ദൈവം ഉണ്ടോ എന്നതല്ല, മനുഷ്യൻ ഉണ്ടോ, അവന് ഉണ്ണാൻ കിട്ടുന്നുണ്ടോ എന്നതാണ് എൻറെ വിഷയം

വിശന്നിരിക്കുന്ന ഒരു മനുഷ്യനോട് എനിക്ക് യുക്തിവാദമോ വിശപ്പിന്റെ പരിണാമ വഴികളോ വിശപ്പിന്റെ ശാസ്ത്രീയവശമോ പറയാൻ കഴിയില്ല. അയാൾക്ക് ഭക്ഷണം കൊടുക്കാനേ കഴിയൂ. യാന്ത്രികമായ യുക്തിവാദം അവിടെയാണ് പരാജയപ്പെടുന്നത്.

Truecopy Webzine

ഭൂമിയിൽ ജീവിക്കാൻ മനുഷ്യന് ദൈവവിശ്വാസമോ മതവിശ്വാസമോ വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നുതന്നെയാണ് ഉത്തരം. പക്ഷേ, വേണ്ട എന്ന ആ ഉത്തരത്തിന് എന്റെ ജീവിതപരിസരങ്ങളിൽ ചെറുതല്ലാത്ത വില കൊടുക്കണം. സാമൂഹ്യജീവിയായതുകൊണ്ടും, സമൂഹത്തിലെ ഭൂരിപക്ഷവും ദൈവത്തിന് വോട്ട് ചെയ്യുന്നവരായതുകൊണ്ടും എന്നെപ്പോലെ ഒരു സാധാരണക്കാരൻ ‘വേണം’ എന്ന് ഉത്തരം പറയുന്നതാണ് തടിക്കുനല്ലത്.

തികച്ചും മതവിശ്വാസികളായ മാതാപിതാക്കളുടെ മകനായിട്ടാണ് ജനിച്ചുവളർന്നത്. അതുകൊണ്ടുതന്നെ എന്റെ അനുവാദമില്ലാതെ മുസ്​ലിം നാമവും ഇസ്​ലാം മതവും, ഞാനെന്ന ബോധം ഉറയ്ക്കുന്നതിനും വളരെ മുമ്പേ എന്നിൽ അടിച്ചേൽപ്പിക്കപ്പെട്ടു. അതിനെ തടയാൻ എനിക്കൊരു വഴിയുമില്ലായിരുന്നു. ഞാനും എട്ടുവരെ മദ്രസയിൽ പോയി. അവിടുന്ന് ആകെ പഠിച്ചത് ഖുർആൻ കാണാതെ ഓതാനും, കുറച്ച് അറബി വ്യാകരണവും, പദ്യങ്ങളുമാണ്. പിന്നെ നമസ്‌കാരവും നോമ്പും... അക്കാലത്ത്
മതമെന്നാൽ എനിക്ക്, റമദാനിൽ കിട്ടുന്ന ഒരു നേരത്തെ നല്ല ഭക്ഷണവും, നേർച്ച ചോറും, പെരുന്നാളുകൾക്ക് വഴിതെറ്റിയെത്തിയേക്കാവുന്ന പുതുവസ്ത്രങ്ങളുമാണ്.

കൗമാരത്തിൽ ഹോട്ടലുകളിലെ എച്ചിൽതുടപ്പുകാരനും വീട്ടുവേലക്കാരനും റോഡ് പണിക്കാരനും ലോട്ടറി വില്പനക്കാരനുമൊക്കെയായതിനാൽ ആ പരിസരങ്ങളിലൊന്നും മതം ഉണ്ടായിരുന്നില്ല. യൗവ്വനാരംഭത്തിലെത്തുമ്പോൾ മലയാളഭാഷയിൽ എഴുതാനും വായിക്കാനും സ്വയം പഠിച്ചുകഴിഞ്ഞിരുന്നു. പക്ഷേ പുസ്തകങ്ങളിലെ അറിവിനെക്കാൾ സ്വന്തം ജീവിതപരിസരങ്ങളിൽ നിന്ന് കിട്ടിയ ചെറിയ ബുദ്ധിയും അതിന്റെ യുക്തിയും കൊണ്ടാണ് ഞാൻ മതത്തെയും ജീവിതത്തെയും നേരിട്ടത്.

ദൈവം ഉണ്ടോ ഉണ്ടില്ലയോ എന്ന് പുസ്തകജീവികൾ തമ്മിൽ തർക്കിക്കുമ്പോൾ, ഞാൻ തർക്കിച്ചത് മനുഷ്യൻ ഉണ്ടോ, അവന്​ ഉണ്ണാൻ കിട്ടുന്നുണ്ടോ, കിട്ടുന്നില്ലെങ്കിൽ എന്തുകൊണ്ട് എന്നൊക്കെയായിരുന്നു. യാന്ത്രികയുക്തിയിൽ രമിച്ച് അതിലൂടെ ഏറെ ദൂരം സഞ്ചരിച്ച എന്റെയാ സുഹൃത്തുക്കൾ ഇന്ന് അവരവരുടെ മതങ്ങളിലെ തീവ്രവിശ്വാസികളാണ് എന്നതും എന്നെ അത്ഭുതപ്പെടുത്തുന്നില്ല. മനുഷ്യൻ എന്നത് യാതൊരു നിർവചനത്തിനും വഴങ്ങാത്ത ഒന്നാണല്ലോ.

വിമർശിക്കുന്ന ആളുടെ മതം വിഷയമാവാതെ, എല്ലാ മതത്തെയും എല്ലാവരും വിമർശിച്ച ആ യൗവനാരംഭകാലത്ത് എന്റെ റോൾ എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. വിശ്വാസികളോടൊപ്പം കൂടി ഞാൻ അവിശ്വാസികളോട് തർക്കിച്ചു. അവിശ്വാസികളോടൊപ്പം കൂടി ഞാൻ വിശ്വാസികളുമായി തർക്കിച്ചു. രണ്ടുപക്ഷത്തും ചേർന്നുള്ള ഈ തർക്കങ്ങളെല്ലാം തികച്ചും യുക്തിഭദ്രമായിരുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ഇതിന്റെ ഫലമായി വിശ്വാസികൾക്ക് ഞാൻ അവിശ്വാസിയും, അവിശ്വാസികൾക്ക് വിശ്വാസിയുമായി. അത്തരം തർക്കങ്ങളെല്ലാം ഒടുങ്ങുമ്പോൾ, സ്വന്തം കാശു കൊണ്ട് ഇരുപക്ഷത്തുമുള്ള കൂട്ടുകാർക്ക് ചായക്ക് പറയുന്നതും ഞാനായിരുന്നു.

അവിശ്വാസികൾ എന്നോട് പക സൂക്ഷിച്ചില്ല. വിശ്വാസികൾ ഉള്ളിൽ അതുമാത്രം സൂക്ഷിച്ചു. ഇസ്​ലാമിനെ വിമർശിക്കുന്ന ഞാൻ നിരീശ്വരവാദിയാണെന്നുപറഞ്ഞ് എന്റെ കല്യാണം മുടക്കുന്നതിൽ വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചു. അതിന്റെ പേരിൽ ഒരു വെള്ളിയാഴ്ച പള്ളി മുറ്റത്ത് കൂട്ടത്തല്ലുമുണ്ടായി. കല്യാണം മുടക്കാൻ നോക്കിയ ആൾ പുറമേക്ക് മുസ്​ലിംലീഗുകാരനും, അകമേ എൻ.ഡി.എഫുകാരനും ആയിരുന്നു. അന്ന് എന്റെ പക്ഷത്തുനിന്നത് അവിശ്വാസികളല്ല, എന്റെ രക്തബന്ധങ്ങളാണ്. പിറ്റേന്നത്തെ വെള്ളിയാഴ്ച മറ്റ് മഹല്ലുകളിൽ നിന്നുള്ള എൻ.ഡി.എഫുകാർ വന്ന് ഏട്ടന്മാരുടെയെല്ലാം വീടുകളിൽ കയറി ഭീഷണിപ്പെടുത്തി. എന്നെ കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ച് മർദ്ദിക്കാൻ നോക്കി. ഞാൻ ഖുർ ആനിനെ വിമർശിക്കുന്നു എന്നായിരുന്നു അവരുടെ മുഖ്യ പരാതി. ഖുർആൻ വിമർശനം ഇങ്ങനെ നടുറോഡിൽ വെച്ച് തല്ലിത്തീർക്കേണ്ട വിഷയമായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അങ്ങനെ ആവാം എന്ന് ഞാനുറപ്പിച്ചു പറഞ്ഞപ്പോൾ അവർ ചെറിയ ഉന്തും തള്ളും കൊണ്ട് തൃപ്തരായി മടങ്ങിപ്പോയി. ഏതാണ്ട് അക്കാലത്താണ് എൻ.ഡി.എഫുകാർ താനൂർ ഔലിയയെ വധിച്ചത്. അതിന് കാരണമായി അവർ പറഞ്ഞത്, ആ മനുഷ്യൻ ഇസ്​ലാമിന് നിരക്കാത്ത മന്ത്രിക്കലും ഊത്തും നടത്തുന്നു എന്നായിരുന്നു.

അന്ന് ഞങ്ങളുടെ അന്തിച്ചർച്ചയിൽ അത് പറഞ്ഞ എൻ.ഡി.എഫുകാരനോട് ഞാൻ ചോദിച്ചു, ‘എങ്കിൽ നിങ്ങൾ ആദ്യം വെട്ടേണ്ടത് പാണക്കാട്ടെ തങ്ങന്മാരെ അല്ലേ? അവരാണല്ലോ കേരളത്തിലെ മുസ്​ലിംകൾക്കിടയിൽ മന്ത്രിച്ച് ഊതലിന്റെ മൊത്തക്കച്ചവടം നടത്തുന്നത്?'

മതതീവ്രത എപ്പോഴും അതിന്റെ ചോരക്കൈകൾ നീട്ടുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ നേരെയാണ് എന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു താനൂർ ഔലിയയുടെ വധം. ആ വൃദ്ധന് ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല. അതല്ല മന്ത്രിമാരെയടക്കം ഉത്പാദിപ്പിക്കുന്ന പാണക്കാട് തറവാടിന്റെ സ്ഥിതി.

വിശന്നിരിക്കുന്ന ഒരു മനുഷ്യനോട് എനിക്ക് യുക്തിവാദമോ വിശപ്പിന്റെ പരിണാമ വഴികളോ വിശപ്പിന്റെ ശാസ്ത്രീയവശമോ പറയാൻ കഴിയില്ല. അയാൾക്ക് ഭക്ഷണം കൊടുക്കാനേ കഴിയൂ. യാന്ത്രികമായ യുക്തിവാദം അവിടെയാണ് പരാജയപ്പെടുന്നത്. അത് മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരവും പറയുന്നില്ല. മനുഷ്യന്റെ അടിസ്ഥാനപ്രമേയങ്ങളായ അന്നം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്ക് മതത്തിന്റെ കയ്യിലും പരിഹാരമില്ല. ഉണ്ടായിരുന്നെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള മതങ്ങൾ അത് എന്നേ പരിഹരിക്കേണ്ടതായിരുന്നു.

അവിശ്വാസികൾ എന്നോട് പക സൂക്ഷിച്ചില്ല, വിശ്വാസികൾ ഉള്ളിൽ അതുമാത്രം സൂക്ഷിച്ചു

മുഹമ്മദ് അബ്ബാസ്എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 98


Summary: വിശന്നിരിക്കുന്ന ഒരു മനുഷ്യനോട് എനിക്ക് യുക്തിവാദമോ വിശപ്പിന്റെ പരിണാമ വഴികളോ വിശപ്പിന്റെ ശാസ്ത്രീയവശമോ പറയാൻ കഴിയില്ല. അയാൾക്ക് ഭക്ഷണം കൊടുക്കാനേ കഴിയൂ. യാന്ത്രികമായ യുക്തിവാദം അവിടെയാണ് പരാജയപ്പെടുന്നത്.


Comments