Graphics: Muhammad Jadeer

ഇളം മഞ്ഞ സാരിയിലേക്കുവീണു,
​ചെറിയൊരു എല്ലിൻ തുണ്ട്​

പ്രിയപ്പെട്ട സ്ത്രീയേ, നിങ്ങൾ ചോര കാണുവോളം തല്ലിയ കുട്ടിയെ പഠിപ്പിച്ച ഒരു പാഠമുണ്ട്; രണ്ട് വർഗമേ ഇന്നും ഭൂമിയിലുള്ളൂ; ഉള്ളവരും ഇല്ലാത്തവരും. ആ വേർതിരിവിന് പരിഹാരമില്ലാത്തിടത്തോളം എന്തൊക്കെ ദർശനങ്ങൾ വിളമ്പിയാലും അബ്ബാസുമാർ ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷകൾ വാങ്ങുക തന്നെ ചെയ്യും.

ഴയ മാനേജർ ഗൾഫിലേക്കുപോയപ്പോൾ പുതിയ മാനേജർ വന്നു. അയാളുടെ നോട്ടത്തിൽ ആസക്തിയുണ്ടായിരുന്നില്ല. ഞങ്ങളും മനുഷ്യക്കുട്ടികളാണ് എന്ന് അയാൾ അംഗീകരിച്ചു. ഞാൻ തനിച്ച് കഴുകിയിരുന്ന മൂത്രപ്പാത്രങ്ങൾ മൂപ്പർ പറഞ്ഞതനുസരിച്ച് മറ്റുള്ളവരും കഴുകി. ഞങ്ങൾക്ക് ചെറിയ ഇളവുകളൊക്കെ കിട്ടിത്തുടങ്ങി. തിരക്കൊഴിയുന്ന സമയങ്ങളിൽ ഞങ്ങൾ ഓരോരുത്തർക്കായി ഭക്ഷണം കഴിക്കാം. ദാഹിക്കുമ്പോൾ ഹോട്ടലിൽ എത്ര തിരക്കാണെങ്കിലും വെള്ളം കുടിക്കാം.

ഉച്ചസമയത്ത് ഓരോരുത്തർക്കും ഓരോ ദിവസം ഒരു മണിക്കൂർ വീതം റെസ്റ്റ് കിട്ടി. അയാൾ ഞങ്ങളോട് എന്നും കുളിക്കാൻ പറഞ്ഞു. വസ്ത്രമില്ലാത്തവർക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങിത്തന്നു. അതുവരെ ഹോട്ടലിൽ മൗനം കുടിച്ചുകഴിഞ്ഞ ഞങ്ങൾ പരസ്പരം സംസാരിക്കാൻ തുടങ്ങി. തമാശകൾ പറഞ്ഞു ചിരിച്ചു. അദൃശ്യമായ വടംകൊണ്ട് പഴയ മാനേജർ ഞങ്ങളെ കെട്ടിയിട്ട തൂണുകളെല്ലാം അയാൾ പൊളിച്ചുകളഞ്ഞു. തികച്ചും പുതിയ അന്തരീക്ഷമായി ആ സമചതുരം മാറി. ജീവിതം കൂടുതൽ ജീവിതയോഗ്യമായതായി ഞങ്ങൾക്കുതോന്നി. ആറുകുട്ടികൾ ആ മനുഷ്യനെ സ്‌നേഹിച്ചു.

സ്വന്തം ബാല്യത്തിന്റെ കയ്​പനുഭവങ്ങളുടെ ഓർമയിൽ അയാൾ ഞങ്ങളുടെ മുടിയിൽ അരുമയോടെ തലോടി. സൂപ്പർവൈസർക്കും സപ്ലയർമാർക്കും അയാളെ ഇഷ്ടമായില്ല. അടുക്കളയിലെ ആ പ്രത്യേക എച്ചിൽ ചെമ്പുകൾ എടുത്തുമാറ്റപ്പെട്ടു. പിന്നീടാരും കാശുകൊടുത്ത് അന്യന്റെ എച്ചിൽ ബുഹാരി ഹോട്ടലിൽ നിന്ന് തിന്നിട്ടില്ല. എ.സി റൂമിലെ ജോലി എല്ലാ കുട്ടികൾക്കും ഊഴമിട്ട് കിട്ടിത്തുടങ്ങി.

ഞാനെത്തിയത് സ്വർഗത്തിലാണെന്ന് തോന്നിപ്പോയി. അവിടെ ഭക്ഷണം കഴിക്കുന്നവർ ഉറക്കെ സംസാരിച്ചില്ല. ആർത്തുചിരിച്ചില്ല. രക്ഷിതാക്കളുടെ ഒപ്പമിരുന്ന് കുട്ടികൾ ആർത്തിയില്ലാതെ ഭക്ഷണം കഴിച്ചു. കടിച്ചീമ്പിയ കോഴിക്കാലുകൾ വേസ്റ്റ് പാത്രത്തിൽ അവർ അടുക്കിവെച്ചു.

എന്റെ ഊഴമെത്തിയ ദിവസം ഞാൻ ആ ഹാളിനുള്ളിൽ ഏറ്റവും സന്തോഷത്തോടെ ജോലിചെയ്തു. അവിടെ പങ്കകൾ കറങ്ങാതെ തന്നെ കുളിരുണ്ടായിരുന്നു. നേർത്ത സംഗീതവും സുഗന്ധവുമുണ്ടായിരുന്നു. ഞാനെത്തിയത് സ്വർഗത്തിലാണെന്ന് തോന്നിപ്പോയി. അവിടെ ഭക്ഷണം കഴിക്കുന്നവർ ഉറക്കെ സംസാരിച്ചില്ല. ആർത്തുചിരിച്ചില്ല. രക്ഷിതാക്കളുടെ ഒപ്പമിരുന്ന് കുട്ടികൾ ആർത്തിയില്ലാതെ ഭക്ഷണം കഴിച്ചു. കടിച്ചീമ്പിയ കോഴിക്കാലുകൾ വേസ്റ്റ് പാത്രത്തിൽ അവർ അടുക്കിവെച്ചു. ഇളം ചുവപ്പ് മേശവിരികളിൽ എച്ചിൽ വീണതേയില്ല. കൈ തുടയ്ക്കുന്ന കടലാസുകളും വൃത്തിയുള്ള എച്ചിലുകളും കോരുന്നതുതന്നെ ഒരു സുഖമായി എനിക്കനുഭവപ്പെട്ടു.

പുതിയ മാനേജർ എ.സി. റൂമിലെ ആ ഒളിനോട്ടത്തിന്റെ ദ്വാരം കണ്ടുപിടിച്ച് അത് അടച്ചു. ഹോട്ടലിൽ പണിയെടുത്തുകൊണ്ടിരിക്കേ അപകടം സംഭവിച്ചതിനാൽ റിയാസ്‌കാക്ക് എന്തെങ്കിലും സഹായം ചെയ്യാനായി ഹോട്ടൽ മുതലാളിമാരോട് മാനേജർ തർക്കിച്ചു. സ്വന്തം ജോലി പോലും കളയാൻ തയ്യാറായി അയാൾ അതിനുവേണ്ടി അവരോട് കലഹിച്ചു. ഒടുവിൽ റിയാസ്‌കാക്ക് ചെറുതല്ലാത്ത ഒരു സംഖ്യ മുതലാളിമാരിൽനിന്ന് വാങ്ങിക്കൊടുക്കാൻ അയാൾക്ക് കഴിഞ്ഞു.

 അവിടെ  നേർത്ത സംഗീതവും സുഗന്ധവുമുണ്ടായിരുന്നു. ഞാനെത്തിയത് സ്വർഗത്തിലാണെന്ന് തോന്നിപ്പോയി. അവിടെ ഭക്ഷണം കഴിക്കുന്നവർ ഉറക്കെ സംസാരിച്ചില്ല.
അവിടെ നേർത്ത സംഗീതവും സുഗന്ധവുമുണ്ടായിരുന്നു. ഞാനെത്തിയത് സ്വർഗത്തിലാണെന്ന് തോന്നിപ്പോയി. അവിടെ ഭക്ഷണം കഴിക്കുന്നവർ ഉറക്കെ സംസാരിച്ചില്ല.

