റാബിയ എന്നാൽ വസന്തം.
പേരറിയാ പൂക്കളുടെ പരിമളം സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും പരത്തിയ ചാരിതാർഥ്യത്തോടെയാണ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ കെ.വി. റാബിയ അതിജീവനത്തിന്റെ പാതയിൽ തന്റെ ചക്രക്കസേരയിൽ അതിദൂരം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത്. അഞ്ചര പതിറ്റാണ്ട് മുമ്പാരംഭിച്ച ജീവിതയാത്രയിൽ വീൽചെയറിനെ സന്തതസഹചാരിയാക്കേണ്ടി വന്നത് പതിനേഴാം വയസ്സിൽ. അന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥി. അജ്ഞാത ശത്രുവായി ഇഴഞ്ഞെത്തിയ പോളിയോ, ആ കാലുകളെ തളർത്തി. പക്ഷേ മനസ്സ് തളർന്നില്ല. ജീവിതം അവളൊരു പോരാട്ടമാക്കി. നിരവധി മാനങ്ങളുള്ള ആ പോരാട്ടത്തിന് അംഗീകാരങ്ങളും നിരവധി കിട്ടി. അംഗീകാരങ്ങൾക്ക് വേണ്ടിയായിരുന്നില്ല അതൊന്നും. ഏറ്റവുമൊടുവിൽ പത്മ പുരസ്‌കാരവും റാബിയയെത്തേടിയെത്തി.
2002 ലെ ഹജ്ജ് കാലത്ത് നിലാവെട്ടം പരന്നൊരു രാത്രിയിൽ തീർഥാടക ബാഹുല്യത്താൽ നിറഞ്ഞുകവിഞ്ഞ പരിശുദ്ധ മക്കയിൽ പ്രാർഥന കഴിഞ്ഞ് ആൾക്കൂട്ടത്തിലൂടെ, ചക്രക്കസേരയിൽ വരുന്ന റാബിയയുടെ മുഖം ഓർമയിലുണ്ട്. അവരുടെ ബന്ധുവും സഹായിയുമായ മലപ്പുറം മോങ്ങം സ്വദേശി ചെറിയാപ്പുവാണ് അത്തവണത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കാൻ സാക്ഷരതാ പ്രവർത്തകയായ കെ.വി. റാബിയ എത്തിയ വിവരം എന്നെ അറിയിച്ചത്. ശാരീരിക വൈകല്യം മറന്ന് ഭക്തിപ്രകർഷത്തിൽ റാബിയ തീർഥാടനം നിർവഹിക്കുന്നത് വാർത്തയാക്കാൻ ചെന്നതായിരുന്നു ഞാൻ.
ചെറിയാപ്പുവിന്റെ മൂത്ത സഹോദരനാണ് ഹജ്ജ് വേളയിൽ അവരെ സഹായിക്കാൻ നാട്ടിൽ നിന്ന് ഒപ്പം വന്നിരുന്നത്. മക്കയിലെ മസ്ജിദിനു അധികം അകലെയല്ലാതെ, ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയുടെ പാർപ്പിടത്തിൽ അത്താഴത്തിനു ശേഷം റാബിയ, ആത്മീയസാഫല്യത്തിന്റെ നിറവിൽ, പൊരുതിമുന്നേറുന്ന തന്റെ ജീവിതത്തിന്റെ ചില അധ്യായങ്ങൾ അയവിറക്കി. അംഗപരിമിതിയെ അളവറ്റ ദൃഢനിശ്ചയത്താൽ മറികടന്ന, ചരിത്രത്തിൽ എഴുതിച്ചേർക്കേണ്ട സാഹസികതയുടെ ഏടാണ് റാബിയയുടെ ജീവിതമെന്ന് അന്ന് നേരിൽ അറിയാനായി.
മലപ്പുറം ജില്ലയിലെ അവികസിത ഗ്രാമങ്ങളിലൊന്നായ വെള്ളിലക്കാട്ടെ ജനങ്ങൾക്കിടയിൽ അക്ഷര വെളിച്ചം കൊളുത്തിയ കർമോൽസുകയായ വനിതയാണ് റാബിയ. നീന്തിക്കയറിയ ചുഴികളും മലരികളും ഏറെയാണ്. ഹജ്ജിന്റെ നിർവൃതിയത്രയും മനസ്സിലേക്ക് ആവാഹിച്ച് മടങ്ങിയ ശേഷം കൂടെക്കൂടെ ഫോൺവഴി റാബിയ ബന്ധപ്പെടാറുണ്ടായിരുന്നു. പ്രതിസന്ധികളിലകപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനായുള്ള ആവശ്യമായിരുന്നു പല സന്ദേശങ്ങളിലും. സൗദിയിലെ തൈമ എന്ന വിദൂരദിക്കിലെ മണലാരണ്യത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഒരു വീട്ടുജോലിക്കാരന്റെ മൃതദേഹം നാട്ടിലയക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു റാബിയയുടെ അവസാന സന്ദേശം എന്നെത്തേടിയെത്തിയത്. ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹായം തേടാനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും സാധിച്ചുവെന്ന സംതൃപ്തിയോടെയാണ് റാബിയ, ആ പ്രവാസി യുവാവിന്റെ വീട്ടുകാരെ സന്ദർശിച്ചത്. ഒരിക്കലും തന്റെ കാര്യത്തിനായി ഒന്നും പറയുകയോ ഇടപെടൽ ആവശ്യപ്പെടുകയോ ചെയ്യാത്ത, മറ്റുള്ളവർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച, എല്ലാ അർഥത്തിലും നിസ്വാർഥ സേവനത്തിന്റെ നിറദീപമായാണ് ഈ സാമൂഹിക പ്രവർത്തകയുടെ അതിജീവനകഥകൾ തെളിഞ്ഞ് പ്രകാശിക്കുന്നത്.
തിരൂരങ്ങാടി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം തന്റെ ഗ്രാമത്തിലെ ജനങ്ങൾക്കിടയിൽ സാക്ഷരതാപ്രവർത്തനവുമായി മുന്നിട്ടിറങ്ങുകയായിരുന്നു, റാബിയ. വയോജന വിദ്യാഭ്യാസത്തിന്റെ വഴിവിളക്കുകൾ ആ കുഗ്രാമത്തിൽ നിന്ന് അയൽഗ്രാമങ്ങളിലേക്കും വെട്ടം വീശി. 1990 ലാണ് വയോജന പഠനകേന്ദ്രമാരംഭിച്ചത്. രണ്ടു വർഷത്തെ ഈ രംഗത്തെ സ്തുത്യർഹമായ ഏകാന്തസേവനം ഭരണതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മലപ്പുറം ജില്ലാ ഭരണസാരഥികളും കാൻഫെഡ് പോലെയുള്ള ഗ്രന്ഥശാലാ പ്രവർത്തകരും റാബിയയെ ശ്രദ്ധിച്ചുതുടങ്ങി. എട്ടു വയസ്സുകാരി മുതൽ എൺപതുകാരി വരെ റാബിയയുടെ ശിഷ്യഗണത്തിലുൾപ്പെട്ടു. എഴുത്തിന്റേയും വായനയുടേയും ഉൽസവത്തിന് വെള്ളിലക്കാട് വേദിയായി. 1994 ൽ ദേശീയ യുവജന പുരസ്‌കാരം റാബിയയെത്തേടിയെത്തി. തിരൂരങ്ങാടിയുടെ അതിരുകടന്ന് റാബിയ, മലപ്പുറം ജില്ലയുടേയും സംസ്ഥാനത്തിന്റേയും നിരക്ഷരതയ്ക്കെതിരായ പോരാട്ടത്തിന്റെ മുൻനിരക്കാരിയായി. ചക്രക്കസേരയിലിരുന്നായിരുന്നു ഈ അക്ഷരവിപ്ലവം.
വെള്ളിലക്കാടിന്റെ പേരും പുറംലോകം ശ്രദ്ധിച്ചുതുടങ്ങി. മലപ്പുറം കലക്ടർ ഇടപെട്ട് വെള്ളിലക്കാടിലേക്ക് വൈദ്യുതിയെത്തിച്ചു. നല്ല റോഡുണ്ടാക്കി. ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള റോഡിന് ‘അക്ഷര’ എന്ന് നാമകരണം ചെയ്തു. വികലാംഗരായ ആളുകൾക്കായി ചലനം എന്ന സന്നദ്ധസംഘടനയും സ്ഥാപിച്ചു. അരഡസൻ സ്‌കൂളുകളും ആരോഗ്യ ബോധവൽക്കരണപദ്ധതികളും ആരംഭിച്ചതും ഇക്കാലത്താണ്. അക്ഷയ പദ്ധതിയിലൂടെ മലപ്പുറം ജില്ലയെ ഐ.ടി ഭൂപടത്തിൽ മുൻനിരയിലെത്തിച്ചതിൽ റാബിയയ്ക്കും സ്തുത്യർഹമായ പങ്കുണ്ട്.
നിരക്ഷരതയ്ക്കെതിരായ പോരാട്ടത്തിനിടെയാണ് അർബുദത്തിന്റെ ഞണ്ടിൻകാലുകൾ, റാബിയയുടെ മേൽ പിടിമുറുക്കിയത്. അതൊരു ആഘാതമായിരുന്നു. പക്ഷേ റാബിയ, മനസ്സിനെ പിടിച്ചുനിർത്തി. തളരാത്ത കർമശേഷിയോടെ കാൻസറിനോട് പൊരുതി. അംഗവൈകല്യത്തിന്റെ പരിമിതികൾക്കിടെ, അശനിപാതം പോലെ സംഭവിച്ച അർബുദം നട്ടെല്ലിനെയാണ് ആക്രമിച്ചത്. അതിന്റെ പാർശ്വഫലമായി കഴുത്ത് ഭാഗികമായി തളർന്നു. വല്ലാത്ത പ്രതിസന്ധിയായിരുന്നു തുടർന്നുള്ള നാളുകളിൽ അവർ അഭിമുഖീകരിച്ചത്. ജീവിതപ്രയാസങ്ങൾക്കിടെ, എഴുത്തിലേക്ക് തിരിഞ്ഞ റാബിയ, മൗനനൊമ്പരങ്ങൾ എന്ന പുസ്‌കമെഴുതി. ആത്മകഥാപരമായ സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് എന്ന രണ്ടാമത്തെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം ക്ലേശങ്ങളുടെ കണ്ണീർക്കഥകൾക്കിടയിലും പ്രതീക്ഷയുടെ പ്രകാശത്തുരുത്ത് പോലെയുള്ള ജീവിതമെഴുത്ത്. ചിറക് മുളച്ച് റാബിയയുടെ കിനാവുകൾ. വി. എസ്. അച്യുതാനന്ദനും സുകുമാർ അഴീക്കോടുമാണ് സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് പ്രകാശനം ചെയ്തത്.
റാബിയയുടെ ജീവിതം അടിസ്ഥാനമാക്കി അലി അക്ബർ ഡോക്യുമെന്ററിയെടുത്തു- റാബിയ മൂവ്സ്. കേന്ദ്ര ഗവൺമെന്റിന്റെ കണ്ണകി സ്ത്രീശക്തി അവാർഡ്, നെഹ്റു യുവക് കേന്ദ്ര അവാർഡ്, ബജാജ് ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ റാബിയയെത്തേടിയെത്തി.
നന്നായി ഖുർആൻ പാരായണം ചെയ്യുകയും സാക്ഷരതാക്ലാസുകളിൽ തിരുവചനങ്ങളുടെ പൊരുൾ പഠിപ്പിക്കുകയും ചെയ്യാറുള്ള റാബിയ പറയുന്നു: അല്ലാഹുവിന്റെ വചനങ്ങളാണ് എന്റെ ഊർജം. ഒരു കാൽ തളർന്നാൽ പിൻമാറാതെ മറ്റേ കാൽകൊണ്ട് നടക്കുക. ഇരുകാലുകളും തളർന്നാൽ കൈകളുണ്ടല്ലോ. കൈകളും ആരെങ്കിലും വെട്ടിമാറ്റിയാൽ ബാക്കിയുള്ളത് ബുദ്ധിയാണ്. ആ ബുദ്ധിയുപയോഗിച്ച് ജീവിക്കുക, പൊരുതുക. നമ്മുടെ കാലത്തിന്റെ കണക്ക് തീരും വരെ അതിജീവന പോരാട്ടത്തിലേർപ്പെടുക. വിജയം ഉറപ്പ്. അന്നേരം ചിറകുകൾ വിടർത്തി സ്വപ്നങ്ങൾ പറന്നുയരും.