മുഹമ്മദ് അബ്ബാസ് / Photo: Muhammad Hanan

കടൽത്തിരയുടെ വെള്ളപ്പത​ ആബിദാന്റെ ചുരുൾമുടികളായിരുന്നു

ച്ചിലിന്റെ മണം ആദ്യമൊക്കെ ഓക്കാനമുണ്ടാക്കിയെങ്കിലും,
മെല്ലെമെല്ലെ അത് എന്റെ തന്നെ മണമായി മാറി. എന്റെ മണത്തിനുനേർക്ക് മൂക്കു പൊത്താൻ എനിക്കെങ്ങനെ കഴിയും?

മേശ തുടയ്ക്കാൻ ചെല്ലുമ്പോൾ ആളുകൾ മൂക്കുപൊത്തുന്നത് മറ്റെന്തോ മണത്തിട്ടാണ് എന്നുകരുതിയ ഞാൻ, മെല്ലെ മെല്ലെ അതും തിരിച്ചറിഞ്ഞു. എന്നെ മണത്തിട്ടാണ് അവർ മൂക്കുപൊത്തുന്നത്. അങ്ങനെ പൊത്തുന്നവരുടെ അടുത്ത് മനപ്പൂർവം കുറച്ചുനേരം തപ്പിത്തടഞ്ഞു നിൽക്കുന്നത് ഞാൻ പതിവാക്കി.

ഒപ്പമുള്ളവർ മൂക്കുപൊത്തുന്നതുകാണുമ്പോൾ കുട്ടികളും മൂക്കുപൊത്തും. മേശ തുടയ്ക്കുന്ന തുണി പലർക്കും ഒക്കാനമുണ്ടാക്കി. വല്ലാത്ത നാറ്റമായിരുന്നു അതിന്. തുണി ഇടയ്ക്ക് കഴുകാൻ പോയാൽ സൂപ്പർവൈസർ വഴക്കുപറയും. ബസിറങ്ങിയാൽ ആദ്യം കാണുന്ന ഹോട്ടലായതിനാൽ ആളുകൾ നേരെ അങ്ങോട്ടാണ് വരിക. എവിടെ നിന്നൊക്കെയോ വരുന്നവർ, എങ്ങോട്ടൊക്കെയോ പോവുന്നവർ.

രാവിലെ ജോലിക്കിറങ്ങുമ്പോൾ അടുക്കളയിൽനിന്ന് എച്ചിൽ കലരാത്ത എന്തെങ്കിലും എടുത്തുതിന്നാൽ, പിന്നെ ഉച്ചയ്ക്ക് മൂന്നുമണിയൊക്കെ ആവും വല്ലതും തിന്നാൻ കിട്ടാൻ.

എത്ര ശ്രദ്ധിച്ചു തുടച്ചാലും മേശയിലെ എച്ചിലോ വെള്ളമോ ആളുകളുടെ മടിയിലേക്ക് തെറിക്കും. ചിലർ കനപ്പിച്ച് നോക്കും. ചിലർ ചീത്തവിളിക്കും. ചിലർ ഞങ്ങളെ തള്ളിമാറ്റും.

ഹോട്ടലിൽ എപ്പോഴും തിരക്കാണ്. ഏതുസമയത്ത് ജോലിക്കിറങ്ങിയാലും നടുവൊടിയെ പണിയുണ്ടാവും. ആ സമചതുരത്തിനുള്ളിൽ ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ദൂരം നേരെ നടന്നിരുന്നെങ്കിൽ, പെരുംചിലമ്പിൽ എത്തുമായിരുന്നു. രാവിലെ ജോലിക്കിറങ്ങുമ്പോൾ അടുക്കളയിൽനിന്ന് എച്ചിൽ കലരാത്ത എന്തെങ്കിലും എടുത്തുതിന്നാൽ, പിന്നെ ഉച്ചയ്ക്ക് മൂന്നുമണിയൊക്കെ ആവും വല്ലതും തിന്നാൻ കിട്ടാൻ. കൈയിന്റെയും കാലിന്റെയും മസിലുകളൊക്കെ കടഞ്ഞ് വേദനിക്കും. ഇത്തിരി വിശ്രമം​ കിട്ടാനായി മൂത്രപ്പുരയിലേക്കുപോയാൽ ഉടൻ സൂപ്പർവൈസർ തിരഞ്ഞുവരും.

ചുറ്റും ഭക്ഷണത്തിന്റെ കടൽ തന്നെ ഉണ്ടായിട്ടും ഞങ്ങൾ വിശന്നുപൊരിഞ്ഞ് വിശ്രമമറിയാതെ ജോലിയെടുത്തു.

ചുറ്റും വെള്ളമുണ്ട്, കുടിക്കാൻ തെല്ലുമില്ല എന്ന് പറയുംപോലത്തെ അവസ്ഥയാണ്. മഗ്ഗിലും ക്ലാസുകളിലുമൊക്കെ വെള്ളം നിറയ്ക്കുന്നതും ആളുകൾക്ക് വെള്ളം കൊണ്ടുകൊടുക്കുന്നതുമൊക്കെ ഞങ്ങളാണ്, പക്ഷേ ജോലിസമയത്ത് വെള്ളം കുടിക്കാൻ ഞങ്ങൾക്ക് അനുവാദമില്ലായിരുന്നു. ആരും കാണാതെ, മുണ്ടുകൊണ്ട് മറച്ച വെള്ളത്തിന്റെ ക്ലാസുമായി മൂത്രപ്പുരയുടെ ഇടുങ്ങിയ ഇടനാഴികയിൽ ചെന്നുനിന്ന് മൂത്രനാറ്റത്തിനുനേരെ മൂക്കുപൊത്തിപ്പിടിച്ച് വെള്ളം കുടിച്ചാൽ മണിയല്ലാത്ത ഏതെങ്കിലും കുട്ടി സൂപ്പർവൈസർക്ക് ഒറ്റിക്കൊടുക്കും. അന്ന് അരമണിക്കൂർ കൂടി അധികജോലി എടുക്കേണ്ടിയും വരും.

ചുറ്റും ഭക്ഷണത്തിന്റെ കടൽ തന്നെ ഉണ്ടായിട്ടും ഞങ്ങൾ വിശന്നുപൊരിഞ്ഞ് വിശ്രമമറിയാതെ ജോലിയെടുത്തു. മേശകളിൽനിന്ന് പാത്രങ്ങൾ എടുത്തുകൊണ്ടുപോവുമ്പോൾ ഒരു ഗ്ലാസ് വഴുതിവീണ് പൊട്ടിയാൽ അഞ്ചുരൂപ പിഴ ഈടാക്കും. ഒരു ക്ലാസിന് അന്ന് അഞ്ചുരൂപ വിലയില്ല. പക്ഷേ ഗ്ലാസ് പൊട്ടിച്ച കുട്ടി കൂലിയുടെ പകുതി അതിന് പിഴയായി കൊടുക്കുക തന്നെ വേണം. എത്ര തിരക്കുള്ള സമയത്താണെങ്കിലും ഞങ്ങൾ പാത്രങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്തു.

എത്ര വലിയ നരകമായാലും അതിന്റെ ചൂടിനെയും ചുമരുകളെയും മണങ്ങളെയും പരിചയമായി കഴിഞ്ഞാൽ പിന്നെ അതിനോട് ഇഴുകിച്ചേരും, ഏതു കുട്ടിയും. അങ്ങനെ ഇഴുകിച്ചേർന്നതുകൊണ്ടുതന്നെ ഞങ്ങൾക്ക് കിട്ടുന്ന അടിയും തൊഴിയുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി ഞങ്ങൾ അംഗീകരിച്ചു. അല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല.

ഓരോ ദിവസവും ഓരോരുത്തർ മൂത്രപ്പുര കഴുകി വൃത്തിയാക്കണമെന്ന് മൂപ്പർ ഞങ്ങളോട് പറഞ്ഞു. ബസ്​ സ്​റ്റാൻഡിലെ മൂത്രപ്പുരയെക്കാൾ നാറ്റമായിരുന്നു ഹോട്ടലിലെ മൂത്രപ്പുരയ്ക്ക്.

ഉച്ചനേരത്ത് ഹോട്ടലിൽ നല്ല തിരക്കായതിനാൽ അടുക്കളയിൽ കൊണ്ടുവെക്കുന്ന പാത്രങ്ങളിലെ എച്ചിൽ മാറ്റിവയ്ക്കാൻ സമയം കിട്ടില്ല. പക്ഷേ, അത് മാറ്റിവെച്ചില്ലെങ്കിൽ അവിടുന്ന് അടികിട്ടും. മാറ്റിവയ്ക്കാനുള്ള സമയം എടുത്താൽ മേശയിൽനിന്ന് പാത്രങ്ങൾ എടുക്കാൻ വൈകുകുന്നതിന് സൂപ്പർവൈസറുടെ അടിയും കിട്ടും. രണ്ട് അടികൾക്കിടയിൽ ചൂടിനും പെരുംചൂടിനുമിടയിൽ ഞങ്ങൾ ഓടിത്തളർന്നു. നാറ്റക്കുണ്ടിലിരുന്ന് പാത്രം മോറുന്ന കുട്ടി, വിശപ്പ് സഹിക്കാഞ്ഞ് പാത്രങ്ങളിലെ എച്ചിൽ വടിച്ചുതിന്നും. അടുക്കളയിലേക്കും തിരിച്ചുമുള്ള ഓട്ടത്തിൽ ഞങ്ങളും പാത്രങ്ങളിലെ ബാക്കി ബീഫും മീനും വാരി തിന്നും. തിന്നുകയല്ല, വിഴുങ്ങി അയക്കും. ഇല്ലെങ്കിൽ അത് ചവയ്ക്കുന്നതുകണ്ടാൽ രണ്ട് അടികൾക്കിടയിൽ മൂന്നാമത്തെ അടി മുതുകത്ത് വീഴും.

മുന്നറിയിപ്പൊന്നുമില്ലാതെ ഒരു ദിവസം രാവിലെ ഞങ്ങൾ കുട്ടികൾക്ക് പുതിയ പാന്റും ഷർട്ടുമൊക്കെ കിട്ടി. എനിക്ക് കിട്ടിയ കുപ്പായം മുട്ടും കവിഞ്ഞ് നീണ്ടു കിടന്നു. അടുക്കളയിലെ ജോലിക്കാർ രാത്രിയിൽ അടുക്കളയാകെ കഴുകി വൃത്തിയാക്കി. പാത്രം മോറുന്ന നാറ്റക്കുണ്ടിന് അന്നാണ് അത്ര നിറമുണ്ടെന്ന് മനസ്സിലായത്. വെളുത്ത ടൈല് പതിച്ച ഇടമാണ് അതെന്ന് എനിക്ക് അതുവരെ അറിയില്ലായിരുന്നു.

ആകപ്പാടെ എല്ലായിടത്തും വൃത്തിയും വെടിപ്പും. സപ്ലയർമാർക്കും കിട്ടിയിരുന്നു പാന്റും ഷർട്ടും. മേശ തുടയ്ക്കാൻ ബിസ്‌കറ്റ് മണമുള്ള പുതിയ ടർക്കി ടവ്വലും എച്ചിൽ വാരാൻ പുതിയ പാത്രങ്ങളും കിട്ടി. ഞങ്ങൾ കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി. ഉച്ചയ്ക്കുള്ള തിരക്ക് തുടങ്ങും മുമ്പ് നാല് ഓഫീസർമാർ ഹോട്ടലിലേക്ക് വന്നു. അവർ ഹാളും അടുക്കളയുമൊക്കെ നടന്നുകണ്ടു. മാനേജർ അവരെ എ.സി. റൂമിലേക്ക് കയറ്റിയിരുത്തി വാതിൽ അടച്ചു. മറ്റാരെയും അങ്ങോട്ട് വിടരുതെന്ന് സൂപ്പർവൈസർക്ക് നിർദേശവും കിട്ടി.

എച്ചിൽ കലരാത്ത ഭക്ഷണം അന്നാണ് ഹോട്ടലിൽ വിളമ്പിയത്. പാത്രങ്ങളിലെ എച്ചിൽ പതിവുപോലെ പ്രത്യേക ചെമ്പുകളിലേക്ക് ഇട്ടതിന് ഞങ്ങൾക്ക് അടിയും കിട്ടി. അവർ ഹെൽത്തിന്റെ ആൾക്കാരാണെന്ന് ഭാസ്‌കരേട്ടൻ പറഞ്ഞുതന്നെങ്കിലും എന്താണ് ഹെൽത്തെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. അടി പേടിച്ച് അന്ന് ഞങ്ങളാരും എച്ചിൽ മാറ്റിവെച്ചില്ല. ഭക്ഷണത്തോടൊപ്പം അവർക്ക് മദ്യവും വിളമ്പപ്പെട്ടു. അവരതൊക്കെ തിന്നും കുടിച്ചും തീർത്ത് പുറത്തിറങ്ങി. കൂട്ടത്തിൽ ഒരാൾ ഹാളിലെ മൂത്രപ്പുരയിലേക്ക് പോയി നോക്കി മടങ്ങിവന്ന് മാനേജരോട് ചൂടായി.

മാനേജർ പ്രലോഭനത്തിന്റെ ചൂണ്ടയിട്ടുതന്നു. മൂത്രപ്പുര കഴുകുന്നവർക്ക് ഉച്ചയ്ക്ക് ഒരു മണിക്കൂർ റെസ്റ്റ് തരാമെന്നും, രണ്ടുമണിക്കൂർ നേരത്തെ തന്നെ ജോലി നിർത്തി പോവാമെന്നും, ഉച്ച റെസ്റ്റിന്റെ സമയത്ത് ഇഷ്ടമുള്ളതെന്തും അടുക്കളയിൽ നിന്ന് എടുത്തുകഴിക്കാമെന്നുമുള്ള ഇരകൾ ആ ചൂണ്ടയിൽ കുരുങ്ങിക്കിടന്ന് എന്നെ നോക്കി.

എല്ലാം ശരിയാക്കാം സാറേ, എന്ന പറച്ചിലിനൊപ്പം ആ നാലു ഉദ്യോഗസ്ഥരുടെയും പാന്റിന്റെ കീശകളിലേക്ക് പണം ഇട്ട കവറുകൾ മാനേജർ തിരുകിക്കൊടുത്തു. എന്താണ് നടക്കുന്നതെന്നറിയാതെ ഞങ്ങൾ ഓടിനടന്ന് ജോലിയെടുത്തു. അവർ പോയി കഴിഞ്ഞപ്പോൾ വൈകിട്ട്, അന്നുവരെയില്ലാത്ത സ്‌നേഹത്തോടെ മാനേജർ ഞങ്ങൾ കുട്ടികളെയെല്ലാം അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു.

ഓരോ ദിവസവും ഓരോരുത്തർ മൂത്രപ്പുര കഴുകി വൃത്തിയാക്കണമെന്ന് മൂപ്പർ ഞങ്ങളോട് പറഞ്ഞു. ബസ്​ സ്​റ്റാൻഡിലെ മൂത്രപ്പുരയെക്കാൾ നാറ്റമായിരുന്നു ഹോട്ടലിലെ മൂത്രപ്പുരയ്ക്ക്. ചുമരിൽ ഘടിപ്പിച്ച മൂത്രപ്പാത്രങ്ങളുടെ നിറം വെള്ളയിൽ നിന്ന് മഞ്ഞയായി മാറിയിട്ട് കാലം കുറെയായി. രാത്രി ഹോട്ടലിന്റെ ഹാൾ അടിച്ചുവാരുന്ന കുട്ടി മൂത്രപ്പുരയിൽ എന്തോ പൊടിയിട്ട് വെള്ളം ഒഴുക്കുന്നതൊഴിച്ചാൽ ആ ഒമ്പത് മൂത്രപാത്രങ്ങൾ ആരും കഴുകാറില്ല.

ഓരോ ദിവസവും ഓരോരുത്തർ മൂത്രപ്പുര കഴുകി വൃത്തിയാക്കണമെന്ന് മൂപ്പർ ഞങ്ങളോട് പറഞ്ഞു. ബസ്​ സ്​റ്റാൻഡിലെ മൂത്രപ്പുരയെക്കാൾ നാറ്റമായിരുന്നു ഹോട്ടലിലെ മൂത്രപ്പുരയ്ക്ക്.

എത്രയോ മനുഷ്യരുടെ മൂത്രം വീണ ആ പാത്രങ്ങൾ കാണുമ്പഴേ ഓക്കാനം വരും. അതിൽ കട്ടപിടിച്ചു കിടക്കുന്ന മഞ്ഞപ്പൊറ്റകളുടെ നാറ്റം നരകത്തിലെ മൂത്രപ്പുരയ്ക്കുപോലും ഉണ്ടാവില്ല. അത് ഉരച്ചുകഴുകണമെന്ന നിർദേശത്തിന് വഴങ്ങാതെ ഞങ്ങൾ ഏഴുപേരും തലകുനിച്ചുനിന്നു. ലോണപ്പൻ അന്നാദ്യമായി തൊള്ളതുറന്ന് ആ പണി തന്നെക്കൊണ്ട്​ പറ്റില്ല എന്ന് തീർത്തുപറഞ്ഞു.

മാനേജർ പ്രലോഭനത്തിന്റെ ചൂണ്ടയിട്ടുതന്നു. മൂത്രപ്പുര കഴുകുന്നവർക്ക് ഉച്ചയ്ക്ക് ഒരു മണിക്കൂർ റെസ്റ്റ് തരാമെന്നും, രണ്ടുമണിക്കൂർ നേരത്തെ തന്നെ ജോലി നിർത്തി പോവാമെന്നും, ഉച്ച റെസ്റ്റിന്റെ സമയത്ത് ഇഷ്ടമുള്ളതെന്തും അടുക്കളയിൽ നിന്ന് എടുത്തുകഴിക്കാമെന്നുമുള്ള ഇരകൾ ആ ചൂണ്ടയിൽ കുരുങ്ങിക്കിടന്ന് എന്നെ നോക്കി. എന്തും എടുത്തുകഴിക്കാമെന്ന ഇരയിൽ മണി പോലും കൊത്തിയില്ല, പക്ഷേ ഞാൻ കൊത്തി.

എല്ലാവരും മുറിയിൽനിന്ന് പോയപ്പോൾ ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. ഇതിനൊക്കെ പുറമേ എന്നെ ഒരിക്കലും ഈ മുറിയിലേക്ക് വിളിക്കാതിരുന്നാൽ എന്നും ഞാൻ തന്നെ മൂത്രപ്പുരയും മൂത്രപ്പാത്രങ്ങളും മോറിക്കോളാം എന്ന്... മദ്യലഹരിയുള്ള കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു. ആ ചുവന്ന നോട്ടത്തിൽ എവിടെയോ അലിവിന്റെ വെൺമ തെളിഞ്ഞു. അയാളെന്റെ തല പിടിച്ച് ആട്ടിക്കൊണ്ട് അത് സമ്മതിച്ചു.

സന്തോഷത്തോടെ ഞാനാ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. കാത്തുനിന്ന മണിയോട് ഞാൻ കാര്യം പറഞ്ഞു. അവൻ വിശ്വാസം വരാതെ എന്നെ നോക്കി. പിറ്റേന്നുമുതൽ ഞാൻ മൂത്രപ്പാത്രങ്ങൾ മോറാൻ തുടങ്ങി. ഹോട്ടലിൽ തിരക്ക് കുറച്ചെങ്കിലും ഒഴിയുന്ന സമയം ഉച്ചയൂണിന്റെ മുമ്പും, വൈകിട്ടുമാണ്. വൈകീട്ട് മോറിയാൽ എനിക്ക് അനുവദിച്ചു കിട്ടിയ രണ്ട് മണിക്കൂർ ഇളവ് നഷ്ടമാവും. അതുകൊണ്ട് പകൽ പതിനൊന്ന് മണിക്കാണ് ഞാനാ പണി ചെയ്തത്.

ഞാൻ എന്റെ കൈകളിലേക്ക് നോക്കി. നഖങ്ങൾക്കിടയിൽ നിറയെ മൂത്രപ്പൊറ്റകളുടെ മഞ്ഞ തരികളായിരുന്നു. പല്ലുകൊണ്ട് നഖങ്ങളിലെ ആ മാലിന്യം ചുരണ്ടിയെടുക്കുമ്പോൾ എനിക്ക് പകർച്ചവ്യാധികളെക്കുറിച്ചോ, ഉമിനീരിൽ കലരുന്ന അണുക്കളെക്കുറിച്ചോ അറിയുമായിരുന്നില്ല.

ആദ്യത്തെ ദിവസം ആ പാത്രങ്ങളിലെ മഞ്ഞ പൊറ്റകൾക്കും അസഹ്യമായ നാറ്റത്തിനും മുമ്പിൽ ഞാൻ ഛർദിച്ചു. എനിക്ക് മേശ തുടയ്ക്കാൻ കിട്ടിയ പുതിയ ടവ്വൽ കൊണ്ട് ഞാൻ മൂക്ക് കെട്ടി. ചകിരിയാണ് ഉരയ്ക്കാൻ തന്നിരുന്നത്. അതുകൊണ്ട് ഉരച്ചിട്ട് ആ പൊറ്റകൾ ഇളകിയില്ല. ക്യാഷ് കൗണ്ടറിന് താഴെ പെയിന്റർമാർ ബാക്കി വെച്ചുപോയ സാധനങ്ങളിൽ ഉരക്കടലാസുണ്ടായിരുന്നു. അതുകൊണ്ട് ഉരച്ചുനോക്കിയിട്ടും പൊറ്റകൾക്ക് യാതൊരു അനക്കവും ഉണ്ടായില്ല. എത്രയോ മനുഷ്യരുടെ മൂത്രം വീണ്, രാസപദാർഥങ്ങൾ കട്ടപിടിച്ചുണ്ടായ ആ പൊറ്റകൾ പരിഹാസത്തോടെ എന്നെ നോക്കി.

മാനേജർ തന്ന വെള്ള ഗുളികകൾക്ക് നല്ല മണമായിരുന്നു. ഓരോ പാത്രത്തിലും ഞാനത് ഇട്ടുവച്ചു. അതിനുമുകളിലൂടെ ആരൊക്കെയോ വന്നു മൂത്രമൊഴിച്ചു. എത്ര ഉരച്ചിട്ടും ഇളക്കം തട്ടാതെ നിൽക്കുന്ന പൊറ്റകളോട് തോൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. തോറ്റാൽ ഉച്ചയ്ക്ക് കിട്ടുന്ന ഒരു മണിക്കൂറും, വൈകിട്ട് കിട്ടേണ്ട രണ്ട് മണിക്കൂറും എനിക്ക് നഷ്ടമാവും. മാനേജർ ഇടയ്ക്കുവന്ന് നോക്കിപ്പോയി. ഒന്നും പറഞ്ഞില്ല. മൂത്രപ്പാത്രങ്ങൾ വെറും കൈ കൊണ്ട് ഉരച്ചുകഴുകുന്ന എന്നെ പലരും സഹതാപത്തോടെ നോക്കി.

അടുക്കളയിൽ പൊറോട്ടക്കല്ല് വൃത്തിയാക്കുന്ന പരന്ന ഉളി ഓർമ വന്നപ്പോൾ ഞാനത് എടുത്തുകൊണ്ടുവന്നു. സ്റ്റീലിന്റെ ആ ഉളി കൊണ്ട് ബലം പ്രയോഗിച്ച് ചുരണ്ടിയപ്പോൾ പൊറ്റകൾ അടരാൻ തുടങ്ങി. വിം പോലെ എന്തോ പൊടി മാനേജർ തന്നിരുന്നു. അത് ഞാൻ എല്ലാ മൂത്രപ്പാത്രങ്ങളിലും ഇട്ടുവെച്ചിരുന്നു. പക്ഷേ ആളുകൾ വന്ന് അതിന്റെ മുകളിലൂടെ മൂത്രമൊഴിച്ച് ആ പൊടിയാകെ കുഴമ്പാക്കി മാറ്റിയിരുന്നു. ആകെ വിയർത്ത് കുളിച്ച്, കൈയും നെഞ്ചും വേദനിച്ച് ഞാൻ മൂന്ന് മൂത്രപ്പാത്രങ്ങൾ വൃത്തിയാക്കിയെടുത്തു. ഉളികൊണ്ട് ചുരണ്ടി, ഉരക്കടലാസ് കൊണ്ട് ഉരച്ച്, പൊടിയിട്ട് കഴുകിയപ്പോൾ ആ പാത്രങ്ങൾ പുതുപുത്തനായി വെളുത്തുചിരിച്ചു.

ആദ്യത്തെ ദിവസം ആ മൂത്ര പാത്രങ്ങളിലെ മഞ്ഞ പൊറ്റകൾക്കും അസഹ്യമായ നാറ്റത്തിനും മുമ്പിൽ ഞാൻ ഛർദിച്ചു. എനിക്ക് മേശ തുടയ്ക്കാൻ കിട്ടിയ പുതിയ ടവ്വൽ കൊണ്ട് ഞാൻ മൂക്ക് കെട്ടി. / Graphics: www.craiyon.com

അതുവരെ എന്നെ കളിയാക്കിയ മണിയടക്കമുള്ള കുട്ടികൾ ആ മൂന്ന് പാത്രങ്ങളെയും അത്ഭുതത്തോടെ നോക്കി. മാനേജർ വന്നുകണ്ട്, എന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. അയാളുടെ ശബ്ദത്തിലെ അലിവും എന്റെ ചെവി പിടിച്ചുള്ള സ്‌നേഹ തിരുമ്മലും കൂടിയായപ്പോൾ ശരിക്കും എനിക്ക് സന്തോഷം തോന്നി. കാഷ്യറും പണ്ടാരിയും സപ്ലയർമാരും വന്ന് ആ മൂന്നു പാത്രങ്ങളിലേക്കും മൂത്രമൊഴിച്ച് രസിച്ചു. പിന്നെയും ആറ് പാത്രങ്ങൾ ബാക്കിയുണ്ടായിരുന്നു. ഉച്ച ചോറിന്റെ തിരക്ക് തുടങ്ങിയപ്പോൾ മാനേജർ വന്ന് എന്നോട് റെസ്റ്റ് എടുക്കാൻ പറഞ്ഞു. ഉച്ചക്കലെ തിരക്ക് കഴിഞ്ഞിട്ട് ബാക്കി ആറ് മൂത്രപ്പാത്രങ്ങൾ കൂടി ഇതേ പോലെ കഴുകിയാൽ, പിറ്റേന്ന് എനിക്ക് ശമ്പളത്തോടുകൂടിയ അവധിയാണെന്ന് പ്രഖ്യാപിച്ചു.

ഞാൻ എന്റെ കൈകളിലേക്ക് നോക്കി. നഖങ്ങൾക്കിടയിൽ നിറയെ മൂത്രപ്പൊറ്റകളുടെ മഞ്ഞ തരികളായിരുന്നു. പല്ലുകൊണ്ട് നഖങ്ങളിലെ ആ മാലിന്യം ചുരണ്ടിയെടുക്കുമ്പോൾ എനിക്ക് പകർച്ചവ്യാധികളെക്കുറിച്ചോ, ഉമിനീരിൽ കലരുന്ന അണുക്കളെക്കുറിച്ചോ അറിയുമായിരുന്നില്ല. ഉച്ചത്തിരക്ക് കഴിഞ്ഞ് ഞാനാ ആറ് പത്രങ്ങളും ഉളി കൊണ്ട് ചുരണ്ടി, ഉരക്കടലാസു കൊണ്ട് ഉരച്ച്, പൊടിയിട്ട് കഴുകി വൃത്തിയാക്കി. പക്ഷേ അപ്പോഴേക്കും ഒരുപാടുപേർ മൂത്രമൊഴിച്ച് മൂത്രമൊഴിച്ച്, ഞാൻ ആദ്യം കഴുകിയ മൂന്നു പാത്രങ്ങളുടെയും വെൺമ നഷ്ടമായി.

മൂത്രപ്പുരയിലേക്ക് കടന്നാൽ പെട്ടെന്നുതന്നെ ആർക്കും തിരിച്ചറിയാൻ പാകത്തിൽ ആ ഒമ്പത് മൂത്രപ്പാത്രങ്ങളും പുതുപുത്തനായി തിളങ്ങിനിന്നു. ഈ ഒമ്പത് മൂത്രപ്പാത്രങ്ങൾക്കും അപ്പുറത്താണ് വാതിലൊക്കെയുള്ള സ്ത്രീകളുടെ മൂത്രപ്പുര. ഞാനിവിടെ കഴുകി വൃത്തിയാക്കുമ്പോൾ, അവർ അറപ്പോടെ എന്നെ നോക്കി അങ്ങോട്ട് പോയി. അതൊന്നും ശ്രദ്ധിക്കാനോ ലജ്ജിക്കാനോ പറ്റിയ അവസ്ഥയിലായിരുന്നില്ല. ഉന്മാദത്തിന്റെ ആദ്യപടിയിൽ ഞാൻ തൊട്ടത് ആ വൃത്തിയാക്കലിന്റെ സമയത്തായിരുന്നിരിക്കണം. എന്തിനോടൊന്നോ ആരോടെന്നോ അറിയാത്ത വാശിയിലായിരുന്നു ഞാൻ.

തോന്നിയ വഴികളിലൂടെ ഞാൻ നടന്നു. ഭൂമിയിലെ ഏറ്റവും സന്തോഷവാനായ കുട്ടി അപ്പോൾ ഞാനായിരുന്നു. മൂത്രപ്പാത്രങ്ങൾ കഴുകി വൃത്തിയാക്കിയതിന് കിട്ടിയ പത്തുരൂപയും തലേന്നത്തെ പത്തുരൂപയും ചേർത്ത് ഇരുപതുരൂപയുടെ കോടീശ്വരനായിരുന്നു ഞാനപ്പോൾ.

സ്ത്രീകളുടെ ഈ മൂത്രപ്പുരയുടെ ചുമരിനപ്പുറമാണ്, എ.സി. റൂമിന്റെ ചെറിയ ഇടനാഴിക. ആ ഇടനാഴികയിലെ ചുമരിന് ദ്വാരമുണ്ടായിരുന്നു. ആ ദ്വാരത്തിലൂടെയാണ് ഭാസ്‌കരേട്ടനും വേറെ രണ്ട് സപ്ലെയർമാറും സൂപ്പർവൈസറും, സ്ത്രീകളുടെ മൂത്രപ്പുരയിലേക്ക് ഒളിഞ്ഞുനോക്കിയത്. ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ ജയിൽ ചുമരിൽ തീർത്ത ഉന്മാദത്തിന്റെ സങ്കല്പദ്വാരമല്ല, ശരിക്കുള്ള ദ്വാരം. ആ ദ്വാരം പേപ്പർ വച്ച് അടച്ചിരുന്നു. മണിയാണ് ഒരിക്കൽ എനിക്കാ ദ്വാരം കാട്ടിത്തന്നത്.

രാത്രിയിൽ അവൻ പുറത്തെ മൂത്രപ്പുരയിൽ കയറി വാതിലടച്ച് ലൈറ്റിട്ട്, എന്നോട് ആ ദ്വാരത്തിലൂടെ നോക്കാൻ പറഞ്ഞു. ചുരുട്ടിവെച്ച പേപ്പർ നീക്കി ഏന്തിവലിഞ്ഞ് ഞാൻ നോക്കി. അതിലൂടെ എനിക്ക് അവനെ കാണാമായിരുന്നു. മൂത്രസഞ്ചിയിലെ ഭാരമിറക്കാൻ വസ്ത്രങ്ങൾ താഴ്ത്തിനിന്ന പെൺശരീരങ്ങളെ ഒളിഞ്ഞുനോക്കിയിട്ട്, ഭാസ്‌കരേട്ടനും മറ്റുള്ളവരും എന്ത് ആനന്ദമാണ് നേടിയതെന്ന അത്ഭുതം എനിക്ക് ഇപ്പോഴുമുണ്ട്.

പിറ്റേന്ന് എനിക്ക് ലീവ് കിട്ടി, ശമ്പളത്തോടുകൂടിയ ലീവ്. മതിയാവുവോളം ഉറങ്ങിയെഴുന്നേറ്റ ഞാൻ ഭക്ഷണം കഴിച്ച് കൗണ്ടറിൽ നിന്ന് കൂലിയും വാങ്ങി നഗര വെയിലിലേക്ക് ഇറങ്ങി. മൂത്രപ്പാത്രങ്ങളിൽ വടുകെട്ടി നിന്ന പൊറ്റകൾ അപ്പോൾ എന്റെ ഉള്ളിലും നഖങ്ങളിലും ഉണ്ടായിരുന്നില്ല. തോന്നിയ വഴികളിലൂടെ ഞാൻ നടന്നു. ഭൂമിയിലെ ഏറ്റവും സന്തോഷവാനായ കുട്ടി അപ്പോൾ ഞാനായിരുന്നു. മൂത്രപ്പാത്രങ്ങൾ കഴുകി വൃത്തിയാക്കിയതിന് കിട്ടിയ പത്തുരൂപയും തലേന്നത്തെ പത്തുരൂപയും ചേർത്ത് ഇരുപതുരൂപയുടെ കോടീശ്വരനായിരുന്നു ഞാനപ്പോൾ.

മാനാഞ്ചിറയും മിഠായിത്തെരുവും കടന്ന് മേൽപ്പാലങ്ങൾ കയറിയിറങ്ങി അപരിചിതമായ നഗരമണങ്ങളിലൂടെ ഞാൻ നടന്നു. കുറച്ചുദൂരം ചെന്നപ്പോൾ ഞാൻ പെരുമഴയുടെ ആരവം കേട്ടു. വെയിലുകൊണ്ട് കിടക്കുന്ന നഗരത്തിൽ, സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്ന ആകാശത്തിൽ, എങ്ങനെ പെരുമഴ പെയ്യുമെന്ന എന്റെ അത്ഭുതത്തെ മായ്ച്ചുകൊണ്ട് എനിക്കുമുമ്പിൽ കാറ്റാടിമരങ്ങൾ തെളിഞ്ഞു. പെരുമഴയേക്കാൾ ഉച്ചത്തിലുള്ള ആരവത്തിന്റെ ഉറവിടവും ഞാൻ കണ്ടു.

ആരും പറഞ്ഞു പഠിപ്പിക്കാതെ തന്നെ ഞാനറിഞ്ഞു; കടൽ...
കടൽ എന്ന വിസ്മയം...
ഉപ്പുരുചിയുള്ള കാറ്റുകൾ എന്നെ തൊട്ടു.
മുമ്പിൽ അനന്തമായി പരന്നുകിടക്കുന്ന
ജലനഗരത്തെ, അതിന്റെ തിരമാലകളെ ആഹ്ലാദത്തോടെ ഞാൻ നോക്കി.
അന്നേരം എന്റെയുള്ളിൽ പെരുംചിലമ്പിലെ പള്ളിവരാന്ത തെളിഞ്ഞു, അവിടെ ചെമ്പോത്തുകൾ പറന്നുയരുന്ന പള്ളിക്കാട്ടിലെ കരിമ്പച്ചകളെ ഞാൻ കണ്ടു. പാലൈവനം ഉസ്താദിന്റെ മടിയിലിരിക്കുന്ന ആബിദാനെ കണ്ടു. കുടുക്കുകൾ അഴിഞ്ഞ അവളുടെ കുപ്പായം കണ്ടു. ഉസ്താദിന്റെ കൈകൾ അരുമയോടെ ഉഴിയുന്ന അവളുടെ വെളുവെളുത്ത മുഴകളെ കണ്ടു.

കാഴ്ചകൾക്കുനേരെ ഞാൻ കണ്ണുകൾ അടച്ചില്ല. കടൽത്തിരയുടെ വെള്ളപ്പത എന്റെ കാലിൽ തൊട്ടപ്പോൾ ആബിദാന്റെ ചുരുൾമുടികളാണ് അതെന്ന് തോന്നിപ്പോയി.
പൊരുളറിയാത്ത ആനന്ദത്തിന്റെ തിരകൾ എന്റെ ഉള്ളിൽ ഇരമ്പിയാർത്തു. കടലിനുമുകളിൽ കടയാത്ത ചിറകുകളുമായി കടൽ കാക്കകൾ പറന്നു... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments