മാനേജരും ഭാസ്‌കരേട്ടനും കഞ്ചാവ് വലിയന്മാരാണ്. മദ്യവും കഞ്ചാവും ഒന്നിച്ച് സിരകളിലും ബോധത്തിലും നൃത്തം വയ്ക്കുമ്പോഴാണ് മാനേജർ ലോണപ്പനെ ക്രൂരമായി പീഡിപ്പിച്ചത്. ആ രണ്ട് ലഹരികളും ഒന്നിച്ച അവസരങ്ങളിലെല്ലാം ലോണപ്പന് ഗുദ മൈഥുനത്തിന് വഴങ്ങേണ്ടി വന്നു. ഭാസ്‌ക്കരേട്ടന്റെ കഞ്ചാവ് വലി, എ.സി റൂമിന്റെ ഇടനാഴികയിലെ ദ്വാരത്തിലൂടെ അപ്പുറത്തെ പെൺ നഗ്‌നതകളിലേക്ക് ഒളിഞ്ഞുനോക്കുന്ന അവസരങ്ങളിലാണ്.
ഞാനും മണിയും പുക വലിക്കുമെങ്കിലും കഞ്ചാവിന്റെ മണം ഞങ്ങൾക്ക്
ഓക്കാനമുണ്ടാക്കി. കഞ്ചാവ് എന്ന സാധനം നിരോധിക്കപ്പെട്ട വസ്തുവാണെന്നും അത് വിൽക്കുന്നത് കുറ്റകരമാണെന്നും ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അതിനുകിട്ടുന്ന ശിക്ഷയെക്കുറിച്ച് അറിവില്ലായിരുന്നു. എന്റെ ഏട്ടൻപേടിയും മണിക്ക് പുറത്തിറങ്ങി വേറെ വല്ല ജോലിയും ചെയ്യാനുള്ള പൂതിയും ഒന്നിച്ചപ്പോഴാണ് ഞങ്ങൾ ഭാസ്‌കരേട്ടൻ തരുന്ന പൊതികൾ വിൽക്കാൻ തയ്യാറായത്.
ഒരു പൊതി വിൽക്കേണ്ടത് 15 രൂപയ്ക്കാണ്. 10 പൊതികൾ വിറ്റ് കിട്ടുന്ന 150 രൂപയിൽ 110 രൂപ ഭാസ്‌കരേട്ടന് കൊടുക്കണം. എന്നാലും ബാക്കിയാവുന്ന 40 രൂപ ഞങ്ങളുടെ നാലു ദിവസത്തെ കൂലിയാണ്.
പുലർച്ചെ ഭാസ്‌കരേട്ടൻ ആ പൊതികളുമായി ടെറസിലേക്ക് വരും. 10 വീതം പൊതികളാണ് തരിക. ഒരു പൊതി വിൽക്കേണ്ടത് 15 രൂപയ്ക്കാണ്. 10 പൊതികൾ വിറ്റ് കിട്ടുന്ന 150 രൂപയിൽ 110 രൂപ ഭാസ്‌കരേട്ടന് കൊടുക്കണം. എന്നാലും ബാക്കിയാവുന്ന 40 രൂപ ഞങ്ങളുടെ നാലു ദിവസത്തെ കൂലിയാണ്. നാല് ദിവസത്തെ കൂലി ഒറ്റദിവസം കൊണ്ട് കിട്ടും എന്നത് ആ പ്രായത്തിൽ വല്ലാത്തൊരു പ്രലോഭനം തന്നെയായിരുന്നു.
നഗരം ഉണരും മുമ്പ് ഞങ്ങളുണരും. ഭാസ്‌കരേട്ടൻ തരുന്ന പൊതികൾ കോന്തലയിൽ കെട്ടി, അടുക്കളയിൽ നിന്ന് മറ്റാരും കാണാതെ ദോശയും ചായയും കഴിച്ച് ഞാനും മണിയും കോഴിക്കോടൻ പുലരിയിലേക്കിറങ്ങും. രാത്രിവിളക്കുകൾ അണിഞ്ഞിട്ടുണ്ടാവില്ല. പാതകൾ ഒഴിഞ്ഞുകിടക്കും. പുക പോലെ മൂടൽ മഞ്ഞുണ്ടാവും. അടഞ്ഞ ഷട്ടറുകൾക്കുമുമ്പിൽ നഗരത്തിന്റെ മക്കൾ ഉറങ്ങുന്നുണ്ടാവും. അവരുടെ കീശ തപ്പുന്ന പോക്കറ്റടിക്കാരല്ലാതെ അധികമാരും അപ്പോൾ നഗരത്തിലുണ്ടാവില്ല. അപൂർവ്വം ചിലർ കയ്യിൽ വളർത്തുനായയുടെ ചങ്ങലയും പിടിച്ചുനടക്കാൻ ഇറങ്ങിയിട്ടുണ്ടാവും.
ആ നായകൾക്ക് തിന്നാൻ കൊടുക്കുന്നത് ഇറച്ചിയും വിലകൂടിയ ബിസ്‌ക്കറ്റുകളുമാണെന്ന് മണി എനിക്ക് പറഞ്ഞുതന്നു. അവൻ കുറച്ചുനാൾ ജോലിക്കുനിന്ന നഗരത്തിലെ വീട്ടിൽ അത്തരമൊരു നായയുണ്ടായിരുന്നു. അതിനെ കുളിപ്പിക്കുന്നത് അവനാണ്. മനുഷ്യർ കുളിക്കുന്ന സോപ്പിനേക്കാൾ വിലയുള്ള സോപ്പ് കൊണ്ടാണ് നായകളെ കുളിപ്പിക്കുന്നത് എന്നറിഞ്ഞപ്പോൾ, ഞാൻ ഞങ്ങൾ കുളിക്കുന്ന 501 ബാർ സോപ്പിന്റെ മഞ്ഞക്കട്ടയെ ഓർത്തു. മനുഷ്യരെക്കാൾ വിലയുള്ള നായകളും നഗരത്തിൽ ജീവിക്കുന്നുണ്ട് എന്നത് എനിക്ക് പുതിയ അറിവായിരുന്നു.
ഉണരാൻ തുടങ്ങുന്ന നഗരപാതകളിലൂടെ അരയിൽ കഞ്ചാവ് പൊതികളും വെച്ച് ഞങ്ങൾ നടന്ന ആ പുലരികൾ ഇന്നലെയാണെന്ന് തോന്നിപ്പോവുന്നു. കൗമാരക്കാരായ രണ്ടു കുട്ടികൾ ആരുടെയൊക്കെയോ തലച്ചോറും ജീവിതവും ചിതലെടുപ്പിക്കുന്ന കഞ്ചാവ് വിൽക്കാൻ പോയതിനെ ഇന്നെനിക്ക് ന്യായീകരിക്കാൻ കഴിയില്ല. പക്ഷേ അന്ന് അപകടങ്ങളെ കുറിച്ച് അറിവൊന്നുമില്ലാതെ ഞങ്ങൾ പാട്ടുംപാടി ആ പാതകളിലൂടെ നടന്നു. വിലക്കപ്പെട്ടത് ചെയ്യുന്നതിന്റെ നിഗൂഢമായ ആനന്ദവും അന്ന് ഞങ്ങൾക്ക് കിട്ടിയിരിക്കണം.
അടിയിലെ ഇരുമ്പുതൂണുകളിൽ നാലാമത്തെ തൂണിനുചുവട്ടിൽ ചെന്നിരിക്കാനാണ് ഭാസ്‌കരേട്ടൻ പറഞ്ഞത്. ആവശ്യക്കാർ ഞങ്ങളെ തേടി വന്നു. പൊതി കൊടുക്കുമ്പോൾ രഹസ്യമായി കൊടുക്കാനും, കിട്ടുന്ന പണം എണ്ണി നോക്കാനും ഞങ്ങൾ ശ്രദ്ധിച്ചു.
അന്ന് കടൽപ്പാലം ദ്രവിച്ച് തീർന്നിട്ടില്ല. അതിന്റെ മുകളിലൂടെ ആളുകൾ നടന്നിരുന്നു. അടിയിലെ ഇരുമ്പുതൂണുകളിൽ നാലാമത്തെ തൂണിനുചുവട്ടിൽ ചെന്നിരിക്കാനാണ് ഭാസ്‌കരേട്ടൻ പറഞ്ഞത്. ആവശ്യക്കാർ ഞങ്ങളെ തേടി വന്നു. പൊതി കൊടുക്കുമ്പോൾ രഹസ്യമായി കൊടുക്കാനും, കിട്ടുന്ന പണം എണ്ണി നോക്കാനും ഞങ്ങൾ ശ്രദ്ധിച്ചു.
കടൽ എന്ന വിസ്മയം മുമ്പിലങ്ങനെ തിരയിളക്കി ആർത്തിരമ്പി ജീവിക്കുകയാണ്. ആ ജലദൂരങ്ങൾക്കപ്പുറം എവിടെയോ ആണ് ദുബായ് എന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവിടെ സ്വർണത്തിന്റെ മലകളും കൊട്ടാരങ്ങളും നീളൻ വെള്ളക്കുപ്പായമിട്ട അറബികളും ഉണ്ടായിരുന്നു. ഞങ്ങൾ കാണുന്ന സ്വർണാഭരണങ്ങളെല്ലാം ആ മലകളിൽ നിന്ന് അടർത്തിയെടുത്ത കട്ടകൾ കൊണ്ടാണ് ഉണ്ടാക്കുന്നതെന്ന് ഞങ്ങൾ വിശ്വസിച്ചു.
എന്നെങ്കിലുമൊരിക്കൽ ആ ദൂരങ്ങൾ നീന്തിച്ചെന്ന് സ്വർണമലകളിൽ നിന്ന് കട്ടകൾ അടർത്തിയെടുത്ത് തിരികെ നീന്തുന്നത് ഞങ്ങൾ സ്വപ്നം കണ്ടു. സ്വർണം കൊണ്ട് കുപ്പായമുണ്ടാക്കണമെന്നത് മണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വർണ്ണക്കട്ട കിട്ടിയാൽ അതുകൊണ്ട് ഏട്ടന്റെ കടവും തീർത്ത് ഉമ്മാക്കും പെങ്ങന്മാർക്കും മേനി നിറയെ ആഭരണങ്ങളുണ്ടാക്കണമെന്ന് ഞാനും സ്വപ്നം കണ്ടു.
ശാന്തരും കുറച്ചു മാത്രം സംസാരിക്കുന്നവരുമായിരുന്നു ഞങ്ങളുടെ ഇടപാടുകാർ. അവർ തലതാഴ്ത്തിപ്പിടിച്ച് സൂര്യനുദിക്കും മുമ്പ് ഞങ്ങളുടെ അടുത്തേക്ക് നടന്നുവരും. കൃത്യം 15 രൂപ എണ്ണിത്തരും, എന്നിട്ട് ഓരോ പൊതി വാങ്ങി, കുറച്ചു മാറിയിരുന്ന് കഞ്ചാവ് കൈവെള്ളയിലിട്ട് തിരുമ്മി ബീഡിയിൽ തെറുത്ത് വലിക്കും. അതിന്റെ മണം കടൽക്കാറ്റിനൊപ്പം ഞങ്ങളുടെ മൂക്കിൽ വന്നു തൊടുമ്പോൾ ഞാൻ മൂക്ക് പൊത്തും.
അതുവരെ ശാന്തരായിരുന്നവർ കഞ്ചാവ് വലിച്ച് കുറച്ചു കഴിഞ്ഞാൽ ഉറക്കെ സംസാരിക്കാൻ തുടങ്ങും. ചിലർ ഉറക്കെയുറക്കെ ചിരിക്കും. ഇനിയും ചിലർ എന്തിനെന്നില്ലാതെ കരയും. എന്നും അവസാനത്തെ പൊതി വാങ്ങാൻ വരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. നീണ്ട ജൂബയും നെഞ്ചിൽ മുട്ടുന്ന താടിയും കാടുപിടിച്ച മുടിയുമായിരുന്നു അയാൾക്ക്. തോളിലെ തുണിസഞ്ചിയിൽനിന്ന് ഓറഞ്ച് എടുത്ത് അയാൾ ഞങ്ങൾക്ക് തരും, ഞങ്ങളോട് എന്നും പേര് ചോദിക്കും. എന്നും ഓരോരോ പേരുകൾ ഞങ്ങൾ പറയും.
ഉച്ചയാവുമ്പഴേക്കും ഞങ്ങൾ പൊതികൾ വിറ്റുതീർന്നിട്ടുണ്ടാവും. ഞങ്ങൾക്ക് ഓറഞ്ച് തരുന്ന മനുഷ്യൻ കഞ്ചാവ് വലിച്ചുകഴിഞ്ഞാൽ ഉറക്കെ എന്തൊക്കെയോ ഈണത്തിൽ വിളിച്ചു പറയും. അത് കവിതകളായിരുന്നിക്കണം.
ശരിക്കുള്ള പേര് പറയരുതെന്നും എത്ര നന്നായി പെരുമാറിയാലും അവർക്ക് കടം കൊടുക്കരുതെന്നും അവരോട് സംസാരിക്കാൻ നിൽക്കരുതെന്നും ഭാസ്‌കരേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്. മുതിർന്നവരും അക്കാലത്ത് കഞ്ചാവ് വിറ്റിരിക്കണം. പക്ഷേ അവർ ഞങ്ങളുടെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. കുട്ടികളെ പൊലീസ് അത്ര ഗൗനിക്കില്ല എന്ന ഭാസ്‌കരേട്ടന്റെ വിശ്വാസമാണ് ഞങ്ങളെ കാത്തുപോന്നത്. അല്ലെങ്കിൽ, ചെയ്യുന്ന ജോലിയുടെ അപകടം ശരിക്കറിയാത്തതിനാൽ ഞങ്ങളുടെ മുഖത്തും പെരുമാറ്റത്തിലും ഉണ്ടായിരുന്ന പ്രസരിപ്പും കളിചിരിയുമായിരിക്കാം.
ഉച്ചയാവുമ്പഴേക്കും ഞങ്ങൾ പൊതികൾ വിറ്റുതീർന്നിട്ടുണ്ടാവും. ഞങ്ങൾക്ക് ഓറഞ്ച് തരുന്ന മനുഷ്യൻ കഞ്ചാവ് വലിച്ചുകഴിഞ്ഞാൽ ഉറക്കെ എന്തൊക്കെയോ ഈണത്തിൽ വിളിച്ചു പറയും. അത് കവിതകളായിരുന്നിക്കണം. പറയുക മാത്രമല്ല തുണിസഞ്ചിയിൽ നിന്ന് നോട്ടുബുക്കും പെന്നുമെടുത്ത് അയാൾ കവിതകൾ
എഴുതുമായിരുന്നു. എന്നിട്ട് അത് വായിച്ച് പൊട്ടിക്കരയും. കരഞ്ഞു തീരുമ്പോൾ സ്വന്തം കവിതകൾ ചുരുട്ടി കൂട്ടി കടലിലേക്കെറിയും. കടൽ തിന്ന ആ കവിതകളിൽ എന്തായിരുന്നുവെന്ന് ലോകമറിഞ്ഞില്ല. ഒരു പക്ഷേ അക്കാലത്ത് അച്ചടിച്ചു വന്നിരുന്ന കവിതകളെക്കാൾ മികച്ച കവിതകളായിരിക്കാം അത്.
ഞാൻ ജീവനോടെ കാണുന്ന കവി, പേരറിയാത്ത ആ മനുഷ്യനാണ്.
തമോഗർത്തം എന്ന വാക്ക് ഞാൻ ആദ്യം കേട്ടത് അയാളുടെ കവിത ചൊല്ലലിൽ നിന്നാണ്. എന്താണ് തമോഗർത്തം എന്നറിയില്ലെങ്കിലും ഞാനാ വാക്ക് വീണ്ടും വീണ്ടും ഉരുവിടും. ഉരുവിട്ടുരുവിട്ട് അതൊരു പാട്ടായിത്തീരും. നഷ്ടപ്രണയത്തിന്റെ വെയിൽദൂരങ്ങളിൽനിന്ന് കഞ്ചാവിന്റെ നിലാവെളിച്ചം തേടി വന്ന ആ മനുഷ്യന്റെ കവിതകൾ ഒരുപക്ഷേ അച്ചടിമഷി പുരണ്ടിരിക്കാം. അല്ലെങ്കിൽ അക്കാലത്തുതന്നെ നാലാളറിയുന്ന കവിയായിരിക്കാം അദ്ദേഹം.
വല്യ മനുഷ്യനാവുമ്പോൾ താനും ഇതേപോലെ കഞ്ചാവ് വലിച്ച് കവിതയെഴുതി കടലിന് തിന്നാൻ കൊടുക്കുമെന്ന് മണി പറഞ്ഞപ്പോൾ ഞാൻ അവനെ ഭയത്തോടെ നോക്കി. പക്ഷേ അവൻ വലിയ മനുഷ്യനാവാൻ കാത്തുനിന്നില്ല. പൊതികളൊക്കെ വിറ്റുതീർന്ന് മെയിൻ റോഡിലേക്കുകയറി സർവത്ത് കടയിൽ നിന്ന് സർവ്വത്തും കുടിച്ച് കടലിൽ കുളിക്കാനിറങ്ങലായിരുന്നു ഞങ്ങളുടെ പരിപാടി. കുളി കഴിഞ്ഞാൽ നേരെ മാറ്റിനി കാണാൻ പോവും. കിട്ടുന്ന പണം സൂക്ഷിച്ചുവെക്കാൻ ഞങ്ങൾക്ക് പെട്ടികളോ ബാങ്ക് അക്കൗണ്ടോ, നടപ്പിലാക്കാൻ സുന്ദരസ്വപ്നങ്ങളോ ഉണ്ടായിരുന്നില്ല.
അന്ന് ഞങ്ങൾ സർബത്ത് കുടിച്ച് ഒരു സിഗരറ്റ് രണ്ടാളും ചേർന്ന് വലിച്ച് കുളിക്കാൻ ഇറങ്ങും മുമ്പ്, കവി ഞങ്ങളെ തടഞ്ഞുനിർത്തി, ‘ഇത് വലിച്ചിട്ട് കുളിച്ചാൽ നിങ്ങക്ക് തമോഗർത്തങ്ങൾ കാണാം.’
വേണ്ടാന്ന് പറഞ്ഞ് ഞങ്ങൾ മുമ്പോട്ട് നടന്നപ്പോൾ അയാൾ മണിയുടെ കയ്യിൽ പിടിച്ചു; ‘മോനെ, നീയെങ്കിലും വിശ്വസിക്ക്. തമോഗർത്തങ്ങൾക്കുള്ളിൽ കടലുണ്ട്, കടലിനുള്ളിൽ പുഴയുണ്ട്, പുഴക്കുള്ളിൽ തോടുണ്ട്, തോട്ടിൽ മഴ പെയ്യുന്നുണ്ട്.’
മൂപ്പർ പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിലും മണി തിരിച്ചുചോദിച്ചു, ‘സ്വർണത്തിന്റെ മല കാണാൻ പറ്റുവോ?'
‘പറ്റും, തമോഗർത്തങ്ങളിൽ സ്വർണമലകളുണ്ട്.’
അയാൾ നീട്ടിയ ബീഡി അവൻ വാങ്ങി വലിച്ചു. തടയാൻ നോക്കിയ എന്റെ കൈ അവൻ തട്ടി മാറ്റി. ഞാൻ ഭയന്നു, വല്ലാതെ ഭയന്നു. ദൂരത്തായി തോണികൾ കരയിലേക്ക് മടങ്ങിവരുന്നുണ്ടായിരുന്നു. ഉച്ചവെയിലിൽ കടൽ സ്വർണം പോലെ തിളങ്ങി. അയാൾ നീട്ടിയ ഓറഞ്ച് ഞാൻ വാങ്ങിയില്ല. മണി അത് വാങ്ങിത്തിന്നു. അയാൾ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു, ‘നീയാണ് എന്റെ കൂട്ട്, നീയാണ് എന്റെ ദുഃഖം.’
എന്തൊക്കെയോ സംഭവിക്കാൻ പോവുകയാണെന്ന് എനിക്കുതോന്നി. ഞാൻ അവനെ തനിയെ വിട്ട് കുളിക്കാനായി വസ്ത്രങ്ങളഴിച്ചു. കരയിലെ മണലിന് ചൂടും തിര നനഞ്ഞ മണലിന് തണുപ്പുമായിരുന്നു. എന്നും കിടക്കും പോലെ അടിവസ്ത്രം മാത്രമിട്ട് ഞാനാദ്യം ചൂടുമണലിൽ കിടന്നു. പിന്നെ നനഞ്ഞ മണലിൽ. തിരപ്പതകൾ എന്നെ വന്ന് തൊട്ടു. ദൂരെ കറുത്ത പൊട്ടുപോലെ ഒരു കപ്പൽ അകന്നകന്നുപോയി. കടൽകാക്കകൾ തിരയലർച്ചയെ തോൽപ്പിച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി.
മണി വസ്ത്രമഴിക്കാതെ നേരെ കടലിലേക്കിറങ്ങുന്നത് കണ്ടപ്പോൾ ഞാൻ പേടിയോടെ അവനെ ചെന്ന് പിടിച്ചു. എന്നെ തള്ളിമാറ്റിയ അവന് വല്ലാത്ത ശക്തിയുണ്ടായിരുന്നു. അവനെന്നെ കാലുയർത്തി തൊഴിച്ചു. ഇത് എന്റെ മണിയല്ല എന്ന അറിവിൽ എന്റെ പിടുത്തം അയഞ്ഞു. എന്നിട്ടും, പോവല്ലടാ പോവല്ലടാന്ന് ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു. കഞ്ചാവ് വിറ്റുകിട്ടിയ പണം ഞങ്ങൾ പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് നാലാം തൂണിന്റെ മുകളിലെ ചെറിയ പൊത്തിൽ വെക്കുന്നതാണ്. അന്നും വെച്ചതാണ്. ഞാൻ ഭയന്നത് അവനെ ഓർത്താണ്.
കൺമുമ്പിലെവിടെയും ജലമല്ലാതെ മറ്റൊന്നുമില്ല. സ്വർണമലകൾ ഈ ജല ദൂരങ്ങൾക്കും അപ്പുറമാണ്. അവിടംവരെ നീന്തിയെത്താൻ അവൻ വലിച്ച കഞ്ചാവ് മാത്രം മതിയാവില്ല എന്നെനിക്ക് അറിയാമായിരുന്നു. അരയോളം വെള്ളത്തിൽ ഇറങ്ങിയ അവനെ ഞാൻ ഓടിച്ചെന്നു പിടിച്ചു. അവൻ എന്നെയും വലിച്ചുകൊണ്ടു മുമ്പോട്ടുപോയി. അവന്റെ ചിരിക്ക് അപ്പോൾ നിലാച്ചന്തം ഉണ്ടായിരുന്നില്ല. പേടിപ്പെടുത്തുന്ന ചിരിയായിരുന്നു അത്. തിരകൾ ഞങ്ങളെ മൂടി. പരസ്പരം പിടിച്ചു വലിക്കുന്നതിനാൽ ഞങ്ങൾക്ക് ജലത്തിൽ യാതൊരു നിയന്ത്രണവുമില്ലായിരുന്നു. വായിലും മൂക്കിലും വെള്ളം കയറി.
ശ്വാസം കിട്ടാൻ ഞങ്ങൾ രണ്ടാളും പിടയുകയാണ്. അവനെ ബലമായി തള്ളിമാറ്റുകയല്ലാതെ എനിക്ക് മറ്റുവഴികളുണ്ടായിരുന്നില്ല. മരണം തൊട്ടുമുമ്പിലായിരുന്നു. തിരകളിൽപ്പെട്ട് അവൻ ആടിയുലയുന്നത് ഞാൻ കണ്ടു.
സഹായത്തിനായി ഞാൻ പിറകിലേക്ക് തിരിഞ്ഞുനോക്കി. അവിടെ ഉച്ചവെയിലിന്റെ മണലിൽ ആ മനുഷ്യൻ കൈ രണ്ടും ആകാശത്തേക്ക് ഉയർത്തി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കടലിന്റെ ഇരമ്പലിൽ ഞാനയാൾ പറയുന്നത് കേട്ടില്ല. മണി ഒന്നും പറയുന്നുണ്ടായിരുന്നില്ല. എന്നെയും പിടിച്ചുവലിച്ച്, കഞ്ചാവുലഹരി തീർത്ത സ്വർണത്തിന്റെ മലകളുടെ നേർക്ക് അവൻ നീന്തുകയാണ്.
കാലടിയിൽ നിന്ന് ഭൂമി ഇല്ലാതാവുകയാണ്.
ശ്വാസം കിട്ടാൻ ഞങ്ങൾ രണ്ടാളും പിടയുകയാണ്. അവനെ ബലമായി തള്ളിമാറ്റുകയല്ലാതെ എനിക്ക് മറ്റുവഴികളുണ്ടായിരുന്നില്ല. മരണം തൊട്ടുമുമ്പിലായിരുന്നു. തിരകളിൽപ്പെട്ട് അവൻ ആടിയുലയുന്നത് ഞാൻ കണ്ടു. അവന്റെ തല മാത്രം ഇടയ്ക്ക് പൊന്തിവന്നു. പിന്നെ താണുപോയി.
കൊട്ടാരത്തിലെ മാളികമുറിയിൽ തൂങ്ങിയാടിയ ആ രണ്ടു കാലുകൾ മരണസൂര്യനായി എനിക്കുമുമ്പിൽ ജ്വലിച്ചുനിന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.