മുഹമ്മദ് അബ്ബാസ് / Photo: Muhammad Hanan

ഉപ്പയിലേക്കുള്ള
​ദൂരങ്ങൾ

ഉപ്പാക്ക് തീരെ വയ്യാതായി ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ ഞാൻ കാണാൻ പോയില്ല. ഭാര്യയും പെങ്ങന്മാരും എന്നോട് ഉപ്പാനെ പോയി കാണാൻ പറഞ്ഞു. എനിക്കും ഉപ്പാക്കും ഇടയിൽ, ഒരു പക്ഷേ മരണത്തിനും ജീവിതത്തിനും ഇടയിൽ എന്റെയുള്ളിൽ തടയിട്ട് നിന്ന വികാരങ്ങളെ ഇപ്പോൾ എനിക്ക് വേർപ്പെടുത്താൻ കഴിയുന്നില്ല.

വീടുവിട്ടു പോയി ഹോട്ടൽപണിയും വീട്ടുവേലയും ടാപ്പിങ്ങും മറ്റൊരുപാട് ജോലികളും ചെയ്ത ഞാൻ അക്കാലത്തൊന്നും ഉപ്പാനെ കാര്യമായി ഓർത്തതേയില്ല. ഉപ്പാനെ പിരിഞ്ഞിരിക്കുന്നതിൽ സങ്കടം തോന്നിയില്ല. ഉപ്പ ജീവിച്ചിരിപ്പുണ്ട് എന്ന അറിവ് മാത്രം, സൂര്യൻ അവിടെയുണ്ട് അത് എന്നും ഉദിക്കാറുണ്ട്, അസ്തമിക്കാറുമുണ്ട് എന്ന അറിവുപോലെ ഒരു അറിവ്... അതിനപ്പുറം അക്കാലത്ത് ഉപ്പ എന്ന വികാരം എന്നെ തൊട്ടതേയില്ല.

പിന്നീട് അലച്ചിലുകൾ ഒടുങ്ങി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പഴാണ് ഞാൻ ഉപ്പാനെ കൂടുതൽ അറിഞ്ഞത്.തന്റെ യൗവ്വനവും മധ്യവയസും ജീവിച്ചുതീർത്ത, നാടുവിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് എന്ന മനുഷ്യന്, എന്റെ ഉപ്പാക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. സ്വന്തം നാട്, നാട്ടുകാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ.അവരുടെ സ്‌നേഹത്തിന്റെ തണലിടങ്ങൾ...

ഞാൻ പുക വലിക്കുമെന്ന് അറിഞ്ഞ ഉപ്പ, എനിക്കായി റബ്ബർ മരങ്ങളുടെ ചുവട്ടിൽ ബീഡിക്കെട്ടും തീപ്പെട്ടിയും മറന്നുവെച്ചു. ഞാൻ അതെടുത്ത് ഉപ്പ കാണാതെ പുക വലിച്ചു.

തന്റെ പ്രതീക്ഷകൾ വെറുതെയായിരുന്നു എന്ന് അനുഭവിച്ചറിഞ്ഞപ്പോ ഉപ്പ തന്നിലേക്കുതന്നെ ചുരുങ്ങി. ഉപ്പാന്റെ കൂടെ ഞാൻ കുറച്ചുകാലം ഇവിടുത്തെ ഒരു തോട്ടത്തിൽ റബ്ബർ ടാപ്പിംഗ് ജോലിക്ക് സഹായിയായി നിന്നിട്ടുണ്ട്. ഉപ്പ അധികമൊന്നും സംസാരിച്ചില്ല. പെരുംചിലമ്പിൽ വെച്ച് ഞാനറിഞ്ഞ ഉപ്പയിൽ നിന്ന് ഈ ഉപ്പയിലേക്ക് ഒരുപാട് ദൂരമുണ്ടായിരുന്നു. എം.ജി ആറിന്റെയും ശിവാജി ഗണേശന്റെയും സിനിമകൾ കണ്ട് അവയിലെ പാട്ടുകൾ മൂളി, തനിയെ വാൾപയറ്റ് നടത്തിയിരുന്ന ആളാണോ ഇതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഞാൻ പുക വലിക്കുമെന്ന് അറിഞ്ഞ ഉപ്പ, എനിക്കായി റബ്ബർ മരങ്ങളുടെ ചുവട്ടിൽ ബീഡിക്കെട്ടും തീപ്പെട്ടിയും മറന്നുവെച്ചു. ഞാൻ അതെടുത്ത് ഉപ്പ കാണാതെ പുക വലിച്ചു. ഹോട്ടലിൽ ഉപ്പാന്റെ കൂടെയിരുന്ന് ചായ കുടിച്ചു. ഉച്ചരിക്കാത്ത വാക്കുകളെല്ലാം ഉപ്പ ഉളളിൽ സൂക്ഷിച്ച് വെച്ചിരുന്നു. ഞങ്ങൾ മക്കൾ അത് മനസ്സിലാക്കിയില്ല. ഉപ്പാന്റെ ലോകം നിറയെ പൂച്ചകളായിരുന്നു. ഉപ്പ പൂച്ചകളോട് സംസാരിച്ചു. ആദ്യത്തെ നാടുവിടൽ കഴിഞ്ഞ് തിരിച്ചെത്തിയ എനിക്ക് ഏട്ടന്റെ ഏകാധിപത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഉപ്പയാണ് മുഷിഞ്ഞ നോട്ടുകൾ തന്നത്.

ഉപ്പ എനിക്കായി മറന്ന് വെച്ച ബീഡിയെടുത്ത് കുളിമുറിയിൽ കയറി ഞാൻ പുക വലിക്കുമ്പോൾ, എന്റെ ഉപ്പ ആ നീണ്ട വരാന്തയുടെ ഇരുട്ടിൽ പടിഞ്ഞിരുന്ന് മകന്റെ എച്ചിൽ തിന്നു.

ഉപ്പാന്റെ മുറി നിറയെ പൂച്ചകളായിരുന്നു. അവ ആ മുറിയിൽ തന്നെ ഭക്ഷണം കഴിച്ചു. അവിടെത്തന്നെ വിസർജിച്ചു. അവിടെത്തന്നെ ഉറങ്ങി. രാത്രികളിൽ അടുക്കളയിലെ പാത്രങ്ങളൊക്കെ തട്ടിമറിച്ചിട്ട് കട്ടുതിന്നു. ഉറങ്ങിക്കിടക്കുന്ന ഞങ്ങളുടെ മേലേക്ക് പരസ്പരം കടിപിടി കൂടി ചുമരിന്റെ മുകളിൽ നിന്ന് തെറിച്ചുവീണു. ഞങ്ങൾ ഉറക്കം ഞെട്ടി നിലവിളിച്ചു.

ഏട്ടൻ വേറെ വീടെടുത്ത് താമസം മാറിയ കാലത്ത് തറവാട്ട് വീട്ടിലേക്ക് വരുമ്പോൾ ഉപ്പാന്റെ പൂച്ചകളെ കണ്ട് ദേഷ്യപ്പെട്ടു. പൂച്ചക്കാട്ടം മണക്കുന്ന ഉപ്പാന്റെ മുറിയിലേക്ക് മൂക്ക് പൊത്തിപ്പിടിച്ച് ഏട്ടൻ കടന്നു. മൂക്ക് പൊത്തിപ്പിടിച്ചുതന്നെ ഉപ്പാനെ വഴക്ക് പറഞ്ഞു. അപ്പോഴേക്കും ഉപ്പ കിടപ്പിലായിക്കഴിഞ്ഞിരുന്നു. പൊതുവേ ഏട്ടനോട് തർക്കിക്കാനോ എതിരുപറയാനോ നിൽക്കാത്ത ഉപ്പ, ഏട്ടന്റെ വഴക്കുപറച്ചിൽ കേട്ട് ചുണ്ടത്ത് നേർത്ത ചിരിയുമായി കിടന്നു.

ഏട്ടനെ തോളിലേറ്റി നടന്ന കാലം,
അവൻ പിച്ചവെച്ച കാലം,
മടിയിൽ തൂറുകയും മൂത്രമൊഴിക്കുകയും ചെയ്ത കാലം.
അവന്റെ കുട്ടിക്കാലം ഉപ്പയപ്പോൾ ഓർക്കുകയായിരുന്നിരിക്കണം. തീരെ ചെറിയ ഒരു കുട്ടി തൊട്ടടുത്ത് നിന്ന് എന്തോ കുറുമ്പ് പറയുകയാണെന്നേ ഉപ്പ കരുതിയുള്ളൂ. ആ മനുഷ്യൻ അങ്ങനെയായിരുന്നു, മക്കൾക്ക് വേണ്ടി എന്താണ് സമ്പാദിച്ചത് എന്ന് ഏട്ടൻ ചോദിച്ചപ്പോഴും ഉപ്പ അതേ ചിരിയോടെ കിടന്നു.

അറുപത് ഉറക്കഗുളികകൾ കഴിച്ച് മരണത്തെ തൊടാൻ നോക്കിയ ഞാൻ, ഒന്നര ദിവസം കഴിഞ്ഞ് ആശുപത്രി മുറിയിൽ കണ്ണ് തുറക്കുമ്പോൾ ഉപ്പ അടുത്തുണ്ടായിരുന്നു. എന്തിന് മരിക്കാൻ നോക്കിയെന്നല്ല ഉപ്പ ചോദിച്ചത്, നിനക്കെന്തെങ്കിലും തിന്നാൻ വേണോ? എന്നാണ്.

ഞാൻ നിങ്ങൾക്ക് ജന്മവും അന്നവും വസ്ത്രവും മേൽക്കൂരയും തന്നുവെന്ന് ഉപ്പ പറഞ്ഞില്ല. ഉപ്പ മക്കളെയാരെയും വഴക്ക് പറഞ്ഞില്ല. അറുപത് ഉറക്കഗുളികകൾ കഴിച്ച് മരണത്തെ തൊടാൻ നോക്കിയ ഞാൻ, ഒന്നര ദിവസം കഴിഞ്ഞ് ആശുപത്രി മുറിയിൽ കണ്ണ് തുറക്കുമ്പോൾ ഉപ്പ അടുത്തുണ്ടായിരുന്നു. എന്തിന് മരിക്കാൻ നോക്കിയെന്നല്ല ഉപ്പ ചോദിച്ചത്, നിനക്കെന്തെങ്കിലും തിന്നാൻ വേണോ? എന്നാണ്. എനിക്കുപോലും കാരണമറിയാത്ത ആ ആത്മഹത്യാശ്രമത്തിന്റെ ക്രൂരമായ തമാശ മുഴുവൻ ഉപ്പാന്റെ ആ ഒറ്റ ചോദ്യത്തിൽ ഞാൻ മറന്നു.

അന്നം...
മക്കൾക്കായി അന്നം മാത്രം കരുതിവച്ച മനുഷ്യൻ. അവർക്ക് നല്ല വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയാതെ ഉള്ളിൽ കരഞ്ഞ മനുഷ്യൻ. പത്ത് മക്കൾക്ക് ഈ ഭൂമിയിലേക്ക് വരാനുള്ള വാതിലുകൾ ഒരുക്കിയ മനുഷ്യൻ. മക്കളെപ്പോലെ പൂച്ചകളെ സ്‌നേഹിച്ച മനുഷ്യൻ. വീട്ടിലും കവലയിലും തൊഴിലിടത്തിലും പൂച്ചകൾക്കും മറ്റു മിണ്ടാപ്രാണികൾക്കും അന്നം കരുതിവച്ച മനുഷ്യൻ. മക്കളുടെ വിവാഹ കാര്യത്തിലോ രാഷ്ട്രീയ നിലപാടുകളിലോ ഇടപെടാത്ത മനുഷ്യൻ.

ഉപ്പാന്റെ മുറി നിറയെ പൂച്ചകളായിരുന്നു. അവ ആ മുറിയിൽ തന്നെ ഭക്ഷണം കഴിച്ചു. അവിടെത്തന്നെ വിസർജിച്ചു.

ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആയാൽ ഞാനും ചെഗുവേരയായി എന്ന മിഥ്യാധാരണയിൽ, ഇലക്ഷൻ കാലത്ത് ഉറക്കമൊഴിച്ച് മതിലുകൾ എഴുതി വിശന്ന് വലഞ്ഞ് വീടെത്തിച്ചേരുമ്പോൾ എന്റെ മുമ്പിൽ അടച്ചുവച്ച ചോറിന് കാവലായി ഉപ്പയുണ്ടായിരുന്നു. ബീഡിക്കനലിന്റെ വെളിച്ചത്തിൽ ലീഗുകാരനായ ഉപ്പ മകനെ കാത്തിരുന്നു. ഏതുവിപ്ലവത്തിനും അന്നം വേണമെന്ന്, വയറ് പാതിയെങ്കിലും നിറയാത്ത വിപ്ലവങ്ങളൊന്നും മനുഷ്യനുള്ളതല്ലെന്ന് ,ആ കാത്തിരിപ്പുകൾ എന്നോട് പറയുകയായിരുന്നു.

പെയിൻറ്​ പണിക്കിടെ വീണ് കൈയൊടിഞ്ഞ് ഞാൻ ആയുർവേദ കോളേജിൽ കിടന്ന കാലത്ത് ഉപ്പയാണ് എനിക്ക് രാത്രികളിൽ കൂട്ടിരുന്നത്. ഏട്ടന്റെ കണ്ണ് വെട്ടിച്ച് പെങ്ങൾ പൊതിഞ്ഞ വാഴയിലയുടെ ചോറ്റു പൊതികളുമായിട്ടാണ് ഉപ്പ വരാറ്. പകലൊക്കെ ഉമ്മയാണ് കൂട്ടിരിപ്പ്. ആ ചോറ്റ് പൊതികൾ കൈമാറുമ്പോൾ എന്റെ ഉമ്മയും ഉപ്പയും നിശ്ശബ്ദമായി പറഞ്ഞ കാര്യങ്ങളിൽ ഞങ്ങളുടെ മുഴു ജീവിതവുമുണ്ട്. മക്കൾ വല്ലാതെ വളർന്ന്, തങ്ങളുടെ വാക്കുകളിൽ നിന്ന് അകന്നു പോവുന്നതിന്റെ കണ്ണീർ രുചികൾ ആ നിശ്ശബ്ദഭാഷണങ്ങളിലുണ്ടായിരുന്നു.

താൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാണ് വരുന്നതെന്ന് ഉപ്പ കള്ളം പറഞ്ഞു. ഞാനത് വിശ്വസിച്ച്, പൊതിച്ചോറുകൾ തനിയെ തിന്നുതീർത്തു. ജലജാ ബീഡിയുടെ ഇത്തിരി വെട്ടത്തിൽ ഉപ്പ വിശന്നിരുന്നു. രണ്ടാൾക്ക് പൊതിഞ്ഞ ചോറ് ഒറ്റക്കുതിന്ന് ഏമ്പക്കമിട്ട്, വലിച്ചെറിയാനുള്ള വേസ്റ്റ് ഉപ്പാക്ക് കൊടുത്ത്, ഉപ്പ എനിക്കായി മറന്ന് വെച്ച ബീഡിയെടുത്ത് കുളിമുറിയിൽ കയറി ഞാൻ പുക വലിക്കുമ്പോൾ, എന്റെ ഉപ്പ ആ നീണ്ട വരാന്തയുടെ ഇരുട്ടിൽ പടിഞ്ഞിരുന്ന് മകന്റെ എച്ചിൽ തിന്നു.

ഞാനത് കണ്ടെത്തുമ്പോൾ ഉപ്പ എന്നെ നോക്കിയ നോട്ടങ്ങളിൽ ഞാൻ തിര നിലച്ച കടലുകളെ കണ്ടു. ഞാൻ കുഴച്ചിട്ട ചോറ് പറ്റിപ്പിടിച്ച വിരലുകൾ ഈമ്പുന്ന ഉപ്പാനെ കൂട്ടിപ്പിടിച്ച് കരയണമെന്ന തോന്നലിനെ അമർത്താൻ ഞാനാ ചുമരുകളിൽ തലതല്ലി കരഞ്ഞു. ഭൂമിയിലെ ഓരോ ഉപ്പയും മക്കൾക്കായി വിശന്നിരുന്ന രാപ്പകലുകളുടെ ചൂടും വേവും എന്റെ ശിരസ്സിൽ കിടന്ന് കത്തി. എന്റെ മക്കൾക്ക് വേണ്ടി ഞാൻ വിശന്നിരുന്ന അവസരങ്ങൾ വിരലിൽ എണ്ണി തീർക്കാവുന്നതേയുള്ളൂ. പക്ഷേ, എന്റെ ഉപ്പാന്റെ വിശപ്പിന്റെ കണക്കുകൾ എണ്ണി തീർക്കാൻ എനിക്ക് നിങ്ങളുടെയെല്ലാം വിരൽ കണക്കുകൾ മതിയാവാതെ വരും.

നിർത്താതെ പുക വലിച്ചിരുന്ന ഉപ്പ അവസാന കാലത്ത് ശ്വാസംമുട്ടൽ വന്ന് പുകവലി നിർത്തി. അപ്പഴേക്കും ഞാനും ഉപ്പയായി കഴിഞ്ഞിരുന്നു. അനിയനാണ് ഉപ്പാനെ നോക്കിയത്. ഉമ്മാനെ നോക്കുന്നത്. എന്റെതായ ഉന്മാദങ്ങളിലും ഓട്ടപ്പാച്ചിലുകളിലും പെട്ട് വല്ലപ്പോഴും തറവാട്ട് വീട്ടിലേക്ക് വരുന്ന എനിക്കായി ഉപ്പ തലയണയ്ക്കടിയിൽ നോട്ടുകൾ കരുതി വെച്ചു.

ഉപ്പ കിടക്കുന്ന മുറിയുടെ തൊട്ടപ്പുറത്തെ മുറിയിൽ കിടന്നാണ് ഞാൻ പണ്ട് അന്തമില്ലാതെ വായിച്ചത്. അന്തമില്ലാതെ ചിന്തിച്ച് കൂട്ടിയത്. ചിന്തകളുടെ ചൂടിൽ വീർത്തുപൊട്ടാറായ തലച്ചോറുമായി തനിയെ സംസാരിച്ചത്.

നടുത്തളത്തിലെ മരബെഞ്ചിൽ ഓർമയുടെ വാതിലുകളടഞ്ഞ് ഉമ്മ കിടന്നു. തന്റെ ഇണയുടെ ദുരവസ്ഥയെ നിശ്ശബ്ദം അറിഞ്ഞ് അപ്പുറത്തെ മുറിയിൽ ശ്വാസം വലിക്കാൻ പാടുപെട്ട് ഉപ്പയും... നടുവിൽ വല്ലപ്പോഴും വന്നെത്തുന്ന ഞാനെന്ന മകൻ നിന്നു. എന്റെ കീശയിൽ ഭാര്യ എഴുതിത്തന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റ് ഉണ്ടായിരിക്കും. അത് വാങ്ങാനുള്ള പണത്തിൽ നിന്ന് കുറച്ചെടുത്ത് ഉപ്പാക്ക് നീട്ടുമ്പോൾ, ഉപ്പ അത് വാങ്ങരുതേയെന്ന് എന്നിലെ ദരിദ്രനും നിസ്സഹായനുമായ മകൻ ആഗ്രഹിക്കും.

ഉപ്പ ഒരിക്കൽ പോലും അത് വാങ്ങിയില്ല. മറ്റ് മക്കൾ കൊടുക്കുന്ന പണത്തിന്റെ ഒരോഹരി ആ മുഷിഞ്ഞ തലയണച്ചുവട്ടിൽ ഉപ്പ എനിക്കായി കരുതിവച്ചു. വാക്കുകളുടെ പിന്നാലെ ഓടുന്ന തന്റെ എട്ടാമത്തെ സന്തതിയുടെ കീശ, മറ്റാരെക്കാളും കാലിയാണെന്ന് ഉപ്പ അറിഞ്ഞു. ആ അറിവിൽ, ശ്വാസം കിട്ടാതെ പിടയുമ്പോഴും ഉപ്പ എന്നെ തൊട്ടു. എന്റെ കൈകളിൽ വെറുതെ തടവി. ഞരമ്പുന്തി എല്ലും തോലുമായ ഉപ്പാന്റെ കൈകൾ ചുരട്ടിപ്പിടിച്ച നോട്ടുമായി എന്റെ കീശ തേടി വരുമ്പോഴൊക്കെ ഞാൻ ദുർബലമായി പ്രതിഷേധിച്ചു.

‘ഇജ് ഇപ്പോ വായിക്കലും എഴുതലൊന്നുല്ലേ?

അതിന് ഞാൻ മറുപടി പറയുന്ന സമയത്തിൽ ആ ചുരുട്ടിപ്പിടിച്ച നോട്ടുകൾ എന്റെ കീശയിലേക്ക് ഉപ്പ തിരുകിവെച്ചിട്ടുണ്ടാവും. ഉപ്പ കിടക്കുന്ന മുറിയുടെ തൊട്ടപ്പുറത്തെ മുറിയിൽ കിടന്നാണ് ഞാൻ പണ്ട് അന്തമില്ലാതെ വായിച്ചത്. അന്തമില്ലാതെ ചിന്തിച്ച് കൂട്ടിയത്. ചിന്തകളുടെ ചൂടിൽ വീർത്തുപൊട്ടാറായ തലച്ചോറുമായി തനിയെ സംസാരിച്ചത്.

ഉപ്പ കീശയിലിട്ടു തരുന്ന നോട്ടുകളുടെ പാതിയും ഞാൻ ഉമ്മാന്റെ കൊന്തലക്കൽ കെട്ടിയിടും. ഉമ്മ, ഞാൻ ആരാണ് എന്ന് മനസ്സിലാവാതെ എന്നെ മിഴിച്ചുനോക്കും. അടഞ്ഞ ഓർമവാതിലുകളുടെ വിടവിലൂടെ ഇത്തിരി വെളിച്ചം കടന്നുചെല്ലുന്ന അപൂർവ്വം അവസരങ്ങളിൽ ഉമ്മ ചോദിക്കും, ‘ഇജ് സുബൈറല്ലേ?'

സുബൈറ് അനിയനാണെന്നോ, ഞാൻ അബ്ബാസാണെന്നോ ഉമ്മാനെ പറഞ്ഞു ഫലിപ്പിക്കാനാവാതെ, ഒരായുസ്സിന്റെ മുഴുവൻ ദുഃഖങ്ങളും കറുത്തുനിൽക്കുന്ന ഉമ്മാന്റെ കൺതടങ്ങളിലേക്ക് നോക്കി ഞാനിരിക്കും. ഭാര്യ എഴുതിത്തന്ന ലിസ്റ്റിനപ്പുറം, മോള് എന്നോട് സ്വകാര്യമായി പറഞ്ഞ സാധനങ്ങളിൽ ഏത് വാങ്ങുമെന്ന ചിന്തയിൽ കുരുങ്ങി ഞാനിരുന്ന ആ നടുമുറി ഇപ്പോഴും തറവാട്ടിലുണ്ട്.

പക്ഷേ, അപ്പുറത്തെ മുറിയിൽ ഉപ്പയില്ല. ഉപ്പാന്റെ പൂച്ചകളില്ല. ഉപ്പാക്ക് തീരെ വയ്യാതായി ഹോസ്പിറ്റലിൽ അഡ്മിറ്റായപ്പോൾ ഞാൻ കാണാൻ പോയില്ല. ഭാര്യയും പെങ്ങന്മാരും എന്നോട് ഉപ്പാനെ പോയി കാണാൻ പറഞ്ഞു. എനിക്കും ഉപ്പാക്കും ഇടയിൽ, ഒരു പക്ഷേ മരണത്തിനും ജീവിതത്തിനും ഇടയിൽ എന്റെയുള്ളിൽ തടയിട്ട് നിന്ന വികാരങ്ങളെ ഇപ്പോൾ എനിക്ക് വേർപ്പെടുത്താൻ കഴിയുന്നില്ല. അന്നും കഴിഞ്ഞില്ല. ഭാര്യ പോയി ഉപ്പാനെ കണ്ട് മടങ്ങി വന്നു.

മഴപ്പാറ്റകളുടെ മണമുള്ള കാറ്റുകൾ എന്നെ തൊട്ട രാത്രിയിൽ പ്രതീക്ഷിച്ച ആ വാർത്ത എന്നെ തേടിയെത്തി. ഞാൻ കരഞ്ഞില്ല. വിഷാദരോഗത്തിന് സ്ഥിരം കഴിക്കുന്ന ഗുളികയിൽ നിന്ന് രണ്ടെണ്ണം അടർത്തിയെടുത്ത് കൂടുതൽ കഴിച്ചു.

ഇതെഴുതുമ്പോൾ എത്ര നിലവാരം കുറഞ്ഞതാണെങ്കിലും രണ്ട് പുസ്തകങ്ങൾ എന്റേതായിട്ടുണ്ട്. ആ രണ്ടു പുസ്തകങ്ങളും എന്റെ ഉപ്പ കണ്ടിട്ടില്ല. എന്നെങ്കിലും ഞാനൊരു എഴുത്തുകാരനാവുമെന്ന് ഉപ്പ വിശ്വസിച്ചിരുന്നു.

അവിടെ...
തറവാട്ടുവീട്ടിൽ അനിയന്റെ മുറിയിവിട്ട മരബഞ്ചിൽ കണ്ണുകളടച്ച് ഉപ്പ കിടന്നു. ആ രാത്രിയുടെ വെളിച്ചത്തിലൂടെ ഇരുട്ടിലൂടെ ഞാൻ ഉപ്പാന്റെ അടുത്തേക്ക് നടന്നു. എന്താണ് ഞാൻ കരയാത്തതെന്ന് എനിക്ക് അത്ഭുതം തോന്നിയില്ല. ഞാനാ മുറിയിലേക്ക് കടക്കുമ്പോൾ ഏട്ടനും അനിയനും അവിടെ ഉണ്ടായിരുന്നു. നടന്ന് വന്നതു കൊണ്ടാവണം ഞാനാകെ തണുത്തുവിറച്ചു. വെള്ള പുതച്ചുകിടക്കുന്ന ഉപ്പാന്റെ കാലിൽ ഞാൻ തൊട്ടു. മുഖത്തേക്ക് നോക്കാതെ ഞാൻ ചുമരിലെ കറുത്ത പൊട്ടുകളിലേക്ക് നോക്കി. ആ പൊട്ടുകൾ മാഞ്ഞ് ഞാനവിടെ ഉപ്പാനെ കണ്ടു. കവലയിലെ രാത്രികളിൽ രാഷ്ട്രീയം പറഞ്ഞുതർക്കിക്കുന്ന എന്നെ ഉപ്പ വിളിച്ചു, ‘നേരം കൊറേയായി, ഇഞ്ഞ് അരിയാക്കത്തി* കുടീക്ക് പോരേ ... '

ഇതെഴുതുമ്പോൾ എത്ര നിലവാരം കുറഞ്ഞതാണെങ്കിലും രണ്ട് പുസ്തകങ്ങൾ എന്റേതായിട്ടുണ്ട്. ആ രണ്ടു പുസ്തകങ്ങളും എന്റെ ഉപ്പ കണ്ടിട്ടില്ല. എന്നെങ്കിലും ഞാനൊരു എഴുത്തുകാരനാവുമെന്ന് ഉപ്പ വിശ്വസിച്ചിരുന്നു. എന്നോട് അത് പറഞ്ഞിട്ടില്ലെങ്കിലും, ഉമ്മയടക്കം വീട്ടിലെ മറ്റുള്ളവരൊക്കെ എന്റെ ഭ്രാന്തമായ വായനയെ എതിർത്തപ്പോഴും കളിയാക്കിയപ്പോഴും, ഉപ്പ മാത്രം ചെറുചിരിയോടെ എന്റെ ഉന്മാദങ്ങളെ സ്വീകരിച്ചു.

ഉപ്പാ...
ഉപ്പയും ഞാനും ഒന്നിച്ച് നടന്ന വഴികളിലും തൊഴിലിടങ്ങളിലും ഉപ്പ എനിക്കായി മറന്നു വെച്ച ബീഡിക്കെട്ടും തീപ്പെട്ടികളും ഞാനിന്നും തിരയാറുണ്ട്. മരണത്തിനപ്പുറം ഏതൊക്കെയോ വഴികളിൽ ഉപ്പ എനിക്കായി ബീഡിയും അന്നവും കരുതി വെച്ച് കാത്തിരിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മരണം തൊട്ട ഉപ്പാന്റെ മുഖമല്ല എന്റെ ഉള്ളിലുള്ളത്. ചെറുചിരിയോടെ, ‘ഇജ് പ്പൊ വായിക്കലൊന്നില്ലേ? ' എന്നു​ചോദിക്കുന്ന ഉപ്പാന്റെ മുഖമാണ്. വായനയുടെയും എഴുത്തിന്റെയും പേരിൽ ഞാൻ കേൾക്കുന്ന ഏത് ആക്ഷേപത്തെയും പരിഹാസത്തെയും നേരിടാൻ എനിക്ക് ഉപ്പാന്റെ ആ ചോദ്യം മാത്രം മതി. ▮

(* അരിയാക്കത്തി = അരിവാൾ ചുറ്റിക നക്ഷത്രം )


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments