ചിത്രീകരണം : ദേവപ്രകാശ്

മുഴുപ്പട്ടിണിക്കാരന്റെ നോമ്പ്

വെറും മനുഷ്യർ- 9

എവിടെയും മനുഷ്യർ... ഭക്ഷണം കഴിക്കുന്ന മനുഷ്യർ... വിശക്കുന്ന മനുഷ്യർ... അന്യന്റെ പാത്രത്തിൽ കയ്യിട്ട് ഇറച്ചിയെടുത്ത് തിന്നുന്ന മനുഷ്യർ... ഒരു തുണ്ട് പൊരിച്ച ഇറച്ചിക്കായി യാചിക്കുന്ന മനുഷ്യർ... എല്ലാറ്റിനും മുകളിൽ ഇരുണ്ട് തുടങ്ങിയ ആകാശത്തിൽ വലിയ അക്ഷരങ്ങളിൽ നോമ്പ് എന്ന് എഴുതിവെച്ചതായി എനിക്ക് തോന്നി.

പെരും ചിലമ്പിലും വേളിമലയിലും ചക്ക എന്നത് ഒരു അപൂർവ വസ്തുവാണ്. പെരുംചിലമ്പിൽ മാസ്റ്ററുടെ വീട്ടുവളപ്പിലും പള്ളിപറമ്പിലുമാണ് പ്ലാവുള്ളത്. ഒരു കൊല്ലം കായ്ച്ചാൽ അടുത്ത കൊല്ലം അവ ചിലപ്പൊ പണി മുടക്കും. ചിലപ്പൊ കൊല്ലങ്ങളോളം കായ്ച്ചില്ലെന്നും വരും.

പള്ളിപ്പറമ്പിലെ പ്ലാവ് കായ്ച്ചത് ഞാൻ കണ്ടിട്ടില്ല. പണ്ട് അതിൽ നിറയെ ചക്കയുണ്ടായിരുന്നു എന്ന് ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. വേദനിക്കുന്ന ഒരാത്മാവ് ആ മണ്ണിൽ അടക്കം ചെയ്യപ്പെട്ടപ്പോൾ പ്ലാവിന്റെ പഴംവേരുകൾ ആ ആത്മാവിൽ തട്ടി കരിഞ്ഞുപോയതാവും.

ചക്കക്കാലത്ത് ഒരിക്കൽ സ്‌ക്കൂൾ വിട്ടുവരുമ്പോൾ കവലയ്ക്കപ്പുറം പൊളിഞ്ഞുകിടന്ന ഒരു വീടിന്റെ മുറ്റത്തിരുന്ന് ചെറിയാക്കയുടെ (രണ്ടാമത്തെ ഏട്ടൻ) കൂട്ടുക്കാർ ചക്ക ശാപ്പിടുകയാണ്. ഏട്ടൻ ആ കൂട്ടത്തിലില്ല. എന്നെ കണ്ടപ്പൊ അവരിലൊരാൾ മാടി വിളിച്ചു. ഒട്ടും ബഹളമില്ലാതെ ഇവർക്കെങ്ങനെ ചക്ക തിന്നാൻ കഴിയുന്നു എന്നതിനപ്പുറം ആ ചക്ക ഇവർക്ക് എവിടന്ന് കിട്ടി എന്ന് ഞാൻ ആലോചിച്ചില്ല. എനിക്കും കിട്ടി മൂന്ന് ചുള ചക്ക. നല്ല മധുരമുള്ള വരിക്കച്ചക്ക. മാരിയമ്മയോ, പടച്ചവനോ, കർത്താവോ, ആരാണ് എന്റെ പ്രാർഥന കേട്ടതെന്ന് ഞാൻ അൽഭുതപ്പെട്ടില്ല. ആരോ കേട്ടു. തീയാളുന്ന വയറിന് അന്നം കിട്ടി. അവിടെ നിന്നുകൊണ്ട് തന്നെ ഞാനത് ശാപ്പിട്ടു. കുരു അവർ തിരികെ വാങ്ങി സഞ്ചിയിലിട്ടുവെച്ചു.

രണ്ട് ദിവസത്തോളം ആ വരിക്കച്ചക്കയുടെ തേൻമധുരം എന്റെ നാവിൽ പുഞ്ചിരിച്ചുനിന്നു. ആ പുഞ്ചിരി ഇല്ലാതായത് സ്‌ക്കൂൾ വിട്ടുവരുമ്പോൾ ചക്കച്ചുള തന്ന അതേ ആൾ തന്നെ കാരണമൊന്നും പറയാതെ എന്റെ മുഖത്തടിച്ചപ്പഴാണ്. എന്തിനാണ് അടി കിട്ടിയതെന്നറിയാതെ അന്തം വിട്ട് വീട്ടിലെത്തിയപ്പോ ചെറിയാക്കയുടെ വകയായിട്ടും കിട്ടി കുറച്ച് അടി. മാസ്റ്ററുടെ തൊടിയിൽനിന്ന് അവർ കട്ടുപറിച്ച ചക്കയുടെ ചുളയാണ് എനിക്കുതന്നത്. ചക്ക കളവുപോയ കാര്യം മാസ്റ്റർ കണ്ടുപിടിച്ച് അവരെ ചീത്ത പറഞ്ഞിരുന്നു. ആ കളവ് മാസ്റ്റർക്ക് ഒറ്റിക്കൊടുത്തത് ഞാനാണെന്ന തെറ്റിദ്ധാരണയുടെ ഫലമായിരുന്നു ആ അടിയൊക്കെ. അവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഞാനെന്ന കുട്ടിക്ക് ഒരു വഴിയും ഉണ്ടായിരുന്നില്ല. ആ അടിയുടെയൊക്കെ വേദനയേക്കാൾ മധുരമുണ്ടായിരുന്നു ഞാൻ തിന്ന ആ മൂന്ന് ചക്കച്ചുളകൾക്ക്.

മാസ്റ്ററുടെ തൊടിയിലെ ആറ് പ്ലാവുകളിൽ നാലെണ്ണം എല്ലാ കൊല്ലവും കായ്ച്ചു. ചക്ക പറിക്കുന്ന അന്ന് തിരുവിഴപോലെയാണ്. ഒരു പാടാളുകൾ ചുറ്റിപറ്റി നിൽക്കും.
ശെന്തിലിന്റെ അപ്പൻ രായപ്പാണ്ടി പ്ലാവിൽ കയറി ചക്ക പറിച്ച് കയറിൽ കെട്ടിയിറക്കും. മാസ്റ്റർ അടുക്കള മുറ്റത്തിട്ട ചാരുകസേരയിൽ സകല പ്രൗഢിയോടെയും മലർന്നിരുന്ന് രായപ്പാണ്ടിക്ക് നിർദ്ദേശങ്ങൾ നൽകും. ആകാശമിറങ്ങി വരുന്ന മധുരം നോക്കി ഞങ്ങൾ കുട്ടികൾ കൊതിയേടെ നിൽക്കും. അയാളുടെ കൈത്തെറ്റ് കൊണ്ട് ഒരു ചക്കയെങ്ങാനും താഴെ വീണ് പൊട്ടിയാൽ കുട്ടികൾ അതിനടുത്തേക്ക് ഓടും. കയ്യൂക്കുള്ളവൻ വലിയ തുണ്ട് കൈക്കലാക്കി അതും കൊണ്ട് ഓടും. അവന്റെ പിന്നാലെ കുറച്ചുപേർ ഓടും. ബാക്കിയുള്ളവർ കിട്ടിയതുകൊണ്ട് തൃപ്തിപ്പെടും.

മാസ്റ്ററുടെ കസേരക്കരികിൽ ആബിദ എല്ലാം കണ്ട് നിൽക്കുന്നുണ്ട് എന്ന ബോധ്യം എന്നെ ആ ഓട്ടത്തിൽ നിന്ന് തടഞ്ഞു. കുട്ടികളുടെ കൂട്ടത്തിൽ ശെന്തിലും മജീദുമുണ്ടാവും. തങ്കരാജും ഗിരീഷുമുണ്ടാവില്ല. ഗിരീഷിന്റെ വീട്ടിലേക്ക് ഒരു മുഴുച്ചക്ക തന്നെ മാസ്റ്റർ കൊടുത്തയക്കും. മുഴുച്ചക്ക കിട്ടുന്ന ഭാഗ്യവാന്മാരിൽ എസ്റ്റേറ്റ് മാനേജറും, പാലൈവനം ഉസ്താദും, ഗോവിന്ദച്ചാമിയുമുണ്ട്.
ചക്കയൊക്കെ ഇറക്കി മുൻവശത്ത് കൂട്ടിയിട്ടാൽ മാസ്റ്ററും, ചാരുകസേരയും, ആബിദയും, മുൻവശത്തേക്ക് ഇരിപ്പുമാറ്റും. ഇന്നയാൾക്ക് ഇത്ര ഇന്നയാൾക്ക് അത്ര എന്ന് ഓർഡറിട്ട് മാസ്റ്റർ കൂടുതൽ പ്രൗഢിയോടെ ഇരിക്കും. രായപ്പാണ്ടി ചക്ക വെട്ടും. മാസ്റ്റർ പേരുവിളിക്കും. ഒരോരുത്തരായി വന്ന് തങ്ങളുടെ ഓഹരി വാങ്ങി കൊണ്ട് പോവും. മാസ്റ്ററുടെ വീടിനുള്ളിലേക്ക് മാറ്റപ്പെട്ട മുഴുത്തചക്കകളുടെ ആ നിറം ഇന്നും മായാതെ എന്റെ ഉള്ളിലുണ്ട്. കൂലിയായി കിട്ടിയ ചക്കയും ചുമന്ന് രായപ്പാണ്ടി പോവും. അയാളുടെ പിന്നാലെ ശെന്തിലുമുണ്ടാവും. അന്ന് അവന്റെ വയറ് നിറയും. അന്ന് അവൻ സ്‌ക്കൂളിലേക്ക് വരില്ല. അവൻ മാത്രമല്ല ഒരുപാട് കുട്ടികൾ അന്ന് സ്‌ക്കൂളിലേക്ക് പോവില്ല. വിദ്യക്കും വിശപ്പിനുമിടയിൽ സ്‌കൂളിലേക്കുള്ള പാത അനാഥമായി കിടക്കും.

എന്റെ വീട്ടിലേക്കുള്ള ചക്കയും ചുമന്ന് വല്യാക്ക വരും (മൂത്ത ഏട്ടൻ). അതിൻമേലുള്ള പൂർണ അധികാരം ഏട്ടനാണ്. ആരെയും അങ്ങോട്ട് അടുപ്പിക്കില്ല. വാക്കത്തി കൊണ്ട് വെട്ടി കണ്ടമാക്കി ചുളയിരിഞ്ഞ് ഓരോരുത്തർക്കും തരും. കൂടിയതിന്റെയോ കുറഞ്ഞതിന്റെയോ കണക്കൊന്നും ഏട്ടനോട് പറയാൻ പറ്റില്ല. എല്ലാം കണ്ടിരിക്കുന്ന ഉമ്മ പറയും; ""വല്ലാത്തൊരു നാടന്നെ. ഇന്റെ തറവാട്ട് തൊടീല് ഈ സാധനം ആർക്കും മാണ്ടാതെ ചീഞ്ഞ് പോവാണ്.''

അന്നൊക്കെ അത് കേൾക്കുമ്പോൾ ഉമ്മ ബഡായി പറയുകയാണെന്നാണ് ഞാൻ കരുതിയത്. പിന്നീട് കാലങ്ങൾക്കുശേഷം ഉമ്മാക്ക് ഒരു അവകാശവും കിട്ടാതെ പോയ ആ തറവാട്ടുതൊടിയിൽ പഴംചക്കയും വരിക്ക ചക്കയും ഇഷ്ടം പോലെ വീണുകിടക്കുന്നത് കണ്ടപ്പൊ ഉമ്മാന്റെ ആ പറച്ചിലിലെ വേദന എന്റെ നെഞ്ചിൽ മുള്ളായി മാറി. അതുപോലെ തന്നെയായിരുന്നു മീനിന്റെ കാര്യവും. അപൂർവ വിഭവമായി വീട്ടിലെത്തുന്ന ചാളയെന്ന മത്തി മുറിക്കുമ്പോൾ ഉമ്മ പറയും; "ഇന്റെ നാട്ടില് ഈ സാധനം തെങ്ങിന് വളായിട്ട് കൊട്ടക്കണക്കിന് കൊണ്ടിടുന്നുണ്ട്'.
നിന്റെ മാത്രമല്ല, എന്റെയും കൂടി നാടെന്ന് ഉപ്പ ഒരിക്കലും തിരുത്തിയില്ല. ഉപ്പ, ഉമ്മ മീൻ മുറിക്കുന്നത് നിസ്സഹായനായി നോക്കിയിരിക്കും. സ്വന്തം കളിപ്പറമ്പുകളിൽ വളമായി ഉപയോഗിക്കുന്ന വസ്തു വിശിഷ്ഠ വിഭവമായി മാറുന്ന ദേശപ്പകർച്ചയെ ഉപ്പ എങ്ങനെയാവും സ്വീകരിച്ചിട്ടുണ്ടാവുക എന്നത് ഇപ്പോഴും എനിക്ക് പിടികിട്ടാത്ത കാര്യമാണ്.

ചക്കക്കുരുവിന്റെ മുഴുഅവകാശവും വല്യാക്കക്കാണ്. ചുളയിരിയുമ്പോൾ തന്നെ ഏട്ടൻ കുരു കൈക്കലാക്കും. എന്നിട്ട് മുറ്റത്ത് അടുപ്പുകൂട്ടി മൺകലത്തിൽ ചക്കക്കുരു വേവിച്ചെടുക്കും. വെന്തുവരുമ്പോൾ ഉണ്ടാവുന്ന മണത്തിൽ കൊതിനീരിറക്കി ഞങ്ങൾ കാത്തിരിക്കും. വെന്തുകഴിഞ്ഞാൽ വെള്ളമൂറ്റിക്കളഞ്ഞ് ആ മൺകലവുമായി ഞങ്ങളുടെ മുമ്പിലൂടെ വീടിന്റെ പിൻവശത്തുള്ള കരിമ്പാറയിലേക്ക് ഏട്ടൻ ഓടും. അവിടെയിരുന്ന് ചക്കക്കുരു ഓരോന്നായി തൊലിയടർത്തി തിന്നും. തിന്നുമ്പോൾ പാട്ടുപാടും. സ്വന്തം വിശപ്പിനപ്പുറം തന്റെ സഹോദരങ്ങളുടെ വിശപ്പിനെ കുറിച്ച് ഏട്ടൻ ഓർത്തതേയില്ല. വിശപ്പ് അങ്ങനെയാണ്. അത് രക്തബന്ധങ്ങളെ മറക്കും. പരിസരങ്ങളെ മറക്കും. അതിനു മുമ്പിൽ മറ്റെല്ലാത്തിനും നിറം മങ്ങും.

വയറുനിറഞ്ഞ് കഴിഞ്ഞ് ആ മൺകലവുമായി ഏട്ടൻ തിരികെ വരുമ്പോൾ ഉമ്മ ഏട്ടനെ വഴക്ക് പറയും. കയ്യിലെ മൺകലം ഏട്ടൻ എറിഞ്ഞുടയ്ക്കും. പിന്നെ എങ്ങനെയെങ്കിലും കാശുണ്ടാക്കി കുമാരപുരം ചന്തയിൽ നിന്ന് പുതിയ മൺകലം കൊണ്ടുവന്ന് ഉമ്മാക്ക് കൊടുക്കും. വിശപ്പിനു മുമ്പിൽ തകർന്നുടയുന്നത് എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന എന്റെയുമ്മ അപ്പോൾ ഏട്ടന്റെ മുടിയിൽ തലോടി ചിരിക്കും.

ഈ ഏട്ടൻ തന്നെയാണ് വീട്ടിലേക്ക് അവില് കൊണ്ടുവരാറ്. സ്വന്തം കാശുകൊണ്ട് വാങ്ങിയതിനാൽ മറ്റാർക്കും അതിൽ അവകാശമില്ലെന്നാണ് മൂപ്പരുടെ വാദം. അവില് മാത്രമല്ല, അതിലേക്കുവേണ്ട തേങ്ങയും ശർക്കരയും ചെറിയ ഉള്ളിയും കൊണ്ടുവരും. എന്നിട്ട് മൺതറയിൽ വാഴയില വിരിച്ച് അതിൽ അവിലും ശർക്കരയും തേങ്ങ ചിരകിയതും ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് കുഴക്കും. ഓരോ പിടി അവിലിന്റെ മോഹവുമായി ഞങ്ങൾ ഏട്ടനെ ചുറ്റിപ്പറ്റി നിൽക്കും.
നന്നായി കുഴച്ചതിനുശേഷം ഇത്തിരിയെടുത്ത് രുചി നോക്കി വാഴയില അപ്പാടെ കൂട്ടിപ്പിടിച്ച് ഏട്ടൻ തന്റെ തീറ്റസ്ഥലത്തേക്ക് കയറിപ്പോകും. താഴെ, വിശന്നിരിക്കുന്ന വയറുകളെ ഏട്ടൻ ഓർത്തതേയില്ല. കിട്ടാത്ത അവിൽപ്പിടിയുടെ ഓർമകളെ പകർത്തുമ്പോൾ ഞാൻ താമസിക്കുന്ന ഈ വാടക ക്വാർട്ടേഴ്‌സിന്റെ ഒരു വിളിപ്പാടകലെ സ്വന്തം വീട്ടിൽ വല്യാക്ക താമസിക്കുന്നുണ്ട്.

വിശക്കുന്ന വയറുകളെ താഴെനിർത്തി താൻ കയറിയ കരിമ്പാറയെ എട്ടൻ ഓർക്കുന്നുണ്ടാവുമോ...? അറിയില്ല. പക്ഷെ കരിമ്പാറയിൽ കൊത്തിവെച്ച ചിത്രങ്ങൾ പോലെ ആ ദുരിതകാലത്തിന്റെ പെരുമഴകൾ തന്നെയാണ് ഇപ്പോഴും എന്റെ മുമ്പിൽ പെയ്യുന്നത്. ദേശകാലങ്ങൾ മാറുമ്പോഴും ഒട്ടും മാറ്റമില്ലാതെ വിശപ്പെന്ന പ്രേരണ എനിക്ക് ചുറ്റും ചുട്ടുപഴുക്കുന്നുണ്ട്.

പൊങ്കൽ അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുമ്പോഴാണ് കഞ്ഞി വീഴ്ത്തൽ ചടങ്ങ്. ചർച്ചിന്റെ പിൻപുറത്ത് വലിയ വലിയ അടുപ്പുകൾ പുകയും. അടുപ്പുകളിൽ വലിയ കുട്ടകങ്ങളിൽ അരിയും ഉഴുന്നും വേവും. ചർച്ചിനകത്ത് വെള്ളവസ്ത്രങ്ങളണിഞ്ഞ പാതിരിമാരും കന്യാസ്ത്രീകളും മുട്ടുകുത്തിനിന്ന് പ്രാർത്ഥിക്കും. പനയോല കൊണ്ട് കുമ്പിൾ കുത്തുന്നവർ വിശ്രമമില്ലാതെ ജോലിയെടുക്കും.

പത്തുപതിനഞ്ച് സ്ത്രീകൾ നിലത്തുവിരിച്ച പനമ്പായയിലിരുന്ന് കൂട്ടിയിട്ട തേങ്ങ ചിരവും. ദാഹം മാറ്റാൻ എല്ലാവരും തേങ്ങാവെള്ളം കുടിക്കും. തേങ്ങ ചിരവുന്നവരുടെ മടിയിലും കൈകളിലും തേങ്ങയുടെ വെൺമ മധുരക്കാഴ്ചയായി കൊതിയൂറി നിൽക്കും. കുട്ടികൾ കുട്ടത്തോടെ വന്ന് ചിരകിയിട്ട തേങ്ങ വാരിയെടുത്ത് ഓടും. ചിരവുന്നവർ കുട്ടികളെ ചീത്ത വിളിക്കുമെങ്കിലും ഫാദർ പാക്കിയം ആ കാഴ്ചകളൊക്കെ കണ്ട് രസിച്ചങ്ങനെ നിൽക്കും.

തങ്കരാജാണ് തേങ്ങ ചിരവുന്നിടത്ത് കാക്കകളെ ഓടിക്കാൻ നിൽക്കാറ്. ഒരു കൈ കൊണ്ട് നിക്കർ താങ്ങിപ്പിടിച്ച് മറ്റേ കയ്യിലെ ചുള്ളിക്കമ്പുകൊണ്ട് അവൻ കാക്കകളെ ആട്ടിയോടിക്കും. എന്നാലും അവന്റെ കണ്ണ് വെട്ടിച്ച് കാക്കകൾ തേങ്ങ കൊത്തിപ്പറക്കും. ചർച്ചിന്റെ മുറ്റവും മെയിൻ റോഡും കടന്ന് സ്‌കൂളിന്റെ മുറ്റം വരെ ആളുകൾ നിറഞ്ഞിട്ടുണ്ടാവും. തങ്കരാജ് എനിക്ക് കൈനിറയെ ചിരവിയ തേങ്ങ കൊണ്ടുതരും. ഞാനത് തിന്നാൻ തുടങ്ങുംമുമ്പ് മറ്റ് കുട്ടികൾ എന്റെയടുത്തുനിന്ന് അത് തട്ടിപ്പറിക്കും. ഫാദർ പാക്കിയത്തിന്റെ ളോഹയേക്കാൾ വെൺമയുള്ള തേങ്ങ പനമ്പായയിൽ ചെറിയ ചെറിയ കുന്നുകളായി ഉയർന്ന് നിൽക്കും.

ഉഴുന്നിട്ട കഞ്ഞി വെന്തുകഴിഞ്ഞാൽ അത് വലിയ വട്ടച്ചരുവങ്ങളിലേക്ക് പകർന്നുവെക്കും. ചർച്ചിനുള്ളിലെ പ്രാർത്ഥന അവസാനിച്ചാൽ കഞ്ഞിവീഴ്ത്തലായി. അതുവരെ ചിന്നിപ്പരന്നുനിന്ന മനുഷ്യർ മൂന്ന് വരികളിലായി അച്ചടക്കത്തോടെ നിൽക്കും. അപ്പോൾ ചിരകിക്കൂട്ടിയ തേങ്ങാക്കൂനകളിൽ നിന്ന് ഓരോ പിടി വാരി ഫാദർ പാക്കിയം ചരുവങ്ങളിലേക്കിടും. എന്നിട്ട് കണ്ണടച്ച് കൈകൾ ആകാശത്തിലേക്കുയർത്തി പ്രാർത്ഥിക്കും.

പനയോല കൊണ്ടുണ്ടാക്കിയ കുമ്പിളുകളിലേക്കാണ് കഞ്ഞി പകർന്നുകൊടുക്കുക. ഫാദർ പാക്കിയം വലിയ തവി കൊണ്ട് ആദ്യത്തെ മുന്നാൾക്ക് കഞ്ഞി വിളമ്പിയിട്ട് ചർച്ചിനകത്തേക്ക് പോവും.
പിന്നെ ഒരു ബഹളമാണ്. തവി ചരുവങ്ങളിൽ ഇളക്കുന്നതിന്റെ, തേങ്ങ വാരിയിടുന്നതിന്റെ, പനയോലക്കുമ്പിളിന്റെ, കാക്കകളുടെ, കുട്ടികളുടെ, ബഹളം. വിശപ്പിന്റെ കടലിരമ്പം. ചർച്ചിനകത്ത് പാതിരിമാരും കന്യാസ്ത്രീകളും ഒരുമിച്ചിരുന്ന് ചോറും പോർക്കിറച്ചിയും തിന്നും.

ചിലപ്പൊ പനമ്പാളക്കുമ്പിൾ കുത്തഴിഞ്ഞ് ദേഹത്തേക്ക് വീഴും. പൊള്ളിയാലും ഇല്ലെങ്കിലും കുട്ടികൾ ഉറക്കെ നിലവിളിക്കും. ആ നിലവിളിയുടെ ശക്തി കൂടുന്നതിനനുസരിച്ച് പുതിയ കുമ്പിളിലേക്ക് വിളമ്പുന്ന കഞ്ഞിയിലേക്ക് തേങ്ങയും കൂടുതൽ വീഴും.

കാക്കകൾക്കുള്ള കഞ്ഞി ചർച്ചിന്റെ വടക്കേമുറ്റത്തെ ചരലിൽ പനമ്പായ വിരിച്ച് അതിലേക്കാണ് ഒഴിക്കുക. അതും തങ്കരാജിന്റെ ജോലിയാണ്. കാക്കകൾ കൂട്ടത്തോടെ വന്നിരുന്ന് കഞ്ഞി കുടിക്കും. ചൂടുള്ള കഞ്ഞിയിൽ കാല് കുത്തി നിന്ന് കാക്കകൾ കഞ്ഞി കെത്തുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടിരിക്കും. മനുഷ്യ ശബ്ദങ്ങൾക്കും കാക്ക ബഹളത്തിനും അപ്പുറം ചെടയാറ് ശാന്തമായി ഒഴുകും.
തങ്കരാജ് ആദ്യം എനിക്കുള്ള പനക്കുമ്പിൾ കൊണ്ടുതരും. പിന്നെ അവന്റേതും കൊണ്ടുവന്നിട്ട് മുറ്റത്തെ ചരലിൽ കുഴിയുണ്ടാക്കി കഞ്ഞിപ്പാള അതിൽ വെക്കും. ധാരാളം തേങ്ങയിട്ട ആ സ്‌പെഷ്യൽ കഞ്ഞി ഞങ്ങൾ കൈ കൊണ്ട് കോരിക്കുടിക്കും. കൈ പൊള്ളും. വായ പൊള്ളും. അടുത്ത റൗണ്ട് കഞ്ഞി അവൻ കൊണ്ടു വരുമ്പോൾ ചൂടാറിയിട്ടുണ്ടാവും. അപ്പഴാണ് കാക്ക ആട്ടിയതിന്റെ കൂലിയായി ഫാദർ പാക്കിയം അവന് കൊടുത്ത പനംചക്കര ട്രൗസറിന്റെ കീശയിൽ നിന്ന് പുറത്തെടുക്കുന്നത്. ചിരട്ട വലിപ്പമുള്ള ആ പനംചക്കര വായിലിട്ട് കടിച്ച് തുണ്ടുകളാക്കി പകുതി ഓഹരി അവൻ എനിക്കുതരും. അത് കഞ്ഞിയിലിട്ടാൽ പിന്നെ കഞ്ഞിപ്പായസമായി മാറും. കഞ്ഞികുടി കഴിഞ്ഞ് വിയർത്തുകുളിച്ച് വിരൽ പൊള്ളി ഞങ്ങൾ അവിടുന്ന് ചെടയാറ്റിലേക്കുള്ള പടവുകളിറങ്ങും.

ഓർത്തെടുക്കേണ്ട ആവശ്യം പോലുമില്ലാതെ ആ കാലം മുഴുവൻ എന്നിലുണ്ട്. ബാല്യകാലത്തെ മധുരമുള്ള ഓർമകളെക്കുറിച്ച് പലരും എഴുതിയതും പറഞ്ഞതുമൊക്കെ ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഇതൊന്നും മധുരമുള്ള ഓർമകളല്ല. ഒരു പക്ഷേ ഓർമകൾ പോലുമല്ല. മറവിക്ക് വഴങ്ങാതെ നിവർന്ന് നിൽക്കുന്ന ആ കാലത്തെ ഓർമകൾ എന്നുവിളിക്കാൻ കഴിയില്ല. ഞാൻ ആ കാലത്തിലാണ്. ആ ചർച്ചിന്റെ മുറ്റത്താണ് പനയോലക്കുമ്പിളിലെ ആ കഞ്ഞിക്ക് മുമ്പിലാണ്. നിറയെ തേങ്ങ ചിരകിയിട്ട ആ ഉഴുന്നുകഞ്ഞി ഞാനും തങ്കരാജും ഒരുമിച്ചിരുന്ന് കുടിക്കുകയാണ്.
നോമ്പ് കാലത്താണ് പിന്നെ നല്ല ഭക്ഷണം കിട്ടുന്നത്. മാസ്റ്ററുടെ വീട്ടിൽ ഒന്നാം നോമ്പിന് മുസ്‌ലിംകൾക്ക് നോമ്പ് തുറയുണ്ടാക്കും. എന്റെ തങ്കരാജിനും ശെന്തിലിനും അങ്ങോട്ട് പ്രവേശനമില്ല. വീട്ടുമുറ്റത്ത് സാരി കൊണ്ട് മറ തീർത്തിട്ടുണ്ടാവും, ആ മറയ്ക്കുള്ളിൽ ഓല വിരിച്ചിട്ടുണ്ടാവും. ബാങ്ക് വിളിച്ചാൽ വരിയായി വെച്ച വാഴയിലകളിൽ ചോറും ഇറച്ചിക്കറിയും വിളമ്പും. ഇറച്ചിക്കറിയെന്ന പേരിൽ ഞങ്ങൾ കുട്ടികൾക്ക് വിളമ്പുന്നത് ഇറച്ചിരുചിയുള്ള ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങളാണ്. ലോട്ടറിയടിക്കും പോലെ ആർക്കെങ്കിലും ഒരു ഇറച്ചിക്കഷ്ണം കിട്ടിയിരിക്കാം... എല്ലാ നറുക്കെടുപ്പുകളിലും പുറന്തള്ളപ്പെടുന്ന എനിക്ക് ഒരിക്കലും ഇറച്ചിക്കഷ്ണം കിട്ടിയില്ല.

മുതിർന്നവർക്ക് കിട്ടി. അവരത് കടിച്ചുവലിച്ച് ചവക്കുന്നതും നോക്കി ഞങ്ങൾ കുട്ടികൾ കൊതിനീരിറക്കി നിൽക്കും. എത്രയും പെട്ടെന്ന് മുതിർന്നാൽ മതിയെന്ന് തോന്നിപ്പോവും. ചോറ് തിന്നുകഴിഞ്ഞിട്ടാണ് റവ കൊണ്ടുണ്ടാക്കുന്ന തരിക്കഞ്ഞി കിട്ടാറ്. വാടകക്കെടുത്ത വലിയ കുപ്പിഗ്ലാസുകളിൽ തരിക്കഞ്ഞി നിറയും. അതിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഉണ്ടാവും. തരിക്കഞ്ഞിയിൽ നിന്ന് കിട്ടിയ അണ്ടിപ്പരിപ്പിന്റെ എണ്ണം പോലും ഞങ്ങൾ അടുത്ത നോമ്പുകാലം വരെ ഓർത്തുവെച്ചു.

വീടിന്റെ മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്ന ആബിദ താഴെ നടക്കുന്നതെല്ലാം നോക്കിക്കാണും. ചോറിന് പകരം അരിപ്പത്തിരിയും വരട്ടിയ ഇറച്ചിയുമാണ് അവൾ തിന്നത്.

വേളിമല എസ്റ്റേറ്റിലാണ് വലിയ നോമ്പുതുറ നടക്കാറ്. അവിടെ നോമ്പ് തുറക്കാൻ പൊറോട്ടയും ഇറച്ചിക്കറിയും ഇറച്ചി പൊരിച്ചതും ഉണ്ടാവും. പഴങ്ങൾ ഉണ്ടാവും. പഞ്ചസാര മധുരമുള്ള നാരങ്ങ വെള്ളമുണ്ടാവും. അവിടെയും മുസ്‌ലിംകൾക്ക് മാത്രമാണ് പ്രവേശനം. ഞാൻ ആ നോമ്പുതുറയുടെ വിശേഷങ്ങൾ കൊതിയോടെ കേട്ടിരിക്കും. ചെറിയ കുട്ടികളെ അങ്ങോട്ട് കൊണ്ടുപോവാറില്ല. അഥവാ കൊണ്ടുപോയാൽ തന്നെ എസ്റ്റേറ്റ് മാനേജർ മടക്കിഅയക്കും. പിന്നെയുള്ള വഴി എത്ര ചെറിയ കുട്ടിയായാലും നോമ്പ് നോൽക്കുക എന്നതുമാത്രമാണ്. എന്നാലും അങ്ങനെ എത്തുന്ന കുട്ടികളുടെ നോമ്പിന്റെ സത്യാവസ്ഥ പരിശോധിച്ച് മനസ്സിലാക്കിയിട്ടേ മാനേജർ അകത്തേക്ക് കടത്തിവിടൂ എന്നും കേട്ടിട്ടുണ്ട്. അങ്ങനെയാണ് അതുവരെ എപ്പഴെങ്കിലും അരനോമ്പ് നോറ്റിരുന്ന ഞാൻ മുഴുനോമ്പ് നോറ്റത്. അര നോമ്പ് എന്നത് ഉമ്മാന്റെ ശരീഅത്താണ്. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പുലർച്ചെ സുബഹി ബാങ്കിനുമുമ്പ് എഴുന്നേറ്റ് ചോറും പപ്പടം താളിച്ചതും കഴിച്ചാൽ ഉച്ചക്കുള്ള ബാങ്ക് വരെ വിശന്നിരുന്നാൽ മതി. ആ അര നോമ്പിൽ തന്നെ ഞാൻ അഴിമതി കാട്ടിയിരുന്നു. പത്ത് പതിനൊന്ന് മണിയാവുമ്പോ ആരും കാണാതെ ഇഷ്ടം പോലെ വെള്ളം കുടിക്കും.

പക്ഷേ മുഴുനോമ്പിന് കളിയാകെ മാറും. പുലർച്ചെ വല്ലതും തിന്നാൽ വൈകിട്ട് ആറ് മണി വരെ വെള്ളം പോലും കുടിക്കാതെ പട്ടിണി കിടക്കണം. എസ്റ്റേറ്റിൽ നോമ്പ് തുറക്കാൻ പോവേണ്ടതുകൊണ്ട് അഴിമതി നടത്താനാവില്ല. വെള്ളം കുടിച്ചത് മാനേജർ എങ്ങനെയെങ്കിലും അറിഞ്ഞാൽ മടക്കിഅയക്കും. കുട്ടൻ നായരുടെ ഹോട്ടലിൽ പോലും കിട്ടാത്ത സാധനമാണ് പൊറോട്ട. തക്കലയിലെയും നാഗർകോവിലിലെയും ചില ഹോട്ടലുകളിൽ മാത്രമാണ് അക്കാലത്ത് പൊറോട്ട കിട്ടിയിരുന്നത്. ഇതൾ ഇതളായി അടർത്തിയെടുക്കാവുന്ന വട്ടത്തിലുള്ള സാധനമാണ് പൊറോട്ട എന്ന് കേട്ടിട്ടുണ്ട്. പോരാത്തതിന് ഇറച്ചിക്കറിയും ഇറച്ചി പൊരിച്ചതും. പിന്നെ പഴങ്ങളും.

രണ്ടും മൂന്നും അഞ്ചും വരട്ടെ എന്നുറപ്പിച്ച് ഞാൻ നോമ്പ് നോറ്റു. ഉച്ചവരെ കളിയൊക്കെയായി സമയം പോയതറിഞ്ഞില്ല. ഉച്ചക്കുശേഷം അന്തരീക്ഷം മാറി. വയറ് എന്നെ ചതിച്ചുകൊണ്ട് നിലവിളിച്ചു. വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ. ശരീരം തളരുന്നു. തലയ്ക്കുള്ളിൽ വിശപ്പിന്റെ ഉഗ്രനിലാവ് പടരുന്നു. നാലു മണിക്ക് അസറ് നമസ്‌കാരത്തിന് വുളു എടുക്കുമ്പോൾ സകല ദൈവങ്ങളോടും കാവൽ ചോദിച്ച് ഞാനിത്തിരി വെള്ളം കുടിച്ചു. തൊണ്ടയിൽ നിന്നും നെഞ്ചിലേക്കിറങ്ങി വയറ്റിലെത്തിയ ആ വെള്ളം ജീവിതത്തിലെ ഏറ്റവും രുചിയുള്ള വെള്ളമായിരുന്നു.

അഞ്ച് മണിക്കാണ് എസ്റ്റേറ്റിലേക്ക് പോവേണ്ടത്. ഒക്കാലി മലയും കരിപ്പാലി കുന്നുകളും നടന്ന് കയറണം. ആണും പെണ്ണും കുട്ടികളുമൊക്കെയായി ആഘോഷത്തിലാണ് യാത്ര. എനിക്കൊരു ആഘോഷവും തോന്നിയില്ല. വയറിനകത്ത് എന്തൊക്കെയൊ കരിഞ്ഞ് മണത്തു. ഭക്ഷണം വിദൂരമായ ഒരു ഓർമയായത് പോലെ. ദുർബലമായ എന്റെ കാലുകൾ ഭക്ഷണത്തിനായി മുമ്പോട്ട് നീങ്ങി. നോമ്പെന്ന പരിപാടിയോടും അത് എന്റെ കടമയും പ്രലോഭനവുമാക്കി മാറ്റിയവരോടും എനിക്ക് കടുത്ത ദേഷ്യം തോന്നി.

ഒക്കാലി മലയുടെ പകുതി കയറിയപ്പോൾ ഞാൻ ഉമ്മാനെ വിളിച്ച് കരയാൻ തുടങ്ങി. ഉമ്മയും ഉപ്പയും എസ്റ്റേറ്റിലെ നോമ്പുതുറയ്ക്ക് പോവാറില്ല. ഏട്ടന്മാരൊക്കെ ദുരത്തായി കഴിഞ്ഞിരുന്നു. കാൽക്കീഴിലെ പാതയേയും ചുറ്റുമുള്ള റബ്ബർ തോട്ടങ്ങളെയും ആരോ പിടിച്ച് കുലുക്കി. കണ്ണിൽ ഇരുട്ടുകയറി. ചുറ്റും ഇരുട്ട് മാത്രം; ഒന്നും കാണാനാവുന്നില്ല. ഇരുട്ടിലെവിടെയോ ഞാനതുവരെ കാണാത്ത പൊറോട്ടയുടെ വെളിച്ചവട്ടങ്ങൾ എന്നെ മാടിവിളിച്ചു. ഞാൻ അവക്കുനേരെ തല മിന്നി വീണു.

ആരോ എന്നെ തോളിൽ ചുമന്നു. എസ്റ്റേറ്റിൽ എന്നെ കൊണ്ട് കിടത്തുമ്പേൾ മാനേജർക്ക് എന്റെ നോമ്പിന്റെ സത്യാവസ്ഥ അറിയാൻ പരീക്ഷണമൊന്നും വേണ്ടി വന്നിരിക്കില്ല. ഇരുട്ടിന്റെ ലോകത്തുനിന്ന് വെളിച്ചത്തിലേക്ക് ഉണരുമ്പോൾ നോമ്പ് തുറക്കാനുള്ള ബാങ്ക് വിളിച്ചുകഴിഞ്ഞിരുന്നു. എല്ലാവരും നോമ്പ് തുറക്കുന്ന തിരക്കിലാണ്. എന്റെ ഞരക്കം കേട്ട് ആരോ എനിക്ക് കുടിക്കാൻ വെള്ളം തന്നു. വെള്ളം എന്ന ദ്രാവകത്തിന്റെ മൂല്യം ഞാൻ ശരിക്കും അറിഞ്ഞത് അന്നാണ്. പിന്നെ ഏതോ ഒരു സ്ത്രീ എനിക്ക് കുപ്പി ഗ്ലാസിൽ മധുരമുള്ള നാരങ്ങാവെള്ളം കുടിക്കാൻ തന്നു. മുന്തിരിയും കൈതച്ചക്കയും അരിഞ്ഞിട്ട സ്റ്റീൽപാത്രം തന്നു.
നാരങ്ങാവെളളം കൂടി കുടിച്ചപ്പോൾ കണ്ണിലെ ഇരുട്ട് പൂർണമായി മാറി കാഴ്ചകൾ തെളിയാൻ തുടങ്ങി. പൊരിച്ച കോഴിയിറച്ചിയുടെ മണം വന്നു. പൊറോട്ട എന്ന വിചിത്ര സാധനം പിച്ചിയിട്ട് അതിലേക്ക് ഇറച്ചിക്കറി ഒഴിച്ച് കയ്യിൽ പാത്രം പിടിച്ച് ആളുകൾ നിന്നുകൊണ്ടുതന്നെ അത് തിന്നുന്നു. അതിനിടയിലൂടെ പൊരിച്ച കോഴിയിറച്ചിയുടെ വലിയ ഒരു തളികയുമായി ഒരാൾ ഇറച്ചി നടന്ന് വിതരണം ചെയ്യുന്നു.

മുറ്റവും അരമതിലും കവിഞ്ഞ് ചിലർ തൊടിയിൽ നിൽക്കുന്നു. എവിടെയും മനുഷ്യർ... ഭക്ഷണം കഴിക്കുന്ന മനുഷ്യർ... വിശക്കുന്ന മനുഷ്യർ... അന്യന്റെ പാത്രത്തിൽ കയ്യിട്ട് ഇറച്ചിയെടുത്ത് തിന്നുന്ന മനുഷ്യർ... ഒരു തുണ്ട് പൊരിച്ച ഇറച്ചിക്കായി യാചിക്കുന്ന മനുഷ്യർ... എല്ലാറ്റിനും മുകളിൽ ഇരുണ്ട് തുടങ്ങിയ ആകാശത്തിൽ വലിയ അക്ഷരങ്ങളിൽ നോമ്പ് എന്ന് എഴുതിവെച്ചതായി എനിക്ക് തോന്നി.

എനിക്ക് കിട്ടിയ മുന്തിരിയും കൈതച്ചക്കയും തിന്നുകഴിഞ്ഞപ്പോൾ തന്നെ എന്റെ വയറ് നിറഞ്ഞു. പക്ഷേ ദാഹം ബാക്കിയായി. മുമ്പിൽ കണ്ട ചുവന്ന പ്ലാസ്റ്റിക്ക് ബക്കറ്റിൽ നിന്ന് നാരങ്ങാവെള്ളം കോരിക്കുടിച്ചു. ദാഹം... പിന്നെയും ദാഹം... ശരീരമാകെ ദാഹമെന്ന ഒറ്റ ഉടമ്പടിയിലേക്ക് ചുരുങ്ങി.
അമിതമായി മധുര വെള്ളം കുടിച്ചതുകൊണ്ടാവണം ഞാൻ ചർദ്ദിച്ചു. അതുവരെ തിന്ന മുന്തിരിയും കൈതച്ചക്ക യുമൊക്കെ അപ്പടി പുറത്തേക്ക് വന്നു. ഞാൻ സുഖകരമായ മയക്കത്തിലേക്ക് വഴുതിവീണു.

പിന്നീട് മൂത്ത ഏട്ടൻ എന്നെ തോളിൽ ചുമന്ന് വീട്ടിലെത്തിച്ചു. വിശപ്പ് മാറിയപ്പോഴാവും ഏട്ടൻ അനിയനെ ഓർത്തിട്ടുണ്ടാവുക. പൊറോട്ട തിന്നാനായി മാത്രം ജീവിതത്തിൽ ആദ്യമായി ഞാൻ നോറ്റ ആ മുഴുനോമ്പ് പൊറോട്ടയുടെ ഗന്ധം പോലും കിട്ടാതെ അവിടെ അവസാനിച്ചു.

അന്നത്തെ ആ നോമ്പ് മുതൽ ഈ നോമ്പ് കാലം വരെ, ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്. വർഷത്തിൽ പതിനൊന്ന് മാസവും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിക്കുന്ന മനുഷ്യർ ഒരു മാസം കൂടി അധികം പട്ടിണി കിടന്നിട്ട് എന്ത് പുണ്യം കിട്ടാനാണ്...?

സത്യമായിട്ടും എനിക്ക് മനസ്സിലാവുന്നില്ല.▮

(തുടരും)


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments