ചിത്രീകരണം: ദേവപ്രകാശ്

​ശെന്തിൽ; സ്ഥാനം തെറ്റിയിട്ട ഒരു കുപ്പായക്കുടുക്ക്

വെറും മനുഷ്യർ- 4

ടീച്ചറുടെ റൂൾത്തടിക്ക് താഴെ കൈ കമഴ്​ത്തിവെക്കേണ്ട ഊഴം എന്നും ശെന്തിലിനാണ്. ഏത് ശിക്ഷയെയും ചിരിച്ചുകൊണ്ട് അവൻ സ്വീകരിച്ചത് ഉച്ചച്ചോറിനും അതിൽ ഒഴിച്ച് കിട്ടുന്ന കൊഴുത്ത സാമ്പാറിനും വേണ്ടിയാണ്.

വെറും വെള്ളത്തുണിയിൽ മനുഷ്യർ നടക്കുന്നതും ചിരിക്കുന്നതും ഓടുന്നതും തമ്മിൽ തല്ലുന്നതുമൊക്കെ പാലൈവനം ഉസ്താദിന് പുതിയ അറിവായിരുന്നു. മജീദാണ് ഉസ്താദിനോട് ആ സിനിമാ വിശേഷം പറഞ്ഞത്. അവന് ആദ്യത്തെ അടി കിട്ടി. സിനിമ കണ്ടവരൊക്കെ വന്ന് കൈ നീട്ടി അടി വാങ്ങി.

ഉസ്താദ് ഉറപ്പിച്ച് പറഞ്ഞു:""ആലംദുനിയാവിൽ പടച്ചോനുമാത്രേ പടപ്പോൾക്ക് ജീവൻ കൊടുക്കാൻ പറ്റുള്ളൂ. ഇങ്ങള് കണ്ടത് ഇബ്ലീസിന്റെ ഫിത്‌നയാണ്. ഇഞ്ഞെങ്ങാനും പോയാല്... അറിയാല്ലോ....?''

ശബ്ദവും വർണ്ണവും ഉള്ള സിനിമ രണ്ടാം വട്ടം വന്നത് പൊങ്കൽ അവധിക്കാണ്. ചർച്ചിന്റെ മുറ്റവും കടന്ന് ആൾക്കൂട്ടം പാതയിലേക്ക് പടർന്നു. ആനന്ദമൂർച്ചയ്ക്ക് ചാരായലഹരി കൂടി തുണയായപ്പോൾ മുമ്പിൽ കണ്ടവരൊക്കെ പരസ്പരം കെട്ടിപ്പിടിച്ചു. ഞാനും തങ്കരാജും ഒന്നിച്ചാണ് സിനിമ കാണാൻ ഇരുന്നത്.

മുത്തയ്യൻ സാർ തന്റെ ക്ലാസിലെ കുട്ടികളെ തിരഞ്ഞ് നടന്ന് ഞങ്ങളെ കണ്ടെത്തി.സാറ് ഞങ്ങളുടെ മുമ്പിൽ തിക്കി തിരക്കി ഇരുന്നു. തങ്കരാജിനോട് ചെവി തുടക്കാൻ പറഞ്ഞു. കൈ കൊണ്ട് മഞ്ഞച്ചലം തുടച്ച് കയ്യിൽ പുരണ്ടത് നിക്കറിൽ തുടച്ച് അവൻ ചിരിച്ചു. സാറ് പോക്കറ്റിൽ നിന്ന് കളഭമണമുള്ള തൂവാലയെടുത്ത് അവന് നീട്ടി. ആ സുഗന്ധം കയ്യിൽ പിടിച്ച് അവൻ സാറിനെ നോക്കി. ആരും അവനോട് ഇതിനുമുമ്പ് പൊട്ടിയൊലിക്കുന്ന ചെവി തുടക്കാൻ പറഞ്ഞിട്ടില്ല. അത് വൃത്തിയാക്കാൻ സുഗന്ധത്തൂവാല കൊടുത്തിട്ടില്ല.

ഞാൻ തങ്കരാജിനെ ചേർത്തുപിടിച്ചു. സാർ ഞങ്ങൾക്ക് രണ്ടാൾക്കുമായി അഞ്ച് രൂപ തന്ന് മിഠായി വാങ്ങി തിന്നാൻ പറഞ്ഞു. ആകാശത്ത് നക്ഷത്രങ്ങൾ പൂക്കുന്നത് ഞാൻ കണ്ടു. ആ നക്ഷത്ര പ്രകാശം ഞങ്ങളിലേക്ക് പടരുന്നത് അറിഞ്ഞു. സാർ എഴുന്നേറ്റ് സിനിമ മുഴുവൻ കാണണമെന്നും സ്‌കൂൾ തുറക്കുമ്പോൾ തനിക്ക് കഥ പറഞ്ഞു തരണമെന്നും പറഞ്ഞിട്ട് ആൾക്കൂട്ടത്തിൽ മറഞ്ഞു.
തങ്കരാജ് വെള്ളത്തൂവാലയും കയ്യിൽ പിടിച്ച് സാറ് തന്ന രൂപ എനിക്ക് നീട്ടി. നമുക്ക് പിന്നീട് വല്ലതും വാങ്ങാമെന്ന് പറഞ്ഞ് നോട്ട് ഞാനാ തൂവാലയിൽ വെച്ച് കൊടുത്തു. ആൾക്കൂട്ടം കയ്യടിച്ചും കൂക്കി വിളിച്ചും ഇരമ്പിയാർത്തു.

സിനിമ തുടങ്ങി...

തിരശ്ശീലയിൽ കൊട്ടാരം പോലൊരു വീട് തെളിഞ്ഞു. അതിന്റെ മുറ്റത്ത് ബോഗൻവില്ലകൾ പൂത്തുനിന്നു. തലൈവരുടെ മുഖം തെളിഞ്ഞതും ആൾക്കൂട്ടം ഒന്നിച്ച് കയ്യടിച്ചു. പിന്നെ ശബ്ദങ്ങൾ ഒതുങ്ങി ജനക്കൂട്ടം സിനിമയുടെ കഥയിലേക്ക് ലയിച്ചു. കഥയിലെ ജീവിതം ഞങ്ങളുടേത് കൂടിയായി.

തിരശ്ശീലയിൽ തെളിഞ്ഞവരൊക്കെ വില കൂടിയ വർണവസ്ത്രങ്ങൾ അണിഞ്ഞു. ചിലർ കുതിരപ്പുറത്ത് കയറി. തലൈവർ തന്റെ പ്രണയിനിയോടൊപ്പം പൂന്തോട്ടങ്ങളിൽ ആടിപ്പാടി. കഥയിലെ ഓരോ മാറ്റത്തിലും ജനം ശ്വാസമടക്കിപ്പിടിച്ച് നിന്നു. തലൈവർ ശത്രുവുമായി വാൾ പയറ്റ് നടത്തി. തലൈവർ ജയിക്കേണ്ടത് കഥയുടെ ആവശ്യത്തേക്കാൾ ജനങ്ങളുടെ ആവശ്യമായിരുന്നു. തലൈവരുടെ കയ്യിൽ നിന്ന് വാൾ തെറിച്ച് പോയി. ആരോ സ്വന്തം അരയിലെ കത്തിയെടുത്ത് തലൈവർക്ക് എറിഞ്ഞു കൊടുത്തു. തലൈവർക്ക് പിടിക്കാൻ കിട്ടാതെ അത് മറ്റാരുടെയോ തോളിൽ തറച്ചു.

ചർച്ചിനുള്ളിൽ എം.ജി.ആറും മൂപ്പരുടെ കുതിരകളും ഉണ്ടെന്ന് അവൻ ഉറച്ച് വിശ്വസിച്ചു. ഞാനറിയാതെ അവൻ പലപ്പോഴും ചർച്ചിനുള്ളിലേക്ക് ഒളിഞ്ഞ് നോക്കി. അവന്റെയൊപ്പം അത് വിശ്വസിക്കാനോ അവനെ കളിയാക്കാനോ എനിക്ക് കഴിഞ്ഞില്ല.

പിന്നെ ആർപ്പുവിളിയും ബഹളവുമായി. ആരൊക്കെയോ ആരെയൊക്കെയോ അടിച്ചു. ഏതൊക്കെയോ കത്തികൾ ചോര രുചിച്ചു. ആൾക്കൂട്ടം ചിതറിയോടി. തലൈവർ ശത്രുവിന്റെ വാളിനെ വെറും കൈ കൊണ്ട് നേരിട്ടു. കുട്ടികളെ തിരഞ്ഞ് അമ്മമാരും അമ്മമാരെ തിരഞ്ഞ് കുട്ടികളും എങ്ങോട്ടെന്നില്ലാതെ പരക്കം പാഞ്ഞു. കരുത്തില്ലാത്തവർ വീണു. കരുത്തുള്ളവർ വീണവരെ ചവിട്ടി ഓടി. ചർച്ചിനുള്ളിലിരുന്ന് എല്ലാം കണ്ട് മനുഷ്യപുത്രൻ ചിരിച്ചിരിക്കണം. തിരക്കിൽപ്പെട്ട് കൂട്ടുപിരിഞ്ഞ് ഞാനും തങ്കരാജും രണ്ടു വഴിക്ക് ഓടി. കളഭത്തൂവാലയും നോട്ടും തങ്കരാജിന് നഷ്ടമായി.
പിറ്റേന്ന് അതിരാവിലെ വന്ന് അവിടമാകെ തിരഞ്ഞെങ്കിലും അവന് അത് കിട്ടിയില്ല. എന്നോട് എന്ത് പറയുമെന്ന വേവലാതിയിലും അവൻ ചർച്ചിന്റെ കിളിവാതിലിലൂടെ അകത്തേക്ക് എത്തി നോക്കി. അതിനുള്ളിൽ കുതിരകളും തലൈവരും സിനിമയിൽ കണ്ടതെല്ലാം ഉണ്ടെന്ന് അവൻ ഉറച്ച് വിശ്വസിച്ചു. അവനത് എന്നോട് പിന്നീട് പറഞ്ഞപ്പോൾ എനിക്ക് പറയാൻ മറ്റൊരു വിശേഷമുണ്ടായിരുന്നു.

ചിതറി ഓടുന്നതിനിടയിൽ മുനിയാർപാണ്ടിയുടെ മുറുക്കാൻ കടയ്ക്കപ്പുറം ചർച്ചിന്റെ മതിലിനോട് ചേർന്ന് പാലൈവനം ഉസ്താദ് നിൽക്കുന്നത് ഞാൻ കണ്ടു. പടച്ചോന് മാത്രം കഴിയുന്ന കാര്യങ്ങൾ പടപ്പുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് അറിയാൻ മറുവഴികളിലൂടെ അക്കണ്ട ദൂരമത്രയും ആ മനുഷ്യൻ നടന്ന് വന്നിരിക്കണം. ആരുടെയും കണ്ണിൽ പെടാതെ ഒളിച്ച് നിന്നിരിക്കണം. വെള്ളത്തുണിയിൽ മനുഷ്യർ ഓടുന്നതും പാടുന്നതും പടവെട്ടുന്നതും എങ്ങനെയെന്ന് അത്ഭുതം കൊണ്ടിരിക്കണം. കണ്ട് തുടങ്ങിയപ്പോൾ കലയെന്ന വിസ്മയത്തിൽ നിന്ന് കണ്ണെടുക്കാൻ കഴിയാതെ മിഴിച്ച് നിന്നിരിക്കണം.

ഉസ്താദിനെ അവിടെ കണ്ട കാര്യം ഞാൻ തങ്കരാജിനോട് മാത്രം പറഞ്ഞു. ഞാൻ പറയുന്നത് മറ്റാരും വിശ്വസിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തങ്കരാജിന് അതൊരു വാർത്തയേ അല്ലായിരുന്നു. മുത്തയ്യൻ സാർ പലവട്ടം പറഞ്ഞുതന്ന സിനിമാപ്പൊരുൾ അവന്റെ മണ്ടയിൽ കയറിയില്ല. ചർച്ചിനുള്ളിൽ എം.ജി.ആറും മൂപ്പരുടെ കുതിരകളും ഉണ്ടെന്ന് അവൻ ഉറച്ച് വിശ്വസിച്ചു. ഞാനറിയാതെ അവൻ പലപ്പോഴും ചർച്ചിനുള്ളിലേക്ക് ഒളിഞ്ഞ് നോക്കി. അവന്റെയൊപ്പം അത് വിശ്വസിക്കാനോ അവനെ കളിയാക്കാനോ എനിക്ക് കഴിഞ്ഞില്ല.

പഠിക്കുന്ന കാര്യത്തിൽ ഞാനുമായി മത്സരിച്ചത് ഗിരീഷായിരുന്നു. നായരണ്ണൻ എന്ന് വിളിപ്പേരുള്ള കുട്ടൻനായരുടെ മകനാണ് ഗിരീഷ്. കുട്ടൻ നായർ പെരുംചിലമ്പിലെ ബസ് സ്റ്റാന്റിനു മുമ്പിൽ ഹോട്ടൽ നടത്തിയിരുന്നു. മുത്തയ്യൻ സാറിന്റെ കനിവ് കൂട്ടാക്കി ഞാൻ ക്ലാസ് ലീഡറായത് അവനും അവൻ ഇംഗ്ലീഷ് പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്നത് എനിക്കും സുഖിച്ചില്ല. തമ്മിൽ സംസാരിക്കുന്നതിനും ചിരിക്കുന്നതിനും നോട്ടുബുക്കുകൾ കൈമാറുന്നതിനും ആ ചെറിയ ശത്രുത തടസ്സമായില്ല.

വിശക്കുമ്പോൾ അവൻ റബ്ബർക്കുരു തിന്നു. അതിന്റെ മട്ടും ചവർപ്പും മാറ്റാൻ പുളി തിന്നു. മാർക്ക് കുറഞ്ഞ് പോവുന്നതിലോ അടി കിട്ടുന്നതിലോ പരിഹസിക്കപ്പെടുന്നതിലോ അവനൊരു വിഷമവും ഇല്ലായിരുന്നു

എല്ലാ കുട്ടികളും ഉച്ചച്ചോറിന് അവനവന്റെ പാത്രങ്ങളും പിടിച്ച് വരിനിൽക്കുമ്പോൾ ഗിരീഷ് മാത്രം ടീച്ചർമാരുടെ കൂടെ ഓഫീസ് റൂമിലിരുന്നു ഭക്ഷണം കഴിച്ചു. അവനെ മാത്രം ഓഫീസ് റൂമിലിരുത്തി തന്റെ കുട്ടികളെ പുറത്ത് വരിനിൽക്കാൻ വിടുന്നത് ഇഷ്ടപ്പെടാതെ മുത്തയ്യൻ സാറും പാത്രവുമായി ഞങ്ങളുടെ ഒപ്പം സത്തുണവിന് വരി നിന്നു. അതിന് ഹെഡ്മാസ്റ്റർ സാറിനോട് മുഷിഞ്ഞെങ്കിലും സാറതൊന്നും കാര്യമാക്കാതെ സ്‌കൂൾ മുറ്റത്തെ ആൽമരത്തിന് ചുവട്ടിലിരുന്ന് ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ചു.

ക്ലാസിലെ ഏറ്റവും കുറഞ്ഞ മാർക്കിന്റെ ഉടമ ശെന്തിലാണ്.
ശെന്തിലെന്നാൽ മുഖത്ത് ഇടത്തെ കവിളിൽ നാണയം ഒട്ടിച്ച് വെച്ച പോലെ വെള്ളപ്പാണ്ട്, എപ്പഴും സ്ഥാനം തെറ്റിയിടുന്ന കുപ്പായക്കുടുക്ക്, കുപ്പായ കീശയിൽ പുളിയോ റബ്ബർ കുരുവോ ഉണ്ടാവും. വിശക്കുമ്പോൾ അവൻ റബ്ബർക്കുരു തിന്നു. അതിന്റെ മട്ടും ചവർപ്പും മാറ്റാൻ പുളി തിന്നു. മാർക്ക് കുറഞ്ഞ് പോവുന്നതിലോ അടി കിട്ടുന്നതിലോ പരിഹസിക്കപ്പെടുന്നതിലോ അവനൊരു വിഷമവും ഇല്ലായിരുന്നു. ഉച്ചച്ചോറിന്റെ വരിയിൽ അവനെന്നും ഒന്നാമനായിരുന്നു. സ്‌കൂളിലേക്ക് അവൻ വന്നത് തന്നെ വിശപ്പെന്ന തീരാപ്രേരണയുടെ ശമനത്തിനാണ്. സ്‌ക്കൂളിൽ നിന്ന് കിട്ടുന്ന ഉച്ച ചോറിന് വേണ്ടി മാത്രം പഠിക്കാൻ വന്ന കുട്ടി ഒരു ശെന്തിൽ മാത്രമായിരുന്നില്ല. ഞാനടക്കം ഒരുപാട് കുട്ടികൾ വിശപ്പാറ്റിയത് സ്‌കൂളിലെ ഉച്ചച്ചോറ് കൊണ്ടാണ്.

സിസിലി ടീച്ചറായിരുന്നു കണക്ക് ടീച്ചർ. കുട്ടികളെ ഏറ്റവും കൂടുതൽ ശിക്ഷിച്ചത് സിസിലി ടീച്ചറും കുഴപ്പിച്ചത് കണക്കുമാണ്. മടക്കി നിവർത്താൻ പത്ത് വിരലുകൾക്കപ്പുറം ശൂന്യതയായിരുന്നു. ആ ശൂന്യതയിൽ കൂട്ടലും കിഴിക്കലും പെരുക്കലും വകുക്കലുമെല്ലാം ഉത്തരമില്ലാതെ അന്തിച്ച് നിന്നു. പിഴച്ച കണക്കുകളുടെ മേൽ ടീച്ചറുടെ റൂൾത്തടി ഉരുണ്ടു. പ്രാകൃതമായ ആ ശിക്ഷാവിധിയെ മുത്തയ്യൻ സാർ മാത്രമാണ് എതിർത്തത്. മറ്റ് പല കാരണങ്ങൾ കൊണ്ടും മുത്തയ്യൻ സാർ സ്‌കൂളിൽ കുട്ടികൾക്ക് മാത്രം പ്രിയപ്പെട്ടവനായി മാറി. മറ്റ് അധ്യാപകരൊക്കെ മുത്തയ്യൻ സാറിനോട് മുഷിഞ്ഞു.
ടീച്ചറുടെ റൂൾത്തടിക്ക് താഴെ കൈ കമഴ്​ത്തിവെക്കേണ്ട ഊഴം എന്നും ശെന്തിലിനാണ്. ഏത് ശിക്ഷയെയും ചിരിച്ചുകൊണ്ട് അവൻ സ്വീകരിച്ചത് ഉച്ചച്ചോറിനും അതിൽ ഒഴിച്ച് കിട്ടുന്ന കൊഴുത്ത സാമ്പാറിനും വേണ്ടിയാണ്.

കണക്ക് പരീക്ഷയിൽ ശെന്തിൽ എന്നും പൂജ്യം കണ്ടുപിടിച്ചു. അതിനുള്ള പലതരം ശിക്ഷകളും സമ്മാനമായി സ്വീകരിച്ചു. കണക്കിൽ ഏറ്റവും മുമ്പിലായ എനിക്കും ഗിരീഷിനും ടീച്ചർ തരുന്ന സമ്മാനം ശെന്തിലിനുള്ള ശിക്ഷയായി മാറി. എന്നെയോ ഗിരീഷിനെയോ തോളിൽ ഇരുത്തി ഗ്രൗണ്ടിൽ അഞ്ച് വട്ടം ഓടലാണ് ആ ശിക്ഷ. മുത്തയ്യൻ സാർ എത്ര എതിർത്തിട്ടും ഹെഡ്മാസ്റ്ററുടെ ഒത്താശയോടെ സിസിലി ടീച്ചർ ആ ശിക്ഷ നടപ്പാക്കി. ക്ലാസ് ലീഡറായ എന്നെ കൃത്യം അന്നേരം തന്നെ എന്നും മുത്തയ്യൻ സാർ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. അതുകൊണ്ടുമാത്രം ശെന്തിലിന്റെ വിശപ്പിൽ കയറി ആകാശം കാണേണ്ട ഗതികേടിൽ നിന്ന് ഞാൻ ഒഴിവായി. ശിക്ഷയുടെ വേളകളിൽ ശെന്തിലിന്റെ തോളിൽ കയറിയിരുന്ന് ഗിരീഷ് ആകാശം കണ്ടു ഒത്തിരി കണ്ണുകളിൽ ശെന്തിലിന്റെ വേദന തളം കെട്ടി നിന്നിരുന്നു. തോളിൽ ഗിരീഷിനെ ചുമന്ന് ഓടുന്നതിനിടയിൽ ഒരിക്കൽ അവൻ തലമിന്നി വീണു. തെറിച്ചു പോയ ഗിരീഷിന്റെ നെറ്റിപ്പൊട്ടി ചോരയൊലിച്ചു. ടീച്ചർമാർ വന്ന് ഗിരീഷിനെ എടുത്ത് ഓഫീസ് റൂമിലേക്ക് കൊണ്ടുപോയി.

ഉച്ചചോറിനുള്ള ബെല്ലടിച്ചോന്ന് ചോദിക്കുന്ന ആ ശിഷ്യന്റെ മുമ്പിൽ മുഴു ലോകത്തിന്റെയും നിസ്സഹായതയുമായി മുത്തയ്യൻ സാർ ഇരുന്നു. ആ കണ്ണുകളിൽ ജലം പൊടിയുന്നത് ഞാൻ വ്യക്തമായും കണ്ടു

വെറും വയറ്റിൽ തിന്ന റബ്ബർ കുരു ചർദ്ദിച്ച് ആർക്കും വേണ്ടാത്തവനായി ശെന്തിൽ അവിടെ കിടന്നു. മുത്തയ്യൻ സാർ ക്ലാസിൽ നിന്നിറങ്ങി വന്ന് ഒരു പിതാവ് സ്വന്തം മകനെ വാരിയെടുക്കും പോലെ അവനെ വാരിയെടുത്ത് സ്‌കൂൾ വരാന്തയിൽ കിടത്തി. അവന്റെ ചുണ്ടു പൊട്ടി ചോര ഒലിച്ചു. അത് സാറിന്റെ വെള്ള ഷർട്ടിൽ നൊമ്പരപ്പാടായി ചുവന്നുനിന്നു.

പൈപ്പിൽ നിന്ന് വെള്ളം കൊണ്ട് വന്ന് സാറവന്റെ മുഖത്ത് തെളിച്ചു. ഉണർവ്വിലേക്ക് കണ്ണ് തുറന്ന അവൻ ചോദിച്ചു; ""ബെല്ലടിച്ചാച്ചാ....?''

ഉച്ചചോറിനുള്ള ബെല്ലടിച്ചോന്ന് ചോദിക്കുന്ന ആ ശിഷ്യന്റെ മുമ്പിൽ മുഴു ലോകത്തിന്റെയും നിസ്സഹായതയുമായി മുത്തയ്യൻ സാർ ഇരുന്നു. ആ കണ്ണുകളിൽ ജലം പൊടിയുന്നത് ഞാൻ വ്യക്തമായും കണ്ടു. ചോറ്റുപുരയിൽ നിന്ന് തന്റെ പാത്രത്തിൽ ചോറ് വാങ്ങിക്കൊണ്ടുവന്ന് സാർ അവന് കൊടുത്തു. ചോരയൊലിക്കുന്ന മുഖം കഴുകാൻ പോലും നിൽക്കാതെ അവനാ ചോറ് വാരിത്തിന്നുമ്പോൾ ഓഫീസ് റൂമിലിരുന്ന് സിസിലി ടീച്ചർ തമാശകൾ പറഞ്ഞ് ചിരിച്ചു.▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments