മൂന്നാറിൽ നിന്ന് മടങ്ങുന്നതിന്റെ തലേന്നാണ് ജോസഫ് എന്ന പരിസരവാസി കുന്നിൻമുകളിലെ ദേവാലയത്തെപ്പറ്റി പറഞ്ഞു തന്നത്. അപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. ഞാൻ നില്ക്കുന്ന സ്ഥലത്തു നിന്നും മൂന്ന് കിലോ മീറ്റർ ദൂരം അങ്ങോട്ടേക്ക് ഉണ്ടെന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് നേരം പുലർന്നാൽ ആദ്യം അങ്ങോട്ട് എന്ന് മനസ്സിൽ ഉറപ്പിച്ചു. ചിന്തക്കും വൈകാരികതക്കും വേണ്ടുന്ന ഒന്ന് ആ കുന്നിൻമുകളിൽ നിന്ന് എന്നെ ക്ഷണിക്കുന്നത് പോലെ തോന്നി.
ആ ചെരിവിലൂടെ ഒറ്റയ്ക്ക് കാഴ്ചകൾ കണ്ടുകൊണ്ട് തിരക്കിൽ ഒരാളായി അലിഞ്ഞു ചേരുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം എന്നിലെ സഞ്ചാരിണിക്ക് അനുഭവപ്പെട്ടു. വഴിയോരത്തു നിന്ന് ഒരു മുഴം മുല്ലപ്പൂ വാങ്ങിച്ചപ്പോൾ ആ കുട്ടയിൽ ജമന്തി പൂവിന് വേണ്ടിയും കണ്ണുകൾ തിരഞ്ഞു. കുന്തം കാലിൽ കുത്തിയിരുന്ന് രണ്ട് സ്ത്രീകൾ മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ വക്രിച്ചും കോക്രിച്ചും എന്നെ നോക്കി. ഏറ്റവും സാധാരണമായ അവരുടെ നാട്ടുവർത്തമാനങ്ങളിൽ കയറിപ്പറ്റാൻ "വള നല്ല കുപ്പി വള, മാല നല്ല കല്ലുമാല എങ്കെ വാങ്കിടും' എന്നൊരു ചോദ്യമെറിഞ്ഞു. അത് ഫലിച്ചു. പാതി തമിഴും മലയാളവും ഇടകലർന്ന് അവരോട് കൊച്ചു വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. എന്റെ ദേശത്ത് പഠിക്കാൻ വന്ന് ഓർമ്മയായി മാറിയ അഭിമന്യു എന്ന വീര്യമുള്ള യുവാവിനെ അവർ ഓർത്തെടുത്തു. ഇരുന്നിടത്തു നിന്ന് വലത്തോട്ട് കൈ വീശി വട്ടവടയിലേക്കുള്ള വഴി അവർ ചൂണ്ടിക്കാണിച്ചു തരികയും ചെയ്തു. ചുട്ടെടുത്ത ചോളത്തിൽ പല്ലുകൾ അമർന്നപ്പോൾ മെല്ലെ ഇരച്ചു കയറുന്ന തണുപ്പിനെ കൂടെ കൂട്ടി കടലാസ്സു പൊതിയിലെ മുല്ലപ്പൂമാല കൈകുമ്പിളിലാക്കി ഞാൻ താമസ സ്ഥലത്തോട്ടുള്ള കുന്നുകയറി.
പാതിവഴിയിൽ തിരിഞ്ഞു നിന്ന് ദൂരേക്ക് നോക്കി മലകളും കുന്നുകളും താഴ്വാരങ്ങളും ഒരേ സ്വരത്തിൽ പറയുന്നത് പോലെ. ആദിമുതലേ ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നവർ ആണേ. ഇരുട്ടിൽ നിഴൽചിത്രങ്ങൾ ശബ്ദിക്കുന്നത് പോലെ. ഉച്ചത്തിൽ ഒരു ചോദ്യം അങ്ങോട്ടെറിഞ്ഞാൽ തിടുക്കത്തിൽ ഒരു പ്രകമ്പനത്തോടെ ഉത്തരം തരുന്ന ഭൂമിക, മൂന്നാർ. തെക്കിന്റെ കാശ്മീർ. മരങ്ങളിൽ വലിഞ്ഞു കയറിയും കാട്ടു പാതകളിൽ എത്തിനോക്കിയും പ്രപഞ്ചത്തിന്റെ ഉച്ചഭാഷിണികളെപ്പോലെ എനിക്ക് പേര് പറയാൻ അറിയില്ലാത്ത വനപുഷ്പങ്ങൾ.
വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡുകൾ അവരെക്കുറിച്ചുള്ളത് സത്യസന്ധതയോടെ പറഞ്ഞു തന്നു. ഞങ്ങൾ വന്നു കയറിവരാണ്. വരത്തന്മാർ
അതിനോട് ഞാനും കൂട്ടിച്ചേർത്തു. "നിങ്ങളിലൂടെ ഞാനും'. "ഓൾഡ് മൗണ്ടൈൻസ് ആൻഡ് ന്യൂ റോഡ്‌സ്' എന്നൊരു ഡോക്യുമെന്ററി അപ്പോൾ ഓർമ്മ വന്നു.
രാത്രി അതിന്റെ എല്ലാ അനുഭൂതികളിലും താഴ്വാരങ്ങളോട് എന്തോ മന്ത്രിക്കുന്നു. ആദ്യം കേട്ടത് കുന്നുകയറി വരുന്ന ഒരു കുളമ്പടി ശബ്ദമാണ്. നൂറ്റാണ്ടുകൾ പിന്നിലേക്ക് ഉറക്കത്തിൽ നിന്ന് ആരോ കൂട്ടികൊണ്ട് പോയപോലെ.
താമസ സ്ഥലത്ത് ആദ്യ കാഴ്ച്ചയിൽ തന്നെ കണ്ടു വച്ച ഒരു മരമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ചേല ചുറ്റി പൂ ചൂടി ചാരെ വന്നു നിൽക്കുമെന്നും സൗമ്യനായ ഒരാൾ നമ്മളെ ക്യാപ്ചർ ചെയ്യുമെന്നും സൂചിപ്പിച്ചു. അത് കേട്ട് മരം ഒരു ഇല പൊഴിച്ചു. അതൊരു തെളിവായി കടലാസ്സു പൊതിക്കുള്ളിൽ ചേർത്ത് വച്ചു. നേരത്തെ ഉറങ്ങുന്ന മൂന്നാറിന് മഞ്ഞിന്റെ വെളുത്ത പുതപ്പുണ്ട്. സീസൺ അനുസരിച്ചു അതിന്റെ കനം കൂടിയും കുറഞ്ഞും ഇരിക്കും അതിനുള്ളിൽ തേയില കൊളുന്തുകൾ സഞ്ജിവനി ആകുന്നു. അതിനെക്കുറിച്ചൊക്കെ പുരാണവും ചരിത്രവും ഒക്കെ കൂട്ടിക്കലർത്തി ടീ ഫാക്ടറിയിലെ ഭിത്തിയിൽ ഒട്ടിച്ചു വച്ചിട്ടുണ്ട്. ഒട്ടും മലിനമല്ലാത്ത വായുവിൽ മൂക്കിലൂടെ ശ്വാസം ഏറ്റവും സുതാര്യമായി ഉള്ളറകളിലൂടെ കയറിയിറങ്ങി. ഏറെ നാളായി അടഞ്ഞു കിടന്ന വാതിലുകൾ മലർക്കെ തുറന്നിട്ടാൽ എന്നപോലെ. നല്ല സ്വരം കിട്ടിയപ്പോൾ എനിക്കൊരു പാട്ട് പാടാൻ തോന്നി. കൂടെയുള്ളവർ കൗതുകത്തോടെ എന്നെ നോക്കി. പിന്നെ അവർ പരസ്പരം നോക്കി. അതിനു ശേഷം ഞങ്ങൾ ഒന്നിച്ചു ചിരിച്ചു. ചിരിയോടൊപ്പം അവരുടെ മുന്നിലിരിക്കുന്ന ചിക്കൻ സൂപ്പിലേക്ക് കുരുമുളക് പൊടിതൂവിക്കൊടുത്ത് ഞാൻ എന്നെ സ്ഥാനത്ത് ഇരുത്തി. ശരിയാണ് സൂപ്പിന്റെ തിരഞ്ഞെടുപ്പിൽ തന്നെ ഇഷ്ടങ്ങൾ വളരെ കൃത്യമാണ്. മൂന്നാറിലെ തണുപ്പിന് ഹോട്ട് സൂപ്പ് ഏറ്റവും നല്ലത്. അത് സ്വീറ്റ് കോണോ അല്ലെങ്കിൽ ഹോട്ട് സോർ ചിക്കനോ ആകാം. കുരുമുളക് പൊടി രണ്ടിനും മസ്റ്റാണ്.
ജോസഫ് പറഞ്ഞ മലമുകളിലെ ദേവാലയം വീണ്ടും ചിന്തയിൽ വന്നു. മൂന്നാർ സന്ദർശിക്കുന്നവർ അവിടം ഒഴിവാക്കാറില്ലത്രേ. റൂമിൽ വന്നിരുന്ന് കുടുംബത്തോടോപ്പം വട്ടത്തിലിരുന്ന് ചീട്ടുകളിയും കഴിഞ്ഞു
ഏറ്റവും സ്വാസ്ഥ്യം പകർന്ന ശാന്തതയിൽ ഉറക്കത്തിലോട്ട് വീഴുമ്പോൾ മേൽക്കൂരയിൽ മഞ്ഞു തുള്ളികൾ ഒരുക്കുന്ന മൃദുതാളം.
രാത്രി അതിന്റെ എല്ലാ അനുഭൂതികളിലും താഴ്വാരങ്ങളോട് എന്തോ മന്ത്രിക്കുന്നു. ആദ്യം കേട്ടത് കുന്നുകയറി വരുന്ന ഒരു കുളമ്പടി ശബ്ദമാണ്. നൂറ്റാണ്ടുകൾ പിന്നിലേക്ക് ഉറക്കത്തിൽ നിന്ന് ആരോ കൂട്ടികൊണ്ട് പോയപോലെ. അതും 1780 കളിലേക്ക്. ആദ്യ യൂറോപ്പ്യൻ കടന്നുവരവിന്റെ നാൾവഴി എന്ന പോലെ വെല്ലിങ്ടനിലെ പ്രഭു ആർതർ വെല്ലസ്ലിക്കും സംഘത്തിനും കുമളി വഴി കണ്ണൻ ദേവൻ മലനിരകളിലൂടെ കടന്നു പോകേണ്ടതായി വരുന്നു. വരവിന്റെ ഉദ്ദേശം തിരുവിതാംകൂറിൽ ടിപ്പുവിന്റെ പടയോട്ടത്തെ തടുക്കുക എന്നത്. മൂന്നോട്ട് നീങ്ങുന്ന സംഘത്തെ ജനറൽ മെഡോസ് തിരിച്ചു വിളിച്ചു. പോരെ, തിരിച്ചു പോരെ. അപകടം മണത്തറിഞ്ഞു ടിപ്പു പിൻവാങ്ങിയിരിക്കുന്നു. ടിപ്പു എങ്ങോട്ട് വേണേലും ഓടി പൊക്കോട്ടെ. പക്ഷെ താൻ കണ്ട ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രകൃതി, അവയുടെ തന്ത്രപ്രധാനമായ കിടപ്പ് ഇതൊന്നും കണ്ടിട്ടില്ല എന്ന മട്ടിൽ എങ്ങനെ തിരിച്ചു പോകും. കണ്ണൻ ദേവൻ മലയിൽ ഒരാഴ്ച ക്യാമ്പ് ചെയ്തിട്ട് ഞങ്ങൾ അങ്ങ് വന്നേക്കാം. ആർതർ വെല്ലസ്ലി ജനറൽ മെഡോസിന് കുറിമാനം കൊടുത്തയച്ചു. അതൊരു തുടക്കം ആയിരുന്നു. പച്ചപ്പ്, ഹരിതാഭ, മലകൾ, പുൽമേടുകൾ, കറുത്തകാട്, നദികൾ എന്നിവ അവരുടെ ചാർട്ടിൽ വരകളായും നിറങ്ങളായും മൂന്നാറിന്റെ സാധ്യതകളുടെ രേഖാ ചിത്രത്തിൽ തിളങ്ങി നിന്നു. കടന്നു വരവുകൾ, കടന്നു പോവലുകൾ, തദ്ദേശീയരുമായി കൂടിയാലോചനകൾ. ഒരു ദേശം അതിനെ അണിയിച്ചൊരുക്കാൻ അനുവദിക്കുകയാണ്. നിങ്ങൾ എന്നെ പൊട്ട് കുത്തിച്ചോ, പൂ ചൂടിച്ചോ, എന്നിൽ നട്ടു വച്ചോ, വളർത്തിക്കോ. എന്റെ മക്കളെ പോറ്റിക്കോളു. പക്ഷെ എന്നിൽ നിന്ന് ഒന്നും എടുത്തു മാറ്റരുത്.അവസാന വാക്യത്തിലെ "അരുത് ' അതിലെ കാർക്കശ്യം സായിപ്പന്മാർ അടിവരയിട്ടു. ഇല്ലാ അങ്ങനെ ഒന്നും ഉണ്ടാവില്ല. ആദ്യം ഞങ്ങൾ ഈ മണ്ണറിയും. പിന്നെ വേറേ പലതും.
മലഞ്ചെരിവുകളിൽ പുതിയൊരു കുറ്റിച്ചെടി എത്തുകയായി. മരണമില്ലാത്ത ചെടി. മറ്റാരും പറയാത്ത മൂന്നാറിന്റെ കഥകൾ അവരിലുണ്ട്.
ആദ്യം വന്നത് ഗ്രാൻഡീസ് യൂക്കാലിപ്‌സ്, പിന്നെ പൈൻ, ഓക്ക് എന്നിവ. കാട്ടുമരങ്ങൾ തങ്ങൾക്ക് സാധ്യമായ വിധത്തിൽ ഉള്ളിലേക്ക് ഒതുങ്ങി നിന്നു. തോലടർച്ച ഉള്ള നീളൻ മരങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ചെറുപക്ഷികൾ എന്തിനോ വേണ്ടി ചിലച്ചു. നിരയായി നട്ട നെടുനീളൻ മരങ്ങൾക്കിടയിലൂടെ കൊമ്പന്മാർ മേനി ഒതുക്കി കാട്ടുചോലയിലേക്ക് തുമ്പികൈ നീട്ടി. പിന്നെയവർ മലകളെ നോക്കി ചിഹ്നം വിളിച്ചു. മൂന്നാർ മാറുകയായി. മലഞ്ചെരിവുകളിൽ പുതിയൊരു കുറ്റിച്ചെടി എത്തുകയായി. മരണമില്ലാത്ത ചെടി. മറ്റാരും പറയാത്ത മൂന്നാറിന്റെ കഥകൾ അവരിലുണ്ട്. പച്ചപ്പിന്റെ മെത്തമേൽ രണ്ട് കയ്യുമെടുത്ത് താളമടിച്ചു മൂന്നാറിലെ പെണ്ണുങ്ങൾ. കൈ മടക്കി പിന്നോട്ടാക്കി കൊളുന്ത് മാറാപ്പിൽ നിറക്കുന്ന കാഴ്ച്ച മേന്മയേറിയ തേയിലയുടെ പരസ്യമായി. അവരുടെ ജീവിതം ആകെ മാറി. പുതിയ വിശേഷങ്ങളുമായി മലഞ്ചെരുവിൽ നിന്ന് താഴ്വാരത്തോട്ട് ഒരു കാറ്റ് വന്നും പോയും ഇരുന്നു.
വർഷങ്ങൾ കടന്നു പോയി. യൂറോപ്പിലെ പെൺകൊടികൾക്ക് ഇന്ത്യ സ്വപ്നഭൂമി ആയി. ചെക്കൻ ഇന്ത്യയിൽ കേരളത്തിലെ ടീ എസ്റ്റേറ്റിൽ ആണോന്ന് ചോദിക്കുന്ന തരത്തിൽ കാര്യങ്ങൾ മാറി വന്നു. തങ്ങൾക്ക് ഏറെ പ്രിയമുള്ള ഹൈറേഞ്ച് ജീവിതവും ശൈത്യവും കാടും ഒക്കെ അവർ സ്വപ്നം കണ്ടു.
ബന്ധുക്കളുടെയും സ്വന്തക്കാരുടെയും കൈവശം അവർ വിത്തുകളും ചെടികളും കൊടുത്തയച്ചു. എന്നെങ്കിലും ഒരു വഴി ഒക്കും. "കൊടുത്താൽ കൊല്ലത്തും കിട്ടും'.അവരുടെ മനോവിചാരങ്ങൾ അങ്ങനെ പോയി. അപ്പോഴേക്കും നല്ല കുരുമുളകും ഏലക്കായും ഗ്രാമ്പുവും അവർക്ക് ഹരമായി തുടങ്ങിയിരുന്നു. പിന്നാലെ ആടുമാടുകളും പശുക്കളും കപ്പൽ കയറി വന്നു. ഉറക്കത്തിൽ ഒന്ന് തിരിഞ്ഞു കിടന്നപ്പോഴേക്കും കഥ മാറുകയാണ്. ജീവിത സംബന്ധിയായ ഒന്നിന്റെ റീൽ അബോധമനസ്സിന്റെ തിരശീലയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. രണ്ട് പേരെ ചുറ്റിപ്പറ്റിയാണ്.
എഴുതി കാണിക്കുന്ന വർഷം 1894.
ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സർ ഹെൻട്രി മാൻസ് ഫീൽഡും എലേനർ ഇസബെൽ മേ യും വിവാഹിതരായത്. (ഇനി അവരെ പരാമർശിക്കുമ്പോൾ ഹെൻട്രി എന്നും എലേനർ എന്നുമേ ഞാൻ പറയൂ). ആനവാലിൽ തീർത്ത ഒരു മോതിരം എലേനറുടെ മോതിര വിരലിൽ ഇറുകി കിടന്നു. അക്കാലത്ത് മൂന്നാർ ടീ എസ്റ്റേറ്റിലെ ചുമതല ഹെൻട്രിക്ക് ആയിരുന്നു. തോട്ടത്തിന്റെ ഒത്ത നടുക്ക് നല്ലൊരു ബംഗ്‌ളാവും ജോലിക്കാരും പൂന്തോട്ടവും ഒക്കെയായി. കപ്പലിൽ കേറി ഭർത്താവിനോടൊപ്പം ഇൻഡ്യയിലോട്ട് പോരുമ്പോൾ ഏറെ പ്രതീക്ഷകൾ ആയിരുന്നു ആ ചെറുപ്പക്കാരിക്ക്. നവംബർ മാസമായിരുന്നു അത്. വരാൻ പോകുന്നത് അവരുടെ ആദ്യത്തെ ക്രിസ്മസ്. ഇംഗ്ലീഷ് ക്രിസ്മസും വൈനും കേക്കും പുൽക്കൂടും നക്ഷത്രങ്ങളും എല്ലാം നഷ്ടമാവുമോ അലങ്കാരത്തിനായി ക്രിസ്മസ് ഹോളി എന്ന ചുവന്ന കായുണ്ടാകുന്ന ഇലപ്പടർപ്പ് അവിടെ ഉണ്ടാവുമോ. അവസാന നിമിഷത്തിൽ എലേനറിനെ ഗൃഹാതുരത പിടികൂടി. മുത്തശ്ശി കുറേ ചുവന്ന കമ്പിളി നൂലുകളും അതിന്റെ നീഡിലും, പിന്നെ വൈനിൽ കുതിർത്തുവച്ചിരുന്ന പഴങ്ങളും അവളുടെ പെട്ടിയിൽ വച്ചു കൊടുത്തു. "പോകുന്നിടം വഴി. ചെല്ലുന്നിടം വീട്' നെറ്റിയിൽ കുരിശു വരച്ചു കൊടുത്തുകൊണ്ട് ആ വൃദ്ധ അകമുറിയിലേക്ക് പിൻവാങ്ങി. പ്രിയപെട്ടവരോട് യാത്ര ചൊല്ലി ആ നവദമ്പതികൾ അതി വിദൂരദേശത്ത് തങ്ങൾ സ്വന്തമാക്കാൻ പോകുന്ന ജീവിതം സ്വപ്നം കണ്ട് കപ്പലിൽ ചേർന്നിരുന്നു. ശ്രീലങ്ക വഴി, ബോഡി നായ്ക്കന്നൂർ കടന്ന് അവർ മൂന്നാറിൽ എത്തി. പറഞ്ഞു കേട്ടത് അടുത്ത് കണ്ടപ്പോൾ എലേനറിന് ഉണ്ടായ സന്തോഷം. അതിവിടെ എഴുതുന്നില്ല. വശ്യമായ ഒരു ഭൂപ്രകൃതിക്കു മുന്നിൽ ഏറ്റവും നിസ്സാരനാണ് നാം എന്ന് തോന്നുന്ന ഒരു ശ്രേഷ്ഠവികാരം ഉണ്ടല്ലോ. അതിന്റെ നിറവിൽ എലേനർ എല്ലാം മറന്നു.
പൊടുന്നനെ ഇത് പറഞ്ഞിട്ട് എലേനർ പ്രിയതമന്റെ കണ്ണിലേക്ക് നോക്കി. ജീവിതത്തെ കൊളുത്തി വലിക്കുന്ന ചില പ്രസ്താവനകൾ നടത്തിയിട്ട് മറുപടി കേൾക്കാൻ ഉള്ള സുഖം അതവൾ പ്രതീക്ഷിച്ചിരുന്നു.
നവംബർ മാസം വർഷാവസാനത്തിലോട്ട് നീങ്ങുന്നതിന്റെ എല്ലാ പരിഭവത്തോടെയും കൂടി വിവിധ ഭാവങ്ങളിൽ മല നിരകളിൽ മഞ്ഞായും വെയിലായും മഴയായും ഓടി നടന്നു. ക്രിസ്മസ്സിന് ഇനി ഒരു മാസമെ ഉള്ളുവെന്ന് കാട്ടുപാതയിലെ ഉണ്ണീശോ പുല്ലുകൾ ഓർമിപ്പിച്ചു. അന്നുച്ചകഴിഞ്ഞു ചെറിയൊരു മയക്കത്തിനു ശേഷം ചില്ലുഭരണിയിലെ കുതിർത്തു വച്ച പഴങ്ങൾ ഒന്ന് കുലുക്കി കൊടുത്തുകൊണ്ട് എലേനർ അത്യുത്സാഹത്തോടെ ഹെൻട്രിയുടെ പിന്നാലെ കൂടി. എന്തോ ഉണ്ടല്ലോ ? ഹെൻട്രി ആ ഉത്സാഹത്തിന്റെ ഗുട്ടൻസ് മണത്തു.
"ഇന്ന് സായാഹ്നത്തിൽ നമുക്ക് ആ കുന്നിൻ ചെരുവിൽ പോകാം. '
"ഓഹ് അതിനെന്താ..'
അവർ ഏറെ നേരം പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിച്ച് അവിടെ ഇരുന്നു.
"ഞാൻ മരിച്ചാൽ എന്നെ ഇവിടെത്തന്നെ അടക്കണം'.
പൊടുന്നനെ ഇത് പറഞ്ഞിട്ട് എലേനർ പ്രിയതമന്റെ കണ്ണിലേക്ക് നോക്കി. ജീവിതത്തെ കൊളുത്തി വലിക്കുന്ന ചില പ്രസ്താവനകൾ നടത്തിയിട്ട് മറുപടി കേൾക്കാൻ ഉള്ള സുഖം അതവൾ പ്രതീക്ഷിച്ചിരുന്നു. ഹെൻട്രി കീഴ്ച്ചുണ്ട് അകത്തേക്കാക്കി കണ്ണൊന്ന് ഉരുട്ടി. പിന്നെ അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ആലിംഗന ബദ്ധരായി.
ഏതാനും ദിവസങ്ങൾക്കകം കോളറ ബാധിച്ചു എലേനർ കിടപ്പിലായി. ഡിസംബർ 23 ന് അവർ മരിച്ചപ്പോൾ ഇംഗ്ലണ്ടിൽ നിന്ന് മാതാപിതാക്കൾ അറിയിച്ചു: "മകളെ ഇവിടെ കൊണ്ടു വരണം. ഇവിടെയാണ് അവൾ ജനിച്ചത്, വളർന്നത്. ഞങ്ങൾ എല്ലാവരും ഇവിടെയാണ് ഉള്ളത്.'ഹെൻട്രി പറഞ്ഞു, "എന്നോടൊപ്പം കാതങ്ങൾ താണ്ടി വന്ന് കാലുകുത്തിയ മണ്ണിൽ അവൾ വിശ്രമസ്ഥാനം നേരത്തെ കണ്ടെത്തിയിരുന്നു. അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ കുന്നിൻമുകളിൽ അവളുടെ കാല്പാദം പതിഞ്ഞിടത്ത് എന്റെ പ്രിയതമ അന്ത്യ നിദ്ര കൊള്ളട്ടെ.'
1894 ലെ ക്രിസ്മസിന്റെ തലേന്ന് എലേനർ മേ യുടെ ഭൗതിക ശരീരം ആ കുന്നിൻ മുകളിനോട് ചേർന്നു. 24 വർഷമാണ് അവൾ ഈ ലോകത്തിൽ ജീവിച്ചത്. മുത്തശ്ശി പറഞ്ഞത് അച്ചെട്ടായി. ചെല്ലുന്നിടം വീട്. അത് നിത്യ വിശ്രമസ്ഥലം ആയി. തിരുപ്പിറവിക്ക് മുൻപ് പ്രദേശത്ത് നടന്ന മരണം കുന്നിൻ മുകളിൽ നിന്ന് കാറ്റ് താഴ്വാരങ്ങളെ അറിയിച്ചു. കാട്ടു ചോലകളും ചെറു അരുവികളും തല്ലിയും അലച്ചും നുരഞ്ഞും പതഞ്ഞും ദേശത്തു നടന്ന ആദ്യ വിദേശിയുടെ മരണവാർത്തയോട് പ്രതികരിച്ചു. പിന്നെ അവരത് നദിയിലൂടെ ഒഴുക്കി കടലിലേക്ക് എത്തിച്ചു. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ഒരു യുവാവ് മുട്ടു കുത്തി ആ കബറിടത്തിൽ കുനിഞ്ഞു കിടന്നു. സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചു അയാളെ എഴുന്നേൽപ്പിച്ചു നടത്തി.
ഇനി എഴുതാൻ ഉള്ളത് എല്ലാം മഞ്ഞു മൂടിക്കിടക്കുകയാണ്. കാഴ്ചക്ക് വ്യക്തത പോരാ.
നേരം പുലർന്നിരിക്കുന്നു. പുലർമഞ്ഞു മരങ്ങളിൽ പെയ്തിറങ്ങുന്നതും ചെറുപക്ഷികളുടെ ചിനപ്പുകളും എനിക്കിപ്പോൾ കേൾക്കാം.
ചീവീടുകൾ രാത്രിയെ പകലിന് പൂർണമായും
കൈമാറിയിരുന്നു. ശരിക്കും ശരിക്കും അവരെ ഞാൻ കണ്ടുവോ?
സ്വപ്നതുല്യമായ ഒരു കണ്ടു മുട്ടലിനു ശേഷം തിരശീലയിൽ നിന്ന് മാഞ്ഞു പോകും മുമ്പ് എലേനർ മേ ഇട്ടിരുന്ന വേഷം എന്റെ കണ്ണുകൾ പറഞ്ഞു തന്നു.
സ്വർണ്ണ തലമുടിയിൽ ക്രോഷ ഹെയർ ബാൻഡ് വച്ച്, കറുത്ത വെൽവെറ്റ് യോക്കിൽ വെള്ള കോളർ തുന്നിച്ചേർത്ത് ചുവന്ന ചെക്ക് പാവാടയിൽ ഒരു ഇരുപത്തിനാല് വയസ്സുകാരി. കാലചക്രത്തിന്റെ റിവേഴ്സ് ഗിയറിലൂടെ എന്നെ കൊണ്ടു പോയിട്ട് തിരിച്ചു കൊണ്ടുവന്നാക്കിയിരിക്കുന്നു. മിടുക്കി. മിടു മിടുക്കി.
തലേന്ന് മേടിച്ചു വച്ചിരുന്ന മുല്ലമൊട്ടുകൾ വെള്ളം തളിച്ച് വച്ചിരുന്നതിനാൽ വാടാതെ തന്നെ ഇരുന്നിരുന്നു. വേറേ എന്തിലേക്കോ ആകർഷിക്കപ്പെട്ട മനസ്സുമായി സാരി ചുറ്റി പൂ ചൂടി ആ മരത്തിൻ ചുവട്ടിൽ നിന്നുകൊടുത്തു മൂന്നാറിലെ ചിത്രങ്ങൾക്കായി. ഓർമകളുടെ സൂക്ഷിപ്പിനായ്.
ഈ ലോകജീവിതയാത്രക്ക് ശേഷം നിത്യതയിലേക്ക് സെമിത്തേരിയിൽ നിന്ന് പുറപ്പെട്ടവരിൽ ഒന്നാമതായി എലേനർ ഉണ്ട്. ആയിരത്തി അറുപത്തിയഞ്ചു പേരിൽ ഒന്നാമൾ ആയി.
ഇളം വെയിൽ ഉള്ളൊരു പ്രഭാതം. ജോസഫ് തന്നെയാണ് അങ്ങോട്ട് കൂട്ടികൊണ്ട് പോയത്. മുന്നാറിലെ കരിങ്കല്ലുകൾ കൊണ്ട് തീർത്ത പുറം തേക്കാത്ത ദേവാലയം നിർമിതിയുടെ പ്രത്യേകത കൊണ്ടും ചരിത്രത്തിന്റെ പിൻബലം കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്നു."1924 ലെ മൂന്നാറിനെ തകർത്ത പ്രളയത്തിൽ അനേകർക്ക് അഭയമായത് ഈ ദേവാലയം ആണ്" ജോസഫ് പറഞ്ഞു.
ഈ ലോകജീവിതയാത്രക്ക് ശേഷം നിത്യതയിലേക്ക് സെമിത്തേരിയിൽ നിന്ന് പുറപ്പെട്ടവരിൽ ഒന്നാമതായി എലേനർ ഉണ്ട്. ആയിരത്തി അറുപത്തിയഞ്ചു പേരിൽ ഒന്നാമൾ ആയി. അങ്ങനെ ഒരു യാത്രപ്പട്ടിക ആദ്യംകാണുകയായിരുന്നു ഞാൻ. ഇങ്ങനെയും ഒരു ഒന്നാം സ്ഥാനം ഉണ്ടോ?
അതിന് വേണ്ടി ആഗ്രഹിച്ചു പൊരുതുന്നവർ ആരുണ്ട് ലോകത്തിൽ ?
എന്നോട് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ ഞാൻ കുഴങ്ങി പോവുന്നു. മുപ്പത് വിദേശികളും ബാക്കി തദ്ദേശീയരായവരും ഇട കലർന്ന മണ്ണ് മനുഷ്യരെ ചേർത്ത് പിടിക്കുന്നു. ഭൂമിയുടെ ഉള്ളറകളിലിരുന്ന് അവർ ജനിമൃതികളുടെ കഥകൾ കൈമാറുന്നു. വരുന്നവരെയും പോകുന്നവരെയും അവരുടെ വിചാരങ്ങളെയും കാണുന്നു. ഒരു ജോസഫ് വഴി ഒരു സഞ്ചാരിണിയായ എന്നെക്കൊണ്ട് ഇതെഴുതിക്കുന്നു. അവരുടെ ഓർമ്മ ചിത്രങ്ങൾ ഒന്നും എവിടെയും ഇല്ലാ. നിഗൂഢമായ ഒരു മന്ദഹാസത്തിലൂടെ മനസ്സിന്റെ വിചാരങ്ങളിലൂടെ എഴുത്തിലേക്ക് ഇറങ്ങി വന്ന എലേനറിനെ വായനക്കാർ പരിചയപ്പെടുക.
സെമിത്തേരി ഉണ്ടായതിന് ശേഷം മാത്രമാണ് ഇവിടെ ദേവാലയം പണിയപ്പെട്ടത്. മരിച്ചവരുടെ കൂടാരങ്ങൾ ദേവാലയത്തെ ക്ഷണിച്ചു വരുത്തിയതാവാം. ആ മലമുകളിൽ നിന്ന് ആകാശവാതിലുകൾ എത്തിപ്പിടിക്കാം എന്ന് തോന്നുമാറ് പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ താഴേക്ക് ഇറങ്ങി വന്നു.
മലയിറങ്ങി, കുന്നിറങ്ങി ഞങ്ങൾ മൂന്നാർ വിടുകയാണ്. പൂ കെട്ടി തന്ന ശെൽവിയും കനലിൽ ചോളം ചുട്ടുതന്ന അറുമുഖനും കറുമുറെ ചവച്ച ചുവന്ന കാരറ്റ് തന്ന കല്പകവും കൂടെയുണ്ട്, കാഴ്ചയുടെയും കേൾവിയുടെയും സ്‌നേഹഭാഷണങ്ങളുടെയും ശേഖരത്തിലേക്ക് ഞാൻ കൂടെ കൂട്ടുന്ന സ്വകാര്യചേർപ്പുകൾ.തിരിച്ചു വരവിൽ ശേലുള്ള കാഴ്ചകൾക്കൊപ്പം മനുഷ്യസംബന്ധിയായ നിരവധി ജീവിത ചിത്രങ്ങൾ ചിന്തക്കും ധ്യാനത്തിനും സൂക്ഷിപ്പിനുമായി കരുതി വച്ചു കാട് വിട്ട് വാഹനം മുന്നോട്ട് നീങ്ങി. ശ്വാസഗതിയുടെ സുതാര്യത കുറയുന്നത് അനുസരിച്ച് നഗരം കൂടുതൽ അടുത്തടുത്തു വന്നു. ▮
(എലേനർ ഇസബെൽ മേ : ബ്രിട്ടീഷ് ടീ കമ്പനിയുടെ മുന്നാറിലെ ജനറൽ മാനേജർ ആയിരുന്ന സർ ഹെൻട്രി മാൻസ് ഫീൽഡിന്റെ ഭാര്യ. 1894 ൽ കോളറ ബാധിച്ചു മുന്നാറിൽ മരിച്ച ആദ്യ വിദേശി. )
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.