ഭ്രാന്തിനെ ഭയന്ന് ഞാൻ എത്തിപ്പെട്ടത് ഭ്രാന്തുകളുടെ നട്ടുച്ചയിലാണ്. എനിക്ക് ചുറ്റും മനുഷ്യർ, ജീവിതത്തെയും, സ്വബോധത്തോടെ ജീവിക്കുന്നവരെയും പരിഹസിച്ച് വിചിത്രങ്ങളായ ജീവിതം ജീവിച്ചു. ആരുടേതാണ് യഥാർത്ഥ ജീവിതമെന്ന ഉത്തരമില്ലാ ചോദ്യങ്ങളിൽ എന്റെ ഭയത്തിന് ഭയം കൂടി.
ഷൈൻ ആർട്‌സിന്റെ കോണിച്ചുവടിനും ജുമാഅത്ത് പള്ളിയുടെ പിൻഭാഗത്തിനും ഇടയിലായി ഒഴിഞ്ഞ ഒരു ഇടമുണ്ടായിരുന്നു. അവിടെ ചപ്പുചവറുകൾ കൂടിക്കിടന്നു. അവിടെ വച്ചാണ് തങ്ങൾ ടിൻ ഷീറ്റുകൊണ്ട് ബോർഡുണ്ടാക്കുന്നതും അതിനെ പെയിന്റടിച്ച് സുന്ദരനാക്കി അതിലെഴുതുന്നതും. ആ ഒഴിഞ്ഞ ഇടത്തിന്റെ വലതുവശത്തേക്ക്, മറ്റൊരു കെട്ടിടത്തിന്റെ കഴുക്കോലുകൾ തൂങ്ങിനിന്നിരുന്നു. ആ കഴുക്കോലിലാണ്, സൈനുദ്ദീൻ സ്വന്തം ജീവിതത്തിന് കുരുക്കിട്ടത്.
പതിവുപോലെ രാവിലെ ഞാനവിടെ എത്തുമ്പോൾ നിറച്ചും ആളുകളായിരുന്നു. കോണിപ്പടികളിലും ആ ഒഴിഞ്ഞ ഇടത്തും ഇടനാഴികയിലുമൊക്കെ ആളുകൾ കൂട്ടം കൂടി നിന്നു. എല്ലാവരുടെയും നോട്ടം ചെന്നു പിടയുന്ന ഇടത്തേക്ക് ആ ആൾക്കൂട്ടത്തിലൂടെ തിക്കിത്തിരക്കിച്ചെന്ന് ഞാൻ പാളി നോക്കി.
കെട്ടിടത്തിന്റെ കഴുക്കോലിൽ ഉടുതുണിയഴിച്ച് കുരുക്കിട്ട് മരണത്തെ നോക്കി ചിരിച്ച് സൈനുദ്ദീൻ നിന്നു. അടിവസ്ത്രം മാത്രം അവശേഷിച്ച ആ ശരീരത്തിന്റെ കാലുകൾ നിലം തൊടാതെ ശൂന്യതയിൽ തുഴഞ്ഞു. ആ കാൽച്ചുവട്ടിലെ ഇത്തിരി ദൂരത്തിൽ അയാൾക്ക് ജീവിതമുണ്ടായിരുന്നു. ആ കണ്ണുകളിൽ പേടിപ്പെടുത്തുന്ന ഒരുതരം ശാന്തത ഉണ്ടായിരുന്നു. ആ തുടകളിലൂടെ ഒലിച്ചിറങ്ങിയ തീട്ടത്തിന്റെയും മൂത്രത്തിന്റെയും നാറ്റം എന്റെ മൂക്കിൽ വന്ന് തൊട്ടപ്പോൾ എനിക്ക് ഓക്കാനം വന്നു.
എല്ലാ ആനന്ദങ്ങൾക്കും മേൽ രാത്രി വന്നു. ഇരുട്ടു വന്നു. വീടിന്റെ വാതിൽ പതിയെ തുറന്ന് കയ്യിൽ കരുതിയ കത്തിയുമായി സൈനുദ്ദീൻ ഏട്ടന്റെ അടുത്തേക്കുചെന്നു.
ജനുവരി കാറ്റുള്ള രാത്രിയിൽ കാവതികളത്തുനിന്ന് അക്കണ്ട ദൂരമത്രയും നടന്ന് സൈനുദ്ദീൻ ഇവിടേക്കുതന്നെ വന്നു. ഈ കഴുക്കോലു തന്നെ തിരഞ്ഞെടുത്തു. ഈ പ്ലാസ്റ്റിക്ക് വീപ്പ വെച്ച് അതിന്മേൽ കയറി നിന്ന് ഉടുതുണി അഴിച്ച് മരണത്തിലേക്ക് കുരുക്കിട്ടു. വഴിയിലെവിടെയോ അയാൾ ഉപേക്ഷിച്ച കുപ്പായം പിന്നീട് പൊലീസ് കണ്ടെടുത്തു.
സൈനുദ്ദീന്റെ ഏട്ടൻ ഗൾഫിലായിരുന്നു. ജീപ്പ് കഴുകിയും ബസിൽ കിളിയായും കൂലിപ്പണി എടുത്തുമൊക്കെ ജീവിച്ച സൈനുദ്ദീനെന്ന ഇരുപത്തൊന്നുകാരന്, ഏട്ടൻ വിസ കൊണ്ടു വരാമെന്ന് പറഞ്ഞിരുന്നു. അക്കാലത്ത് ജീവ വായുവിനേക്കാൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നത് വിസ എന്ന രണ്ടക്ഷരമായിരുന്നു. പത്താം ക്ലാസ് വരെ കഷ്ടിച്ച് പഠിച്ച്, പിന്നെ അല്ലറ ചില്ലറ ജോലികളെടുത്ത്, ചുറ്റും വസന്തമായി മാറുന്ന ഗൾഫ് പണത്തിന്റെ സുഗന്ധങ്ങളിൽ മുങ്ങി സുഖസ്വപ്നങ്ങൾ കണ്ട് ഓരോ ആൺകുട്ടിയും ജീവിച്ചു. പത്തു വരെ എത്തും മുമ്പ് പെൺകുട്ടികൾ കല്യാണം കഴിച്ച് അന്യവീടുകളിലേക്ക് പോയി.
കാണാൻ കൊള്ളാവുന്ന ഒരു ഇണ. നല്ലൊരു വീട്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ തുണിയലക്കിയും വിറക് കീറിയും അടുപ്പ് പുകച്ചും ജീവിക്കുന്ന സഹോദരിമാരെ നല്ലൊരാൾക്ക് കല്യാണം കഴിച്ചു കൊടുക്കുക. ഇതിനപ്പുറമുള്ള സ്വപ്നങ്ങളൊന്നും ആൺകുട്ടികൾ കണ്ടിരുന്നില്ല. പെൺകുട്ടികളുടെ സ്വപ്നങ്ങളെ പറ്റി ആരും അവരോട് ചോദിച്ചില്ല. അവരത് ആരോടും പറഞ്ഞതുമില്ല. സൈനുദ്ദീന്റെ വീടും ചോർന്നൊലിക്കുന്നതായിരുന്നു. അവനും ഉണ്ടായിരുന്നു രണ്ടു സഹോദരിമാർ. പിന്നെ നമ്മൾ കണ്ടും കേട്ടും പഴകിയ സിനിമാ കഥകളിലേതുപോലെ, വാതം വന്ന് തളർന്ന് കിടപ്പിലായ ഉപ്പയും, ശ്വാസകോശം പണിമുടക്കിയ ഉമ്മയും. ഏട്ടന്റെ വരുമാനം കൊണ്ടു മാത്രം കാര്യങ്ങൾ നടക്കില്ലെന്ന് അറിയാമായിരുന്ന സൈനുദ്ദീൻ, ഏട്ടന് അയക്കുന്ന ഓരോ കത്തിലും തന്റെ വിസയെക്കുറിച്ച് എഴുതി. ഏട്ടൻ വന്നത് അനിയനുള്ള വിസയുമായിട്ടാണ്. പക്ഷേ അനിയന്റെ അക്ഷമയും വെപ്രാളവും കണ്ട് വിസ ഇനി അടുത്ത വരവിന് നോക്കാമെന്ന് ഏട്ടൻ തമാശ പറഞ്ഞു.
സൈനുദ്ദീന് അതൊരു തമാശയായിരുന്നില്ല. സകല കൂട്ടുകാരോടും ഏട്ടൻ തനിക്കുള്ള വിസയുമായി വരുമെന്ന് അവൻ പറഞ്ഞതാണ്. ഗൾഫിൽ പോയി വന്നാൽ കെട്ടാനുള്ള പെണ്ണിനെയും കണ്ടുവെച്ചതാണ്. കാത്തിരിക്കാമെന്ന് അവൾ വാക്കുപറഞ്ഞതുമാണ്. പോവുമ്പോൾ വിമാനത്തിൽ കയറേണ്ടതുകൊണ്ട്, അതിനുള്ള പാന്റും ഷർട്ടും വരെ അവൻ ലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ നിന്ന് തുണിയെടുത്ത് കോട്ടക്കൽ അങ്ങാടിയിലെ ഏറ്റവും മുന്തിയ ടൈലർ ഷോപ്പിൽ നിന്ന് തയ്പിച്ചു വെച്ചതാണ്.
ആ രാത്രിയിൽ സൈനുദ്ദീൻ തന്റെ കണ്ണീരത്രയും പൊഴിച്ച് തീർത്തിരിക്കണം. എന്താണ് താൻ ചെയ്തതെന്ന അന്ധാളിപ്പിൽ, കയ്യിൽ പുരണ്ട ചോര മണത്തിൽ അവനാ പാതകളിലൂടെ, അതിലെ ഇരുട്ടിലൂടെ ഓടിയിരിക്കണം.
എല്ലാം തന്റെ മുമ്പിൽ കത്തിയമരും പോലെ അവന് തോന്നിയിരിക്കണം. ആ തമാശ ആസ്വദിച്ച് ചിരിച്ച വീട്ടുകാരോടൊക്കെ അവന് ദേഷ്യം തോന്നിയിരിക്കണം. താൻ സ്‌നേഹിക്കുന്ന പെൺകുട്ടിയുടെ വീടിനു മുമ്പിലൂടെ അവൻ നടന്നിരിക്കണം. ഉച്ചക്കും വൈകുന്നേരവും അവൻ വീട്ടിലേക്ക് ചെന്നില്ല. ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ അനിയൻ മടങ്ങിവരുമ്പോൾ അവനു കൊടുക്കാൻ ദുബായ് സ്‌പ്രേയും, ദുബായ് തുണികളും പിന്നെ വിസയും ഏട്ടൻ മാറ്റിവെച്ചിരുന്നു. രണ്ടു മാസത്തെ ലീവ് കഴിഞ്ഞ് മടങ്ങിപ്പോവുമ്പോൾ മെഡിക്കലൊക്കെ തീർത്ത് അനിയനെയും ഒപ്പം കൊണ്ടുപോകാമെന്ന് ആ ഏട്ടൻ തീരുമാനിച്ചുറപ്പിച്ചതാണ്.
രണ്ടു മക്കളും ദുബായിയിൽ പോയി പണം ഉണ്ടാക്കുന്നതും ഓല വീടിനുപകരം ആ പറമ്പിൽ വാർപ്പ് വീട് ഉയർന്നുവരുന്നതും പെൺമക്കളെ മേനി നിറയെ പൊന്നിട്ട് കെട്ടിച്ചയക്കുന്നതും ആ ഉമ്മയും ഉപ്പയും സ്വപ്നം കണ്ടു. അനിയത്തിമാർ ആ വീടിനുള്ളിൽ അന്നുമാത്രം നിറഞ്ഞ ഭക്ഷണ സുഗന്ധങ്ങളിൽ, പരസ്പരം നുള്ളിയും പിച്ചിയും കളിയാക്കിയും ഉറക്കെ ചിരിച്ചു. ആനന്ദത്തിന്റെ ആ ദിവസത്തിൽ അവരോട് പതുക്കെ ചിരിക്കാൻ പറയാൻ ആ ഉമ്മ മറന്നുപോയി. അവരുടെ ചിരിയിലും സന്തോഷത്തിലും അവരും പങ്കുചേർന്നു.
എല്ലാ ആനന്ദങ്ങൾക്കും മേൽ രാത്രി വന്നു. ഇരുട്ടു വന്നു. വീടിന്റെ വാതിൽ പതിയെ തുറന്ന് കയ്യിൽ കരുതിയ കത്തിയുമായി സൈനുദ്ദീൻ ഏട്ടന്റെ അടുത്തേക്കുചെന്നു. ഇജ് എവിടേന്നുടാ... എന്ന ഏട്ടന്റെ ചോദ്യം മുഴുവനാവും മുമ്പ് ആ നെഞ്ചിലേക്ക് അനിയൻ കത്തി കുത്തി താഴ്ത്തി. നിലവിളിയുടെ ശബ്ദം കേട്ട് അനിയത്തിമാർ വന്ന് നോക്കുമ്പോൾ സൈനുദ്ദീൻ അവിടെ ഉണ്ടായിരുന്നില്ല. മണ്ണിൽ വീണ സ്വന്തം ചോരയ്ക്ക് മേൽ ആ ഏട്ടൻ ബോധമില്ലാതെ കിടന്നു.
ആ രാത്രിയിൽ സൈനുദ്ദീൻ തന്റെ കണ്ണീരത്രയും പൊഴിച്ച് തീർത്തിരിക്കണം. എന്താണ് താൻ ചെയ്തതെന്ന അന്ധാളിപ്പിൽ, കയ്യിൽ പുരണ്ട ചോര മണത്തിൽ അവനാ പാതകളിലൂടെ, അതിലെ ഇരുട്ടിലൂടെ ഓടിയിരിക്കണം. അവന്റെ അബോധങ്ങളിൽ പിറകിലേക്ക് മറിഞ്ഞു വീഴുന്ന ഏട്ടന്റെ നിലവിളി മുഴങ്ങിയിരിക്കണം. ആ മുഴക്കത്തിൽ മറ്റു ശബ്ദങ്ങൾ ഒന്നും കേൾക്കാനാവാതെ അവൻ മരണം എന്ന വലിയ ശബ്ദത്തിന്റെ തീരുമാനത്തിലേക്ക് ചുവടു വച്ചിരിക്കണം.
ഇവിടെ, ഈ ഇരുട്ടിലേക്ക് ഓടിക്കയറി ഒരുപാട് നേരം ഒളിച്ചിരുന്നിരിക്കണം. ഇരുട്ടിൽ, മുമ്പിലെ കഴുക്കോലും പ്ലാസ്റ്റിക്ക് വീപ്പയും ജീവിതം പോലെ തെളിഞ്ഞ് കിട്ടിയിരിക്കണം. സൈനുദ്ദീൻ എന്ന മനുഷ്യന്റെ സംഘർഷങ്ങൾക്കും ആത്മഹത്യയ്ക്കും ആ കോണിച്ചുവടുകളിൽ മനം മറിഞ്ഞ് ഛർദ്ദിച്ച എനിക്കുമിടയിൽ, നേരിട്ട് പാലങ്ങൾ ഒന്നുമില്ല. പക്ഷേ അന്ന് പകൽ മുഴുവൻ ഞാനാ ഹാളിനുള്ളിൽ തൂങ്ങിയാടുന്ന രണ്ട് കാലുകൾ കണ്ടു. കണ്ണുകൾ അടച്ചാലും തുറന്നാലും ആ പെരുവിരലിലെ പിയ്യാം കുത്തിന്റെ അടയാളങ്ങൾ കണ്ടു. ഇടത്തെ കാലിൽ പണ്ടെന്നോ നഷ്ടമായ ചെറുവിരലിന്റെ തെറിച്ചു നിൽക്കുന്ന കുറ്റി കണ്ടു.
പൊലീസുകാർ വരുന്നതും ആ മയ്യത്ത് അഴിച്ചെടുക്കുന്നതും കൊണ്ടുപോവുന്നതുമൊക്കെ പെയിൻറ് മണമുള്ള ആ ഹാളിലിരുന്ന് ഞാൻ അറിഞ്ഞു. പിറ്റേന്നും കഴിഞ്ഞ് ആ മയ്യത്ത് പാലപ്പുറ പള്ളിയിലേക്ക് ആളുകൾ ചുമന്നു കൊണ്ടുപോകുന്നത് ഞാൻ ആ ബാൽക്കണിയിൽ നിന്ന് കണ്ടു. ആൾക്കൂട്ടത്തിൽ തങ്ങളുമുണ്ടായിരുന്നു. തങ്ങളാണ് പിന്നീട് എനിക്കീ കഥകളൊക്കെ പറഞ്ഞു തന്നത്.
അനിയന്റെ കുത്ത് കൊണ്ട ഏട്ടൻ മരിച്ചില്ല. പക്ഷേ മരണത്തേക്കാൾ അഗാധമായ ഉന്മാദത്തിലേക്കാണ് ആ മനുഷ്യൻ പിന്നീട് നടന്നത്. ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോൾ അയാൾ അനിയനെ കാണണം എന്ന് വാശി പിടിച്ചു. വീട്ടിലിരിക്കുന്ന വിസയുടെ പേപ്പർ അവനെ കാണിക്കണമെന്ന്, അവനെ കെട്ടിപ്പിടിച്ച് മാപ്പ് പറയണമെന്ന്, അയാൾ തന്നെ വന്ന് കണ്ട ഓരോരുത്തരോടും പറഞ്ഞു കൊണ്ടേയിരുന്നു.
എന്നോട് അക്കാര്യങ്ങളൊക്കെ പറയുമ്പോൾ വി.കെ. തങ്ങളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. തങ്ങളാണ് ഏട്ടനെന്നും, ഞാനാണ് ആ ഏട്ടന്റെ നെഞ്ചിലേക്ക് കത്തി താഴ്ത്തിയതെന്നുമുള്ള വല്ലാത്തൊരു തോന്നലിൽ പെട്ട് ഞാനാ കാലിലേക്ക് കുഴഞ്ഞു വീണു. അപ്പോൾ സൈനുദ്ദീനെന്ന അനിയന്റെ ഖബറിനു മുകളിലെ പുതുമണ്ണിനെ തൊട്ട കാറ്റുകൾ എന്നെയും വന്ന് തൊട്ടു. കയ്യിൽ ചോര പുരണ്ടിട്ടെന്നപോലെ ഞാനെന്റെ കൈകൾ മണത്തുനോക്കി. ആശുപത്രിക്കിടക്കയിൽ അനിയനെ കാത്തുകിടക്കുന്ന ആ ഏട്ടന്റെ കാൽക്കലെന്ന പോലെ ഞാൻ തങ്ങളുടെ കാൽച്ചുവട്ടിൽ തന്നെ കിടന്നു.
എന്റ ഉന്മാദങ്ങളുടെ തുടക്കം അവിടെ, ആ ഹാളിലെ ചോര മണമുള്ള ഓർമകളിൽ നിന്നാവും ...എന്നെ തൊട്ട ഖബർമണ്ണിന്റെ ഗന്ധമുള്ള കാറ്റുകളിൽ നിന്നാവും. ഏറെ കാലം കഴിഞ്ഞ് എനിക്ക് ഭ്രാന്തായി പോകുമെന്ന അകാരണമായ ഭയം രോഗമായി മാറി, കോഴിക്കോട് വിജയ ഹോസ്പിറ്റലിലെ പതിമൂന്നാം നമ്പർ മുറിയിൽ കിടക്കുമ്പോൾ എല്ലാ ഭയങ്ങളുടെയും ഉറവിടം സൈനുദ്ദീന്റെ നിലം തൊടാത്ത ആ കാലുകളിൽ ,അവയുടെ കാഴ്ചയിൽ ചെന്ന് മുട്ടുമായിരുന്നു.
എന്റ പതിമൂന്നാം നമ്പർ മുറിയുടെ അപ്പുറത്ത്, പതിനാലിൽ കിടന്ന് അസ്വന്ത് എപ്പോഴും ഭക്ഷണത്തിനായി നിലവിളിച്ചു .എത്ര തിന്നാലും നിറയാത്ത പെരും കടലായി അവന്റെ വയർ ഇരമ്പിയാർത്തു. അവന്റെ പാവം അമ്മ ആ കോണിപ്പടികളത്രയും കയറിയിറങ്ങി അവന് ഭക്ഷണം കൊടുത്തു. അവന് കൂട്ടിരിക്കാൻ അമ്മയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛൻ അമ്മയെയും അവനെയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയി. ബന്ധുക്കളിൽ നിന്ന് ഇരന്ന് വാങ്ങിയ പണവുമായി ആ അമ്മ മകന്റെ തീരാത്ത വിശപ്പിന് കാവൽ നിന്നു.
ഇപ്പുറത്ത് പന്ത്രണ്ടിൽ, തന്നെക്കാൾ വലിപ്പമുള്ള പാമ്പിനെ ഭയന്ന് ഒരു യുവതി എപ്പോഴും അലമുറയിട്ടു. തന്നെ വിഴുങ്ങാൻ വരുന്ന പാമ്പിൽ നിന്ന് രക്ഷ നേടാൻ അവളാ വാതിൽ തുറന്ന് പുറത്തേക്ക് ചാടി, എന്റെ മുറിയിലേക്ക് ഓടിപ്പാഞ്ഞ് വരും. പുറത്ത് , നഗരം നിലവിളികളോടെ അലറിപ്പായുന്നുണ്ടാവും. ഉച്ചവെയിലിന്റെ കണ്ണാടി ജാലകത്തിൽ കാക്കകൾ വന്ന് കൊത്തും. ആ ചില്ലിനിപ്പുറത്ത് ഭയം കൊണ്ട് വിറച്ച്, തലമുടി പാറിപ്പറന്ന് , വസ്ത്രങ്ങൾ ഉലഞ്ഞ്, അവളെനിക്ക് ആ പാമ്പിനെ ചൂണ്ടിക്കാണിച്ചു തരും. എനിക്ക് കാണാനാവാത്ത രൂപത്തിൽ ആ പാമ്പ് അവിടെ ഉണ്ടായിരുന്നിരിക്കണം.
ഭ്രാന്തിനെ ഭയക്കുന്ന ഭ്രാന്തന്മാരെ ഭയക്കുന്ന എന്റെയാ വിചിത്രമായ ഭ്രാന്തിൽ കുരുങ്ങി, ഭയത്തിന്റെ മുൾക്കാട്ടിൽ യുക്തിബോധം നശിച്ച് ഞാനവളെ ആട്ടി ഓടിക്കും. ബെഡ്ഡിൽ എഴുന്നേറ്റിരുന്ന് ഞാനവളെ പേടിയോടെ നോക്കും. അവളുടെ കയ്യിലെ അദൃശ്യമായ കത്തിയിൽനിന്ന് അപ്പോൾ ചോര ഒലിക്കുന്നുണ്ടാവും.
ഇനിയിവിടെ എനിക്കുശേഷം വരാൻ പോവുന്ന സുഹൃത്തേ, നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന ചരടുകൾ ഒന്നുമില്ല. പക്ഷേ എപ്പോഴെങ്കിലും ഈ മുറിയെ കുറിച്ച് ഓർത്താൽ നിങ്ങൾ എന്നെയും ഓർക്കുക.
ചോരയുടെ മണം...
കത്തിയുടെ മൂർച്ച ...
വെയിൽ ചില്ലിൽ കൊത്തുന്ന അനേകം കാക്ക ചുണ്ടുകൾ...
നിക്ക് വിശക്കുന്നോയ് എന്നലറുന്ന പതിനാലാം റൂമുകാരൻ...
കാലം എന്നെ കൊണ്ടെത്തിച്ച ഭയത്തിന്റെ ആ ചുടല മണങ്ങൾ ....
അവളെക്കാൾ വലിപ്പമുള്ള, ഒരു നദിയേക്കാൾ, കടലിനേക്കാൾ വലിപ്പമുള്ള പാമ്പിനെങ്ങനെ ആ മുറിയിൽ കടക്കാനാവുമെന്ന വിജയൻ ഡോക്ടറുടെ യുക്തിചോദ്യങ്ങളൊന്നും അവളെ സ്പർശിച്ചില്ല. അത് എപ്പോഴും അവിടെ ഉണ്ടായിരുന്നു. അവളെ വിഴുങ്ങാൻ പാകത്തിൽ കടലോളം വലിയ വായ തുറന്ന്, മലയോളം വലിയ ചെതുമ്പലുകളിൽ സ്വർണ്ണ നിറമണിഞ്ഞ് അത് അവൾക്കുമുമ്പിൽ നിന്നു. യുക്തികളും മരുന്നും പരാജയപ്പെട്ടിടത്ത് വിജയൻ ഡോക്ടർ അവൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് വിധിച്ചു.
ഞാനവിടം വിടും മുമ്പ് അവളുടെ നിലവിളികളും അലമുറകളും ഒടുങ്ങി അമർന്നു. അവൾ കട്ടിലിൽ ഏതോ അന്യഗ്രഹ ജീവിയെപ്പോലെ കിടന്നു. ആ കണ്ണുകളുടെ നോട്ടം എവിടെയും ഉറച്ചില്ല. വിജയൻ ഡോക്ടർ കൊന്നുകളഞ്ഞത് അവളുടെ പാമ്പിനെയാണോ അതോ അവളെ തന്നെയാണോ എന്ന് ഇന്നും എനിക്കറിയില്ല. പക്ഷേ കറന്റടി തുടങ്ങിയ ശേഷം അവൾ എന്റെ മുറിയിലേക്കെന്നല്ല, എങ്ങോട്ടും വാതിൽ തുറന്ന് ഓടിയില്ല. ചിരിക്കുകയോ കരയുകയോ ചെയ്തില്ല. ബാത്ത്‌റൂമിലേക്ക് താങ്ങിയെടുത്ത് കൊണ്ടു പോവേണ്ട അവസ്ഥയിലായി അവൾ.
അപ്പോഴും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അസ്വന്ത് ഭക്ഷണത്തിനായി അലമുറയിട്ടു. സഹമുറിയൻമാരുടെ ഭക്ഷണമെല്ലാം തിന്ന് തീർത്തിട്ടും അവൻ അമ്മയെ നോക്കി അലറി; ‘തള്ളേ... തിന്നാൻ എന്തെങ്കിലും താടീ.... '
രാത്രി സെക്യൂരിറ്റിക്കാരുടെ കനിവിനായി ഇരന്ന് ആ അമ്മ ഒരു തൂക്കു പാത്രവും പിടിച്ച് മഞ്ഞവെളിച്ചത്തിന് ചുവട്ടിൽ നിന്നു. കാന്റീനും പരിസരത്തെ മറ്റ് ഹോട്ടലുകളും അടച്ചു കഴിഞ്ഞിട്ടും ഗർഭം ചുമന്നതിന്റെയും നൊന്തു പെറ്റതിന്റെയും, മുലയൂട്ടിയതിന്റെയും പ്രതിഫലം വാങ്ങാൻ ആ രാത്രികളിലൂടെ അവർ നടന്നു. തട്ടുകടകളിൽ നിന്ന് ദോശയും ഓംലെറ്റും കട്ടൻചായയും വാങ്ങിക്കൊണ്ടുവന്നു. എത്ര ഇഞ്ചക്ഷൻ എടുത്താലും ഉറക്കം കിട്ടാത്ത അസ്വന്ത് ആ ഭക്ഷണമൊക്കെ തിന്നു തീർത്തു.
ഭ്രാന്തിനെ ഭയന്ന് ഞാൻ എത്തിപ്പെട്ടത് ഭ്രാന്തുകളുടെ നട്ടുച്ചയിലാണ്. എനിക്ക് ചുറ്റും മനുഷ്യർ, ജീവിതത്തെയും, സ്വബോധത്തോടെ ജീവിക്കുന്നവരെയും പരിഹസിച്ച് വിചിത്രങ്ങളായ ജീവിതം ജീവിച്ചു. ആരുടേതാണ് യഥാർത്ഥ ജീവിതമെന്ന ഉത്തരമില്ലാ ചോദ്യങ്ങളിൽ എന്റെ ഭയത്തിന് ഭയം കൂടി. ആത്മഹത്യാശ്രമത്തിന്റെ ഭൂതകാലം പേറുന്നതുകൊണ്ട് ഡോക്ടർ എന്റെ ഭയങ്ങൾക്ക് ഒരു ഓമനപ്പേരിട്ട് തന്നു. ‘വിഷാദരോഗം '. എന്നിട്ട് ആ രോഗത്തിന് മരുന്നുകൾ പോരാഞ്ഞ് ഷോക്ക് ട്രീറ്റ്‌മെൻറ് വേണമെന്ന് വാശി പിടിച്ചു .അന്ന് ഏട്ടന്മാരും ഉമ്മയും അവിടുന്ന് നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിച്ചില്ലായിരുന്നെങ്കിൽ , ഇന്ന് ഞാൻ ഉൻമാദങ്ങളുടെ കാൽച്ചങ്ങലയണിഞ്ഞ് എല്ലാവർക്കും ഭാരമായി ഏതെങ്കിലും കട്ടിലിൽ കിടക്കുന്നുണ്ടാവുമായിരുന്നു. അല്ലെങ്കിൽ ഏതെങ്കിലുമൊക്കെ തെരുവുകളിലൂടെ മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി, പിച്ചും പേയും പറഞ്ഞ്, വികൃതി കുട്ടികളുടെ ഏറും കൊണ്ട് അലഞ്ഞു നടക്കുന്നുണ്ടാവും .എച്ചിൽ കൂനകളിൽ നായകളോട് മല്ലിട്ട് അന്നം തേടുന്നുണ്ടാവും. വിജയാ ഹോസ്പിറ്റലിന്റെ ആ പതിമൂന്നാം നമ്പർ മുറിയിൽ നിന്നു പോരുമ്പോൾ അതിന്റെ ഇളംനീല ചുമരിൽ കറുത്ത മഷിപ്പേന കൊണ്ട് ഞാൻ എഴുതിയിട്ടു: ‘‘...എനിക്കുമുമ്പ് ഇവിടെ വന്നണഞ്ഞ സുഹൃത്തേ, ഇനിയിവിടെ എനിക്കുശേഷം വരാൻ പോവുന്ന സുഹൃത്തേ, നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന ചരടുകൾ ഒന്നുമില്ല. പക്ഷേ എപ്പോഴെങ്കിലും ഈ മുറിയെ കുറിച്ച് ഓർത്താൽ നിങ്ങൾ എന്നെയും ഓർക്കുക. നമ്മൾ പങ്കിട്ട വഴിയമ്പലമാണ് ഇത്. വല്ലാതെ ജീവിതത്തെ സ്‌നേഹിച്ചതുകൊണ്ടാണ് നമ്മളീ മുറിയിലെത്തിയത്. ഈ വെയിൽ കാലങ്ങൾക്കപ്പുറം പൂക്കാലങ്ങൾ നമ്മളെ കാത്തിരിപ്പുണ്ടെന്ന് എപ്പോഴും ഓർക്കുക...’’
കാലങ്ങൾക്കു ശേഷം ഞാൻ സൈനുദ്ദീന്റെ ഏട്ടന്റെ വീട് പെയിൻറ് ചെയ്യാൻ പോയി. ആ വീടാണ് എന്ന് അറിഞ്ഞു കൊണ്ടല്ല പോയത്. അപ്പോഴേക്കും അയാളുടെ ഉപ്പ മരിച്ചിരുന്നു. ഉമ്മ അകത്തൊരു മുറിയിൽ ശ്വാസംമുട്ടലും ദസ്ബിയും, ദിക്‌റുകളുമായി കിടന്നു. അനിയത്തിമാർ രണ്ടുപേരും വിവാഹമൊക്കെ കഴിഞ്ഞ് വേറെ ഇടങ്ങളിൽ വീടുകൾ വെച്ച് ഭർത്താവും കുട്ടികളുമായി താമസിക്കുകയാണ്.
ഈ ഓട്ടപ്പാച്ചിൽ മുഴുഭ്രാന്തായി മാറുന്നയിടത്ത് മീസാൻ കല്ലുകൾ നാട്ടി, ഒടുക്കത്തെ പിടി മണ്ണും വാരിയിട്ട് എല്ലാവരും അവരവരുടെ പാതകളിലേക്ക് മടങ്ങിപ്പോവുന്നു.
അയാൾ ഷർട്ട് ഊരിയപ്പോൾ ഞാനാ പാട് കണ്ടു . അനിയൻ കുത്തിയ മുറിപ്പാട്. അതവിടെ, വലത്തേ വാരിക്ക് മുകളിലായി എന്നെന്നേക്കുമായി അടയാളപ്പെട്ടു കിടന്നു. അയാൾ ഗൾഫ് വാസമൊക്കെ മതിയാക്കി നാട്ടിൽ ചെറിയൊരു കച്ചവടവുമായി ജീവിക്കുകയായിരുന്നു. ഭാര്യയും മൂന്ന് പെണ്മക്കളും ഉണ്ട്. രണ്ടു പേരുടെ വിവാഹം കഴിഞ്ഞു, ഇനി ഒരാൾ കൂടിയുണ്ട്. അവളുടെ വിവാഹത്തിനാണ് വീട് പെയിൻറ് ചെയ്യുന്നത്. അനിയത്തിമാർ വിവാഹം കഴിച്ച് പോയപ്പോൾ പകരം മക്കൾ... എല്ലാം ആവർത്തിക്കുന്നു. ആ വീട്ടിലെ പായലും ചെളിയും കഴുകി വൃത്തിയാക്കുമ്പോൾ ഞാൻ ഓർത്തു, വെയിലും മഴയും മഞ്ഞും പോലെ എല്ലാം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
പ്രവാസം, അവിടുത്തെ നരകജീവിതം, കുളിർകാറ്റായി വീണുകിട്ടുന്ന രണ്ടോ മൂന്നോ മാസത്തെ അവധി. ആ അവധിയിൽ ധൃതിയിൽ ഒരു വിവാഹം. അപരിചിതയായ ഏതോ പെൺകുട്ടി ഒരുപാട് സ്വപ്നങ്ങളുമായി ഒരു മണിയറയിലേക്ക് പ്രവേശിക്കുന്നു. മൈലാഞ്ചി ചോപ്പ് മായും മുമ്പേ ഭർത്താവ് മരുഭൂമികളുടെ നാട്ടിലേക്ക് യാത്രയാവുന്നു. അവിടെ അയാളെ കാത്ത് പണം കായ്ക്കുന്ന മരം ഉണ്ടെന്ന് പലരും ധരിക്കുന്നു. ഒരു പാക്കറ്റ് ഖുബൂസും ഒരു ലബനും കൊണ്ട് അയാൾ ഒരു ദിവസത്തെ അളന്നുതീർക്കുന്നു. ഏറ്റവും വിലക്കുറവിൽ കിട്ടുന്ന കോഴിയിറച്ചി ആഴ്ചയിലൊരിക്കൽ വേവിച്ച് തിന്നുന്നു. ധാരാളം കോള കുടിക്കുന്നു. അയാൾ ഹൗസ് ഡ്രൈവറാവാം. നിർമാണതൊഴിലാളി ആവാം ... പക്ഷേ പലരും സ്വന്തം ഭാര്യയോട് പോലും , അവിടുത്തെ ജോലിയെക്കുറിച്ചോ ശമ്പളത്തെക്കുറിച്ചോ അക്കാലത്ത് പറയില്ല. ചിലരൊക്കെ ഇക്കാലത്തും. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തെ, ചോര വിയർപ്പാക്കി മാറ്റിയതിനെ, അയാൾ നാട്ടിലേക്ക് അയക്കുന്നു. കുടുംബത്തിൽ എന്ത് വിശേഷമുണ്ടായാലും അയാൾക്കവിടെ റിയാലിന്റെ മരത്തെ പിടിച്ചു കുലുക്കണം. അത് പള്ളിക്കായാലും, അമ്പലത്തിനായാലും ആർഭാടങ്ങൾക്കായാലും അത്യാവശ്യങ്ങൾക്കായാലും, ആദ്യം പറയുക അയാളോടാവും. അങ്ങനെ കുലുക്കിക്കുലുക്കി റിയാലും ദിനാറും ദിർഹവുമൊക്കെ തീർന്ന് തുടങ്ങുന്നു. പ്രമേഹവും പ്രഷറും കൊളസ്‌ട്രോളും അയാൾക്ക് സമ്മാനമായി കിട്ടുന്നു. ഇവിടുന്ന് കടം വാങ്ങി അങ്ങോട്ടും അവിടുന്ന് കടംവാങ്ങി ഇങ്ങോട്ടു മുള്ള അയാളുടെ യാത്രകൾ അവസാനിക്കുന്നു.
രണ്ടോ മൂന്നോ മക്കൾ അപ്പോഴേക്കും അയാൾക്കുപോലും പിടിത്തം കിട്ടാത്ത വണ്ണം വളർന്നു വലുതായിട്ടുണ്ടാവും. അവസാനത്തെ അധ്വാനഫലവും ഊറ്റിയെടുത്ത് വെറും ചണ്ടിയായി , നിറയെ കടങ്ങൾ ഉള്ള വീടിന്റെ വരാന്തയിൽ അയാൾ ഇൻസുലിന്റെ സമയമളന്ന്, കാലുകളിൽ കറുത്ത പാടുകളുമായി ഇരിക്കുന്നു. അയാളുടെ അന്തരീക്ഷത്തിൽ അദൃശ്യമായ അക്ഷരങ്ങളിൽ ഒരു ബോർഡ് തൂങ്ങിയാടുന്നു- ‘എക്‌സ് ഗൾഫ് '
എന്റെ കൂടെ നിന്ന് ചെളിയും പായലും കഴുകുന്ന അയാളോട് ഞാൻ അനിയന്റെ കാര്യമൊന്നും ചോദിച്ചില്ല. പക്ഷേ നെഞ്ചിലെ ആ പാട് കാണുമ്പോഴൊക്കെ നിലം തൊടാത്ത രണ്ട് കാലുകൾ എന്റെ മുമ്പിൽ തൂങ്ങിയാടി. ആ തുടകളിലൂടെ നാറുന്ന തീട്ടം ഒലിച്ചു. അവിടുത്തെ ജോലിക്കിടയിൽ ഒരു ഉച്ച വേളയിൽ ഞാൻ അയാളോട് ചോദിച്ചു; ‘നെഞ്ഞില് ഈ അടയാളം എങ്ങനെ ണ്ടായതാ? '
ഒട്ടും ഓർത്തു നിൽക്കാതെ അയാൾ പറഞ്ഞു; ‘അത് ഇന്റെ അനിയൻ കത്തിയോണ്ട് കുത്തി കളിച്ചതാണ് '
എന്തിനെന്ന് ഞാൻ ചോദിച്ചില്ല . എന്റെ ഉള്ളിൽ രാത്രിയുടെ വാതിലുകൾ തുറന്നു. ഇരുട്ടിലൂടെ എന്റെ അനിയൻ പതുങ്ങി വന്നു. കത്തി കൊണ്ട് എന്റെ നെഞ്ചിലേക്ക് കുത്തി. എനിക്കുചുറ്റും ചോരയുടെ മണം നിറഞ്ഞു. ഏതോ കഴുക്കോലിൽ ഉടുതുണിയഴിച്ച് കുരുക്കിട്ട് അനിയൻ മരണത്തിലേക്ക് തൂങ്ങിയാടിയതറിയാതെ ഞാൻ ആശുപത്രി കിടക്കയിൽ എന്റെ വേദനകളെ മറന്ന് പറയുന്നു, ‘ഇനിക്കോനെ കാണണം. ഓന്ക്ക്ള്ള വിസ ഇന്റട്ത്ത്ണ്ട്. പടച്ച റബ്ബാണെ ഞാനദ് ഇക്കുറി കൊണ്ടന്നിട്ട്ണ്ട്.’
ഖബറിനു മുകളിലെ പുതുമണ്ണിന്റെ മണവുമായി കാറ്റുകൾ എന്നെ തൊടുകയാണ്. അയാളുടെ ഭാര്യ താഴെ നിന്ന് വിളിച്ചു പറയുകയാണ്, ‘മന്ഷ്യാ... ഇങ്ങളവിടന്ന് മൂണ് പണിണ്ടാക്കണ്ട ഇങ്ങട്ട് പോരീ... '
അയാൾ... ഒരു മുഴു ജീവിതത്തിന്റെയും രക്തസാക്ഷിയായ അയാൾ , എന്നെ നിസ്സഹായനായി നോക്കുന്നു. അയാളുടെ ഉള്ളിൽ മണൽക്കാടുകൾ ചുട്ടു പഴുക്കുന്നുന്നുണ്ടാവും. ആ വെയിൽ പാതകളിലൂടെ മക്കളുടെ കല്യാണത്തിന് വേണ്ട പണത്തിനായി താൻ മുട്ടിയ വാതിലുകളെ, തുറന്നതും തുറക്കാത്തതുമായ അനേകം വാതിലുകളെ അയാൾ ഓർക്കുന്നുണ്ടാവും. മടക്കി കൊടുക്കാൻ വൈകിയതിന് കേട്ട ചീത്ത വിളികൾ കാതിൽ മുഴങ്ങുന്നുണ്ടാവും. ആ മനുഷ്യൻ തലതാഴ്ത്തി പിടിച്ച് വലത്തെ വാരിയിലെ മുറിപ്പാടിൽ തടവിക്കൊണ്ട് എന്റെ മുമ്പിൽ നിന്ന് അകന്നകന്നു പോവുന്നു.
എന്റെയുള്ളിലും റാസൽ ഖൈമയിലെ മണൽക്കാടുകൾ തെളിയുന്നു. അവിടെ തോളിൽ ഓക്‌സിജൻ സിലിണ്ടറും ചുമന്ന് ഞാൻ വേച്ചുവേച്ച് നടക്കുന്നു.
എന്റെ കീശയിൽ കിടന്ന് ഭാര്യയുടെ കത്ത് നനഞ്ഞു കുതിരുന്നു; ‘മോൾക്ക് സുഖമില്ല, എന്തെങ്കിലും കുറച്ച് അധികം അയക്കാൻ പറ്റ്വോ? '
നനഞ്ഞ അക്ഷരങ്ങൾ നിശബ്ദമായി ചോദിക്കുന്നു. സൈലോണിന്റെ പടവുകളിൽ എന്റെ കാലിടറുന്നു. ഗ്യാസ് കട്ടർക്ക് ഈ സിലിണ്ടർ എത്തിച്ചു കൊടുത്തിട്ട് വേണം എനിക്ക് ബാഗ് ഹൗസിലേക്ക് പോകാൻ. അവിടെ ചെയിൻ ബ്ലോക്ക് വലിക്കുന്ന ഖലാസികൾ എന്നെ കാത്തു നിൽപ്പാണ്.
മോൾക്ക് അലർജിയാ ന്നാ ഡോക്ടർ പറഞ്ഞത്. ഇന്ത്യനൂര്ള്ള ഹംസ ഡോക്ടറെയാണ് കാണിച്ചത്. മരുന്നിന് നല്ല വെലയാണ്.
കീശ ഹൃദയത്തിനടുത്താണ്. കീശയിൽ കിടന്ന് നനഞ്ഞു കുതിർന്ന അക്ഷരങ്ങൾ ഹൃദയത്തോട് സംസാരിക്കുകയാണ്. ജീവിതമെന്ന വലിയ ഓട്ടപ്പാച്ചിലിനെ പറ്റി. താഴെ വീണു പോവാതിരിക്കാൻ, ചെയിൻ ബ്ലോക്ക് വലിക്കുമ്പോൾ കയ്യിലെ മസിലുകൾ വേദനിക്കാതിരിക്കാൻ, ഞാനാ അക്ഷരങ്ങളെ ഉള്ളിൽ ഉറക്കെ വായിക്കുന്നു.
ഈ ഓട്ടപ്പാച്ചിൽ മുഴുഭ്രാന്തായി മാറുന്നയിടത്ത് മീസാൻ കല്ലുകൾ നാട്ടി, ഒടുക്കത്തെ പിടി മണ്ണും വാരിയിട്ട് എല്ലാവരും അവരവരുടെ പാതകളിലേക്ക് മടങ്ങിപ്പോവുന്നു.
ഖബറിനുള്ളിലെ ആ ഇരുട്ടിൽ എനിക്ക് അവരുടെ കാലടികൾ അകന്നകന്ന് പോവുന്ന ശബ്ദം കേൾക്കാം. എന്തൊക്കെയാണ് ഞാൻ എഴുതുന്നത്...? ഭ്രാന്തമായി...▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.