ഇന്നായിരുന്നു മുസ്‌ലിം കുട്ടികളുടെ തൊപ്പി ഒരു മുത്തയ്യൻ സാർ ഊരി വെപ്പിച്ചതെങ്കിൽ എന്താവും ഈ നാടിന്റെ പ്രതികരണം ?
ഞാൻ ജനിക്കുന്നതിനും എത്രയോ മുമ്പുതന്നെ വേളിമല കന്യാകുമാരി ജില്ലയിൽ പെട്ട് തമിഴ്‌നാടിന്റെ ഭാഗമായി മാറിയിരുന്നു. തക്കലയിലെ കൊട്ടാര മട്ടുപ്പാവിലിരുന്ന് മാർത്താണ്ഡവർമമാർ കണ്ടാസ്വദിച്ച വേളിമലയെ കുറിച്ച് തന്നെയാണ് പറയുന്നത്. അവർക്ക് വേളിമല ഹരിതാഭയണിഞ്ഞ കൺ കുളിർമയായിരുന്നു. പക്ഷെ അതിനുള്ളിൽ ജീവിതങ്ങളുണ്ടായിരുന്നു. വിശപ്പും പകയും കാമവും അനീതിയും തമ്മിൽ തല്ലിയിരുന്നു.
വീട്ടിൽ ഞാൻ മലയാളവും നാട്ടിലും സ്‌കൂളിലും തമിഴും സംസാരിച്ചു. വേളിമലക്കുതാഴെ മാരിയമ്മൻ കോവിലുകൾക്കും നെൽപ്പാടങ്ങൾക്കും നടുവിൽ ചെടയാറിന്റെ തീരത്തായി പെരുംചിലമ്പെന്ന ഗ്രാമം പരന്നുകിടന്നു. പെരുചിലമ്പിന്റെ ഓരത്തായി കുടിയേറ്റ മുസ്‌ലിംകളുടെ പള്ളി ദൈന്യംപേറി നിന്നു. പള്ളിയുടെ വരാന്ത തന്നെയായിരുന്നു മദ്രസ.
കഷണ്ടി കയറിയ മണ്ടയുള്ള ഉസ്താദിന് ആരാണ് മരുഭൂമി എന്ന് അർത്ഥമുള്ള പാലൈവനം എന്ന വിളിപ്പേരിട്ടത്...? അറിയില്ല.
മദ്രസ എനിക്ക് വളയുന്ന ചൂരലിന്റെയും വഴങ്ങാത്ത അറബിഭാഷയുടെയും ഇടമാണ്. നാൽപ്പതോളം വരുന്ന കുടിയേറ്റ കുടുംബങ്ങളുടെ മതവും ദൈവവും ആ പള്ളിക്ക് ചുറ്റുമാണ് ജീവിച്ചത്. പള്ളിയുടെ താഴെ പുതുക്കി പണിയാൻ ആളർത്ഥങ്ങൾ ഇല്ലാതെ പഴയ മദ്രസ ഇടിഞ്ഞുപൊളിഞ്ഞ് കിടന്നു. അതിന്റെ ചുറ്റും അന്ത്യവിശ്രമത്തിന്റെ മണ്ണറകൾ കടും പച്ചയണിഞ്ഞ് നിന്നു. അതിനും താഴെ നെൽപ്പാടങ്ങൾ. പള്ളിക്ക് മുകളിൽ വെള്ളിമലയോളം എത്തുന്ന റബ്ബർ തോട്ടങ്ങൾ. കരിയിലപ്പാതകൾ.
കഷണ്ടി കയറിയ മണ്ടയുള്ള ഉസ്താദിന് ആരാണ് മരുഭൂമി എന്ന് അർത്ഥമുള്ള പാലൈവനം എന്ന വിളിപ്പേരിട്ടത്...? അറിയില്ല. പാലൈവനം ഉസ്താദ് എന്നായിരുന്നു ഞാനും കൂട്ടുകാരുമൊക്കെ മൂപ്പരെ സ്വകാര്യമായി വിളിച്ചത്. പാലൈവനത്തിന് കോങ്കണ്ണായിരുന്നു. സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കും. കുടിയേറ്റ മുസ്‌ലിംകളുടെ മക്കളെ മതം പഠിപ്പിക്കുന്ന ജോലി പാലൈവനത്തിനാണ്. മാസ്റ്റർ എന്ന് വിളിപ്പേരുള്ള മൊയ്തീൻ ഹാജിയുടെ വീട്ടിൽ നിന്നാണ് മൂപ്പർക്കുള്ള ഭക്ഷണം. മാസ്റ്ററുടെ വീട് വാർപ്പാണ്. മാസ്റ്റർക്ക് നാല് പണിക്കാർ ജോലി ചെയ്യുന്ന റബ്ബർ തോട്ടമുണ്ട്.
പള്ളിക്കുള്ളിലെ ചെറിയ മുറിയിലാണ് പാലൈവനത്തിന്റെ വാസം. അതിന്റെ കിളിവാതിലിലൂടെ നോക്കിയാൽ പളളിക്കാട് കാണാം. അന്ത്യവിധി കാത്ത് കിടക്കുന്ന ആ മണ്ണറകൾക്കുള്ളിലെ മനുഷ്യരോട് പാലൈവനം സംസാരിച്ചു. അറബി ഭാഷയിലായതുകൊണ്ട് എന്താണ് മൂപ്പർ പറയുന്നതെന്ന് ആർക്കും മനസിലായില്ല. അതിന്റെ കൂടി ബലത്തിലാണ് മൂപ്പർ അവിടെ പിടിച്ചു നിന്നത്. ഉസ്താദിന് ഖബറാനികളുമായി സംസാരിക്കാൻ കഴിയുമെന്നും ഔലിയാക്കളുമായി ആശയവിനിമയം നടത്താൻ കഴിയുമെന്നും ഞങ്ങൾ വിശ്വസിച്ചു. ആ വിശ്വാസത്തിനുമേൽ മൂപ്പർ ഞങ്ങളുടെ ചെറുതും വലുതുമായ രോഗങ്ങളെ മന്ത്രിച്ചൂതിയും കുപ്പി പിഞ്ഞാണത്തിൽ ഖുർആൻ എഴുതിയ മഷി കുടിപ്പിച്ചും ചികിത്സിച്ചു.
മാസ്റ്ററുടെ മകളായിരുന്നു ആബിദ. അവളാണ് മദ്രസയിലെ ഏറ്റവും മുതിർന്ന കുട്ടി. അവളുടെ വസ്ത്രങ്ങളും കുടയും നോട്ട് ബുക്കുകളും എന്നും പുതുപുത്തനായി നിന്നു. അവൾക്ക് നെഞ്ചിൽ ചന്തമുള്ള വലിയ രണ്ട് മുഴകളുണ്ട്. ഞങ്ങളെല്ലാം ആ മുഴകളെ കൗതുകത്തോടെയാണ് കണ്ടത്. തല മറച്ച തട്ടത്തിനുള്ളിൽ നിന്ന് അവളുടെ ചുരുൾമുടികൾ എന്നെ കാണാൻ ഇറങ്ങി വരുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ആബിദ മറ്റു കുട്ടികൾക്കൊപ്പം നിലത്ത് ഇരുന്നില്ല. പാലൈവനം നിൽക്കുമ്പോൾ മൂപ്പരുടെ കസേരയിലും മൂപ്പർ ഇരിക്കുമ്പോൾ മൂപ്പരുടെ മടിയിലുമാണ് അവൾ ഇരുന്നത്. ആ ഇരുത്തം ഞങ്ങളൊക്കെ അസൂയയോടെയാണ് കണ്ടത്. അവൾ പാഠങ്ങൾ പഠിച്ചില്ല. ഉസ്താദിന്റെ അടി കൊണ്ടില്ല. പാഠങ്ങൾ പഠിച്ചിട്ടും ഞങ്ങൾ അടി കൊണ്ടു. ഞങ്ങളുടെ കൈകളിലും തുടകളിലും ചന്തിയിലുമൊക്കെ പാലൈവനത്തിന്റെ ചൂരൽപാടുകൾ ചുവന്ന് നിന്നു.
അവളുടെ കുപ്പായത്തിൽ നിന്നും പുറം ചാടിയ വെളുത്ത മുഴകളിൽ ഉസ്താദിന്റെ കൈ തൊട്ടപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. കാലമെത്രയോ കഴിഞ്ഞാണ് ഞാൻ കടലെന്ന വിസ്മയം കാണുന്നത്. പക്ഷേ, അപ്പോൾ ആ നിമിഷങ്ങളിൽ അടഞ്ഞ കണ്ണിനുള്ളിൽ ഞാൻ കടൽ കണ്ടു.
ചില ദിവസങ്ങളിൽ ആബിദ ഉസ്താദിന് പലഹാരങ്ങൾ കൊണ്ടുവരും. അന്ന് എല്ലാരെയും കുഴക്കുന്ന ചോദ്യങ്ങൾ മൂപ്പർ ചോദിക്കും. ഉത്തരമറിയാതെ ഞങ്ങൾ അന്തം വിട്ടിരിക്കും. അപ്പൊ എല്ലാർക്കും ഓരോ അടി തന്നിട്ട് മൂപ്പർ പറയും; "എല്ലാ ബലാലീങ്ങളും അങ്ങട്ട് തിരിഞ്ഞ് മുട്ട് കുത്തിയിരിക്കീ.. എല്ലാ ബലാലീങ്ങളും കണ്ണടക്കീ. കണ്ണ് തൊറന്നാ ... അറിയാലോ?'
പാലൈവനത്തിന് പുറംതിരിഞ്ഞ് മുട്ടുകുത്തി കണ്ണുകൾ അടച്ച് ഞങ്ങൾ ഇരിക്കും. ഒരു അടിയല്ലേ കിട്ടിയുള്ളൂന്ന് ഓരൊ കുട്ടിയും ആശ്വസിക്കും. ഒരിക്കൽ എനിക്ക് തോന്നി, ഉസ്താദ് ആബിദ കൊണ്ടുവന്ന പലഹാരം തിന്നുകയാവും. അത് പഴംപൊരിയാവും. എന്നോ ഒരിക്കൽ തിന്ന പഴംപൊരിയുടെ രുചി വായിൽ ഊറിയപ്പോൾ ഞാൻ കണ്ണ് തുറന്നു.
അരമതിലിനപ്പുറം പള്ളിക്കാട്ടിലെ കരിം പച്ചകളിൽ നിന്ന് ചെമ്പോത്തുകൾ പറന്നുയരുന്നു. നെൽപ്പാടങ്ങളിലൂടെ കാറ്റ് കടന്നുപോകുന്നു. അര മതിലിനു നടുവിലെ സിമന്റ് തൂണിൽ എന്നോ ഒട്ടിച്ചു വെച്ച കണ്ണാടി സാക്ഷി.
ഉസ്താദ് ആബിദാനെ മടിയിലിരുത്തി ഉമ്മ കൊടുക്കുന്നു. നെറ്റിയിൽ ... കവിളിൽ ... അവൾ കണ്ണടച്ച് ഇരിക്കുന്നു. അവളുടെ കുപ്പായത്തിൽ നിന്നും പുറം ചാടിയ വെളുത്ത മുഴകളിൽ ഉസ്താദിന്റെ കൈ തൊട്ടപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. കാലമെത്രയോ കഴിഞ്ഞാണ് ഞാൻ കടലെന്ന വിസ്മയം കാണുന്നത്. പക്ഷേ, അപ്പോൾ ആ നിമിഷങ്ങളിൽ അടഞ്ഞ കണ്ണിനുള്ളിൽ ഞാൻ കടൽ കണ്ടു. വിശ്രമമില്ലാത്ത ആ കടലിരമ്പം കേട്ടു.
ജീവിതത്തിൽ ഒരിക്കലും ഞാൻ അതിനെ പറ്റി അവളോട് ഒന്നും ചോദിച്ചില്ല. കണ്ട കാഴ്ചയെ പറ്റി ആരോടും പറഞ്ഞില്ല. ഭയം കടലായി എന്റെയുള്ളിൽ കനത്ത് കിടന്നു. കാലങ്ങൾക്കു ശേഷം കാൻസർ വാർഡിലെ ഒമ്പതാം നമ്പർ ബെഡ്ഡിൽ കൺപീലികൾ പോലും കൊഴിച്ചിട്ട് മരണം കാത്തുകിടക്കുന്ന അവളുടെ അരികിൽ നിൽക്കുമ്പോൾ ഞാനാ കടലിരമ്പം കേട്ടു. നാവിൽ ഉപ്പ് രുചിച്ചു. കടലുപ്പല്ല, കണ്ണീരുപ്പ്. എന്റെ കണ്ണുകൾ എന്നെ ചതിച്ചുകൊണ്ട് ഏതൊക്കെയോ ഓർമ്മകളുടെ ശിഖരങ്ങളിൽ നിന്ന് കണ്ണീരായി പെയ്തിറങ്ങി.
പാഠങ്ങൾ തന്നെ തലമണ്ടയിൽ കയറാത്ത ഞങ്ങൾക്ക് മറ്റു പലതും പാലൈവനം പറഞ്ഞു തന്നു. പലഹാരതീറ്റയുടെ ആനന്ദ വേളയിൽ മൂപ്പർ ഒരിക്കൽ പറഞ്ഞു; "ഇന്നുമുതൽ മദ്രസ വിട്ടാലും ആങ്കുട്ട്യാള് തൊപ്പി ഊരരുത്. തൊപ്പി ഇട്ടിട്ടന്നെ ഉസ്‌കൂളിൽ പോണം. അടിയല്ല വെടി കൊണ്ടാലും ആരും തൊപ്പി ഊരരുത്. മനസിലായോ ബലാലീങ്ങളേ...'
ഞങ്ങൾ കുട്ടത്തോടെ അലമുറയിട്ടു; "മനസിലായി ഉസ്താദേ...'
തലമറയ്ക്കൽ സുന്നത്താണെന്നും തൊപ്പി വെക്കൽ മുസൽമാന്റെ കടമയാണെന്നും ഉസ്താദ് ഉറപ്പിച്ചു പറഞ്ഞതിനാൽ ഞാനും തൊപ്പി ഊരിയില്ല. തൊപ്പിയിട്ട് സ്‌കൂളിലേക്ക് പോവുന്ന കുട്ടികൾ നാട്ടുകാർക്ക് ഒരു കൗതുകക്കാഴ്ചയായി. കൂക്കി വിളികളുടെ അകമ്പടിയോടെയാണ് ഞങ്ങൾ ക്ലാസ് മുറിയിലേക്ക് അന്ന് കടന്നത്. കൂവുന്നവരുടെ കൂട്ടത്തിൽ ആബിദയും ഉണ്ട്. ക്ലാസ് മുറിയിലെ ആ ബഹളത്തിലേക്കാണ് പൊന്നഴകി ടീച്ചർ വന്നത്. ആദ്യം ഒന്ന് അന്തം വിട്ടെങ്കിലും തൊപ്പി ഊരി വെക്കാൻ അവർ ഞങ്ങളോടു പറഞ്ഞു. അവരുടെ കയ്യിലും ചൂരലുണ്ട്. ഉസ്താദിന്റെ കയ്യിലും ചൂരലുണ്ട്. ആ രണ്ട് ചൂരലുകൾക്കും നടുവിൽ ഞാനെന്ന കുട്ടി നിസ്സഹായനായി നിന്നു.
അവൻ തൊപ്പിയൂരി. വെടി പൊട്ടിയില്ല. ആകാശം ഇടിഞ്ഞു വീണില്ല. മുത്തയ്യൻ സാർ അവനെ തന്റെ സുഗന്ധത്തിലേക്ക് ചേർത്ത് പിടിച്ചു. രൂപത്തിന് ഒട്ടുമിണങ്ങാത്ത വിധം തീരെ ചെറിയ കുട്ടിയെപ്പോലെ സാറിനെ കെട്ടിപ്പിടിച്ച് അവൻ ഉറക്കെ കരഞ്ഞു.
മജീദ് ടീച്ചർക്ക് മുസൽമാന്റെ കടമയെ കുറിച്ചും സുന്നത്തിനെ കുറിച്ചും പാലൈവനത്തിന്റെ വാക്കുകളിൽ ക്ലാസെടുക്കുന്നത് ഞാൻ കേട്ടു നിന്നു. ഒപ്പം അർത്ഥമറിയാതെ ഞങ്ങൾ കാണാപാഠം പഠിച്ച ഖുർആൻ വചനങ്ങളിൽ ചിലത് അവൻ ഈണത്തിൽ ചൊല്ലാനും തുടങ്ങി. തനിക്ക് മനസിലാവാത്ത ഭാഷയിൽ തെറിപ്പാട്ട് പാടി അവൻ തന്നെ കളിയാക്കുകയാണെന്ന് ധരിച്ച ടീച്ചർ അവനെ അടിച്ചു. അടി തടുക്കാനായി അവൻ ടീച്ചറുടെ സാരിയിൽ കയറിപ്പിടിച്ചു. സാരി കുത്തഴിഞ്ഞ് അലങ്കോലമായി. കണ്ണീരോടെ ടീച്ചർ ക്ലാസിൽ നിന്നിറങ്ങിപ്പോയി.
പിന്നെ വന്നത് മുത്തയ്യൻ സാറാണ്. സാറിന്റെ വായിൽ നിന്നാണ് ഞാൻ ആദ്യമായി ഷേക്‌സ്പിയർ എന്ന വാക്ക് കേട്ടത്. മരണം വരേക്കും ഓർക്കാൻ ഒഥല്ലോയെ കേട്ടത്.
മുത്തയ്യൻ സാർ ഞങ്ങളെയൊക്കെ നോക്കി ചിരിച്ചു. ക്ലാസ് ലീഡറായ എന്നെ അരികിലേക്ക് വിളിപ്പിച്ചു.
തൊപ്പിയിൽ തൊട്ട് കൊണ്ട് ചോദിച്ചു; "മുണ്ടം ...എന്നടാ ഇത് ?'"തൊപ്പിയാണ് സാർ'
"അത് പുരിയിയിത് ഇതെ എത്ക്ക് പോട്ടിറുക്കീങ്കോ?'
"ഉസ്താദ് പോട സൊണ്ണത് സാർ '
സാറ് എന്റെ തോളിൽ പിടിച്ച് എന്നെ ചേർത്തു നിർത്തി; "പാക്ക്‌റതുക്ക് അളകാത്താ ഇര്ക്ക്ത്. ആനാലും വേണാം ടാ ... ഇത്തന പേർ മത്തിയിലെ നീങ്കെ മട്ടും തനി കൂട്ടമായിരുവീങ്കെടാ ... ഇങ്കെ വരുമ്പോതു മട്ടും കളട്ടി വെച്ചിരുങ്കോ മത്തപടിയെല്ലാം പോട്ടുക്കുങ്കോ...പുരിയിതാ ? '
സാറിന്റെ വിരലുകൾ എന്റെ തോളിൽ എന്തോ പറഞ്ഞു. സ്നേഹത്തിന്റെ ആ ഭാഷ മനസിലായതിനാൽ ഞാൻ മറ്റെല്ലാം മറന്ന് തൊപ്പിയൂരി സാറിന് കൊടുത്തു. "എനക്കെതുക്ക്ടാ ഇത്? നീയേ വെച്ചുക്കോ... ശരിയാ ... ഇനി തോളർകൾക്ക് പുത്തി ശൊല്ല് '
തോഴർകളിൽ മജീദ് മാത്രം ക്ലാസ് ലീഡറായ എന്നെയും ഇംഗ്ലീഷ് സാറായ മുത്തയ്യൻ സാറിനെയും അവഗണിച്ചുകൊണ്ട് ഭൂമിയിലെ അവസാനത്തെ മുസൽമാനായി നെഞ്ചും വിരിച്ച് വെടി കാത്തുനിന്നു.
മുത്തയ്യൻ സാർ അവന്റെയടുത്തേക്ക് ചെന്നു; "ഉനക്കെന്നെ പുടിക്കുമാ ? '
മജീദ് അതെ എന്ന് തലയാട്ടി."നാൻ ശൊന്നാ നീ ഏത്ത്ക്ക മാട്ടിയാടാ കണ്ണാ ...'
മുസ്‌ലിം കുട്ടികളെ മറ്റു കുട്ടികളും അധ്യാപകരും "രണ്ടേമുക്കാ ലെന്ന് ' പരിഹസിച്ച് വിളിക്കുമ്പോൾ തമാശക്കുപോലും സാർ ഞങ്ങളെ രണ്ടേമുക്കാലെന്ന് വിളിച്ചില്ല.
മജീദ് ശങ്കിച്ച് നിന്നു. അവന്റെയും പ്രിയപ്പെട്ട ഗുരുവാണ് മുത്തയ്യൻ സാർ. മുസ്‌ലിം
കുട്ടികൾക്ക് സുന്നത്ത് കല്യാണം കഴിയുമ്പോൾ ലിംഗത്തിന്റെ കാൽ ഭാഗം നഷ്ടമാവുമെന്ന് വിശ്വസിക്കാത്ത ഒരേയൊരു സാറാണ് മുത്തയ്യൻ സാറ്. മുസ്‌ലിം
കുട്ടികളെ മറ്റു കുട്ടികളും അധ്യാപകരും "രണ്ടേമുക്കാ ലെന്ന് ' പരിഹസിച്ച് വിളിക്കുമ്പോൾ തമാശക്കുപോലും സാർ ഞങ്ങളെ രണ്ടേമുക്കാലെന്ന് വിളിച്ചില്ല. കയ്യിൽ ഒരിക്കലും വടി കരുതിയില്ല. കുട്ടികളെ ശിക്ഷിച്ചില്ല. അതൊക്കെയും മജീദിന്റെ ഉള്ളിലൂടെ കടന്നുപോയിരിക്കണം. അവൻ തൊപ്പിയൂരി. വെടി പൊട്ടിയില്ല. ആകാശം ഇടിഞ്ഞു വീണില്ല. മുത്തയ്യൻ സാർ അവനെ തന്റെ സുഗന്ധത്തിലേക്ക് ചേർത്ത് പിടിച്ചു. അവന്റെ ഉള്ളിൽ കനത്തുനിന്ന തൊക്കെയും കണ്ണീരായി മാറി. രൂപത്തിന് ഒട്ടുമിണങ്ങാത്ത വിധം തീരെ ചെറിയ കുട്ടിയെപ്പോലെ സാറിനെ കെട്ടിപ്പിടിച്ച് അവൻ ഉറക്കെ കരഞ്ഞു.
നെൽക്കതിരിന്റെയും ആമ്പൽ പൂവിന്റെയും മണമുള്ള ആ ക്ലാസ് മുറിയിലെ മുപ്പത്തിയാറ് കുട്ടികളിലേക്കും സാറിന്റെ സ്നേഹം തണുപ്പായി പടർന്നു.
സാറ് പറഞ്ഞു: "ഇന്ത പിരീഡ് എല്ലോർക്കും പി.ടി. പോയ് വെളയാടുങ്കോ ...'
ആർപ്പു വിളികളോടെ മുപ്പത്തിയാറ് സന്തോഷങ്ങൾ സ്‌കൂൾ മുറ്റത്തേക്ക് ചിതറി പരക്കുന്നത് ഓർത്തെടുക്കുമ്പോൾ ഞാൻ എന്നോടു തന്നെ ചോദിക്കുകയാണ്.
ഇന്നായിരുന്നു മുസ്‌ലിം കുട്ടികളുടെ തൊപ്പി ഒരു മുത്തയ്യൻ സാർ ഊരി വെപ്പിച്ചതെങ്കിൽ എന്താവും ഈ നാടിന്റെ പ്രതികരണം ?
നമ്മൾ വല്ലാതെ മാറിയിരിക്കുന്നു. എത്രമാത്രം മാറി എന്ന് പോലും അറിയാത്ത മാറ്റം.▮
(തുടരും)