ലോണപ്പന് പുതിയ മാനേജർ ദൈവം തന്നെയായിരുന്നു. ആരാധനയോടെയല്ലാതെ അവനയാളെ നോക്കിയിട്ടേയില്ല. സ്വന്തം ഗുദത്തിലേക്കും വായിലേക്കും തുളച്ചുകയറിയ മാംസക്കമ്പിയുടെ ശക്തിയും ചൂടും ചലനമൊടുങ്ങി ചീറ്റുന്ന ശുക്ലഗന്ധങ്ങളും അവൻ മെല്ലെമെല്ലെ മറന്നു. ആരും അവന്റെ ശരീരം തേടി ടെറസിലേക്ക് വന്നില്ല. ഇരുട്ടത്ത് പതുങ്ങിയെത്തി കുട്ടികളുടെ തുടകളിൽ മാന്തുന്ന പൂച്ചകൾ മാനേജരെ ഭയന്നു.

അതിനുമുമ്പ് ഉറക്കത്തിൽനിന്ന് വിളിച്ചെണീപ്പിച്ച് നടത്തിക്കൊണ്ടുപോയി പുകയിലയും മദ്യവും മണക്കുന്ന കോണിപ്പടികളിൽ, ഞങ്ങളെ മലർത്തിയും ചെരിച്ചും കമഴ്ത്തിയും കിടത്തി കിതപ്പാറ്റിയ കാമങ്ങൾ അതിന്റെ നഖങ്ങളെ ഒളിപ്പിച്ചുവെച്ചു. ഞങ്ങൾ ആ ആകാശത്തിനുചുവട്ടിൽ ഭയമില്ലാതെ ഉറങ്ങി. അയാൾ ആരെയും തന്റെ മുറിയിലേക്ക് വിളിപ്പിച്ചില്ല. കൈയ്യറിയാതെ വഴുതിവീണുപൊട്ടിയ ഗ്ലാസുകൾക്കും പാത്രങ്ങൾക്കും പിഴ ഈടാക്കിയില്ല.

ആഴ്ചയിൽ ഒരു ദിവസം വീതം ഞാൻ എ.സി. റൂമിലെ കുളിരിൽ പണിയെടുത്തു. എനിക്ക് മനസ്സിലാവാത്ത ഭാഷയിലും ഈണത്തിലും അവിടെ സംഗീതം പൊഴിഞ്ഞു. എ.സി. റൂമിൽ വലിയ തിരക്കില്ലാത്തതിനാൽ ജോലിഭാരവും കുറവായിരുന്നു. അവിടുത്തെ കസേരയിൽ കണ്ണാടിച്ചുമരിൽ ചാരിയിരുന്ന് വായിക്കുന്ന റിയാസ്​ക്കാനെ ഞാൻ കണ്ടു. ആ കാലുകളിലൂടെ കയറിയിറങ്ങിയ വാഹനചക്രങ്ങളെ കണ്ടു. മുറിച്ചുമാറ്റപ്പെട്ട കാലിന്റെ കുറ്റിയിൽ ചോര പൊടിഞ്ഞുനിന്ന വെള്ള തുണിക്കെട്ട് കണ്ടു. വെറും നിലത്തേക്കടർന്നുവീഴുന്ന ഒരമ്മയുടെ കണ്ണീര് കണ്ടു.

എന്റെ നെഞ്ച് പതിവില്ലാത്തവണ്ണം മിടിച്ചു. അവർ ഇരുന്ന മേശയിൽ ഗ്ലാസ്​ കൊണ്ടുവെക്കുമ്പോൾ അരൂപിയായ മഴത്തണുപ്പിൽ എന്റെ വിരലുകൾ വിറച്ചു. ചിരിക്കുമ്പോൾ നുണക്കുഴികൾ പിറവികൊള്ളുന്ന ആ കവിളുകളിൽ എന്റെ കൗമാരം കൗതുകം കൊണ്ടു.

ഭാസ്‌കരേട്ടന്റെ കഞ്ചാവുവലി കാരണം പുതിയ മാനേജർ മൂപ്പരെ എ.സി. റൂമിൽ നിന്ന്​ മാറ്റി അടുക്കളയിലെ സൂപ്പർവൈസറാക്കി. അടുക്കളയിലെ സൂപ്പർവൈസർ ഭാസ്‌കരേട്ടനുപകരം എ.സി. റൂമിൽ ജോലിചെയ്തു. തനിക്ക് നഷ്ടമായ ടിപ്പിന്റെ തുകയിൽ ഭാസ്‌കരേട്ടൻ മാനേജരെ വെറുത്തു. വെറുപ്പും സ്‌നേഹവും ആദരവും പുച്ഛവും ഒക്കെ മാനേജർക്ക് ഒരുപോലെയായിരുന്നു.

ഉച്ചയൂണിന്റെ സമയത്താണ് ഒരച്ഛനും അമ്മയും അവരുടെ മകളും എ.സി. റൂമിലേക്ക് കടന്നുവന്നത്. പെൺകുട്ടിക്ക് എന്റെ തന്നെ പ്രായമുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ ഞാൻ ആബിദാനെ കണ്ടു. എന്റെ കൗമാരം ആ പെൺകുട്ടിയുടെ മുമ്പിൽ ലജ്ജിച്ചു തലതാഴ്ത്തി. കസവിന്റെ ചുവന്ന പാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം. ആബിദാന്റെ അതേ ചുരുൾമുടി അവളുടെ മുതുകും കടന്ന് അരയോളം നീണ്ടുകിടന്നു. ഹാളിലെ നേർത്ത വെളിച്ചം ആ ചുരുൾമുടിയിൽ കവിതകൾ എഴുതുന്നതും സംഗീതം പൊഴിക്കുന്നതും ഞാനറിഞ്ഞു.

എന്റെ നെഞ്ച് പതിവില്ലാത്തവണ്ണം മിടിച്ചു. അവർ ഇരുന്ന മേശയിൽ ഗ്ലാസ്​ കൊണ്ടുവെക്കുമ്പോൾ അരൂപിയായ മഴത്തണുപ്പിൽ എന്റെ വിരലുകൾ വിറച്ചു. ചിരിക്കുമ്പോൾ നുണക്കുഴികൾ പിറവികൊള്ളുന്ന ആ കവിളുകളിൽ എന്റെ കൗമാരം കൗതുകം കൊണ്ടു. അവളുടെ നോട്ടത്തിനുമുമ്പിൽ ഞാൻ കണ്ണുകൾ താഴ്ത്തി.

കോഴി ബിരിയാണിക്കാണ് അവർ ഓർഡർ ചെയ്തത്. അത് വരുംമുൻപ് സപ്ലയർ എനിക്ക് ആ മേശയിലെ എച്ചിൽതരികൾ കാണിച്ചുതന്നു. പുറത്തെ ഹാളിലാണെങ്കിൽ എനിക്കത് തുടച്ചെടുക്കേണ്ടതില്ല. പക്ഷേ ഇത് ഇരട്ടി വില കൊടുത്ത്​ മനുഷ്യർ ഭക്ഷണം കഴിക്കുന്ന ഇടമാണ്. ഞാൻ എച്ചിൽ വാരുന്ന പാത്രവുമായി ആ മേശയിലേക്കുചെന്നു. എന്റെയുള്ളിൽ മഴമേഘങ്ങളും കോടമഞ്ഞും നിറഞ്ഞുനിന്നിരുന്നു. ആ മറവിലൂടെയാണ് ഞാനവരെ കണ്ടത്. മേശയിലെ എച്ചിൽതരികൾ വിരൽകൊണ്ട് പൊറുക്കിയെടുക്കുമ്പോൾ എന്റെ മറ്റേ കൈ വിറച്ചു. ശരീരമാകെ വിറച്ചു. എനിക്കുപോലും മനസ്സിലാവാത്ത ഏതോ പനിച്ചൂടിലായിരുന്നു ഞാൻ. വേസ്റ്റ് പാത്രത്തിൽ നിന്ന് ചെറിയൊരു എല്ലിൻ തുണ്ട് ഇളം മഞ്ഞ സാരിയിലേക്ക് വീണു.

മാപ്പ് എന്ന വാക്ക് ഉച്ചരിക്കും മുമ്പ് എന്റെ കവിളത്ത് അടി വീണു. വേസ്റ്റ് പാത്രം കൈയിൽ നിന്ന് തെറിച്ചുപോയി. അടിച്ച കൈകളിൽ സ്വർണവളകൾ കിലുങ്ങി. എന്റെയുള്ളിലെ മഴമേഘങ്ങളും കോടമഞ്ഞും പൊരിവെയിലിന് വഴിമാറി. കണ്ണാടി ചുമരുകൾക്കപ്പുറം നഗരം ഭ്രാന്തെടുത്തോടി. ഞാൻ അന്തംവിട്ട് തൊഴുകൈയ്യോടെ അവരെ നോക്കവേ വീണ്ടും വീണ്ടും കരണത്ത് അടി വീണ് ആ സ്വർണവളകൾ കിലുങ്ങി. വെയിറ്റർമാർ ഒന്നും ചെയ്യാനാവാതെ അന്തിച്ചുനിന്നു.

അവരുടെ ഭർത്താവ് അതൊന്നും കണ്ടതായി ഭാവിച്ചില്ല. നുണക്കുഴികൾ വിരിയുന്ന കവിളിൽ ഞാൻ ആബിദാന്റെ മുഖത്തെ അതേ ഭാവം കണ്ടു. അതേ പരിഹാസത്തിന്റെ, അതേ അഹന്തയുടെ ചിരി. പാലൈവനം ഉസ്താദിന്റെ മടിയിലിരുന്ന്, തീട്ടം തിന്നാൻ വകയില്ലാത്തവനെ അവൾ ചൂണ്ടിക്കാണിക്കുന്നത് ഞാൻ വ്യക്തമായും കണ്ടു.

മാപ്പ് എന്ന വാക്ക് ഉച്ചരിക്കും മുമ്പ് എന്റെ കവിളത്ത് അടി വീണു. വേസ്റ്റ് പാത്രം കൈയിൽ നിന്ന് തെറിച്ചുപോയി.
മാപ്പ് എന്ന വാക്ക് ഉച്ചരിക്കും മുമ്പ് എന്റെ കവിളത്ത് അടി വീണു. വേസ്റ്റ് പാത്രം കൈയിൽ നിന്ന് തെറിച്ചുപോയി.

ഇളംമഞ്ഞ സാരിയിൽ പുരണ്ട നേർത്ത മസാല നിറം അവരുടെ ഭർത്താവ് പേപ്പർ കൊണ്ട് തുടച്ചപ്പോൾ അത് കുറച്ചുകൂടി പരന്നു. സ്വർണവളകളുടെ ദേഷ്യം കൂടി. എന്റെ മാപ്പും മന്നിപ്പും സോറിയുമൊന്നും അവർ കേട്ടതേയില്ല. നല്ല ഊക്കിൽ ഇരു കവിളത്തും വന്നുവീണ അടികളൊക്കെ ഞാൻ നിന്ന് കൊണ്ടു. കണ്ണു നീറി, കവിള് നീറി, ചെവിയും മൂക്കും നീറി. പ്രാണവായുവിനുപോലും നീറ്റലായിരുന്നു. എന്നിട്ടും ഞാൻ കരഞ്ഞില്ല. ഞാൻ കരയണമെന്ന് അവർക്ക് വാശിയുണ്ടായിരുന്നിരിക്കണം. എന്റ കവിളെല്ലുകളിൽ തട്ടി അവരുടെ സ്വർണവളകൾ ഞെളുങ്ങി. അപ്പോൾ അടിയുടെ ഊക്ക് കൂടി. കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ നിന്നു.

ഞാൻ ഉമ്മാനെ കണ്ടു. ആ മുഖത്തിലെ സൗമ്യതയും ചിരിയും എന്റെ വേദനയ്ക്ക് മറയിട്ടുനിന്നു. ഉമ്മ എന്നെ വിളിച്ചു, ‘മോനേ അബ്ബാസേ, നീ എവിടെയാടാ...?'

ഉൾത്താളിൽ വിറയലോടെ ഞാൻ എഴുതി; ‘ഉമ്മാ, ഉമ്മാന്റെ മോൻ ഇവിടെയാണ്, ഈ വിദൂരതയിൽ. ഒരു തുണ്ട് എച്ചിൽ സാരിയിൽ വീണതിന്റെ പേരിൽ ഉമ്മാന്റ മോൻ ആരുടെയോ അടി വാങ്ങുകയാണ്. അറിയാതെ പറ്റിയ തെറ്റിനുപോലും മാപ്പില്ലാത്ത ഈ നഗരഭ്രാന്തുകളിൽ ഉമ്മാന്റെ മോൻ തനിച്ചാണ്.’

അടിയുടെ പെരുമഴ നിലച്ചപ്പോൾ ഞാൻ കണ്ണുകൾ തുറന്നു. ഏതോ പെരുവഴിയിൽ ഉടുമുണ്ടില്ലാതെ നിൽക്കുകയാണ്. മുമ്പിലെ കാഴ്ചകളിലേക്ക് ഇരുൾ വീഴുകയാണ്. എല്ലാവരും എന്നെ തന്നെ നോക്കിനിൽക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. മറ്റ് രണ്ടു കുട്ടികൾ കണ്ണു കലങ്ങി, കൈയിൽ എച്ചിൽ വരാനുള്ള പത്രങ്ങളുമായി നിന്നു. ബാത്ത് റൂമിൽ നിന്നിറങ്ങിവന്ന അവരെ ഭർത്താവ് പുറത്തേക്കിറക്കി നിർത്തി. എന്നിട്ട് മകളെയും കൂട്ടി എന്റെ അരികിലേക്ക് വന്നു.

ഉടുമുണ്ടഴിഞ്ഞ് പെരുവഴിയിൽ നിന്ന കൗമാരത്തിന്റെ മുമ്പിൽ ആ ചുരുൾ മുടികൾ ചിരിച്ചു. നുണക്കുഴികൾ ചിരിച്ചു. വെളുത്ത ചർമത്തിലെ ചെമ്പൻ രോമങ്ങൾ ചിരിച്ചു. ചുവന്ന പട്ടുപാവാടയും ബ്ലൗസും ചിരിച്ചു. ഞാൻ ആ കണ്ണുകളിലേക്ക് നഗ്‌നനായി നോക്കി. കരുണയുടെ തരി പോലുമില്ലാതെ എന്റെ തന്നെ പ്രായമുള്ള ആ പെൺകുട്ടി എന്നെയും നോക്കി. നോട്ടം പിൻവലിക്കാൻ എനിക്ക് തോന്നിയില്ല. ഉള്ളിലെ കൗമാരക്കാരൻ ആ കണ്ണുകളുടെ അഗാധതകളിൽ കനിവിന്റെ കുഞ്ഞു പരലുകളെ തിരയുകയായിരുന്നു. കണ്ടില്ല. പരിഹാസവും പുച്ഛവും അറപ്പും കലർന്ന ഒരു തിര ആ കണ്ണുകളിൽ, അതിന്റെ തീരങ്ങളിൽ ഇരമ്പിയാർക്കുന്നത് ഞാൻ കണ്ടു.
അവളുടെ അച്ഛൻ എന്റെ തോളിൽ കൈ വെച്ചു, ‘ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ടേ മോനേ?'

ചുണ്ടിലും താടയിലും കവിളിലും സ്റ്റിച്ചിട്ട് നടന്ന ആ നാളുകളിലൊക്കെ, മുതിർന്നവർക്കും പണമുള്ളവർക്കും തല്ലാൻ പാകത്തിൽ എന്നെ സൃഷ്ടിച്ച ദൈവത്തെ ഞാൻ ചീത്ത വിളിച്ചു.

അതും പറഞ്ഞ് അയാൾ പോക്കറ്റിൽ നിന്ന് ഇരുപത് രൂപയുടെ നോട്ടെടുത്ത് എനിക്ക് നീട്ടി. അത് വാങ്ങാൻ കൂട്ടാക്കാതെ നിന്ന എന്റെ കീശയിലേക്ക് ആ നോട്ട് ബലമായി തിരികിവെച്ച് അയാൾ മകളുടെ കൈ പിടിച്ച് മടങ്ങുമ്പോൾ, ഞാൻ കരഞ്ഞു, ഉറക്കെയുറക്കെ കരഞ്ഞു. കൊണ്ട അടികളേക്കാൾ പൊള്ളലുമായി കീശയിൽ കിടന്ന ആ നോട്ടെടുത്ത് ഞാൻ ചുരുട്ടിയെറിഞ്ഞു. എനിക്കുമുമ്പിൽ ചില്ലുവാതിലടഞ്ഞു. അതിനപ്പുറം നഗരവഴികളിലേക്ക് ഇറങ്ങിമറയുന്ന ആ കുടുംബത്തെ കണ്ണീർമറയിലൂടെ ഞാൻ കണ്ടു.

അവർ പോയിക്കഴിഞ്ഞപ്പോൾ സപ്ലെയറും മറ്റുള്ളവരും എന്നെ ആശ്വസിപ്പിക്കാൻ വന്നു. അവരെയൊക്കെ തട്ടിമാറ്റി, സ്വർണവളകൾ കടന്നുപോയ ചില്ലുവാതിൽ തുറന്ന് കരഞ്ഞുകൊണ്ട് ഞാൻ നഗരത്തിലേക്കിറങ്ങി. ആ പാതകളിൽ അന്ന് കത്തിയത് വെയിലായിരുന്നില്ല, തീയായിരുന്നു, എന്റെ മുഖം മുഴുവൻ വേദനിച്ചു.

അതുവരെ അപ്പുറത്തെ ഹാളിൽ എന്തോ തിരക്കിലായിരുന്ന മാനേജർ വിവരമറിഞ്ഞ് എന്റെ പിന്നാലെ ഓടിവന്ന് എന്നെ പിടിച്ചുനിർത്തി. ഞാൻ ആ കൈ തട്ടിമാറ്റാൻ നോക്കി, കഴിഞ്ഞില്ല. അയാൾ എന്റെ മുഖത്ത് തൊട്ടു. അപ്പഴാണ് അന്നേരമത്രയും ഞാൻ രുചിച്ചത് സ്വന്തം ചോരയാണെന്ന തിരിച്ചറിവുണ്ടായത്. ആ ചോര താടിയിലൂടെ ഒലിച്ചിറങ്ങി കഴുത്തും കടന്ന് കുപ്പായത്തിൽ ചുവന്ന ഭൂപടങ്ങൾ തീർത്തു. മുമ്പിൽ കണ്ട ഓട്ടോയ്ക്ക് കൈ നീട്ടി നിർത്തിച്ച്, മാനേജർ എന്നെ ഓട്ടോയിലേക്ക് വലിച്ചിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചുണ്ടിലും താടയിലും കവിളിലും സ്റ്റിച്ചിട്ട് നടന്ന ആ നാളുകളിലൊക്കെ, മുതിർന്നവർക്കും പണമുള്ളവർക്കും തല്ലാൻ പാകത്തിൽ എന്നെ സൃഷ്ടിച്ച ദൈവത്തെ ഞാൻ ചീത്ത വിളിച്ചു. എത്രയോ ഉദയാസ്തമയങ്ങൾ കഴിഞ്ഞു. വസന്തവും വേനലും വന്നുപോയി. മഴക്കാലങ്ങൾ പെയ്തുതോർന്നു. ഇന്നും കോഴിക്കോട് നഗരത്തിന്റെ പേര് കേൾക്കുമ്പോൾ, ബസിൽ ആ ബോർഡ് കാണുമ്പോൾ, എന്റെ വിരലുകൾ ഞാൻ പോലുമറിയാതെ കവിളിൽ തൊടും.

ആ നഗരം അങ്ങനെ കൂടിയാണ് എന്നിൽ അടയാളപ്പെട്ടത്. കാലങ്ങൾക്കുശേഷം അതേ ബുഹാരി ഹോട്ടലിൽ കയറി ഒരു കൗതുകത്തിന് എ.സി. റൂമിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, ആ സമചതുരത്തിൽ മൂന്ന് കുട്ടികൾ യൂണിഫോമൊക്കെ ഇട്ട് കൈയിൽ എച്ചിൽ വരാനുള്ള പാത്രവുമായി നിൽക്കുന്നതുകണ്ടപ്പോൾ കവിളിൽ ഞാൻ വേദന അറിഞ്ഞു. ചുണ്ടിൽ സ്വന്തം ചോരയുടെ രുചിയറിഞ്ഞു. കരയാതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ജീവിതങ്ങളെ ഏത് മൂശയിലാണ് ദൈവം വാർത്തെടുക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. ദയാരഹിതമായ ദൈവമൂശകളിൽ ഇന്നും വാർത്തെടുക്കപ്പെടുന്ന ജീവിതങ്ങൾക്കും അവരുടെ ദുരിതങ്ങൾക്കും ആരാണുത്തരവാദി എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു.

പ്രിയപ്പെട്ട സ്ത്രീയേ, നിങ്ങളീ എഴുത്ത് വായിക്കലുണ്ടാവില്ല. നിങ്ങളുടെ മകളുടെ കൈയിൽ എന്റെയീ എഴുത്ത് എത്തുമോ എന്നും അറിയില്ല. നിങ്ങളാ ഹോട്ടൽ മുറിയെ മറന്നിട്ടുണ്ടാവും. ഒരുതരി എച്ചിൽ സാരിയിൽ വീണതിന് നിങ്ങൾ ചോര കാണുവോളം തല്ലിയ കുട്ടിയെയും മറന്നിട്ടുണ്ടാവും. പക്ഷേ നിങ്ങൾ അവനെ പഠിപ്പിച്ച ഒരു പാഠമുണ്ട്. ഒരു പുസ്തകത്തിനും പകർന്നുതരാൻ കഴിയാത്ത പാഠം. അത് മറ്റൊന്നുമല്ല, രണ്ട് വർഗമേ ഇന്നും ഭൂമിയിലുള്ളൂ; ഉള്ളവരും ഇല്ലാത്തവരും.
ആ വേർതിരിവിന് പരിഹാരമില്ലാത്തിടത്തോളം എന്തൊക്കെ ദർശനങ്ങൾ വിളമ്പിയാലും അബ്ബാസുമാർ ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷകൾ വാങ്ങുക തന്നെ ചെയ്യും.

പ്രിയപ്പെട്ട പെൺകുട്ടീ, നീയന്ന് മാതാപിതാക്കളോടൊപ്പം നഗരത്തിലേക്ക് സിനിമ കാണാൻ വന്നതായിരിക്കും. വിലകൂടിയ ഭക്ഷണവും വസ്ത്രവും പാർപ്പിടവും കിട്ടുന്ന നിനക്ക് എച്ചിൽ മണങ്ങൾ അന്യമായിരിക്കും. നിന്റെ തന്നെ പ്രായമുള്ള ഒരു കൗമാരത്തിന്റെ കവിളിൽ വീണുപൊള്ളിയ ആ കൈകളെ നിനക്ക് തടയാൻ കഴിയില്ലായിരിക്കാം. പക്ഷേ നിന്റെ കണ്ണുകളിൽ അലിവിന്റെ ഒരു തുള്ളി കണ്ണീരെങ്കിലും പൊടിഞ്ഞിരുന്നെങ്കിൽ ആ കൗമാരക്കാരൻ ജീവിതകാലമത്രയും നിന്നെ സ്‌നേഹത്തോടെ ഓർക്കുമായിരുന്നു. നുണക്കുഴികൾ തെളിയുന്ന കവിളുകൾ കാണുമ്പോൾ, ഒട്ടും കൻമഷമില്ലാതെ പെൺമുഖങ്ങളിലേക്ക് അവന് നോക്കാൻ കഴിയുമായിരുന്നു.

പ്രിയപ്പെട്ട മനുഷ്യാ, നിങ്ങളെന്റെ കീശയിലേക്ക് തിരുകിയ ഇരുപത് രൂപ നിങ്ങളുടെ ഭാര്യയിൽ നിന്ന് ഞാൻ കൊണ്ട അടിയുടെ വിലയാണോ എന്ന് ചോദിക്കുന്നില്ല. പക്ഷേ നിങ്ങളത് ചെയ്തില്ലായിരുന്നെങ്കിൽ അവനന്ന് കരയില്ലായിരുന്നു. ജീവിതത്തിൽ പിന്നീടൊരിക്കലും കാണാനിടയില്ലാത്ത ഒരു കുട്ടിയുടെ കവിളത്ത് അടി വീഴുന്നതും, കവിള് പൊട്ടി ചോരയൊലിക്കുന്നതും നിസംഗനായി കണ്ടുനിൽക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു? സ്വർണവളയിട്ട ആ കൈകൾ നിങ്ങൾക്ക് എത്ര തന്നെ പ്രിയപ്പെട്ടതാണെങ്കിലും?

ചോദ്യങ്ങൾ ഏതുമില്ലാത്ത ഈ തരിശിൽ എനിക്കിപ്പോൾ ഒട്ടും വേദനയില്ലാതെ നിങ്ങളെക്കുറിച്ച് എഴുതാൻ കഴിയും. ഉത്തരങ്ങൾ ഏതുമില്ലാത്ത സമൂഹത്തിൽ അതിന്റെ ക്രൂരമായ വ്യവസ്ഥയിൽ കവിള് പൊട്ടി ചോരയൊലിക്കുന്നതറിയാതെ അനേകം അബ്ബാസുമാർ ഇപ്പോഴും നടക്കുന്നുണ്ട്. അവരുടേതുകൂടിയാണ് ഈ ലോകം, അത് മറക്കാതിരിക്കുക. ​▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments