ചിത്രീകരണം: ദേവപ്രകാശ്

കണ്ണുകളിൽ നിറയുന്നു സുലൈഖയുടെ ഉമ്മകൾ

വെറും മനുഷ്യർ- 6

എന്റെ തല പിടിച്ചടുപ്പിച്ച് അവളെന്റെ കണ്ണുകളിൽ ഉമ്മ തരും. എന്റെ ശ്വാസത്തിന്റെ താളം മാറും; ‘‘അന്റെ കണ്ണിന് എന്ത് വെളിച്ചാണ് ചെക്കാ...''

ള്ളിക്കും ഞങ്ങളുടെ വീടിനും ഇടയിൽ വേളിമലയിലേക്കുള്ള റോഡാണ്.
കുത്തനെയുള്ള കയറ്റത്തിലാണ് വീട്.
മൺകട്ടകൾ കൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ വീട്.
വീടിന്റെ പിറകുവശത്തെ കരിമ്പാറയിൽ ഒരു ഉറവയുണ്ട്. ഏത് കൊടിയ വേനലിലും അതിൽ വെള്ളമുണ്ടാവും. ചൂട് കാലത്ത് തണുപ്പും തണുപ്പ് കാലത്ത് ചൂടുമുള്ള കരിമ്പാറയുടെ കണ്ണീരുറവ.

താഴെയുള്ള ഏഴ് വീട്ടുകാരും കുടിവെള്ളം എടുത്തത് ആ ഉറവയിൽ നിന്നാണ്. നാലാമത്തെ വീടായിരുന്നു പൊട്ടേൻ കാക്കയുടെ വീട്. നിലമ്പൂരിൽ നിന്ന് കുടിയേറിയതായിരുന്നു പൊട്ടേൻ കാക്ക. പൊട്ടേൻ കാക്കാക്ക് വേളിമല എസ്റ്റേറ്റിൽ ജോലിയുണ്ടായിരുന്നു. മക്കളൊക്കെ മുതിർന്നപ്പോൾ മുത്ത രണ്ടാൾക്കും എസ്റ്റേറ്റിൽ ജോലി സംഘടിപ്പിച്ച് പൊട്ടേൻ കാക്ക തന്റെ ജീവിത സ്വപ്നമായ സൈക്കിൾ ഷോപ്പ് വീട്ട് മുറ്റത്ത് പണിതു.

ഞാൻ കാണുമ്പോൾ മൂപ്പരുടെ നെഞ്ചിലെ രോമങ്ങൾ പോലും നരച്ചിരുന്നു. പഞ്ഞിതൊപ്പി ധരിച്ച പോലെ തലയാകെ വെളുത്തിരുന്നു. പൊട്ടേൻ കാക്കയുടെ സൈക്കിൾ ഷോപ്പിൽ നിന്നാണ് പെരുംചിലമ്പിലെ ടി. രാജേന്ദ്രറിന്റെയും ശങ്കറിന്റെയും ആരാധകർ സൈക്കിൾ വാടകയ്ക്ക് എടുത്തത്. ഫുൾ സൈക്കിളും മുക്കാൽ സൈക്കിളും അര സൈക്കിളും മൂപ്പർ വാടകയ്ക്ക് കൊടുത്തിരുന്നു.
ആ സൈക്കിളുകൾ ചവിട്ടി ഒരു തലമുറ മുഴുവൻ ഉയിരുള്ള വരൈ ഉഷയിലെയും, ഒരു തലൈ രാഗത്തിലേയും പ്രണയഗാനങ്ങൾ പാടി. ഡയലോഗുകൾ കാണാതെ പടിച്ച് മന്ത്രം പോലെ ഉരുവിട്ടു. ചെടയാറ്റിലെ വെള്ളത്തിലൂടെ കാമുകിമാരുടെ പേരെഴുതിയ കടലാസുതോണികൾ ഒഴുക്കിവിട്ടു. ചെടയാറിന്റെ ദൂരങ്ങളിൽ എവിടെയൊക്കെയോ കാത്തിരുന്ന് കാമുകിമാർ ആ പ്രണയത്തോണികൾ പിടിച്ചെടുത്ത് വായിച്ചു.

പൊട്ടേൻ കാക്കയുടെ മകളായിരുന്നു സുലൈഖ.

സുലൈഖക്ക് ചുറ്റും പ്രണയത്തിന്റെ കടലാസു പറവകൾ പറന്ന് നടന്നു.
അവൾ ആരെയും അവഗണിച്ചില്ല.
എല്ലാ പ്രണയങ്ങളെയും നോട്ടം കൊണ്ടും പുഞ്ചിരി കൊണ്ടും സ്വീകരിച്ചു. സുലൈഖ അതിസുന്ദരിയായിരുന്നു.
ചെറുപ്പക്കാർ സിനിമാ കൊട്ടകകളിൽ നിന്ന് പകർന്ന് കിട്ടിയ പ്രണയ നിറങ്ങൾ ചാലിച്ച് ഉറക്കം വെടിഞ്ഞ് പ്രണയലേഖനങ്ങൾ എഴുതി.
പൊട്ടേൻ കാക്കയുടെ സൈക്കിളുകൾ സുലൈഖയുടെ ഒരു നോട്ടത്തിനും പുഞ്ചിരിക്കുമായി വിശ്രമമില്ലാതെ ഓടി.
അവൾക്കുവേണ്ടിയാണ് തന്റെ സൈക്കിളുകൾ ഓടുന്നതെന്ന് പൊട്ടേൻ കാക്ക അറിഞ്ഞില്ല. മൂപ്പർക്ക് എല്ലാരും കുട്ടികളായിരുന്നു.
പക്ഷേ എല്ലാ കുട്ടികളിൽ നിന്നും പൊട്ടേൻ കാക്ക കൃത്യമായി വാടക വാങ്ങി. സൈക്കിളിന് എന്തെങ്കിലും ചെറിയ കേടുപാടുകൾ പറ്റിയാൽ പോലും അതിനുള്ള ഇരട്ടി പണം അവരിൽ നിന്നും ഈടാക്കി.

വീടിനു മുമ്പിൽ ടിൻഷീറ്റ് കൊണ്ട് മറച്ച വർക്ക്‌ഷോപ്പിലിരുന്ന് പൊട്ടേൻ കാക്ക സൈക്കിളുകൾ വെറുതെ അഴിച്ച് നന്നാക്കി. സൈക്കിൾ റിപ്പയറിങ്ങും വാടകയുമെല്ലാം കൂടി അക്കാലത്ത് മുപ്പർക്ക് ചെറുതല്ലാത്ത വരുമാനം ഉണ്ടായിരുന്നു. അതുകൊണ്ടാവണം ഞങ്ങൾ കുട്ടികൾക്ക് മൂപ്പർ സുലഭമായി കടലമിഠായികൾ തന്നത്. പണമിട്ട് വെക്കുന്ന മരപ്പെട്ടിയുടെ രണ്ടാമത്തെ അറയിൽ നിന്ന് ഞങ്ങളുടെ മുഖത്തേക്ക് നോക്കാതെ തന്നെ മുപ്പർ മിഠായി എടുത്തുതരും. ഒരുനേരം വാങ്ങിക്കഴിഞ്ഞ് അതേ കുട്ടിതന്നെ പിന്നെയും കൈ നീട്ടിയാൽ മൂപ്പർ ആ കൈ തട്ടി മാറ്റും. അതുകൊണ്ടുതന്നെ ഒരു തവണ മിഠായി വാങ്ങിയവരാരും അന്നത്തെ ദിവസം പിന്നീട് മിഠായിക്ക് കൈ നീട്ടിയില്ല.

അഴിച്ച് പണിയാനായി മാത്രം മൂപ്പർക്ക് സ്വന്തമായി കുറെ പഴഞ്ചൻ സൈക്കിളുകൾ ഉണ്ടായിരുന്നു. പുലർച്ചെ മുതൽ രാത്രി വരെ പൊട്ടേൻ കാക്ക ജോലി ചെയ്തു. ജോലിയിൽ ആനന്ദിച്ചു. ജോലിയിൽ വേദനിച്ചു. ജോലിയിൽ തന്നെ ജീവിച്ചു. തന്റെ ഉപ്പ ഉറക്കത്തിലും സൈക്കിൾ നന്നാക്കാറുണ്ടെന്ന് സുലൈഖ എന്നോട് പറഞ്ഞത് കള്ളമാവാൻ വഴിയില്ല. ആ മനുഷ്യൻ അത്രമാത്രം സൈക്കിളുകളെ സ്‌നേഹിച്ചിരുന്നു. അവയ്ക്ക് ജീവനുണ്ടെന്ന പോലെ അവയോടു സംസാരിച്ചിരുന്നു. അവരുമായി വഴക്കടിച്ചിരുന്നു. സൈക്കിളുകൾ ഇല്ലാതെ പൊട്ടേൻ കാക്കയെ എനിക്ക് ഓർത്തെടുക്കാനേ കഴിയില്ല.

വലിയ കുട്ടിയായതിനാൽ സുലൈഖയ്ക്ക് വീടിന്റെ മുൻവശത്ത് കളിക്കാൻ അനുവാദമില്ല. വടക്കിനി മുറ്റമാണ് അവളുടെ ലോകം സുലൈഖയ്ക്ക് തങ്കരാജിനെ ഇഷ്ടമല്ല. ഞാൻ അവനുമായി കൂട്ടുകൂടുന്നത് ഒട്ടും ഇഷ്ടമല്ല. അവന്റെ ചെവിയിൽ നിന്നൊലിക്കുന്ന മഞ്ഞ ചലത്തിന്റെ മണം അവൾക്ക് ഓക്കാനമുണ്ടാക്കി.‘‘അന്റെ കൂട്ടുകാരൻ ചെവീകൂടിയല്ലേടാ തൂറ്ണ്ടത്...?''; അവളെന്നെ കളിയാക്കും എന്നേക്കാൾ എത്രയോ മുത്ത അവളുമായി തർക്കിക്കാനുള്ള കഴിവ് എനിക്കില്ലായിരുന്നു.‘‘എന്തൊരു നാറ്റാടാ ആ കറുപ്പനെ...'' ‘‘ഇന്ക്ക് നാറ്ണ്ല്ലല്ലോ...'' ഞാൻ പറയും. അതിന് അവൾ മറുപടി പറയില്ല.
പകരം മറ്റൊരു ചോദ്യം ചോദിക്കും; ‘‘ഓന് ഇന്ദു അല്ലേടാ...?'' ‘‘അയിനെന്താ...?'' ‘‘അയിന് കൊയിന് എടാ ചെക്കാ ഞമ്മള് ഇന്ദുക്കളെയൊപ്പം കളിക്കാൻ പാടില്ല''

ഞാൻ അവളെ തന്നെ നോക്കിയിരിക്കും. ‘‘എന്നിട്ട് ഇന്റെ ഉമ്മിം ഉപ്പിം ഒന്നും ഓന്റെ ഒപ്പം കളിക്കണ്ടാന്ന് ന്നോട് പറഞ്ഞിട്ടില്ലല്ലോ....'' ഞാൻ ചോദിക്കും.
അതിനും അവൾ മറുപടി പറയില്ല.

മദ്രസയേക്കാൾ ഞാൻ സ്‌കൂളിനെ സ്‌നേഹിച്ചിരുന്നു. മദ്രസയേക്കാൾ അധിക സമയം ഞാൻ ചെലവിട്ടത് സ്‌കൂളിലാണ്. അതുകൊണ്ടാവണം തങ്കരാജും ശെന്തിലുമൊക്കെ മജീദിനേക്കാളും സിറാജിനേക്കാളും എനിക്ക് പ്രിയപ്പെട്ടവരായി മാറിയത്.

സുലൈഖക്ക് ചന്ദനസോപ്പിന്റെ മണമായിരുന്നു. അവളുടെ തലമുടിയിൽ നിന്നാണ് ആ മണം എന്റെയുള്ളിലേക്ക് കടന്നത്. അവൾ പറഞ്ഞ കുറ്റങ്ങളും കുറവുകളുമൊന്നും ഞാൻ തങ്കരാജിനോട് പറഞ്ഞില്ല. അതൊക്കെ കേട്ടാൽ അവന് വേദനിക്കുമെന്ന ഉദാത്ത ചിന്തകൊണ്ടാന്നുമല്ല. അവനെ കണ്ടുമുട്ടുമ്പോൾ മറ്റെല്ലാം ഞാൻ മറന്നുപോവും. ഞങ്ങളുടേതായ ലോകത്തിന്റെ മണങ്ങളിലും നിറങ്ങളിലും വർത്തമാനങ്ങളിലും സങ്കടങ്ങളിലും മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.

പൊട്ടേൻ കാക്കയുടെ വീടിനു മുന്നിലെ ടാറിട്ട പാതയിൽ കളർ ചോക്കുകൊണ്ട് ഏതോ കാമുകൻ ഒരു രാത്രിയിൽ സുലൈഖയ്ക്കായി തമിഴിൽ എഴുതിയിട്ടു: ‘ഉയിരുള്ളവരൈ സുലൈഖാ ... ’

സംഗതി ആകപ്പാടെ ബഹളമായെങ്കിലും ആരാണ് അത് എഴുതിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. റോസ് നിറത്തിലുള്ള ചോക്ക് കൊണ്ട് നല്ല വടിവുള്ള കൈയ്യക്ഷരത്തിൽ ആ കറുത്ത പാത പ്രണയം നെഞ്ചേറ്റി കിടന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് ആ എഴുത്ത് വെള്ളമൊഴിച്ച് ചൂലുകൊണ്ട് അടിച്ചുമായ്ച്ച് കളഞ്ഞു. എന്നിട്ടും അത് വായിച്ചവരുടെയൊക്കെ ഉള്ളിൽ റോസ് നിറമുള്ള ആ അക്ഷരങ്ങൾ തെളിഞ്ഞ് നിന്നു. വീടിനു മുമ്പിലെത്തുമ്പോൾ ചെറുപ്പക്കാർ ഇല്ലാത്ത അക്ഷരങ്ങൾ ഉറക്കെ വായിച്ചു. ഉയിരുള്ളവരെ സുലൈഖാ...
ആരാണ് അത് എഴുതിയതെന്ന് ഞാൻ അവളോട് ചോദിച്ചതാണ്. അവളതിന് മറുപടിയായി ഉറക്കെ ചിരിച്ചു. ‘ഏതോ പിരാന്തൻ...'

അവളുടെ വടക്കിനി മുറ്റത്തിനപ്പുറം വാഴതോപ്പുകളാണ്.
കമ്പിവേലി കെട്ടി മറച്ച ആ വാഴത്തോപ്പിലേക്ക് അവളും ഞാനും ഒന്നിച്ച് കടക്കും. ശബ്ദമുണ്ടാക്കാതെ സുലൈഖ മുമ്പിൽ നടക്കും. വാഴത്തോപ്പിലെ മൂത്ത ഏത്തവാഴക്കുലകളിൽ പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് നിറം മാറിയ പഴങ്ങൾ സുലൈഖ ഇരിഞ്ഞെടുക്കും. ആ കളവിന്റെ പേരിൽ വഴക്ക് കേട്ടതും അടി കൊണ്ടതും അവളുടെ അനിയനാണ്.

വാഴത്തോപ്പിന്റെ കമ്പിവേലിക്കടുത്തായി ആഞ്ഞിലി മരങ്ങൾ തീർത്ത തണലിടമുണ്ട്. അവിടത്തെ കരിയിലകളിൽ ഇരുന്ന് ഞങ്ങൾ കട്ടെടുത്ത പഴം തിന്നു. പാമ്പുകൾ ഞങ്ങളെ മൈന്റ് ചെയ്യാതെ കടന്ന് പോവും. തണുത്ത കാറ്റ് വീശുന്നുണ്ടാവും. പാമ്പുകളെ ചൂണ്ടി സുലൈഖ പതിവായി പറയാറുണ്ട്.‘‘എട ചെക്കാ ... അനക്കും ണ്ട് ഒര് പാമ്പ് നല്ല വെഷള്ളത്.''
ഞാനത് കേട്ട് അന്തം വിട്ടിരിക്കും. എവിടെയാണ് എന്റെ പാമ്പെന്ന് തിരഞ്ഞ് ഞാൻ ചുറ്റും നോക്കും. അപ്പോൾ അവൾ എനിക്കറിയാത്ത ഒരു ചിരിയോടെ പറയും.‘‘ചെക്കാ ആ പാമ്പ് അന്റെ മേത്ത് തന്നെണ്ട് ''

എന്റെ ദേഹത്തിലെ പാമ്പിനെ കണ്ടെത്താനാവാതെ ഞാനവളെ മിഴിച്ചുനോക്കും. ഏത്തപ്പഴത്തിന്റെ മധുരം പുരണ്ട അവളുടെ ചുണ്ടുകൾ വിറയ്ക്കും. ഏതോ പൊരുളിന്റെ പ്രകാശമായി ആ ചുണ്ടുകൾ വിടർന്ന് ചിരിതെളിയും. ഞാനെന്ന പതിനൊന്നുകാരന് ആ ചിരിയുടെ പൊരുൾ പിടി കിട്ടിയില്ല. എന്നാലും നിഗൂഢമായ എന്തോ ഒന്ന് ആ ചിരിയിലൂടെ ഞാൻ അറിയുകയായിരുന്നു. പുലരികളിൽ മഞ്ഞുമൂടി കിടക്കുന്ന നെൽപ്പാടങ്ങൾ പോലെ ആ അറിവിന്റെ സുഖം ഞാൻ അനുഭവിച്ചു. എന്റെയുള്ളിലൂടെ പുലരിയുടെ പക്ഷികൾ ചിറകുതുഴഞ്ഞ് പറന്നു. പാവാട കയറ്റി കുത്തി അവളെന്റെ തൊട്ടരികിൽ ഇരിക്കുന്നുണ്ടാവും. എന്റെ തല പിടിച്ചടുപ്പിച്ച് അവളെന്റെ കണ്ണുകളിൽ ഉമ്മ തരും. എന്റെ ശ്വാസത്തിന്റെ താളം മാറും.

‘‘അന്റെ കണ്ണിന് എന്ത് വെളിച്ചാണ് ചെക്കാ...''
ഏത്തപ്പഴത്തിന്റെ രുചിയും മണവുമുള്ള ആ ചുംബനങ്ങൾ എന്റെ കൺപോളകളിൽ ഇപ്പോഴുമുണ്ട്.

കാലങ്ങൾക്ക് ശേഷം നിലമ്പൂരിനടുത്തെ ചുള്ളിയോട്ടിലെ അവളുടെ വീട്ടിൽ വച്ച് ഞാനവളെ കാണുമ്പോൾ ചീട്ട് കളിക്കാനായി അവസാനത്തെ ആഭരണം ഊരി കൊടുക്കാത്തതിന് ഭർത്താവ് തല്ലിയ പാടുകളുമായി അവളെന്റെ മുമ്പിൽ നിന്നു. ആ കണ്ണുകളിലെ സ്വപ്ന പറവകൾ കൂടൊഴിഞ്ഞിരുന്നു. വല്ലാതെ തടിച്ച് ചീർത്ത ശരീരം അവൾക്ക് തന്നെ ഒരു ഭാരമായി മാറിയിരുന്നു. കൊടുങ്കാറ്റ് പോലെ പുറത്തേക്ക് വന്ന അവളുടെ ഭർത്താവ് അലറി.‘‘എന്നാ അന്റെയീ കള്ളക്കാമുകന് ഊരി കൊടുക്കെടീ അന്റെ മാല.''
ആ മനുഷ്യൻ ജീവിതത്തിൽ ആദ്യമായിട്ടാണ് എന്നെ കാണുന്നത്.
ചൂതാട്ടത്തിന്റെ ലഹരി അയാളുടെ മുഖത്തും മെലിഞ്ഞ ശരീരത്തിലും തീയായി ആളി. ഞാൻ ആരാണെന്നോ എന്തിനാണ് വന്നതെന്നോ അയാളെന്നോട് ചോദിച്ചില്ല. തികച്ചും അപരിചിതനായ എന്നെ തള്ളി താഴെയിട്ട് അയാൾ വീട്ടിൽ നിന്നിറങ്ങിപ്പോയി.

വീണിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ എന്റെ ചുറ്റും സുലൈഖയുടെ മക്കൾ നിരന്നുനിന്നു. പഴയ സുലൈഖ പല ഭാവത്തിൽ പല നിറത്തിൽ വന്ന് നിൽക്കുകയാണെന്ന് തോന്നിപ്പോയി. സുലൈഖ നിശബ്ദമായി കരഞ്ഞു. ഒരു കാലത്തിന്റെ ഓർമകളത്രയും ആ അന്തരീക്ഷത്തിൽ രേഖാചിത്രങ്ങളായി തെളിഞ്ഞു. സുലൈഖ എന്നോട് ചോദിച്ചു.‘‘ഇതൊക്കെ കാണാനാണോ ഇജ് ഇപ്പൊ വന്നത്...?''

കയ്യിൽ കട്ടൻ ചായയുമായി അവളുടെ മകൾ എന്റെ മുമ്പിൽ നിന്നു.
ആരുടെ കണക്കുപുസ്തകത്തിലാണ് ജീവിതം ഇങ്ങനെയൊക്കെ കൂട്ടിക്കിഴിക്കപ്പെടുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഏത്തപ്പഴത്തിന്റെ മധുരമുള്ള ഉമ്മകൾ എന്റെ കണ്ണുകളിൽ തെളിഞ്ഞില്ല. പൊരുളറിയാതെ ഞാനനുഭവിച്ച ആ ആനന്ദത്തിന്റെ ഓർമ പോലും എനിക്കപ്പോൾ ഉണ്ടായില്ല. പക്ഷേ എന്റെയുള്ളിൽ കമ്പിവേലി കൊണ്ട് മറച്ച വാഴത്തോപ്പുകൾ തെളിഞ്ഞു. അതിന്റെ പച്ചപ്പുകൾ തഴുകിയെത്തിയ കാറ്റ് എന്റെ കണ്ണുകളിൽ നീറി. ആരൊക്കെയോ പ്രണയത്തോണികൾ ഒഴുക്കിയ ചെടയാറിന്റെ ജലസംഗീതം എന്റെ കാതിൽ മുഴങ്ങി.

ഞാനവളെ നോക്കി. ആദ്യ നര തൊട്ട മുടിക്ക് താഴെ നെറ്റിയിൽ ആ കാക്കാപ്പുള്ളി അവിടെ തന്നെയുണ്ട്. കണ്ണീർ തോർന്ന് അവൾ തന്റെ ഇളയ കുട്ടിയെ വാരിയെടുത്ത് ഉമ്മ വെക്കുകയാണ്.
ജീവിതം...

പടിയിറങ്ങുമ്പോൾ അവൾ പിറകിൽ നിന്ന് വിളിച്ചില്ല. പിൻവിളിക്കായി എന്റെയുള്ളിലെ പതിനൊന്നുകാരൻ നൊന്ത് കരഞ്ഞു. മുറ്റത്തിനപ്പുറം വന്ന വഴിയിലേക്ക് കാലം തെറ്റി മഴ പെയ്തു. ബസ് സ്റ്റോപ്പിലെത്തുവോളം ഞാനാ മഴ നനഞ്ഞു. ആകാശം കരുതി വെക്കുന്ന അത്ഭുതങ്ങളെയും ക്രൂരതയേയും കണ്ണീരിനെയും ഏറ്റുവാങ്ങുമ്പോൾ എനിക്കൊട്ടും വേദന തോന്നിയില്ല.
കവലയിലെ ചായക്കടയിൽ സുലൈഖയുടെ ഭർത്താവ് നിന്നിരുന്നു. ചൂട് ചായ ഊതി കുടിച്ച ഒപ്പമുള്ള കൂട്ടുകാരോട് എന്നെ ചൂണ്ടി എന്തോ തമാശ പറഞ്ഞ് ചിരിച്ചു. ഞങ്ങൾക്കിടയിൽ മഴയുടെ വെള്ള നൂലുകൾ. ചിരിക്കാൻ വക നൽകുന്ന ഒരു കോമാളിയായി ഞാനാ ബസ് സ്റ്റോപ്പിൽ ഒരുപാടുനേരം നിന്നു.▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments