്റെ വീടിനപ്പുറം റബ്ബർ തോട്ടമാണ്. കയറ്റം കയറി പോകുന്ന ആ റബ്ബർ തോട്ടത്തിലാണ് ഉപ്പ പണിയെടുത്തത്. ഉപ്പാക്ക് ടാപ്പ് ചെയ്യേണ്ട ബ്ലോക്ക് കുന്നിന്റെ ഏറ്റവും മുകളിലാണ്.
ഒടുങ്ങാത്ത വിശപ്പിന് ശമനം തേടി ശെന്തിൽ തിന്ന റബ്ബർ കുരു ആ തോട്ടത്തിലേതാണ്. റബ്ബർ കുരു വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നു. റബ്ബർ കുരു കിലോക്കണക്കിന് തൂക്കിവിറ്റിരുന്നു. ശെന്തിലിന്റെ വീട്ടുമുറ്റത്തേക്ക് പൊട്ടിയടർന്ന് വീഴുന്ന റബ്ബർക്കുരു പെറുക്കി വിറ്റാൽ അവന് ഒരു നേരത്തെ വിശപ്പുമാറ്റാം. പക്ഷെ അവനോ അവന്റെ കുടുംബമോ അത് ചെയ്തില്ല.

വീട്ടുമുറ്റത്ത് വീണുകിടക്കുന്ന റബ്ബർക്കുരു ശെന്തിൽ പെറുക്കി വിൽക്കാത്തത് ഭയം കൊണ്ടല്ല, വിശപ്പിനെ പോലും അതിജീവിക്കുന്ന തെറ്റിനെക്കുറിച്ചുള്ള ബോധം കൊണ്ടാണ്.

ഞാനടക്കം പല കുട്ടികളും റബ്ബർക്കുരു മോഷ്ടിച്ചുവിറ്റു. ആ പണം കൊണ്ടാണ് ഞാൻ പെൻസിലും നോട്ടുബുക്കും വാങ്ങിയത്. റബ്ബർക്കുരുവിന്റെ തോട് വിറകായി ഉപയോഗിച്ചിരുന്നു. ആ തോട് ഉമ്മാക്ക് പെറുക്കി കൊടുക്കുന്ന ഉദാരപ്രവൃത്തിക്കിടയിലാണ് മോഷണം. സാധാരണ ചെറിയ റബ്ബർത്തോട്ടങ്ങളിൽ റബ്ബർക്കുരു പാട്ടത്തിന് കൊടുക്കും. വലിയ എസ്റ്റേറ്റുകളിൽ ടാപ്പിങ്ങ് തൊഴിലാളികൾ അധിക വരുമാനത്തിനായി അവ പെറുക്കി ടിൻ കണക്കിന് അളന്നുകൊടുക്കും. അപ്പോൾ തന്നെ അവർക്കതിന്റെ കൂലിയും കിട്ടും.
പാട്ടത്തിനെടുത്തവർ പെറുക്കി കൂട്ടിയിട്ട റബ്ബർക്കുരു മോഷ്ടിക്കുന്നതാണ് എളുപ്പം. എന്റെ കൂട്ടുകാരിൽ ചിലരൊക്കെ അങ്ങനെ ചെയ്തു. ചിലപ്പൊൾ കയ്യോടെ പിടിക്കപ്പെട്ടു. പിടിച്ചാൽ നല്ല അടി അപ്പോൾ തന്നെ കിട്ടും. പോരാത്തതിന് വീടുകളിൽ പരാതിയും എത്തും. ആ ഭയം കൂടി ഇല്ലായിരുന്നെങ്കിൽ എനിക്ക് എല്ലാ വിഷയത്തിനും വെവ്വേറെ നോട്ടുബുക്കുകൾ ഉണ്ടാവുമായിരുന്നു.

വീട്ടുമുറ്റത്ത് വീണുകിടക്കുന്ന റബ്ബർക്കുരു ശെന്തിൽ പെറുക്കി വിൽക്കാത്തത് ഭയം കൊണ്ടല്ല, വിശപ്പിനെ പോലും അതിജീവിക്കുന്ന തെറ്റിനെക്കുറിച്ചുള്ള ബോധം കൊണ്ടാണ്. ആ ശരിതെറ്റുകൾ അവനെ പഠിപ്പിച്ചത് രായപ്പാണ്ടിയെന്ന അവന്റെ അപ്പനായിരുന്നു. കുറഞ്ഞ കൂലിക്ക് നാടൻ പണികൾ ചെയ്തിരുന്ന ആ മെലിഞ്ഞ മനുഷ്യൻ ഇപ്പോഴും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്.
കൊച്ചു കാക്ക എന്നാണ് എന്റെയുപ്പാനെ നാട്ടുകാർ വിളിച്ചത്. അപ്പോൾ ആരായിരിക്കും വലിയ കാക്ക എന്ന് ഞാൻ അത്ഭുതപ്പെട്ടു. അങ്ങനെ ഒരു വലിയ കാക്ക ആ പരിസരത്തൊന്നും ഇല്ലായിരുന്നു. ആരോ എങ്ങനെയോ തുടങ്ങി വെച്ച ആ വിളി ഞങ്ങൾ അവിടം വിട്ട് പോരുവോളം തുടർന്നു.

ഉപ്പ റബ്ബർവെട്ട് കഴിഞ്ഞ് പാലെടുക്കാനുള്ള ഇടവേളയിൽ കുന്നിറങ്ങി പെരുംചിലമ്പിലെത്തി കുട്ടൻ നായരുടെ ചായക്കടയിൽ നിന്ന് ചായ കുടിക്കും. മുനിയാർ പാണ്ടിയുടെ മുറുക്കാൻ കടയിൽ നിന്ന് ബീഡി വാങ്ങും. ഇത് ഞാൻ കണ്ടിട്ടിലെങ്കിലും അത്തരമൊരു അറിവ് എനിക്കുണ്ടായിരുന്നു.
ശെന്തിലിനെ കളിക്കാൻ കിട്ടുക അത്ര എളുപ്പമല്ല. വിശപ്പ് മാറിയാലേ അവനെ കളിക്കാൻ കിട്ടൂ. അവധിക്കാലത്ത് കാര്യായിട്ടൊന്നും തിന്നാൻ കിട്ടാത്ത ഒരു ദിവസം കരിമ്പാറ കയറിയിറങ്ങി ഞാനവന്റെ വീട്ടിലെത്തുമ്പോൾ അവൻ അടുക്കള മുറ്റത്ത് തിന്നാൻ ഒന്നും കിട്ടാതെ പിറന്നപടി നിന്ന് കരയുകയാണ്. അങ്ങനെ കരയുന്ന സമയത്ത് ആര് അടുത്ത് ചെന്നാലും അവൻ ആക്രമിക്കും. അതുകൊണ്ടാവണം അവന്റെയമ്മ അവന്റെ കരച്ചിലിനെ അവഗണിച്ച് വീട്ടുമുറ്റത്ത് ചാണകം മെഴുകിക്കൊണ്ടിരുന്നത്.
തന്നെയും തന്റെ വിശപ്പിനെയും മൈന്റ് ചെയ്യാതെയുള്ള അമ്മയുടെ ഇരിപ്പ് അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു. അമ്മ മെഴുകിവൃത്തിയാക്കുന്ന നനവിലേക്ക് അവൻ പൊടിമണ്ണ് വാരിയെറിഞ്ഞു.

നായരണ്ണന്റെ കടയിൽ നിന്ന് പഴംപൊരി വാങ്ങിത്തരാമെന്ന എന്റെ വാഗ്ദാനം കേട്ടപ്പോൾ അവന്റെ കരച്ചിൽ സ്വിച്ച് ഓഫാക്കിയതുപോലെ നിലച്ചു. അവിശ്വാസത്തോടെ അവനെന്നെ നോക്കി. അവൻ റബ്ബർ കുരു തിന്നുകയായിരുന്നു. അതേപടി എന്റെയൊപ്പം വന്നപ്പോൾ അവന്റെ അമ്മ അവനോട് നിക്കർ എടുത്തിടാൻ പറഞ്ഞു. അവൻ കൂട്ടാക്കിയില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് എന്നിക്കും തോന്നിയില്ല. വായിലെ റബ്ബർ കുരുവിന്റെ വെള്ളപ്പരിപ്പ് തുപ്പിക്കളഞ്ഞ് പിറന്നപടി അവൻ എന്റെ കൂടെ നടന്നു.

ഒരു മൂച്ചിന് അങ്ങനെ പറഞ്ഞെങ്കിലും കാശില്ലാതെ എങ്ങനെയാണ് പഴം പൊരി കിട്ടുക? എന്ന വലിയ ചോദ്യം എന്റെ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. നല്ല വെയിലായിരുന്നു. റബ്ബർ കായകൾ പടക്കം പൊട്ടും പോലെ പൊട്ടിവീഴുന്നുണ്ട്. ആദ്യം തോന്നിയ ഐഡിയ രണ്ടാൾക്കുംകൂടി റബ്ബർകുരു കട്ട് പെറുക്കി വിൽക്കാം എന്നാണ്. പക്ഷെ അതിന് അവനെ കിട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
പിന്നെ രണ്ടും മൂന്നും അഞ്ചെന്ന് കൽപ്പിച്ച് വാഴതോപ്പിൽ നിന്ന് ഞാൻ മെയിൻ റോഡിലേക്കിറങ്ങി. മൂളിപ്പാട്ട് പോലെ എന്തോ ശബ്ദമുണ്ടാക്കി ശെന്തിൽ എന്റെയൊപ്പം നടന്നു. പച്ചപ്പ് നഷ്ടമായ പാടങ്ങൾ തിര നിലച്ച കടൽ പോലെ ശാന്തമായി വെയിൽ കൊണ്ടു. ചർച്ചിനും സ്‌ക്കൂളിനുമപ്പുറം ചെടയാറ് ഒഴുകി. മുനിയാർ പാണ്ടിയുടെ മുറുക്കാൻ കട അടഞ്ഞുകിടന്നു. ചർച്ചിന്റെ മുറ്റത്തെ ചുവന്ന തറയോടുകൾ വെയിലേറ്റ് കരഞ്ഞു. മനുഷ്യപുത്രനെ നെഞ്ചേറ്റിയ മറിയത്തിന്റെ മേൽ ബദാം മരത്തിന്റെ ഇലകൾ പൊഴിഞ്ഞു വീണു.

പഴംപൊരിയും നെയ്യപ്പവും സുഗിയനും സൂക്ഷിച്ചു വെച്ച കണ്ണാടി അലമാരയുടെ പിറകുവശം മരപ്പലകകൾ കൊണ്ട് മറച്ചിരുന്നു. ആ ചില്ലുകൂട്ടിനുള്ളിൽ നീരാവിക്കുപ്പായമണിഞ്ഞ് നിൽക്കുന്ന പലഹാരങ്ങൾ ഒന്നിച്ച് മുമ്പിൽ നിരന്നാലുള്ള സ്വർഗമോർത്ത് എന്റെ വായിൽ വെള്ളമൂറി

എങ്ങനെ എന്ന ആ വലിയ ചോദ്യം എന്റെയുള്ളിൽ കിടന്ന് ശ്വാസം മുട്ടി. ഞങ്ങൾക്കരികിലൂടെ സൈക്കിൾ ചവിട്ടി പോയ ഗിരീഷിന്റെ തോളിൽ തോർത്തുണ്ടായിരുന്നു. അവൻ ആറ്റിൽ കുളിക്കാൻ പോവുകയാണ്. അവധിക്കാലം അവന് ആഘോഷമാണ്. കുമാരപുരം വരെ അവൻ സൈക്കിളോടിച്ച് പോവും.

പൂർണ സ്വതന്ത്രനായ ശെന്തിലിനെ ഗിരീഷ് കളിയാക്കി. ശെന്തിൽ പെട്ടെന്ന് കയ്യിൽ കിട്ടിയ കല്ലുകൊണ്ട് അവനെ എറിഞ്ഞു. കല്ല് തട്ടി സൈക്കളിന്റെ മുൻവശത്തെ കണ്ണാടി ഉടഞ്ഞു. സംഗതി അപകടമാണെന്ന് തോന്നിയ ഗിരീഷ് സൈക്കിൾ ആഞ്ഞുചവിട്ടി പിന്നെയും എന്തോ ചീത്ത പറഞ്ഞു. ഇത്തവണ ശെന്തിലിന്റെ കല്ല് ഗിരീഷിന്റെ നടുമ്പുറത്ത് തന്നെ കൊണ്ടു. നായ മോങ്ങും പോലെ മോങ്ങി അവൻ സൈക്കിൾ വേഗത്തിൽ ചവിട്ടി അകന്നുപോയി.

ടാറിട്ട പാതയിലൂടെ അതേ നിറമുള്ള മുതുകും മുടിയും ചന്തിയുമായി ശെന്തിൽ നടന്നു. കുട്ടൻ നായരുടെ ഹോട്ടലിനു മുമ്പിലെത്തിയപ്പോൾ അവൻ നിന്നു. ഞാനും നിന്നു. എങ്ങനെയെന്നറിയാതെ ആ ഐഡിയ എന്റെ തലച്ചോറിൽ തെളിഞ്ഞു.
നാലഞ്ച് മരബെഞ്ചുകളും മേശയുമാണ് ഹോട്ടലിലെ ഫർണിച്ചർ. പഴംപൊരിയും നെയ്യപ്പവും സുഗിയനും സൂക്ഷിച്ചു വെച്ച കണ്ണാടി അലമാരയുടെ പിറകുവശം മരപ്പലകകൾ കൊണ്ട് മറച്ചിരുന്നു. ആ ചില്ലുകൂട്ടിനുള്ളിൽ നീരാവിക്കുപ്പായമണിഞ്ഞ് നിൽക്കുന്ന പലഹാരങ്ങൾ ഒന്നിച്ച് മുമ്പിൽ നിരന്നാലുള്ള സ്വർഗമോർത്ത് എന്റെ വായിൽ വെള്ളമൂറി. ശെന്തിൽ എന്റെ അരയിൽനുള്ളി ധൃതികൂട്ടി. അവന് നെയ്യപ്പം മതിയെന്ന് നേരത്തെ പറഞ്ഞതാണ്.

ഹോട്ടലിൽ ആരുമുണ്ടായിരുന്നില്ല. കുട്ടൻ നായർ ക്യാഷ് കൗണ്ടറായ സ്റ്റീൽ മേശയിൽ തല ചായ്ച്ച് മയങ്ങി. അടുക്കളയിൽ ഗിരീഷിന്റെ അമ്മ മീൻ പൊരിക്കുന്നുണ്ട്. അതിന്റെ മണം വരുന്നുണ്ട്. ശെന്തിൽ ആ മണത്തിനെ മൂക്കിലേക്ക് ആവാഹിക്കുന്നുണ്ട്. പലഹാരങ്ങളുടെ ചില്ലുകൂട്ടിൽ പൊടിഞ്ഞ നീരാവിയിൽ വിരൽ തൊട്ട് ഞാൻ സ്റ്റീൽ മേശയിൽ മുട്ടി. നെഞ്ച് കനക്കുന്നുണ്ട്. തൊണ്ട അടഞ്ഞ് നിൽപ്പാണ്.

മയക്കം വിട്ടുണർന്ന കുട്ടൻ നായർ ആദ്യം കണ്ടത് പിറന്നപടി നിൽക്കുന്ന ശെന്തിലിനെയാണ്. അവന്റെ ആ സമ്പൂർണ സ്വാതന്ത്ര്യം കണ്ട് കുട്ടൻ നായർ ചിരിച്ചു. ആ ചിരിയിൽ എന്റെ നെഞ്ചിലെ ഭാരം ഇത്തിരി കുറഞ്ഞു. ചിരിയോടെ തന്നെ എന്ത് വേണമെന്ന മട്ടിൽ അയാളെന്നെ നോക്കി. ഞാൻ പോലുമറിയാതെ എന്റെ ശബ്ദം പുറത്തുവന്നു.""രണ്ട് നെയ്യപ്പോം ഒര് പഴം പൊരിം തരാൻ കൊച്ചാക്ക പറഞ്ഞു''
അടുക്കളയിൽ മീൻ പൊരിക്കുന്ന ഗിരീഷിന്റെ അമ്മ ചിരി തുടങ്ങി. ""ആര് പറഞ്ഞൂന്നാ മോനിപ്പൊ പറഞ്ഞത്?'' - കുട്ടൻ നായർ എന്റെ കയ്യിൽ പിടിത്തമിട്ടു. ""എന്റെ ഉപ്പ കൊച്ചാക്ക പറഞ്ഞു'' ""എന്നിട്ട് കൊച്ചാക്ക എവിടെ?''
ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു. ""ഉപ്പ വീട്ടില്ണ്ട്''
കുട്ടൻ നായരുടെ പിടിത്തം മുറുകി. ചിരിയുടെ ഈണം മാറി. കള്ളം പിടിക്കപ്പെട്ടുവെന്ന് തോന്നിയപ്പോൾ ഞാൻ കൈ കുതറി നോക്കി. കുട്ടൻ നായർ പിടിവിട്ടില്ല. ശെന്തിലെങ്ങാനും കല്ലെടുത്താലോന്ന് ഞാൻ ഭയന്നു. അവന്റെ ഏറുകൊണ്ട ഗിരീഷ് കുളി കഴിഞ്ഞ് വന്നാലോ? ഭയം പിന്നെയും കൂടി. നെഞ്ച് കനത്തു. വയറ്റിലെന്തോ ആളി.

എന്റെ മുമ്പിൽ കാലങ്ങൾക്കു മുമ്പുള്ള ആ ഉച്ചവെയിൽ തെളിഞ്ഞു. ശെന്തിലിന്റെ മുടിയിൽ തലോടി ചെടയാറ്റിലേക്ക് കുളിക്കാൻ പോയ ഉപ്പാനെ ഞാൻ ഓർത്തു. ആ കറുത്ത് ചുരുണ്ട തലമുടിയെ ഓർത്തു. ഒട്ടുപാലിന്റെ ഗന്ധമായി ഉപ്പ ആ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.

അന്നേരം അലമാരയുടെ പിറകിലെ സ്റ്റൂളിൽ നിന്ന് ഉപ്പ എഴുന്നേറ്റുവന്നു. ഉപ്പാനെ അന്നേരത്ത് ഞാൻ അവിടെ പ്രതീക്ഷിച്ചതല്ലല്ലോ. ഉപ്പാന്റെ മുഖത്ത് നനുത്ത ചിരി പടരുന്നുണ്ട്. തോർത്തുമുണ്ട് തോളിലിട്ട് ഉപ്പ എന്റെ മുമ്പിൽ നിന്നു. ഉപ്പാനെ കണ്ടതും ശെന്തിൽ മെല്ലെ പിന്നോട്ട് വലിഞ്ഞു. ഉപ്പ കുട്ടൻ നായരെ നോക്കി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ""ഇവർക്ക് വേണ്ടത് കൊടുത്താളാ നായരേ ...''
സംഭാഷണമൊന്നും മനസിലായില്ലെങ്കിലും തനിക്ക് നെയ്യപ്പം കിട്ടാൻ പോവുകയാണെന്ന് മനസിലായ ശെന്തിൽ ഉത്സാഹത്തോടെ ഹോട്ടലിനുള്ളിലേക്ക് ഓടിക്കയറി. ""ഇതാരാ ...?'' ശെന്തിലിനെ ചൂണ്ടി ഉപ്പ എന്നോട് ചോദിച്ചു. ""ഇന്റെ കൂട്ടുകാരൻ...'' ഞാനവന്റെ തോളിൽ കയ്യിട്ട് അഭിമാനത്തോടെ പറഞ്ഞു. ഉപ്പാന്റെ മുഖത്ത് കനിവ് പടരുന്നത് ഞാൻ കണ്ടു. ഉപ്പ ശെന്തിലിന്റെ മുടിയിൽ സ്‌നേഹത്തോടെ തലോടി പുറത്തേക്കിറങ്ങി. ഉപ്പാക്കും ആ ഉച്ചവെയിലിനും അപ്പുറം ചെടയാറ് ഒഴുകി.

കാലങ്ങൾക്കു ശേഷം ഞാൻ ശെന്തിലിനെ കാണുമ്പോൾ അവൻ കുമാരപുരം പട്ടണത്തിലെ ഏറ്റവും വലിയ ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിലിരുന്ന് പണം എണ്ണുകയായിരുന്നു. എന്റെ മുമ്പിൽ കാലങ്ങൾക്കു മുമ്പുള്ള ആ ഉച്ചവെയിൽ തെളിഞ്ഞു. ശെന്തിലിന്റെ മുടിയിൽ തലോടി ചെടയാറ്റിലേക്ക് കുളിക്കാൻ പോയ ഉപ്പാനെ ഞാൻ ഓർത്തു. ആ കറുത്ത് ചുരുണ്ട തലമുടിയെ ഓർത്തു. ഒട്ടുപാലിന്റെ ഗന്ധമായി ഉപ്പ ആ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.

ഇപ്പൊൾ, ഇതെഴുതുമ്പോൾ ഞാൻ വെറുതെ ഓർത്തുപോവുകയാണ്; കൂട്ടുകാരനെയും കൂട്ടി കളളം പറഞ്ഞ് പലഹാരം വാങ്ങി തിന്നാൻ വന്ന മകനെ കണ്ടപ്പോൾ ഉപ്പാന്റെയുള്ളിൽ എന്താവും കനം വെച്ചത്? ഏത് ചോദ്യത്തിനാവും ഉപ്പ ഉത്തരം തേടിയത്? ജീവിതമെന്ന വലിയ ചോദ്യത്തിനോ? ▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments