​മാരിയമ്മയും പടച്ചോനും മനുഷ്യപുത്രനും

വെറും മനുഷ്യർ- 3

ഒന്നായലിഞ്ഞ മുത്തയ്യൻ സാർ

"നിനക്ക് നിന്റെ അമ്മയെ പേടിയില്ലേ '... എന്ന എന്റെ ചോദ്യത്തിന് അവൻ ചിരിച്ച ചിരിയുടെ നിസ്സഹായത എനിക്കറിയാൻ കഴിഞ്ഞില്ല. കാലമേറെ കഴിഞ്ഞ് അവനെ കാണാനായി ഞാനവിടെ എത്തുമ്പോൾ ചാണകം മെഴുകിയ വീട്ടുമുറ്റത്ത് ഉടുതുണിയില്ലാതെ അവൻ കിടന്നു.

ചിത്രീകരണം : ദേവപ്രകാശ്

നാലു വയസ്സ് തികയും മുമ്പാണ് എന്നെ സ്‌കൂളിൽ ചേർത്തത്. പെരുംചിലമ്പിൽ ഒരു സ്‌കൂൾ വരുന്നതിൽ അന്നാട്ടുകാർക്ക് വലിയ ആനന്ദമൊന്നും തോന്നിയില്ല. മഴയും വെയിലും വന്നു പോവും പോലെ സ്‌കൂളും വന്നു പോവുന്നുവെന്നുമാത്രം. മൂത്തവരെയൊക്കെ ചേർത്ത കൂട്ടത്തിൽ മൂന്നര വയസ്സുള്ള എന്നെയും ഉപ്പ സ്‌കൂളിൽ ചേർത്തു. സ്‌കൂളിലേക്കുള്ള ആദ്യ യാത്രയോ പുതുവസ്ത്രങ്ങളുടെയും പുസ്തകത്താളിന്റെയും മണമൊന്നും ഓർമയിൽ ഇല്ല. സ്‌കൂൾ എന്നാൽ ആദ്യം മനസ്സിൽ വരുന്നത് വെളുത്ത ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ എഴുതി വെച്ച ""അരസു നടു നിലൈ പള്ളി പെരുംചിലമ്പ്'' എന്ന ബോർഡാണ്.

അതിന്റെ ചുവട്ടിൽ തങ്കരാജ് നിന്നു. വയറ്റിൽ വിശപ്പും കണ്ണുകളിൽ പ്രകാശവുമായി... ബട്ടൺ നഷ്ടമായ നിക്കർ രണ്ട് കൈ കൊണ്ടും താങ്ങിപ്പിടിച്ച് ഞാൻ മദ്രസ വിട്ട് വരുന്നതും കാത്ത് എന്നും അവനവിടെ നിൽക്കും. വിശാലമായ സ്‌കൂൾ മുറ്റത്ത് ഞങ്ങൾക്ക് ഞങ്ങളുടേതായ കളികൾ ഉണ്ടായിരുന്നു. പങ്കുവെക്കാൻ എപ്പോഴെങ്കിലും കിട്ടുന്ന നല്ല ഭക്ഷണത്തിന്റെ കഥകൾ ഉണ്ടായിരുന്നു. വയറുനിറഞ്ഞിട്ട് ബാക്കിയാക്കേണ്ടി വന്ന ആ അപൂർവ നിമിഷങ്ങളെ പിന്നീട് വിശന്നിരിക്കുമ്പോൾ ഞങ്ങൾ രണ്ടാളും കൊതിയോടെ ഓർത്തു.

തങ്കരാജിന്റെ ചെവി എപ്പോഴും പൊട്ടിയൊലിച്ചു. അവനെന്നെ കെട്ടിപ്പിടിക്കുമ്പോൾ ആ മഞ്ഞചലം എന്റെ കവിളിൽ പുരളും. ചിലപ്പൊ എന്റെ കുപ്പായത്തിലേക്ക് ഇറ്റി വീഴും. വല്ലാത്ത നാറ്റമുണ്ടായിട്ടും അത് തുടച്ച് കളയേണ്ട മാലിന്യമായി ഞങ്ങൾക്ക് തോന്നിയില്ല. ക്ലാസിൽ കയറാനുള്ള ബെല്ലടിക്കുവോളം ഞങ്ങൾ കളിച്ചു. ബെല്ലടിച്ചാൽ നിക്കറും താങ്ങി അവൻ ഓടും.

അവൻ താമരക്കുളങ്ങളിൽ ഒളിച്ചു പാർക്കുന്ന തേളിമീനുകളെ ചൂണ്ടയിടും. ചുറ്റും കടൽ പോലെ പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾക്കു നടുവിൽ താമരക്കുളത്തിനരികിൽ തങ്കരാജ് ഇരിക്കും. ക്ലാസ് മുറിയിലിരുന്ന് ഞാനവനെ ഓർക്കും. അവൻ ചൂണ്ടയിൽ ഇരകൊരുക്കുന്നതും അത് നീട്ടി എറിയുന്നതും ഓർക്കും. പിടിവിടുമ്പോൾ ഊർന്നുപോവുന്ന നിക്കർ അവൻ അഴിച്ച് മാറ്റിയിട്ടുണ്ടാകും. കറുത്ത ചന്തിയിൽ തട്ടി വെയിൽ ചിരിക്കുന്നുണ്ടാവും. കയ്യിൽ പിടിച്ച ഈർമ്പത്തിന്റെ ചലനത്തിൽ മാത്രം ശ്രദ്ധിച്ച് അവൻ കാത്തിരിക്കും. താമരയിലകൾക്കും പായലുകൾക്കും അടിയിൽ തേളിമീനുകൾ ഇര വിഴുങ്ങും. കയ്യിലെ ഈർമ്പത്തിന്റെ ചലനത്തിലൂടെ മീൻ കൊത്തിയത് അവൻ അറിയും. ചെവിയിൽ നിന്നൊലിക്കുന്ന മഞ്ഞ ചലം കഴുത്തിലൂടെ ഇറങ്ങി അവന്റെ നെഞ്ചിൽ പരക്കും.

ചാണകം പൊറുക്കി വിറ്റാൽ കാശ് കിട്ടുമെന്നും അത് എന്റെ തങ്കരാജ് പിടിച്ചു കൊണ്ട് വന്ന് ടീച്ചർമാർക്ക് വിൽക്കുന്ന മീനിന്റെ വിലയേക്കാൾ കൂടുതലുണ്ടാവുമെന്നും പറയാൻ ഞാൻ പലവട്ടം ഒരുങ്ങിയതാണ്. പക്ഷേ ഒരിക്കലും പറഞ്ഞില്ല.

സ്‌കൂളിനും നെൽപ്പാടങ്ങൾക്കും ചെടയാറിനും താമരക്കുളങ്ങൾക്കും അപ്പുറം അദൃശ്യമായ സ്വപ്നശകലം പോലെ കുമാരപുരം പട്ടണം... ക്ലാസ് മുറിയിൽ പൊന്നഴകി ടീച്ചർ തിരുക്കുറൾ ചൊല്ലി അർത്ഥം പറയുന്നുണ്ടാവും. സംശയങ്ങൾ ഒന്നുമില്ലാതെ കണ്ണടച്ചിരിക്കുന്ന എന്റെ ഉള്ളിലെ ചൂണ്ടയിൽ മീൻ കുടുങ്ങും. കുടുങ്ങിയ വലിയ തെളിമീനിനെ തങ്കരാജിന്റെ ഒപ്പം ഞാൻ വലിച്ചെടുക്കുമ്പോൾ ടീച്ചറുടെ ചൂരൽ എന്റെ നടുമ്പുറത്ത് വീഴും.

""എത്ക്ക്ടാ നീയെല്ലാം പള്ളിക്കൂടത്ത്ക്ക് വര്‌റത്...? പോയി സാണി പൊറുക്ക വേണ്ടത് താനേ...? ''

ചാണകം പൊറുക്കി വിറ്റാൽ കാശ് കിട്ടുമെന്നും അത് എന്റെ തങ്കരാജ് പിടിച്ചു കൊണ്ട് വന്ന് ടീച്ചർമാർക്ക് വിൽക്കുന്ന മീനിന്റെ വിലയേക്കാൾ കൂടുതലുണ്ടാവുമെന്നും പറയാൻ ഞാൻ പലവട്ടം ഒരുങ്ങിയതാണ്. പക്ഷേ ഒരിക്കലും പറഞ്ഞില്ല. ടീച്ചർ അത് വരെ താനെടുത്ത തിരുക്കുറൾ ഭാഗങ്ങളിൽ നിന്ന് ഏതെങ്കിലും നാലുവരി ചൊല്ലി വ്യാഖ്യാനിക്കാൻ എന്നോട് പറയും. തങ്കരാജിന്റെ ചൂണ്ടയിൽ എന്നെങ്കിലും കുരുങ്ങിയേക്കാവുന്ന തിമിംഗല വലിപ്പമുള്ള തേളിമീനിനെ ഓർത്ത് കൊണ്ട് ഞാൻ ചൊല്ലും.

""കർക്ക കസടറ കർപ്പവൈ കറ്റപിൻ നിൽക്ക അതർക്കു തക. ''

എന്നിട്ടതിന്റെ അർത്ഥം വ്യാഖ്യാനിക്കും. ടീച്ചറും മറ്റു കുട്ടികളും അന്തം വിട്ട് അത് കേട്ടിരിക്കും. ഞാൻ കാണാപാഠം പഠിച്ച തിരുക്കുറൾ ഭാഗമൊക്കെ അർത്ഥസഹിതം ഞാൻ തങ്കരാജിനെയും പഠിപ്പിച്ചു. തെറ്റിയും തിരുത്തിയും എന്റെ നുള്ളുകൊണ്ട് പിടഞ്ഞും തങ്കരാജ് തിരുക്കുറൾ പഠിച്ചു. മറ്റെല്ലാ വിഷയങ്ങൾക്കും തോറ്റാലും ഭാഷാ പരീക്ഷയിൽ തങ്കരാജ് എന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങും. അരക്കൊല്ല പരീക്ഷക്കും കൊല്ല പരീക്ഷക്കും ഇടയിൽ അവൻ ഗുരുക്കന്മാരുടെ വീടുകളിൽ തുണിയലക്കിയും വിറകു വെട്ടി കൊടുത്തും ജയിക്കാനുള്ള മാർക്ക് നേടി. ജയിക്കാൻ എത്ര മാർക്ക് വേണമെന്ന് പോലും അവന് അറിയില്ലായിരുന്നു.

ടീച്ചർമാർക്ക് മീൻ വിറ്റു കിട്ടുന്ന പണത്തിന്റെ ചെറിയ ഒരോഹരി അവൻ എനിക്ക് തരും. അത് വേണ്ടെന്ന് പറയാനുള്ള വിവേകം എനിക്കില്ലായിരുന്നു. അവൻ മീൻ വിറ്റ് കിട്ടുന്ന പണം അവന്റെ അമ്മ ചാരായലഹരിക്ക് ചെലവിട്ടു. അവർ എപ്പോഴും ചാരായലഹരിയിൽ മയങ്ങിക്കിടന്നു. ഉണർച്ചയുടെ ഇടവേളകളിൽ അവരവനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.

പണ്ട് സ്‌കൂൾ മുറ്റത്ത് എന്റെ കൂടെ കളിക്കുമ്പോൾ അവന്റെ കണ്ണുകളിൽ ഞാൻ കണ്ട അതേ പ്രകാശവുമായി എന്റെ മുമ്പിൽ അവന്റെ മകൻ നിന്നു. അതേ നിറം. അതേ നെറ്റി. അതേ ചപ്രത്തലമുടി. തൊട്ടപ്പുറത്ത് തുന്നിക്കൂട്ടിയ ജമ്പറിനും പിഞ്ഞിയ ചേലയ്ക്കുമുള്ളിൽ ഒരു മനുഷ്യക്കോലം... അവന്റെ ഭാര്യ

എനിക്കവന്റെ അമ്മയെ പേടിയാണ്. ആ ചോര കണ്ണുകളെ പേടിയാണ്. ഭ്രാന്തിയെപ്പോലെ അഴിച്ചിട്ട മുടിയെ പേടിയാണ്. ജമ്പറിൽ നിന്ന് പുറത്തേക്ക് ചാടിയ കറുത്ത മുലകളെ പേടിയാണ്. അവന്റെ വീടെത്താറാവുമ്പോൾ ഞാൻ എന്നും ഓടി. എന്റെ പിന്നാലെ വാക്കത്തിയുമായി അവരുണ്ടോ എന്ന് തിരിഞ്ഞ് നോക്കി കൊണ്ട്.

"നിനക്ക് നിന്റെ അമ്മയെ പേടിയില്ലേ '... എന്ന എന്റെ ചോദ്യത്തിന് അവൻ ചിരിച്ച ചിരിയുടെ നിസ്സഹായത എനിക്കറിയാൻ കഴിഞ്ഞില്ല. കാലമേറെ കഴിഞ്ഞ് അവനെ കാണാനായി ഞാനവിടെ എത്തുമ്പോൾ ചാണകം മെഴുകിയ വീട്ടുമുറ്റത്ത് മദ്യലഹരിയിൽ ബോധമില്ലാതെ ഉടുതുണിയില്ലാതെ അവൻ കിടന്നു. അവന്റെ കറുത്ത് നീണ്ട ലിംഗം വെയിലേറ്റ് ചിരിച്ചു.

പണ്ട് സ്‌കൂൾ മുറ്റത്ത് എന്റെ കൂടെ കളിക്കുമ്പോൾ അവന്റെ കണ്ണുകളിൽ ഞാൻ കണ്ട അതേ പ്രകാശവുമായി എന്റെ മുമ്പിൽ അവന്റെ മകൻ നിന്നു. അതേ നിറം. അതേ നെറ്റി. അതേ ചപ്രത്തലമുടി. തൊട്ടപ്പുറത്ത് തുന്നിക്കൂട്ടിയ ജമ്പറിനും പിഞ്ഞിയ ചേലയ്ക്കുമുള്ളിൽ ഒരു മനുഷ്യക്കോലം... അവന്റെ ഭാര്യ... ചാരായ ലഹരിയിൽ അവന്റെയമ്മ വാക്കത്തി കൊണ്ട് വെട്ടിയ പാട് അവന്റെ കരിം തുടയിൽ ജീവിതം എന്ന പോരോടെ തെളിഞ്ഞ് നിന്നു.

പെരുംചിലമ്പിലെ സ്‌കൂളിനും ചർച്ചിനും ഇടയിൽ മെയിൻ റോഡാണ്. അതിലൂടെയാണ് കുമാരപുരത്തേക്കും തക്കലയിലേക്കുമുള്ള ബസ്സുകൾ നെട്ടോട്ടമോടിയത്. ചർച്ചിനും സ്‌കൂളിനുമപ്പുറം പൊടിപിടിച്ച കിടന്ന ബസ് സ്റ്റേഷൻ. അതിനുമപ്പുറം വർണ്ണമത്സ്യങ്ങളെ നെഞ്ചിലേറ്റി ഒഴുകുന്ന ചെടയാറ്. ചെടയാറിന്റെ തീരങ്ങളിലെ വെള്ളമണലിൽ ആരുടെയൊക്കെയോ കാൽപ്പാടുകൾ... ആ കാൽപ്പാടുകളിലേക്ക് പൊഴിഞ്ഞ് വീണ ചുവന്ന അരളിപ്പൂക്കൾ...

കാലിൽ ഒറ്റ ചിലമ്പുമായി മധുരയെ എരിക്കാൻ കണ്ണുകളിൽ തീയുമായി കണ്ണകി ഓടിയത് ഈ വഴികളിലൂടെയാണ്. അതുകൊണ്ടാണ് ഈ നാടിന് പെരുംചിലമ്പെന്ന പേര് കിട്ടിയതെന്ന് എനിക്ക് പറഞ്ഞ് തന്നത് മുത്തയ്യൻ സാറാണ്.

ചർച്ചിനു മുമ്പിലെ ചില്ലുകൂട്ടിൽ മനുഷ്യപുത്രനെ നെഞ്ചോട് ചേർത്ത് കന്യാമറിയം നിന്നു. ചുവന്ന തറയോടുകൾ പതിച്ച മുറ്റത്തിനും വലിയ മരവാതിലുകൾക്കും അപ്പുറം തിരുമുറിവുകളിലെ രക്തപ്പാടുമായി മുൾക്കിരീടമണിഞ്ഞ് മനുഷ്യ പുത്രൻ... വനവും വയലുകളും കടന്നെത്തിയ കാറ്റ് ആ മുറിവുകളിൽ തഴുകി കടന്ന് പോയി. ആരൊക്കെയോ അവനെ വിളിച്ച് പ്രാർത്ഥിച്ചു.

പരീക്ഷക്ക് ഉയർന്ന മാർക്ക് കിട്ടാനും, സ്‌കൂൾ വിട്ട് ചെല്ലുമ്പോൾ വിശപ്പകറ്റാൻ വല്ലതും കിട്ടാനും, ഉസ്താദിന്റെ ചൂരലടി കൊള്ളാതിരിക്കാനും ഞാനും അവനോട് പ്രാർത്ഥിച്ചു. പടച്ചവൻ ഉസ്താദിന്റെ വാക്കുകളിൽ മാത്രമായി ചുരുങ്ങി നിന്നതുകൊണ്ട് ഞാൻ മാരിയമ്മയോടും കർത്തറോടും ( കർത്താവ്) പ്രാർത്ഥിച്ചു. വഴിയിൽ അമ്പത് പൈസ ഇട്ടുതന്ന് സ്വന്തം അസ്തിത്വവും കരുണയും തെളിയിക്കാൻ ഞാനവരെ വെല്ലുവിളിച്ചു.

റോഡിൽ ഒരിക്കലും അമ്പത് പൈസ വീണില്ല. എനിക്ക് മുമ്പിൽ തോറ്റുപോയ ദൈവങ്ങളോട് എന്നിട്ടും ഞാൻ പ്രാർത്ഥിച്ചു. ആവശ്യവും വെല്ലുവിളിയും കുറഞ്ഞുപോയെന്ന് കരുതി അമ്പത് പൈസയെ അഞ്ച് രൂപയാക്കി മാറ്റി നോക്കി. ഫലമുണ്ടായില്ല. ചെടയാറിന്റെ തീരങ്ങളിൽ ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് കൊണ്ടിരുന്നു.

ക്രിസ്തുമസിനും കോവിൽ തിരുവിഴകൾക്കും ചർച്ചിന്റെ മുറ്റം സിനിമാശാലയായി മാറും. വലിച്ചുകെട്ടിയ വെള്ള തുണിയിലേക്ക് പിറകിൽനിന്ന് വരുന്ന വെളിച്ചത്തിലൂടെ രൂപങ്ങൾ പറന്നുചെന്നു. വെള്ള തിരശ്ശീലയിൽ അവർ ചലിച്ചു. നൃത്തം ചെയ്തു. നിറമോ ശബ്ദമോ ഇല്ലാത്ത ഊമ സിനിമകളായിരുന്നു അത്.

അഞ്ചാം ക്ലാസിലെ ക്രിസ്തുമസ് അവധിക്കാലത്താണ് ചർച്ചിന്റെ മുറ്റത്ത് വെള്ളത്തുണിയിലേക്ക് വർണ്ണങ്ങളും ശബ്ദങ്ങളും വിരുന്നുവന്നത്. കണ്ടും കേട്ടും ഞാനും തങ്കരാജും അന്തം വിട്ടിരുന്നു. ചുറ്റും ഇരമ്പുന്ന മനുഷ്യരാണോ വെള്ളത്തുണിയിലെ മനുഷ്യരാണോ യഥാർത്ഥ മനുഷ്യരെന്ന് ഞാൻ അത്ഭുതപ്പെട്ടു. തങ്കരാജിനും അതിന്റെ ഉത്തരം അറിയില്ലായിരുന്നു.

ഇരുണ്ടുനിന്ന ആകാശത്തിനു ചുവട്ടിൽ ഈസ്റ്റ്മാൻ കളറിൽ എം.ജി.ആർ കുതിരയോടിച്ചു. വാൾ പയറ്റ് നടത്തി. കൊട്ടാരം പോലുള്ള വീട്ടിൽ അന്തിയുറങ്ങി. എം.ജി.ആറെന്ന മനുഷ്യൻ പെരുംചിലമ്പിനപ്പുറത്ത് വിദൂരതയിൽ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹമാണ് നാട് ഭരിക്കുന്നതെന്നും മുത്തയ്യൻ സാർ ഞങ്ങൾക്ക് പറഞ്ഞ് തന്നു.

മാരിയമ്മയും പടച്ചോനും മനുഷ്യപുത്രനും ഒന്നായലിഞ്ഞ് മുത്തയ്യൻ സാറായി മാറി. നൊന്ത് പ്രാർത്ഥിച്ചിട്ടും വെല്ലുവിളിച്ചിട്ടും അവർ കേൾക്കാത്ത എന്റെ പ്രാർത്ഥനകൾക്കുള്ള ഉത്തരവുമായി മുത്തയ്യൻ സാറിന്റെ കൈ എന്റെ കീശ തേടിയെത്തി. ദുർബലമായി പോലും അതിനെ ചെറുക്കാൻ എനിക്ക് കഴിഞ്ഞില്ല.

സാറിന് ടോൾസ്റ്റോയിയേയും ഗാന്ധിജിയേയും ഭാരതിയാരെയും തന്തൈ പെരിയാറെയും അറിയാം. ആ അറിവുകളെല്ലാം തലയിൽ ചുമന്ന് നടക്കുന്ന മുത്തയ്യൻ സാർ എന്റെയുള്ളിൽ വളരുകയായിരുന്നു. വെള്ളത്തുണിയിൽ ഞാൻ കണ്ട എം.ജി.ആറിനേക്കാൾ ഉയരമുണ്ടായിരുന്നു ആ വളർച്ചയ്ക്ക്.

സ്‌കൂളിന് എതിർവശത്ത് ചർച്ചിനടുത്തുള്ള മുനിയാർ പാണ്ടിയുടെ മുറുക്കാൻ കടയിൽ നിന്ന് സാറിന് മുറുക്കാൻ വാങ്ങിക്കൊടുത്തിരുന്നത് ഞാനാണ്. എന്നോട് വേണ്ട മിഠായിയും പെൻസിലും വാങ്ങാൻ സാറ് പറഞ്ഞിരുന്നു. സ്നേഹത്തിനും ആദരവിനും നടുവിൽ വാങ്ങാത്ത മിഠായികൾ ചില്ലുഭരണികളിൽ തന്നെ കിടന്നു. മാസാവസാനം പറ്റ് തീർക്കുമ്പോൾ ഞാൻ ഒന്നും വാങ്ങിയിട്ടില്ലെന്നറിഞ്ഞ് സാറെന്നെ ചേർത്ത് പിടിക്കും. എണ്ണ പുരളാത്ത തലമുടിയിൽ തലോടി ചോദിക്കും.

""ഏണ്ടാ ഒണ്ണുമേ വേണ്ടാമാ....? ''

ഞാനാ സ്നേഹസ്പർശത്തിൽ കുളിരണിഞ്ഞ് നിന്നു. ഞങ്ങൾക്ക് മുമ്പിലൂടെ തക്കലയിലേക്കുള്ള രണ്ട് മണിയുടെ ബസ് കടന്ന് പോയി. ദൂരെ... നെൽപ്പാടങ്ങൾക്ക് നടുവിൽ താമരക്കുളത്തിനരികിൽ തളർന്നിരിക്കുന്ന തങ്കരാജിനെ ഓർത്ത് എന്റെ നെഞ്ച് കനത്തു.

മാരിയമ്മയും പടച്ചോനും മനുഷ്യപുത്രനും ഒന്നായലിഞ്ഞ് മുത്തയ്യൻ സാറായി മാറി. നൊന്ത് പ്രാർത്ഥിച്ചിട്ടും വെല്ലുവിളിച്ചിട്ടും അവർ കേൾക്കാത്ത എന്റെ പ്രാർത്ഥനകൾക്കുള്ള ഉത്തരവുമായി മുത്തയ്യൻ സാറിന്റെ കൈ എന്റെ കീശ തേടിയെത്തി. ദുർബലമായി പോലും അതിനെ ചെറുക്കാൻ എനിക്ക് കഴിഞ്ഞില്ല.

""എതാവത് വാങ്കി ശാപ്പിട് രാസാ....''

മുത്തയ്യൻ സാർ ഓഫീസ് റൂമിലേക്ക് നടന്നു. ഞാനെന്ന കുട്ടി ആ സ്‌കൂൾ മുറ്റത്ത് മുഴുലോകവും കീശയിലായ ആനന്ദത്താൽ ഉറക്കെ പാടി.

""അതോ അന്ത പറവൈ പോലെ വാഴ വേണ്ടും....''

തിരിഞ്ഞു നോക്കി ചിരിക്കുന്ന മുത്തയ്യൻ സാറിനു ചുറ്റും ഞാൻ ദൈവങ്ങളെ കണ്ടു. വെല്ലുവിളിച്ചതിനും പ്രാർത്ഥിച്ച് ശല്യം ചെയ്തതിനും ഞാനവരോട് മാപ്പിരന്നു. കീശയിൽ കിടക്കുന്ന അഞ്ച് രൂപയുടെ നോട്ടിന് ജീവനുണ്ടെന്ന് തോന്നിപ്പോയി. അത് ചാടി പോവാതിരിക്കാൻ ഞാനത് ഉള്ളം കയ്യിൽ എടുത്ത് വെച്ചു.

മീനൊന്നും കിട്ടാതെ ചത്ത കണ്ണുകളുമായി മടങ്ങി വന്ന് ടീച്ചർമാരുടെ വഴക്ക് കേട്ട് തങ്കരാജ് എന്റെ മുമ്പിൽ നിന്നു. ഉള്ളം കയ്യിലെ ആ ജീവനെ അവന് കൊടുക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു, അപ്പോൾ ഞാൻ കൈമാറിയ നോട്ട് കാലത്തിന്റെ നെടുംപാതയിലൂടെ പലതായി പെരുകി ആരുടെയൊക്കെയോ സ്നേഹ സാന്നിധ്യമായി എന്നിലേക്ക് തിരിച്ചുവരുമെന്ന്..... ആ പണം കൊണ്ട് എന്റെ കുഞ്ഞുങ്ങൾ വിശപ്പാറ്റുമെന്ന് ...

മുഖത്തേക്ക് പടർന്ന മഞ്ഞചലവുമായി എന്നെ ഉമ്മ വെക്കുമ്പോൾ തങ്കരാജ് എന്തിനെന്നില്ലാതെ കരഞ്ഞു. ചെടയാറിന്റെ മണൽപ്പുറങ്ങളിൽ വീണ അരളിപ്പൂക്കളെ ചവിട്ടി ഞെരിച്ചുകൊണ്ട് ആരൊക്കെയോ നടന്ന് പോയി....▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments